Prabodhanm Weekly

Pages

Search

2021 ഒക്‌ടോബര്‍ 15

3222

1443 റബീഉല്‍ അവ്വല്‍ 08

പൊതു വിഭവ ഒഴുക്ക് പ്രാദേശിക-സാമുദായിക നീതിയില്‍ അധിഷ്ഠിതമാകണം

ജോസ് സെബാസ്റ്റ്യന്‍

പൊതുധനകാര്യം, സംരംഭകത്വം, ചെറുകിട വ്യവസായ വികസനം തുടങ്ങിയ മേഖലകളില്‍ ദേശീയ-അന്തര്‍ദേശീയ ജേണലുകളില്‍ നിരവധി പഠനങ്ങള്‍ പ്രസിദ്ധീകരിച്ച പ്രമുഖ ധനതത്ത്വശാസ്ത്ര വിദഗ്ധനായ ജോസ്  സെബാസ്റ്റ്യന്‍ തിരുവനന്തപുരം സെന്റര്‍ ഫോര്‍ ടാക്‌സേഷന്‍ സ്റ്റഡീസ്, ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് & ടാക്‌സേഷന്‍, അഹ്മദാബാദ് ഓണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്നിവിടങ്ങളില്‍ അധ്യാപകനും ഗവേഷകനുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മൗലിക ഗവേഷണ പഠനങ്ങള്‍ ഉള്‍ക്കൊള്ളുന്ന എട്ടോളം പുസ്തകങ്ങള്‍ ഇംഗ്ലീഷിലും മലയാളത്തിലുമായി രചിച്ച അദ്ദേഹത്തിന്റെ,  2020 ജൂണില്‍ പ്രസിദ്ധീകരിച്ച 'കേരള ധനകാര്യം: ജനപക്ഷത്തുനിന്ന് ഒരു പുനര്‍വായന' എന്ന കൃതിയിലെ 'പൊതു ചെലവുകളുടെ ഒഴുക്ക്: പ്രാദേശികവും സാമുദായികവുമായ ഒരു വീക്ഷണം' എന്ന ഒമ്പതാം അധ്യായത്തില്‍നിന്നുള്ളതാണ് ഈ ലേഖനം.

പൊതുചെലവുകളുടെ പ്രയോജനം ഏറിയും കുറഞ്ഞും എല്ലാ പ്രദേശങ്ങള്‍ക്കും സാമൂഹിക വിഭാഗങ്ങള്‍ക്കും ഒരുപോലെ ലഭ്യമാകണമെന്ന കാര്യം പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. കാരണം, പൊതുവിഭവങ്ങള്‍ എല്ലാവരില്‍നിന്നും സമാഹരിക്കപ്പെടുന്നതാണല്ലോ.
കേരളത്തിന്റെ മലബാര്‍, തിരുകൊച്ചി മേഖലകള്‍ പലതുകൊണ്ടും വ്യതിരിക്തമാണ്. സ്വാതന്ത്ര്യത്തിനു മുമ്പ് മലബാര്‍ ബ്രിട്ടീഷ് പ്രവിശ്യയായ മദ്രാസിന്റെ കീഴിലായിരുന്നു. നേരെമറിച്ച് തിരുവിതാംകൂറും കൊച്ചിയും നാട്ടുരാജ്യങ്ങളായിരുന്നു. സ്വാതന്ത്ര്യം പ്രാപിക്കുമ്പോള്‍ തിരുവിതാംകൂറും കൊച്ചിയും മലബാറിനേക്കാള്‍ വികസിതമായിരുന്നു. 2011-ലെ സെന്‍സസ് പ്രകാരം കേരളത്തിലെ ജനസംഖ്യയില്‍ 43.88 ശതമാനം ആറ് മലബാര്‍ ജില്ലകളിലാണ്. എട്ട് തിരുകൊച്ചി ജില്ലകളിലാണ് 56.12 ശതമാനം ജനങ്ങള്‍. കേരളത്തിലെ മുസ്‌ലിംകളില്‍ 71.87 ശതമാനം മലബാറിലായിരിക്കുമ്പോള്‍ ക്രിസ്ത്യാനികളില്‍ 86.13 ശതമാനം തിരുകൊച്ചിയിലാണ്. ഹിന്ദുക്കളില്‍ 40.42 ശതമാനം മലബാറിലും 59.58 ശതമാനം തിരുകൊച്ചിയിലുമാണ്. കേരളത്തിലെ ഗിരിവര്‍ഗക്കാരില്‍ 67.83 ശതമാനം മലബാറിലാണ്.
പൊതുവെ പറഞ്ഞാല്‍ മുസ്‌ലിംകള്‍, കുടിയേറ്റ ക്രിസ്ത്യാനികള്‍, ഗിരിവര്‍ഗക്കാര്‍, താഴ്ന്ന ജാതി ഹിന്ദുക്കള്‍ എന്നതാണ് മലബാറിന്റെ മുഖം. നേരെമറിച്ച് ഉയര്‍ന്ന ജാതി ഹിന്ദുക്കളും സവര്‍ണ ക്രിസ്ത്യാനികളുമാണ് തിരുകൊച്ചിയുടെ മുഖം.

