Click to view this issue
Sunday, April 21, 2019
News Update
 

1436 റബീഉല്‍ അവ്വല്‍ 25

2015 ജനുവരി 16

പുസ്തകം 71 ലക്കം 32

ഇസ്രയേല്‍ അധിനിവേശവും
ബൈബിള്‍ വചനങ്ങളും

അബൂഅമ്മാര്‍, സുല്‍ത്താന്‍ ബത്തേരി /പ്രതികരണം‌

'ഇസ്രയേല്‍ അധിനിവേശത്തെ ന്യായീകരിക്കുന്ന ബൈബിള്‍ വചനങ്ങളോ' എന്ന അമീന്‍ വി. ചൂനൂരിന്റെ ലേഖനമാണ് (ലക്കം: 2875)
 
 

         'സ്രയേല്‍ അധിനിവേശത്തെ ന്യായീകരിക്കുന്ന ബൈബിള്‍ വചനങ്ങളോ' എന്ന അമീന്‍ വി. ചൂനൂരിന്റെ ലേഖനമാണ് (ലക്കം: 2875) ഈ കുറിപ്പിന്നാധാരം. ഇസ്രയേല്‍ അധിനിവേശത്തെ ന്യായീകരിക്കുന്ന ബൈബിള്‍ വചനം തേടിപ്പോകുന്നവര്‍ കാണാതെ പോവുകയോ നിരൂപണം നടത്താതിരിക്കുകയോ ചെയ്യുന്ന ചില വചനങ്ങള്‍ ബൈബിളിലുണ്ട്.

 
 

ബൈബിള്‍ പഴയ നിയമം ഉല്‍പത്തിയില്‍ 13:14-18 വചനങ്ങളില്‍ പറയുന്നത്, അബ്രഹാമിന് ദൈവം വാഗ്ദത്തം ചെയ്ത ഭൂമി എക്കാലത്തേക്കും അബ്രഹാമിന്റെ സന്തതി പരമ്പരയില്‍ തന്നെ നിലനില്‍ക്കുമെന്നാണ്. ഇന്നും അബ്രഹാമിന്റെ സന്തതിപരമ്പരയില്‍ തന്നെയാണ് ആ ഭൂമിയുള്ളത്. അവിടെ അധിനിവേശം നടത്തേണ്ട ആവശ്യം വരുന്നേയില്ല. ഇപ്പോള്‍ അവിടെ കയറി കൂടാന്‍ കഴിയുമെന്ന് സ്വപ്നം കണ്ടുനടക്കുന്ന ക്രിസ്തീയ വിഭാഗം ഉല്‍പത്തി 17 ലെ 1 മുതല്‍ പറയുന്ന ഉടമ്പടിയെ കുറിച്ച് ശരിക്ക് മനസ്സിലാക്കേണ്ടതാണ്. 'ഞാനാണ് സര്‍വശക്തനായ ദൈവം നീ എന്റെ മുന്നില്‍ കുറ്റമറ്റവനായി ഇരിക്കുക' എന്നു പറഞ്ഞുകൊണ്ട് തുടങ്ങുന്ന ഉടമ്പടി ഇപ്രകാരമാണ്: ''നീയും നിനക്കുശേഷം തലമുറ തലമുറയായി പാലിക്കേണ്ടുന്ന ഉടമ്പടി. ....നിങ്ങള്‍ക്കിടയിലുള്ള എല്ലാ പുരുഷന്മാരും പരിഛേദനത്തിന് വിധേയരാവണം. നിങ്ങളുടെ അഗ്രചര്‍മം ഛേദിക്കപ്പെടണം. ഇത് ഞാനും നിങ്ങളുമായുള്ള ഉടമ്പടിയുടെ അടയാളമായിരിക്കും. നിങ്ങളുടെ കൂട്ടത്തിലുള്ള ഏഴു ദിവസം പ്രായമുള്ള ആണ്‍കുട്ടികള്‍ക്കെല്ലാം പരിഛേദനം നടത്തണം. നിന്റെ തലമുറയിലുള്ള എല്ലാ പുരുഷന്മാരും നിന്റെ ഭവനത്തില്‍ പിറന്നവനോ നിന്റെ സന്തതിയല്ലാത്ത ഏതെങ്കിലും അന്യനില്‍നിന്ന് വിലക്കുവാങ്ങിയവനോ ആയാലും അങ്ങനെ പരിഛേദനനായേ തീരൂ. നിന്റെ ഭവനത്തില്‍ ജനിച്ചവനും നീ വിലക്ക് വാങ്ങിയവനും പരിഛേദനം സ്വീകരിക്കണം. അങ്ങനെ എന്റെ ഈ ഉടമ്പടി നിങ്ങളുടെ ശരീരത്തില്‍ ഒരു ശ്വാശ്വത നിയമമായി പ്രത്യക്ഷപ്പെടൂ. അഗ്രചര്‍മിയായ ഏതെങ്കിലും പുരുഷന്‍ പരിഛേദനം സ്വീകരിക്കാതിരിക്കുന്നപക്ഷം അയാളെ സ്വജനത്തില്‍നിന്ന് പുറംതള്ളണം. അയാള്‍ എന്റെ ഉടമ്പടി ലംഘിച്ചിരിക്കുന്നു.''

