Click to view this issue
Wednesday, March 27, 2019
News Update
 

1433 ജമാദുല്‍ അവ്വല്‍ 1

2012 മാര്‍ച്ച്‌ 24

പുസ്തകം 68 ലക്കം 41

വാര്‍ത്തകള്‍ വിശേഷങ്ങള്‍

മൂസക്കുട്ടി വെട്ടിക്കാട്ടിരി‌

'നോ ഫ്ളൈ' ലിസ്റ് നിര്‍ത്തണമെന്ന് അമേരിക്കന്‍ മുസ്ലിംകള്‍

വിദേശ യാത്ര കഴിഞ്ഞ് തിരിച്ചെത്തുന്ന അമേരിക്കന്‍ മുസ്ലിംകളെ എയര്‍പോര്‍ട്ടില്‍ കടുത്ത പരിശോധനക്ക് വിധേയമാക്കുന്ന 'നോ ഫ്ളൈ' ലിസ്റ് നിര്‍ത്തിവെക്കണമെന്ന്...

 
 

'നോ ഫ്ളൈ' ലിസ്റ് നിര്‍ത്തണമെന്ന് അമേരിക്കന്‍ മുസ്ലിംകള്‍

 

 
വിദേശ യാത്ര കഴിഞ്ഞ് തിരിച്ചെത്തുന്ന അമേരിക്കന്‍ മുസ്ലിംകളെ എയര്‍പോര്‍ട്ടില്‍ കടുത്ത പരിശോധനക്ക് വിധേയമാക്കുന്ന 'നോ ഫ്ളൈ' ലിസ്റ് നിര്‍ത്തിവെക്കണമെന്ന് പോര്‍ട്ട്ലാന്റ് മുസ്ലിം നേതാക്കള്‍ ആവശ്യപ്പെട്ടു. സുരക്ഷവിഭാഗം മേധാവികളെ കണ്ട് തങ്ങള്‍ പരാതി നല്‍കിയതായും പോര്‍ട്ട്ലാന്റ് മുസ്ലിം നേതാക്കള്‍ പറഞ്ഞു. പ്രത്യേക പട്ടികയില്‍ ഉള്‍പ്പെടുത്തി വിമാനത്താവളങ്ങളില്‍ പരിശോധനക്ക് വിധേയമാക്കുന്നത് കടുത്ത മാനസിക പീഡനങ്ങള്‍ക്ക് കാരണമാകുമെന്നും അവര്‍ പറഞ്ഞു.
 
25 ഓളം വരുന്ന പോര്‍ട്ട്ലാന്റ് മുസ്ലിം നേതാക്കളാണ് ഫെഡറല്‍ ഉദ്യോഗസ്ഥരെ കണ്ട് പരാതി ഉന്നയിച്ചത്. ഇത്തരം ഒരു പട്ടിക അമേരിക്കന്‍ മുസ്ലിംകളെ അടിക്കാനുള്ള വടിയായി ഉപയോഗിക്കുന്നതായും മുസ്ലിം നേതാക്കള്‍ ആരോപിച്ചു. ജമാല്‍ തര്‍ഹൂനി, മുസ്ത്വഫ എലൂബി എന്ന രണ്ടു അമേരിക്കന്‍ ബിസിനസുകാരെ കഴിഞ്ഞ ജനുവരിയില്‍ ലിബിയയില്‍നിന്നും സ്വന്തം താമസ സ്ഥലമായ ഒറീഗണിലേക്ക് മടങ്ങിവരവെ വിമാനത്താവളത്തില്‍ തടഞ്ഞു വെച്ചിരുന്നു. ഇവര്‍ക്കെതിരെ ഒരു കുറ്റവും ചുമത്തിയിരുന്നില്ല. 30 വര്‍ഷത്തിലേറെയായി അമേരിക്കയില്‍ താമസിക്കുന്ന അമേരിക്കന്‍ പൌരന്മാരെ തടഞ്ഞുവെച്ചത് മുസ്ലിംകളില്‍ വന്‍ പ്രതിഷേധത്തിനു കാരണമായി.
 