പൊതുവിഭവങ്ങളുടെ ഒഴുക്ക്: 
രീതിശാസ്ത്രപരമായ പ്രശ്‌നങ്ങള്‍

പൊതുചെലവുകളില്‍ മലബാറിലേക്കും തിരുകൊച്ചിയിലേക്കും ഒഴുകുന്നതെത്ര എന്ന് ശാസ്ത്രീയമായി കണ്ടെത്തണമെങ്കില്‍ ജില്ല തിരിച്ചുള്ള സ്ഥിതിവിവരക്കണക്കുകള്‍ വേണം. നിര്‍ഭാഗ്യവശാല്‍ സംസ്ഥാനതലത്തില്‍ ലഭ്യമായ ഈ സ്ഥിതിവിവരക്കണക്കുകള്‍ ജില്ലാടിസ്ഥാനത്തില്‍ ലഭ്യമല്ല. വിവരങ്ങള്‍ ലഭ്യമല്ല എന്ന ഒഴികഴിവ് പറഞ്ഞ് മാറിനില്‍ക്കുന്നതില്‍ അര്‍ഥമില്ല. ലഭ്യമായ വിവരങ്ങള്‍ എന്താണ്? അവയെ എത്രമാത്രം ആശ്രയിക്കാനൊക്കും? അവയുടെ പരിമിതികള്‍ അംഗീകരിച്ചുകൊണ്ടുതന്നെ ചില നിഗമനങ്ങളില്‍ എത്താനൊക്കുമോ? ഈ ദിശയില്‍ അന്വേഷിച്ചപ്പോള്‍ കേരളത്തിലെ ഓരോ ജില്ലയിലേക്കും എത്രമാത്രം പൊതുവിഭവങ്ങള്‍ ഒഴുകുന്നുണ്ട് എന്നതിന്റെ കണക്ക് ജില്ലാ ട്രഷറികളില്‍ ലഭ്യമാണ് എന്ന് അറിയാന്‍ കഴിഞ്ഞു. ട്രഷറികളിലൂടെയുള്ള വിതരണത്തിന്റെ (Disbursement) കണക്കാണ് ലഭ്യമായിട്ടുള്ളത്. ഈ സ്ഥിതിവിവരക്കണക്കുകള്‍ ബജറ്റ് രേഖകളുമായി ഒത്തുപോയിക്കൊള്ളണമെന്നില്ല. കാരണം, ബജറ്റ് രേഖകളില്‍ പിന്തുടരുന്ന അക്കൗണ്ടിംഗ് രീതിയല്ല ട്രഷറികള്‍ പിന്തുടരുന്നത്. എങ്കിലും ഒരു രീതിശാസ്ത്രം കൃത്യമായി പിന്തുടരുന്ന ഈ സ്ഥിതിവിവരക്കണക്കുകളെ പൊതുചെലവുകളുടെ പകരക്കാരനായി (Proxy) കാണുന്നതില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ല.
സംസ്ഥാന ട്രഷറി ഡയറക്ടര്‍ക്ക് 2006-'07 മുതല്‍ 2015-'16 വരെയുള്ള 10 വര്‍ഷത്തെ ജില്ല തിരിച്ചുള്ള സ്ഥിതിവിവരക്കണക്കുകള്‍ ലഭ്യമാക്കാന്‍ വിവരാവകാശനിയമപ്രകാരം അപേക്ഷ നല്‍കി. എന്തുകൊണ്ടാണ് ഈ പത്തു വര്‍ഷം തെരഞ്ഞെടുത്തത് എന്ന ചോദ്യമുണ്ട്. ഈ പത്തു വര്‍ഷത്തിനിടെ ഒരു ഇടതുജനാധിപത്യ മുന്നണി സര്‍ക്കാറും ഒരു ഐക്യജനാധിപത്യ മുന്നണി സര്‍ക്കാറും കേരളം ഭരിച്ചു. ഏതെങ്കിലും മുന്നണിയോട് പക്ഷപാതം കാണിച്ചു എന്ന വിമര്‍ശനം ഉണ്ടാകാതിരിക്കാനാണിത്. ഏകദേശം ഒരു വര്‍ഷത്തെ നിരന്തരമായ പരിശ്രമത്തിന്റെ ഫലമായി ഈ സ്ഥിതിവിവരക്കണക്കുകള്‍ ലഭ്യമായി. ഓരോ ജില്ലയിലെയും മൊത്തം വിതരണം, അതില്‍ ശമ്പളം, പെന്‍ഷന്‍, മറ്റുള്ളവ എന്ന തരത്തിലാണ് ഈ സ്ഥിതിവിവരക്കണക്കുകള്‍ ജില്ലാ ട്രഷറികള്‍ ലഭ്യമാക്കിയത്.
ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം, ജില്ല തിരിച്ചുള്ള പൊതുവിഭവ വിതരണത്തെ ജില്ല തിരിച്ചുള്ള ജനസംഖ്യയുമായി താരതമ്യപ്പെടുത്തുന്നത് യുക്തിസഹമല്ല എന്നതാണ്. കാരണം, കേരളം പോലെ ജനസാന്ദ്രതയുള്ള ഒരു സംസ്ഥാനത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഒരു ജില്ലയില്‍നിന്നും അടുത്തുള്ള ജില്ലകളിലേക്ക് യാത്രചെയ്ത് ജോലി ചെയ്യും. കോട്ടയത്തുനിന്നും ചെങ്ങന്നൂരില്‍നിന്നും ദിവസേന ട്രെയ്‌നില്‍ തിരുവനന്തപുരത്ത് വന്ന് ജോലി ചെയ്യുന്നവരുടെ ശമ്പളം തിരുവനന്തപുരത്തുള്ള ട്രഷറികളിലൂടെയാവും വിതരണം ചെയ്യപ്പെടുക. അതുപോലെ കോഴിക്കോട്ടുനിന്ന് കണ്ണൂരിലും കണ്ണൂരില്‍നിന്ന് കോഴിക്കോട്ടും വന്ന് ജോലി ചെയ്യുന്നവര്‍ ഉണ്ട്.  