Prabodhanm Weekly

Pages

Search

2021 ഒക്‌ടോബര്‍ 15

3222

1443 റബീഉല്‍ അവ്വല്‍ 08

കേരള റവന്യൂ ഘടനയിലെ പ്രാദേശിക അസന്തുലിതത്വം

അനസ് വളാഞ്ചേരി

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. സാമ്രാജ്യത്വ ശക്തികളുടെ ആധിപത്യത്തില്‍നിന്ന് സ്വാതന്ത്ര്യം നേടിയ നമ്മുടെ രാജ്യത്തിന് സ്വാതന്ത്ര്യാനന്തരം ജനാധിപത്യ ഫെഡറല്‍ റിപബ്ലിക്കന്‍ ഭരണം വിഭാവനം ചെയ്യുകയും ജനാധിപത്യം, സാമൂഹിക നീതി എന്നിവ പൂര്‍ണാര്‍ഥത്തില്‍ പുലരണമെങ്കില്‍ അധികാര വികേന്ദ്രീകരണം അത്യന്താപേക്ഷിതമാണെന്നു കണ്ട് രാജ്യത്തെ സംസ്ഥാനങ്ങള്‍, ജില്ലകള്‍, താലൂക്കുകള്‍, വില്ലേജുകള്‍ എന്ന ക്രമത്തില്‍ വിഭജിക്കുകയും ചെയ്തു. സംസ്ഥാന പുനഃസംഘടനാ കമീഷന്റെ ശിപാര്‍ശ പ്രകാരം ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകരിക്കപ്പെട്ടതിനെ തുടര്‍ന്ന് 1956 നവംബര്‍ ഒന്നിന് കേരളം രൂപംകൊണ്ടു.   തിരുവിതാംകൂറും കൊച്ചിയും ഉള്‍പ്പെടുന്ന തിരുകൊച്ചിയും മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാറും ദക്ഷിണ കാനറയുടെ ഭാഗമായിരുന്ന കാസര്‍കോടും ചേര്‍ത്താണ് കേരളം രൂപീകരിച്ചത്. തെക്കന്‍ കേരളത്തിന്റെ നെല്ലറയായിരുന്ന നഞ്ചനാടും മലബാര്‍ ജില്ലയുടെ ഭാഗമായിരുന്ന ഗൂഡല്ലൂരും കൂര്‍ഗും കേരളത്തിന്റെ നഷ്ടപ്രദേശങ്ങളാണ്. മാഹിയും ലക്ഷദ്വീപും കേന്ദ്രഭരണപ്രദേശങ്ങളായിത്തീരുകയും ചെയ്തു.
ഐക്യകേരളം രൂപംകൊള്ളുന്നതിനു മുമ്പ് തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂര്‍, മലബാര്‍ എന്നീ അഞ്ച് ജില്ലകളാണ് ഉണ്ടായിരുന്നത്.   1957 ജനുവരി ഒന്നിന് മലബാറിനെ പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളാക്കി വിഭജിച്ചു. തുടര്‍ന്ന് കേരളത്തില്‍ ഭരണസൗകര്യാര്‍ഥം 1984 വരെ പുതിയ ജില്ലകള്‍ രൂപീകരിക്കപ്പെട്ടുകൊണ്ടിരുന്നു. വിവിധ കാലങ്ങളില്‍ പുതിയ താലൂക്കുകള്‍, വില്ലേജുകള്‍, പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കോര്‍പറേഷനുകള്‍ എന്നിവയും രൂപീകരിച്ചു. ഓരോ ഭൂപ്രദേശത്തിന്റെയും വികസനത്തിനും വളര്‍ച്ചക്കും പുരോഗതിക്കും ഇതു കാരണമായി.  കേരള പഞ്ചായത്തു രാജ് നിയമം പ്രാബല്യത്തിലായതോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ അധികാരവും പദവിയും ലഭിച്ചു. ജില്ലകളുടെയും താലൂക്കുകളുടെയും ബ്ലോക്കുകളുടെയും പഞ്ചായത്തുകളുടെയും വില്ലേജുകളുടെയും എണ്ണം അടിസ്ഥാനമാക്കി വിഭവങ്ങള്‍ വീതിക്കുമ്പോള്‍ ജനസംഖ്യാടിസ്ഥാനത്തിലും ഭൂവിസ്തൃതി അനുസരിച്ചും പുനരേകീകരണം നടക്കാതിരുന്നാല്‍ പല പ്രദേശങ്ങളും ജനാധിപത്യ ഭരണത്തില്‍ തന്നെ പിന്നാക്കമായിത്തീരും. കോവിഡ്കാല പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വര്‍ത്തമാന സംഭവങ്ങള്‍ അതിന് മികച്ച ഉദാഹരണമാണ്.