 
ഇസ്രയേല്‍ ആക്രമണം:
 
ഗസ്സ വീണ്ടും കണ്ണീരൊഴുക്കുന്നു
 

 
ചെറിയ ഇടവേളക്ക് ശേഷം കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഫലസ്ത്വീനിലെ ഗസ്സ മുനമ്പില്‍ വീണ്ടും സയണിസ്റ് ക്രൂരതകള്‍. നിരായുധരും നിസ്സഹായരുമായ ഒരു ജനതയെ അതും സ്ത്രീകളെയും കുട്ടികളെയും കൊന്നൊടുക്കുന്നത് ലോകം പതിവുപോലെ നിഷ്ക്രിയരായി നോക്കി നിന്നു.
 
കഴിഞ്ഞ ഏതാനും നാളുകളിലായി 20 ലധികം ഫലസ്ത്വീനികളാണ് ഇസ്രയേലിന്റെ പൈലറ്റില്ലാ വിമാനാക്രമണത്തില്‍ രക്തസാക്ഷികളായത്. പുതിയ ആക്രമണം ഗസ്സ മുനമ്പിലെ ജീവിതം വീണ്ടും ദുസ്സഹമാക്കി. കൃഷിയും മീന്‍പിടുത്തവുമായി കഷ്ടിച്ച് ജീവിച്ചുപോരുന്ന ഗസ്സ നിവാസികള്‍ ഇതോടെ കൃഷിയിടങ്ങളിലേക്ക് പോകാനോ കടലിലിറങ്ങാനോ കഴിയാതെ ജീവിതം വഴിമുട്ടി നില്‍ക്കുകയാണ്. സ്കൂളുകളുടെയും കോളേജുകളുടെയും പ്രവര്‍ത്തനവും സ്തംഭിച്ചു. അതിര്‍ത്തിയിലേക്ക് ചെറുത്തുനില്‍പ് സേനയുടെ നുഴഞ്ഞുകയറ്റം തടയാനെന്ന വ്യാജേനയാണ് അന്താരാഷ്ട്ര സമൂഹം നോക്കിനില്‍ക്കെ ഇത്തരം ക്രൂരതകള്‍ അരങ്ങേറുന്നത്.
 

 
ഇറാന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍
 
നിജാദിന് തിരിച്ചടി
 

 

 
മാര്‍ച്ച് ആദ്യവാരം നടന്ന ഇറാന്‍ ഒന്നാം ഘട്ട പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് അഹ്മദി നിജാദിന് വന്‍ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. ഇറാനിയന്‍ പാര്‍ലമെന്റില്‍ (മജ്ലിസ് ശൂറ) ആകെയുള്ള 290 സീറ്റുകളില്‍ 75% സീറ്റുകളും വിപ്ളവ നേതാവ് (മുര്‍ഷിദ് അഅ്ലാ) ആയത്തുള്ള അലി ഖാംനഇയെ അനുകൂലിക്കുന്ന വിഭാഗം നേടിയതായി അഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് ഇറാനിലെ 'പ്രസ് ടി.വി' റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ 30 സീറ്റുകളിലേക്കുള്ള രണ്ടാം ഘട്ട തെരഞ്ഞെടുപ്പില്‍ ഫലം അഹ്മദി നിജാദിന് അനുകൂലമാകാനാണ് സാധ്യതയെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഏപ്രില്‍ മാസത്തിലായിരിക്കും രണ്ടാം ഘട്ട തെരഞ്ഞെടുപ്പ്.
 
ഇറാന്‍ തലസ്ഥാനമായ ടെഹ്റാനില്‍ ആകെയുള്ള 30 സീറ്റുകളില്‍ 19 സീറ്റുകളും നേടി ഖാംനഇയുടെ സഖ്യം വിജയിച്ചതായി 'റോയിട്ടേഴ്സ്' റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ടെഹ്റാനില്‍ പ്രസിഡന്റ് അഹ്മദി നിജാദിന് ഏറെക്കുറെ പൂര്‍ണ പിന്തുണ ലഭിച്ചിരുന്നു. നിജാദിനെ പിന്തുണച്ചിരുന്ന ഇറാനിലെ പ്രാന്ത പ്രദേശങ്ങളും ഇക്കുറി അദ്ദേഹത്തെ കൈവിട്ടു. ഖാംനഇക്കു പുറമെ മുന്‍ വിപ്ളവ ഗാര്‍ഡ് മേധാവിയും അഹ്മദി നിജാദിന്റെ വിമര്‍ശകനുമായ മുഹ്സിന്‍ റദാഇയുടെ 'പ്രതിരോധ സഖ്യ'വും ചില സീറ്റുകള്‍ നേടി. ഇറാന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ 'ഇര്‍ന' യുടെ റിപ്പോര്‍ട്ട് പ്രകാരം നിലവില്‍ കാലാവധി കഴിയുന്ന 100 പാര്‍ലമെന്റ് അംഗങ്ങള്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടുണ്ട്.
 
