Click to view this issue
Saturday, April 20, 2019
News Update
 

1437 മുഹര്‍റം 24

2015 നവംബര്‍ 06

പുസ്തകം 72 ലക്കം 22

ഇസ്‌ലാമിക വിജ്ഞാനകോശം 12-ാം വാല്യം അറിവിന്റെ വിസ്മയിപ്പിക്കുന്ന കലവറ

ജമാല്‍ കടന്നപ്പള്ളി /പുസ്തകം‌

ഇസ്‌ലാമിക വിജ്ഞാനകോശത്തിന്റെ 12-ാം വാല്യം കാണുമ്പോള്‍ അനല്‍പ്പമായ സന്തോഷവും അതോടൊപ്പം അമ്പരപ്പും
 
 

         ഇസ്‌ലാമിക വിജ്ഞാനകോശത്തിന്റെ 12-ാം വാല്യം കാണുമ്പോള്‍ അനല്‍പ്പമായ സന്തോഷവും അതോടൊപ്പം അമ്പരപ്പും അനുഭവപ്പെടും. വമ്പിച്ച വിഭവശേഷിയും തികഞ്ഞ അര്‍പ്പണ ബോധവും നിരന്തരമായ കഠിനാധ്വാനവും ആവശ്യമായ ഒരു ദൗത്യം, അതിന്റെ വഴി ദൂരം പിന്നിട്ടപ്പോള്‍, അല്ലാഹുവിന്റെ അതിമഹത്തായ അനുഗ്രഹം നാം തൊട്ടറിയുന്ന നിമിഷങ്ങള്‍..

 
 

ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസിന്റെ സാഹസികമായ ഈ യത്‌നത്തെ എത്ര ശ്ലാഘിച്ചാലും മതിയാവുകയില്ല. 1995-ലായിരുന്നു വിജ്ഞാനകോശത്തിന്റെ പ്രഥമ വാള്യം ഒന്നാം പതിപ്പ് പുറത്തിറങ്ങിയത്. അതാവട്ടെ 1980-കളുടെ അവസാനം ഏഴു വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെയുള്ള ചിന്തയുടെ ഫലമായിരുന്നുവെന്ന് പ്രഥമ പതിപ്പിന്റെ പ്രസാധകക്കുറിപ്പ് പറയുന്നുണ്ട്. വൈക്കം മുഹമ്മദ് ബഷീര്‍, കെ.സി അബ്ദുല്ല മൗലവി തുടങ്ങിയ പ്രഗത്ഭമതികള്‍ സ്വപ്നം കാണുകയും തങ്ങളുടേതായ സംഭാവനകള്‍ അര്‍പ്പിക്കുകയും ചെയ്ത ഒരാശയം ഇപ്പോള്‍ 12-ാം വാല്യത്തില്‍, അതായത് ചരിത്രവഴിയുടെ ഏറക്കുറെ മുക്കാല്‍ ഭാഗവും താണ്ടി എന്നത് അഭിമാനാര്‍ഹം തന്നെ. 

 
 

