Click to view this issue
Saturday, April 20, 2019
News Update
 

1433 റബീഉല്‍ ആഖിര്‍ 10

2012 മാര്‍ച്ച്‌ 3

പുസ്തകം 68 ലക്കം 38

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വഴിയും വര്‍ത്തമാനവും-2

കാഴ്ചപ്പാട് - സദ്‌റുദ്ദീന്‍ വാഴക്കാട് ‌

സകാത്തിന്റെ സംഘടിത-ശേഖരണ വിതരണമാണ് 'സമസ്ത'യുടെ നേതൃതലത്തില്‍ നടക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക-സാമ്പത്തിക സംരംഭം. മഹല്ല് ഖാദിമാരുടെ നേതൃത്വത്തിലുള്ള സക്കാത്തിന്റെ സംഘടിത വിതരണത്തിന് അനുകൂലമായ ചര്‍ച്ചകള്‍...
 
 

രുപതാം നൂറ്റാണ്ടില്‍ അലയടിച്ച ഇസ്‌ലാമിക നവോത്ഥാന മൂല്യങ്ങള്‍ മുസ്‌ലിം സമൂഹത്തെയും സംഘടനകളെയും പലതരത്തിലും സ്വാധീനിച്ചിട്ടുണ്ട്. നവോത്ഥാന പ്രസ്ഥാനങ്ങളോട് ചേര്‍ന്നുനില്‍ക്കാത്തവരിലും, എതിര്‍പ്പുകള്‍ പ്രകടിപ്പിക്കുന്നവരിലും വരെ ഈ സ്വാധീനം ഒരു യാഥാര്‍ത്ഥ്യമാണ്; 'സമസ്ത'യും ഇതില്‍ നിന്ന് മുക്തമല്ല. സംഘടനാപരമായ കാരണങ്ങളാല്‍ നിഷേധിക്കേണ്ടി വന്നാലും നവോത്ഥാനത്തിന്റെ ബൗദ്ധികസ്വാധീനം ചരിത്രപരമായ സത്യമാണ്. സാഹിത്യരചന, മാധ്യമ പ്രവര്‍ത്തനം, സംഘടനാസംവിധാനം, ഏറ്റെടുക്കുന്ന വിഷയങ്ങള്‍ തുടങ്ങിയവയിലെല്ലാം ഇത് കാണാം. എന്നാല്‍ വിദ്യാഭ്യാസ മേഖലയിലാണ് നവോത്ഥാന മൂല്യങ്ങള്‍ ഏറ്റവുമധികം ഇടപെടലുകള്‍ നടത്തിയിട്ടുള്ളത്. 'സമസ്ത'യുടെ നേതൃത്വത്തില്‍ ഉണ്ടായ വിദ്യാഭ്യാസ വളര്‍ച്ചയില്‍ ഇത് പ്രകടമാണ്.

 

 
വിദ്യാഭ്യാസ രംഗത്തെ ഉണര്‍വ്
 
ഇന്നലെകളോട് തുലനം ചെയ്യുമ്പോള്‍, ആശാവഹമായ വളര്‍ച്ചയാണ് ഉന്നത ദീനീപഠനരംഗത്തും ഭൗതികവിദ്യാഭ്യാസമേഖലയിലും സമീപകാലത്ത് 'സമസ്ത' കൈവരിച്ചിട്ടുള്ളത്. 'സമസ്ത'യുടെ നേട്ടങ്ങളില്‍ പ്രധാനവും ഇതുതന്നെ. ദാറുല്‍ഹുദാ ഇസ്‌ലാമിക് യുനിവേഴ്‌സിറ്റിയും, സി.ഐ.സി (കോ-ഓര്‍ഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളേജസ്)യുടെ ആഭിമുഖ്യത്തിലുള്ള 'വാഫി'കോഴ്‌സും വിപുലമായ മദ്‌റസാ സംവിധാനവും ഇത് അടയാളപ്പെടുത്തുന്നുണ്ട്.
 
