Click to view this issue
Sunday, April 21, 2019
News Update
 

1436 റമദാന്‍ 30

2015 ജൂലൈ 17

പുസ്തകം 72 ലക്കം 8

മരുഭൂമിയിലെ വാടാമലരുകള്‍

ടി.ഇ.എം. റാഫി വടുതല /അനുഭവം‌

ഗള്‍ഫ് രാഷ്ട്രങ്ങളിലേക്കുള്ള യാത്ര എന്നും ഹൃദയത്തിന് അതിരില്ലാത്ത ആനന്ദം നല്‍കാറുണ്ട്. ജനിച്ച് വളര്‍ന്ന നാട്ടില്‍നിന്ന്
 
 

         ഗള്‍ഫ് രാഷ്ട്രങ്ങളിലേക്കുള്ള യാത്ര എന്നും ഹൃദയത്തിന് അതിരില്ലാത്ത ആനന്ദം നല്‍കാറുണ്ട്. ജനിച്ച് വളര്‍ന്ന നാട്ടില്‍നിന്ന് ഭിന്നമായ ഭൂപ്രകൃതിയും സംസ്‌കാരവും ജീവിതശൈലിയും നമ്മെ വല്ലാതെ ആകര്‍ഷിച്ചുപോകും. സാഹിത്യ കൃതികളിലെ മരീചികയും വിജനതയും നമ്മെ ഭയപ്പെടുത്തുമ്പോഴും, മരുഭൂമി ഒരു മഹാത്ഭുതമായി നമ്മുടെ മുന്നില്‍ അവശേഷിക്കും. തിളച്ചു മറിയുന്ന മരീചികക്ക് നടുവില്‍ വാടാതെ നില്‍ക്കുന്ന ഒറ്റപ്പെട്ടതെങ്കിലും ചില മരുപ്പച്ചകള്‍ ചില വന്‍മരങ്ങളെക്കാള്‍ വിസ്മയവും മനോഹരവുമാകും. മുന്‍വര്‍ഷത്തെ ഹൃദ്യവും സ്‌നേഹനിര്‍ഭരവുമായ ദുബൈ യാത്രയുടെ സുരഭില സ്മരണകള്‍ മനസ്സില്‍ താലോലിച്ച്‌കൊണ്ടാണ് റമദാന്റെ ആദ്യനാളുകളില്‍ ദുബൈയില്‍ വിമാനമിറങ്ങിയത്. ത്യാഗത്തിന്റെ വേറിട്ട ജീവിതാനുഭവങ്ങളില്‍ സ്വപ്നങ്ങള്‍ നെയ്യുന്ന സഹോദരന്മാരെ കാണുമ്പോള്‍ സ്‌നേഹവും സഹതാപവും ഒരുപോലെ അണപൊട്ടി ഒഴുകാറുണ്ട്.

 
 

കേരളത്തിലെ ചെറുതും വലുതുമായ ഭൂപ്രദേശങ്ങളെ പറിച്ച് നട്ടത് പോലെ തോന്നും ഗള്‍ഫിലെ പ്രാദേശിക കൂട്ടായ്മകള്‍ കണ്ടാല്‍. ഗള്‍ഫിലിറങ്ങുന്ന മലയാള പത്രങ്ങള്‍ വായിച്ചാല്‍ കേരളത്തിലെ മുസ്‌ലിം സംഘടനകളുടെ സംഗമഭൂമിയാണോ ഈ അറേബ്യന്‍ ഗള്‍ഫെന്ന് തോന്നിപ്പോകും. റമദാന്‍ പ്രഭാഷണങ്ങള്‍, ഇഫ്ത്വാര്‍ സംഗമങ്ങള്‍, മഹല്ല്, ജില്ലാ, മേഖലാ കൂട്ടായ്മകള്‍... മരുഭൂമിയുടെ ചൂടേറ്റ് ചോര നീരാക്കി അധ്വാനത്തിന്റെ ശേഷിപ്പുകള്‍ നാടിനും നാട്ടുകാര്‍ക്കും നീക്കിവെക്കുന്ന വിശാല ഹൃദയങ്ങള്‍ ഉദാരതയുടെ മഹാസാഗരങ്ങള്‍ തന്നെ. പ്രവാസിയുടെ ശരീരത്തില്‍ അധ്വാനത്തിന്റെ വിയര്‍പ്പ് പൊടിയുമ്പോള്‍ ഹൃദയത്തിന് സേവനത്തിന്റെ അത്തര്‍ മണക്കുന്നു. ആ സുഗന്ധം കസ്തൂരിയെക്കാള്‍ പരിമളമുള്ളത്. നാട്ടില്‍ കണ്ട് ശീലിച്ച മത-സാമൂഹിക- സാംസ്‌കാരിക-രാഷ്ട്രീയ പരിപാടികള്‍ ഇവിടെ കാണാനില്ല. കൊടി തോരണങ്ങളും സമര മുദ്രാവാക്യങ്ങളും പരസ്യം പതിച്ച ചുവരുകളും ലവലേശമില്ല. അതിനാല്‍ നാവടക്കി പണി എടുക്കുകയും ശരീരമനങ്ങി സേവനസന്നദ്ധരാവുകയും ചെയ്യുന്നു ഓരോ പ്രവാസിയും.

