Click to view this issue
Friday, February 22, 2019
News Update
 

1435 ശഅ്ബാന്‍ 15

2014 ജൂണ്‍ 13

പുസ്തകം 71 ലക്കം 3

റൗദത്തും ശാന്തപുരവും എന്നെ സ്വാധീനിച്ച വിധം

പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍ /തിരിഞ്ഞുനോക്കുമ്പോള്‍ -4‌

പത്താം ക്ലാസിനു ശേഷം അന്നത്തെ രീതിയനുസരിച്ച്, മുന്‍ഷിപരീക്ഷ എഴുതിച്ച് എന്നെ ഒരു അറബി അധ്യാപകനാക്കണം എന്നതായിരുന്നു വാപ്പയുടെ ആഗ്രഹം. പക്ഷെ,
 
 

         ത്താം ക്ലാസിനു ശേഷം അന്നത്തെ രീതിയനുസരിച്ച്, മുന്‍ഷിപരീക്ഷ എഴുതിച്ച് എന്നെ ഒരു അറബി അധ്യാപകനാക്കണം എന്നതായിരുന്നു വാപ്പയുടെ ആഗ്രഹം. പക്ഷെ, ജ്യേഷ്ഠന്‍ മുഹമ്മദലി അതിന് എതിരായിരുന്നു. എന്നെ അഫ്ദലുല്‍ ഉലമാ കോഴ്‌സിന് ചേര്‍ക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ നിര്‍ബന്ധം. എറിയാടിനടുത്ത അഴീക്കോട്ട് ഇര്‍ഷാദുല്‍ മുസ്‌ലിമീന്‍ അറബിക് കോളേജുണ്ടായിരുന്നു. ജ്യേഷ്ഠന്‍ പഠിച്ചത് അവിടെയാണ്. പക്ഷേ, എന്നെ അവിടെ ചേര്‍ക്കാന്‍ അദ്ദേഹം താല്‍പര്യപ്പെട്ടില്ല. പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക് കോളേജായിരുന്നു ജ്യേഷ്ഠന്റെ മനസ്സില്‍. ഒരു ദിവസം ഞങ്ങള്‍ 'മദീനത്തില്‍' പോയെങ്കിലും അവിടുത്തെ ഇന്റര്‍വ്യൂ കഴിഞ്ഞുപോയിരുന്നു. ആ ദിവസം എന്നെ ഇന്റര്‍വ്യൂ ചെയ്യാന്‍ ആരും ഉണ്ടായിരുന്നുമില്ല. ഞങ്ങള്‍ നേരെ ഫറോഖ് റൗദത്തുല്‍ ഉലൂമിലേക്ക് പോയി, അബുസ്വബാഹ് മൗലവിയെ കണ്ടു. അടുത്ത ദിവസം ഇന്റര്‍വ്യൂവിന് ഹാജറാകാന്‍ അദ്ദേഹം നിര്‍ദേശിച്ചു. ഇന്റര്‍വ്യൂവില്‍ വിജയിച്ച എനിക്ക് എന്‍ട്രന്‍സിന് അഡ്മിഷന്‍ ലഭിച്ചു. 

 
 