''കേരളത്തിലെ പൊതുസമൂഹവുമായി ഏറ്റവും അടുത്ത് ഇടപഴകുന്നതും അവരുടെ ക്ഷേമ, ദുരിത നിവാരണ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന്റെ ഇതര വകുപ്പുകളേക്കാളും നേരിട്ട് ബന്ധപ്പെടുന്നതും സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ജനങ്ങള്‍ ആശ്രയിക്കുന്നതും ആയ വകുപ്പുകളില്‍ ഒന്നാണ് റവന്യൂ വകുപ്പ്. 19000 ജീവനക്കാര്‍ ജോലി നോക്കുന്ന സര്‍ക്കാരിന്റെ അതിബൃഹത്തായ ഒരു വകുപ്പാണ് റവന്യൂ. വിവിധ വകുപ്പുകളുടെ മാതാവ് എന്ന വിശേഷണവും റവന്യൂവകുപ്പ് സ്വന്തമാക്കിയിട്ടുണ്ട്. ഭൂ നികുതിയും ഇതര നികുതി പിരിവുകളും, ഭൂ സംരക്ഷണം, പ്രകൃതി വിഭവ പരിപാലനം, കനേഷുമാരി, തെരഞ്ഞെടുപ്പ്, പ്രകൃതിക്ഷോഭം, ദുരിതാശ്വാസം, വിവിധ ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കല്‍, പൊതുജന പരാതി പരിഹാരം, ക്രമസമാധാനപാലനം എന്നിങ്ങനെ എണ്ണമറ്റതും പൊതുജനങ്ങളുടെ ദൈനംദിന ജീവിതത്തില്‍ അത്യന്താപേക്ഷിതവുമായ നിരവധി ചുമതലകളും കര്‍ത്തവ്യങ്ങളുമാണ് ഇന്ന് റവന്യൂവകുപ്പില്‍ അര്‍പ്പിതമായിട്ടുള്ളത്. പൊതുജനസൗഹൃദപരവും ഉത്തരവാദിത്തപൂര്‍ണവുമായ പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങളുടെയും സമൂഹത്തിന്റെയും ക്ഷേമൈശ്വര്യങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുകയെന്നതാണ് റവന്യൂവകുപ്പിന്റെ പരമപ്രധാനമായ ദൗത്യം'' - ലാന്റ് റവന്യൂ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ ആമുഖത്തിലെ വാചകങ്ങളാണിത്. ഈ ഉത്തരവാദിത്തങ്ങളും കടമകളും നിര്‍വഹിക്കുന്നതിനും പൊതുജനത്തിന് അവകാശപ്പെട്ട സേവനങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കുന്നതിനും റവന്യൂവകുപ്പില്‍ സ്ഥാപനങ്ങളുടെ അപര്യാപ്തത കാരണം മലബാര്‍ മേഖലയില്‍ കാലതാമസം  ഉണ്ടാകുന്നുണ്ട്. 
ഭൂവിസ്തൃതി, ജനസംഖ്യ, പ്രദേശത്തിന്റെ പിന്നാക്കാവസ്ഥ തുടങ്ങി അനേകം കാര്യങ്ങളില്‍ ഏറെ വ്യത്യാസം കേരളത്തില്‍ നിലനില്‍ക്കുന്നുണ്ട്. താലൂക്ക്, വില്ലേജ് വിഭജനത്തിന്റെ കാര്യത്തില്‍ മലബാര്‍ മേഖലയില്‍ ഏറെ പോരായ്മകളുണ്ട്. മലബാറിലെ പല താലൂക്ക് ഓഫീസുകളിലും എത്തിച്ചേരാന്‍ മണിക്കൂറുകള്‍ യാത്രചെയ്യണം. കൂടാതെ താലൂക്ക് ഓഫീസുകളിലെയും വില്ലേജ് ഓഫീസുകളിലെയും സേവനലഭ്യതക്ക് മണിക്കൂറുകളോളം കാത്തുനില്‍ക്കുകയും പലതവണ കയറിയിറങ്ങുകയും ചെയ്യേണ്ട അവസ്ഥയാണുള്ളത്. 
2011-ലെ സെന്‍സസ് അനുസരിച്ച് കേരളത്തിലെ ജനസംഖ്യ