ഇറാനില്‍ സമ്പൂര്‍ണ രാഷ്ട്രീയ പാര്‍ട്ടികളില്ല, പകരം രാഷ്ട്രീയ രംഗത്തുള്ള വ്യക്തികളെ പിന്തുണക്കുന്ന വിവിധ സഖ്യങ്ങളാണ് മത്സരിക്കുന്നത്. ഖാംനഇയെ അനുകൂലിക്കുന്ന 'ഐക്യ മുന്നണി' നിജാദിന്റെ 'ഇസ്ലാമിക് റവല്യൂഷനറി സഖ്യ'ത്തേക്കാള്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ മുന്നിട്ടുനില്‍ക്കുകയാണ്. 2009ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ശേഷം തങ്ങളെ നിരന്തരം വേട്ടയാടുന്നുവെന്നാരോപിച്ച് പാര്‍ലമെന്റ് ഇലക്ഷന്‍ ബഹിഷ്കരിച്ച 'പരിഷ്കരണ വാദി'കള്‍ പാര്‍ലമെന്റില്‍ നിന്ന് പൂര്‍ണമായി നിഷ്കാസിതരാവുകയും ചെയ്തു. കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞാണ് കിടക്കുന്നതെങ്കിലും ഒരുകാര്യം ഉറപ്പാണ്. പാര്‍ലമെന്റിലെത്തിയ പുതുമുഖങ്ങളുടെ തീരുമാനങ്ങളായിരിക്കും ഇറാനിലെ ഭാവി രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിക്കുന്നത്.
 
ഇറാന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആരു മുന്നിട്ടുനില്‍ക്കുന്നുവെന്ന് കൃത്യമായി പറയാനാകില്ലെന്നാണ് 'ഫ്രാന്‍സ് പ്രസ് ഏജന്‍സി' പറയുന്നത്. കാരണം പുറത്തുവിടുന്ന തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ വിജയിച്ച വ്യക്തികളുടെ പേരുകള്‍ മാത്രമാണുള്ളത്, പാര്‍ട്ടികളുടെയോ സഖ്യങ്ങളുടെയോ പേരുവിവരങ്ങള്‍ ലഭ്യമല്ല. തെരഞ്ഞെടുപ്പില്‍ വിജയിച്ചവരില്‍ പകുതിയോളം സ്വതന്ത്ര സ്ഥാനാര്‍ഥികളാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇവര്‍ ആരെ പിന്തുണക്കുമെന്ന് വ്യക്തമല്ല. ആകെയുള്ള 48 ദശലക്ഷം വോട്ടര്‍മാരില്‍ 30 ദശലക്ഷം പേര്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തതായാണ് കണക്കുകള്‍. 64% പേര്‍ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുത്തത് തന്നെ വന്‍വിജയമായാണ് ഭരണകൂടം കാണുന്നത്. 'ഓരോ വോട്ടും ശത്രുവിന്റെ മുഖത്തടി'യാണെന്നാണ് ഇറാനിയന്‍ ലോജിക്ക്. കാരണം അത് ഇറാനിയന്‍ ഇസ്ലാമിക് റിപ്പബ്ളിക്കിനുള്ള ജനതയുടെ അംഗീകാരമാണ്. വോട്ട് ആരുടെ പെട്ടിയില്‍ വീഴുന്നുവെന്നത് അവിടെ പ്രശ്നമല്ല. എന്തായാലും രണ്ടാംഘട്ട തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ പ്രസിഡന്റ് അഹ്മദി നിജാദിന്റെ ഭാവി എന്താകുമെന്ന് പറയാനാവൂ. ഒന്നാംഘട്ട തെരഞ്ഞെടുപ്പില്‍ പ്രസിഡന്റിന് ഭൂരിപക്ഷം നഷ്ടപ്പെട്ടതായി ഉന്നതാധികാരിക്ക് (മുര്‍ഷിദ് അഅ്ലാ) ബോധ്യമായാല്‍ പിരിച്ചുവിട്ട് പുതിയ പ്രസിഡന്റിനെ നിയമിക്കാന്‍ അധികാരമുണ്ട്.
 
