Click to view this issue
Saturday, April 20, 2019
News Update
 

1436 ജമാദുല്‍ ആഖിര്‍ 06

2015 മാര്‍ച്ച്‌ 27

പുസ്തകം 71 ലക്കം 42

സാമൂഹിക വിശകലനത്തിന് ഇസ്‌ലാമിക ചട്ടക്കൂടുകള്‍ രൂപപ്പെടണം

നഹാസ് മാള/സാലിഹ് കോട്ടപ്പള്ളി /അഭിമുഖം‌

എസ്.ഐ.ഒവിന്റെ പുതിയ നയസമീപനങ്ങളെയും പരിപാടികളെയും കുറിച്ച് സംസ്ഥാന പ്രസിഡന്റ് നഹാസ് മാള
 
 

എസ്.ഐ.ഒവിന്റെ പുതിയ നയസമീപനങ്ങളെയും പരിപാടികളെയും കുറിച്ച് 

 
 

സംസ്ഥാന പ്രസിഡന്റ് നഹാസ് മാള സംസാരിക്കുന്നു

 
 

എസ്.ഐ.ഒ പതിനേഴാമത് പ്രവര്‍ത്തന കാലയളവിലേക്ക് പ്രവേശിച്ചിരിക്കുന്നു. ആത്മീയ രാഷ്ട്രീയത്തിന്റെ ഭൂമികയില്‍ നിലയുറപ്പിച്ച് ശ്രദ്ധേയവും വ്യതിരിക്തവുമായ ഒരിടം വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ക്കിടയില്‍ നേടിയെടുക്കാന്‍ ഇതിനകം സാധിച്ച എസ്.ഐ.ഒവിന്റെ പുതിയ  നയസമീപനങ്ങളും പരിപാടികളും വിശദീകരിക്കുകയാണ് സംസ്ഥാന പ്രസിഡന്റ് നഹാസ് മാള. തൃശൂര്‍ ജില്ലയിലെ മാള സ്വദേശിയായ നഹാസ്, ശാന്തപുരം അല്‍ജാമിഅ അല്‍ ഇസ്‌ലാമിയ്യയില്‍ നിന്ന് ട്രാന്‍സ്‌ലേഷന്‍ ആന്റ് ഫോറിന്‍ ലാംഗ്വേജസില്‍ പി.ജി ഡിപ്ലോമയും കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് അറബി സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഇപ്പോള്‍ യു.ജി.സിയുടെ ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് കരസ്ഥമാക്കി ഗവേഷണത്തിനൊരുങ്ങുന്ന അദ്ദേഹം പ്രഭാഷകനും ഹാഫിളുമാണ്.

 
 

പുതിയ മീഖാത്തില്‍ എസ്.ഐ.ഒവിന്റെ പ്രധാന ഊന്നല്‍ ഏതൊക്കെ മേഖലകളിലാണ്?

 
 