ജില്ലകള്‍ തമ്മില്‍ താരതമ്യപ്പെടുത്തുന്നതില്‍ അര്‍ഥമില്ലെങ്കിലും മേഖലകള്‍ തമ്മില്‍ താരതമ്യപ്പെടുത്തുന്നത് തികച്ചും യുക്തിസഹമാണ്. മൊത്തം പൊതുചെലവില്‍ മലബാറില്‍ വിതരണം ചെയ്യപ്പെടുന്നത് എത്ര, തിരുകൊച്ചിയില്‍ വിതരണം ചെയ്യപ്പെടുന്നത് എത്ര എന്നാണ് ഇവിടെ പരിശോധിക്കുന്നത്. ഇവ തമ്മില്‍ കാര്യമായ വ്യത്യാസമുണ്ടെങ്കില്‍ അതിന്റെ കാരണം കണ്ടെത്തി വിശദീകരിക്കേണ്ടതുണ്ട്.
പട്ടിക 9.1-ല്‍നിന്നും മനസ്സിലാക്കാവുന്നതുപോലെ 2006-'07 മുതല്‍ 2015-'16 വരെയുള്ള പത്തു വര്‍ഷത്തില്‍ സംസ്ഥാനത്ത് നടന്ന മൊത്തം വിതരണത്തില്‍ 73.12 ശതമാനം നടന്നത് തിരുകൊച്ചി മേഖലയിലുള്ള ട്രഷറികളിലൂടെയാണ്. ഇതില്‍തന്നെ 33 ശതമാനത്തോളം നടന്നത് തിരുവനന്തപുരത്തെ ട്രഷറികളിലൂടെയാണ്. തിരുവനന്തപുരം തലസ്ഥാന നഗരമാണല്ലോ. എല്ലാ ജില്ലകള്‍ക്കും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലം എന്ന നിലയില്‍ ഇതില്‍ അത്ഭുതത്തിന് അവകാശമില്ല. ശമ്പളത്തിന്റെ കാര്യം വരുമ്പോള്‍ 77.46 ശതമാനം തിരുകൊച്ചിയിലെ ട്രഷറികളിലൂടെയാണ്. മലബാറിലൂടെ ഒഴുകുന്നത് 22.54 ശതമാനം മാത്രം. പക്ഷേ പെന്‍ഷന്റെ കാര്യത്തില്‍ കാര്യമായ വ്യത്യാസമുണ്ട്. മലബാറിന്റെ ഓഹരി 38.32 ശതമാനമായി വര്‍ധിക്കുന്നു. ഇതിന്റെ കാരണം വ്യക്തമാണ്. തിരുകൊച്ചി മേഖലയില്‍ ജോലി ചെയ്ത ശേഷം മലബാറിലേക്ക് തിരിച്ചുപോകുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അവരുടെ പെന്‍ഷന്‍ വീടിനടുത്തുള്ള ട്രഷറികളില്‍നിന്നും സ്വീകരിക്കുന്നതുകൊണ്ടാണിത്. പക്ഷേ ശമ്പളവും പെന്‍ഷനും മൊത്തത്തില്‍ എടുക്കുമ്പോള്‍ 75 ശതമാനത്തോളം വിതരണം ചെയ്യപ്പെടുന്നത് തിരുകൊച്ചി മേഖലയിലാണ് എന്ന കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്.
ഇതുതന്നെ ഭാഗികമായ ഒരു ചിത്രമേ നല്‍കുന്നുള്ളൂ. ട്രഷറി വഴിയുള്ള ശമ്പള-പെന്‍ഷന്‍ വിതരണത്തില്‍ സര്‍വകലാശാലകള്‍ പോലുള്ള സ്വയംഭരണ സ്ഥാപനങ്ങള്‍ പെടുന്നില്ല. അവക്ക് നല്‍കുന്ന ഗ്രാന്റ് മൊത്തം വിതരണത്തിന്റെ ഭാഗമാണ്. കേരള സര്‍ക്കാറിന്റെ ഗ്രാന്റ് വാങ്ങുന്ന 14 സര്‍വകലാശാലകള്‍ ഉണ്ട്. അതില്‍ നാലെണ്ണം മാത്രമേ മലബാറില്‍ ഉള്ളൂ. സര്‍ക്കാര്‍ ഗ്രാന്റ് ലഭിക്കുന്ന 115 സ്വയംഭരണ സ്ഥാപനങ്ങളില്‍/ഏജന്‍സികളില്‍/അതോറിറ്റികളില്‍ ഒമ്പത് എണ്ണം മാത്രമേ മലബാറില്‍ ഉള്ളൂ. സര്‍വകലാശാലകള്‍ അടക്കമുള്ള സ്വയംഭരണ സ്ഥാപനങ്ങളില്‍ കൂടി വിതരണം ചെയ്യപ്പെടുന്ന ശമ്പളവും പെന്‍ഷനും കൂടി എടുത്താല്‍ ഒരുപക്ഷേ മൊത്തം ശമ്പള-പെന്‍ഷന്‍ വിതരണത്തിന്റെ 80 ശതമാനവും തിരുകൊച്ചിയില്‍ ആയിക്കൂടെന്നില്ല.