വ്യഞ്ജനാക്ഷരങ്ങളില്‍ 'ജി' മുതലുള്ള ശീര്‍ഷകങ്ങളും ഝ,ഞ,ട,ഡ എന്നീ അക്ഷരങ്ങളിലെ മുഴുവനും 'ത' എന്ന അക്ഷരത്തിന്റെ ആദ്യ ഭാഗവും ഉള്‍ക്കൊള്ളുന്നതാണ് 12-ാം വാല്യം. ഇസ്‌ലാമിന്റെ നിരവധി സംജ്ഞകളുടെ അര്‍ഥവൈവിധ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന വാല്യമെന്ന നിലക്ക് ഇതിന് ഏറെ പ്രാധാന്യമുണ്ട്. ഉദാഹരണമായി ജിഹാദ്. ജിഹാദിന്റെ ഭാഷാപരമായ ഉല്‍പത്തി, അതിന്റെ മഹത്വം, അതിന്റെ ലക്ഷ്യം, വിവിധ രൂപങ്ങള്‍, പ്രസക്തി, ജിഹാദിനെ തെറ്റിദ്ധിരിപ്പിച്ചവര്‍, അതിനെതിരായ പ്രചാരണങ്ങള്‍, ആ സംജ്ഞയുടെ ദുരുപയോഗം എന്നിങ്ങനെ ഏറെ സമഗ്രമായിത്തന്നെ ജിഹാദ് വിലയിരുത്തപ്പെടുന്നു. ഒപ്പം അല്‍ ജിഹാദ് ഫില്‍ ഇസ്‌ലാം എന്ന സയ്യിദ് മൗദൂദിയുടെ വിഖ്യാത കൃതിയെക്കുറിച്ച വിവരണവുമുണ്ട്. മൊത്തം വായിച്ചു കഴിയുമ്പോള്‍ ജിഹാദ് എന്ന 'പൊള്ളുന്ന' പദം ഇത്രമേല്‍ മനുഷ്യഗന്ധിയാണല്ലോ എന്ന് നമ്മള്‍ അത്ഭുതപ്പെടും. 

 
 

12-ാം വാല്യത്തിലെ ഏറ്റവും വലുതും ശ്രദ്ധേയവുമായ ശീര്‍ഷകം 'തസ്വവ്വുഫ്' ആണ്. പദനിഷ്പത്തി, തദ് സംബന്ധമായ വ്യത്യസ്ത അഭിപ്രായങ്ങള്‍, ഉത്ഭവം, വളര്‍ച്ച, പരിണാമങ്ങള്‍, സ്വൂഫിസത്തില്‍ കടന്നു കൂടിയ ഇതര മത സ്വാധീനങ്ങള്‍, സ്വൂഫിസത്തിലെ വ്യത്യസ്ത ചിന്താധാരകള്‍, ത്വരീഖത്തുകള്‍, വിശ്വാസ പ്രമാണങ്ങള്‍, ആചാരങ്ങള്‍, തത്വചിന്തകള്‍ എന്നിങ്ങനെ തസ്വവ്വുഫിനെ വസ്തുനിഷ്ഠമായി ഇതില്‍ അപഗ്രഥിക്കുന്നു. 

 
 

അടുത്തിടെ നമ്മുടെ നാട്ടില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ജിന്നിനെക്കുറിച്ചും പുതിയ ഇസ്‌ലാമിക വിജ്ഞാനകോശത്തില്‍ നല്ലൊരു പഠനമുണ്ട്. ജിന്ന്, ജിന്നും മലക്കും, ജിന്നുകളുടെ ഉല്‍പത്തി, ജിന്നും ചെകുത്താനും, ജിന്നും മനുഷ്യനും എന്നിങ്ങനെയുള്ള ഉപശീര്‍ഷകങ്ങളില്‍ വിഷയം ക്രമീകരിച്ചിരിക്കുന്നു.

 
 

