Click to view this issue
Friday, February 22, 2019
News Update
 

1435 ശഅ്ബാന്‍ 15

2014 ജൂണ്‍ 13

പുസ്തകം 71 ലക്കം 3

ജീവിതപാഠങ്ങള്‍-7

ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി ‌

അല്ലാഹുവിന്റെ വിധിയില്‍ അതൃപ്തരാവാതിരിക്കുക. വിധിയെ തടയാനോ ഉല്ലംഘിക്കാനോ ഒരാള്‍ക്കുമാവില്ല. ആരു തൃപ്തരായാലും അതൃപ്തരായാലും സംഭവിക്കാനുള്ളത്
 
 

         ല്ലാഹുവിന്റെ വിധിയില്‍ അതൃപ്തരാവാതിരിക്കുക. വിധിയെ തടയാനോ ഉല്ലംഘിക്കാനോ ഒരാള്‍ക്കുമാവില്ല. ആരു തൃപ്തരായാലും അതൃപ്തരായാലും സംഭവിക്കാനുള്ളത് സംഭവിക്കുക തന്നെ ചെയ്യും. ദുനിയാവിനോടുള്ള ഇടപഴകല്‍ സദുദ്ദേശപൂര്‍വമായിരിക്കണം. അതല്ലാത്തപക്ഷം നിങ്ങള്‍ അല്ലാഹുവിന്റെ വെറുപ്പിനു പാത്രമാവും. 'ലാ ഹൗല വലാ ഖുവ്വത്ത ഇല്ലാ ബില്ലാഹ് ' എന്ന മൊഴിയില്‍ തുടങ്ങട്ടെ നിങ്ങളുടെ വ്യവഹാരങ്ങള്‍ മുഴുവനും. 

 
 

         കഷ്ടതകളാല്‍ പരീക്ഷിക്കപ്പെടുന്ന പാവങ്ങളേ, മരണത്തെക്കുറിച്ചും അനന്തര യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചും ഓര്‍ക്കുക. എങ്കില്‍ ദാരിദ്ര്യവും കഷ്ടതകളും നിങ്ങള്‍ക്കു നിസ്സാരമാവുകയും, ഇഹലോക വിരക്തി എളുപ്പമാവുകയും ചെയ്യും. എന്റെ ഉപദേശം നിങ്ങള്‍ സ്വീകരിക്കുക. കാരണം, ഞാനീ പാത അനുധാവനം ചെയ്തവനും അനുഭവിച്ചവനുമാകുന്നു. അല്ലാഹുവിന്റെ ഇഷ്ടദാസന്മാര്‍ അവന്റെ 'വജ്ഹ്' അല്ലാതെ മറ്റൊന്നും കൊതിക്കില്ല. അവര്‍ ഉറക്കുപേക്ഷിച്ചവരാണ്, ഉറക്കിനെ സൃഷ്ടിച്ചവന്റെ സാനിധ്യത്തിലാവാന്‍.

 
 

അവരുടെ ഹൃദയം സ്വത്തു-സമ്പാദ്യങ്ങളില്‍ നിന്നെല്ലാം മോചിതമായിരിക്കുന്നു. അല്ലാഹുവിന്റെ ആജ്ഞയിറങ്ങിയതോടെ അവര്‍ ഉപജീവനോപാധികളുപേക്ഷിച്ച് വിജനമായ മരുഭൂമികളില്‍ അധിവസിച്ചു. അവര്‍ക്കു വാസമുറപ്പിക്കാന്‍ സ്ഥായിയായ ഇടങ്ങളില്ലായിരുന്നു. അസാധാരണമാകുന്നു അവരുടെ ഇരവും പകലും. 

 
 

വറചട്ടിയിലെ ധാന്യമണി കണക്കെയാകുന്നു അവരുടെ ഹൃദയം. അവരാകുന്നു ബുദ്ധിമാന്മാര്‍. ദുനിയാവിനെയും അതിന്റെ ഗൂഢതന്ത്രങ്ങളെയും വശീകരണത്തെയും വഞ്ചനകളെയുമെല്ലാം തിരിച്ചറിഞ്ഞവരാകുന്നു അവര്‍. അവരുടെ ഹൃദയത്തിലേക്ക് അല്ലാഹുവിന്റെ വിളിയെത്തി. അതിനാല്‍, അവര്‍ ഉറക്കിടങ്ങള്‍ വിട്ടുണര്‍ന്നു. പുറംതോടിനപ്പുറം അവരുടെ അകക്കാമ്പും ആ വിളി കേട്ടു. ''സ്‌നേഹത്തിന്റെ അവകാശവാദമുന്നയിക്കുകയും എന്നിട്ട് രാവണഞ്ഞാല്‍ ഉറങ്ങാനൊരുങ്ങുകയും ചെയ്യുന്നവര്‍ വ്യാജരാണ്'' എന്ന വിശുദ്ധ വചനം ശ്രവിച്ചവരാണ് അവര്‍. അതിനാല്‍, രാവിന്റെ അന്ത്യയാമങ്ങളില്‍ കാലില്‍ നീരു വരുവോളം അവര്‍ ദൈവസന്നിധിയില്‍ എഴുന്നേറ്റു  നിന്നു. കവിള്‍തടങ്ങളിലൂടെ ചാലിട്ട കണ്ണുനീരിന്റെ ഭാഷകൊണ്ട്  അവര്‍ റബ്ബിനോടു സംസാരിച്ചു. പ്രതീക്ഷയുടെയും ഭയത്തിന്റെയും പാദമേറി തിരുസന്നിധിയില്‍ പ്രവേശിച്ചു. തിരസ്‌കാരത്തെക്കുറിച്ച ഭയവും സ്വീകരണത്തിന്റെ പ്രതീക്ഷയും പേറി... 