സാമുദായിക മാനം

പൊതു ചെലവിന്റെ ഒഴുക്കിന്റെ പ്രാദേശിക മാനത്തിന്  ഒരു സാമുദായിക മാനം കൂടിയുണ്ട്. പട്ടിക 9.2-ല്‍ വിശദാംശങ്ങള്‍ നല്‍കിയിട്ടുണ്ട്. 
ശമ്പളത്തിന്റെയും പെന്‍ഷന്റെയും പ്രയോജനം ജനസംഖ്യക്ക് ആനുപാതികമല്ലാത്തവിധം തിരുകൊച്ചിയിലെ ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ലഭിക്കുന്നു എന്നതാണ് പട്ടിക 9.2 കാണിക്കുന്നത്. ജനസംഖ്യയില്‍ 44.4 ശതമാനം വരുന്ന മലബാറിലേക്ക് ഒഴുകുന്നതിന്റെ ഏകദേശം മൂന്നിരട്ടിയാണ് ജനസംഖ്യയില്‍ 55.6 ശതമാനം വരുന്ന തിരുകൊച്ചിയിലേക്ക് ഒഴുകുന്നത്.

എയ്ഡഡ് വിദ്യാഭ്യാസ 
സ്ഥാപനങ്ങളുടെ പങ്ക്

മലബാറും തിരുകൊച്ചിയും തമ്മിലുള്ള ഈ വ്യത്യാസത്തെ എങ്ങനെയാണ് മനസ്സിലാക്കേണ്ടത്? മലബാര്‍ ജില്ലകളുടെ പൊതുവെയുള്ള പിന്നാക്കാവസ്ഥയും വിശിഷ്യാ വിഭ്യാഭ്യാസത്തിലുള്ള പിന്നാക്കാവസ്ഥയുമാണ് ഈ അന്തരത്തിനു പിന്നിലുള്ള ഒരു കാരണം. ഇക്കാരണം കൊണ്ട് സര്‍ക്കാര്‍ സര്‍വീസിലുള്ള മലബാറുകാരുടെ എണ്ണം കുറവാണ്. ശമ്പളത്തില്‍ മലബാറും തിരുകൊച്ചിയും തമ്മിലുള്ള വ്യത്യാസം പെന്‍ഷനില്‍ പ്രതിഫലിക്കുന്നില്ല എന്നതുതന്നെ ഇതിന് തെളിവാണ്. തിരുകൊച്ചിയില്‍ ജോലി ചെയ്യുന്ന മലബാറുകാര്‍ റിട്ടയര്‍മെന്റിനു ശേഷം തിരികെ പോവുകയും അവരവരുടെ വീടിന് സമീപത്തുള്ള ട്രഷറികളില്‍നിന്നും പെന്‍ഷന്‍ വാങ്ങുകയും ചെയ്യുന്നു.
പക്ഷേ പ്രധാന കാരണം എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് ഒഴുകുന്ന ശമ്പളവും പെന്‍ഷനുമാണ്. എയ്ഡഡ് സ്ഥാപനങ്ങളുടെ ആധിക്യം കേരളത്തിന്റെ ഒരു പ്രത്യേകതയാണ്. 1959-ലെ കേരള വിദ്യാഭ്യാസ ചട്ടങ്ങള്‍ പ്രകാരം എയ്ഡഡ് സ്‌കൂളുകളില്‍ നിശ്ചിത വിദ്യാഭ്യാസ യോഗ്യതയുള്ളവരില്‍നിന്നും നിയമനം നടത്താനുള്ള പൂര്‍ണ അധികാരം മാനേജ്‌മെന്റിനാണ്. ഈ മേഖലയില്‍ വര്‍ഷങ്ങളായി നടന്നുവരുന്ന തട്ടിപ്പിനെക്കുറിച്ച് വേറൊരിടത്ത് വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്. 1972 മുതല്‍ എയ്ഡഡ് കോളേജുകളിലെ അധ്യാപക -അനധ്യാപക ജീവനക്കാരുടെ ശമ്പളം സര്‍ക്കാര്‍ കോളേജുകളിലെപ്പോലെ ഖജനാവില്‍നിന്നും നേരിട്ട് നല്‍കി തുടങ്ങി. 50 ശതമാനം തസ്തികകളില്‍ മെറിറ്റടിസ്ഥാനത്തില്‍ നിയമനം വേണം എന്നൊക്കെ ചട്ടങ്ങളുണ്ടെങ്കിലും ഫലത്തില്‍ മുഴുവന്‍ തസ്തികകളിലേക്കും മാനേജ്‌മെന്റുകള്‍ നിയമനം നടത്തും. ഇതിന് ഏറ്റവും വലിയ തെളിവ് എയ്ഡഡ് കോളേജുകളിലെ അധ്യാപകരുടെ സാമുദായിക പശ്ചാത്തലമാണ്. ഏത് സമുദായത്തിന്റെ കോളേജ് എടുത്താലും അധ്യാപകരില്‍ ബഹുഭൂരിപക്ഷവും കോളേജിന്റെ ഉടമസ്ഥരായ സമുദായത്തില്‍നിന്നായിരിക്കും. കേരളത്തിലെ എയ്ഡഡ് കോളേജുകളില്‍ 10 ശതമാനം എടുത്ത് ഒരു സാമ്പിള്‍ പഠനം ഈ ഗ്രന്ഥകാരന്‍ നടത്തിയതിന്റെ കണ്ടെത്തലുകളാണ് പട്ടിക 9.3-ല്‍ കൊടുത്തിട്ടുള്ളത്.
