Click to view this issue
Sunday, April 21, 2019
News Update
 

1432 ദുല്‍ഖഅദ് 3

2011 ഒക്‌ടോബര്‍ 1

പുസ്തകം 68 ലക്കം 17

അല്‍ജസീറ ഡയറക്ടര്‍ രാജിവെച്ചു

ഖത്തര്‍ ആസ്ഥാനമായ അല്‍ജസീറ ചാനലിന്റെ ജനറല്‍ ഡയറക്ടര്‍ വദ്ദാഹ് ഖന്‍ഫര്‍ എട്ട് വര്‍ഷത്തെ സേവനത്തിന് ശേഷം രാജിവെച്ചു. ഫലസ്ത്വീന്‍ പൌരനായ ഖന്‍ഫറിന് പകരം ഖത്തര്‍ രാജകുടുംബത്തിലെ അഹ്മദ് ബിന്‍ ജാസിം മുഹമ്മദ് ആല്‍ഥാനി...

 
 

ഖത്തര്‍ ആസ്ഥാനമായ അല്‍ജസീറ ചാനലിന്റെ ജനറല്‍ ഡയറക്ടര്‍ വദ്ദാഹ് ഖന്‍ഫര്‍ എട്ട് വര്‍ഷത്തെ സേവനത്തിന് ശേഷം രാജിവെച്ചു. ഫലസ്ത്വീന്‍ പൌരനായ ഖന്‍ഫറിന് പകരം ഖത്തര്‍ രാജകുടുംബത്തിലെ അഹ്മദ് ബിന്‍ ജാസിം മുഹമ്മദ് ആല്‍ഥാനി നിയമിതനായതായി ചാനല്‍ വൃത്തങ്ങള്‍ അറിയിച്ചു. ഖന്‍ഫറിന്റെ രാജി കാരണം വ്യക്തമല്ല.

 
അതേസമയം എട്ട് വര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ തന്നെ വിരമിക്കാന്‍ അനുവദിക്കണമെന്ന് ബോര്‍ഡ് ചെയര്‍മാനോട് ആവശ്യപ്പെട്ടിരുന്നുവെന്നും അത് സ്വീകരിക്കുന്നതിലൂടെ തന്റെ ആവശ്യം പരിഗണിക്കുകയാണ് ചാനല്‍ അധികൃതര്‍ ചെയ്തതെന്നും വദ്ദാഹ് ഖന്‍ഫര്‍ പറഞ്ഞു. 'അറബ് വസന്ത'ത്തിന്റെ മുഖ്യ ചാലകശക്തിയായി അല്‍ജസീറയെ മാറ്റിയതാണ് ഖന്‍ഫറിന്റെ ഏറ്റവും വലിയ സംഭാവന. ചാനലിന്റെ ധീരമായ നിലപാടുകളും സ്വതന്ത്ര റിപ്പോര്‍ട്ടിംഗും പ്രക്ഷോഭകാരികള്‍ക്കുള്ള അകമഴിഞ്ഞ പിന്തുണയും പലരുടെയും ഉറക്കം കെടുത്തിയിരുന്നു.

 
 