 
 

ജനങ്ങളേ, ദീനീ നിയമങ്ങള്‍ മുറുകെ പിടിക്കുക. അല്ലാഹുവിന്റെ വിശുദ്ധ ഗ്രന്ഥവും തിരുദൂതരുടെ(സ) ചര്യയും പിന്‍പറ്റുക. കര്‍മ്മങ്ങളില്‍ ആത്മാര്‍ത്ഥത പുലര്‍ത്തുക. എങ്കില്‍ അല്ലാഹുവിന്റെ ഔദാര്യത്തിന്റെയും പ്രീതിയുടെയും സൂക്ഷ്മ തലങ്ങള്‍ പോലും നിങ്ങള്‍ക്കു ദര്‍ശിക്കാം. അവനുമായുള്ള സ്വകാര്യ സംഭാഷണത്തിന്റെ ആനന്ദവുമനുഭവിക്കാം. 

 
 

രക്ഷ തേടി ഓടിയകലുന്ന മാര്‍ഗഭ്രംശകരേ, മുന്നോട്ടു വരിക. ദുരിതങ്ങളില്‍ നിന്ന് ഓടിയകലാതിരിക്കുവിന്‍. കാരണം, അവ പരീക്ഷണമല്ലാതെ മറ്റൊന്നുമല്ല. ക്ഷമിച്ചു നില്‍ക്കുക. എങ്കില്‍ അവയുടെ ആഘാതങ്ങളില്‍ നിന്ന് നിങ്ങള്‍ സംരക്ഷിക്കപ്പെട്ടേക്കും. ദൃഢചിത്തരായി നിലകൊള്ളുക. മറ്റുള്ളവര്‍ക്കു വിധിക്കപ്പെട്ടതൊന്നും നിങ്ങളുടെ വഴിയേ വരില്ല. നേരു പേറുന്ന നെഞ്ചകങ്ങളാകുന്നു നിങ്ങള്‍ക്കു വേണ്ട പടച്ചട്ട. പക്ഷെ, പോരാട്ടത്തില്‍ പങ്കു ചേരാതെ വിട്ടുനിന്നു വീക്ഷിക്കുന്നവരാകുന്നു നിങ്ങള്‍. അന്ധരായ അനുഗാമികള്‍. നിങ്ങള്‍ ജനക്കൂട്ടത്തോടൊപ്പം ചേരുന്നു. അവരോടൊപ്പം ചേരുന്നവര്‍ അവരിലൊരാള്‍ മാത്രമാകുന്നു. 

 
 

മോഹങ്ങളില്‍ മുങ്ങിപ്പോയവരേ, അവയില്‍നിന്ന് രക്ഷ നേടാന്‍ പാടുപെടുക. അല്ലാഹുവിന്റെ ഇഷ്ട ദാസരില്‍ ഒരാളോടു ചോദിക്കപ്പെട്ടു - ''അങ്ങയുടെ അഭിലാഷമെന്താണ്?
'' അദ്ദേഹം പ്രതിവചിച്ചു - ''അഭിലാഷമേതും ഇല്ലാതിരിക്കലാകുന്നു എന്റെ അഭിലാഷം.'' ദൈവവിധിയിലുള്ള സംതൃപ്തിയെ ആശ്രയിച്ചിരിക്കുന്നു മറ്റെല്ലാം. മോഹങ്ങളുപേക്ഷിച്ച് ഹൃദയത്തെ അതിനെ പരിവര്‍ത്തന വിധേയമാക്കുന്നവന്റെ കൈകളില്‍ സമര്‍പ്പിക്കുക. അല്ലാഹുവേ, നിന്റെ വിധിയുടെ കരങ്ങള്‍ക്കു മുന്നില്‍ സുജൂദിലാവുന്ന സത്യവിശ്വാസികളില്‍ ഞങ്ങളെ ഉള്‍പ്പെടുത്തേണമേ.

 
 

  ''ആത്തിനാ ഫിദ്ദുന്‍യാ ഹസനത്തന്‍ വഫില്‍ ആഖിറത്തി ഹസനത്തന്‍ വഖിനാ അദാബന്നാര്‍..........''   

 
 
വിവ: വി. ബഷീര്‍