Click to view this issue
Tuesday, April 23, 2019
News Update
 

1437 സഫര്‍ 22

2015 ഡിസംബര്‍ 04

പുസ്തകം 72 ലക്കം 26

തൂക്കിക്കൊലകളും കലുഷമാവുന്ന ബംഗ്ലാ രാഷ്ട്രീയവും

അശ്‌റഫ് കീഴുപറമ്പ് /അന്താരാഷ്ട്രീയം‌

ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി നേതൃനിരയില്‍ നിന്ന് ഒരു രക്തസാക്ഷി കൂടി. ബംഗ്ലാ ജമാഅത്തിന്റെ സെക്രട്ടറി ജനറല്‍
 
 

         ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി നേതൃനിരയില്‍ നിന്ന് ഒരു രക്തസാക്ഷി കൂടി. ബംഗ്ലാ ജമാഅത്തിന്റെ സെക്രട്ടറി ജനറല്‍ അലി അഹ്‌സന്‍ മുഹമ്മദ് മുജാഹിദി(67)നെയാണ് ഹസീന വാജിദിന്റെ ഏകാധിപത്യ ഭരണകൂടം കഴിഞ്ഞ നവംബര്‍ 22-ന് തൂക്കിലേറ്റിയത്. ബംഗ്ലാദേശ് നാഷ്‌നലിസ്റ്റ് പാര്‍ട്ടി(ബി.എന്‍.പി)യുടെ സമുന്നത നേതാക്കളിലൊരാളായ സ്വലാഹുദ്ദീന്‍ ഖാദിര്‍ ചൗധരി(66)യെയും തൂക്കിലേറ്റിയിട്ടുണ്ട്. ചൗധരി ആറു തവണ ബംഗ്ലാ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

 
 

കള്ളക്കേസുകള്‍ ചുമത്തി പ്രതിപക്ഷ നേതൃനിരയെ തൂക്കുമരത്തിലേക്ക് പറഞ്ഞയക്കുകയാണ്. 1971-ലെ യുദ്ധക്കുറ്റങ്ങളുടെ പേരില്‍ 18 പേരായിരുന്നു വിചാരണ നേരിട്ടുകൊണ്ടിരുന്നത്. അതില്‍ ഒട്ടുമിക്ക പേരും ജമാഅത്ത് നേതാക്കള്‍. തൂക്കിലേറ്റപ്പെട്ട മൂന്നാമത്തെ ജമാഅത്ത് നേതാവാണ് മുജാഹിദ്. 2013 ഡിസംബറില്‍ അബ്ദുല്‍ ഖാദര്‍ മുല്ല, ഈ വര്‍ഷം ഏപ്രിലില്‍ മുഹമ്മദ് ഖമറുസ്സമാന്‍ എന്നീ ജമാഅത്ത് നേതാക്കള്‍ തൂക്കിലേറ്റപ്പെട്ടിരുന്നു. ഭരണകക്ഷിയായ അവാമി ലീഗിനോട് വിധേയത്വമുള്ള ജഡ്ജിമാരെ കുത്തിനിറച്ച യുദ്ധക്കുറ്റ ട്രൈബ്യൂണല്‍ എന്ന കങ്കാരു കോടതിയാണ് തുരുതുരാ വധശിക്ഷ പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നത്. ആംനസ്‌ററി പോലുള്ള മനുഷ്യാവകാശ കൂട്ടായ്മകള്‍, പ്രതിപക്ഷ നേതൃനിരയെ ആസൂത്രിതമായി ഉന്മൂലനം ചെയ്യുന്നതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. വിചാരണ വെറും പ്രഹസനമാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷ്‌നലിന്റെ ദക്ഷിണേഷ്യന്‍ ഡയറക്ടര്‍ ഡേവിഡ് ഗ്രിഫിത്‌സ് പറഞ്ഞു. തൂക്കിക്കൊലയില്‍ പ്രതിഷേധിച്ച് നവംബര്‍ 23-ന് ബംഗ്ലാ ജമാഅത്തെ ഇസ്‌ലാമി പ്രഖ്യാപിച്ച പൊതു മണിമുടക്ക് പൂര്‍ണമായിരുന്നു. അലി അഹ്‌സന്‍ മുജാഹിദിന് ജനങ്ങള്‍ക്കിടയിലുള്ള സ്വീകാര്യതയും അദ്ദേഹത്തെ വധിച്ചതിലുള്ള അവരുടെ രോഷവുമാണ് ഇതിലൂടെ പ്രകടമായതെന്ന് ബംഗ്ലാ ജമാഅത്തിന്റെ ആക്ടിംഗ് സെക്രട്ടറി ജനറല്‍ ഡോ. ശഫീഖുര്‍റഹ്മാന്‍ പറഞ്ഞു.