നിജാദിനെതിരെ തെരഞ്ഞെടുപ്പ് പ്രചാരണവേളകളില്‍ മുഖ്യ എതിരാളിയും മത മേലധ്യക്ഷനുമായ ആയത്തുള്ള അലി ഖാംനഇ യാതൊരാക്ഷേപവും ഉന്നയിച്ചിരുന്നില്ല. നിജാദിന്റെ മന്ത്രിമാരെയും അദ്ദേഹത്തെ ചുറ്റിപ്പറ്റിനില്‍ക്കുന്നവരെയുമാണ് ഖാംനഇ കടന്നാക്രമിച്ചത്. അമേരിക്കയെയും മറ്റു സാമ്രാജ്യത്വ ശക്തികളെയും നിശിതമായി ഏതിര്‍ത്തുപോരുന്ന 'നിജാദിയന്‍ രാഷ്ട്രീയ'ത്തെ തൊട്ടുകളിച്ചാല്‍ ഇറാനിയന്‍ ജനത പൊറുക്കില്ല എന്ന തിരിച്ചറിവാകാം അതിന് കാരണം.
 

 

 
അഫ്ഗാനിസ്താനില്‍ അമേരിക്കന്‍ സൈനികന്റെ മനുഷ്യക്കുരുതി
 

 
അഫ്ഗാനിസ്താനില്‍ സാധാരക്കാരായ 16 പേരെ യാതൊരു പ്രകോപനവും കൂടാതെ വെടിവെച്ചുകൊന്നതിന് ഒരു അമേരിക്കന്‍ സൈനികനെ അറസ്റ് ചെയ്തതായി അഫ്ഗാനിലെ 'നാറ്റോ' സൈന്യത്തെ നയിക്കുന്ന അന്താരാഷ്ട്ര സുരക്ഷാ സഹായ സേനയായ 'ഇസാഫി'നെ (കിലൃിേമശീിേമഹ ടലരൌൃശ്യേ അശൈമിെേരല എീൃരലകടഅഎ) ഉദ്ധരിച്ച് വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. കൂട്ടക്കുരുതിക്കിരയായവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. ദക്ഷിണ കന്തഹാര്‍ മേഖലയിലാണ് മനുഷ്യത്വത്തെ നടുക്കിയ കൂട്ടക്കുരുതി നടന്നത്. സംഭവത്തിനു ശേഷം പതിവുപോലെ 'ഇസാഫ്' വക്താവ് കാപ്റ്റന്‍ ജസ്റിന്‍ സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുവരികയാണെന്ന് പറഞ്ഞു. 'ഇസാഫ്' സുരക്ഷാവിഭാഗം മേധാവി സംഭവത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോട് അതിയായ അനുകമ്പ അറിയിച്ചു. അതോടൊപ്പം സംഭവത്തെക്കുറിച്ച് അഫ്ഗാന്‍ സേനയുമായി ചേര്‍ന്ന് സമഗ്ര അന്വേഷണം നടത്തുമെന്നും പറഞ്ഞിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ പതിവു ഖേദപ്രകടനവും വന്നു. അഫ്ഗാന്‍ പ്രസിഡന്റ് കര്‍സായിയെ നേരിട്ട് വിളിച്ചാണ് ഒബാമ ഖേദം രേഖപ്പെടുത്തിയത്. അമേരിക്കന്‍ സൈനികന്‍ അലക്ഷ്യമായി നിറയൊഴിച്ചതില്‍ ചുരുങ്ങിയത് 16 പേരെങ്കിലും മരിച്ചതായി ഖന്തഹാര്‍ ഭരണാധികാരിയും അറിയിച്ചു. സംഭവത്തെ അഫ്ഗാന്‍ പ്രസിഡന്റ് കര്‍സായി ശക്തമായി അപലപിച്ചു. കൊലപാതകം മാപ്പര്‍ഹിക്കാത്തതാണെന്നും 'നാറ്റോ' വിശദീകരണം നല്‍കണമെന്നും കര്‍സായി ആവശ്യപ്പെട്ടു.
 