2011-ലെ സെന്‍സസ് പ്രകാരം കേരളത്തിലെ 3,33,87,677 ജനങ്ങളില്‍ 1,46,56,186 പേര്‍ ജീവിക്കുന്നത് പാലക്കാട് മുതല്‍ കാസര്‍കോട് വരെയുള്ള ആറു ജില്ലകളിലായിട്ടാണ്. കേരള ജനസംഖ്യയുടെ 44 ശതമാനമാണ് ഇത്. പ്രവാസികളെ കൂടി ഉള്‍പ്പെടുത്തിയാല്‍ ഇത് ഇനിയും വര്‍ധിക്കും. 2001-ലെ സെന്‍സസുമായി താരതമ്യം ചെയ്യുമ്പോള്‍ തിരുകൊച്ചിയേക്കാള്‍ (തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകള്‍) 2 ശതമാനം വര്‍ധനവാണ് മലബാറിലുള്ളത്. 2001-ല്‍ കേരള ജനസംഖ്യയുടെ 42 ശതമാനമാണ് മലബാറില്‍ ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ 44 ശതമാനം ആണ്. 41,10,956 പേര്‍ അധിവസിക്കുന്ന മലപ്പുറം ജില്ലയാണ് ജനസംഖ്യയില്‍ ഒന്നാമത്. 
നിലവില്‍ 14 ജില്ലകളാണ് കേരളത്തിലുള്ളത്. ഓരോ ജില്ലയിലും റവന്യൂ ഭരണത്തിന്റെ  തലവന്‍ ജില്ലാ കലക്ടറാണ്. മജിസ്റ്റീരിയല്‍ അധികാരങ്ങള്‍ കൂടി നിര്‍വഹിക്കേണ്ടതുകൊണ്ട് ജില്ലാ കലക്ടര്‍ ജില്ലാ മജിസ്‌ട്രേറ്റ് കൂടിയാണ്. ജില്ലകളില്‍ സര്‍ക്കാരിന്റെ പ്രതിനിധിയായി പ്രവര്‍ത്തിക്കുന്നത് ജില്ലാ കലക്ടര്‍മാരാണ്. മലപ്പുറത്തെ കലക്ടര്‍ക്ക് 41 ലക്ഷം ജനങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കേണ്ടിവരുമ്പോള്‍ ഇടുക്കിയിലെയും പത്തനംതിട്ടയിലെയും കലക്ടര്‍മാര്‍ക്ക് 11 ലക്ഷം വീതം ജനങ്ങളുടെയും കാസര്‍കോട് കലക്ടര്‍ക്ക് 13 ലക്ഷം ജനങ്ങളുടേയും വയനാട് കലക്ടര്‍ക്ക് 8 ലക്ഷം ജനങ്ങളുടെയും ക്ഷേമം മാത്രം ഉറപ്പു വരുത്തിയാല്‍ മതി. ഈ നാല് ജില്ലകളിലും കൂടി  44 ലക്ഷം ജനങ്ങള്‍ക്ക് നാല് കലക്ടറേറ്റുകളുടെ സേവനം ലഭിക്കുമ്പോള്‍ മലപ്പുറത്തെ 41 ലക്ഷം ജനങ്ങള്‍ക്ക് ഒരു കലക്ടറുടെ സേവനം മാത്രമേ ലഭിക്കുന്നുള്ളൂ. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ നാല് ജില്ലകളുടെ മൊത്തം ഭൂവിസ്തൃതി 8222 ച. കി. മീ. ആണ്. അതേസമയം മലപ്പുറം, പാലക്കാട് ജില്ലകള്‍ ചേരുമ്പോള്‍ ഭൂ വൃസ്തൃതി 8030 ച.കി.മീ. ഉണ്ട്. കേരളത്തിലെ ഏറ്റവും വലിയ ജില്ലയും ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ജില്ലയുമാണ് യഥാക്രമം പാലക്കാടും മലപ്പുറവും. കേന്ദ്ര-കേരള സര്‍ക്കാരുകള്‍ ജില്ലാ അടിസ്ഥാനത്തില്‍ വിഭവങ്ങള്‍ വിതരണം ചെയ്യുമ്പോള്‍ സ്വാഭാവികമായും ഈ മേഖലയില്‍ ജനസംഖ്യാനുപാതികമായി ഉള്ള ഗുണം ലഭിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് പുതിയ ജില്ലകളുടെ രൂപീകരണം സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാകുന്നത് 
