Click to view this issue
Friday, February 22, 2019
News Update
 

1435 ജമാദുല്‍ ആഖിര്‍ 11

2014 ഏപ്രില്‍ 11

പുസ്തകം 70 ലക്കം 44

രിയാദ് അന്താരാഷ്ട്ര പുസ്തകമേളയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചത് ഐ.പി.എച്ച്

കെ.ടി ഹുസൈന്‍ /റിപ്പോര്‍ട്ട്‌

ജിജ്ഞാസയോടും അതിലേറെ ആശങ്കയോടും കൂടിയാണ് ഇക്കഴിഞ്ഞ 2014 മാര്‍ച്ച് മൂന്ന് മുതല്‍ 14-വരെ സുഊദി അറേബ്യന്‍ തലസ്ഥാനമായ രിയാദില്‍ നടന്ന എട്ടാമത്
 
 

         ജിജ്ഞാസയോടും അതിലേറെ ആശങ്കയോടും കൂടിയാണ് ഇക്കഴിഞ്ഞ 2014 മാര്‍ച്ച് മൂന്ന് മുതല്‍ 14-വരെ സുഊദി അറേബ്യന്‍ തലസ്ഥാനമായ രിയാദില്‍ നടന്ന എട്ടാമത് അന്താരാഷ്ട്ര പുസ്തകമേളയില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ നിന്നുള്ള ഐ.പി.എച്ചിന്റെ പ്രതിനിധിയായി എത്തിയത്. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളിലെ ആയിരത്തോളം പ്രസാധകര്‍ അണിനിരന്ന പുസ്തകമേളയില്‍ ഇപ്രാവശ്യവും ഇന്ത്യാ ഉപഭൂഖണ്ഡത്തിന്റെ ഏക പ്രതിനിധി കേരളത്തില്‍ നിന്നുള്ള ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസായിരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഐ.പി.എച്ച് തുടര്‍ച്ചയായി രിയാദ് അന്താരാഷ്ട്ര പുസ്തകമേളയില്‍ പങ്കെടുത്ത് വരുന്നുണ്ട്.

 
 

'പുസ്തകങ്ങള്‍ നാഗരികതകള്‍ക്കിടയിലെ പാലം' എന്നതായിരുന്നു 12 ദിവസം നീണ്ട് നിന്ന പുസ്തകമേളയുടെ തലവാചകം.

 
 

സംഘാടക മികവിലും സന്ദര്‍ശകരുടെ ബാഹുല്യത്തിലും ഏത് അന്താരാഷ്ട്ര പുസ്തകമേളയോടും കിടപിടിക്കുന്നതായിരുന്നു  രിയാദ് അന്താരാഷ്ട്ര പുസ്തകമേള. സന്ദര്‍ശകരുടെ പ്രത്യേകിച്ച് സ്ത്രീകളുടെ അഭൂതപൂര്‍വമായ ഒഴുക്ക് മേളക്ക് ഒരു ഉത്സവഛായ പകരുകയുണ്ടായി. സന്ദര്‍ശനത്തില്‍ മാത്രമല്ല, പുസ്തകങ്ങള്‍ വാങ്ങുന്നതിലും സ്ത്രീകള്‍ തന്നെയാണ് മുന്നിട്ട് നിന്നത്. 

 
 

2006 മുതല്‍ എല്ലാ വര്‍ഷവും മുടങ്ങാതെ നടന്നുവരുന്ന രിയാദ് പുസ്തകമേളയില്‍ ആദ്യ വര്‍ഷങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം പ്രത്യേക ദിവസങ്ങളില്‍ പരിമിതമായിരുന്നു. എന്നാല്‍, കഴിഞ്ഞ മൂന്ന് വര്‍ഷമായി എല്ലാ ദിവസവും മേള ആരംഭിക്കുന്ന രാവിലെ 10 മണി മുതല്‍, അവസാനിക്കുന്ന രാത്രി 11 മണി വരെ  ഏത് സമയവും സ്ത്രീകള്‍ക്ക് പ്രവേശനമുണ്ടായിരുന്നു. സ്ത്രീകളുടെ പ്രവേശനത്തിന് യാതൊരു നിയന്ത്രണവുമില്ലായിരുന്നുവെന്ന് ചുരുക്കം. സ്ത്രീകള്‍ അത് നന്നായി പ്രയോജനപ്പെടുത്തുകയും ചെയ്തു.