ഈ പ്രവര്‍ത്തന കാലയളവില്‍ വൈജ്ഞാനിക വിഷയങ്ങളില്‍ ഇടെപടാനും, സംഘടനക്കകത്തും മുസ്‌ലിം സമൂഹത്തില്‍ പൊതുവായും പുതിയ പഠന, ചിന്താ സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കാനുമാണ് എസ്.ഐ.ഒ തീരുമാനിച്ചിരിക്കുന്നത്. ലോകത്ത് യൂറോ കേന്ദ്രീകൃതമായ ഒരു വൈജ്ഞാനിക ചട്ടക്കൂടാണ് നിലവിലുള്ളത്. ഇന്ത്യയില്‍ വിജ്ഞാനോല്‍പാദനത്തില്‍ ഇടത്, മാര്‍ക്‌സിയന്‍ ചിന്താ രീതിയുടെ ആധിപത്യവും പ്രകടമാണ്. സവര്‍ണതയില്‍ വേരുറച്ച സംഘ് ചിന്താ പദ്ധതിയും സജീവമാണിന്ന്. എന്നാല്‍, സാമൂഹിക വിശകലനത്തിന് ഒരു ഇസ്‌ലാമിക ചിന്താ പദ്ധതി വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ വലിയ അളവില്‍ പ്രോത്സാഹിപ്പിക്കപ്പെടുന്നില്ല. ഇസ്‌ലാമിന്റെ അടിത്തറയിലുള്ള ഒരു വിശകലനരീതി വികസിച്ചുവരേണ്ടതുണ്ട്. അത് എളുപ്പത്തില്‍ സാധ്യമല്ല. ഇസ്‌ലാമിക വിജ്ഞാനീയങ്ങളിലും ആധുനിക സാമൂഹിക രാഷ്ട്രീയ ചരിത്ര ദര്‍ശനങ്ങളിലും അവഗാഹമുള്ള സാമൂഹിക ശാസ്ത്രജ്ഞന്മാര്‍ വളര്‍ന്നു വരേണ്ടതുണ്ട്. കേരളത്തിലെ ചലനാത്മകമായ ഒരു വൈജ്ഞാനിക സമൂഹമായി മുസ്‌ലിം വിദ്യാര്‍ഥികള്‍ മാറിക്കൊണ്ടിരിക്കുന്നു. വിവിധ യൂനിവേഴ്‌സിറ്റികളിലും ഗവേഷണ സ്ഥാപനങ്ങളിലും ശ്രദ്ധേയമായ വൈജ്ഞാനിക അന്വേഷണങ്ങള്‍ അവര്‍ നടത്തിക്കൊണ്ടിരിക്കുന്നു.  എന്നാല്‍, ഏതെങ്കിലും പാര്‍ട്ടിക്കോ സംഘടനക്കോ നിയന്ത്രിച്ചു നിര്‍ത്താവുന്ന ഒന്നാണ് പുതിയ മുസ്‌ലിം ബൗദ്ധികശേഷി (Intellectual Capital) എന്ന് കരുതുന്നതും മൗഢ്യമാണ്. സംഘടനയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറം ഇത്തരം വിദ്യാര്‍ഥികളുടെ ക്രിയാത്മകമായ സംഭാവനകളെയും വിമര്‍ശന പഠനങ്ങളെയും സമുദായത്തിനും സമൂഹത്തിനും ഉപകാരപ്പെടുന്ന രീതിയില്‍ ഉപയോഗപ്പെടുത്തണമെന്നും എസ്.ഐ.ഒ ആഗ്രഹിക്കുന്നു. 

 
 

കാമ്പസുകളില്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തിയ പ്രസ്ഥാനമാണ് എസ്.ഐ.ഒ. മുന്നോട്ടുള്ള കാമ്പസ് പ്രവര്‍ത്തനങ്ങള്‍ എങ്ങനെയാവണമെന്നാണ് സംഘടനയുടെ തീരുമാനം?

 
 

എസ്.ഐ.ഒ പ്രവര്‍ത്തനമാരംഭിച്ച 1980-കള്‍ ദേശീയ, അന്തര്‍ദേശീയ തലത്തില്‍ സുപ്രധാനമായ ചില മാറ്റങ്ങളുടേതായിരുന്നു. സോവിയറ്റ് യൂനിയന്റെ പതനം, കമ്യൂണിസത്തിന്റെ പ്രത്യയശാസ്ത്രപരമായ പ്രതിസന്ധികള്‍, ഇറാനിലെയും പശ്ചിമേഷ്യയിലെയും വിദ്യാര്‍ഥി പങ്കാളിത്തത്തോടു കൂടിയുള്ള ഇസ്‌ലാമിക മുന്നേറ്റങ്ങള്‍, ഇസ്‌ലാമിനെ അപരസ്ഥാനത്ത് നിര്‍ത്തിയുള്ള പുതിയ ലോകക്രമത്തിന്റെ ഉദയം, മാര്‍ക്കറ്റ് മീഡിയയുടെ വ്യാപനം എന്നിവ അന്തര്‍ദേശീയ തലത്തില്‍. ദേശീയ തലത്തില്‍, ഹിന്ദു എന്ന സ്വത്വത്തെ മുന്‍നിര്‍ത്തിയുള്ള മേല്‍ ജാതിക്കാരുടെ രാഷ്ട്രീയ മുന്നേറ്റങ്ങള്‍, ശരീഅത്തിനെതിരായ കടന്നാക്രമണങ്ങള്‍, മണ്ഡലാനന്തരം രൂപപ്പെട്ട ദലിത് - ബഹുജന്‍ ജനാധിപത്യ മുന്നേറ്റങ്ങള്‍, ബാബരി മസ്ജിദിന്റെ തകര്‍ച്ച, മധ്യവര്‍ഗത്തിന്റെ രാഷ്ട്രീയ നിരാശകള്‍ എന്നിവ സൃഷ്ടിച്ച സാമൂഹിക മാറ്റങ്ങളോട് ഇസ്‌ലാമിക നൈതികതയില്‍ ഊന്നി ഇടപെടാന്‍ പര്യാപ്തരായ വിദ്യാര്‍ഥി യുവജനങ്ങളെ സൃഷ്ടിച്ചു എന്നതാണ് എസ്.ഐ.ഒ നിര്‍വഹിച്ച ശ്രദ്ധേയമായ ദൗത്യം. 