അടിസ്ഥാന മതവിദ്യാഭ്യാസ മേഖലയില്‍ മദ്‌റസകളുടെ നടത്തിപ്പിന് വ്യവസ്ഥാപിതത്വവും വൈപുല്യവുമുണ്ടാക്കിയതാണ് ഈ രംഗത്ത് 'സമസ്ത'യുടെ പ്രഥമ കാല്‍വെപ്പ്. മദ്‌റസകളിലെ ഏകീകൃത സിലബസിനെക്കുറിച്ച് നേരത്തെ തന്നെ 'സമസ്ത' ചര്‍ച്ച ആരംഭിച്ചിരുന്നു. 1945-ല്‍ കേരളത്തിലുടനീളം മദ്‌റസകള്‍ സ്ഥാപിക്കാനും സ്‌കൂള്‍ പഠനത്തോടൊപ്പം പത്താം ക്ലാസ് വരെ ദീനീ വിദ്യാഭ്യാസത്തിന് സൗകര്യമൊരുക്കാനും 'സമസ്ത'ക്കു മുമ്പില്‍ നിര്‍ദേശം വന്നു. 1951-ല്‍ 'സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡി'ന് രൂപം നല്‍കി. ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളിലൂടെ മദ്‌റസാ സംവിധാനം ക്രമപ്രവൃദ്ധമായ വളര്‍ച്ച നേടി. 1956-ല്‍മദ്‌റസകളുടെ എണ്ണം 149-ആയിരുന്നെങ്കില്‍ 2012-ല്‍ എത്തുമ്പോള്‍ അത് 9000-ലധികമായി വര്‍ധിച്ചിട്ടുണ്ട്. പ്ലസ് ടു വരെ മദ്‌റസാ ക്ലാസുകള്‍ നടത്തുന്നവയും അവയിലുണ്ട്. കേരളത്തിനു പുറമെ അന്തമാന്‍, ലക്ഷദ്വീപ്, പോണ്ടിച്ചേരി, തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലും മലേഷ്യ, യു.എ.ഇ, ബഹ്‌റൈന്‍, കുവൈറ്റ്, സുഊദി അറേബ്യ, ഖത്തര്‍, ഒമാന്‍, തുടങ്ങിയ രാജ്യങ്ങളിലുമായി ഇവ വ്യാപിച്ചു കിടക്കുന്നു. 1108610 വിദ്യാര്‍ഥികള്‍ ഇവയില്‍ പഠിക്കുന്നു. കേന്ദ്രീകൃത സിലബസ്, അറബി, അറബിമലയാളം, അറബിത്തമിഴ്, ഇംഗ്ലീഷ്, ഉര്‍ദു'ഭാഷകളിലുള്ള ടെക്സ്റ്റ് പുസ്തകങ്ങള്‍, 130ഓളം ബുക് ഡിപ്പോകള്‍, പൊതുപരീക്ഷകള്‍, കേന്ദ്രീകൃത മൂല്യനിര്‍ണയം, അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു തലങ്ങളില്‍ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ മദ്‌റസാനടത്തിപ്പിനെ കാര്യക്ഷമമാക്കുന്നു. മുഅല്ലിം സര്‍വീസ് രജിസ്റ്റര്‍ ചെയ്ത 84216 അധ്യാപകരും, മദ്‌റസകളുടെ 'ഭൗതിക സാഹചര്യങ്ങളും പഠന നിലവാരവും പരിശോധിക്കാന്‍ നൂറിലേറെ 'മുഫത്തിശുമാരും അധ്യാപന പരിശീലനം നല്‍കാന്‍ 7 പരിശീലകരും, അധ്യാപകര്‍ക്ക് ഖുര്‍ആന്‍ പാരായണത്തില്‍ പരിശീലനം നല്‍കാന്‍ 6 ഖാരിഉകളും 'സമസ്ത'ക്കുകീഴില്‍ സേവനമനുഷ്ടിക്കുന്നുണ്ട്. മികച്ച അധ്യാപകര്‍ക്ക് മാനുമുസ്‌ലിയാര്‍ സ്മാരക മാതൃകാ അധ്യാപക അവാര്‍ഡ് നല്‍കുന്നു. നിശ്ചിതകാലയളവ് പൂര്‍ത്തിയാക്കി വിരമിക്കുന്ന അധ്യാപകര്‍ക്ക് മാസാന്ത പെന്‍ഷന്‍ നല്‍കുന്ന സംവിധാനവും എടുത്തു പറയേണ്ടതാണ്.
 
എന്നാല്‍, കര്‍മശാസ്ത്ര കേന്ദീകൃതമായ മതപഠനരീതി സംസ്‌കരണ പ്രധാനമാകാത്തതിന്റെ പ്രയാസങ്ങള്‍ മുസ്‌ലിം സമൂഹം അനുഭവിക്കുന്നുണ്ട്. ഖുര്‍ആന്‍ ഓതിപഠിക്കുകയും, നിയമങ്ങള്‍ ചൊല്ലിപഠിക്കുകയും ചെയ്യുന്നതിനപ്പുറം അവയുടെ ചൈതന്യം വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നുകൊടുക്കുന്നതിലും തുടര്‍ ജീവിതം ദീനീനിഷ്ഠയുള്ളതാകും വിധം തസ്‌കിയത്തിന് ഊന്നല്‍ നല്‍കുന്നതിലും മദ്‌റസാ സംവിധാനം ഇനിയും ഏറെ മുന്നോട്ടുപോകേണ്ടതുണ്ട്. ഏറ്റവും വലിയ മദ്‌റസാ ശൃംഖലയെന്നനിലക്ക്'സമസ്തക്ക് ഇതിലുള്ള ഉത്തരവാദിത്തം ഭാരിച്ചതാണ്.
 