മലപ്പുറം ജില്ല വിഭജിച്ചോ, മലപ്പുറത്തിന്റെ വിവിധ താലൂക്കുകളും സമീപ ജില്ലകളിലെ ചില പ്രദേശങ്ങളും ചേര്‍ത്തോ പുതിയ ജില്ല രൂപീകരിക്കണമെന്ന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അഡ്വ. കെ.എന്‍.എ ഖാദര്‍ നിയമസഭയില്‍ ഉന്നയിച്ചിരുന്നു. ജില്ലയിലെ സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ മതസംഘടനകള്‍ ഏറെക്കാലമായി ഉന്നയിച്ചുകൊണ്ടിരിക്കുന്നതാണ് ഈ ആവശ്യം. 2010-'15 കാലയളവിലെ ജില്ലാ പഞ്ചായത്ത് ഭരണസമിതി മലപ്പുറം വിഭജിച്ച് പുതിയ ജില്ല രൂപവത്കരിക്കണം എന്ന പ്രമേയം അവതരിപ്പിച്ചിരുന്നു. പാലക്കാട്, മലപ്പുറം, തൃശൂര്‍ ജില്ലകളിലെ വിവിധ പ്രദേശങ്ങള്‍ ചേര്‍ത്ത് വള്ളുവനാട് ജില്ല രൂപീകരിക്കണമെന്ന് 2007-ല്‍ നിയമസഭാ സമ്മേളനത്തില്‍ സി.പി മുഹമ്മദും ആവശ്യപ്പെട്ടിരുന്നു. വിഷയത്തെ വര്‍ഗീയവല്‍ക്കരിക്കാന്‍ ഫാഷിസ്റ്റ് കേന്ദ്രങ്ങള്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് ശക്തിപകരുന്നതിനു പകരം വിഷയത്തെക്കുറിച്ച് ഗഹനമായ പഠനങ്ങള്‍ക്ക് ശ്രമിക്കുകയാണ് ഉത്തരവാദപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികള്‍ ചെയ്യേണ്ടത്.
കേരളത്തില്‍ 20 ലോക്‌സഭാ മണ്ഡലങ്ങളും 14 ജില്ലകളുമാണുള്ളത്. എന്നാല്‍, 25 ലോക്‌സഭാ മണ്ഡലങ്ങളുള്ള രാജസ്ഥാനില്‍ 33 ജില്ലകളും 28 ലോക്‌സഭാ മണ്ഡലങ്ങളുള്ള മധ്യപ്രദേശില്‍ 50 ജില്ലകളും ഉണ്ട്. ഹരിയാനയില്‍ ഇത് യഥാക്രമം 10-ഉം 21-ഉം ആണെങ്കില്‍ അസമില്‍ 14-ഉം 27-ഉം ആണ്. നമ്മുടെ അയല്‍ സംസ്ഥാനമായ കര്‍ണാടകയില്‍ 28 ലോക്‌സഭാ മണ്ഡലങ്ങളും 30 ജില്ലകളും ആണുള്ളത്. ഒഡീഷയില്‍ ഇത് യഥാക്രമം 21, 30 ആണ്. ബിഹാറില്‍ 40 ലോക്‌സഭാ മണ്ഡലങ്ങളും 38 ജില്ലകളുമാണുള്ളതെങ്കില്‍ ഉത്തര്‍പ്രദേശില്‍ യഥാക്രമം 80-ഉം 71-ഉം ആണ്.
1957-ല്‍ ജില്ലകള്‍ പുനഃസംഘടിപ്പിച്ച ശേഷം കേരളത്തിലെ എല്ലാ ജില്ലകളും വിഭജിക്കപ്പെട്ടിട്ടുണ്ട്. ആലപ്പുഴക്കും പത്തനംതിട്ടക്കും വേണ്ടി കൊല്ലം രണ്ട് തവണ വിഭജിച്ചു. ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളുടെ രൂപീകരണത്തിനായി കോട്ടയം മൂന്ന് തവണയാണ് വിഭജിച്ചത്. മലപ്പുറം, വയനാട് ജില്ലകള്‍ക്കു വേണ്ടി കോഴിക്കോടും വയനാട്, കാസര്‍കോട് ജില്ലകള്‍ക്ക് വേണ്ടി കണ്ണൂരും രണ്ടു തവണ വിഭജിച്ചിട്ടുണ്ട്. പാലക്കാട്, തൃശൂര്‍, എറണാകുളം, ആലപ്പുഴ ജില്ലകളും ഓരോ തവണ വിഭജിക്കപ്പെട്ടു. മലപ്പുറം ജില്ലക്കു ശേഷം രൂപംകൊണ്ട ഇടുക്കി ജില്ല പോലും വിഭജിക്കപ്പെട്ടിട്ടുണ്ട്. പഴയ ജില്ലകളില്‍ വിഭജനം നടക്കാത്തത് തിരുവനന്തപുരം, മലപ്പുറം ജില്ലകളില്‍ മാത്രമാണ്. തിരുവനന്തപുരത്തിന് തലസ്ഥാനം സ്ഥിതിചെയ്യുന്ന ജില്ല എന്ന നിലയില്‍ എല്ലാ പരിഗണനയും ലഭിക്കുന്നു്. അതുകൊണ്ടു തന്നെ അത് വിഭജിക്കണമെന്ന ആവശ്യം ഉയരാനേയിടയില്ല. മലബാര്‍ മേഖലയില്‍ പുതുതായി 3 ജില്ലകളെങ്കിലും രൂപീകരിക്കേണ്ടതാണ്.  