 
 

ഒരു സമ്പൂര്‍ണ വിദ്യാര്‍ഥി പ്രസ്ഥാനമെന്ന നിലയില്‍ കേരളത്തിലെ കാമ്പസുകള്‍ക്കകത്ത് ജനാധിപത്യ മൂല്യങ്ങള്‍, ധാര്‍മികത എന്നിവയിലൂന്നി വലിയൊരു വിഭാഗം വിദ്യാര്‍ഥികളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ എസ്.ഐ.ഒവിന് സാധിച്ചു. കാമ്പസുകളില്‍ ഇടത്, വലത് ഏകസ്വര രൂപങ്ങള്‍ക്കെതിരായ ജനാധിപത്യ തുറസ്സുകള്‍ സൃഷ്ടിക്കുന്നതില്‍ എസ്.ഐ.ഒ നേതൃപരമായ പങ്ക് വഹിച്ചു. കേരളത്തിലെ വിദ്യാഭ്യാസ/വിദ്യാര്‍ഥി പ്രശ്‌നങ്ങളില്‍ മൗലികമായ മാറ്റങ്ങള്‍ നിര്‍ദേശിക്കാനും സാധിച്ചു. കാമ്പസുകളില്‍ എസ്.ഐ.ഒവിന്റെ നേതൃപരമായ പങ്കാളിത്തത്തോടു കൂടി ഉയര്‍ന്നുവരുന്ന ഈ ജനാധിപത്യ ശരികളെ ഘടനാപരമായി ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന ഒരു സമ്പൂര്‍ണ വിദ്യാര്‍ഥി പ്രസ്ഥാനം ഉയര്‍ന്നു വരണമെന്നത് സംഘടനയുടെ  കൂടി ആഗ്രഹമാണ്. ഇതിനാവശ്യമായ പ്രായോഗികവും ബൗദ്ധികവുമായ അടിത്തറകള്‍ ഒരുക്കുന്നതിന് പുതിയ കാലയളവില്‍ പ്രാധാന്യം നല്‍കും.

 
 

എസ്.ഐ.ഒവിന്റെ ഏറ്റവും പുതിയ ഇടപെടലുകളെക്കുറിച്ച് പറയാമോ?

 
 

