Click to view this issue
Tuesday, April 23, 2019
News Update
 

1435 റബീഉല്‍ ആഖിര്‍ 14

2014 ഫെബ്രുവരി 07

പുസ്തകം 70 ലക്കം 35

മുഹ്‌യിദ്ദീന്‍ മാലയും ഖാദി മുഹമ്മദും

വി.എം കുട്ടി / കവര്‍‌സ്റ്റോറി‌

കേരളത്തില്‍ ആദ്യമായി കണ്ടുകിട്ടിയ മാപ്പിളപ്പാട്ട് കാവ്യം മുഹ്‌യിദ്ദീന്‍ മാലയാണ് എന്നാണ് ചരിത്ര ഗവേഷകര്‍ പറഞ്ഞുവരുന്നത്. നമുക്ക് മുമ്പേ കടന്നുപോയ പൂര്‍വസൂരികളുടെ അഭിപ്രായ പ്രകടനങ്ങളും രേഖകളും അടിസ്ഥാനമാക്കിയാണ്...
 
 

കേരളത്തില്‍ ആദ്യമായി കണ്ടുകിട്ടിയ മാപ്പിളപ്പാട്ട് കാവ്യം മുഹ്‌യിദ്ദീന്‍ മാലയാണ് എന്നാണ് ചരിത്ര ഗവേഷകര്‍ പറഞ്ഞുവരുന്നത്. നമുക്ക് മുമ്പേ കടന്നുപോയ പൂര്‍വസൂരികളുടെ അഭിപ്രായ പ്രകടനങ്ങളും രേഖകളും അടിസ്ഥാനമാക്കിയാണ് പിന്നീടുവരുന്ന തലമുറകള്‍ കാര്യങ്ങള്‍ ഗ്രഹിക്കുന്നതും സ്വന്തം അഭിപ്രായങ്ങള്‍ രൂപീകരിക്കുന്നതും. ഇപ്രകാരം പണ്ഡിതരും ചരിത്ര ഗവേഷകരും മാപ്പിളപ്പാട്ടുകളെക്കുറിച്ച് നടത്തിയ ചരിത്രപഠനങ്ങളെയും മറ്റും ആധാരമാക്കി അവരുടെ അഭിപ്രായങ്ങള്‍ ഉദ്ധരിച്ചുകൊണ്ടാണ് ഞാന്‍ എന്റെ ഈ ലേഖനം തയാറാക്കിയത്. ഇത് ഈ വിഷയത്തില്‍ അന്തിമമായ ഒരു കണ്ടെത്തലാണെന്ന് ഞാന്‍ അവകാശപ്പെടുന്നില്ല. ദീര്‍ഘിച്ച 62 വര്‍ഷത്തെ മാപ്പിളപ്പാട്ടുമായുള്ള ബന്ധവും പ്രമുഖരായ പല വ്യക്തികളുമായുള്ള സാമീപ്യത്തിലൂടെ ലഭിച്ച പ്രചോദനവുമാണ് ഈ അഭിപ്രായ പ്രകടനത്തിന് എന്നെ പ്രേരിപ്പിച്ചത്.

 
മുഹ്‌യിദ്ദീന്‍ മാലയുടെ രചയിതാവ് ആരെന്നതിനെക്കുറിച്ചുള്ള പരാമര്‍ശങ്ങളാണ് ഈ ലേഖനത്തില്‍ ഞാന്‍ പരിശോധിക്കുന്നത്. ഇന്ത്യയിലും കേരളത്തിലും വിവിധ ത്വരീഖത്തുകളുടെ പ്രചരണോപാധിയായി വിവിധതരം മാലപ്പാട്ടുകള്‍ രചിക്കപ്പെട്ടിരുന്നു. സൂഫിസവുമായി ബന്ധപ്പെട്ടു കൊണ്ടാണ് മാലപ്പാട്ടുകളുടെ പിറവി. ഖാദിരിയ്യ ത്വരീഖത്ത്, രിഫാഈ ത്വരീഖത്ത്, നൂരിയ്യ ത്വരീഖത്ത്, ശംസിയ്യ ത്വരീഖത്ത് തുടങ്ങിയ ഒട്ടനേകം ത്വരീഖത്തുകള്‍ കേരളത്തില്‍ പ്രചരിച്ചു. ഓരോ ത്വരീഖത്തും പ്രധാന പ്രചാരണ മാധ്യമമായി സ്വീകരിച്ചത് മാലപ്പാട്ടുകളെയാണ്. ഇതില്‍ ഖാദിരിയ്യ ത്വരീഖത്ത് വിഭാഗക്കാര്‍ ബഗ്ദാദില്‍ പിറന്ന മുഹ്‌യിദ്ദീന്‍ ശൈഖിനെ മാതൃകയായി സ്വീകരിച്ചുകൊണ്ട് രചിച്ച ശൈഖിന്റെ അപദാനങ്ങളാണ് 'മുഹ്‌യിദ്ദീന്‍മാല.'
 
