Click to view this issue
Tuesday, April 23, 2019
News Update
 

1435 റബീഉല്‍ ആഖിര്‍ 14

2014 ഫെബ്രുവരി 07

പുസ്തകം 70 ലക്കം 35

സൗന്ദര്യ ശാസ്ത്രവും വിശ്വാസവും ചില കലാ-സാഹിത്യ വിചാരങ്ങള്‍

പി.എ നാസിമുദ്ദീന്‍ / സംസ്‌കാരപഠനം‌

രളത്തിലെ ഇസ്‌ലാമിക വായനാ സരണിയില്‍ രാഷ്ട്രീയം, സാമൂഹിക ശാസ്ത്രം, ചരിത്രം, ആരാധനാ-അനുഷ്ഠാന നിയമാവലികള്‍ എന്നിവയെയെല്ലാം കേന്ദ്രീകരിച്ച് ഒട്ടേറെ പുസ്തകങ്ങള്‍ ഓരോ മാസവും പുറത്തിറങ്ങുന്നുണ്ടെങ്കിലും കലയെയോ, സൗന്ദര്യ...
 
 

കേരളത്തിലെ ഇസ്‌ലാമിക വായനാ സരണിയില്‍ രാഷ്ട്രീയം, സാമൂഹിക ശാസ്ത്രം, ചരിത്രം, ആരാധനാ-അനുഷ്ഠാന നിയമാവലികള്‍ എന്നിവയെയെല്ലാം കേന്ദ്രീകരിച്ച് ഒട്ടേറെ പുസ്തകങ്ങള്‍ ഓരോ മാസവും പുറത്തിറങ്ങുന്നുണ്ടെങ്കിലും കലയെയോ, സൗന്ദര്യ ശാസ്ത്രത്തെയോ കുറിച്ചുള്ള രചനകള്‍ വിരളമാണ്. ശിഹാബുദ്ദീന്‍ ആരാമ്പ്രം രചിച്ച് ഐ.പി.എച്ച് പ്രസിദ്ധീകരിച്ച സൗന്ദര്യശാസ്ത്രവും വിശ്വാസവും എന്ന ഗ്രന്ഥം ദൈവവിശ്വാസത്തിന്റെ പരിപ്രേക്ഷ്യത്തിലൂടെ സൗന്ദര്യശാസ്ത്രത്തെ സമീപിക്കാനുള്ള പരിശ്രമമാണ്. അതുതന്നെയാണ് ഈ പുസ്തകത്തെ പ്രസക്തമാക്കുന്നതും.

 
ജീവിതത്തോട് ഏറ്റവും അടുത്തു നില്‍ക്കുന്ന ഒരു മനുഷ്യനിര്‍മിതിയാണ് കല. അത് നമ്മെ ജീവിതത്തിന്റെ അര്‍ഥവും സാധുതയും കണ്ടെത്താന്‍ പ്രാപ്തമാക്കുന്നു. സൗന്ദര്യബോധം നഷ്ടപ്പെട്ടവര്‍ക്ക് തങ്ങളുടെ ചുറ്റുമുള്ള ചരാചരങ്ങളിലും സഹജീവികളിലും ദൈവത്തിന്റെ സാന്നിധ്യം കാണാനാകില്ല. കലയുടെയും സൗന്ദര്യബോധത്തിന്റെയും നൈസര്‍ഗിക വാഞ്ഛകളെ നിഷേധിക്കുന്ന പൗരോഹിത്യവും പൗരോഹിത്യ സമാനമായ സംഘടിത രൂപങ്ങളും മനുഷ്യരെ തങ്ങളുടെ അധികാരമുറപ്പിക്കാന്‍ വേണ്ട ജഡരൂപങ്ങളായോ, യന്ത്രരൂപങ്ങളായോ കാണുന്നു.
 