         റൗദത്തുല്‍ ഉലൂമിലെ പഠനം ഏറെ പ്രയോജനകരമായിരുന്നു. അബുസ്വബാഹ് മൗലവിയുടെ ഖുര്‍ആന്‍ക്ലാസുകളും, അബുസ്വലാഹ് മൗലവി, സി.പി അബൂബക്കര്‍ മൗലവി,തങ്ങള്‍ ഉസ്താദ്, മൊയ്തുണ്ണി മൗലവി തുടങ്ങിയവരുടെ ക്ലാസുകളും ശിക്ഷണങ്ങളും വൈജ്ഞാനികമായി നല്ലൊരു അടിത്തറതന്നെ ഒരുക്കിത്തന്നു. പത്താം ക്ലാസില്‍ അറബി പഠിച്ചവര്‍ക്ക് പ്രിലിമിനറിയുടെ എന്‍ട്രന്‍സ് എഴുതേണ്ടതുണ്ടായിരുന്നില്ല. അതുകൊണ്ട് എനിക്ക് തൊട്ടടുത്ത പ്രിലിമിനറി ക്ലാസിലേക്ക് പ്രൊമോഷന്‍ കിട്ടി. രണ്ടുവര്‍ഷമാണ് അതിന്റെ കാലാവധി. എന്‍ട്രന്‍സും പ്രിലിമിനറിയും അഫ്ദലുല്‍ ഉലമയും ഉള്‍പ്പെടെ മൊത്തം അഞ്ചുവര്‍ഷമായിരുന്നു കോഴ്‌സ്. ഫറൂഖ് കോളേജിന്റെ കാമ്പസില്‍ തന്നെയാണ് റൗദത്തുല്‍ ഉലൂമും സ്ഥിതിചെയ്യുന്നത്. യഥാര്‍ഥത്തില്‍ മറിച്ചാണ് പറയേണ്ടത്, റൗദത്തുല്‍ ഉലൂമിന്റെ കാമ്പസിലാണ് ഫറൂഖ് കോളേജ് സ്ഥാപിക്കപ്പെട്ടത്. കാരണം, റൗദത്തുല്‍ ഉലൂമാണല്ലോ ആദ്യം വന്നത്. അബുസ്വബാഹ് മൗലവിയുടെ വലിയൊരു സ്വപ്നമായിരുന്നു അത്.

 
 

         അബുസ്വബാഹ് മൗലവിയുടെ വ്യക്തിത്വം എന്നെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ ചാവക്കാട് സ്വദേശിയാണ് അദ്ദേഹം. ഈജിപ്തിലെ അല്‍അസ്ഹറില്‍ പഠിച്ചു തിരിച്ചുവന്നതിനുശേഷം അദ്ദേഹം കുറച്ചു കാലം ഒരുതരം സൂഫി ജീവിതം നയിച്ചിരുന്നു. മലപ്പുറം ജില്ലയില്‍, മഞ്ചേരിക്കടുത്ത ആനക്കയത്ത് ഒരു പള്ളിയിലാണ് അദ്ദേഹം താമസിച്ചിരുന്നത്. വലിയൊരു പണ്ഡിതന്‍ പള്ളിയില്‍ താമസിക്കുന്നതറിഞ്ഞ്  പ്രദേശത്തെ ഒരു പ്രമാണി അദ്ദേഹത്തെ ക്ഷണിച്ചുകൊണ്ടുപോയി സംസാരിച്ചു. മൗലവിയുടെ ആവശ്യം എന്താണെന്നന്വേഷിച്ചു. ഒരു ദര്‍സ് തുടങ്ങലാണ് തന്റെ ഉദ്ദേശ്യമെന്ന് അബുസ്വബാഹ് മൗലവി പറഞ്ഞു. അദ്ദേഹം അതിന് സൗകര്യമൊരുക്കിക്കൊടുത്തു. അങ്ങനെ ആനക്കയത്ത് ആരംഭിച്ച ദര്‍സാണ് പിന്നീട് മാറ്റിസ്ഥാപിക്കപ്പെട്ട്, ഫറൂഖ് റൗദത്തുല്‍ ഉലൂം അറബിക് കോളേജ് ആയത്. തീരെ ആളൊഴിഞ്ഞ കാടുപിടിച്ച സ്ഥലമായിരുന്നു ഇപ്പോള്‍ ഫറൂഖ് കോളേജ് നില്‍ക്കുന്ന പ്രദേശം. അത് സംഘടിപ്പിച്ചാണ് റൗദത്തുല്‍ ഉലൂമിന് കെട്ടിടം പണിതത്. ഫറോഖിലും കോഴിക്കോട്ടും ദീനീസ്‌നേഹികളായ കുറെ പ്രമാണിമാരുണ്ടായിരുന്നു. അവരുമായി നല്ല അടുപ്പമായിരുന്നു അബുസ്വബാഹ് മൗലവിക്ക്. അവര്‍ മൗലവിയുടെ വ്യക്തിത്വത്തില്‍ ആകൃഷ്ടരായിരുന്നു എന്നു പറയുന്നതാണ് ശരി. അത്തരത്തില്‍ ഉയര്‍ന്ന സ്വഭാവത്തിന്റെ ഉടമയായിരുന്നു അബുസ്വബാഹ് മൗലവി. അവരുടെയൊക്കെ പിന്തുണയോടെയാണ് സ്ഥാപനം വളര്‍ന്നത്.