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് വളരെയേറെ ചര്‍ച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന വിഷയമാണ് സ്വയംഭരണ കോളേജുകള്‍. ഈ വിഷയത്തില്‍ സംഘടന സജീവമായ ഇടപെലുകള്‍ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. പരമ്പരാഗത വിദ്യാര്‍ഥി സംഘടനകള്‍ സ്വീകരിച്ച നിലപാടില്‍ നിന്ന് വ്യത്യസ്തമായി സ്വയംഭരണ കോളേജുകള്‍ എന്നതിനെ തത്ത്വത്തില്‍ അംഗീകരിച്ചുകൊണ്ട്, അത് പ്രയോഗികമാകുന്നിടത്ത് ജാഗ്രതയുണ്ടാവണമെന്നാണ് എസ്.ഐ.ഒ ഉന്നയിച്ചത്. നിയമനിര്‍മാണം നടത്തിവേണം ഈ പരിഷ്‌കരണം കൊണ്ടുവരേണ്ടതെന്ന എസ്.ഐ.ഒ വിന്റെ അഭിപ്രായത്തെ പല അര്‍ഥത്തില്‍ മറ്റു സംഘടനകളും ഏറ്റെടുക്കുകയുണ്ടായി. കേരളത്തില്‍ അലീഗഢ് യൂനിവേഴ്‌സിറ്റിയുടെ പരീക്ഷാ കേന്ദ്രങ്ങള്‍ വെട്ടിക്കുറച്ചത്, ഇഫ്‌ലുവിന്റെ എന്‍ട്രന്‍സ് കേന്ദ്രങ്ങള്‍ ഇല്ലാതാക്കിയത് തുടങ്ങിയവയും എസ്.ഐ.ഒ പുതുതായി ഏറ്റെടുത്ത വിഷയങ്ങളാണ്. ഇഫ്‌ലു വിഷയത്തിലെ എസ്.ഐ.ഒവിന്റെ 'സമരബസ്' ഇതിനകം ശ്രദ്ധ നേടിയിട്ടുണ്ട്. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിലെ ഫീസ് വര്‍ധനാ പ്രശ്‌നവും യൂനിവേഴ്‌സിറ്റി ഹോസ്റ്റലുകളില്‍ വിദ്യാര്‍ഥികളെ എസ്.എഫ്.ഐ പീഡിപ്പിക്കുന്ന വിഷയങ്ങളും പുതുതായി ഉയര്‍ത്തികൊണ്ടുവരാനും വലിയ കാമ്പയിന്‍ സ്വഭാവത്തില്‍ തന്നെ ഉന്നയിക്കാനുമാണ് എസ്.ഐ.ഒ തീരുമാനിച്ചിരിക്കുന്നത്. 

 
 

കേരളത്തില്‍ ജനറല്‍ കാമ്പസുകളില്‍ പഠിക്കുന്നത്ര തന്നെ മുസ്‌ലിം വിദ്യാര്‍ഥികള്‍ ഇസ്‌ലാമിക് കാമ്പസുകളില്‍ പഠിക്കുന്നുണ്ട്. അവരെ എങ്ങനെ അഭിമുഖീകരിക്കണമെന്നാണ് എസ്.ഐ.ഒ ആഗ്രഹിക്കുന്നത്?

 
 

