Prabodhanm Weekly

Pages

Search

2021 ഒക്‌ടോബര്‍ 15

3222

1443 റബീഉല്‍ അവ്വല്‍ 08

സ്വഹീഹുല്‍ ബുഖാരിക്ക് സമ്പൂര്‍ണ ഇറ്റാലിയന്‍ പരിഭാഷ

അബ്ദുല്ലത്വീഫ് ചാലിക്കണ്ടി, റോം

ഏകദേശം രണ്ടര വര്‍ഷം നീണ്ട നിരന്തരമായ കഠിനാധ്വാനത്തിനു ശേഷം, മുസ്‌ലിം ലോകം ഏറ്റവും ആധികാരികമായ ഹദീസ് സമാഹാരം എന്ന് വിശേഷിപ്പിക്കുന്ന സ്വഹീഹുല്‍ ബുഖാരി പൂര്‍ണമായും ഇറ്റാലിയന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിരിക്കുകയാണ്. ആഗോള മതാന്തര സംവാദങ്ങളിലെ സൗമ്യ സാന്നിധ്യവും പ്രമുഖ യൂറോപ്യന്‍ ചിന്തകയും പണ്ഡിതയുമായ ഡോ. സെബ്രീന ലെയ് ആണ് പരിഭാഷക. ലാറ്റിന്‍ -ഗ്രീക്ക് ഭാഷകളില്‍ ആഴത്തില്‍ പഠനം നടത്തുകയും പ്രാചീന തത്ത്വശാസ്ത്രത്തില്‍ ഡോക്ടറല്‍ ബിരുദം നേടുകയും ചെയ്ത സെബ്രീന ഇതിനകം നിരവധി ക്ലാസ്സിക് രചനകള്‍ ഇറ്റാലിയനിലേക്ക് മൊഴിമാറ്റിയിട്ടുണ്ട്. വിവിധ മതങ്ങളുടെ അനുയായികള്‍ പരസ്പരം തിരിച്ചറിയുക എന്ന ലക്ഷ്യത്തോടെയാണ് ഭഗവദ്ഗീതയും ഉപനിഷത്തുക്കളില്‍നിന്നുള്ള ചില ഭാഗങ്ങളും, റാം മോഹന്‍ റോയിയുടെ തുഹ്ഫതുല്‍ മുവഹ്ഹിദീനും, അല്ലാമാ യൂസുഫ് അലിയുടെ ഖുര്‍ആന്‍ പരിഭാഷയും വ്യാഖ്യാനവും, അല്ലാമാ ഇഖ്ബാലിന്റെ റി കണ്‍സ്ട്രക്ഷന്‍ ഓഫ് റിലീജ്യസ് തോട്ട് ഇന്‍ ഇസ്‌ലാമും, ശ്രീനാരായണ ഗുരുവിന്റെ ആത്മോപദേശശതകവും അവര്‍ ഇറ്റാലിയനിലേക്ക് പരിഭാഷപ്പെടുത്തിയത്. ഇറ്റാലിയന്‍ ഭാഷയില്‍ സ്വഹീഹുല്‍ ബുഖാരിയുടെ സമ്പൂര്‍ണ പരിഭാഷ ഇതിനു മുമ്പ് ഉണ്ടായിട്ടില്ല.
ഒമ്പത് വാള്യങ്ങളിലായാണ് സ്വഹീഹുല്‍ ബുഖാരിയിലെ 97 'കിതാബു'കളുടെ പരിഭാഷ ക്രമീകരിച്ചിരിക്കുന്നത്. 7563 ഹദീസുകളാണ് ഈ സമാഹാരത്തിലുള്ളത്. ഓരോ വാള്യത്തിലും 550 മുതല്‍ 600 വരെ പേജുകളുണ്ട്. ഒപ്പം അറുനൂറ് മുതല്‍ എഴുനൂറ് വരെ നോട്ടുകളും മറ്റു വിശദീകരണങ്ങളും. ഓരോ ഹദീസിന്റെയും പരിഭാഷക്കൊപ്പം അതിന്റെ റിപ്പോര്‍ട്ടറെക്കുറിച്ച പഠനം, ഹദീസിന്റെ ആശയവുമായി ബന്ധപ്പെട്ട ഖുര്‍ആനിക സൂക്തങ്ങള്‍, ആശയ സങ്കീര്‍ണതയുള്ള ഹദീസുകളുടെ പദ-സന്ദര്‍ഭ വിശകലനം എന്നിവ കൂടി ചേരുമ്പോള്‍ മൊത്തം വാള്യങ്ങളുടെ പേജുകള്‍ ഏഴായിരം കവിയും. ഇതൊരു അക്കാദമിക കൃത്യതയുള്ള പഠനമാണെങ്കിലും ഏതൊരു ഇറ്റാലിയന്‍ വായനക്കാരനും എളുപ്പത്തില്‍ ഗ്രഹിച്ചെടുക്കാവുന്ന രീതിയിലാണ് ലളിതമായ അതിന്റെ ഭാഷ.  