മലപ്പുറത്തേക്കാള്‍ വിഭവശേഷിയുള്ള, എന്നാല്‍ ജനസംഖ്യയിലും ഭൂവിസ്തൃതിയിലും (കേരളത്തിലെ ജനസംഖ്യയില്‍ മൂന്നാമതും ഭൂവിസ്തൃതിയില്‍ എട്ടാമതും) മലപ്പുറത്തേക്കാള്‍ പിന്നിലുമായ എറണാകുളം ജില്ലയുടെ വിഭജനമാണ് ഏറെക്കാലമായി കേരള സര്‍ക്കാറുകളുടെ മുന്നിലുള്ള ഏക പദ്ധതി. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഒരിക്കല്‍ അത് പരസ്യമായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും മൂവാറ്റുപുഴ ജില്ല വാഗ്ദാനം ആവര്‍ത്തിച്ചു. ഏത് സൂചികകള്‍ പ്രകാരം അളന്നാലും കേരളത്തില്‍ ആദ്യം വിഭജിക്കേണ്ടത് മലപ്പുറമാണെന്ന് പറയാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല. എന്നിട്ടും കേരളത്തില്‍ അധികാരത്തിലെത്തുന്നവരുടെ പരിഗണനാ വിഷയമായി മലപ്പുറം മാറുന്നില്ല. ജനസംഖ്യാനുപാതികമായി വിഭവവിതരണം സാധ്യമാകണമെങ്കില്‍ മലപ്പുറത്തെ വിഭജിച്ച് പുതിയൊരു ജില്ല രൂപവത്കരിച്ചേ മതിയാവൂ.
ഏറെ പിന്നാക്കം നില്‍ക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ജില്ലയായ പാലക്കാടിന്റെ വിവിധ പ്രദേശങ്ങളും ഭൂവിസ്തൃതിയിലും ജനസംഖ്യയിലും നാലാമതായ തൃശൂര്‍ ജില്ലയുടെ വിവിധ പ്രദേശങ്ങളും ചേര്‍ത്ത് പുതിയൊരു ജില്ലയുടെ സാധ്യതകൂടി പഠനവിധേയമാക്കണം. വടകര കേന്ദ്രീകരിച്ച് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ വിവിധ പ്രദേശങ്ങള്‍ ചേര്‍ത്ത് പുതിയ ജില്ലക്കുള്ള ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. 
റവന്യൂ വകുപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ഇടമാണ് താലൂക്ക്. തഹസില്‍ദാര്‍ ആണ് താലൂക്ക് ഭരണത്തിന്റെ തലവന്‍. വില്ലേജുകളുടെ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടവും എക്‌സിക്യൂട്ടീവ് മജിസ്റ്റീരിയല്‍ കര്‍ത്തവ്യങ്ങളുടെ നിര്‍വഹണവുമാണ് താലൂക്ക് തലങ്ങളില്‍ നടക്കുന്നത്. ഭരണപരമായ 28 വിഷയങ്ങളുടെ ചുമതലകള്‍ വഹിക്കുന്നത് തഹസില്‍ദാര്‍മാര്‍ ആണ്. ഭൂരേഖകളുടെ പരിപാലനത്തിനായി (ലാന്റ് റെക്കോര്‍ഡ് മെയിന്റനന്‍സ്) അഡീഷണല്‍ തഹസില്‍ദാരുടെ മേല്‍നോട്ടത്തില്‍ താലൂക്ക് സര്‍വേ വിഭാഗവും പ്രവര്‍ത്തിക്കുന്നു. താലൂക്ക് ഓഫീസുകളുടെയും സംവിധാനങ്ങളുടെയും കാര്യത്തിലും മലബാര്‍ മേഖല പിന്നാക്കം തന്നെയാണ്. 77 താലൂക്കുകളാണ് കേരളത്തിലുള്ളത്. ഇതില്‍ 48 എണ്ണവും തിരുകൊച്ചി മേഖലയിലാണ്. 29 എണ്ണമാണ് മലബാറിലുള്ളത്. അതില്‍ തന്നെ ഏറെ നാളത്തെ മുറവിളിക്കു ശേഷം രൂപീകൃതമായതാണ് 2013-ല്‍ മഞ്ചേശ്വരം, വെള്ളരിക്കുണ്ട് (കാസര്‍കോട്), ഇരിട്ടി (കണ്ണൂര്‍), താമരശ്ശേരി (കോഴിക്കോട്), കൊണ്ടോട്ടി (മലപ്പുറം), പട്ടാമ്പി (പാലക്കാട്), 2018-ല്‍ പയ്യന്നൂര്‍ (കണ്ണൂര്‍), 2021-ല്‍ അട്ടപ്പാടി ട്രൈബല്‍ താലൂക്ക് (പാലക്കാട്) എന്നീ താലൂക്കുകള്‍.