എന്നാല്‍ അമേരിക്കന്‍ സൈനികന്‍ വീടുകളില്‍ കയറിയിറങ്ങി വെടിവെച്ചുകൊന്നത് 50 ലേറെ പേരെയാണെന്നും കൊലക്ക് പ്രതികാരം ചെയ്യുമെന്നും താലിബാന്‍ വക്താക്കള്‍ പറഞ്ഞു. കഴിഞ്ഞ മാസം നടന്ന ഖുര്‍ആന്‍ കത്തിക്കല്‍ സംഭവവുമായി ബന്ധപ്പെട്ട പ്രതിഷേധ പ്രകടനങ്ങളില്‍ 30 ഓളം അഫ്ഗാനികളും 6 അമേരിക്കന്‍ സൈനികരും കൊല്ലപ്പെട്ടിരുന്നു. അതുമായി ബന്ധപ്പെട്ട രക്തച്ചൊരിച്ചിലുകള്‍ അവസാനിച്ചുകൊണ്ടിരിക്കെയാണ് എരിതീയില്‍ എണ്ണയൊഴിച്ചു കൊണ്ടുള്ള അമേരിക്കന്‍ സൈനികന്റെ കൂട്ടക്കുരുതി.
 

 

 
ലിബിയയില്‍ 'കളിച്ചു' തുടങ്ങി
 
ഖദ്ദാഫിയെ നിഷ്കാസനം ചെയ്ത ലിബിയന്‍ ജനകീയ വിപ്ളവത്തിന് ശേഷവും അമേരിക്കന്‍-നാറ്റോ സേനകള്‍ രാജ്യത്ത് തങ്ങുന്നതിന്റെ ഫലം കണ്ടുതുടങ്ങി. ലിബിയയുടെ എണ്ണ സമ്പന്ന പ്രദേശമായ ബര്‍ക്കയിലെ ഗോത്ര പ്രഭുക്കളെയും മറ്റും കൂട്ടുപിടിച്ച് ബര്‍ക്കയെ സ്വതന്ത്രാധികാര മേഖലയാക്കി പ്രഖ്യാപിച്ചു. ട്രിപ്പോളിയെ തലസ്ഥാനമായി അംഗീകരിക്കാത്ത സ്വതന്ത്ര മേഖലയാക്കിയിരിക്കുകയാണ് ബര്‍ക്കയെ. വിപ്ളവകാലത്ത് രൂക്ഷമായ ഏറ്റുമുട്ടല്‍ നടന്ന 'ബിന്‍ഗാസി'യായിരിക്കും പുതിയ സ്വയംഭരണ പ്രദേശത്തിന്റെ ആസ്ഥാനം. വിപ്ളവം നയിച്ചിരുന്ന 'ദേശീയ പരിവര്‍ത്തന സമിതി'യിലെ (ചഠഇ) അംഗമായ അഹ്മദ് അല്‍സുബൈര്‍ അഹ്മദാണ് മേഖലയുടെ ഭരണവിഭാഗം തലവന്‍. സ്വയംഭരണ പ്രദേശ രൂപവത്കരണത്തോടനുബന്ധിച്ച് ബിന്‍ഗാസിയില്‍ നടന്ന ചടങ്ങില്‍ അനേകം ഗോത്രവര്‍ഗ നേതാക്കളും സൈനിക ജനറലുകളും പങ്കെടുത്തു.
 
എന്നാല്‍, വിഭജന പ്രഖ്യാപനം അംഗീകരിക്കാനാവില്ലെന്നും ലിബിയന്‍ ജനത കൂടുതല്‍ ഐക്യപ്പെടേണ്ട സമയമാണിതെന്നും 'ദേശിയ പരിവര്‍ത്തന സമിതി' അധ്യക്ഷന്‍ മുസ്ത്വഫ അബ്ദുല്‍ ജലീല്‍ പറഞ്ഞു. വേണ്ടിവന്നാല്‍ ശക്തി ഉപയോഗിച്ചും ബന്ധപ്പെട്ടവരെ ഇത്തരം നീക്കങ്ങളില്‍നിന്ന് പിന്തിരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചില അറബ് നാടുകള്‍ ഇത്തരം ഛിദ്രശക്തികള്‍ക്ക് സഹായം നല്‍കിവരുന്നതായി മുസ്ത്വഫ അബ്ദുല്‍ ജലീല്‍ ആരോപിച്ചു.
 