തഫ്‌സീര്‍ (ഖുര്‍ആന്‍ വ്യാഖ്യാനം) ആണ് ഈ വാല്യത്തിലെ മറ്റൊരു മുഖ്യ ശീര്‍ഷകം. എന്താണ് ഖുര്‍ആന്‍ വ്യാഖ്യാനം എന്ന് വിവരിച്ച ശേഷം വിവിധ ഖുര്‍ആന്‍ വ്യാഖ്യാനങ്ങളെയും വ്യാഖ്യാതാക്കളെയും പരിചയപ്പെടുത്തുന്നു. വിശുദ്ധ ഖുര്‍ആന്റെ ബൗദ്ധികവും ചിന്താപരവുമായ വ്യാഖ്യാനം, വ്യാഖ്യാന ചരിത്രം, ഉപാധികള്‍, വ്യാഖ്യാനത്തിന്റെ ഉത്തമ രീതി, താബിഇകളുടെ തഫ്‌സീര്‍, സ്വേഛാനുസാരം വ്യാഖ്യാനിക്കല്‍, അവതരണ ഹേതു, ഖുര്‍ആന്‍ വിധികളുടെ വ്യാപകത്വം എന്നിങ്ങനെ നീണ്ട വിവരണങ്ങള്‍ക്ക് പുറമെ, അത്തഫ്‌സീര്‍ വല്‍ മുഫസ്സിറൂന്‍ എന്ന പ്രശസ്ത കൃതിയെക്കുറിച്ചും പുരാതനവും ആധുനികവുമായ 10 പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങളെക്കുറിച്ചും സാമാന്യ വിവരണവും ഉള്‍പ്പെടുത്തിയിരിക്കുന്നു. 

 
 

 ഏറെ ശ്രദ്ധേയമായ മറ്റൊരു തലക്കെട്ട് തര്‍ജമയാണ്. ഇസ്‌ലാമിക നാഗരികതയുടെ വികാസ പരിണാമങ്ങളില്‍ തര്‍ജമ(വിവര്‍ത്തനം)ക്കുള്ള പങ്ക് സുപ്രധാനമാണ്. വിശിഷ്യ യൂറോപ്പിനെ അതിന്റെ ഇരുണ്ട യുഗത്തില്‍ നിന്ന് നവോത്ഥാനത്തിലേക്ക് കൈ പിടിച്ചുയര്‍ത്തിയതില്‍ അറബി ഭാഷയില്‍ നിന്നുള്ള വിവര്‍ത്തനങ്ങള്‍ ഏറെ പങ്ക് വഹിച്ചിട്ടുണ്ട്. ഉമവീ കാലഘട്ടം മുതല്‍ ആരംഭിച്ച തര്‍ജമ പ്രസ്ഥാനത്തിന്റെ ചരിത്രം ഈ കൃതിയില്‍ നിന്ന് വായിച്ചെടുക്കാം. അറബ് ഇസ്‌ലാമിക നാഗരികതയിലെ വിവര്‍ത്തനത്തിന്റെ മൂന്ന് സുപ്രധാന ഘട്ടങ്ങള്‍ സവിസ്തരമായി തന്നെ പ്രതിപാദിച്ചിട്ടുണ്ട്. വിവിധ പൗരാണിക ഭാഷകളില്‍ നിന്ന് അറബിയിലേക്കും അറബിയില്‍ നിന്ന് ആധുനിക ഭാഷാ ലോകത്തേക്കും കണ്‍തുറന്ന വിജ്ഞാന വെളിച്ചത്തെക്കുറിച്ച് പഠിച്ചാല്‍ അറബ് തര്‍ജമ പ്രസ്ഥാനം മനുഷ്യരാശിക്ക് നല്‍കിയ സംഭാവനകള്‍ എത്രമേല്‍ വലുതാണെന്ന കാര്യം നമ്മെ അമ്പരപ്പിക്കും. നിരവധി പ്രശസ്ത വിവര്‍ത്തകരെക്കുറിച്ചും ബൈതുല്‍ ഹിക്മ (ബഗ്ദാദ്), ദാറുല്‍ ഹിക്മ (കൈറോ) തുടങ്ങിയ വിവര്‍ത്തന വിദ്യാ പീഠങ്ങളെക്കുറിച്ചും ഈ ഭാഗത്ത് വിവരിക്കുന്നു. തവക്കുല്‍, തഖ്‌വ, തഖ്‌ലീദ്, തബര്‍റുക്, തഹജ്ജുദ്, തര്‍ബിയത്, തസ്‌കിയത്, തവസ്സുല്‍ തുടങ്ങി നിരവധി സുപ്രധാന സംജ്ഞകളുടെ വിശദമായ വിവരണങ്ങളും ഈ വാല്യത്തില്‍ വായിക്കാം. 