കേരളത്തിലെ താലൂക്കുകള്‍, വില്ലേജുകള്‍ (ജനസംഖ്യ)


പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിലെ ജനസംഖ്യ  1,34,219-ഉം ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ ജനസംഖ്യ 1,93,007-ഉം ആണ്. എന്നാല്‍ കോഴിക്കോട് താലൂക്കിലെ ജനസംഖ്യ 13,54,107 ആകുന്നു. വയനാട്, കാസര്‍കോട്, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലെ ജനസംഖ്യയേക്കാള്‍ കൂടുതലാണ് കോഴിക്കോട് താലൂക്കിലെ ജനസംഖ്യ! മലപ്പുറം ജില്ലയിലെ തിരൂര്‍ താലൂക്കിലെ ജനസംഖ്യ 9,28,672 ആണ്. വയനാട് ജില്ലയിലെ ജനസംഖ്യയേക്കാള്‍ കൂടുതലാണ് ഇത്. കൊല്ലം ജില്ലയിലെ കുന്നത്തൂര്‍ താലൂക്കില്‍ 7-ഉം  പത്തനാപുരം താലൂക്കില്‍ 8-ഉം പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിലും, ഇടുക്കി ജില്ലയിലെ ഇടുക്കി താലൂക്കിലും 9 വീതം വില്ലേജുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ താലൂക്ക് ശരാശരി ജനസംഖ്യ 1,99,256-ഉം ഇടുക്കിയിലേത് 2,21,491-ഉം ആലപ്പുഴയിലേത് 3,53,657-ഉം ആണ്. അതേസമയം കണ്ണൂരിലേത് 5,04,527-ഉം മലപ്പുറത്തേത് 5,87,279-ഉം കോഴിക്കോട് ജില്ലയിലേത് 7,72,386-ഉം ആണ്. മലബാര്‍ മേഖലയിലെ ഒരു താലൂക്കിലെ ശരാശരി ജനസംഖ്യ 5,05,386 ആണെങ്കില്‍ തിരുകൊച്ചിയിലേത് 3,90,239 ആണ്.
കോഴിക്കോട് ജില്ലയിലെ താലൂക്കുകള്‍ പുനഃക്രമീകരിച്ച് പേരാമ്പ്ര, കുന്ദമംഗലം എന്നീ താലൂക്കുകള്‍ രൂപീകരിക്കപ്പെടേതാണ്. പേരാമ്പ്ര താലൂക്കിന് ബാബുപോള്‍ കമീഷനും എം.ജി.കെ മൂര്‍ത്തി കമീഷനും ലാന്റ് റവന്യൂ കമീഷണറുടെ പഠന റിപ്പോര്‍ട്ടും ശുപാര്‍ശ ചെയ്തിട്ടുണ്ട്. ജില്ലാ ആസ്ഥാനമായ മലപ്പുറത്തോട് ചേര്‍ന്ന പ്രദേശങ്ങള്‍ വിവിധ താലൂക്കുകള്‍ക്കു കീഴില്‍ വരുന്ന വിചിത്രമായ റവന്യൂഘടനയാണ് ജില്ലക്കുള്ളത്. മലപ്പുറം നഗരത്തോട് ചേര്‍ന്ന മേല്‍മുറി, പാണക്കാട് വില്ലേജുകള്‍ ഏറനാട് താലൂക്കിലെ ഭാഗമാണ്; മലപ്പുറത്തുനിന്ന് അത്രതന്നെ അകലത്തിലുള്ള കോഡൂര്‍, കൂട്ടിലങ്ങാടി, കുറുവ എന്നീ വില്ലേജുകള്‍ പെരിന്തല്‍മണ്ണ താലൂക്കിലും! ഒതുക്കുങ്ങല്‍ തിരൂരങ്ങാടിയിലാണെങ്കില്‍ പൊന്മള തിരൂര്‍ താലൂക്കിലും! തിരൂര്‍ താലൂക്കിലെ ജനസംഖ്യ 928672-ഉം വില്ലേജുകളുടെ എണ്ണം മുപ്പതും ആണ്. ജില്ലാ ആസ്ഥാനം കേന്ദ്രീകരിച്ച് വിവിധ താലൂക്കുകള്‍ക്കു കീഴിലുള്ള വില്ലേജുകളെ ചേര്‍ത്ത് മലപ്പുറം താലൂക്ക് രൂപീകരിക്കപ്പെടണം. തിരൂര്‍ താലൂക്ക് വിഭജിച്ച് വളാഞ്ചേരി താലൂക്കും തിരൂര്‍, തിരൂരങ്ങാടി താലൂക്കുകളിലെ വിവിധ വില്ലേജുകള്‍ ചേര്‍ത്ത് താനൂര്‍ താലൂക്കും നിലമ്പൂര്‍, ഏറനാട് താലൂക്കുകളിലെ വിവിധ വില്ലേജുകള്‍ ചേര്‍ത്ത് വണ്ടൂര്‍ താലൂക്കും രൂപീകരിക്കണം. വയനാടിന്റെ പിന്നാക്കാവസ്ഥ പരിഗണിച്ച് ജില്ലയിലെ താലൂക്കുകള്‍ പുനഃക്രമീകരിച്ച് കണിയാമ്പറ്റ കേന്ദ്രമായി മധ്യവയനാട് താലൂക്കും രൂപീകരിക്കപ്പെടണം. മുപ്പത് വീതം വില്ലേജുകളാണ് പാലക്കാട്, ചിറ്റൂര്‍, ആലത്തൂര്‍ താലൂക്കുകളില്‍ ഉള്ളത്. പ്രസ്തുത താലൂക്കുകള്‍ പുനഃക്രമീകരിച്ച് പുതിയ ഒരു താലൂക്ക് കൂടി രൂപീകരിക്കണം. ശരാശരി 5,04,527 ജനസംഖ്യയുള്ള കണ്ണൂര്‍ ജില്ലയിലെ താലൂക്കുകള്‍ പുനഃക്രമീകരിച്ച് പുതിയ താലൂക്കുകള്‍ രൂപീകരിക്കേണ്ടതുണ്ട്. 