വിഭജനത്തിനെതിരെ ബിന്‍ഗാസിയടക്കം ലിബിയയുടെ വിവിധ പ്രദേശങ്ങളില്‍ പ്രകടനങ്ങള്‍ നടന്നു. 'ലിബിയന്‍ ഐക്യം കാത്തുസൂക്ഷിക്കുക', 'വിഭജനം അനുവദിക്കില്ല' തുടങ്ങിയ ബാനറുകളേന്തിയായിരുന്നു പ്രകടനക്കാര്‍ അണിനിരന്നത്. വിപ്ളവം വിജയിക്കുകയും ഖദ്ദാഫി ഭരണം അവസാനിക്കുകയും ചെയ്ത ശേഷം ജനകീയ സര്‍ക്കാര്‍ നിലവില്‍ വരാനിരിക്കെ നടക്കുന്ന വിഭജന നീക്കങ്ങള്‍ നേരത്തെ ആസൂത്രണം ചെയ്ത നാടകത്തിന്റെ ഭാഗം തന്നെയാണ്. രാജ്യം ആഭ്യന്തര കലാപത്തിലേക്ക് നീങ്ങാനുള്ള സൂചന നല്‍കുന്ന സംഭവങ്ങള്‍ ലിബിയയിലെ ജനാധിപത്യ വിശ്വാസികളില്‍ അങ്കലാപ്പുണ്ടാക്കിയിട്ടുണ്ട്.
 

 
നൈജീരിയയിലെ
 
രക്തച്ചൊരിച്ചിലിനു പിന്നില്‍
 

 
ആഫ്രിക്കയിലെ എറ്റവും വലിയ മുസ്ലിം രാജ്യമായ നൈജീരിയയില്‍ കഴിഞ്ഞ നാലുമാസമായി തുടരുന്ന രക്തച്ചൊരിച്ചില്‍ അടങ്ങുന്ന ലക്ഷണമില്ല. നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന കൊലപാതകങ്ങള്‍ രാജ്യത്തെ നിയമ വ്യവസ്ഥയെതന്നെ തകര്‍ത്തിരിക്കുകയാണ്. നൈജീരിയയിലെ 'ബോക്കൊ ഹറാം' എന്ന പ്രമുഖ തീവ്രവാദ ഗ്രൂപ്പാണ് അക്രമങ്ങള്‍ തുടങ്ങിവെച്ചതെങ്കിലും സംഘട്ടനം വിവിധ പ്രാദേശിക ഗോത്ര വിഭാഗങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. ആഫ്രിക്കയിലെ ഏറ്റവും വലിയ എണ്ണ സമ്പത്തുളള രാജ്യം കൂടിയായ നൈജീരിയയില്‍ ബോധപൂര്‍വമുള്ള വിദേശ ഇടപെടലുകള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പല പ്രദേശങ്ങളിലും മുസ്ലിം, ക്രിസ്തീയ വിഭാഗങ്ങള്‍ പരസ്പരം ഏറ്റുമുട്ടുന്നുണ്ട്. രാജ്യം ആഭ്യന്തര യുദ്ധത്തിലേക്ക് നീങ്ങുമോ എന്ന ഭീതി നിലനില്‍ക്കുന്നു.
 
