Prabodhanm Weekly

Pages

Search

2021 ഒക്‌ടോബര്‍ 15

3222

1443 റബീഉല്‍ അവ്വല്‍ 08

പ്രതീക്ഷകളുടെ വിരലറ്റം പിടിച്ച് ഇസ്‌ലാമിക കലാലയങ്ങളുടെ പടികടന്നെത്തിയവര്‍

ടി.ഇ.എം റാഫി വടുതല

കഴിഞ്ഞ ദിവസം കൊല്ലം ഇസ്‌ലാമിയാ കോളേജില്‍ പ്ലസ് വണ്‍ പ്രവേശനത്തിനുവേണ്ടി എസ്.എസ്.എല്‍.സി പാസ്സായ വിദ്യാര്‍ഥികളെയും കൂട്ടി രണ്ട് ഉമ്മമാര്‍ വന്നു. ദക്ഷിണ കേരളത്തിലെ തീരദേശ ഗ്രാമത്തിലെ വിദ്യാര്‍ഥികളാണ് ഇരുവരും. അഡ്മിഷനു വേണ്ടി സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചപ്പോള്‍ ഒരാള്‍ വിജയിച്ച വര്‍ഷം 2020. ഒരു വര്‍ഷം എന്തുചെയ്തു എന്ന എന്റെ അന്വേഷണത്തില്‍ അവരുടെ ജീവിതപ്രാരാബ്ധങ്ങള്‍ ഓരോന്നായി ചുരുളഴിഞ്ഞു. നിത്യരോഗിയായിരുന്നു പിതാവ്. നിരന്തരമായ ആശുപത്രിവാസം. വിട്ടുമാറാത്ത രോഗത്തിന്റെ പിടിയില്‍ ഒരു സഹോദരിയും. കൂലിവേല ചെയ്ത് കുടുംബം പോറ്റുന്ന മാതാവ്. പത്താം ക്ലാസ് പരീക്ഷ നടന്നുകൊണ്ടിരിക്കെ പിതാവിന്റെ രോഗം മൂര്‍ഛിച്ചു. മെച്ചപ്പെട്ട രൂപത്തില്‍ പഠിക്കാനോ പരീക്ഷ എഴുതാനോ സാധിച്ചില്ല. എന്നാലും ശരാശരി മാര്‍ക്കില്‍ വിജയിച്ചു. പ്ലസ് വണ്‍ അഡ്മിഷന്‍ സമയത്ത് പിതാവിന്റെ മരണം. ദുഃഖത്തിനു മേല്‍ ദുഃഖം. പഠനത്തെ സംബന്ധിച്ച ചിന്ത പോലും നഷ്ടപ്പെട്ടു. തുടര്‍പഠനത്തെ സംബന്ധിച്ച് ഉണര്‍ത്താന്‍ കുടുംബത്തിനകത്തോ പുറത്തോ ആരുമുായില്ല. ഒരു വര്‍ഷം പിന്നിട്ടിരിക്കെ അടുത്തുള്ള ഒരു ഇസ്‌ലാമിക പ്രവര്‍ത്തകന്‍ വിവരമറിഞ്ഞ് ബന്ധപ്പെട്ടു. അദ്ദേഹമാണ് ഞങ്ങളെ ഈ സ്ഥാപനം പരിചയപ്പെടുത്തിയത്. 'ഭര്‍ത്താവ് മരിച്ചു. മകള്‍ രോഗിയും, ആരോഗ്യമോ നഷ്ടപ്പെട്ടു തുടങ്ങി. ഇനി ഈ മകന്‍ മാത്രമാണ് ഞങ്ങളുടെ കുടുംബത്തിന്റെ ഏക പ്രതീക്ഷ' - നെടുവീര്‍പ്പുകളോടെ ആ മാതാവ് പറഞ്ഞു നിര്‍ത്തി.