റവന്യൂ ഭരണത്തിന്റെ അടിസ്ഥാനഘടകം വില്ലേജുകളാണ്. വില്ലേജ് ഓഫീസര്‍ വില്ലേജ് ഭരണത്തിന്റെ തലവനും, സര്‍ക്കാരിന്റെ പ്രതിനിധിയുമാണ്. സംസ്ഥാന ഭരണത്തില്‍ ഏറ്റവും താഴെതട്ടിലുള്ള ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന സര്‍ക്കാര്‍ സംവിധാനം കൂടിയാണ് വില്ലേജുകള്‍. ഗ്രൂപ്പ് വില്ലേജുകളടക്കം സംസ്ഥാനത്താകെ 1664 വില്ലേജുകളാണുള്ളത്. സര്‍ക്കാര്‍ ഭൂമി, വൃക്ഷങ്ങള്‍, ധാതുക്കള്‍ എന്നിവ സംരക്ഷിക്കുന്നതും വിവിധയിനം സാക്ഷ്യപത്രങ്ങള്‍ അനുവദിക്കുന്നതും വില്ലേജ് ഓഫീസറുടെ ചുമതലയാണ്. സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കേതും പ്രകൃതിക്ഷോഭം, സാംക്രമിക രോഗങ്ങള്‍, അഗ്നിബാധ തുടങ്ങിയ അനിഷ്ട സംഭവങ്ങള്‍ നേരിടുമ്പോള്‍ നടപടികള്‍ സ്വീകരിക്കേണ്ടതും വില്ലേജ് ഓഫീസറുടെ ചുമതലയാണ്. സംസ്ഥാനത്തെ നാല് ജില്ലകളിലാണ് ഇപ്പോഴും ഗ്രൂപ്പ് വില്ലേജ് സിസ്റ്റം നിലനില്‍ക്കുന്നത്. ഔദ്യോഗിക രേഖയനുസരിച്ച് ര് വില്ലേജുകള്‍ ഉണ്ട്. എന്നാല്‍ വില്ലേജ് വിഭജനത്തിന്റെ പ്രയോജനം ജനങ്ങള്‍ക്ക് ലഭിക്കുന്നില്ല. ര് വില്ലേജുകളും ഒരു ഓഫീസിനു കീഴിലും ഒരേ ജീവനക്കാരുടെ മേല്‍നോട്ടത്തിലും നടക്കുന്ന സംവിധാനമാണ് ഗ്രൂപ്പ് വില്ലേജുകള്‍. തൃശൂരാണ് ഏറ്റവും കൂടുതല്‍ ഗ്രൂപ്പ് വില്ലേജുകളുള്ള ജില്ല. ഏറ്റവും കൂടുതല്‍ ഗ്രൂപ്പ് വില്ലേജുകളുള്ള താലൂക്ക് കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരമാണ്. 29 ഗ്രൂപ്പ് വില്ലേജുകള്‍ ഉള്‍പ്പെടെ 48 വില്ലേജുകളാണ് മഞ്ചേശ്വരം താലൂക്കിലുള്ളത്.
പാലക്കാട് ജില്ലയിലെ വിവിധ താലൂക്കുകളിലായി ഏഴ് വില്ലേജുകളും മലപ്പുറം ജില്ലയില്‍ 26 വില്ലേജുകളും കോഴിക്കോട് ജില്ലയില്‍ 11 വില്ലേജുകളും കണ്ണൂര്‍ ജില്ലയില്‍ ഏഴ് വില്ലേജുകളും വയനാട് ജില്ലയില്‍ ഒരു പുതിയ വില്ലേജും രൂപീകരിക്കുന്നതിന് വിവിധ കമീഷനുകള്‍ നേരത്തേ ശിപാര്‍ശ ചെയ്തിട്ടുണ്ട്. കാസര്‍കോട് ജില്ലയിലെ ഗ്രൂപ്പ് വില്ലേജ് സിസ്റ്റം ഒഴിവാക്കുന്നതോടൊപ്പം വലിയപറമ്പ് വില്ലേജ് രൂപീകരിക്കുന്നതിനും ശിപാര്‍ശ ചെയ്തിട്ടുണ്ട്. 
പഞ്ചായത്തി രാജ് ആക്റ്റ് നടപ്പിലാക്കിയതു മൂലം റവന്യൂ സ്ഥാപനങ്ങളില്‍നിന്നും വ്യത്യസ്തമായി ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും തെരഞ്ഞെടുപ്പ് നടത്തുന്ന സന്ദര്‍ഭങ്ങളില്‍ (2020 ഒഴികെ) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ പുനഃക്രമീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ സംസ്ഥാനത്തുള്ള ആറ് കോര്‍പ്പറേഷനുകളില്‍ നാല് എണ്ണം തിരുകൊച്ചി മേഖലയിലാണെങ്കില്‍ മലബാറിലുള്ളത് രണ്ടെണ്ണമാണ്. ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളില്‍ 384 എണ്ണം മാത്രമാണ് മലബാറിലുള്ളത്. ബ്ലോക്ക് പഞ്ചായത്തുകളിലാകട്ടെ 152 ല്‍ 61 എണ്ണവും. മുനിസിപ്പാലിറ്റികളുടെ എണ്ണത്തില്‍ മാത്രമാണ് മലബാര്‍-തിരുകൊച്ചി മേഖലകള്‍ ഒരുപോലെയുള്ളത്. ആകെയുള്ള 87 നഗരസഭകളില്‍ 45 എണ്ണം തിരുകൊച്ചിയിലും 42 എണ്ണം മലബാറിലുമുണ്ട്. അതിനാല്‍ മലബാര്‍ മേഖലയിലെ ജില്ലകളില്‍ കൂടുതല്‍ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകള്‍ അനുവദിക്കണം.

