Prabodhanm Weekly

Pages

Search

2021 ഒക്‌ടോബര്‍ 22

3223

1443 റബീഉല്‍ അവ്വല്‍ 15

ആ വിയോഗശോകത്തിനപ്പുറം നീറുന്ന നൊമ്പരം

വി.കെ ജലീല്‍

അബ്ദുല്ലാ ഹസന്‍ സാഹിബ്  രോഗശയ്യയിലായ വിവരം തുടക്കത്തിലേ അതിയായ മനോനൊമ്പരം ഉണ്ടാക്കിയിരുന്നു. രോഗനിലയെക്കുറിച്ച സൂക്ഷ്മ വിവരങ്ങള്‍ സമയാസമയങ്ങളില്‍ ആരായാനും അവ ഫോണിലൂടെയും സമൂഹമാധ്യമങ്ങള്‍ വഴിയും സുഹൃദ്‌വലയത്തിലേക്ക് എത്തിക്കാനും ശ്രമിച്ചുകൊണ്ടിരുന്നു. അവസാനം, ആ വിയോഗ വിവരം വി.എ കബീര്‍ അടക്കമുള്ള  സുഹൃത്തുക്കളില്‍ പലരെയും വിളിച്ചറിയിച്ചതും ഈയുള്ളവനാണ്. പക്ഷേ അപ്പോഴൊന്നും മനോനിയന്ത്രണം നഷ്ടപ്പെട്ടില്ല. എന്നാല്‍, പ്രബോധനം ലക്കം (2021, ഒക്‌ടോബര്‍ 8) ഒറ്റയിരുപ്പിന് വായിച്ചു തീര്‍ക്കുമ്പോള്‍ അകം പതഞ്ഞു, നേത്രങ്ങള്‍ നീരണിഞ്ഞു.  ഇത്രയും വിശദമായ സൂക്ഷ്മതല വിവരണങ്ങളും ആനുഷംഗിക വാങ്മയ ചിത്രങ്ങളും പ്രതീക്ഷിച്ചിരുന്നില്ലെന്നതാവാം കാരണം.
ശാന്തപുരത്ത് രണ്ടാം വര്‍ഷ ക്ലാസ്സില്‍ ചേരുമ്പോള്‍ അബ്ദുല്ലാ ഹസന്‍ സാഹിബ് അവിടെ എട്ടാം തരത്തിലാണ്. ശേഷം നാലു വര്‍ഷം, പിന്നീടൊരിക്കലും ആവര്‍ത്തനം ഇല്ലാതിരുന്ന പ്രസ്തുത ഇസ്‌ലാമിക പഠന- പരിശീലന കളരിയില്‍ ഒന്നിച്ചുണ്ടായി. അക്കാലത്തെ അതിശ്രദ്ധേയരായ പഠിതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം. പ്രസ്ഥാന ഘടനയിലേക്ക് വളരെ വേഗം ഔപചാരികമായി ചേര്‍ന്നു നില്‍ക്കുകയും ചെയ്തു. തദനുസൃതമായ അംഗീകാരങ്ങളും ലഭിച്ചു.
1974-ല്‍ ഞാന്‍ പ്രബോധനത്തില്‍ എത്തുമ്പോള്‍ മാസികയുടെ ചുമതലക്കാരനായിരുന്നു അദ്ദേഹം. പ്രവാസം അദ്ദേഹത്തെ ഖത്തറിലും ഈയുള്ളവനെ സുഊദി അറേബ്യയിലുമായി വേര്‍പ്പെടുത്തി. തിരിച്ചു നാട്ടിലെത്തിയപ്പോള്‍ വീണ്ടും ബന്ധം ഊഷ്മളമായി. തികച്ചും സഹോദരനിര്‍വിശേഷമായ ഇഷ്ടത്തിന് വല്ലാത്ത കൂടപ്പിറപ്പ് ഗന്ധം ഉണ്ടായിരുന്നു.