പട്ടിക 9.3 സൂചിപ്പിക്കുന്നത് ഹിന്ദുക്കളുടെയും മുസ്‌ലിംകളുടെയും കോളേജുകളെ അപേക്ഷിച്ച് ക്രിസ്ത്യാനികളുടെ കോളേജുകളാണ് അധ്യാപകരുടെ എണ്ണത്തില്‍ വലുത് എന്നാണ്. എല്ലാവരുടെ കോളേജുകളിലും സ്വന്തക്കാരാണ് കൂടുതല്‍.  തമ്മില്‍ ഭേദം മുസ്‌ലിംകളുടെ കോളേജുകളാണ്.  അവിടെ കുറേയെങ്കിലും ഹിന്ദുക്കളും ക്രിസ്ത്യാനികളും ഉള്ളത് മുസ്‌ലിംകളുടെ ഇടയിലെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ മൂലം ആകാനാണ് സാധ്യത.
എയ്ഡഡ് സ്ഥാപനങ്ങള്‍ വളരെ കുറച്ചേ ഉണ്ടായിരുന്നുള്ളൂവെങ്കില്‍ ശമ്പളത്തിലും പെന്‍ഷനിലുമുള്ള ഈ അന്തരം അത്ര വലിയ പ്രശ്‌നമാവുകയില്ലായിരുന്നു. എന്നാല്‍ സ്ഥിതി അതല്ല. പട്ടിക 9.4-ല്‍ എയ്ഡഡ് സ്ഥാപനങ്ങളിലേക്ക് ശമ്പളമായും പെന്‍ഷനായും ഒഴുകുന്ന പൊതുവിഭവങ്ങളുടെ കണക്ക് നല്‍കിയിട്ടുണ്ട്.
ഇതിനര്‍ഥം കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും കൂടുതല്‍ കോഴ്‌സുകളും നടത്തുന്ന സമുദായങ്ങള്‍ക്ക് ശമ്പളത്തിന്റെയും പെന്‍ഷന്റെയും കൂടുതല്‍ ഓഹരി പിടിച്ചുപറ്റാമെന്നാണ്. തിരുകൊച്ചിയിലെയും മലബാറിലെയും എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പട്ടിക 9.5-ല്‍ കൊടുത്തിരിക്കുന്നു.
പട്ടിക 9.5 സൂചിപ്പിക്കുന്നത് എയ്ഡഡ് സ്‌കൂളുകളുടെ കാര്യത്തില്‍ മലബാറും തിരുകൊച്ചിയും തമ്മില്‍ എടുത്തുപറയത്തക്ക വ്യത്യാസമില്ല എന്നാണ്. പക്ഷേ എയ്ഡഡ് കോളേജുകളുടെ കാര്യം വരുമ്പോള്‍ അമ്പരപ്പിക്കുന്ന വ്യത്യാസമാണ്. മൊത്തം എയ്ഡഡ് കോളേജുകളില്‍ 69.61 ശതമാനവും തിരുകൊച്ചിയിലാണ്. ഇതില്‍ ഭൂരിപക്ഷവും ക്രിസ്ത്യന്‍ സമുദായത്തിന്റേതാണ്. എയ്ഡഡ് കോളേജുകളിലെ യു.ജി.സി നിരക്കിലുള്ള ശമ്പളവും പെന്‍ഷനും തിരുകൊച്ചി മേഖലയിലെ സവര്‍ണ സമുദായങ്ങളിലേക്ക് പൊതുവിഭവങ്ങള്‍ കുത്തിയൊലിച്ചൊഴുകാന്‍ കാരണമാകുന്നുണ്ട്.
സവര്‍ണ സമുദായങ്ങള്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ക്രിസ്ത്യാനികളെയും ഹിന്ദുക്കളെയും ആണ് എന്ന് തെറ്റിദ്ധരിക്കരുത്. കാരണം, മുസ്‌ലിംകളില്‍നിന്നും വ്യത്യസ്തമായി ക്രിസ്ത്യാനികളും ഹിന്ദുക്കളും ഏകജാതീയമല്ല (Homogeneous). ക്രിസ്ത്യാനികളുടെ ഇടയില്‍ എണ്ണത്തിലും സാമ്പത്തിക ശേഷിയിലും മുന്നില്‍ നില്‍ക്കുന്ന വിഭാഗം സുറിയാനി ക്രിസ്ത്യാനികളാണ്. എയ്ഡഡ് സ്ഥാപനങ്ങളില്‍ ബഹുഭൂരിപക്ഷവും സുറിയാനി ക്രിസ്ത്യാനികളുടേതാണ്. ഹിന്ദുക്കളുടെ ഇടയില്‍ സവര്‍ണ വിഭാഗമായ നായന്മാര്‍ക്കും പിന്നാക്കക്കാരായ ഈഴവര്‍ക്കുമാണ് കൂടുതല്‍ എയ്ഡഡ് സ്ഥാപനങ്ങള്‍ ഉള്ളത്. മറ്റു ഹിന്ദു വിഭാഗങ്ങള്‍ക്ക് വിരലിലെണ്ണാവുന്ന എയ്ഡഡ് സ്ഥാപനങ്ങളേയുള്ളൂ.