കേരളം: ജില്ലകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍


ഒരു നാടിന്റെയും ജനതയുടെയും വികസനം സാധ്യമാക്കുന്നതിന് നമ്മുടെ ഭരണസംവിധാനങ്ങള്‍ നിര്‍വഹിക്കുന്ന പങ്ക് വലുതാണ്. കഴിഞ്ഞ കാലങ്ങളില്‍ മലബാര്‍ മേഖലയുടെ വികസനം മുരടിച്ചതില്‍ നിന്നും മോചനം ലഭിക്കണമെങ്കില്‍ ഈ പിന്നാക്ക മേഖലയെ സര്‍ക്കാര്‍ പ്രത്യേകം പരിഗണിക്കേണ്ടതുണ്ട്. കേരളം കാലാകാലങ്ങളില്‍ ഭരിച്ചവര്‍ക്ക് മലബാര്‍ മേഖലയെ അര്‍ഹമായ അളവില്‍ പരിഗണിക്കാന്‍ സാധിച്ചിട്ടില്ല. ഒരു ജനതയുടെ അവകാശങ്ങള്‍ക്കായുള്ള വഴിദൂരം നമുക്ക് കുറക്കാം. അത് അധികാര കേന്ദ്രങ്ങളും ഭരണസംവിധാനങ്ങളും പുനഃസംഘടിപ്പിച്ചുകൊണ്ടായിരിക്കണം. ഈ ആവശ്യങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കാന്‍ ഭരണകൂടങ്ങള്‍ ഇഛാശക്തി കാണിക്കണം.
 

Your web browser doesn't have a PDF plugin. Instead you can click here to download the PDF file.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ 29-33
ടി.കെ ഉബൈദ്‌

ഹദീസ്‌

നേതാവിന്റെ അടുപ്പക്കാര്‍
പി.എ സൈനുദ്ദീന്‍