 
 

വ്യക്തി ചിത്രങ്ങളില്‍ ടിപ്പു സുല്‍ത്താന്‍ മുതല്‍ തവക്കുല്‍ കര്‍മാന്‍ വരെ ഒട്ടേറെ മഹത്തുക്കളെ കണ്ടുമുട്ടാം. ജെഫ്രി ലാംഗും തലത് മഹ്മൂദും തസ്‌ലീമ നസ്‌റീനും അവരിലുണ്ട്. തങ്ങന്മാര്‍ എന്ന സയ്യിദ് കുടുംബങ്ങളെക്കുറിച്ചും സാമാന്യം ദീര്‍ഘമായ വിവരണം തന്നെയാണുള്ളത്. ഡെന്‍മാര്‍ക്, ടാന്‍സാനിയ പോലുള്ള വിദേശ നാടുകള്‍ മുതല്‍ ഞാറയില്‍ കോണം, തലശ്ശേരി, തളങ്കര, തളിപ്പറമ്പ് പോലുള്ള കേരളത്തിലെ സ്ഥലങ്ങളെയും പരിചയപ്പെടുത്തുന്നു. ജെ.ഡി.റ്റി ഇസ്‌ലാം ഓര്‍ഫനേജ്, തര്‍ബിയതുല്‍ ഇസ്‌ലാം സഭ എന്നിവ വെറും സ്ഥാപനങ്ങളല്ലെന്നും കേരള മുസ്‌ലിം ചരിത്രത്തിലെ നാഴികക്കല്ലുകളാണെന്നും അവയെക്കുറിച്ച ശീര്‍ഷകങ്ങള്‍ ബോധ്യപ്പെടുത്തും. പ്രശസ്തമായ 'തരിസാപള്ളി ശാസനം' മുതല്‍ നമ്മുടെ  തറവാട് സമ്പ്രദായം വരെയും നിരൂപണം ചെയ്യപ്പെടുന്നു. തബ്‌ലീഗ് ജമാഅത്തിനെ പറ്റിയും സമഗ്രമായ വിവരണമുണ്ട്. തമിഴ്‌നാടിന്റെ ഇസ്‌ലാമിക പാരമ്പര്യവും ചരിത്രവും കൗതുകത്തോടെ വായിച്ചുപോകാം. അറക്കല്‍ രാജവംശത്തിലെ ജൂനുമ്മാ ബീവി എന്ന ഭരണാധികാരിയും മലയാളി മുസ്‌ലിം എഴുത്തുകാരി തങ്കമ്മാ മാലിക്കും ഈ വാല്യത്തില്‍ തന്നെയാണ് കടന്നുവരുന്നത്. 

 
 

ആഗോള ഇസ്‌ലാമിക നാഗരിക കേന്ദ്രങ്ങളുടെയും മസ്ജിദുകളുടെയും ചരിത്ര പുരുഷന്മാരുടെയും മനോഹരമായ വര്‍ണ ചിത്രങ്ങളാണ് മറ്റെല്ലാ വാല്യങ്ങളെയും പോലെ ഈ വാല്യത്തെയും സമ്പന്നമാക്കുന്ന മറ്റൊരു ഘടകം. ഇസ്‌ലാമിക ദര്‍ശനവുമായും മുസ്‌ലിം സമൂഹവുമായും ബന്ധപ്പെട്ട 900 ത്തോളം ശീര്‍ഷകങ്ങള്‍ ഉള്‍ക്കൊള്ളുന്ന 12ാം വാല്യം വിജ്ഞാന വൈവിധ്യത്തിന്റെ അമ്പരപ്പിക്കുന്ന വന്‍ കലവറകള്‍ തന്നെയാണ് നമുക്ക് മുന്നില്‍ തുറന്നു വെക്കുന്നത്.