എനിക്കാകട്ടെ പലപ്പോഴും അദ്ദേഹത്തിന്റെ വൈജ്ഞാനിക സഹായം ആവശ്യമായി വരികയും ചെയ്തിരുന്നു. പക്ഷേ, ഇതൊന്നുമല്ല, ഇതിനപ്പുറമുള്ള ചില കാര്യങ്ങളാണ് എന്നില്‍ കടുത്ത വ്യഥ ഉണര്‍ത്തിയത്.  ഒ. അബ്ദുര്‍റഹ്മാന്‍, എം.വി മുഹമ്മദ് സലീം, വി.കെ അലി തുടങ്ങിയവരുടെ ലേഖനങ്ങളായിരുന്നു മനസ്സിനെ ഈവിധം ഉര്‍വരമാക്കാന്‍ പ്രധാന നിമിത്തം. അവരുടെ ചില സംയുക്ത നിര്‍വഹണങ്ങള്‍, ഒരു നിര്‍ണായകാവസരത്തില്‍ അവരെ അനുഗമിച്ച ഞങ്ങളുടെ മഹാഗുരു ടി. ഇസ്ഹാഖലി മൗലവി.... എന്തെല്ലാം സ്മരണകള്‍.
ഒ. സഹോദരങ്ങളും അബ്ദുല്ലാ ഹസനും സലീം മൗലവിയും വി.കെ അലിയും ഹംസ അബ്ബാസും ഹൈദറലി ശാന്തപുരവും വി.എ കബീറും ടി.കെ ഉബൈദുമൊക്കെ എപ്പോഴും എന്നെപ്പോലുള്ള എളിയവരുടെ സ്വകാര്യ അഹങ്കാരമായിരുന്നു; ഇന്നും അതേ. ഒരു കൂട്ടുജീവിതത്തില്‍നിന്ന് ഉരുവംകൊണ്ട ഉപരിപ്ലവമായ സൗഹൃദമല്ല അത്. അതിനപ്പുറമുള്ള എന്തോ ഒന്ന്. ഇന്നും മുടങ്ങാതെ അടുത്ത ബന്ധം പുലര്‍ത്തിക്കൊണ്ടിരിക്കുന്ന ജ. സലീം മൗലവിയാണ് ജമാഅത്തെ ഇസ്‌ലാമി അംഗത്വത്തിന് താല്‍പര്യം പ്രകടിപ്പിച്ച് അബ്ദുല്‍ അഹദ് തങ്ങള്‍ക്ക്  എഴുതാന്‍ എന്നെ ബലമായി നിര്‍ബന്ധിച്ചത്. ആ എഴുത്ത് അദ്ദേഹം തന്നെ കൈയാല്‍ വാങ്ങി തങ്ങളെ ഏല്‍പ്പിക്കുകയായിരുന്നു. അതുപോലെത്തന്നെ അബ്ദുല്ലാ ഹസന്റെ എല്ലാ അര്‍ഥത്തിലുമുള്ള രക്ഷിതാവുമായിരുന്നു കുഞ്ഞാലന്‍ മാസ്റ്റര്‍. ഉപ്പ ഇസ്സുദ്ദീന്‍ മൗലവിയുടെ ഏറ്റവുമടുത്ത സുഹൃത്തായ അദ്ദേഹത്തിന് എന്റെ മേല്‍ കുറേ അധികാരങ്ങളുണ്ടായിരുന്നു.  അബ്ദുല്ലാ ഹസന്‍ സാഹിബിന്റെ സഹധര്‍മിണി ശാന്തപുരത്തെ ആദ്യവര്‍ഷത്തില്‍ ഏതാനും മാസങ്ങള്‍ എന്റെ സതീര്‍ഥ്യയുമായിരുന്നു.
ആ മഹദ്‌ശ്രേണിയില്‍നിന്ന് ഓരോരുത്തരായി മരണകവാടം കടന്നുപോകുന്നു. ആ വിടവുകള്‍ നിയതി എന്നാണാവോ യഥോചിതം നികത്തുക! യഥാര്‍ഥത്തില്‍ ഇതാണ് ആ വിയോഗശോകത്തിനപ്പുറം നീറുന്ന നൊമ്പരമായി അബ്ദുല്ലാ ഹസന്‍ സാഹിബ്  സ്മരണകള്‍ നിറഞ്ഞ പ്രബോധനം ലക്കം ഈയുള്ളവനില്‍ ഉണര്‍ത്തിയത്. 