അനാഥത്വം സൃഷ്ടിക്കുന്ന ദുഃഖഭാരത്തിനുമേല്‍ കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി ഇപ്പോള്‍ വേറെയും. താങ്ങാവുന്നതിലും അപ്പുറമാണ് സമൂഹത്തിലെ താഴെ തട്ടിലുള്ളവര്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധി. ഭക്ഷണശാലകളില്‍ ഇരുന്ന് കഴിക്കാനും വിനോദകേന്ദ്രങ്ങള്‍ നടന്നുകാണാനും അവസരം നഷ്ടപ്പെട്ടതിലാണ് സമൂഹത്തിലെ വരേണ്യര്‍ക്ക് ഉത്കണ്ഠ. എന്നാല്‍ ജീവിതത്തിന്റെ നിത്യച്ചെലവുകള്‍ അടക്കം ഓരോ ദിവസവും എങ്ങനെ തരണം ചെയ്യും എന്നതാണ് ഓരോ സാധാരണ കുടുംബത്തിന്റെയും ചിന്ത. ഗള്‍ഫ് ജീവിതത്തിന്റെ ധന്യകാലങ്ങളില്‍ പടുത്തുയര്‍ത്തിയ പ്രവാസികളുടെ മാളികപ്പുറങ്ങളിലുമുണ്ട് ദാരിദ്ര്യത്തിന്റെ അല്ലലും അലട്ടലും. പരിഭവങ്ങള്‍ പറഞ്ഞ് ശീലമില്ലാത്തതിനാല്‍ ആളുകള്‍ അവരെ സമ്പന്നരെന്ന് ധരിക്കുന്നു.
അനാഥകളും അഗതികളുമായ വിദ്യാര്‍ഥികളുടെ മുഖ്യ അവലംബമായിരുന്നു യത്തീംഖാനകള്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നിയന്ത്രണങ്ങളും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ പരിഷ്‌കരണങ്ങളും അധിക യത്തീംഖാനകള്‍ക്കും മേല്‍ പൂട്ട് വീഴ്ത്തിയിരിക്കുന്നു. അത് ശോഭനഭാവി സ്വപ്‌നം കണ്ട ആയിരക്കണക്കിന് അനാഥ-അഗതികളുടെ സ്വപ്‌നങ്ങള്‍ക്കുമേല്‍ കരിനിഴല്‍ വീഴ്ത്തി. കൊടുംദാരിദ്ര്യത്തിന്റെ കൂരകളില്‍നിന്ന് യത്തീംഖാനയില്‍ വന്ന് വിജ്ഞാനത്തിന്റെ വെളിച്ചത്താല്‍ സമൂഹത്തിന്റെ സമുന്നതിയില്‍ എത്തിയ ധാരാളം വ്യക്തിത്വങ്ങളുണ്ട്. അനാഥത്വം സൃഷ്ടിച്ച പ്രതിസന്ധികളുടെ ജീവിതവഴിയില്‍ തലകുനിച്ചിരുന്നു കരഞ്ഞ കുഞ്ഞുമക്കളെ സമൂഹത്തിനു മുന്നില്‍ തലയെടുപ്പോടെ നിലയുറപ്പിക്കാന്‍ പ്രാപ്തമാക്കിയത് ഇത്തരം യത്തീംഖാനകളും ഇസ്‌ലാമിക കലാലയങ്ങളുമായിരുന്നു.
പത്താംക്ലാസ് പരീക്ഷാഫലം വന്ന് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അലോട്ട്‌മെന്റ് നടന്നുകൊണ്ടിരിക്കുന്നു. വിജയിച്ച കുട്ടികള്‍ക്കു മുഴുവന്‍ പ്രവേശനം നല്‍കാന്‍ മാത്രം സീറ്റുകളില്ല എന്ന യാഥാര്‍ഥ്യം നമ്മെ തുറിച്ചുനോക്കുന്നു. മലബാറില്‍ അത് കൂടുതല്‍ സങ്കീര്‍ണമായിരിക്കുന്നു. സമരകാഹളങ്ങള്‍ മുഴങ്ങുമ്പോഴും സര്‍ക്കാറിന്റെ 'ആശ്വാസ' പ്രഖ്യാപനങ്ങള്‍ ജലരേഖയായി മാറുകയാണ്.
