Click to view this issue
Saturday, April 20, 2019
News Update
 

1437 റബീഉല്‍ അവ്വല്‍ 20

2016 ജനുവരി 01

പുസ്തകം 72 ലക്കം 30

തഫ്ഹീമുല്‍ ഖുര്‍ആന് പുതിയ കമ്പ്യൂട്ടര്‍ പതിപ്പ്

വി.കെ. അബ്ദു /കുറിപ്പ്‌

സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയുടെ വിഖ്യാത ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥമായ തഫ്ഹീമുല്‍ ഖുര്‍ആന്‍ മലയാളം
 
 

          സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയുടെ വിഖ്യാത ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥമായ തഫ്ഹീമുല്‍ ഖുര്‍ആന്‍ മലയാളം വിവര്‍ത്തനത്തിന്റെ പുതിയ കമ്പ്യൂട്ടര്‍ പതിപ്പ് (വേര്‍ഷന്‍ 2.0) 2016 ഫെബ്രുവരിയില്‍ പുറത്തിറക്കാന്‍ സജ്ജമായി. പരിശുദ്ധ ഖുര്‍ആന്റെ വ്യാപകമായ പ്രചാരണം ലക്ഷ്യമാക്കുന്ന പദ്ധതിക്ക് D4 മീഡിയ തുടക്കം കുറിച്ചത് 2013 ജൂണ്‍ മാസത്തിലാണ്. 

 
 

മിശാരി അല്‍ അഫാസി, അലി അല്‍ ഹുദൈഫി, സഅദ് അല്‍ ഗാമിദി എന്നീ പ്രശസ്തരായ മൂന്ന് ഖാരിഉകളുടെ ഖുര്‍ആന്‍ പാരായണങ്ങള്‍ക്ക് പുറമെ ഖുര്‍ആന്‍ പരിഭാഷയുടെയും തഫ്ഹീം മലയാളം വ്യാഖ്യാനത്തിന്റെയും സമ്പൂര്‍ന്ന ഓഡിയോ ഉള്‍ക്കൊള്ളുന്നുവെന്നതാണ് പുതിയ പതിപ്പിന്റെ പ്രധാന സവിശേഷത. കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ കാണുന്ന ഏത് ഭാഗവും വായിച്ചു കേള്‍ക്കാന്‍ സാധിക്കും. അതുപോലെ തെരഞ്ഞെടുത്ത ഖുര്‍ആന്‍ ഭാഗങ്ങളും അധ്യായങ്ങളും ക്രമപ്രകാരം കേള്‍ക്കാനും സാധിക്കും. ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലെ വിദ്യാര്‍ഥികളെയും മറ്റും ലക്ഷ്യമാക്കി ഓഡിയോ ഒഴിച്ചുള്ള തഫ്ഹീമിന്റെ സമ്പൂര്‍ണ ഇംഗ്ലീഷ് വിവര്‍ത്തനവും സോഫ്റ്റ്‌വെയറില്‍ ലഭ്യമാണ്. 

 
 

2008 ഒക്‌ടോബറില്‍ തഫ്ഹീം സോഫ്റ്റ്‌വെയറിന്റെ ആദ്യ പതിപ്പ് പുറത്തിറക്കിയത് വിന്‍ഡോസ് എക്‌സ്.പിയെ അടസ്ഥാനമാക്കിയായിരുന്നു. പുതിയ പതിപ്പ് വിന്‍ഡോസ് 7 മുതല്‍ ഏറ്റവും പുതിയ പതിപ്പായ വിന്‍ഡോസ് 10 വരെയുള്ള ഓപറേറ്റിംഗ് സിസ്റ്റങ്ങളില്‍ സുഗമമായി പ്രവര്‍ത്തിക്കും. വിന്‍ഡോസിന് പുറമെ ലിനക്‌സ്, മാക് കമ്പ്യൂട്ടര്‍ ഓപറേറ്റിംഗ് സിസ്റ്റങ്ങളിലും ഇത് പ്രവര്‍ത്തിപ്പിക്കാനാവും.

 
 

തഫ്ഹീം സോഫ്റ്റ്‌വെയറിന്റെ ആദ്യ പതിപ്പ് കമ്പ്യൂട്ടറുപയോഗിക്കുന്ന മലയാളികള്‍ക്കിടയില്‍ വന്‍ സ്വീകാര്യതയാണ്  നേടിയത്. അതോടെ കമ്പ്യൂട്ടറിലും സ്മാര്‍ട്ട്‌ഫോണ്‍, ടാബ്‌ലെറ്റ് പിസി തുടങ്ങിയ ഉപകരണങ്ങളിലും മറ്റും തഫ്ഹീം പൂര്‍ണമായും വായിച്ചു കേള്‍ക്കാനുള്ള സൗകര്യം കൂടി വേണമെന്ന ആവശ്യം പല ഭാഗത്തുനിന്നും ഉയര്‍ന്നുവന്നു. ഭാവിയില്‍ പുറത്തിറക്കുന്ന തഫ്ഹീം പതിപ്പ് സമ്പൂര്‍ണമായ ഓഡിയോ കൂടി ഉള്‍പ്പെടുത്തിയതായിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അന്ന് നല്‍കിയ ഉറപ്പാണ് ഇപ്പോള്‍ സാക്ഷാത്കരിക്കപ്പെടുന്നത്.  ഡെസ്‌ക്‌ടോപ് പതിപ്പിന്റെ പ്രകാശനത്തിനു ശേഷം ഇതിന്റെ വെബ് പതിപ്പും ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ് മൊബൈല്‍ പതിപ്പുകളും ക്രമപ്രകാരം പുറത്തിറക്കുന്നതാണ്.  