മധ്യകാല ഫിഖ്ഹ്-മന്‍ത്വിഖ് കിതാബുകളിലും ഭാഷാബന്ധിതമല്ലാത്ത അറബി വ്യാകരണത്തിലും പരിമിതവും പുറം ലോകത്തേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടതുമായിരുന്നു പൊതുവെ കേരളത്തിലെ പാരമ്പര്യമതവിദ്യാഭ്യാസ സമ്പ്രദായം. 'ഭൗതിക വിദ്യാഭ്യാസം ആ മേഖലയില്‍ തീര്‍ത്തും അവഗണിക്കപ്പെട്ടു. ''കേരളീയ പശ്ചാത്തലത്തില്‍ മതവിദ്യാഭ്യാസം കര്‍മശാസ്ത്രപരമായ ചര്‍ച്ചകളില്‍ പരിമിതപ്പെട്ടു പോകുന്ന ദുരവസ്ഥയുണ്ടായി. ഖുര്‍ആന്‍, ഫിഖ്ഹ്, അഖീദ പഠനരംഗത്ത് നിഴലിച്ചിരുന്നത് വലിയ അന്വേഷണങ്ങളുടെ മുഴുത്ത അഭാവമാണ്'''(ഇസ്‌ലാമിക സര്‍വകലാശാല: ആശയവും അനുഭവവും- സ്വലാഹുദ്ദീന്‍ ഹുദവി, തെളിച്ചം മാസിക, 2011 മെയ്).
 
ഈ സ്തംഭനാവസ്ഥക്ക് പരിഹാരം കാണാനുള്ള ശ്രമങ്ങള്‍ 1990കളിലാണ് 'സമസ്ത'യില്‍ ആരംഭിച്ചത്. വിദേശ നാടുകളില്‍ പഠിച്ചും പുറംലോകമറിഞ്ഞും രംഗത്തുവന്ന പുതിയ തലമുറ പണ്ഡിതന്മാരാണ് ഇതിന് ചുക്കാന്‍ പിടിച്ചത്. പാരമ്പര്യ മതപഠനത്തിലെ ഗുണവശങ്ങള്‍ സ്വീകരിച്ചും, ദീനീപഠനത്തോട് ഭൗതികവിഷയങ്ങള്‍ സമന്വയിപ്പിച്ചും ആവിഷ്‌ക്കരിക്കപ്പെട്ട പുതിയ രീതി, ഉന്നത ദീനീ വിദ്യാഭ്യാസരംഗത്ത് ക്രിയാത്മകമായ ഒട്ടേറെ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കി. 'മതകീയവും മതേതരവുമായ, ആത്മീയവും ഭൗതികവുമായ വിജ്ഞാനീയങ്ങളുടെ രജ്ഞിപ്പിനും', 'എല്ലാശാസ്ത്ര ശാഖകളും ഇസ്‌ലാമികമാണെന്നും അറിവ് അഭ്യസിക്കുന്നവന്റെ ഉദ്ദേശ്യം അനുസരിച്ചാണ് നല്ലതും ചീത്തയും വേര്‍തിരിക്കപ്പെടുന്നത് എന്നുമുള്ള അടിസ്ഥാന കാഴ്ചപ്പാടിലേക്ക് തിരിച്ച് നടക്കാനും,'''തൗഹീദിയന്‍ അടിത്തറയില്‍ ഊന്നിനിന്നുള്ള യൂനിവേഴ്‌സിറ്റി'യെ കുറിച്ച് ചിന്തിക്കാനും തുടങ്ങിയത് (തെളിച്ചം മാസിക-2011 മെയ്) ആരോഗ്യകരമായ വികാസമായി. ''പണ്ഡിതര്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ , പൊതുജീവിതത്തിലെ യാഥാര്‍ത്ഥ്യങ്ങള്‍ എന്നിവയില്‍നിന്നെല്ലാം അകന്നു ജീവിക്കുന്നത് ശരിയല്ലെന്നുള്ള വായനയും ശക്തിപ്പെട്ടുവന്നു'' (Ibid).
 
ഭൗതിക വിദ്യാഭ്യാസത്തോട് പുറം തിരിഞ്ഞുനിന്നവര്‍ എന്ന് നിരന്തരം പഴികേള്‍ക്കേണ്ടിവന്നപ്പോള്‍, ഒരു ഘട്ടത്തില്‍ അതിനു മുമ്പില്‍ പകച്ചു നിന്നെങ്കിലും, വിമര്‍ശകര്‍ക്ക് പ്രയോഗത്തില്‍ മറുപടിപറയുന്ന സ്വഭാവത്തിലായിരുന്നു പിന്നീടുള്ള പരിഷ്‌കരണങ്ങള്‍. ചെമ്മാട് ദാറുല്‍ ഹുദയും, വളാഞ്ചേരി മര്‍കസ് കേന്ദ്രീകരിച്ചുള്ള വാഫി കോഴ്‌സും ഇതിന്റെ ഫലങ്ങളായിരുന്നു. 'വാഫി'യില്‍ അഫിലിയേറ്റുചെയ്ത 40 ഓളവും ദാറുല്‍ ഹുദയില്‍ അഫിലിയേറ്റുചെയ്ത 20 ഓളവും സ്ഥാപനങ്ങളിലേക്ക് ഈ വിദ്യാഭ്യാസ പരിഷ്‌കരണം വളര്‍ന്നു. സ്ത്രീ വിദ്യാഭ്യാസത്തിനും ഇതില്‍ കാര്യമായ ഇടം നല്‍കപ്പെട്ടു. ഇന്ന്, മത-ഭൗതിക വിദ്യാഭ്യാസത്തെ സമന്വയിപ്പിച്ച, പി.ജി തലം വരെയുള്ള നിരവധി കോളേജുകള്‍ സമസ്തക്ക് കീഴിലുണ്ട്.
 