 
 

'നിനക്കും നിനക്കുശേഷം നിന്റെ പിന്‍മുറക്കാര്‍ക്കും ഞാന്‍ ദൈവമായിരിക്കും' എന്നുപറഞ്ഞുകൊണ്ടാണ് ഈ ഉടമ്പടി നല്‍കുന്നതെന്നത് ശ്രദ്ധേയമാണ്. ഈ ഉടമ്പടി പ്രകാരം അബ്രഹാമിന്റെ ദൈവത്തെ ഉപേക്ഷിച്ച് എണ്ണമറ്റ ദൈവങ്ങളെയും, പുണ്യപുരുഷന്മാരെയും, വിഗ്രഹങ്ങളെയും ദൈവമായി സ്വീകരിച്ചവര്‍ക്കും അഗ്രചര്‍മികള്‍ക്കും അബ്രഹാമിന് വാഗ്ദത്തം ചെയ്ത ആ പുണ്യഭൂമിയിലേക്ക് കടക്കാന്‍ കഴിയും എന്ന സ്വപ്നം ബൈബിള്‍ വചനങ്ങള്‍ക്കും എതിരാണ്.

 
 

ബൈബിളില്‍ ഉന്നയിക്കുന്ന വിജയത്തിന്റെ പ്രവചനങ്ങള്‍ തങ്ങളിലൂടെയാണ് പ്രാവര്‍ത്തികമാവുക എന്ന് സ്വപ്നം കാണുന്നവര്‍ ആദ്യമായി പരിഛേദനം ഏല്‍ക്കുകയും അബ്രഹാമിന്റെ സര്‍വശക്തനായ ഏകദൈവത്തിലേക്ക് മടങ്ങി ആ ദൈവത്തിന്റെ നിയമനിര്‍ദേശങ്ങള്‍ സ്വീകരിച്ച് ജീവിക്കുകയും ചെയ്യേണ്ടതാണ്. ഇതേ നിര്‍ദേശങ്ങളാണ് ദൈവത്തിന്റെ ശരിയായ വചനങ്ങളിലും ദര്‍ശിക്കാന്‍ കഴിയുന്നത്.