 
 

         1962-ല്‍ ഞാന്‍ റൗദത്തുല്‍ ഉലൂമില്‍ ചേര്‍ന്ന വര്‍ഷം ഇന്ത്യാ-ചൈന യുദ്ധം നടക്കുകയായിരുന്നു. ഭക്ഷണത്തിനൊക്കെ വലിയ ക്ഷാമം നേരിടുന്നകാലം. ഗോതമ്പിന്റെ പൊടികലക്കിയ ഭക്ഷണമാണ് മൂന്നു നേരവും കിട്ടിയിരുന്നത്. ഇത്തിരി സാമ്പത്തികശേഷിയുള്ള കുട്ടികള്‍ ആ ഗോതമ്പ് ഭക്ഷണം മറ്റു കുട്ടികള്‍ക്ക് വിറ്റ് പുറത്തുപോയി നല്ല ആഹാരം വാങ്ങിക്കഴിക്കും. എങ്കിലും കുട്ടികളൊക്കെ, വളരെ അച്ചടക്കത്തോടെ ഭക്ഷണത്തിന്റെയും താമസത്തിന്റെയും പരിമിതികള്‍ എല്ലാം സഹിച്ചും ക്ഷമിച്ചും ജീവിച്ചുപോന്നു. പഠനകാര്യത്തില്‍ നല്ല താല്‍പര്യം കാണിക്കുകയും ചെയ്തു. ഇന്ന് സംഗതി നേരെ തിരിച്ചാണ്; ഇസ്‌ലാമിക വിദ്യാഭ്യാസ മേഖലയില്‍ വിശേഷിച്ചും. നല്ല ഭൗതിക സൗകര്യങ്ങളും സ്റ്റെയ്പന്റ് പോലുള്ള ആനുകൂല്യങ്ങളും നല്‍കിയിട്ടും ദീനീ വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയരുന്നില്ല. അന്ന് അധ്യാപകര്‍ക്ക് തുഛവരുമാനമാണുണ്ടായിരുന്നത്. ശമ്പളം എന്നൊന്നും അതിന് പറയാന്‍ പറ്റുമായിരുന്നില്ല. അതുതന്നെ കൃത്യമായി ലഭിച്ചിരുന്നുമില്ല. എങ്കിലും  അധ്യാപകരും സംതൃപ്തരായിരുന്നു.

 
 