1986 ല്‍ സ്ഥാപിതമായ ദാറുല്‍ ഹുദ ഇസ്‌ലാമിക് അക്കാദമി ക്രമ പ്രവൃദ്ധമായ പരിഷ്‌കാരങ്ങള്‍ക്കു ശേഷം 2009 ലാണ് ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയായി പ്രഖ്യാപിക്കപ്പെട്ടത്. സെക്കണ്ടറി, സീനിയര്‍ സെക്കണ്ടറി, ഡിഗ്രി, പോസ്റ്റ് ഗ്രാജ്വേഷന്‍ തലങ്ങളില്‍ പന്ത്രണ്ടുവര്‍ഷമാണ് കോഴ്‌സ്. ശരീഅ ആന്റ് ഉസ്വൂലുദ്ദീന്‍ , ലാംഗ്വേജസ്, ഹ്യൂമാനിറ്റീസ്, ദഅ്‌വ ആന്റ് ഇസ്‌ലാമിക് ടീച്ചിംഗ് എന്നീ അഞ്ച് ഫാക്കല്‍റ്റികള്‍ക്കു കീഴില്‍ 17 ഡിപ്പാര്‍ട്ടുമെന്റുകള്‍ പ്രവര്‍ത്തിക്കുന്നു. ഖുര്‍ആന്‍, ഹദീസ് ഉള്‍പ്പെടെ ഇസ്‌ലാമിക വിഷയങ്ങളില്‍ ഗവേഷണ പഠനവും, അംഗീകൃത യൂനിവേഴ്‌സിറ്റിബിരുദവും നേടാന്‍ കഴിയുന്ന വിധമാണ് കോഴ്‌സ്. പാഠ്യാനുബന്ധ-പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ഥികളുടെ ബഹുമുഖ വളര്‍ച്ച ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ്. വിപുലമായ ലൈബ്രറി സംവിധാനവും ബഹുഭാഷാ പ്രസിദ്ധീകരണങ്ങളുള്ള റീഡിംഗ് റൂമും പരന്ന വായനക്കും വൈജ്ഞാനിക വളര്‍ച്ചക്കും അവസരം ഒരുക്കുന്നു. കോഴ്‌സ് പൂര്‍ത്തിയാക്കിയ നിരവധി വിദ്യാര്‍ഥികള്‍ക്ക് ജെ. എന്‍.യു, ഹംദര്‍ദ്, ജാമിഅ മില്ലിയ്യ, ഇഫ്‌ലു, പോണ്ടിച്ചേരി, മലേഷ്യ(ഇസ്‌ലാമിക്) തുടങ്ങിയ യൂനിവേഴ്‌സിറ്റികളില്‍ ഉപരിപഠനത്തിന് അവസരം ലഭിക്കുകയുണ്ടായി. ഹുദവി ബിരുദം നേടിയ അഞ്ചുപേര്‍ ഇതിനകം പി.എച്ച്.ഡി. കരസ്ഥമാക്കിയിട്ടുണ്ട്.
 
ദാറുല്‍ ഹുദ പ്രസിദ്ധീകരിക്കുന്ന തെളിച്ചം മാസിക എടുത്ത പറയേണ്ട വൈജ്ഞാനിക സംഭാവനയാണ്.''സമസ്ത'യുടെ പ്രസിദ്ധീകരണങ്ങളില്‍ ഭാഷയിലും ഉള്ളടക്കത്തിലും താരതമ്യേന നല്ല നിലവാരം പുലര്‍ത്തുന്നുണ്ട് 'തെളിച്ചം.' പ്രബോധനപ്രവര്‍ത്തനങ്ങള്‍ക്കായി 'ഇസ്‌ലാമിക് ദഅ്‌വാ വിംഗും 'ഇസ്‌ലാം ഓണ്‍ സൈറ്റ് ഡോട്ട് കോം' എന്ന വെബ്‌സൈറ്റും ദാറുല്‍ഹുദക്ക് കീഴിലെ മറ്റു സംരംഭങ്ങളാണ്.
 
'സമസ്ത'യുടെ പ്രമുഖ സ്ഥാപനങ്ങളാണ് പട്ടിക്കാട് ജാമിഅ നൂരിയ്യ, ദാറുസലാം നന്തി, മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ് ചട്ടഞ്ചാല്‍ കാസര്‍കോട്, ദാറുന്നജാത്ത് കരുവാരകുണ്ട്, കടമേരി റഹ്മാനിയാ അറബികോളേജ് തുടങ്ങിയവ.
 
എം.ഇ.എ എഞ്ചിനീയറിംഗ് കോളേജ് സമസ്തയുടെ വിദ്യാഭ്യാസ സംരംഭങ്ങളില്‍ പ്രത്യേകം പരാമര്‍ശിക്കേണ്ടതാണ്. മലപ്പുറം ജില്ലയില്‍ നല്ലനിലയില്‍ നടന്നുവരുന്ന 2 എഞ്ചിനീയറിംഗ് കോളേജുകളില്‍ ഒന്നാണ് പെരിന്തല്‍ മണ്ണയില്‍ സ്ഥിതി ചെയ്യുന്ന എം.ഇ.എ. ആറ് ബ്രാഞ്ചുകളില്‍ എട്ടു ബാച്ചുകളുള്ള സ്ഥാപനത്തില്‍ 1700 ഓളം കുട്ടികള്‍ പഠിക്കുന്നു. സ്വാശ്രയ മാനേജ്‌മെന്റുകളുടെ ചൂഷണ മനസില്ലാതെ, സര്‍ക്കാര്‍ നിശ്ചയിച്ച ഫീസ് വാങ്ങിയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പരിഗണന നല്‍കാനും ശ്രദ്ധിക്കുന്നുണ്ട്.
 