 
 

സ്ത്രീ വിദ്യാഭ്യാസ രംഗത്ത് ഇപ്പോഴത്തെ സുഊദി ഭരണാധികാരി അബ്ദുല്ലാ രാജാവ് തുടക്കം കുറിച്ച വിപ്ലവകരമായ പരിഷ്‌കാരങ്ങള്‍ ഫലം കൊയ്യാന്‍ തുടങ്ങിയിരിക്കുന്നുവെന്നതിന്റെ തെളിവ് കൂടിയാണ് ഈ പുസ്തകമേള സന്ദര്‍ശിക്കുന്നതിലും പുസ്തകങ്ങള്‍ സെലക്ട് ചെയ്യുന്നതിലും സുഊദി സ്ത്രീകള്‍ പ്രദര്‍ശിപ്പിച്ച അഭൂതപൂര്‍വമായ ഈ താല്‍പര്യം എന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. ഏതെങ്കിലും പ്രത്യേക മേഖലയില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല പുസ്തകത്തോടുള്ള അവരുടെ താല്‍പര്യം. മതം, തത്ത്വചിന്ത, സാമൂഹിക ശാസ്ത്രം, ശാസ്ത്രം, കലാ-സാഹിത്യം തുടങ്ങിയ എല്ലാ മേഖലകളിലുമുള്ള പുസ്തകങ്ങള്‍ അവര്‍ തേടിപ്പിടിച്ചു വാങ്ങുന്നത് കാണാമായിരുന്നു. ഐ.പി.എച്ച് പവലിയനില്‍ വില്‍പനക്ക് വെച്ചിരുന്ന മഹാത്മാ ഗാന്ധിയുടെ ആത്മകഥയായ, 'എന്റെ സത്യന്വേഷണ പരീക്ഷണങ്ങളു'ടെ അറബി പരിഭാഷക്കും കമലാ സുറയ്യയുടെ 'യാ അല്ലാഹു'വിനും ആവശ്യക്കാര്‍ ഏറെയായിരുന്നു.

 
 

സ്ത്രീകള്‍ക്ക് മാത്രമായി 2004-ല്‍ സ്ഥാപിതമായ പ്രിന്‍സസ് നൂറ ബിന്‍ത് അബ്ദുര്‍റഹ്മാന്‍ സര്‍വകലാശാലയാണ് വിദ്യാഭ്യാസ, സാംസ്‌കാരിക രംഗത്തെ സുഊദി സ്ത്രീകളുടെ അഭൂതപൂര്‍വമായ ഈ മുന്നേറ്റത്തിന്റെ പ്രധാന ചാലകശക്തിയെന്നാണ് മനസ്സിലാകുന്നത്. അബ്ദുല്ല രാജാവാണ് അതിന്റെ ശില്‍പി. രിയാദ് പട്ടണത്തിന്റെ ഹൃദയ ഭാഗത്ത് കിലോമീറ്ററുകളോളം വ്യാപിച്ചുകിടക്കുന്ന പ്രിന്‍സസ് നൂറ ബിന്‍ത് അബ്ദുര്‍റഹ്മാന്‍ സര്‍വകലാശാല ലോകത്തിലെ ഏറ്റവും വലിയ പത്ത് സര്‍വകലാശാലകളില്‍ ഒന്നും ലോകത്തെ ഏറ്റവും വലിയ വനിതാ സര്‍വ കലാശാലയുമാണ്. കാമ്പസിനകത്ത് നാല് സ്റ്റേഷനുകള്‍ ബന്ധിപ്പിച്ചുകൊണ്ടുള്ള മെട്രോ റെയില്‍വേ സര്‍വീസുള്ള സര്‍വകലാശാലയില്‍ അറുപതിനായിരം സ്ത്രീകള്‍  പഠിക്കുന്നുണ്ട്. പുസ്തകമേള സന്ദര്‍ശിച്ച പെണ്‍കുട്ടികളില്‍ പലര്‍ക്കും മനോഹരമായി ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയുമായിരുന്നു. അവരില്‍ പലരും നൂറ സര്‍വകലാശാലയില്‍ പഠിച്ചുകൊണ്ടിരിക്കുന്നവരോ പഠനം പൂര്‍ത്തിയാക്കിയവരോ ആയിരുന്നു. അത്യാധുനിക സംവിധാനങ്ങളോടു കൂടിയ കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷ്‌നല്‍ കണ്‍വെന്‍ഷന്‍ ആന്റ് എക്‌സിബിഷന്‍ സെന്ററില്‍ 2006 മുതല്‍ എല്ലാ വര്‍ഷവും മുടങ്ങാതെ നടക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയും അബ്ദുല്ലാ രാജാവിന്റെ സംഭാവനയാണ്.