         അക്കാലത്ത് ഫറൂഖ് കോളേജില്‍ അറബിക് ഡിപ്പാര്‍ട്ടുമെന്റിന്റെ തലവനായിരുന്നു പ്രഫ. വി മുഹമ്മദ് സാഹിബ്. ഫാറൂഖ് ഹൈസ്‌കൂള്‍ റൗദത്തുല്‍ ഉലൂമിനോട് അനുബന്ധിച്ചായിരുന്നു. ഫറൂഖ് കോളേജ്, റൗദത്തുല്‍ ഉലൂം, ഫാറൂഖ് ഹൈസ്‌കൂള്‍ എന്നീ മൂന്ന് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ചേര്‍ത്തുകൊണ്ട് 'റൗദത്താബാദ് സ്റ്റഡീസര്‍ക്ക്ള്‍' രൂപീകരിക്കുകയുണ്ടായി. പഠനക്ലാസുകളും ചര്‍ച്ചകളും പരിപാടികളും അതിനു കീഴില്‍ ഗംഭീരമായി നടന്നുവന്നു. മൂന്ന് സ്ഥാപനങ്ങളിലെയും അധ്യാപകരും വിദ്യാര്‍ഥികളുമൊക്കെ അതില്‍ സജീവമായി പങ്കെടുത്തു. കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര സ്വദേശി പ്രഫ. ടി. അബ്ദുല്ല സാഹിബ്, വിദ്യാര്‍ഥി പ്രമുഖനായിരുന്ന പുവഞ്ചേരി മുഹമ്മദ് സാഹിബ് തുടങ്ങിയവര്‍ സ്റ്റഡിസര്‍ക്കിളിന്റെ മുന്നിലുണ്ടായിരുന്നു. ആഴ്ചതോറും ഫറൂഖ് കോളേജ് പള്ളിയില്‍ നടന്നുവന്ന പരിപാടികള്‍ വൈജ്ഞാനികമായ ആവേശം നല്‍കുന്നതായിരുന്നു. പ്രഫ. വി.മുഹമ്മദ് സാഹിബിന്റെ പ്രഭാഷണങ്ങള്‍ സ്മരണീയങ്ങളാണ്. ചിലപ്പോള്‍ പുറത്തു നിന്നുള്ള വിശിഷ്ടാതിഥികളും വരും. തെക്കന്‍ കേരളത്തില്‍ നിന്നുള്ള പ്രഗല്‍ഭനായ ഒരു അധ്യാപകന്‍ ഉണ്ടായിരുന്നു-എം.എ ഷുക്കൂര്‍ സാഹിബ്. നല്ലൊരു പ്രഭാഷകന്‍ കൂടിയായിരുന്ന അദ്ദേഹം ഇത്തരം വേദികള്‍ വിദ്യാര്‍ഥികളുടെ വ്യക്തിത്വവും കഴിവുകളും പരിപോഷിപ്പിക്കുന്നതില്‍ അക്കാലത്ത് വഹിച്ച പങ്ക് വളരെ വലുതാണ്. എന്റെ നാട്ടുകാരന്‍ ഇ.എസ് അബ്ദുല്‍ കരിം, അറിയപ്പെടുന്ന മുജാഹിദ് നേതാവ് അബ്ദുല്‍ ഹമീദ് മദീനി തുടങ്ങിയവര്‍ റൗദത്തില്‍ എന്റെ സഹപാഠികളായിരുന്നു.

 
 

         നല്ല വൈജ്ഞാനിക അന്തരീക്ഷം, വിദ്യാര്‍ഥികള്‍ തമ്മിലുള്ള ഊഷ്മള ബന്ധം, അധ്യാപകരും വിദ്യാര്‍ഥികളും തമ്മിലുള്ള ആരോഗ്യകരമായ അടുപ്പം തുടങ്ങിയവ റൗദത്താബാദിന്റെ പ്രത്യേകതകളായിരുന്നു. മൗലവി പി.മുഹമ്മദ് കുട്ടശ്ശേരി ഞങ്ങളുടെ മികച്ച ഗുരുനാഥനായിരുന്നു. പഠന-പാഠ്യാനുബന്ധമേഖലകളില്‍ വലിയ പിന്തുണയും പ്രോത്സാഹനവുമാണ് അദ്ദേഹം വിദ്യാര്‍ഥികള്‍ക്ക് നല്‍കിയിരുന്നത്. പ്രബോധനം വാരികയുടെ, ടാബ്ലോയ്ഡ് രൂപത്തില്‍ ഇറങ്ങിയ ഒന്നാം ലക്കത്തില്‍ എന്റെ ഒരു ലേഖനം അച്ചടിച്ചു വരികയുണ്ടായി. 1964-ലായിരുന്നു അത്. 'അറബ് ഐക്യം സാക്ഷാത്കരിക്കാത്ത സ്വപ്നം' എന്നതായിരുന്നു തലക്കെട്ട്. ലഖ്‌നൗ നദ്‌വത്തുല്‍ ഉലമയുടെ അല്‍ ബഅ്‌സുല്‍ ഇസ്‌ലാമിയിലെ ഒരു ലേഖനത്തെ അധികരിച്ച് എഴുതിയതായിരുന്നു അത്. ലേഖനം വായിച്ച കുട്ടശ്ശേരി മുഹമ്മദ് മൗലവി എന്നെ സ്റ്റാഫ് റൂമില്‍ വിളിച്ചുവരുത്തി അഭിനന്ദിക്കുകയും തുടര്‍ന്നെഴുതാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തുവെന്നു മാത്രമല്ല, പിന്നീട് ക്ലാസ്‌റൂമില്‍ കുട്ടികളുടെ മുമ്പില്‍വെച്ചും പ്രത്യേകം അഭിനന്ദിച്ചു. അതൊരു വലിയ പ്രചോദനമായിരുന്നു.