വിദ്യാഭ്യാസരംഗത്തെ ഈ ഉണര്‍വ് 'സമസ്ത'ക്ക് പൊതുവെ ആത്മവിശ്വാസവും ആവേശവും പകര്‍ന്നിട്ടുണ്ട്. ദാറുല്‍ഹുദാ - വാഫി വിദ്യാഭ്യാസ സംവിധാനങ്ങള്‍, അക്കാദമിക വളര്‍ച്ചയില്‍ മാത്രമല്ല,'ഭാഷാ-സാഹിത്യനിലവാരത്തിലും , കാഴ്ചപ്പാടുകളിലും, സമീപന രീതികളിലുമൊക്കെ വികാസം സൃഷ്ടിച്ചിട്ടുണ്ട്. 'സമസ്ത'യുടെ പ്രവര്‍ത്തനങ്ങളില്‍ ഇതിന്റെ ഗുണങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയതു കാണാം. തീവ്ര യാഥാസ്ഥിതികര്‍ ഉദ്പാദിപ്പിക്കുന്ന 'പണ്ഡിതന്മാര്‍' ഒരുതരം അസഹിഷ്ണുതയോടെ വാദപ്രതിവാദങ്ങളില്‍ അഭിരമിക്കുമ്പോള്‍ , ദാറുല്‍ ഹുദാ -വാഫി സന്തതികള്‍ പൊതുവെ അക്കാദമിക രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കുന്നതായാണ് അനുഭവം. മതതര്‍ക്കങ്ങളില്‍ 'സമസ്തയുടെ' ഇടപെടലുകളിലുണ്ടായ ചെറിയ മാറ്റം ഇതിന്റെ സൂചകമാണ് (അപവാദങ്ങളുണ്ടാകാം, അവയെ സാമാന്യവത്ക്കരിക്കുന്നത് നീതിയല്ല).
 

 
മഹല്ല് സംവിധാനം
 
മുസ്‌ലിം സാമൂഹികജീവിതത്തില്‍ ഏറെ പ്രധാനപ്പെട്ടതാണ് മഹല്ല് സംവിധാനം. ആധ്യാത്മികത, കുടുംബ ജീവിതം, സാമ്പത്തികപ്രശ്‌നങ്ങള്‍, സാമൂഹിക ഇടപാടുകള്‍, വിദ്യാഭ്യാസ പുരോഗതി തുടങ്ങിയവ വലിയ അളവില്‍ മഹല്ലുകളുമായി ബന്ധപ്പെട്ടുകിടക്കുന്നു. പ്രാദേശിക കൂട്ടായ്മകള്‍ എന്ന നിലക്ക് സമുദായാംഗങ്ങളുമായി നേര്‍ക്കുനേര്‍ ഇടപെടുന്നതാണ് മഹല്ല് സംവിധാനം. മൊത്തത്തില്‍ മുസ്‌ലിം സമൂഹം ഏറെ പ്രതിസന്ധി നേരിടുന്നതും ആസൂത്രിതമായ പദ്ധതികള്‍ കാര്യമായി നടപ്പിലില്ലാത്തതുമായ മേഖലയുമാണ് 'മഹല്ല്.' ഈ രംഗത്ത് 'സമസ്ത' ചില ചുവടുവെപ്പുകളൊക്കെ നടത്തിയിട്ടുണ്ടെങ്കിലും, പള്ളി-മഹല്ലുകളുടെ വര്‍ദ്ധനവ്, പരിഹാരം കാണേണ്ട പ്രശ്‌നങ്ങളുടെ ആധിക്യം, സാംസ്‌കാരിക ജീര്‍ണതകളുടെ വേലിയേറ്റം തുടങ്ങിയവ മുമ്പില്‍ വെച്ച് ചിന്തിക്കുമ്പോള്‍ അത് തീരെ പരിമിതമായി അനുഭവപ്പെടുന്നു.
 
മഹല്ല് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനും കാര്യക്ഷമമാക്കാനും ലക്ഷ്യമിട്ടുകൊണ്ട് 1976 ല്‍ സമസ്ത രൂപീകരിച്ചതാണ് 'സുന്നി മഹല്ല് ഫെഡറേഷന്‍.' മഹല്ല് ഏകോപനം, രജിസ്‌ട്രേഷന്‍, സംഘാടനത്തിനാവശ്യമായ പരിശീലനങ്ങള്‍, സംസ്‌കരണ ക്ലാസുകള്‍ തുടങ്ങിയവ ഫെഡറേഷനു കീഴില്‍ നടക്കാറുണ്ട്. എന്നാല്‍, അവയുടെ കാര്യക്ഷമതയും ഫലപ്രാപ്തിയും തുലോം പരിമിതമാണ്. 'സമസ്ത'യുടെ പോഷകഘടകങ്ങളില്‍ ഏറ്റവും കുറഞ്ഞ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതും ഈ രംഗത്താണെന്ന് തോന്നുന്നു. മഹല്ല് സംസ്‌കരണ മേഖലയില്‍ കാര്യമായ പുനരാലോചനകള്‍ 'സമസ്ത'യുടെ ഭാഗത്ത് നിന്ന് ഉണ്ടാകണം.
 