15 കോടിയിലേറെ വരുന്ന നൈജീരിയയിലെ ജനസംഖ്യയുടെ പകുതിയിലധികം മുസ്ലിംകളാണ്. ബാക്കി ഇതര മത ഗോത്ര വിഭാഗങ്ങളും. എന്നാല്‍ വിദേശ ശക്തികളുടെ ആസൂത്രിതമായ നീക്കവും മുസ്ലിം രാജ്യങ്ങളുടെ അവഗണനയും കാര്യമാകെ മാറ്റിമറിച്ചതായി നൈജീരിയയിലെ മുസ്ലിംകള്‍ ആരോപിക്കുന്നു. നൈജീരിയന്‍ പ്രസിഡന്റിന്റെ സഹായത്തേടെ രാജ്യത്തെ സൈനിക, ഭരണ രംഗങ്ങളിലെ തന്ത്രപ്രധാനമായ മേഖലകളെല്ലാം മുസ്ലിമേതര വിഭാഗങ്ങള്‍ കൈയടക്കിക്കഴിഞ്ഞു. വിദേശ ഫണ്ടുപയോഗിച്ച് ക്രിസ്ത്യന്‍ മിഷനറി പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് ശക്തമായി നടക്കുന്നതായി ആരോപണങ്ങളുണ്ട്. നിലവില്‍ 90 ഓളം വിവിധ ക്രിസ്ത്യന്‍ മിഷനറി സംഘങ്ങള്‍ നൈജീരിയയില്‍ സ്വതന്ത്രമായി പ്രവര്‍ത്തിച്ചുവരുന്നതായി കുവൈത്തില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന അല്‍-മുജ്തമഅ് വാരിക റിപ്പോര്‍ട്ട് ചെയ്തു.
 

 
ഇറാഖില്‍ അമേരിക്ക 'ജനാധിപത്യം' കൊണ്ടുവന്ന വിധം
 

 
ഇറാഖില്‍ സദ്ദാം ഹുസൈന്‍ അടിച്ചേല്‍പിച്ച ഏകാധിപത്യം അവസാനിപ്പിക്കാന്‍ 'അറബ് വിപ്ളവ' ത്തിന് കാത്തുനില്‍ക്കാനായില്ലെന്നത് അന്നാട്ടിലെ ജനങ്ങളുടെ നിര്‍ഭാഗ്യം. അമേരിക്ക ജനാധിപത്യം കൊണ്ടുവരാമെന്നു വാഗ്ദാനം നല്‍കിയപ്പോള്‍ ഇത്ര 'ഭീകര'മാണ് വരാന്‍ പോകുന്ന ജനാധിപത്യമെന്ന് ഇറാഖികള്‍ കരുതിക്കാണില്ല. ജനാധിപത്യാനന്തരം ഭരണത്തിലെത്തിയവരാകട്ടെ ഇറാഖികളെക്കുറിച്ച് കാര്യമായൊന്നും അറിയാത്തവരും. ആകെക്കൂടി എണ്ണ സമ്പന്ന ഇറാഖിലിപ്പോള്‍ നടക്കുന്നത് പരസ്പരം പോരടിച്ചു കഴിയുന്ന 'ഗ്രൂപ്പു'കളുടെ മനുഷ്യക്കുരുതി മാത്രം.
 
ഇസ്ലാമിന്റെ അതി സമ്പന്നമായ പൈതൃകം പേറി തലയുയര്‍ത്തിനിന്ന എണ്ണ സമ്പുഷ്ടമായ ഒരു അറബ് രാജ്യത്ത് വിദേശശക്തികള്‍ ജനാധിപത്യം കൊണ്ടുവന്ന വിധമാണ് ഇതോടൊപ്പമുള്ള ചിത്രം. ബഗ്ദാദിനടുത്ത് കൂട്ടിയിട്ട കുപ്പയില്‍ ഉപയോഗിക്കാന്‍ പറ്റുന്ന വല്ലതുമുണ്ടോയെന്ന് തെരയുന്ന സ്ത്രീകളുടെ ഈ ദയനീയ ചിത്രം ലണ്ടനില്‍നിന്നിറങ്ങുന്ന അല്‍ഹയാത്ത് പത്രം പ്രസിദ്ധീകരിച്ചതാണ്. ഇറാഖിലെ എണ്ണ സമ്പത്തിന്റെ അവകാശികള്‍ ഇവരും കൂടിയാണെന്നോര്‍ക്കുക.
 

