Click to view this issue
Tuesday, April 23, 2019
News Update
 

1435 ജമാദുല്‍ ആഖിര്‍ 11

2014 ഏപ്രില്‍ 11

പുസ്തകം 70 ലക്കം 44

കടുവാക്കുഴിയില്‍' നിന്നും വളരെയൊന്നും വികസിച്ചിട്ടില്ലാത്ത നമ്മള്‍

മെഹദ് മഖ്ബൂല്‍ /ലൈക് പേജ്‌‌

കഥ കൊണ്ട് കയര്‍ക്കുകയും കലഹിക്കുകയും ചെയ്ത ഒരെഴുത്തുകാരനുണ്ടായിരുന്നു നമുക്ക്. ഈ വിശ്വത്തിന്റെ ഒരു കോണിലിരുന്നല്ലേ ഞാനും കഥകള്‍ കെട്ടുന്നതെന്നും അതുകൊണ്ട്
 
 


 
basheer
 

 

 
         ക
ഥ കൊണ്ട് കയര്‍ക്കുകയും കലഹിക്കുകയും ചെയ്ത ഒരെഴുത്തുകാരനുണ്ടായിരുന്നു നമുക്ക്. ഈ വിശ്വത്തിന്റെ ഒരു കോണിലിരുന്നല്ലേ ഞാനും കഥകള്‍ കെട്ടുന്നതെന്നും അതുകൊണ്ട് ഞാനൊരു വിശ്വസാഹിത്യകാരനല്ലേയെന്നും ചിരി കലര്‍ത്തി പറഞ്ഞ വേണ്ടത്ര 'വൊക്കാബുലറി'യില്ലാത്ത എഴുത്തുകാരന്‍, വൈക്കം മുഹമ്മദ് ബഷീര്‍.

 
 

 ആള്‍ദൈവങ്ങളും ആത്മീയ ചൂഷണങ്ങളും വളരെ ചര്‍ച്ചയായ ഈ കാലത്ത് ബഷീറിന്റെ കഥാപാത്രങ്ങള്‍ നമ്മിലേക്ക് പാഞ്ഞെത്തുക സ്വാഭാവികം. മാര്‍ത്താണ്ഡവര്‍മ, രാമരാജ ബഹദൂര്‍, ഝാന്‍സി റാണി തുടങ്ങിയ ചരിത്രേതിഹാസങ്ങളുടെയും പുരാണ കഥാപാത്രങ്ങളുടെയും ചോട്ടില്‍ എഴുത്തിനെയും സാഹിത്യത്തെയും ഉറക്കിക്കിടത്തിയിരുന്ന കാലത്താണ് ബഷീര്‍ ശിങ്കിടി മുങ്കനെപ്പറ്റി നമ്മോടെഴുതുന്നത്. കരിയാത്തന്‍ എന്ന കള്ളുകുടിയന്‍ തനിക്ക് ഐശ്വര്യത്തോടെ ജീവിക്കാന്‍ കണ്ട വിദ്യയാണ് ശിങ്കിടിമുങ്കന്‍. അതൊരു വെറും കല്ലാണ്. ഒരോലക്കുടിലില്‍ ആ കല്ലെടുത്ത് വെച്ച് ഏതാഗ്രഹവും ഈ ശിങ്കിടിമുങ്കന്‍ സാധിപ്പിച്ച് തരും എന്ന് പ്രചരിപ്പിക്കുകയാണ് കരിയാത്തന്‍. പിന്നീട് എല്ലാ മതസ്ഥരുടെയും അങ്ങോട്ടേക്കുള്ള ഒരു കൂട്ടപ്പലായനമാണ് നമ്മള്‍ കാണുന്നത്.

 
 

കണ്ടമ്പറയന്റെ കഥ പറഞ്ഞതും വൈക്കം ബഷീര്‍. കണ്ടമ്പറയന്‍ എപ്പോഴും 'ഹന്തൊന്ത്' എന്നേ പറയൂ. അതിനെ വിശദീകരിക്കുന്നതാകട്ടെ എട്ടുകാലി മമ്മൂഞ്ഞും. ആഞ്ഞിലിത്തടി കാണാതായപ്പോള്‍ എല്ലാവരും കൂടി കണ്ടമ്പറയന്റെ അടുത്തെത്തി കാര്യം പറഞ്ഞു. ആഞ്ഞിലിത്തടി എവിടെ കാണും?
പ്രവചനം വന്നു. 'ഹന്തൊന്ത്'. 

 
 

എട്ടുകാലി മമ്മൂഞ്ഞ് പിന്നെ വ്യാഖ്യാനിക്കാന്‍ വൈകിയില്ല. ''കേട്ടില്ലേ.. ഹന്തൊന്ത്... അവിടെത്തന്നെ ഉണ്ടെന്ന്..'' അവര്‍ മടങ്ങിച്ചെന്ന് മണ്ണ് മാന്തി നോക്കിയപ്പോള്‍ അതാ മണ്ണിനടിയില്‍ തടി കുഴിച്ചിട്ടിരിക്കുന്നു. കണ്ടമ്പറയന്‍ പ്രശസ്തനാവാന്‍ ഇതില്‍ പരം എന്തുവേണം?