കുടുംബത്തിലെ താളപ്പിഴകള്‍ , പ്രവാസജീവിതത്തിന്റെ ബാക്കി പത്രങ്ങള്‍, വിദ്യാര്‍ത്ഥി യുവജനങ്ങള്‍ക്കിടയില്‍ പടര്‍ന്നു പിടിക്കുന്ന ജീര്‍ണതകള്‍, ദാരിദ്ര്യം, വിവാഹം, കൂടിവരുന്ന വിവാഹമോചനങ്ങള്‍, തര്‍ക്കങ്ങള്‍, വിദ്യാഭ്യാസ വളര്‍ച്ച തുടങ്ങിയ വിഷയങ്ങളിലെല്ലാം ക്രിയാത്മക പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് മഹല്ല് തലത്തില്‍ നടപ്പിലാക്കാന്‍ 'സമസ്ത'ക്ക് സാധിച്ചാല്‍ അത് വലിയ അളവില്‍ ഫലം ചെയ്യും. സാംസ്‌കാരിക ജീര്‍ണതകള്‍ക്കടിപ്പെടുന്ന സമുദായാംഗങ്ങളില്‍ വലിയൊരു വിഭാഗം, പാര്‍ട്ടിപരമായി 'സമസ്ത'യുടെ പോഷകഘടകങ്ങളില്‍ അംഗത്വമുള്ളവരല്ലെങ്കിലും, പാരമ്പര്യമായി അത്തരമൊരു വൃത്തത്തിലുള്ളവരും ആ ധാരയില്‍ പ്രാഥമിക മതപഠനം നേടിയവരുമാണ്. കൃത്യമായ ബോധവത്ക്കരണത്തിലൂടെയും പ്രായോഗിക പരിപാടികളിലൂടെയും സാംസ്‌കാരിക ജീര്‍ണതകളില്‍നിന്ന് സമൂഹത്തെ മോചിപ്പിക്കാനുള്ള പദ്ധതികള്‍ 'സമസ്ത' ആവിഷ്‌ക്കരിക്കേണ്ടതുണ്ട്. കുടുംബജീവിതം സുദൃഢമാക്കാനുള്ള ക്ലാസുകള്‍, കൗണ്‍സലിംഗുകള്‍, പെരുകുന്ന വിവാഹ മോചനവും വിവാഹതട്ടിപ്പുകളും നിയന്ത്രിക്കാനുള്ള നടപടികള്‍, പ്രീ മാരേജ് കൗണ്‍സലിംഗ് തുടങ്ങിയവ അടിയന്തിര പ്രാധാന്യത്തോടെ 'സുന്നി മഹല്ല് ഫെഡറേഷന്‍' ഏറ്റെടുക്കേണ്ടതുണ്ട്. വൈവാഹികരംഗത്തെ അപലപനീയമായ പല പ്രവണതകളും 'സമസ്ത'യുടെ പ്രവര്‍ത്തന പരിധിയില്‍ വരുന്നതാണ്. സ്ത്രീധനം പോലുള്ള അത്യാചാരങ്ങള്‍ക്ക് ഫിഖ്ഹീ ന്യായങ്ങള്‍ കണ്ടെത്താനുള്ള ചിലരുടെ ശ്രമങ്ങള്‍ പുനഃപരിശോധിക്കുകയും 'സമസ്ത'യിലെ തന്നെ പുതിയ തലമുറയില്‍ ഇത്തരം വിഷയങ്ങളില്‍ രൂപപ്പെടുന്ന പുരോഗമന കാഴ്ചപ്പാടുകള്‍ സ്വീകരിക്കപ്പെടുകയും ചെയ്യേണ്ടതുണ്ട്. എജുക്കേഷന്‍-കരിയര്‍ ഗൈഡന്‍സ്, ബോര്‍ഡുകള്‍, അവാര്‍ഡ്, സിജിയുടെ സഹകരണത്തോടെയുള്ള ശില്‍പശാലകള്‍ തുടങ്ങിയവയിലൂടെ മഹല്ല് തലത്തില്‍ വിദ്യാഭ്യാസ മുന്നേറ്റത്തിന് കരുത്തുപകരുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണം. കേരളീയ മുസ്‌ലിം സമൂഹത്തെ കുറിച്ച സമഗ്രവും സമ്പൂര്‍ണവുമായ സര്‍വെ വലിയൊരു ആവശ്യമാണ്. കക്ഷിഭേദത്തിന്നതീതമായി അത്തരമൊരു സര്‍വെ നടത്താന്‍ 'സമസ്ത'ക്ക് കഴിയും. മദ്‌റസാ അധ്യാപകര്‍ , മുഫത്തിശുമാര്‍ , റെയ്ഞ്ച്-മഹല്ല് സംവിധാനങ്ങള്‍ തുടങ്ങി 'സമസ്ത'യുടെ വിപുലമായ നെറ്റ്‌വര്‍ക്ക് അതിന് ഉപയോഗിക്കാം. ചില പ്രാഥമിക സര്‍വേകള്‍ സമസ്ത നടത്തിക്കഴിഞ്ഞിട്ടുണ്ടല്ലോ. സന്നദ്ധതയുള്ള മറ്റു സംഘടനകളുടെയും സഹായം ഈ വിഷയത്തില്‍ തേടാം.
 