 
 

സോഫ്റ്റ്‌വെയറിലെ ഏത് ഭാഗവും കോപ്പി ചെയ്തു ഇതര പ്രോഗ്രാമുകളിലേക്ക് പേസ്റ്റ് ചെയ്യാന്‍ സൗകര്യം, പ്രിന്റെടുക്കാനുള്ള സൗകര്യം, വായിക്കുന്ന ഭാഗങ്ങളില്‍ സ്വന്തമായ കുറിപ്പുകള്‍ എഴുതി സൂക്ഷിക്കാന്‍ സാധ്യമാകുന്ന സ്റ്റിക്കി നോട്ട് സൗകര്യം, വായിക്കുന്ന ഭാഗങ്ങള്‍ അടയാളപ്പെടുത്താനും പിന്നീട് റഫര്‍ചെയ്യാനും സൗകര്യമൊരുക്കുന്ന ബുക്ക്മാര്‍ക്ക് സംവിധാനം, ഒരൊറ്റ മൗസ് ക്‌ളിക്കിലൂടെ മലയാളത്തിലേക്കും ഇംഗ്ലീഷിലേക്കും മെനു ഭാഷയും ഉള്ളടക്ക ഭാഷയും മാറ്റാനുള്ള സംവിധാനം, കാഴ്ച്ചക്കുറവുള്ളവരെ ലക്ഷ്യമാക്കി അറബി, ഇംഗ്ലീഷ്, മലയാളം ഫോണ്ടുകള്‍ വലുതാക്കാനും ചെറുതാക്കാനുമുള്ള സൗകര്യം തുടങ്ങി എടുത്തുപറയത്തക്ക ഒട്ടേറെ സവിശേഷതകളും സോഫ്റ്റ്‌വെയറിന്റെ ഈ പുതിയ പതിപ്പിലുണ്ട്. ഖുര്‍ആനിലും തഫ്ഹീമിലും വിഷയാധിഷ്ഠിത സെര്‍ച്ച്, അറബി, മലയാള പദങ്ങള്‍ അടിസ്ഥാനമാക്കി വ്യത്യസ്ത രീതിയിലെ വിപുലമായ സെര്‍ച്ച് എന്നിവ സോഫ്റ്റ്‌വെയറിനെ കിടയറ്റതാക്കുന്നു. മലയാളത്തിലും ഇംഗ്ലീഷിലും ഒറ്റവാക്കര്‍ഥങ്ങള്‍ നല്‍കിയത് ഖുര്‍ആന്‍ സ്റ്റഡി സെന്ററുകളിലെ പഠിതാക്കളെക്കൂടി ലക്ഷ്യമാക്കിയാണ്.

 
 

തഫ്ഹീം പഠനത്തിന്റെ പുരോഗതി സ്വയം വിലയിരുത്തുന്നതിന് സഹായകമായി 'പ്രശ്‌നോത്തരി' എന്ന പേരില്‍ ക്വിസ് പ്രോഗ്രാമും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനായി തഫ്ഹീമിലെ ആയിരത്തിലേറെ ബ്ലോക്കുകളില്‍ ഓരോന്നിലും ചുരുങ്ങിയത് മൂന്ന് ചോദ്യങ്ങളുള്‍ക്കൊള്ളിച്ചിരിക്കുന്നു. ഇതുപയോഗിച്ച് രസകരമായിത്തന്നെ തഫ്ഹീം ആശയപഠനത്തിന്റെ പുരോഗതി മനസ്സിലാക്കാവുന്നതാണ്. ഖുര്‍ആന്‍ വാക്കര്‍ഥങ്ങളുടെ പഠന പുരോഗതി വിലയിരുത്താന്‍ 'ഡ്രാഗ് ആന്റ് ഡ്രോപ്' രീതിയിലെ ഒരു ഗെയിം പ്രോഗ്രാമും സോഫ്റ്റ്‌വെയറിലുണ്ട്. ഖുര്‍ആന്‍ മനഃപ്പാഠം പരിശോധനക്കുള്ള സംവിധാനവുമുണ്ട്. പദങ്ങള്‍ പൂരിപ്പിച്ചു കൊണ്ടും ആയത്തുകള്‍ മനപ്പാഠം ഉരുവിട്ടുകൊണ്ടും രണ്ട് രീതിയില്‍ ഇതിന് സൗകര്യമൊരുക്കിയിരിക്കുന്നു.

 
 

മുന്‍ പതിപ്പിന്റെ നിര്‍മാണത്തിന് സഹായ സഹകരണങ്ങള്‍ നല്‍കിയ സുഊദി കെ.ഐ.ജി പ്രവര്‍ത്തകര്‍ തന്നെയാണ് പുതിയ പതിപ്പിന്റെ നിര്‍മാണത്തിനും പ്രചോദനമായി വര്‍ത്തിച്ചത്.