 
 

പുസ്തകമേളയുടെ ഔപചാരിക ഉദ്ഘാടനം 2014 മാര്‍ച്ച് 3-ന് രാത്രി 8 മണിക്ക് സുഈദി സാംസ്‌കാരിക വാര്‍ത്താ വിനിമയ മന്ത്രി  ഡോ. അബ്ദുല്‍ അസീസ് മുഹ്‌യിദ്ദീന്‍ ഖോജയാണ് നിര്‍വഹിച്ചത്. ഇത്തവണത്തെ അതിഥി രാജ്യമായ സ്‌പെയിന്‍ അംബാസഡര്‍  ഹുവാക്കിന്‍ പെരസ്, വാര്‍ത്താ വിതരണ സഹമന്ത്രി ഡോ. അബ്ദുല്ല അല്‍ ജാസര്‍, സാംസ്‌കാരിക വകുപ്പ് മേധാവി ഡോ. നാസര്‍ അല്‍ ഹുജൈലാന്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു. അതിഥി രാജ്യമായ സ്‌പെയിനിന്റെ ചരിത്രവും സംസ്‌കാരവും വിവരിക്കുന്ന ഡോക്യുമെന്ററിയും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. സുഊദി അറേബ്യന്‍ സാംസ്‌കാരിക വകുപ്പിന്റെ പ്രത്യേക പുരസ്‌കാരം നേടിയ 10 അറബി കാലിഗ്രാഫര്‍മാരെ ചടങ്ങില്‍ ആദരിച്ചു.

 
 

സ്‌പെയിനും സുഊദി അറേബ്യയും തമ്മിലുള്ള സാംസ്‌കാരിക ബന്ധം, അറബി നാടകങ്ങളുടെ വര്‍ത്തമാനം, സുഊദി അറേബ്യയുടെ സാമ്പത്തിക വളര്‍ച്ച, കലാ-കായിക രംഗത്തെ സുഊദി അറേബ്യയുടെ സമകാലിക മികവ്, സ്ത്രീ വിദ്യാഭ്യാസ രംഗത്തെ പുരോഗതി തുടങ്ങിയ വിവിധ വിഷയങ്ങളിലുള്ള ചര്‍ച്ചയും മേളയോടനുബന്ധിച്ച് നടക്കുകയുണ്ടായി. മേളയില്‍ പങ്കെടുത്ത പ്രസാധകര്‍ക്കായി കിംഗ് ഫഹദ് സാംസ്‌കാരിക കേന്ദ്രത്തില്‍ പ്രത്യേക വിരുന്നൊരുക്കിയിരുന്നു.

 
 

മേളയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ഐ.പി.എച്ചിന്റെ പവലിയന്‍ ഉദ്ഘാടനം ചെയ്തത് അതിഥി രാജ്യമായ സ്‌പെയിനിന്റെ അംബാസഡര്‍ ഹുവാക്കിന്‍ പെരസായിരുന്നു. സുഊദി മന്ത്രിമാരായ ഡോ. അബ്ദുല്ല അല്‍ ജാസിര്‍, ഡോ. രിയാദ് നുജൂം, സുഊദി അറേബ്യയിലെ പ്രമുഖ പ്രഭാഷകനും എഴുത്തുകാരനുമായ ആദില്‍ കന്‍ദാനി, ലബനീസ്  എഴുത്തുകാരനായ അഹ്മദ് മുഹമ്മദ് അല്‍ ജവാദ്, ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥന്മാര്‍ എന്നിവര്‍ ഐ.പി.എച്ച് പവലിയന്‍ സന്ദര്‍ശിച്ചു. ഐ.പി.എച്ച് ഗ്രന്ഥങ്ങള്‍ക്ക് പുറമെ മലയാളത്തിലെ പ്രമുഖ സാഹിത്യകാരന്മാരുടെ ഗ്രന്ഥങ്ങള്‍, ഇഗ്ലീഷ് ബാല സാഹിത്യങ്ങള്‍, ഗാന്ധിജിയുടെ 'സത്യാന്വേഷണ പരീക്ഷണങ്ങളു'ടെ അറബി വിവര്‍ത്തനം, 'യാ അല്ലാഹ്' തുടങ്ങിയ ഏതാനും അറബി ഗ്രന്ഥങ്ങള്‍ എന്നിവയും ഐ.പി.എച്ച് സ്റ്റാളില്‍ പ്രദര്‍ശനത്തിനും വില്‍പനക്കും വെച്ചിരുന്നു.

 
 

ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ നിന്നുള്ള ഏക പ്രസാധനാലയം എന്ന നിലക്ക് ഐ.പി.എച്ച് പവലിയന്‍ എല്ലാവരുടെയും ശ്രദ്ധാ കേന്ദ്രമായിരുന്നു. കേരളക്കാരും ഇന്ത്യക്കാരുമായ പ്രവാസികള്‍ക്ക് പുറമെ ധാരാളം അറബികളും എല്ലാ ദിവസവും ഐ.പി.എച്ച് പവലിയന്‍ സന്ദര്‍ശിക്കുകയുണ്ടായി. ഈ കുറിപ്പുകാരനെ കൂടാതെ ഐ.പി.എച്ച് ജനറല്‍ മാനേജര്‍ സി.പി ഹാരിസും മേളയില്‍ പങ്കെടുത്തു.