 
 

പ്രോസിക്യൂഷന്‍ ചുമത്തുന്ന കുറ്റങ്ങള്‍ എല്ലാവര്‍ക്കും ഏറക്കുറെ ഒന്നു തന്നെ. പീഡനം, സാംസ്‌കാരിക നായകന്മാരെയും ഹിന്ദു ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവരെയും കൊലപ്പെടുത്തല്‍, അല്‍ ബദ്ര്‍ എന്ന സായുധ സംഘത്തിന് നേതൃത്വം കൊടുക്കല്‍... ചിലരുടെ ചാര്‍ജ് ഷീറ്റില്‍ ബലാത്സംഗം എന്നു കൂടി കാണും. തെളിവിന്റെ കച്ചിത്തുരുമ്പ് പോലുമില്ലെങ്കിലും കുറ്റങ്ങളൊക്കെ സംശയാതീതമായി തെളിയിക്കപ്പെട്ടിരിക്കുന്നു എന്ന് ട്രൈബ്യൂണല്‍ പ്രഖ്യാപിക്കും. അത് കണ്ണുമടച്ച് സുപ്രീം കോടതി (ഈജിപ്ത് മോഡല്‍) ശരിവെക്കും. ഇത്രയുമാണ് 'നീതിന്യായ' പ്രക്രിയ. ദയാ ഹരജി സമര്‍പ്പിക്കുന്നുണ്ടെങ്കില്‍ അത് തള്ളാനായി പ്രസിഡന്റ് തന്റെ ബംഗ്ലാവില്‍ കാത്തിരിക്കുന്നുണ്ടാവും.  തൂക്കിലേറ്റുന്നത് എന്ന് എന്നേ പിന്നെ അറിയാനുള്ളൂ. ഈ കടുത്ത നീതിനിഷേധത്തിനെതിരെ ലോക രാഷ്ട്രങ്ങളില്‍ നിന്നോ മീഡിയയില്‍ നിന്നോ യാതൊരു പ്രതിഷേധ സ്വരവും ഉയരുന്നില്ല എന്നതാണ് നമ്മെ അമ്പരപ്പിക്കുന്നത്. വാര്‍ത്തയെന്ന പേരില്‍ ഹസീന ഭരണകൂടം പടച്ചുവിടുന്ന കള്ളങ്ങള്‍ അപ്പടി ആവര്‍ത്തിക്കുക മാത്രമാണ് ഭരണകൂടങ്ങളും മീഡിയയും ചെയ്യുന്നത്.

 
 

തൂക്കിലേറ്റപ്പെട്ട ബി.എന്‍.പി നേതാവ് സ്വലാഹുദ്ദീന്‍ ഖാദിര്‍, എച്ച്.എം ഇര്‍ശാദിന്റെ മന്ത്രിസഭയില്‍ അംഗമായിരുന്നു. അലി അഹ്‌സന്‍ മുജാഹിദാകട്ടെ ഖാലിദ സിയ മന്ത്രിസഭയില്‍ 2001 മുതല്‍ 2007 വരെ സാമൂഹിക ക്ഷേമ മന്ത്രിയായിരുന്നു. ഇവര്‍ യുദ്ധക്കുറ്റവാളികളാണെന്നും അതിനാല്‍ പാര്‍ലമെന്റിലേക്ക് അവരെ മത്സരിപ്പിക്കരുതെന്നും മന്ത്രിസഭയില്‍ എടുക്കരുതെന്നും അന്നൊന്നും ഹസീന വാജിദിന്റെ അവാമി ലീഗ് ആവശ്യപ്പെട്ടിരുന്നില്ല. എന്നു മാത്രമല്ല ജമാഅത്തുമായി ചേര്‍ന്ന് സംയുക്ത പ്രക്ഷോഭം വരെ നടത്തിയിട്ടുണ്ട് അവാമി ലീഗ്. ജമാഅത്ത് നേതാവായ പ്രഫ. ഗുലാം അഅ്‌സമിനെ തങ്ങളുടെ മന്ത്രിസഭയില്‍ ചേരാന്‍ ഒരിക്കല്‍ ഹസീന വാജിദ് ക്ഷണിക്കുകയും ചെയ്തിരുന്നു. ജമാഅത്തിന്റെ വളര്‍ച്ച തങ്ങള്‍ക്ക് ഭീഷണിയാവുമെന്ന് കണ്ടപ്പോള്‍ 2009-ലാണ് പഴയ യുദ്ധക്കുറ്റങ്ങള്‍ ഹസീന ഭരണകൂടം പൊടിതട്ടിയെടുത്തത്. ജമാഅത്ത് നേതാക്കളെ ഉന്മൂലനം ചെയ്യുക മാത്രമായിരുന്നു ട്രൈബ്യൂണല്‍ സ്ഥാപിച്ചതിന്റെ ഉദ്ദേശ്യം. അത് അങ്ങനെയല്ല എന്ന് വരുത്തിത്തീര്‍ക്കാന്‍ ഒരു ബി.എന്‍.പി നേതാവിനെക്കൂടി ഇത്തവണ തൂക്കിലേറ്റി എന്നു മാത്രം.