പെന്‍ഷന്റെ ഒഴുക്ക്: സമുദായങ്ങള്‍ തമ്മിലുള്ള താരതമ്യം

കൂടുതല്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള സമുദായങ്ങള്‍ക്ക് കൂടുതല്‍ പൊതുവിഭവങ്ങള്‍ കൈപ്പിടിയിലൊതുക്കാന്‍ കഴിയുന്നു എന്ന് നാം കണ്ടുകഴിഞ്ഞു. മലബാറും തിരുകൊച്ചിയും തമ്മിലുള്ള വിടവിന് പ്രധാന കാരണവും ഇതുതന്നെ. ഇക്കാര്യത്തില്‍ കുറേക്കൂടി കണിശത വരുത്താന്‍ ശമ്പളത്തിന്റെയും പെന്‍ഷന്റെയും സമുദായാടിസ്ഥാനത്തിലുള്ള ഓഹരിയുടെ കണക്ക് വേണം. ഇതിനു വേണ്ടി വിവരാവകാശനിയമപ്രകാരം ധനകാര്യ വകുപ്പിനും ട്രഷറി വകുപ്പിനും അപേക്ഷ നല്‍കി. ധനകാര്യ വകുപ്പ് അത്തരം രേഖ ലഭ്യമല്ല എന്ന മറുപടി നല്‍കി. സര്‍ക്കാറിന്റെ 'സ്പാര്‍ക്ക്' എന്ന സോഫ്റ്റ്‌വെയറില്‍ ലഭ്യമാണ് എന്ന് അവരെ ബോധ്യപ്പെടുത്തിയപ്പോള്‍ നല്‍കാനാവില്ല എന്ന മറുപടിയാണ് ലഭിച്ചത്. വിവരാവകാശനിയമത്തിന്റെ പരിധിയില്‍ വരില്ല പോലും! ട്രഷറി വകുപ്പില്‍ 40,000 രൂപക്കു മേല്‍ പെന്‍ഷന്‍ വാങ്ങുന്നവരുടെ പേരുകള്‍ ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷക്ക് ഫലമുണ്ടായി. 22,645 പേരുടെ ലിസ്റ്റ് അവര്‍ ലഭ്യമാക്കി.
ഈ ലിസ്റ്റില്‍ പേര് മാത്രമേയുള്ളൂ, മതമോ വിലാസമോ ഇല്ല. പേരില്‍നിന്ന് മതം തിരിച്ചറിയുക എന്നത് മുസ്‌ലിംകളുടെ കാര്യത്തില്‍ 99 ശതമാനവും സാധ്യമാണ്. പക്ഷേ ക്രിസ്ത്യാനികളുടെയും ഹിന്ദുക്കളുടെയും കാര്യത്തില്‍ അങ്ങേയറ്റം ബുദ്ധിമുട്ടാണ്. ലീല, ജയ, ബേബി, ബീന, മോഹന്‍, ബാബു എന്നിങ്ങനെ നിരവധി നാമധാരികളില്‍ ക്രിസ്ത്യാനിയാണോ ഹിന്ദുവാണോ എന്ന് തിരിച്ചറിയാന്‍ പറ്റാത്ത നൂറുകണക്കിന് പെന്‍ഷന്‍കാരുണ്ട്. ഇവരുടെ കാര്യത്തില്‍ ക്രിസ്ത്യാനിയാണെന്ന് തെളിവില്ലാത്ത പേരുകളൊക്കെ ഹിന്ദു എന്ന് സങ്കല്‍പിച്ചാണ് പട്ടിക 9.6-ല്‍ ഉള്ള കണക്ക് തയാറാക്കിയിരിക്കുന്നത്. എന്നു പറഞ്ഞാല്‍ നിഷ്‌കൃഷ്ടമായ ഒരു പരിശോധനയില്‍ ക്രിസ്ത്യാനികളുടെ ശതമാനം ഒരുപക്ഷേ അര ശതമാനം മുതല്‍ ഒരു ശതമാനം വരെ കൂടാം.