 
കലയും കേരളീയ മുസ്‌ലിംകളും
 
നൂറ്റാണ്ടുകളുടെ കലാപാരമ്പര്യമുള്ളവരാണ് കേരളീയ മുസ്‌ലിംകള്‍. ജീവിതായോധനത്തിനായി വിവിധ രംഗങ്ങളില്‍ മുന്നേറുമ്പോഴും തങ്ങളുടെ ധര്‍മസങ്കടങ്ങളെയും ആഹ്ലാദങ്ങളെയും തങ്ങളെ തങ്ങളാക്കുന്ന പാരമ്പര്യ സംസ്‌കൃതിയെയും അവര്‍ പാട്ടുകളായും വിവിധ കലാരൂപങ്ങളായും ആവിഷ്‌കരിച്ചു. എഴുത്തച്ഛന്റെ രാമായണം കിളിപ്പാട്ടിനു മുമ്പുതന്നെ മുഹ്‌യിദ്ദീന്‍ മാല രചിക്കപ്പെട്ടു കഴിഞ്ഞിരുന്നു. 18-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന മോയിന്‍കുട്ടി വൈദ്യര്‍ എന്ന കവി ലോകസാഹിത്യത്തിലെ മറ്റേതു കവിയോടും കിടപിടിക്കാന്‍ തക്കവണ്ണം പ്രതിഭയുള്ളയാളായിരുന്നു.
 
എന്നാല്‍ ഫ്യൂഡല്‍ കാലത്തിനു ശേഷമുള്ള ആധുനിക ജനായത്ത ഘട്ടമെന്നോ നവോത്ഥാന ഘട്ടമെന്നോ വിളിക്കാവുന്ന, കേരളമെന്ന ആധുനിക ദേശ രാഷ്ട്ര രൂപീകരണ സമയത്ത് സാഹിത്യത്തിന്റെ മുഖ്യധാരയില്‍ ന്യൂനപക്ഷങ്ങളുടെയും ദളിതരുടെയും സൗന്ദര്യ ശാസ്ത്ര സംഭാവനകള്‍ അവഗണിക്കപ്പെടുകയാണുണ്ടായത്. സവര്‍ണരുടെ ഭക്തിപ്രസ്ഥാനം മലയാള ഭാഷയിലെ മുഖ്യധാരാ സാഹിത്യമായി പ്രതിഷ്ഠാപിതമായി. മുസ്‌ലിംകളുടെ സാഹിത്യ രൂപങ്ങള്‍ അറബി മലയാളത്തിലായതും ദളിതരുടേതിന് ലിഖിത രൂപങ്ങള്‍ ഇല്ലാതെ പോയതും ഇതിനുള്ള പല കാരണങ്ങളില്‍ ഒന്നായിരുന്നു.
 
കേരളത്തില്‍ വിവിധ ജാതി-മതങ്ങളില്‍ ആവിര്‍ഭവിച്ച നവോത്ഥാന ശ്രമങ്ങള്‍ (അവര്‍ണ വിഭാഗങ്ങളില്‍ കുമാരനാശന്‍, പണ്ഡിറ്റ് കറുപ്പന്‍ മുതലായവര്‍) മലയാള ഭാഷയിലും സാഹിത്യത്തിലും വലിയ കുത്തൊഴുക്ക് ഉണ്ടാക്കിയെങ്കിലും മുസ്‌ലിം സമുദായത്തില്‍ അത് സമുദായത്തിനുള്ളില്‍ മുഴങ്ങുന്ന ഏതാനും ഉണര്‍ത്തുപാട്ടുകളും നവോത്ഥാന രചനകളും മാത്രമായി അവശേഷിച്ചു.
 
പുതിയ ചരിത്ര സംക്രമണത്തോട്, അതായത് പുതുതായി പിറവിയെടുത്ത ആധുനിക അവബോധത്തോട് ഗുണപരമായി സംവദിക്കാനുള്ള  വൈമുഖ്യവും ഇസ്‌ലാമിന്റെ മണ്ണില്‍ കാലുറപ്പിച്ചുകൊണ്ടു തന്നെ 'മതേതരമായ ഒരു ആത്മീയ ചക്രവാളം' സൃഷ്ടിക്കാനുള്ള അന്വേഷണ രാഹിത്യവും ആയിരുന്നു ഇതിന് കാരണം. ലോക ഇസ്‌ലാമിക ചക്രവാളത്തില്‍ അല്ലാമാ ഇഖ്ബാലടക്കം അനേകം കവികള്‍ ഇത്തരമൊരു യത്‌നത്തില്‍ വ്യാപൃതരാകുമ്പോള്‍ കേരളത്തിലെ മതബോധത്തെയും മതചിഹ്‌നങ്ങളെയും നിയന്ത്രിച്ചിരുന്നത് മധ്യകാല ചിന്തകളില്‍ ആമഗ്‌നരായിരുന്ന മതപണ്ഡിതരായിരുന്നു എന്നതാണ് കാരണം.
 