 
 

മരിച്ചവരുടെ പേരില്‍ കള്ളം പറയുന്ന പതിവ് ഇത്തവണയും ഹസീന വാജിദ് തെറ്റിച്ചില്ല. സ്വലാഹുദ്ദീന്‍ ചൗധരിയും അലി അഹ്‌സന്‍ മുജാഹിദും പ്രസിഡന്റിന് മാപ്പപേക്ഷ നല്‍കിയെന്നും അത് തള്ളിയതിനെ തുടര്‍ന്നാണ് വധശിക്ഷ നടപ്പാക്കിയതെന്നുമായിരുന്നു പടച്ചുവിട്ട വാര്‍ത്ത. ഇരു നേതാക്കളുടെയും അഭിഭാഷകരും കുടുംബാംഗങ്ങളും ഇത് ശക്തിയായി നിഷേധിക്കുന്നു. മാപ്പപേക്ഷ കൊടുത്തിട്ടുണ്ടെങ്കില്‍ അത് കാണിച്ച് തരാനും അവര്‍ വെല്ലുവിളിച്ചു. മാപ്പപേക്ഷ കൊടുത്തു എന്നതിന്റെ അര്‍ഥം സാങ്കേതികമായെങ്കിലും ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ ചെയ്തു എന്ന് സമ്മതിക്കലാണല്ലോ. പ്രതിപക്ഷ നേതാക്കളെ അപമാനിക്കാന്‍ തന്നെയാണ് ഇങ്ങനെയൊരു കള്ളവാര്‍ത്ത പടച്ചത്. മീഡിയ അതപ്പടി പകര്‍ത്തുകയും ചെയ്തു.

 
 

അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ വേണ്ടി ബംഗ്ലാദേശ് ജനതയുടെ ഐക്യവും സൗഹൃദവും തകര്‍ക്കുകയാണ് ഹസീന ഭരണകൂടം. ഭരണപക്ഷവും പ്രതിപക്ഷവും അക്ഷരാര്‍ഥത്തില്‍ ശത്രുക്കളായി മാറിക്കഴിഞ്ഞു. കലങ്ങിയ വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ഭീകര സംഘമായ ഐ.എസ് തക്കം പാര്‍ത്തിരിക്കുന്നു. നിരവധി സെക്കുലര്‍  ബ്ലോഗര്‍മാരുടെ കൊലപാതകം അതിലേക്കുള്ള സൂചനയാണ്. ബംഗ്ലാദേശില്‍ തങ്ങള്‍ നന്നായി 'മുതല്‍മുടക്കു'മെന്നും ഐ.എസ് പ്രഖ്യാപിച്ചു കഴിഞ്ഞു. ഇറാഖിലും സിറിയയിലുമുള്ള ഐ.എസ് ശക്തി കേന്ദ്രങ്ങളില്‍ കടുത്ത ബോംബാക്രമണം ആസന്നമായിരിക്കെ, അവര്‍ ബംഗ്ലാദേശിലേക്ക് ഒളിച്ചു കടക്കാനുള്ള സാധ്യത വര്‍ധിച്ചിരിക്കുന്നു. അത് ഇന്ത്യക്കും ഭീഷണിയാണ്. തീര്‍ത്തും ബുദ്ധിശൂന്യമായ പ്രതികാര നടപടികളുമായി ഹസീന മുന്നോട്ടുപോകുന്ന പക്ഷം പ്രവചനാതീതമായ ദുരന്തങ്ങളായിരിക്കും ബംഗ്ലാദേശിനെ കാത്തിരിക്കുന്നുണ്ടാവുക.