യൂറോപ്പില്‍ ഏറെ തെറ്റിദ്ധരിക്കപ്പെട്ട പ്രവാചകന്റെ യഥാര്‍ഥ സന്ദേശവും വ്യക്തിത്വവും ഇറ്റാലിയന്‍ വായനക്കാര്‍ക്ക് മുമ്പില്‍ അനാവരണം ചെയ്യാന്‍ ഈ പരിഭാഷക്ക് സാധിച്ചിട്ടുണ്ടെന്നാണ് ഞങ്ങളുടെ വിശ്വാസം. വളരെ ക്രിയാത്മകമായ പ്രതികരണങ്ങളാണ് പരിഭാഷയെ പ്രതി ഞങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. മുഴുലോകത്തിനും കാരുണ്യവും അനുഗ്രഹവുമാണ് ദൈവദൂതന്‍ എന്ന ഖുര്‍ആനിക ആശയപരിസരം കേന്ദ്രീകരിച്ചാണ് നോട്ടുകളും വിശദീകരണങ്ങളും തയാറാക്കിയിരിക്കുന്നത്.
ഇപ്പോള്‍ ഇത് ഒമ്പത് വാള്യങ്ങളായി ഒന്നിച്ചാണ് പുറത്തിറങ്ങുന്നതെങ്കിലും 200-ഉം 250-ഉം പേജുകളുള്ള ചെറിയ 25 വാള്യങ്ങളായി ഇവ നേരത്തേ പുറത്തിറങ്ങുകയും ജനസ്വീകാര്യത നേടുകയും ചെയ്തിരുന്നു. അവ കുറഞ്ഞ വാള്യങ്ങളില്‍ സമാഹരിക്കുകയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്. ചെറിയ വാള്യങ്ങള്‍ അതത് സമയത്ത് തന്നെ ഇറ്റലിയിലെ പ്രമുഖ ലൈബ്രറികളില്‍ എത്തിച്ചിരുന്നു. കുറഞ്ഞ വാള്യങ്ങളില്‍ ഉടന്‍ തന്നെ പുറത്തിറങ്ങാനിരിക്കുന്ന ഈ സെറ്റും ലൈബ്രറികളില്‍ എത്തിക്കണമെന്നാണ് ആഗ്രഹം. ആത്മസംസ്‌കരണപ്രധാനമായിരുന്നു ആദ്യ വാള്യങ്ങള്‍ എന്നതിനാല്‍ അവയില്‍ ചിലത് ഇറ്റാലിയന്‍ ഇസ്‌ലാമിക സാഹിത്യത്തിലെ ആദ്യത്തെ അഞ്ചിലും പത്തിലുമൊക്കെ പെടുന്ന ബെസ്റ്റ് സെല്ലറുകളായിരുന്നു. ഈ സ്വീകാര്യതക്ക് ഒരു കാരണം സാധാരണക്കാരന് വരെ പ്രാപ്യമായ ലളിത പരിഭാഷയാണ്. ഹദീസുകളെ അക്ഷര വായന നടത്താതെ ചരിത്ര പശ്ചാത്തലവും സാമൂഹിക സന്ദര്‍ഭങ്ങളും മുമ്പില്‍ വെച്ചാണ് അവ വിശകലനം ചെയ്യുന്നത് എന്നതും സ്വീകാര്യതക്ക് മറ്റൊരു കാരണമാണ്. ഓരോ വാള്യത്തിന്റെ തുടക്കത്തിലും ഹദീസുകളെക്കുറിച്ച പഠനവും ഉള്‍പ്പെടുത്തിയിരിക്കുന്നു. ഓറിയന്റലിസ്റ്റുകളുടെ ഹദീസ് വായനയെ നിശിതമായി ചോദ്യം ചെയ്തുകൊണ്ട് ഹദീസ് എങ്ങനെയാണ് ഖുര്‍ആന്റെ പൂരണവും പൂര്‍ത്തീകരണവുമാകുന്നതെന്ന് ആ പഠനങ്ങളില്‍ സമര്‍ഥിക്കുന്നു. ഒപ്പം ഓരോ 'കിതാബി'നെയും