മദ്‌റസാ പുസ്തകങ്ങളിലും സംഘടനാ വൃത്തങ്ങളിലും കാലത്തിനൊത്ത് വികസിതമാകാത്ത മധ്യകാല ഇസ്‌ലാമിക സൗന്ദര്യ ചിന്തകള്‍ക്കായിരുന്നു പ്രാമുഖ്യം. ദൈവത്തിനു മുമ്പില്‍ നിസ്സാരനായ മനുഷ്യന്‍ എന്ന സങ്കല്‍പ്പത്തിന് പകരം ചരിത്രം സൃഷ്ടിക്കുകയും ദൈവത്തിലേക്ക് സഞ്ചരിച്ചെത്തുകയും ചെയ്യുന്ന 'പുതുയുഗ മനുഷ്യനെ' സൃഷ്ടിച്ച അല്ലാമാ ഇഖ്ബാലിനെ പോലുള്ളവരുടെ സര്‍ഗാത്മക വിപ്ലവങ്ങള്‍ നമ്മുടെ മതബോധത്തിന് അന്യമായിരുന്നു.
 
കേരളത്തിലെ നവോത്ഥാന ശ്രമങ്ങളോട് സര്‍ഗാത്മകമായി പ്രതികരിക്കുകയും ഇസ്‌ലാമിനെ ചലനാത്മകവും ജൈവികവുമായ ഒരു വിശാല ആശയമായി മാറ്റുകയും ചെയ്ത വക്കം മൗലവിയായിരുന്നു ഒരുപക്ഷേ കേരളത്തിലെ ഇസ്‌ലാമിക ലാവണ്യബോധത്തിന് തിരികൊളുത്താന്‍ കഴിയുമായിരുന്ന ഒരാള്‍. പക്ഷേ മൗലവിയുടെ വിപ്ലവകരമായ ചിന്തകള്‍ ഒരു ഘട്ടത്തില്‍ നിശ്ചലമാവുകയും ഇസ്‌ലാമിനെ വിധിവിലക്കുകളുടെയും നിരോധനങ്ങളുടെയും ക്രോഡീകൃത രൂപമായി കാണുന്ന പ്രത്യക്ഷര വാദം (സലഫിസം) നവോത്ഥാനത്തെ ഏറ്റെടുക്കുകയും കേരളീയ മുസ്‌ലിം ബൗദ്ധിക വികാസത്തെ മരവിപ്പിക്കുകയും ചെയ്തു. ഇത് പിന്നീട് വിടര്‍ന്ന് വികസിക്കേണ്ട വിശ്വാസാധിഷ്ഠിത ലാവണ്യ ഭൂമികയെ ചരിത്രത്തില്‍ നിന്ന് എന്നെന്നേക്കുമായി മായ്ച്ചു കളയുകയും ചെയ്തു.
 

 
മുസ്‌ലിം പ്രാതിനിധ്യം ആധുനിക ഘട്ടത്തില്‍
 
കേരളീയ നവോത്ഥാനത്തിനുശേഷം പിറവിയെടുത്ത സാഹിത്യത്തിലെ മുസ്‌ലിം പ്രാതിനിധ്യം മുഖ്യമായും രണ്ടുവഴികളിലൂടെയാണ് സഞ്ചരിച്ചത്. ആധുനികതയെ തങ്ങളുടെ ലോക വീക്ഷണമാക്കുകയും മുസ്‌ലിം സംസ്‌കാരത്തെ തങ്ങളുടെ കൃതികളുടെ പശ്ചാത്തലമാക്കുകയും ചെയ്തവരായിരുന്നു ഒരു കൂട്ടര്‍. എന്‍.പി മുഹമ്മദ്, യു.എ ഖാദര്‍, പി.എ മുഹമ്മദ് കോയ തുടങ്ങി പുതിയ തലമുറയിലെ എഴുത്തുകാര്‍ വരെ ഇതില്‍പ്പെടുന്നു. ഇസ്‌ലാമിനെ ലോക വീക്ഷണമായി സ്വീകരിക്കുകയും ആധുനികതയെ തങ്ങളുടെ കൃതികളുടെ പശ്ചാത്തലമാക്കുകയും ചെയ്തവരായിരുന്നു മറ്റൊരു കൂട്ടര്‍. ടി. ഉബൈദ് മികച്ച ഉദാഹരണം.
 