 
മാലിക് അല്‍മഗ്രിബി  ലിബിയയിലെ പ്രായം കുറഞ്ഞ പത്രപ്രവര്‍ത്തകന്‍
 
ലിബിയന്‍ വിപ്ളവത്തിന്റെ വാര്‍ത്തകളും ചിത്രങ്ങളും പുറംലോകത്തിന് നല്‍കി പേരെടുത്ത കുട്ടിപത്രപ്രവര്‍ത്തകനാണ് 14കാരനായ മാലിക് അല്‍മഗ്രിബി. ലിബിയയിലെ ഏറ്റവും പ്രായം കുറഞ്ഞ ഈ പത്രപ്രവര്‍ത്തകന്‍ ബിന്‍ ഗാസിയിലെ മാധ്യമ പ്രവര്‍ത്തകര്‍ താമസിക്കുന്ന ഹോട്ടലിലും പത്രസമ്മേളനങ്ങളിലും സ്ഥിരം സാന്നിധ്യമാണ്. ഇറ്റാലിയന്‍ അധിനിവേശത്തില്‍ നിന്ന് ലിബിയയെ മോചിപ്പിച്ച ഉമര്‍ അല്‍മുഖ്താറിന്റെ കുടുംബത്തില്‍ നിന്നാണ് വിപ്ളവകാരികള്‍ക്ക് സഹായവുമായി മാലികും രംഗപ്രവേശം ചെയ്തത്. അപകടകരമായ സാഹചര്യത്തില്‍ പുറത്തിറങ്ങരുതെന്ന പിതാവിന്റെ വിലക്കിനെ ലംഘിച്ചാണ് മാലിക് കുടുംബത്തിന്റെ കണ്ണുവെട്ടിച്ച് പുറത്തുകടന്ന് മാധ്യമ പ്രവര്‍ത്തകരോടൊപ്പം ചേര്‍ന്നത്. ചുമര്‍ പത്രങ്ങള്‍ക്ക് പുറമെ ഫേസ്ബുക്കിലും മാലിക് പ്രസിദ്ധനായി. വിപ്ളവം ജയിച്ചതില്‍ അതിയായി സന്തോഷിക്കുന്നുവെന്ന് മാലിക് പറഞ്ഞു. കമ്പ്യൂട്ടറിനെക്കുറിച്ചും ആധുനിക മാധ്യമത്തെക്കുറിച്ചും ബാല്യത്തില്‍ തന്നെ കുറിപ്പുകള്‍ എഴുതിത്തുടങ്ങിയിരുന്നു മാലിക്.

 
 

 

 
 

21 വര്‍ഷം ഇസ്രയേലില്‍ ഈജിപ്തിനെ പ്രതിനിധീകരിച്ച

 
മുഹമ്മദ് ബസ്യൂനി അന്തരിച്ചു

 
 

ഇസ്രയേലിലെ ഈജിപ്ത് എംബസിയില്‍ 21 വര്‍ഷം ചെലവഴിച്ച മുഹമ്മദ് ബസ്യൂനി അന്തരിച്ചു. 1979ല്‍ ഈജിപ്തും ഇസ്രയേലും തമ്മിലുണ്ടാക്കിയ കേമ്പ് ഡേവിഡ് കരാറിനെത്തുടര്‍ന്നാണ് ബസ്യൂനി തെല്‍അവീവില്‍ അംബാസഡറായി നിയമിക്കപ്പെട്ടത്. ഇടക്കാലത്ത് ഇരു രാജ്യങ്ങളും തമ്മിലുണ്ടായ അസ്വാരസ്യങ്ങള്‍ കാരണം നയതന്ത്ര കാര്യാലയങ്ങള്‍ നിര്‍ത്തിവെച്ചിരുന്നെങ്കിലും, 14 വര്‍ഷം ബസ്യൂനി അംബാസഡറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിപ്ളവാനന്തര ഈജിപ്ഷ്യന്‍ തലസ്ഥാനത്ത്, അതിര്‍ത്തിയില്‍ ആറ് ഈജിപ്തുകാര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ഇസ്രയേല്‍ എംബസിക്ക് നേര്‍ക്കുണ്ടായ പ്രതിഷേധങ്ങള്‍ക്ക് ശേഷം മുഹമ്മദ് ബസ്യൂനി മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു. ഇസ്രയേലുമായി സമാധാന ശ്രമങ്ങള്‍ നടത്തുന്നതാണ് യുദ്ധത്തേക്കാള്‍ ഉത്തമമെന്ന നിലപാടിലായിരുന്നു അദ്ദേഹം. 74-ാം വയസ്സിലാണ് ബസ്യൂനി അന്തരിച്ചത്.

 
 

 

 
 


 
ഖദ്ദാഫി ഭീഷണിയായിരുന്നെന്ന് 'അര്‍റഅ്യ്' ചാനല്‍ ഉടമ

 
 