മുസ്‌ലിം സമൂഹത്തിന് നേതൃത്വം നല്‍കാന്‍ പ്രാപ്തരായ ആളുകളെ വളര്‍ത്തിയെടുക്കുക എന്ന വലിയ ദൗത്യമാണ് ഇസ്‌ലാമിക് കാമ്പസുകള്‍ നിര്‍വഹിക്കുന്നത്. വ്യത്യസ്ത ചിന്തകളെയും പഠനങ്ങളെയും ഉള്‍ക്കൊള്ളുന്ന സ്വതന്ത്ര അക്കാദമിക അന്തരീക്ഷം ഇവിടങ്ങളില്‍ രൂപപ്പെട്ട് വരണമെന്നാണ് എസ്.ഐ.ഒ ആഗ്രഹിക്കുന്നത്. അതിനുതകുന്ന രീതിയിലുള്ള അക്കാദമിക അന്തരീക്ഷം സൃഷ്ടിച്ചെടുക്കാന്‍ പരിശ്രമിക്കും. സാമൂഹിക വിജ്ഞാനീയങ്ങളെ ഇസ്‌ലാമികാടിത്തറയില്‍ വായിക്കാന്‍ പ്രേരിപ്പിക്കുന്ന എത്ര സ്ഥാപനങ്ങളാണ് നമുക്കുള്ളത്? സാമൂഹികശാസ്ത്ര വിജ്ഞാനീയങ്ങളില്‍ പഠിക്കാന്‍ തല്‍പരരായ എത്ര പേരുണ്ട്? കുറ്റിയാടിലെ ഇബ്‌നുഖല്‍ദൂന്‍ ഇന്‍സ്റ്റിറ്റിയൂട്ട് പുതുതായി ആരംഭിച്ച സംരംഭമാണ്. നിലവിലുള്ള വൈജ്ഞാനിക ചട്ടക്കൂടുകളെ പ്രശ്‌നവല്‍ക്കരിക്കാനും അവയുടെ അന്ധമേഖലകളെ (Blind Spot) ചൂണ്ടിക്കാട്ടാനും നമുക്ക് സാധിക്കേണ്ടതുണ്ട്. ഇസ്‌ലാമിക ജ്ഞാനശാസ്ത്രങ്ങളെ കുറിച്ച് ഈ മീഖാത്തില്‍ നടത്തുന്ന ഇന്റര്‍നാഷ്ണല്‍ വര്‍ക്‌ഷോപ്പും ഇബ്‌നു ഖല്‍ദൂന്റെ മുഖദ്ദിമയെ കുറിച്ച കോണ്‍ഫറന്‍സും ഈ ലക്ഷ്യം വെച്ചുള്ളതാണ്. എന്നാല്‍ ഇസ്‌ലാമിക കാമ്പസുകള്‍ക്കാണ് ചിട്ടയായ ഒരു വൈജ്ഞാനിക ദൗത്യം എന്ന നിലയില്‍ ഇതിനെ മുന്നോട്ട് കൊണ്ട് പോകാന്‍ സാധിക്കുക. ഇസ്‌ലാമിക കാമ്പസുകളില്‍ അത്തരത്തിലുള്ള ഒരു മാറ്റത്തിന് എസ്.ഐ.ഒ നേതൃപരമായ പങ്ക് പഹിക്കും. പ്രത്യേകിച്ച് നാം നേരിടുന്ന വെല്ലുവിളി ഭൗതിക(Material)മായത് മാത്രമല്ല: ജ്ഞാനശാസ്ത്രപരം (Epistemological) കൂടിയാണ് എന്ന് തിരിച്ചറിയേണ്ടതുണ്ട്. ആ അര്‍ഥത്തില്‍ ഇസ്‌ലാമിക വിജ്ഞാനീയങ്ങളിലെ പുതിയ അന്വേഷണങ്ങളിലേക്ക് ഇസ്‌ലാമിക കലാലയങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് തുറസ്സുകള്‍ സൃഷ്ടിക്കണം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അത്തരം സ്ഥാപനങ്ങളിലേക്കും അക്കാദമിക അവസരങ്ങളിലേക്കും എസ്.ഐ.ഒ വിദ്യാര്‍ഥികള്‍ക്ക് പ്രോത്സാഹനം നല്‍കും. ശാന്തപുരം അല്‍ജാമിഅ അല്‍ഇസ്‌ലാമിയ്യ അടക്കമുള്ള സ്ഥാപനങ്ങള്‍ ഇതിനായി ഉപയോഗപ്പെടുത്തണമെന്നാണ് എസ്.ഐ.ഒ ആഗ്രഹിക്കുന്നത്.  വൈജ്ഞാനികമായി ഇസ്‌ലാമിക സമൂഹത്തിന് ഏറെ സംഭാവനകളര്‍പ്പിക്കുന്ന മറ്റു ദീനീ സ്ഥാപനങ്ങളെയും ഈയൊരു വൈജ്ഞാനിക ദൗത്യത്തില്‍ പങ്കാളികളാക്കും. 

 
 

കഴിഞ്ഞ മീഖാത്തില്‍ എസ്.ഐ.ഒ വിദ്യാഭ്യാസ മേഖലയില്‍ അക്കാദമികവും പ്രായോഗികവുമായി ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തുകയുണ്ടായി. കേരളാ എജുക്കേഷന്‍ കോണ്‍ഗ്രസ് അടക്കമുള്ള അത്തരം പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച എങ്ങനെയായിരിക്കും?