 
 

കേരളം വര്‍ഷകാലത്തിന്റെ പേമാരിയില്‍ തണുത്തു വിറയ്ക്കുന്നു. എന്നാല്‍ കൊടും ചൂടില്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍ വിയര്‍ക്കുന്നു. തലയോട്ടി പൊട്ടുകയും മാംസം ചുട്ട് പൊള്ളുകയും ചെയ്യുന്ന അത്യുഷ്ണത്തില്‍ അതിരാവിലെ ജോലിസ്ഥലത്തെത്തുന്നു ഓരോ പ്രവാസിയും. പ്രദോഷത്തിലെങ്കിലും അല്‍പം സുഖനിദ്ര പൂകുന്നവരാണെന്ന് നാം ഇവരെ സംബന്ധിച്ച് വിചാരിക്കും, എന്നാല്‍ ആ പതിവ് ധാരണകളെ തെറ്റിക്കുന്ന ഒരുപിടി യുവാക്കളുണ്ടിവിടെ. മരുഭൂമിയാണെങ്കിലും അവിടെയും പ്രതീക്ഷകളുടെ മരുപ്പച്ചകളുണ്ടല്ലോ. വിജനമായ മരുപ്പറമ്പിനെ വശ്യമനോഹരമാക്കുന്ന കൊച്ചു കൊച്ചു ഹരിത ഭംഗികള്‍. ഗള്‍ഫ് പ്രവാസികളുടെ സാംസ്‌കാരിക കൂട്ടായ്മകളില്‍ 'യൂത്ത് ഇന്ത്യ'യുടെ പ്രവര്‍ത്തനം മരുപ്പച്ച പോലെ വശ്യമാണ്. ഊഷരമായ മരുഭൂമിയെ അല്‍പ്പമെങ്കിലും ഹരിതാഭമാക്കുകയാണല്ലോ ഈ മരുപ്പച്ച. കര്‍മങ്ങള്‍ ചെയ്യുക എന്നതിനപ്പുറം സാഹചര്യങ്ങളുടെ തേട്ടമനുസരിച്ച് കര്‍മം ചെയ്യുന്നതാണല്ലോ മഹത്തരം. വേണ്ടത് വേണ്ട സമയത്ത് വേണ്ടത് പോലെ അനുഷ്ഠിക്കാനാണ് വിശ്വാസികളോട് പ്രപഞ്ചനാഥന്‍ അനുശാസിച്ചിട്ടുള്ളതും. 

 
 

പകല്‍ നോമ്പും രാവില്‍ നമസ്‌കാരവും നീണ്ട വിശ്രമവുമാണ് റമദാനെ സംബന്ധിച്ച സാമ്പ്രദായിക ധാരണ. അതിനാല്‍ തന്നെ റമദാനില്‍ ഹോസ്പിറ്റലുകളില്‍ രക്തം നല്‍കുന്നവരുടെ എണ്ണം വളരെ കുറവാണ്. പകലിലെ നോമ്പും കഠിനാധ്വാനം നിറഞ്ഞ ജോലികളും ഭക്ഷണക്രമങ്ങളില്‍ വരുന്ന മാറ്റവും ആരോഗ്യത്തെ സംബന്ധിച്ച ആശങ്കകളും രക്തദാനത്തില്‍ നിന്ന് ജനങ്ങളെ അകറ്റി നിര്‍ത്തുന്നു. അതിനാല്‍ ബ്ലഡ്ബാങ്കുകളില്‍ അനുഭവപ്പെടുന്ന രക്ത ദൗര്‍ലബ്യം വളരെ കൂടുതലാണ്. ആതുരാലയങ്ങളും രോഗികളും ഈ ഘട്ടത്തില്‍ ഒരുപോലെ പ്രയാസപ്പെടുന്നു. പക്ഷെ യൂത്ത് ഇന്ത്യ ഈ പ്രതിസന്ധി ഘട്ടങ്ങളില്‍ നോക്കി നില്‍ക്കുകയല്ല, രക്തം ദാനം നല്‍കി ഈ വലിയ പ്രതിസന്ധിയെ മറികടക്കുകയായിരുന്നു. 