സകാത്തിന്റെ സംഘടിത-ശേഖരണ വിതരണമാണ് 'സമസ്ത'യുടെ നേതൃതലത്തില്‍ നടക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക-സാമ്പത്തിക സംരംഭം. മഹല്ല് ഖാദിമാരുടെ നേതൃത്വത്തിലുള്ള സക്കാത്തിന്റെ സംഘടിത വിതരണത്തിന് അനുകൂലമായ ചര്‍ച്ചകള്‍ 'സമസ്ത'യില്‍ പുരോഗമിക്കുന്നുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ കര്‍മപദ്ധതികളാവിഷ്‌ക്കരിക്കുകയും കഴിയുന്നത്ര പഴുതുകളടച്ചും കാര്യക്ഷമമായും അത് നടപ്പിലാക്കാന്‍ നടപടി എടുക്കുകയും വേണം. ഇസ്‌ലാം വിഭാവന ചെയ്യുന്ന സാമൂഹിക- സാമ്പത്തിക വളര്‍ച്ചക്കും ദാരിദ്ര്യ നിര്‍മാര്‍ജനത്തിനും സമസ്തക്ക് ചെയ്യാന്‍ കഴിയുന്ന വലിയ സേവനമായിരിക്കും ഇത്. പ്രാദേശിക തലങ്ങളിലെ കമ്മിറ്റികള്‍ മാത്രമല്ല, അനേകം പള്ളികളുള്‍ക്കൊള്ളുന്ന സംയുക്ത മഹല്ല് ഖാദിമാരും സംസ്ഥാനതലത്തില്‍ അവരുടെ കൂട്ടായ്മയായ 'മഹല്ല് ഫെഡറേഷനും' ഉള്ളപ്പോള്‍ അഖില കേരള അടിസ്ഥാനത്തില്‍ തന്നെ സകാത്ത് സംവിധാനം കാര്യക്ഷമമായി നടപ്പിലാക്കാന്‍ 'സമസ്തക്ക് കഴിയും. പലിശയുടെ കെടുതികളില്‍നിന്നും, കുഗ്രാമങ്ങളില്‍ പോലും വര്‍ണാഭമായ പരസ്യബോര്‍ഡുകളോടെ സ്ഥാപിതമാകുന്ന സ്വകാര്യ പലിശ സ്ഥാപനങ്ങളുടെ ചൂഷണത്തില്‍നിന്നും ജനങ്ങളെ രക്ഷിക്കാനും ഒരളവുവരെ ഇതുവഴി കഴിയും. പലിശരഹിത നിധികളും വെല്‍ഫയര്‍ സംരംഭങ്ങളും ഇതോടനുബന്ധിച്ച് നടപ്പിലാക്കാവുന്നതാണ്. ഇത്തരം പ്രവര്‍ത്തനങ്ങളിലെല്ലാം ഒരേ പ്രദേശത്തെ വിവിധ പള്ളിക്കമ്മിറ്റികളെ സഹകരിപ്പിച്ചുകൊണ്ട് മഹല്ല് സംയുക്തസമിതികള്‍ 'സമസ്ത'യുടെ നേതൃത്വത്തില്‍ തന്നെ രൂപീകരിക്കാം. മതസംഘടനകള്‍ക്കിടയിലെ മഞ്ഞുരുക്കത്തിന് കാരണമാകാവുന്ന ഇത്തരം പ്രാദേശിക കൂട്ടായ്മകള്‍ മുസ്‌ലിം ഐക്യത്തിന്റെ മാര്‍ഗത്തിലെ ഫലപ്രദമായ ചുവടുവെപ്പുമായിരിക്കും.
 