എസ്.എസ്.എല്‍.സിക്കു ശേഷം തുടര്‍പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അത്താണിയായിരുന്നു കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഇസ്‌ലാമിക കലാലയങ്ങള്‍. ഇത്തരം സ്ഥാപനങ്ങളിലേക്ക് വിദ്യാര്‍ഥികളെ എത്തിച്ചിരുന്ന ധാരാളം ഇസ്‌ലാമിക പ്രവര്‍ത്തകര്‍ വിവിധ പ്രദേശങ്ങളിലുണ്ടായിരുന്നു. പല ഇസ്‌ലാമിക പ്രവര്‍ത്തകരും ഇത്തരം ഇസ്‌ലാമിക കലാലയങ്ങളുടെ അംബാസഡര്‍മാരായിരുന്നു. പരീക്ഷാഫലം വരുന്നതിനു മുന്നേ പത്താം ക്ലാസില്‍ പഠിക്കുന്ന കുട്ടികളെ കണ്ട് സംസാരിച്ച് വിദ്യാര്‍ഥികളുടെ വിരലറ്റവും പിടിച്ച് സ്വന്തം രക്ഷകര്‍ത്താക്കളെ പോലെ അവര്‍ സ്ഥാപനത്തിലേക്ക് കടന്നുവരും. പ്രതിഭാശാലികളായി വിശേഷിപ്പിക്കപ്പെടുന്ന പല പണ്ഡിതന്മാരുടെയും നേതാക്കന്മാരുടെയും ധന്യസ്മരണകളില്‍ ഇത്തരം വ്യക്തിത്വങ്ങള്‍ കടന്നുവരാറുണ്ട്. ആ നിസ്വാര്‍ഥ ദൗത്യം നിലക്കാതിരിക്കാന്‍ സുമനസ്സുകളായ ഇസ്‌ലാമിക പ്രവര്‍ത്തകര്‍ അണയാത്ത ദീപമായി ഇനിയും നിലയുറപ്പിക്കേണ്ടതുണ്ട്.
ഇസ്‌ലാമിക കലാലയങ്ങളിലെ വിദ്യാഭ്യാസത്തിലൂടെ പല കുടുംബങ്ങളും സാമ്പത്തികമായും മതപരമായും അഭിവൃദ്ധിപ്പെടുകയും അത്തരം സ്ഥലങ്ങള്‍ മുസ്‌ലിം സമൂഹത്തിന്റെ മാതൃകാ മഹല്ലുകളും പ്രദേശങ്ങളുമായി മാറുകയും ചെയ്തിട്ടുണ്ട്. ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ വിവിധ സംവിധാനങ്ങളുടെ സാരഥ്യമേറ്റെടുത്തവരില്‍ പലരും ഇസ്‌ലാമിക കലാലയങ്ങളുടെ സംഭാവനകളാണെന്നത് ഏറെ ആഹ്ലാദകരമാണ്.