 
 

         റൗദത്തുല്‍ ഉലൂമില്‍ പ്രിലിമിനറി പരീക്ഷ എഴുതിയ ശേഷം ഞങ്ങള്‍ ഒരു കുസൃതി കാണിച്ചു. അവധികഴിഞ്ഞ് കോളേജ് തുറക്കുന്ന ദിവസം ആരും തിരിച്ചുവരരുത് എന്ന് ക്ലാസിലെ വിദ്യാര്‍ഥികള്‍ കൂട്ടായ തീരുമാനമെടുത്തു. ഒരു തമാശക്കുവേണ്ടി ചെയ്തതായിരുന്നു.പക്ഷേ, ഞാനൊഴികെ എല്ലാവരും നിശ്ചിത ദിവസം തന്നെ തിരിച്ചുചെന്നു. അതേ സമയത്തുതന്നെ മറ്റൊരു സംഭവം കൂടിയുണ്ടായി. ഞങ്ങളുടെ പ്രദേശത്ത് ഖത്വീബായിരുന്ന ശാന്തപുരം കെ.ടി അബ്ദുര്‍റഹ്മാന്‍ മൗലവിയുടെ സഹോദരന്‍ കെ.ടി അബ്ദുല്‍ ഹമീദ് എറിയാട്ട് അധ്യാപകനായി വന്നു. ശാന്തപുരം കോളേജില്‍ ചേര്‍ന്ന് പഠിക്കാന്‍ അദ്ദേഹം എന്നെ പ്രേരിപ്പിച്ചു. അതില്‍ സ്വാധീനിക്കപ്പെട്ട ഞാന്‍ പിന്നീട് റൗദത്തിലേക്ക് പോകാതെ ശാന്തപുരത്ത് പ്രവേശനം തേടിച്ചെന്നു. അബുല്‍ ജലാല്‍ മൗലവിയായിരുന്നു അന്ന് ശാന്തപുരം പ്രിന്‍സിപ്പല്‍. അദ്ദേഹം റൗദത്തിന്റെ സന്തതിയാണ്. എങ്ങനെയാണ് റൗദത്തില്‍ നിന്ന് പോന്നത് എന്ന് അദ്ദേഹം എന്നോട് അന്വേഷിച്ചു. ഞാന്‍ കഥകളെല്ലാം പറഞ്ഞു. 'ചെയ്ത തെറ്റിന് മാപ്പ് ചോദിച്ചുകൊണ്ട് ഉസ്താദിന് കത്തെഴുതണം' എന്നായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദേശം. അതനുസരിച്ച് ഞാന്‍ റൗദത്തിലേക്ക് കത്തെഴുതി. അങ്ങനെ 1964ല്‍ ഞാന്‍ ശാന്തപുരത്ത് വിദ്യാര്‍ഥിയായി ചേര്‍ന്നു. അബുല്‍ ജലാല്‍ മൗലവിക്കുപുറമെ പി.കെ അബ്ദുല്ലമൗലവി, സെയ്തു മൗലവി, എന്‍.കെ അബ്ദുല്‍ഖാദിര്‍ മൗലവി, വടക്കാങ്ങര അബ്ദുല്‍ ഖാദര്‍ മൗലവി, ശരീഫ് മൗലവി തുടങ്ങിയവരെല്ലാം ശാന്തപുരത്ത് എന്റെ ഗുരുനാഥന്മാരായിരുന്നു. കെ.ടി അബ്ദുര്‍റഹീം സാഹിബാണ് 'ഇന്‍ഷാഅ്' പഠിപ്പിച്ചിരുന്നത്. 1964 മുതല്‍ 68വരെ നാല് വര്‍ഷമാണ് ഞാന്‍ ശാന്തപുരത്ത് പഠിച്ചത്. എട്ടാം വര്‍ഷത്തില്‍ അവിടെ ചേര്‍ന്ന ഞാന്‍ 12-ാം ക്ലാസില്‍ പരീക്ഷയെഴുതാതെയാണ് ശാന്തപുരം വിട്ടത്. അതിനിടയില്‍ അഫ്ദലുല്‍ ഉലമ പരീക്ഷ പ്രൈവറ്റായി എഴുതിയെടുത്തു. 