അബ്ദുല്ലാ ഹസന്റെ 
പേരില്‍ ഗവേഷണ സ്ഥാപനം ഉയരണം

ഉമര്‍ മാറഞ്ചേരി

അബ്ദുല്ലാ ഹസന്‍ സാഹിബ് അനുസ്മരണ ലേഖനങ്ങളടങ്ങിയ പ്രബോധനം (ലക്കം 19) പ്രസ്ഥാന ജീവിതത്തിലെ ഖത്തറോര്‍മകള്‍ തിരികെ കൊണ്ടുവന്നു. ഖത്തറിലെ അല്‍ഖോര്‍, നാട്ടുകാരനായ മുഹമ്മദാലി ജോലിചെയ്യുന്ന സ്ഥലം. ജോലി തേടി അവിടെയെത്തിയതാണ് ഞാന്‍, 1992-ല്‍. പരിചയപ്പെട്ട പലരും നേരത്തേ പ്രസ്ഥാനത്തെ മനസ്സിലാക്കിയവര്‍. സുബൈര്‍ ചാലിയം, അലി, സിദ്ദീഖ് വളാഞ്ചേരി, അബ്ദുര്‍റസാഖ്, അശ്‌റഫ്, പിന്നെയും ഒട്ടേറെ പേര്‍. സാധാരണക്കാരായ പ്രവര്‍ത്തകര്‍. അവരെല്ലാം ആവശ്യപ്പെട്ടതനുസരിച്ച് ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്റെ ക്ലാസ്സുകള്‍ നടത്താന്‍ നേതാക്കള്‍ വീണ്ടും അല്‍ഖോറില്‍ വരാന്‍ തുടങ്ങി. അബ്ദുല്ലാ ഹസന്‍, സലീം മൗലവി, കരീം മൗലവി... അങ്ങനെ ഒട്ടേറെ പണ്ഡിതന്മാര്‍ നടത്തിയ ആകര്‍ഷകവും പഠനാര്‍ഹവുമായ ക്ലാസ്സുകളിലൂടെ പ്രസ്ഥാനത്തിലേക്ക് പുതിയ ധാരാളം പ്രവര്‍ത്തകര്‍ കടന്നുവന്നു. അബ്ദുല്ലാ ഹസന്‍ സാഹിബിന്റെ ഭാഷാശുദ്ധിയും വിഷയത്തോടുള്ള നീതിപുലര്‍ത്തലും കണിശതയും ആ പുഞ്ചിരിയും... മറക്കാനാകാത്ത നാളുകളായിരുന്നു അത്. അസോസിയേഷന്റെ മുശൈരിബ് യൂനിറ്റില്‍ സ്റ്റഡി സര്‍ക്ക്ള്‍ യോഗത്തില്‍ ആരോ പാടിയ മാപ്പിളപ്പാട്ടിലെ 'കോനേ' എന്ന വാക്ക് അദ്ദേഹം നിരൂപണം ചെയ്തത് ഓര്‍ത്തുപോകുന്നു. ഒരര്‍ഥവുമില്ലാത്ത വാക്കു കൊണ്ട് എന്തിന് അല്ലാഹുവിനെ വിളിക്കണം എന്നാണ് അദ്ദേഹം ചോദിച്ചത്. അദ്ദേഹത്തിന്റെ പേരില്‍ ഒരു ഗവേഷണ സ്ഥാപനം ഉയര്‍ന്നുവന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നു.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍- 34-38
ടി.കെ ഉബൈദ്‌

ഹദീസ്‌

അല്ലാഹുവെക്കുറിച്ച് നല്ലതുമാത്രം വിചാരിക്കുക
അബ്ദുല്ലത്വീഫ് കൊടുവള്ളി