 
സിംഗപ്പൂരില്‍ ഇസ്ലാമിക
 
വിദ്യാഭ്യാസത്തിന് വഖ്ഫ് ഫണ്ട്
 

 
സിംഗപ്പൂര്‍ സര്‍ക്കാര്‍ ഇസ്ലാമിക വിദ്യാഭ്യാസം പ്രോല്‍സാഹിപ്പിക്കുന്നതിന് പുതിയ വഖ്ഫ് ഫണ്ട് രൂപവത്കരിക്കുമെന്ന് ഇസ്ലാമിക കാര്യ സഹമന്ത്രി യാഖൂബ് ഇബ്ഖാഹീമിനെ ഉദ്ധരിച്ച് ദ സ്ട്രൈറ്റ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. പുതിയ സംവിധാനം രാജ്യത്ത് ഇസ്ലാമിക വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താനും സമൂഹത്തില്‍ ധാര്‍മിക ചിന്ത വളര്‍ത്താനും ഉപകരിക്കുമെന്ന് മന്ത്രി പാര്‍ലമെന്റിനെ അറിയിച്ചു. സിംഗപ്പൂരിലെ ഇസ്ലാമിക് റിലീജ്യസ് കൌണ്‍സിലാണ് 30 ലക്ഷം ഡോളറിന്റെ ഫണ്ട് സ്വരൂപിക്കുന്നത്. ഇസ്ലാമിക വിദ്യഭ്യാസ രംഗത്താണ് തുക ചെലവഴിക്കുക. സിംഗപ്പൂരില്‍ ഇസ്ലാമിക് റിലീജ്യസ് കൌണ്‍സില്‍ 250 ദശലക്ഷം ഡോളര്‍ മതിപ്പുവിലയുള്ള 200 ഓളം വഖ്ഫ് സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നുണ്ട്. സിംഗപ്പൂരിലെ 5 ലക്ഷത്തോളം വരുന്ന മുസ്ലിംകളുടെ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നത് ഇസ്ലാമിക് റിലീജ്യസ് കൌണ്‍സിലാണ്. മൊത്തം ജനസജഖ്യയുടെ 15 ശതമാനമാണ് സിംഗപ്പൂര്‍ മുസ്ലിംകള്‍.
 

 
വിദ്യാര്‍ഥികളുടെ 'സോളിഡാരിറ്റി' മോഡല്‍ ജനസേവനം
 

 
ഇസ്ലാമിന്റെ ജനസേവന മുഖം പ്രയോഗവത്കരിക്കുന്നതിന്റെ ഭാഗമായി അമേരിക്കയിലെ ജോര്‍ജ്ടൌണ്‍ യൂനിവേഴ്സിറ്റി മുസ്ലിം വിദ്യാര്‍ഥികള്‍ വിര്‍ജീനിയന്‍ നിവാസികളായ അമേരിക്കന്‍ പൌരന്മാര്‍ക്ക് കേരളത്തിലെ 'സോളിഡാരിറ്റി' മോഡല്‍ ഭവന നിര്‍മാണ പദ്ധിയുമായി രംഗത്തെത്തി. ഇസ്ലാമിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ യഥാര്‍ഥ മുഖം അനാവരണം ചെയ്യാനുള്ള മാര്‍ഗമാരായുന്നതിനിടയിലാണ് ഇത്തരം ഒരാശയം വിദ്യാര്‍ഥികള്‍ രൂപപ്പെടുത്തിയതെന്ന് ജോര്‍ജ്ടൌണ്‍ ഇമാം യഹ്യ അല്‍ഹിന്ദി പറഞ്ഞു. അമേരിക്കന്‍ സമൂഹത്തില്‍ തികച്ചും വേറിട്ട കാഴ്ചയാണിതെന്നും അദ്ദേഹം പറഞ്ഞു. യുവാക്കളുടെ സേവന സന്നദ്ധത പ്രശംസനീയവും അനുകരണീയവുമാണെന്ന് വളണ്ടിയര്‍ കോ-ഓര്‍ഡിനേറ്റര്‍ ഗ്വിന്‍ മൈല്‍സ് പറഞ്ഞു.
 
അമേരിക്കന്‍ മുസ്ലിം വിദ്യാര്‍ഥികളുടെ പുതിയ സേവന രീതി വിര്‍ജീനിയന്‍ സമൂഹത്തിന്റെ ആദരവ് പിടിച്ചുപറ്റിയതായി പ്രാദേശിക വാര്‍ത്താ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കന്‍ പൊതു സമൂഹത്തില്‍ ഇസ്ലാമിന്റെ പ്രതിഛായ മെച്ചപ്പെടുത്താന്‍ ഇത്തരം സേവന പ്രവര്‍ത്തനങ്ങള്‍ക്കാകുമെന്നാണ് പ്രാദേശിക മുസ്ലിം കൂട്ടായ്മകള്‍ കരുതുന്നത്.