മുഹ്‌യിദ്ദീന്‍മാലയിലെ ഇതിവൃത്തം നേര്‍വായനയില്‍ പൊതുവെ ശൈഖിന്റെ കറാമത്തുകള്‍ വിവരിക്കപ്പെടുന്നതായിട്ടാണ് കാണുന്നത്. മുസ്‌ലിംകളുടെ ഇടയില്‍ മാത്രമല്ല എല്ലാ വിഭാഗത്തിലും മഹാത്മാക്കളുടെ അത്ഭുതസിദ്ധികളും മാഹാത്മ്യങ്ങളും പ്രചരിപ്പിക്കുകയും അത് വിശ്വസിക്കുകയും ചെയ്തു പോരുന്നുണ്ട്. എന്നാല്‍ ഇവയെല്ലാം പാടെ നിഷേധിക്കുകയും യുക്തിചിന്തയിലൂടെ മറ്റു വിധത്തില്‍ വ്യാഖ്യാനിച്ച് നോക്കിക്കാണുകയും ചെയ്യുന്നവരും എല്ലാ സമുദായത്തിലുമുണ്ട്. ഇപ്രകാരം മുഹ്‌യിദ്ദീന്‍ മാലയുടെ കാവ്യഭംഗിയും ആലങ്കാരിക പ്രയോഗങ്ങളും കണക്കിലെടുത്ത് അതിനെ കവിതാ രൂപത്തില്‍ സമീപിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്ന ഒരു വിഭാഗവും മുസ്‌ലിംകള്‍ക്കിടയിലുണ്ട്.
 
ഇവിടെ പ്രധാന പ്രശ്‌നം മുഹ്‌യിദ്ദീന്‍മാലയുടെ രചയിതാവ് ആരെന്നുള്ളതാണ്. കേരളത്തിലെ ജനത പണ്ടുപണ്ടേ പറഞ്ഞുവരുന്നതും വിശ്വസിച്ച് വരുന്നതും മുഹ്‌യിദ്ദീന്‍മാലയുടെ കര്‍ത്താവ് ഖാദി മുഹമ്മദ് ആണെന്നാണ്. ഇങ്ങനെ ഒരു ധാരണ വെച്ചുപുലര്‍ത്താനുണ്ടായ കാരണം മുഹ്‌യിദ്ദീന്‍മാലയില്‍ ഖാദി മുഹമ്മദിന്റെ പേര് പരാമര്‍ശിച്ചു എന്നത് കൊണ്ട് മാത്രമാണ്.
 
''കണ്ടെന്‍ അറിവാളന്‍ കാട്ടിത്തരുംപോലെ
 
ഖാളി മുഹമ്മദതെന്ന് പേരുള്ളോവര്‍
 
കോഴിക്കോട്ടെത്തുറ തന്നില്‍ പിറന്നോവര്‍
 
കോര്‍വളതൊക്കെയും നോക്കി എടുത്തോവര്‍''
 
ഈ ഒരു പരാമര്‍ശം കൊണ്ട് മാത്രം ഇതിന്റെ രചന നിര്‍വഹിച്ചത് ഖാദി മുഹമ്മദാണെന്ന് തീര്‍ച്ചപ്പെടുത്താന്‍ സാധിക്കുകയില്ല. കോഴിക്കോട്ടെ തുറയില്‍ പിറന്ന ഖാദി മുഹമ്മദ് എന്ന വ്യക്തിയാണ് ഇതിന്റെ രചനക്ക് ആവശ്യമായ വസ്തുതകള്‍ കോര്‍വ്വയാക്കിത്തന്നത് എന്നേ ഈ പ്രസ്താവനകൊണ്ട് മനസ്സിലാക്കാന്‍ സാധിക്കൂ. തുടര്‍ന്ന് പറയുന്നത്.
 
''അവര്‍ ചൊന്ന ബൈത്തിനും ബഹ്ജാര്‍ കിത്താബിന്നും
 
അങ്ങിനെ തക്മീലും തന്നിന്നുറകണ്ടോവര്‍''
 
ഈ വരികളില്‍ നിന്നെല്ലാം മനസ്സിലാക്കാന്‍ സാധിക്കുന്നത്, മറ്റേതോ ഒരു കവി ഖാദി മുഹമ്മദിനെക്കുറിച്ച് പരാമര്‍ശിച്ച് എഴുതിയ വരികളാണത് എന്നാണ്.
 