അനാഥനായ അനസുബ്‌നു മാലികിനെയും കൂട്ടി പ്രിയ മാതാവ് ഉമ്മുസുലൈം പ്രവാചക സന്നിധിയിലെത്തി. 'അല്ലാഹുവിന്റെ ദൂതരേ, ഇത് അനസാണ്. അങ്ങയുടെ കൂടെ ഒരു പരിചാരകനായി നിര്‍ത്താന്‍ താങ്കള്‍ വിശാല മനസ്സ് കാണിക്കണം. ഇവന്റെ നന്മക്കു വേണ്ടി അങ്ങ് പ്രാര്‍ഥിക്കുകയും വേണം.' സ്‌നേഹനിധിയായ പുത്രന്റെ ഭാസുരഭാവി സ്വപ്‌നം കണ്ട മാതാവിന്റെ അഭ്യര്‍ഥന നബി(സ) സ്വീകരിച്ചു. ബാലനായ അനസ് പ്രവാചകനോടൊപ്പം വളര്‍ന്നു. അവന്‍ വിജ്ഞാനം നുകര്‍ന്നു. നബി(സ) ആ ബാലന്റെ നെറ്റിത്തടത്തില്‍ ഉമ്മവെച്ചു. ഇഹപര സൗഭാഗ്യത്തിനായി പ്രാര്‍ഥിച്ചു; 'അല്ലാഹുവേ, ഈ കുട്ടിക്ക് സ്വത്തും സന്താനങ്ങളും വര്‍ധിപ്പിക്കണേ, ഇവന്റെ പാപം പൊറുക്കണേ.' പ്രാര്‍ഥന പോലെ അനസ് വളര്‍ന്നു. നബി(സ)യുടെ നിഴല്‍ പോലെ ജീവിച്ചു. പ്രവാചകന്റെ പ്രാര്‍ഥനയുടെ ഫലം അനസിന്റെ പില്‍ക്കാല ജീവിതത്തില്‍ കാണാനിടയായി. തൊണ്ണൂറ്റി ഒമ്പത് വയസ്സുവരെ അദ്ദേഹം ജീവിച്ചു. മക്കളും പേരമക്കളുമായി ധന്യമായ കുടുംബം അദ്ദേഹത്തിന് ലഭിച്ചു. ഫലസമൃദ്ധമായ വിശാലമായ കൃഷിത്തോട്ടം സ്വന്തമായി. നബി(സ) പറഞ്ഞ മൂന്നാമത്തെ കാര്യമായ പാപമോചനം കൂടി ലഭിക്കാന്‍ നാഥനോട് നിരന്തരം പ്രാര്‍ഥിച്ചുകൊണ്ടുമിരുന്നു. പ്രവാചകനെ സംബന്ധിച്ച ധന്യസ്മരണകള്‍ അനസിന്റെ കവിളുകളെ സജലമാക്കി. ഉമ്മുസുലൈമിന്റെ വിരലറ്റം പിടിച്ച് പ്രവാചകസന്നിധിയിലെത്തിയ അനസെന്ന അനാഥബാലന്‍ അനസുബ്‌നു മാലിക് എന്ന വിശ്രുത പണ്ഡിതനായി മാറി. ഒരു അനാഥയെ, അഗതിയെ സംബന്ധിച്ച നമ്മുടെ ശ്രദ്ധ ഭാവിയില്‍ നമുക്ക് കണ്‍കുളിര്‍മ നല്‍കുന്ന സുകൃതമായി മാറും. ഖുര്‍ആന്റെ ഉദ്‌ബോധനം അതിന് നമുക്ക് പ്രചോദനമാകട്ടെ:
''തങ്ങള്‍ക്കു പിറകെ ദുര്‍ബലരായ മക്കളെ വിട്ടേച്ചുപോകുന്നവര്‍ അവരെയോര്‍ത്ത് ആശങ്കിക്കുന്നതുപോലെ മറ്റുള്ള അനാഥകളുടെ വിഷയത്തിലും അവര്‍ ആശങ്കയുള്ളവരാകട്ടെ. അങ്ങനെ അവര്‍ അല്ലാഹുവെ സൂക്ഷിക്കുകയും നല്ല വാക്ക് പറയുകയും ചെയ്യട്ടെ'' (അന്നിസാഅ് 9).
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ 29-33
ടി.കെ ഉബൈദ്‌

ഹദീസ്‌

നേതാവിന്റെ അടുപ്പക്കാര്‍
പി.എ സൈനുദ്ദീന്‍