ഇത്തരം പരിണതികള്‍ക്കിടയിലും ഇ.വി അബ്ദു, വി.എ കബീര്‍ തുടങ്ങി അനേകം പണ്ഡിതരുടെ ഇസ്‌ലാമിക സൗന്ദര്യ നിരൂപണങ്ങളിലൂടെയും ജമീല്‍ അഹമ്മദ്, മലികാ മര്‍യം, ഉസ്മാന്‍ പാടൂര്‍, പാരമ്പര്യ സുന്നി പശ്ചാത്തലത്തില്‍ നിന്നെഴുതുന്ന മറ്റനേകം യുവകവികള്‍, ഹുസൈന്‍ കരാടി, അഹ്മദ് കുട്ടി ശിവപുരം മുതലായ നോവലിസ്റ്റുകള്‍ എന്നിവരിലൂടെയൊക്കെ ഇസ്‌ലാമിക സൗന്ദര്യ പ്രാതിനിധ്യത്തിനുള്ള അന്വേഷണങ്ങളും പരിശ്രമങ്ങളും മലയാള സാഹിത്യത്തില്‍ തുടരുന്നുണ്ട്.
 

 
കൃതിയിലൂടെ
 
ഈ രീതിയില്‍ കലാസാഹിത്യങ്ങളോടും സൗന്ദര്യ ശാസ്ത്രത്തോടുമുള്ള കേരളീയ മുസ്‌ലിംകളുടെ പ്രതികരണം സങ്കീര്‍ണവും സംഘര്‍ഷഭരിതവുമായിരിക്കുന്ന ഒരു പരിതോവസ്ഥയിലാണ് ശിഹാബുദ്ദീന്‍ ആരാമ്പ്രത്തിന്റെ 'സൗന്ദര്യ ശാസ്ത്രവും വിശ്വാസവും' എന്ന പുസ്തകം പുറത്തിറങ്ങുന്നത്. ഈ പുസ്തകത്തിന് ഇത്തരമൊരവസ്ഥയെ ഏതെങ്കിലും രീതിയില്‍ ഗുണപരമായി വികസിപ്പിക്കാന്‍ കഴിയുമോ എന്ന ചോദ്യം ഓരോ വായനക്കാരന്റെയും ഉള്ളില്‍ മുഴങ്ങി കേള്‍ക്കാം. എന്നാല്‍ ആസ്തിക്യ ബോധത്തിലധിഷ്ഠിതമായ കലാസാഹിത്യങ്ങളുടെ ആര്‍ജിത പാരമ്പര്യത്തില്‍നിന്ന് രൂപപ്പെടുത്തിയെടുത്ത പാണ്ഡിത്യപരമായ വിവരണങ്ങള്‍ മാത്രം പ്രതിപാദിച്ചുകൊണ്ട് പുസ്തകം മറ്റൊരു ദിശയിലൂടെയാണ് സഞ്ചരിക്കുന്നത്. പുതുയുഗ പ്രവണതകളായ ഉത്തരാധുനികത, ഡിജിറ്റല്‍ കള്‍ച്ചര്‍, ന്യൂമീഡിയ മുതലായവയെ അഭിസംബോധന ചെയ്യാതെ സമകാലീനതയില്‍നിന്ന് അല്‍പ്പം പിന്നോട്ടായി ഇത് നിലകൊള്ളുകയും ചെയ്യുന്നു.
 