 
 

ഒരു ക്രിയാത്മക വിദ്യാര്‍ഥി പ്രസ്ഥാനമെന്ന നിലയില്‍ വിദ്യാഭ്യാസ രംഗത്തെ അവകാശലംഘനങ്ങള്‍ക്കെതിരെ എസ്.ഐ.ഒ ശക്തമായ ഇടപെടലുകള്‍ നടത്തും. അതേയവസരം വിദ്യാഭ്യാസത്തിന്റെ മൗലികവും പ്രായോഗികവുമായ പ്രതിസന്ധികളും, നിലവാരത്തകര്‍ച്ചയും  പരിഹരിക്കുന്നതിന് നയപരമായി ഇടപെടുകയും ചെയ്യും. വിദ്യാഭ്യാസ മേഖലയിലെ ഫാഷിസത്തിന്റെ ആസൂത്രിതമായ കടന്നുകയറ്റത്തെ പ്രശ്‌നവത്കരിക്കേണ്ട സാഹചര്യമുണ്ട്. പ്രത്യേകിച്ച് വരാനിരിക്കുന്ന നാഷണല്‍ കരിക്കുലം ഫ്രെയിം വര്‍ക്ക് എങ്ങനെയായിരിക്കും എന്നതിനെക്കുറിച്ച ആശങ്ക  ഉയര്‍ന്നുതുടങ്ങിയിരിക്കുന്നു. ആര്‍.എസ്.എസിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നെറ്റ്‌വര്‍ക്കായ വിദ്യാഭാരതിയുടെ സെക്രട്ടറിയും സംഘ്പരിവാറിന്റെ 'ഇന്ത്യനൈസേഷന്‍' സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവുമായ ദീന നാഥ് ബത്രയുടെ നേതൃത്വത്തിലാണ് കരിക്കുലം ഫ്രെയിംവര്‍ക്ക് രൂപപ്പെടാനിരിക്കുന്നത്. ഇത് സൃഷ്ടിക്കുന്ന ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ തിരിച്ചറിയാനും വിഷയം പൊതുസമൂഹത്തില്‍ ചര്‍ച്ചയാക്കാനും  എസ്.ഐ.ഒവിന് പദ്ധതിയുണ്ട്. കേരളാ എജുക്കേഷന്‍ കോണ്‍ഗ്രസിന്റെ തുടര്‍ച്ച എന്ന നിലയില്‍ വിവിധ വിഷയങ്ങളില്‍ ലക്ചര്‍ സിരീസുകള്‍ സംഘടിപ്പിക്കാനും കാമ്പസ് വിദ്യാര്‍ഥികള്‍ക്കായി കേരളീയ വിദ്യാഭ്യാസത്തെക്കുറിച്ച് നാഷനല്‍ തിസീസ് കോംപറ്റീഷന്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്.

 
 

മുസ്‌ലിം സമുദായത്തിനകത്തെ എസ്.ഐ.ഒവിന്റെ ഇടപെടലുകള്‍ എങ്ങനെയായിരിക്കും?

 
 