സംക്ഷിപ്തമായി അതിന്റെ തുടക്കത്തില്‍ പരിചയപ്പെടുത്തിയിരിക്കും. ഇത്രക്ക് വിശദമായി ഹദീസുകളെ വ്യാഖ്യാനിക്കുന്നതുകൊണ്ടാവാം മതനിഷേധികള്‍ വരെ ഈ യത്‌നത്തെ അഭിനന്ദിച്ചുകൊണ്ട് കുറിപ്പുകളിട്ടത്. മുഹമ്മദ് അസദ് ഇംഗ്ലീഷില്‍ രചിച്ച സ്വഹീഹുല്‍ ബുഖാരി പരിഭാഷയും വ്യാഖ്യാനവും (അദ്ദേഹമത് പൂര്‍ത്തീകരിച്ചിരുന്നുവെങ്കിലും കൈയെഴുത്തു പ്രതികളുടെ മിക്ക ഭാഗവും യുദ്ധത്തില്‍ നശിപ്പിക്കപ്പെട്ടു. ചില ഭാഗങ്ങള്‍ മാത്രമേ പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞുള്ളൂ) ഇങ്ങനെയൊരു ഇറ്റാലിയന്‍ പരിഭാഷക്ക് പ്രചോദനമായിട്ടുണ്ട്. ഞാനിക്കാര്യം ഭാര്യ സെബ്രീനയോട് പറഞ്ഞപ്പോള്‍ ത്യാഗസന്നദ്ധയായി അവര്‍ ആ ഭാരിച്ച ഉത്തരവാദിത്തം ഏറ്റെടുക്കുകയായിരുന്നു. അപാരമായ ആത്മസമര്‍പ്പണം. പരിഭാഷയും വ്യാഖ്യാനവും ആധികാരികവും കൃത്യവുമാകാന്‍ സ്വഹീഹുല്‍ ബുഖാരിയുടെ വ്യാഖ്യാനങ്ങളായ ഇബ്‌നു ഹജറുല്‍ അസ്ഖലാനിയുടെ ഫത്ഹുല്‍ ബാരി, ബദ്‌റുദ്ദീന്‍ അല്‍ ഐനിയുടെ ഉംദതുല്‍ ഖാരിഅ് തുടങ്ങിയ കൃതികളും സ്വഹീഹു മുസ്‌ലിമിന് ഇമാം നവവി നല്‍കിയ വ്യാഖ്യാനവും ഇബ്‌നു കസീറിന്റെയും ഖുര്‍ത്വുബിയുടെയും ഖുര്‍ആന്‍ വ്യാഖ്യാനങ്ങളും മറ്റനേകം സ്രോതസ്സുകളും അവലംബിച്ചിട്ടുണ്ടെന്ന് പറഞ്ഞുകൊള്ളട്ടെ. ഇത് കേവലം വാക്കര്‍ഥം മാത്രം പറഞ്ഞു പോകുന്ന പരിഭാഷയല്ല എന്നര്‍ഥം.
    തവാസുല്‍ ഇന്റര്‍നാഷ്‌നല്‍ സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്റ് ഡയലോഗ് (യൂറോപ്പ്) എന്ന സാംസ്‌കാരിക കൂട്ടായ്മ ഇതിനകം ഇതുള്‍പ്പെടെ അറുപതോളം പുസ്തകങ്ങള്‍ ഇറ്റാലിയനിലേക്ക് പരിഭാഷപ്പെടുത്തുകയുണ്ടായി. ആ കൂട്ടായ്മയുടെ ഡയറക്ടറാണ് ഡോ. സെബ്രീന ലെയ്. ഹദീസ് വിജ്ഞാനീയങ്ങളില്‍ നിപുണരായ നിരവധി പേര്‍ ഈ പ്രോജക്ടുമായി സഹകരിക്കുന്നുണ്ട്. സ്വഹീഹു മുസ്‌ലിമിന്റെ ഇറ്റാലിയന്‍ വിവര്‍ത്തനവും തുടങ്ങിക്കഴിഞ്ഞു. ഇതിനകം അതിന്റെ ഒരു വാള്യം പുറത്തിറങ്ങി.  സെബ്രീന തന്നെയാണ് ഇതിന്റെയും പരിഭാഷക. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ 29-33
ടി.കെ ഉബൈദ്‌

ഹദീസ്‌

നേതാവിന്റെ അടുപ്പക്കാര്‍
പി.എ സൈനുദ്ദീന്‍