പട്ടിക വളരെ വ്യക്തമായി എടുത്തുകാട്ടുന്ന ഒരു കാര്യം മുസ്‌ലിംകളുടെ കുറഞ്ഞ ശതമാനമാണ്. 2011-ലെ സെന്‍സസ് പ്രകാരം കേരള ജനസംഖ്യയില്‍ 26.56 ശതമാനം മുസ്‌ലിംകളാണ്. പക്ഷേ പെന്‍ഷനിലുള്ള ഓഹരി 8.02 ശതമാനം മാത്രം. ചരിത്രപരമായ കാരണങ്ങളാല്‍ വിദ്യാഭ്യാസപരമായി പിന്നാക്കം പോയ അവര്‍ക്ക് പൊതുവിഭവങ്ങളിലുള്ള പങ്ക് വര്‍ഷങ്ങളോളം കുറഞ്ഞുതന്നെയേ ഇരിക്കൂ. നേരെമറിച്ച് ക്രിസ്ത്യാനികളുടെ ജനസംഖ്യയിലെ ശതമാനം 18.4 ശതമാനമാണെങ്കിലും മൊത്തം പെന്‍ഷന്റെ 31.92 ശതമാനം കൈപ്പിടിയിലാക്കാന്‍ കഴിയുന്നു. 50,000 മുതല്‍ 60,000 രൂപ വരെ പെന്‍ഷന്‍ വാങ്ങുന്നവരുടെ കാര്യത്തില്‍ 34.14 ശതമാനം ക്രിസ്ത്യാനികളാണ്. ഇത് 37.69 ശതമാനമാണ് 60,000 മുതല്‍ 70,000 രൂപ വരെ പെന്‍ഷന്‍ വാങ്ങുന്നവരുടെ കാര്യത്തില്‍. ജനസംഖ്യയില്‍ 54.72 ശതമാനം വരുന്ന ഹിന്ദുക്കളുടെ കാര്യത്തില്‍ 60.06 ശതമാനമാണ് ഉയര്‍ന്ന പെന്‍ഷനുള്ളവരുടെ ശതമാനം.
എല്ലാം കൊണ്ടും നേട്ടമുള്ളത് ക്രിസ്ത്യാനികള്‍ക്കാണ്. വര്‍ഷങ്ങളോളം ഈ നേട്ടം അവര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുകയും ചെയ്യും. 40,000-നു മേല്‍ പെന്‍ഷന്‍ വാങ്ങുന്നവരുടെ കാര്യമല്ലേ ഇതെന്നുള്ള ചോദ്യം ഉണ്ട്. ശമ്പളക്കാരുടെയും പെന്‍ഷന്‍കാരുടെയും മുഴുവന്‍ കണക്ക് പരിശോധിച്ചാലും സംഗതി ഏറക്കുറെ ഇതൊക്കെ തന്നെയായിരിക്കും.
ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍
തിരുകൊച്ചിയെ അപേക്ഷിച്ച് മലബാറില്‍നിന്ന് കുറച്ച് പൊതുവിഭവങ്ങളേ സമാഹരിക്കാനാകുന്നുള്ളൂ എന്നും ഇതിനു കാരണം മദ്യത്തിലും ഭാഗ്യക്കുറിയിലും അമിതമായി ആശ്രയിക്കുന്ന സംസ്ഥാനത്തിന്റെ വരുമാന ഘടനയാണെന്നും മനസ്സിലാക്കാം. പക്ഷേ ഈ അസന്തുലിതാവസ്ഥയേക്കാള്‍ എത്രയോ കൂടുതലാണ് പൊതു ചെലവുകളിലെ അസന്തുലിതാവസ്ഥ. ഭാഷാ സംസ്ഥാനങ്ങളുടെ രൂപീകരണത്തിനു മുമ്പ് മദ്രാസ് സംസ്ഥാനത്തിന്റെ കീഴിലായിരുന്ന മലബാര്‍ തിരുകൊച്ചിയെ അപേക്ഷിച്ച് വളരെ പിന്നിലായിരുന്നു. കേരള സംസ്ഥാന രൂപീകരണത്തിനു ശേഷം മലബാറിന്റെ പിന്നാക്കാവസ്ഥ വളരെയധികം പരിഹരിക്കപ്പെട്ടു. എങ്കില്‍ പോലും മലബാറും തിരുകൊച്ചിയും തമ്മില്‍ മിക്ക വികസന സൂചികകളിലും അന്തരം നിലനിന്നിരുന്നു.