എന്നാല്‍ മാലയുടെ രചനാ കാലഘട്ടത്തെക്കുറിച്ചും കവിയെക്കുറിച്ചും തുടര്‍ന്ന് പ്രസ്താവിക്കുന്നത് ഇങ്ങനെയാണ്.
 
''കൊല്ലം എഴുന്നൂറ്റി എമ്പത്തിരണ്ടില്‍ ഞാന്‍
 
കോത്തേന്‍ ഈ മാലനെ നൂറ്റമ്പത്തഞ്ചുമ്മല്‍
 
മുത്തും മാണിക്യവും ഒന്നായി കോത്ത പോല്‍
 
മുഹ്‌യിദ്ദീന്‍ മാലനെ കോത്തേന്‍ ഞാന്‍ ലോകമേ''
 
കവിയുടെ പേര് പ്രസ്താവിക്കാന്‍ മടിയുള്ള ഏതോ ഒരജ്ഞാത കവിയാണ് ഇതിന്റെ രചന നിര്‍വഹിച്ചത് എന്നു വ്യക്തം. ഇതില്‍ 'ഞാന്‍' എന്നല്ലാതെ 'ഖാദി മുഹമ്മദായ ഞാന്‍' എന്ന് പറഞ്ഞിട്ടേയില്ല.
 
ഖാദി മുഹമ്മദ് എഴുതിയ കാവ്യങ്ങളില്‍നിന്നും 'ബഹ്ജാകിത്താബ്' 'തക്മീല' തുടങ്ങിയ കൃതികളില്‍നിന്നും നോക്കി 'കോര്‍വയാക്കി'ത്തന്നു എന്നല്ലാതെ രചന ഖാദി മുഹമ്മദിന്റേതാണെന്ന് തെളിയിക്കാവുന്ന ഒരു പരാമര്‍ശവും മുഹ്‌യിദ്ദീന്‍ മാലയില്‍ കാണാന്‍ സാധിക്കുകയില്ല.
 
പഴയ കാല മാപ്പിളപ്പാട്ട് രചനകള്‍ പലതിലും കര്‍ത്താവിന്റെ പേരോ കാലഘട്ടമോ നിര്‍ണയപ്പെടുത്തിയിരുന്നില്ല. പഴയ കാലരചനകളായ 'കൊമ്പിന്റെ പാട്ട്,' 'ആകാശം ഭൂമി,' 'മിഅ്‌റാജ്,' 'ആദീമുതല്‍പ്പുരാണം,' 'ഹഖാന' തുടങ്ങിയ കൃതികളിലൊന്നും തന്നെ രചയിതാവിന്റെ പേരുകള്‍ സൂചിപ്പിച്ചിട്ടില്ല. ഇവക്ക് എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പേ രചിക്കപ്പെട്ടതാണ് മുഹ്‌യിദ്ദീന്‍മാല.
 
ഇവ നാടോടി വിഭാഗത്തില്‍ പെട്ടതാണെന്ന് പ്രശസ്ത മാപ്പിളപ്പാട്ട് ഗവേഷകന്‍ ബാലകൃഷ്ണന്‍ വള്ളിക്കുന്ന് അദ്ദേഹത്തിന്റെ ഒരു ലേഖനത്തില്‍ പറയുന്നു: ''മുഹ്‌യിദ്ദീന്‍ മാല ഒരു നാടോടി സാഹിത്യരചനയാണ്. കാവ്യ കാല്‍പ്പനികതയും ആലങ്കാരിക സമീപനരീതികളും നാടോടിക്കവിതകളുടെ പൊതുസ്വഭാവമാണ് താനും. അതുകൊണ്ട് വാസ്തവികതയുടെ നിരപ്പില്‍നിന്ന് അത് തുലോം വിദൂരസ്ഥമായിരിക്കുകയെന്നതും സ്വാഭാവികം. മാലയുടെ ഈ ആലങ്കാരിക സമീപനമാണ് സാധാരണക്കാരനെ അതിനോട് അടുപ്പിക്കുന്നതും.''
 
രചയിതാവിന്റെ പേരോ കാലഗണനയോ അറിയാതെ സമൂഹത്തില്‍ പരമ്പരാഗതമായി കേട്ടുപോരുന്ന ഗാനങ്ങളാണ് നാടന്‍ പാട്ടുകളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ മാപ്പിളപ്പാട്ടുകള്‍ മുഴുവനും നാടോടിപ്പാട്ട് വിഭാഗത്തില്‍ പെടുത്താന്‍ പറ്റുകയില്ല. ഭൂരിഭാഗം മാപ്പിളപ്പാട്ടുകളും രചയിതാവിന്റെ പേരും കാലഗണനയും രേഖപ്പെടുത്തിയവയാണ്.
 