 
 

         ശാന്തപുരത്തെ കലാലയാന്തരീക്ഷം പൊതുവെ പഠിക്കാന്‍ പ്രേരിപ്പിക്കുന്നതായിരുന്നു. പാഠ്യേതര രംഗത്തും പഠന കാര്യങ്ങളിലും അധ്യാപകര്‍ വലിയ പ്രോത്സാഹനം തന്നു. വിദ്യാര്‍ഥികള്‍ക്കും വലിയ ആവേശമായിരുന്നു. എല്ലാ രംഗങ്ങളിലും കഴിവുതെളിയിച്ചു വളര്‍ന്നു വരാന്‍ അവര്‍ മത്സരിച്ചു. എനിക്കും ആ കാലഘട്ടം വളരെ പ്രയോജനകരമായിരുന്നു. റൗദത്തുല്‍ ഉലൂമില്‍ പഠിക്കുമ്പോള്‍ തന്നെ പ്രബോധനത്തില്‍ ലേഖനമെഴുതിയിരുന്നതിനാല്‍, ശാന്തപുരത്ത് ചേര്‍ന്നപ്പോള്‍ വലിയ സ്വീകരണവും ആദരവുമാണ് ലഭിച്ചത്. വിദ്യാര്‍ഥികള്‍ക്കുവേണ്ടിയുള്ള മോഡല്‍ പാര്‍ലമെന്റ് ശാന്തപുരത്തെ പ്രത്യേകതയായിരുന്നു. അറബി സാഹിത്യചരിത്രം,ഭാഷ, താരീഖ് എന്നിവയായിരുന്നു എനിക്ക് പ്രത്യേകം താല്‍പര്യമുണ്ടായിരുന്ന വിഷയങ്ങള്‍. ആത്മീയ വിഷയങ്ങളോടൊപ്പം, ഭാഷയും സാമൂഹിക ശാസ്ത്രവുമൊക്കെ ഉള്‍കൊള്ളുന്നതായിരുന്നു സിലബസ്. ആലപ്പുഴയിലെ അബ്ദുല്‍ ഖാദര്‍ മാസ്റ്ററായിരുന്നു ഇംഗ്ലീഷ് അധ്യാപകന്‍. തലശ്ശേരി പെരിങ്ങാടിയിലെ കെ.എം അബ്ദുര്‍റഹീം സാഹിബും അധ്യാപകനായി ഉണ്ടായിരുന്നു. വി.കെ അലി സാഹിബ്, കുഞ്ഞിമൊയ്തീന്‍ കുട്ടി മൗലവി, ഖാസി, ഇസുദ്ദീന്‍ തുടങ്ങി പത്തുപന്ത്രണ്ട് പേര്‍ എന്റെ സഹപാഠികളായിരുന്നു. ഒരു ഘട്ടത്തില്‍ കോളേജിലെ വിദ്യാര്‍ഥി ഹല്‍ഖയുടെ നാസിം ആയിരുന്നു ഞാന്‍. അപൂര്‍വമായി ശാന്തപുരം പള്ളിയില്‍ ഖുത്വ്ബ നടത്താറുണ്ടായിരുന്നു. എന്റെ ഇസ്‌ലാമിക വ്യക്തിത്വം രൂപപ്പെടുത്തിയത് ഫറോഖ് റൗദത്തുല്‍ ഉലൂമും ശാന്തപുരം ഇസ്‌ലാമിയ കോളേജുമാണ്. പ്രസ്ഥാന രംഗത്തെ വളര്‍ച്ചയില്‍ ശാന്തപുരം വഹിച്ച പങ്ക് എടുത്തുപറയേണ്ടതുതന്നെ.