ഈ പുസ്തകത്തിലെ പതിനാലു ലേഖനങ്ങളിലും അതിലെ ഓരോ വരികളിലും ഗ്രന്ഥകാരന്‍ ഇതള്‍ വിടര്‍ത്താന്‍ ശ്രമിക്കുന്നത് വിശ്വാസത്തില്‍നിന്ന് ഉരുവം കൊള്ളുന്ന സൗന്ദര്യ ശാസ്ത്രത്തെയാണ്. ഈ പ്രതിപാദ്യങ്ങള്‍ക്ക് സാര്‍വലൗകികമായ മാനം നല്‍കുന്നതില്‍ ഗ്രന്ഥകാരന്‍ വിജയിച്ചിരിക്കുന്നു. ആദ്യ ലേഖനമായ 'സാഹിത്യ ചിന്തയുടെ സൗന്ദര്യ ശാസ്ത്രം' സംസ്‌കൃത ഭാഷയിലെ സൗന്ദര്യ ചിന്തകളെക്കുറിച്ചും രണ്ടാമത്തെ ലേഖനമായ 'പ്ലാറ്റോയും അരിസ്റ്റോട്ടിലും' ഗ്രീക്ക് സൗന്ദര്യ ചിന്തയെക്കുറിച്ചുമാണ്. ഏതു ദേശത്തും വിശ്വാസാധിഷ്ഠിതമായ സൗന്ദര്യ ചിന്തകള്‍ പ്രവര്‍ത്തിക്കുന്നതിന്റെ പിന്നില്‍ ചില അടിസ്ഥാന നിയമങ്ങള്‍ ഉണ്ട് എന്നാണ് ഇതിലൂടെ അദ്ദേഹം അര്‍ഥമാക്കുന്നത്.
 
'മുഹമ്മദ് നബിയും കവിതയും' എന്ന ലേഖനത്തില്‍ ഖുര്‍ആനും പ്രവാചകനും കവിതക്ക് നല്‍കിയ ഹൃദ്യമായ ആദരവിനെ പരാമര്‍ശിക്കുന്നു. ഖുര്‍ആനില്‍ കവികളെ പറ്റിയുള്ള 'കവികളെ പിന്തുടരുക വിഷമകരമാണ്. അവര്‍ എല്ലാ താഴ്‌വാരങ്ങളിലും അലയുന്നത് താങ്കള്‍ കാണുന്നില്ലേ?'  എന്ന അശ്ശുഅറാഅ് അധ്യായത്തിലെ സുവിദിതമായ വാക്യങ്ങള്‍ മനുഷ്യരുടെ വിഷയാസക്തികളെ ഉദ്ദീപിപ്പിക്കുന്ന കവികളെ പറ്റി മാത്രമാണെന്നും തുടര്‍ന്നുവരുന്ന വരികള്‍ നന്മയുടെ കവികള്‍ക്കുള്ള അംഗീകാരമാണെന്നും സൂചിപ്പിക്കുന്നു.
 
കവിതയുള്‍പ്പെടെയുള്ള സാഹിത്യ രൂപങ്ങളുടെ ധര്‍മാധര്‍മങ്ങളെ പറ്റിയുള്ള പരികല്‍പ്പനകള്‍ അത് പ്രവര്‍ത്തിക്കുന്ന കാലഘട്ടങ്ങളെ ബന്ധപ്പെടുത്തിയാണ് നാം ചിന്തിക്കേണ്ടത്. ധര്‍മവും അധര്‍മവും ഏറ്റുമുട്ടുന്ന കാലഘട്ടങ്ങളില്‍ പ്രതിരോധത്തിന്റെയും സമരവീര്യത്തിന്റെയും കലാരൂപങ്ങളാണ് സാംഗത്യം നേടിയെടുക്കുന്നത്. റഷ്യന്‍ വിപ്ലവ കാലത്ത് മാക്‌സിം ഗോര്‍ക്കിയുടെയും ഡോസ്റ്റോവ്‌സ്‌കിയുടെയും സാഹിത്യ രചനകളും ഇന്ത്യന്‍ സ്വാതന്ത്ര്യ സമര കാലത്ത് രവീന്ദ്രനാഥ ടാഗോറിന്റെയും പ്രേംചന്ദിന്റെയും സാഹിത്യ രചനകളും ജനങ്ങളുടെ വികാരങ്ങളെ പ്രതിഫലിപ്പിക്കുന്നതായിരുന്നു. ഇസ്‌ലാമിന്റെ പിറവിയുടെ കാലത്ത് അതിരുകടന്ന വിഷയാസക്തികളെ പ്രകീര്‍ത്തിക്കുന്ന കവികള്‍ക്കും കലാരൂപങ്ങള്‍ക്കും പകരം നന്മയുടെ സൗന്ദര്യ രൂപങ്ങള്‍ക്ക് പ്രവാചകന്‍ പ്രാമുഖ്യം നല്‍കി. ഭാഷ വിശ്വാസിയുടെ ആയുധമാണ് എന്നും കവി മുജാഹിദ് ആണ് എന്നും പ്രവാചകന്‍ പറഞ്ഞ സന്ദര്‍ഭം അതാണ്.
 