ഇന്ത്യന്‍ സമൂഹത്തിലെ സകല തിന്മകളുടെയും നാരായവേര് മുസ്‌ലിം/ഇസ്‌ലാം  ആഗമനമാണ് എന്നതടക്കമുള്ള ശുദ്ധനുണകളെ ചരിത്രസിദ്ധാന്തമായി സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ഇന്ത്യയുടെ പുരോഗതിയുടെയും വികസനത്തിന്റെയും ബ്‌ളോക്കിംഗ് യൂണിറ്റുകളാണ് ന്യൂനപക്ഷങ്ങള്‍ എന്ന വാദവും അവതരിപ്പിക്കപ്പെടുന്നുണ്ട്. സോവിയറ്റ് പതന ശേഷം ലോകത്തെമ്പാടും ശക്തമായ ഇസ്‌ലാമോഫോബിയയുടെ അന്തരീക്ഷവും ആധുനിക മുതലാളിത്ത ഉദാര(Modern capital liberal) സമൂഹ നിര്‍മിതിക്ക് മുമ്പിലെ ഏക തടസ്സമായി ഇസ്‌ലാമിനെ അവതരിപ്പിക്കുന്ന സമീപനവുമുണ്ട്. ഇങ്ങനെയുള്ളൊരു 'അപരിഷ്‌കൃത', 'പുരോഗമന വിരുദ്ധ' ഇസ്‌ലാമിനെതിരായ പരിശ്രമങ്ങള്‍ എന്ന നിലയില്‍ പതിനായിരങ്ങള്‍ കൊല്ലപ്പെട്ട വംശഹത്യകള്‍ പോലും ന്യായീകരിക്കപ്പെടുന്നുണ്ട്. മുസ്‌ലിം/ഇസ്‌ലാമിക വിശ്വാസം, സാംസ്‌കാരിക രൂപങ്ങള്‍ എന്നിവയെല്ലാം അപഹസിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യം നിലവിലുണ്ട്. ഈ പ്രതിഭാസത്തില്‍ നിന്ന് കേരളം പോലുള്ള ജനാധിപത്യ പുരോഗമന ഇടങ്ങള്‍ പോലും മുക്തമല്ല. കേരളത്തിലെ തന്നെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മഫ്തയുടെ പേരില്‍ ഉയര്‍ന്നുവരുന്ന വിവാദങ്ങള്‍, നിരപരാധികളായി ജയിലില്‍ കഴിയുന്ന മലയാളി മുസ്‌ലിം ചെറുപ്പക്കാര്‍, ലൗ ജിഹാദ്, ഇമെയില്‍ ചോര്‍ത്തല്‍, യതീംഖാന വിവാദം എന്നിവയെല്ലാം ഇസ്‌ലാമോഫോബിയയുടെ കേരളത്തിലെ പ്രത്യക്ഷത്തിലുള്ള ഉദാഹരണങ്ങളാണ്. അതിനാല്‍ ഇസ്‌ലാമിക വിശ്വാസത്തെയും വ്യതിരിക്തതയേയും ജനാധിപത്യശബ്ദങ്ങളെയും ഉയര്‍ത്തിപ്പിടിക്കാന്‍ മുസ്‌ലിം സമുദായത്തിന് സാധിക്കുന്ന രീതിയിലുള്ള അന്തരീക്ഷം ഉണ്ടായി വരണമെന്നാണ് എസ്.ഐ.ഒ ആഗ്രഹിക്കുന്നത്. ഇതിനായി പ്രാദേശിക സംഘാടനം മുതല്‍ വൈജ്ഞാനിക ആക്ടിവിസങ്ങളില്‍ വരെ എസ്.ഐ.ഒ സവിശേഷമായ പരിപാടികള്‍ ഉള്‍ക്കൊള്ളിക്കും.

 
 

പ്രവര്‍ത്തകരുടെ സംസ്‌കരണത്തിന് എസ്.ഐ.ഒ നല്‍കുന്ന പ്രാധാന്യം?

 
 

ഒരു ഇസ്‌ലാമിക വിദ്യാര്‍ഥി പ്രസ്ഥാനം എന്ന നിലയില്‍ എസ്.ഐ.ഒവിന്റെ ഏറ്റവും വലിയ കരുത്ത് ധാര്‍മിക ബോധവും ദൈവഭയവുമുള്ള പ്രവര്‍ത്തകര്‍ തന്നെയാണ്. ദിക്‌റും(ദൈവസ്മരണ) ഫിക്‌റും (ചിന്ത) യോജിക്കുന്ന, ഇല്‍മും (അറിവ്) അമലും(പ്രവര്‍ത്തനം) സമംചേരുന്ന പ്രവര്‍ത്തകരാണ് എസ്.ഐ.ഒവിന്റെ ഏറ്റവും വലിയ മൂലധനം.  വ്യക്തി ജീവിതത്തില്‍ സൂക്ഷ്മതയും സഹോദരങ്ങളോട് ഗുണകാംക്ഷയും പുലര്‍ത്തുന്ന സന്തുലിത ആത്മീയ സംസ്‌കാരം പ്രവര്‍ത്തകര്‍ക്ക് പകര്‍ന്ന് നല്‍കാനാണ് എസ്.ഐ.ഒ ശ്രമിക്കുന്നത്.