 
 

         റൗദത്തുല്‍ ഉലൂമില്‍ പഠിക്കുമ്പോള്‍ പ്രിലിമിനറി ഒന്നാം വര്‍ഷം പ്രൈവറ്റായി പരീക്ഷ എഴുതിയിരുന്നു. ശാന്തപുരത്ത് വന്നപ്പോള്‍ അത് തുടര്‍ന്നെഴുതാന്‍ അവസരം ഉണ്ടായില്ല. യൂനിവേഴ്‌സിറ്റി പരീക്ഷയെഴുതി അംഗീകൃത സര്‍ട്ടിഫിക്കറ്റ് നേടി ജോലി ചെയ്യണമെന്ന് വാപ്പക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ശാന്തപുരത്തെ കോഴ്‌സില്‍ ഇതിന് സംവിധാനം ഉണ്ടായിരുന്നില്ല. ഈ സാഹചര്യം മറ്റൊരു പഠനമേഖലയെക്കുറിച്ച് ചിന്തിക്കാന്‍ കാരണമായി. അതോടൊപ്പം ചില ശാരീരിക പ്രയാസങ്ങള്‍ എന്നെ അലട്ടുന്നുണ്ടായിരുന്നു. 15-ാം വയസ്സില്‍ ടൈഫോയ്ഡിന് മരുന്ന് കഴിച്ചതുമുതല്‍ വയറിന് അസുഖം തുടങ്ങുകയുണ്ടായി. കുടല്‍ വ്രണം (Peptic Ulcer) എന്ന ഉദരരോഗം അന്ന് തുടങ്ങിയതാണെനിക്ക്. ചെറുകുടലിന്റെ തൊലിപോകുന്ന ഈ അസുഖം കാരണം ഒരുവിധം ഭക്ഷണമൊന്നും എനിക്ക് കഴിക്കാന്‍ കഴിയില്ല. ഇപ്പോഴും അതാണെന്നെ പ്രയാസപ്പെടുത്തുന്നത്. ശാന്തപുരത്തു നിന്നും ഇതിന്റെ പ്രയാസങ്ങള്‍ ഉണ്ടായി. ഈ രണ്ടു കാരണങ്ങളാല്‍ ശാന്തപുരം കാമ്പസ് വിടാന്‍ ഞാന്‍ നിര്‍ബന്ധിതനായി.

 
 

         പിന്നീട് ജ്യേഷ്ഠന്‍ താല്‍പര്യമെടുത്ത് കേരള യൂനിവേഴ്‌സിറ്റിയില്‍ റജിസ്റ്റര്‍ ചെയ്ത് ബി.എ അറബിക് പരീക്ഷയെഴുതി,1969-70 കാലത്തായിരുന്നു ഇത്. അതിനുശേഷം, പ്രൈവറ്റായിത്തന്നെ എം.എ അറബിക് പരീക്ഷയും പാസായി. കോഴിക്കോട് ട്രെയിനിങ്ങ് സെന്ററിലായിരുന്നു അറബി അധ്യാപക എല്‍.ടി.ടി പരിശീലനം. ട്രെയിനിംഗിനു മുമ്പേ വാപ്പയുടെ നിര്‍ബന്ധപ്രകാരം എറിയാട് യു.പി സ്‌കൂളില്‍ ഞാന്‍ അധ്യാപകനായി ജോലി ചെയ്തുതുടങ്ങിയിരുന്നു. 

 
 

(തുടരും)