സൂഫി സൗന്ദര്യ ശാസ്ത്രം, കഥാസാഹിത്യത്തിന്റെ മൊഴിവഴികള്‍, മാപ്പിളപ്പാട്ട് ദേശ ഭാഷയും പ്രത്യയശാസ്ത്രവും എന്നീ ലേഖനങ്ങള്‍ ഇസ്‌ലാമിക സംസ്‌കാരത്തില്‍ നിന്നുത്ഭൂതമായ മൂന്നുതരം സാഹിത്യ സരണികളെക്കുറിച്ചുള്ള പ്രതിപാദനമാണ്. ഹാലിയുടെ സൗന്ദര്യ നിരീക്ഷണം, ശിബിലി നുഅ്മാനിയുടെ സൗന്ദര്യ സങ്കല്‍പ്പം, ഇഖ്ബാലിന്റെ കലാദര്‍ശനം എന്നീ ലേഖനങ്ങള്‍ ഉര്‍ദുഭാഷയില്‍ ഉദയം കൊണ്ട ധ്രുവനക്ഷത്രങ്ങളെക്കുറിച്ചാണ്. ഇവരില്‍ ഒരുപക്ഷേ അല്ലാമ ഇഖ്ബാല്‍ ഒഴിച്ച് മറ്റു രണ്ടുപേരെയും കുറിച്ച് മലയാളത്തിലെ ഭൂരിപക്ഷം സാഹിത്യ തല്‍പരര്‍ക്കും അത്ര വിജ്ഞാനം ഉണ്ടാകില്ല. ഈ പുസ്തകത്തിലെ ഏറ്റവും അമൂല്യമായ രചനകളാണിവ.
 
വിശ്വാസവും ഭാവനയും, ഭാവനയും ജീവിതവും, ഭാവനയും സാമൂഹിക പരിവര്‍ത്തനവും എന്നീ ലേഖനങ്ങള്‍ കലയെയും സാഹിത്യത്തെയും കുറിച്ചുള്ള ലേഖകന്റെ തനതായ കാഴ്ചപ്പാടുകളാണ്. ധാര്‍മികവും മനുഷ്യപുരോഗതിക്ക് ഉപയുക്തവുമായ വിശ്വാസാധിഷ്ഠിത സൗന്ദര്യ ബോധത്തെയാണ് ഈ ലേഖനങ്ങളില്‍ ഗ്രന്ഥകാരന്‍ വിശദമാക്കുന്നത്. എന്നാല്‍ കുറെ കൂടി ജൈവികവും ബൃഹത്തുമായ ഒരു ആശയ പ്രപഞ്ചത്തിലേക്ക് അദ്ദേഹം അതിനെ വികസിപ്പിക്കേണ്ടിയിരിക്കുന്നു എന്നു തോന്നുന്നു. അത് എങ്ങനെയായിരിക്കണം എന്ന് ലേഖകന്റെ പക്ഷത്തുനിന്ന് ഇവിടെ വിശദമാക്കാം.
 