 
 

യശയ്യ പ്രവചനം 52-ാം അധ്യായം തുടക്കം തന്നെ പറയുന്നത് ''സിയോനേ ഉണരൂ നിന്റെ ശക്തി ആര്‍ജിക്കൂ. വിശുദ്ധ നഗരമായ യെരൂശലേമേ നിന്റെ അഴകാര്‍ന്ന വസ്ത്രങ്ങള്‍ ധരിക്കൂ. കാരണം പരിഛേദനം നടത്താത്തവനോ ശുദ്ധിയില്ലാവനോ ഇനി നിന്നില്‍ പ്രവേശിക്കുകയില്ല. ബന്ധനസ്ഥയായ ജറൂശലേമേ നീ പൊടിതട്ടി എഴുന്നേല്‍ക്കൂ, ബന്ധനസ്ഥയായ സിയോണ്‍ പുത്രീ, നിന്റെ കഴുത്തിലെ ബന്ധനങ്ങള്‍ അഴീക്കൂ!''

 
 

'ഞാനല്ലാത്ത അന്യദൈവങ്ങള്‍ നിനക്കുണ്ടാവരുത്' എന്ന വിശ്വാസമാണ് ശക്തി ആര്‍ജിക്കാന്‍ വേണ്ടത്, 'അഴകാര്‍ന്ന വസ്ത്രം' മേല്‍വിശ്വാസത്തിന് അനുസരിച്ച് ശരീരത്തിലെ മാറ്റങ്ങളും.

 
 

ചരിത്രം ദാവീദിന്റെയും ഗോലിയാത്തിന്റെയും സംഭവം നമുക്ക് പറഞ്ഞുതരുന്നുണ്ടല്ലോ. വന്‍ ആയുധശേഖരവും സൈനിക ശക്തിയുമായി ഇസ്രയേലിലേക്ക് കടന്നുവന്ന ഗോലിയാത്തും സൈന്യവും ഒരു ഭാഗത്ത്. പേടിച്ചുവിറച്ച ഇസ്രയേല്‍ സൈന്യം മറുഭാഗത്ത്. യാദൃഛികമായി യുദ്ധമുന്നണിയില്‍ എത്തിപ്പെട്ട ദാവീദ് ഗോലിയാത്തിന്റെ വെല്ലുവിളി സ്വീകരിക്കാന്‍ ഒരുങ്ങിയപ്പോള്‍ യുദ്ധമുന്നണയിലുള്ള എല്ലാവരും 'ഗോലിയാത്തിനെ നേരിടാന്‍ നിനക്ക് കഴിയില്ല' എന്ന് പറഞ്ഞപ്പോള്‍ ദാവീദ് പറഞ്ഞ വാക്കുകള്‍ 'ഞാന്‍ ആടു മേച്ച് നടക്കുമ്പോള്‍ എന്റെ ആടുകളെ പിടിച്ചുതിന്നാന്‍ വരുന്ന സിംഹത്തെയും മറ്റു മൃഗങ്ങളെയും കൊന്ന് എന്റെ ആടുകളെ ഞാന്‍ രക്ഷിക്കാറുണ്ട്, എന്നിട്ടാണോ ഈ അഗ്രചര്‍മിയായ ഗോലിയാത്ത്' എന്നായിരുന്നു. ഇതായിരുന്നു ദാവീദിന്റെ ശക്തി, ഇതേ ബലം തന്നെയാണ് ഫലസ്ത്വീനിലും, ഗസ്സയിലും അധിനിവേശം നടത്താനൊരുങ്ങുന്നവരോട് ഫലസ്ത്വീനിലെ ചെറിയ മക്കള്‍ക്കുമുള്ളത്. ഇന്‍തിഫാദയിലൂടെ ഫലസ്ത്വീന്‍ മക്കളും ദാവീദിനെ അനുഗമിക്കയാണ്. അതുകൊണ്ട് ഇസ്രയേല്‍ അധിനിവേശത്തെ ന്യായീകരിക്കുന്ന വചനം തേടിനടക്കുന്നവര്‍ മേല്‍വിവരിച്ച ബൈബിള്‍ വചനങ്ങളും ശ്രദ്ധിക്കണമെന്ന് ഓര്‍മപ്പെടുത്തുന്നു.