ഈ ഗ്രന്ഥകാരന്‍ നടത്തിയ പഠനത്തില്‍ കണ്ടത് 1980-കള്‍ക്കു ശേഷം മലബാറും തിരുകൊച്ചിയും തമ്മിലുള്ള വിടവ് ഭയങ്കരമാംവിധം വര്‍ധിച്ചുവെന്നാണ് (ഞാന്‍ മാതൃഭൂമി ദിനപത്രത്തില്‍ എഴുതിയ 'വികസനവും രാഷ്ട്രീയവും: പ്രാദേശികാസമത്വം കൂടുന്നു' (ജൂലൈ 2, 2012), 'മലബാറിന്റെ വികസനം: മാറേണ്ടത് രാഷ്ട്രീയാന്തരരീക്ഷം' (ജൂലൈ 3, 2012), 'തിരുകൊച്ചിയുടെ കുതിപ്പും മലബാറിന്റെ കിതപ്പും' (ജൂലൈ 27, 2012) എന്നീ ലേഖനങ്ങള്‍ കേരളത്തിലെ സി.പി.എമ്മുകാരെ കുറച്ചൊന്നുമല്ല അലോസരപ്പെടുത്തിയത്. ഡോ. തോമസ് ഐസക്കിന്റെ 'വിരുദ്ധന്മാരുടെ രണ്ടാം വരവ്' (ചിന്ത പബ്ലിഷേഴ്‌സ്, 2012) എന്ന പുസ്തകത്തിലെ മൂന്നും നാലും അധ്യായങ്ങള്‍ ഈ ലേഖനങ്ങളിലെ വാദങ്ങള്‍ ഖണ്ഡിക്കാനുള്ള പരിശ്രമമാണ്). ഗള്‍ഫ് പണത്തിന്റെ ഒഴുക്ക് ഒരു പരിധിവരെ ഇതിനെ മൂടിവെക്കുന്നുണ്ട്. ഗള്‍ഫ് കുടിയേറ്റക്കാരുടെ മടങ്ങിവരവ് ഇതിനെ കൂടുതല്‍ രൂക്ഷമാക്കാനാണ് സാധ്യത.
കേരളത്തിന്റെ വികസനത്തിന്റെ കേന്ദ്ര ബിന്ദുവായി കൊച്ചി മാറിയിരിക്കുകയാണിന്ന്. വരും വര്‍ഷങ്ങളില്‍ തിരുകൊച്ചിയും മലബാറും തമ്മിലുള്ള അന്തരം പതിന്മടങ്ങ് കണ്ട് വര്‍ധിക്കും. ഇത് സംസ്ഥാനത്തിന്റെ ഐക്യത്തെത്തന്നെ ബാധിക്കാനിടയുണ്ട്. ഭാഷാ സംസ്ഥാനങ്ങള്‍ വിഭജിക്കപ്പെടുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ആന്ധ്രപ്രദേശില്‍ സംഭവിച്ചത് കേരളത്തില്‍ സംഭവിക്കുകയില്ലെന്ന് ആരുകണ്ടു? ഐക്യകേരള പ്രസ്ഥാനക്കാരെ ഇതെത്ര കണ്ട് ദുഃഖത്തിലാഴ്ത്തും?
മലബാറിലേക്ക് കൂടുതല്‍ പൊതുവിഭവങ്ങള്‍ ഒഴുകിയെത്തത്തക്കവിധം ധനകാര്യം സമൂലം അഴിച്ചുപണിയുകയാണ് ഇതിനുള്ള പരിഹാരം. മലബാറില്‍നിന്നും കൂടുതല്‍ പൊതുവിഭവങ്ങള്‍ സമാഹരിക്കാനുള്ള ഒരു ഉപാധി കൂടിയാണ് കൂടുതല്‍ പൊതുവിഭവങ്ങള്‍ അവിടെ ചെലവിടുന്നത്. ഇത് മലബാര്‍ പ്രദേശങ്ങളിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങളെ ത്വരിതഗതിയിലാക്കി കൂടുതല്‍ പൊതുവിഭവങ്ങള്‍ സമാഹരിക്കാന്‍ സഹായിക്കും.
 

Your web browser doesn't have a PDF plugin. Instead you can click here to download the PDF file.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ 29-33
ടി.കെ ഉബൈദ്‌

ഹദീസ്‌

നേതാവിന്റെ അടുപ്പക്കാര്‍
പി.എ സൈനുദ്ദീന്‍