 
കലയും പ്രത്യയശാസ്ത്രങ്ങളും
 
ശാസ്ത്രം, മതം, തത്ത്വശാസ്ത്രം എന്നിങ്ങനെയുള്ള മാനവിക വിഷയങ്ങളില്‍നിന്ന് തികച്ചും വ്യത്യസ്തവും വിചിത്രവുമാണ് കലാസാഹിത്യങ്ങളുടെ മണ്ഡലം. സ്വഛന്ദവും സ്വതന്ത്രവും നിര്‍വചനങ്ങള്‍ക്കതീതവുമായ ഭാവനാ ഭൂമികകളാണ് അത് കാഴ്ച വെക്കുന്നത്. മനുഷ്യ ജീവിതത്തിലെ അപൂര്‍ണതകളോടോ, അനീതികളോടോ ഉള്ള രോഷം ചിലപ്പോള്‍ പ്രകടമായ ആഹ്വാനങ്ങള്‍ക്ക് പകരം ശോകത്തിന്റെയോ നിഷേധ വാസനയുടെയോ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടേക്കാം. ജീവിതത്തില്‍ നാം കാണുന്ന സമൂര്‍ത്തമായ ആദര്‍ശ മാതൃകകള്‍ അതേ രീതിയില്‍ തന്നെ കല പ്രതിഫലിപ്പിച്ചു കൊള്ളണമെന്നില്ല. വിചിത്രവും വക്രവുമാണ് കലയുടെ ആവിഷ്‌കാര രീതി.
 
അതുപോലെ തന്നെ കലയും പ്രത്യയശാസ്ത്രങ്ങളും തമ്മില്‍, സൂക്ഷിച്ചുനോക്കിയാല്‍ പ്രകടമായ വൈരുധ്യമുണ്ട് എന്ന് കാണാം. 'പ്രത്യയശാസ്ത്രങ്ങള്‍ മനുഷ്യര്‍ക്ക് സഹായകരമാണ്, എന്നാല്‍ സത്യം അതിനേക്കാള്‍ സഹായകരമാണ്' എന്ന ഒരു പ്രശസ്ത കവിയുടെ വരികള്‍ കൈചൂണ്ടുന്നത് ഇതിലേക്കാണ്. കല സത്യത്തോട് അടുക്കാന്‍ ശ്രമിക്കുന്നതിനാല്‍ പ്രത്യയശാസ്ത്രങ്ങള്‍ക്ക് പുറത്തേക്കാണ് അത് സഞ്ചരിക്കുന്നത്. മഹാഭാരതവും ആയിരത്തൊന്നു രാവുകളും ഷേക്‌സ്പിയര്‍ കൃതികളും ഡോസ്റ്റോവ്‌സ്‌കിയുടെ കൃതികളും ഏതെങ്കിലും പ്രത്യയശാസ്ത്രത്തിലേക്ക് ഒതുങ്ങി നില്‍ക്കുന്നതോ അല്ലെങ്കില്‍ അവയെ ഏതെങ്കിലും ഒന്നിലേക്ക് നിബന്ധിക്കാവുന്നതോ അല്ല.
 
എല്ലാ കലാ സാഹിത്യങ്ങളിലും സ്രഷ്ടാവിന്റെ വ്യക്തിസത്തക്ക് പകരം മനുഷ്യരാശിയുടെ മൊത്തം പ്രാതിനിധ്യമാണ് അതിന്റെ സ്വത്വബോധമായി പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടാണ് നിരീശ്വരവാദിയായ ഒരാള്‍ക്ക് അല്ലാമാ ഇഖ്ബാലിന്റെ കൃതികള്‍ വായിച്ചു രസിക്കാന്‍ കഴിയുന്നതും ദൈവവിശ്വാസിയായ ഒരാള്‍ക്ക് നാസ്തികനായ പാബ്ലോ നെരൂദയുടെ കൃതികള്‍ ആസ്വദിക്കാന്‍ കഴിയുന്നതും. വിശ്വാസാധിഷ്ഠിത സൗന്ദര്യ രൂപങ്ങള്‍ മാത്രമാണ് ഏറ്റവും ശരിയായത് എന്ന ഒരു സ്വര രീതി ഈ ലേഖനങ്ങളില്‍ പലയിടത്തും കാണാം. എന്നാല്‍ എല്ലാ ആശയസംഹിതകളെയും ഉള്‍ക്കൊള്ളാനുള്ള ജനാധിപത്യ ബോധം മറ്റു പലയിടങ്ങളിലുമുണ്ട്. അതാണ് ഗ്രന്ഥകാരന്‍ ഇനിയും വികസിപ്പിക്കേണ്ടത്.