 
പോരാട്ട പാരമ്പര്യം
 
സൈനുദ്ദീന്‍ മഖ്ദൂം, മമ്പുറം ഫസല്‍ പൂക്കോയതങ്ങള്‍, വെളിയങ്കോട് ഉമര്‍ഖാദി, ആലിമുസ്‌ലിയാര്‍ തുടങ്ങി പോരാളികളായ പണ്ഡിതന്‍മാരുടെ പാരമ്പര്യം അവകാശപ്പെടാറുള്ള സംഘടനയാണ് 'സമസ്ത.' ആധ്യാത്മിക-വിദ്യാഭ്യാസ മേഖലകളില്‍ പരിമിതമായിരുന്നില്ല ഇവരുടെ പ്രവര്‍ത്തനങ്ങള്‍. സാമൂഹിക ഇടപെടലുകളിലൂടെയും അധിനിവേശ വിരുദ്ധ പോരാട്ടങ്ങളിലൂടെയും ഇസ്‌ലാമിന്റെ രാഷ്ട്രീയ ഉള്ളടക്കത്തെ അവരവരുടെ സാഹചര്യങ്ങളില്‍ പ്രയോഗവത്കരിക്കാന്‍ സാധിച്ച ധീര മുജാഹിദുകളായിരുന്നു അവര്‍. അവരുടെ തുടര്‍ച്ചയെ കുറിച്ച കേവല അവകാശവാദങ്ങള്‍ക്കും, അവരുടെ മഖ്ബറകളെ ആത്മീയ കച്ചവട കേന്ദ്രങ്ങളാക്കുന്നതിനുമപ്പുറം അവരുടെ പൈതൃകത്തെ കര്‍മമണ്ഡലങ്ങളില്‍ ആവിഷ്‌ക്കരിക്കാന്‍ 'സമസ്ത'ക്ക് എന്തുകൊണ്ട് ശ്രമിച്ചുകൂടാ. സാമ്രാജ്യത്വശക്തികള്‍ക്കെതിരെ സായുധ സമരത്തിനു വരെ ആഹ്വാനം ചെയ്ത ആ മഹാത്മാക്കളുടെ പാരമ്പര്യത്തെ മുതലാളിത്ത അധിനിവേശത്തിന്റെ വര്‍ത്തമാനകാല ഭീകരതകള്‍ക്കെതിരെ പുതിയ രൂപത്തിലും ഭാവത്തിലും പുനരവതരിപ്പിക്കാന്‍ 'സമസ്ത' ധൈര്യം കാണിക്കേണ്ടതുണ്ട്. പണ്ഡിതന്മാരുടെ സാമൂഹിക ഇടപെടലുകളെ കുറിച്ച ചില വീണ്ടു വിചാരങ്ങള്‍ 'സമസ്ത'ക്കകത്ത് നടക്കുന്നുണ്ടല്ലോ. അത് പ്രതിലോമപരമാകാതിരിക്കട്ടെ. സാമൂഹിക പ്രശ്‌നങ്ങളില്‍ ബഹുസ്വരതക്കിണങ്ങുന്നവിധം മാനവികമായ ഇടപെടലുകള്‍ നടത്താനുള്ള ആശയപരിസരവും ഇതേ പാരമ്പര്യത്തില്‍ നിന്നും വികസിപ്പിച്ചെടുക്കാവുന്നതാണ്.
 
രാഷ്ട്രീയമായ പരിമിതികള്‍ മറികടന്നു മാത്രമേ ഇത് സാധ്യമാകൂ. ലീഗ് രാഷ്ട്രീയത്തോടുള്ള വിധേയത്വവും അതിന്റെ പേരിലുള്ള രാജിയാകലുകളും എല്ലാ തിളക്കങ്ങള്‍ക്കിടയിലും 'സമസ്ത'യെ പ്രയാസപ്പെടുത്തുന്നുണ്ട്. ലീഗിന്റെ ജീര്‍ണതകള്‍ക്കും അധികാര താല്‍പര്യത്തിലധിഷ്ഠിതമായ അടവു നയങ്ങള്‍ക്കും കനത്ത വില നല്‍കേണ്ടിവരുന്നത് പലപ്പോഴും 'സമസ്ത'യാണ്. ചില വ്യക്തികളുടെ ദൗര്‍ബല്യങ്ങള്‍ ലീഗിന് ഭാരമാകുന്ന പോലെ, ലീഗിന്റെ തെറ്റുകള്‍ 'സമസ്ത'യെ വാരിക്കുഴിയില്‍ വീഴ്ത്തുന്നു. ലീഗില്‍ കാണപ്പെടുന്ന ജീര്‍ണതകള്‍ക്കും, ലീഗ് കൈക്കൊള്ളുന്ന സമുദായ വിരുദ്ധ നയങ്ങള്‍ക്കുമെതിരെ ശബ്ദിക്കാനോ, ഇസ്‌ലാം-മുസ്‌ലിം വിഷയങ്ങളില്‍ 'സമസ്ത' തന്നെ ഉള്ളില്‍ ആഗ്രഹിക്കുന്ന വിധം ശരിയായ നിലപാടെടുക്കാനോ കഴിയാത്തത് രാഷ്ട്രീയ വിധേയത്വം കൊണ്ടാണ്.
 
രാഷ്ട്രീയ നേതൃത്വത്തിന്റെ അരുതായ്മകള്‍ക്കതിരെ പ്രതികരിക്കുക എന്ന പണ്ഡിത ധര്‍മ്മം നിര്‍വഹിക്കാന്‍ 'സമസ്ത'ക്ക് കഴിയാതെ പോകുന്നത് വലിയ ദുരന്തമായിരിക്കും. ഈ ദുരവസ്ഥയില്‍ നിന്ന് രക്ഷപ്പെടാനും, 'പണ്ഡിതന്‍മാര്‍ പ്രവാചകന്‍മാരുടെ അനന്തരാവകാശികളാണന്ന' തിരുവചനം അന്വര്‍ത്ഥമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെക്കാനും 'സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ'ക്ക് കഴിയും എന്നാണ് പ്രതീക്ഷ, പ്രാര്‍ഥനയും.
 
(അവസാനിച്ചു)