 
 

തൊരപ്പനേം ഡൈവരേം വിദേശ സര്‍ക്കാര്‍ എന്തു ചെയ്തു എന്നറിയാനും കുറേ പേര്‍ കണ്ടമ്പറയന്റെ അടുത്ത് വരുന്നുണ്ട്. കണ്ടമ്പറയന്‍ പ്രവചിച്ചു: ''ഹന്തൊന്ത്''. എട്ടുകാലി മമ്മൂഞ്ഞ് വ്യാഖ്യാനം നല്‍കി. ''ഹന്തൊന്ത്.. തൊരപ്പനും ഡൈവരും വന്നൊണ്ട് എന്ന്.'' തൊരപ്പനും ഡൈവരും വൈകാതെ മടങ്ങിയെത്തി.

 
 

കണ്ടമ്പറയന്‍ ഒരു മന്ദബുദ്ധിയാണ്. എട്ടുകാലി മമ്മൂഞ്ഞാകട്ടെ വിഡ്ഢിത്വത്തിന് ഉടല്‍ വെച്ചവനും. അവരേക്കാള്‍ എത്രയേറെ വിഡ്ഢികളാണ് 'എജുക്കേറ്റഡ്' എന്ന് നമ്മള്‍ കരുതുന്നവരെന്ന് കാണിച്ചു തരുന്നു ബഷീര്‍.

 
 

ബഷീറിന്റെ തന്നെ 'വിശ്വവിഖ്യാതമായ മൂക്ക്' എന്ന കഥയിലും ആത്മീയ ചൂഷണങ്ങളോടുള്ള അടങ്ങാത്ത അമര്‍ഷം കാണാം. ഒരു കുശിനിപ്പണിക്കാരന്റെ മൂക്ക് അങ്ങനെ നീണ്ട് വരികയാണ്. അത് കാണാന്‍ ആളുകള്‍ കൂടി. ആനയുടെ തുമ്പിക്കൈ പോലെയുള്ള അയാളുടെ മൂക്ക് കാണാന്‍ ആള്‍ക്കൂട്ടം ഇരമ്പിയെത്തിയപ്പോള്‍ മൂക്കന്റെ അമ്മ ടിക്കറ്റ് വെച്ച് ആളെ കയറ്റാന്‍ തുടങ്ങി. മൂക്കന്റെ പ്രസിദ്ധി രാജ്യാതിര്‍ത്തികള്‍ കടന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പിന്നെ മൂക്കനെ കൂടെ കൂട്ടാന്‍ നോക്കുകയാണ്. എവിടെ എന്ത് സംഭവിച്ചാലും പത്രക്കാര്‍ക്ക് മൂക്കന്‍ അതേപറ്റി എന്തു പറയുന്നു എന്നറിയണം!

 
 

ബഷീര്‍ പറഞ്ഞുവെച്ച ആ 'കടുവാക്കുഴി'യില്‍ നിന്നും നമ്മളത്രയൊന്നും വികസിച്ചിട്ടില്ലെന്ന് ബോധ്യമാകും കാലിക സംഭവവികാസങ്ങള്‍ കാണുമ്പോള്‍.

 
 

ഒട്ടേറെ കഥയെഴുത്തുകാരുണ്ട്. ചിലര്‍ മാത്രം എല്ലാ കാലത്തേക്കുമുള്ള കഥയും കഥാപാത്രങ്ങളും നിര്‍മിക്കുന്നു. എല്ലാവര്‍ക്കും ഏത് കാലത്തിരുന്നും വായിക്കാവുന്ന കൃതികളാണ് ക്ലാസ്സിക്കെങ്കില്‍, വൈക്കം മുഹമ്മദ് ബഷീര്‍ ഒരു വിശ്വസാഹിത്യകാരന്‍ എന്തുകൊണ്ടല്ല?

 
 

 

 
 

         മലയാറ്റൂര്‍ രാമകൃഷ്ണന്റെ നോവലാണ് 'ആറാം വിരല്‍'. വേദരാമന്റെ മോഷണം പരാമര്‍ശിച്ചുകൊണ്ടാണ് നോവല്‍ തുടങ്ങുന്നത്. ഈ വേദരാമനാണ് പിന്നീട് വേദന്‍ബാബ എന്ന ആള്‍ദൈവമാകുന്നത്. വേദരാമന് കൈയില്‍ ആറ് വിരലുകളുണ്ട്. ആ ആറാം വിരലാണത്രെ വേദനെ മാര്‍വല്‍ ആക്കുന്നത്. രാഷ്ട്രീയക്കാരെല്ലാം ചേര്‍ന്ന് അവരുടെ നേട്ടങ്ങള്‍ക്ക് വേണ്ടി വേദനെ ആള്‍ദൈവമാക്കുകയാണ്. ഒടുക്കം 'ഭഗവാന്‍ ജീവിതം' മടുത്ത വേദന്‍ തന്റെ ആറാം വിരല്‍ അരിഞ്ഞിടുന്നു. വിരല്‍ ചില്ലുകൂട്ടില്‍ വെച്ച് പിന്നെ രാഷ്ട്രീയക്കാര്‍ പണമുണ്ടാക്കുകയാണ്. ആത്മീയതയെ മാര്‍ക്കറ്റിലാക്കുന്ന വിധങ്ങള്‍ പറഞ്ഞ ശക്തമായ രചന തന്നെ 'ആറാം വിരല്‍.'