 
 

ആലസ്യത്തിന്റെ നീര്‌കെട്ടി അലക്ഷ്യമായി സഞ്ചരിച്ച് അകാലത്തില്‍ വാര്‍ധക്യം ബാധിച്ച നിഷ്‌ക്രിയ യൗവനമല്ല ഇവര്‍. സിരകളില്‍ തിളച്ചുമറിയുന്ന രക്തത്തെ സ്വന്തം സഹോദരങ്ങളുടെ സിരകളിലേക്ക് പകര്‍ത്തുന്നു ഈ സര്‍ഗാത്മക യൗവനം. അവശന്റെ ആര്‍ത്തനാദവും രോഗികളുടെ ദീനവിലാപങ്ങളും കൂടുതല്‍ അനുഭവിച്ചറിയേണ്ടതും ഈ സഹാനുഭൂതിയുടെ, വ്രതവിശുദ്ധിയുടെ നാളുകളില്‍ തന്നെയാണല്ലോ. നീണ്ട പകല്‍ സമയത്തെ നോമ്പിനും തൊഴിലിടങ്ങളിലെ കഠിനാധ്വാനത്തിനും, പ്രദോഷത്തില്‍ ലേബര്‍ ക്യാമ്പുകളില്‍ ഇഫ്ത്വാര്‍ വിരുന്നൊരുക്കിയതിനും ശേഷമാണ് രാവില്‍ ഈ യുവാക്കള്‍ രക്തം ദാനം ചെയ്യുന്നത്. മരുഭൂമിയെ തോല്‍പിക്കുന്ന ഇഛാശക്തി സുമനസ്സുകളെ വിസ്മയം കൊള്ളിക്കുന്നു. മനുഷ്യരായി പിറന്ന സ്വന്തം സഹോദരന്മാരുടെ വേദനകളെ സ്വന്തം നൊമ്പരമായി ഏറ്റെടുക്കുമ്പോള്‍ ഈ യുവാക്കളുടെ വദനം റമദാന്‍ നിലാവു പോലെ പ്രസന്നമാകുന്നു.

 
 

'യൂത്ത് ഇന്ത്യ' ദുബൈ മേഖലയുടെ നേതൃത്വത്തില്‍ ദുബൈ ലത്തീഫ ഹോസ്പിറ്റലില്‍ സംഘടിപ്പിച്ച രക്തദാന  ക്യാമ്പ് ആശുപത്രി ജീവനക്കാരെയും അത്ഭുതപ്പെടുത്തി. രക്തം ഊറ്റിയെടുക്കുന്ന സൂചിമുനകള്‍ സിരകളിലേക്ക് തുളഞ്ഞ് കയറുമ്പോള്‍ ആ യുവാക്കളുടെ മുഖത്ത് തെളിഞ്ഞത് സേവനസന്നദ്ധതയുടെ സമര്‍പ്പണ മുദ്ര. ദാനം ചെയ്ത രക്തത്താല്‍ ഒരു രോഗിയുടെയെങ്കിലും ജീവന്‍ നിലനിര്‍ത്താനായാല്‍ അത് മുഴുവന്‍ മാനവകുലത്തിനും ജീവന്‍ പകര്‍ന്നതിനു തുല്യമെന്ന വേദപാഠം ഈ യുവാക്കള്‍ക്ക് ആവേശമായിരുന്നു.

 
 

രക്തദാന ക്യാമ്പിനു യൂത്ത് ഇന്ത്യ ഭാരവാഹികളായ ഷഹീന്‍ ഷാനവാസ്, ഫൈസല്‍ ചിറ്റൂര്‍, കാസിം, അമീന്‍ എന്നിവര്‍ നേതൃത്വം കൊടുക്കുമ്പോള്‍ പിന്നില്‍ സേവനസന്നദ്ധരായ യൂത്ത് ഇന്ത്യയുടെ നീണ്ട നിര. രക്തദാനത്തെ മഹാദാനമായും, പ്രസരിപ്പുള്ള യൗവനത്തെ ദൈവികമായ ജീവിത ദൗത്യമായും കണ്ടവര്‍. പകലില്‍ വാടാത്ത, രാവില്‍ തളരാത്ത, മരുഭൂമിയില്‍ സേവനത്തിന്റെ ഹരിതഭംഗി നിലനിര്‍ത്തുന്ന യുവവസന്തങ്ങള്‍; മരുഭൂമിയിലെ വാടാമലരുകള്‍.