ലിബിയന്‍ പ്രസിഡന്റ് മുഅമ്മറുല്‍ ഖദ്ദാഫി തന്റെ ചാനലിന്റെ നിലനില്‍പിനും ഭീഷണിയായിരുന്നെന്ന് സിറിയന്‍ സാറ്റലെറ്റ് ചാനല്‍ ഉടമയായ മശ്ആന്‍ അല്‍ജബൂരി പറഞ്ഞു. എന്നാല്‍ ഒളിവില്‍ പോയ ശേഷം അര്‍റഅ്യ് ചാനലാണ് ഖദ്ദാഫിയുടെ റെക്കോര്‍ഡുകള്‍ പുറത്ത് വിട്ടിരുന്നത്. ഈജിപ്തില്‍ വിപ്ളവം നടന്നപ്പോള്‍ വിപ്ളവകാരികളുടെ വിവരങ്ങള്‍ പുറത്തുവിട്ട് അര്‍റഅ്യ് ചാനല്‍ പ്രസിദ്ധമായിരുന്നു. ശേഷം ലിബിയന്‍ വിപ്ളവകാരികളുടെ വിവരങ്ങളും ചാനല്‍ പുറത്തുവിട്ടു. എന്നാല്‍ ഖദ്ദാഫി ട്രിപളി വിട്ടതോടെ അദ്ദേഹത്തിന്റെ റെക്കോര്‍ഡുകള്‍ പുറത്തുവിടാനും ചാനലിന് അവസരം അനുവദിച്ചു. ഖദ്ദാഫിയോട് യോജിച്ചാലും വിയോജിച്ചാലും അദ്ദേഹത്തിന് പറയാനുള്ളതും പുറംലോകം അറിയണമെന്നതാണ് തന്റെ നിലാപാടെന്ന് അല്‍ജബൂരി പറഞ്ഞു.

 
ഇറാഖ് പൌരനായ മശ്ആന്‍ അല്‍ജബൂരി സദ്ദാമിന്റെ മകന്‍ അദിയ്യിന്റെ അടുത്ത സുഹൃത്തും സമ്പന്നനായ ബിസ്നസുകാരനുമായിരുന്നു. 2003ല്‍ അമേരിക്ക സദ്ദാമിനെ താഴെയിറക്കിയത് മുതല്‍ സിറിയന്‍ തലസ്ഥാനമായ ദമസ്കസ് ആസ്ഥാനമായാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്.

 
 

 

 
 

ലിബിയയുടെ ഭാവി ഭൂരിപക്ഷത്തിന്റെ

 
ഹിതമനുസരിച്ച് തീരുമാനിക്കണം: അലി അസ്സലാബി
 
ലിബിയയില്‍ ആര് ഭരണത്തില്‍ വരണമെന്ന് തീരുമാനിക്കാന്‍ ഓരോ ലിബിയക്കാരനും അവകാശമുണ്ടെന്നും ഏതെങ്കിലും നിക്ഷിപ്ത താല്‍പര്യക്കാരുടെ ഇഷ്മനുസരിച്ചല്ല രാഷ്ട്രത്തിന്റെ ഭാവി തീരുമാനിക്കേണ്ടതെന്നും ഇസ്ലാമിസ്റ് നേതാവും അന്താരാഷ്ട്ര പണ്ഡിത സമിതിയംഗവുമായ അലി അസ്സലാബി പറഞ്ഞു. നാഷനല്‍ ട്രാന്‍സിഷന്‍ കൌണ്‍സില്‍ (എന്‍.ടി.സി) മേധാവികളാല്‍ നിയോഗിതനായ മഹ്മൂദ് ജിബ്രീല്‍ സെക്യുലര്‍ ചിന്താഗതിക്കാരായ ന്യൂനപക്ഷത്തിന് അര്‍ഹിക്കുന്നതിലധികം പ്രാധാന്യം നല്‍കി ഇസ്ലാമിസ്റുകളായ ഭൂരിപക്ഷത്തെ തഴയുകയാണെന്ന് അസ്സലാബി കുറ്റപ്പെടുത്തി. വിപ്ളവാനന്തര ലിബിയയില്‍ സ്വതന്ത്രമായ തെരഞ്ഞെടുപ്പിന് അവസരമുണ്ടാക്കണം. അതിലൂടെ ആര് ലിബിയ ഭരിക്കണമെന്ന് പൊതുജനം തീരുമാനിക്കട്ടെ. ലിബിയന്‍ ജനതയുടെയോ അറബ് ലോകത്തിന്റെയോ അന്താരാഷ്ട്ര സമൂഹത്തിന്റെയോ പിന്തുണയുള്ളവരല്ല ന്യൂനപക്ഷമായ സെക്യുലരിസ്റുകള്‍. അതേസമയം ഇസ്ലാമിക വികാരമുള്ളവരെ ഇവര്‍ തീവ്രവാദികളെന്നും കാലഘട്ടത്തിന് നിരക്കാത്ത ചിന്താഗതിക്കാരെന്നും വിശേഷിപ്പിച്ച് അകറ്റി നിര്‍ത്താനാണ് ശ്രമിക്കുന്നതെന്നും അലി അസ്സലാബി പറഞ്ഞു.