ഈ കാരണങ്ങള്‍ കൊണ്ട് മാത്രമല്ല, ഖാദി മുഹമ്മദല്ല മുഹ്‌യിദ്ദീന്‍ മാലയുടെ കര്‍ത്താവ് എന്ന് ഞാന്‍ പറയുന്നത്. മുഹ്‌യിദ്ദീന്‍മാല രചിക്കുന്നതിന് ഒരു വര്‍ഷം മുമ്പേ ഖാദിമുഹമ്മദ് മരണപ്പെട്ടു എന്ന് പല ചരിത്ര ഗവേഷകന്മാരും രേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ നിരീക്ഷണത്തില്‍ എത്തിച്ചേര്‍ന്നത്. കൊല്ലവര്‍ഷം 782-ലാണ് മുഹ്‌യിദ്ദീന്‍ മാല രചിച്ചതെന്ന് ഈ കാവ്യത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഹിജറ വര്‍ഷം 1026-ലാണ് മുഹ്‌യിദ്ദീന്‍മാലയുടെ രചനയെന്ന് മുസ്ത്വഫാ ഫൈസി തന്റെ 'സമ്പൂര്‍ണ മുഹ്‌യിദ്ദീന്‍മാല വ്യാഖ്യാനം' എന്ന കൃതിയില്‍ (പേജ്:24) രേഖപ്പെടുത്തിയിരിക്കുന്നു. ഇതേ ഗ്രന്ഥത്തില്‍ തന്നെ  127-ാം പേജില്‍ ഖാദി മുഹമ്മദിന്റെ മരണം ഹിജറ 1025 റബീഉല്‍ അവ്വല്‍ 25 ന് ബുധനാഴ്ചയാണെന്ന്, ചെറിയ ഖാദി നാലകത്ത് മുഹമ്മദ് കോയ അവര്‍കളുടെ സൂക്ഷിപ്പിലുള്ള രേഖയില്‍നിന്ന് ഉദ്ധരിച്ചുകൊണ്ട് മുസ്ത്വഫാ ഫൈസി രേഖപ്പെടുത്തിയിരിക്കുന്നു. അതായത് മുഹ്‌യിദ്ദീന്‍മാല രചിക്കുന്നതിന്റെ ഒരു വര്‍ഷം മുമ്പ് ഖാദി മുഹമ്മദ് അന്തരിച്ചു എന്നര്‍ഥം.
 
ഇതേ അഭിപ്രായം ഖാദി മുഹമ്മദിന്റെ മരണത്തെക്കുറിച്ച് പ്രശസ്ത ചരിത്രഗവേഷകനും പണ്ഡിതനുമായ കെ.കെ.എന്‍ കുറുപ്പ് തന്റെ 'മാപ്പിള പാരമ്പര്യം' എന്ന ഗ്രന്ഥത്തില്‍ 47-ാം പേജില്‍ ഇങ്ങനെ സൂചിപ്പിക്കുന്നു. ''കോഴിക്കോട് ഖാദി മുഹമ്മദ് ഇബ്‌നു അബ്ദുല്‍ അസീസ് ഒരു കവിയും ദാര്‍ശനികനുമായിരുന്നു. അദ്ദേഹം 1025-ല്‍ മരിച്ചു.'' ഇനി പ്രശസ്ത പണ്ഡിതനും ഗവേഷകനുമായ നെല്ലിക്കുത്ത് മുഹമ്മദാലി മുസ്‌ലിയാരുടെ ''മലബാറിലെ മഹാരഥന്മാര്‍'' എന്ന ഗ്രന്ഥത്തിലും ഖാദി മുഹമ്മദിന്റെ മരണം ഹിജ്‌റ 1025 ലാണെന്ന് പ്രസ്താവിക്കുന്നു. ഖാദി മുഹമ്മദിന്റെ പൗത്രന്‍ അബൂബക്കര്‍കുഞ്ഞി മുസ്‌ലിയാരുടെ 'മസ്വാബീഹുല്‍ കവാക്കിബുദുര്‍രിയ' എന്ന ഗ്രന്ഥത്തിലും ഹിജ്‌റ 1025 റബീഉല്‍ അവ്വല്‍ 25 ബുധനാഴ്ചയായിരുന്നു ഖാദി മുഹമ്മദിന്റെ മരണമെന്ന് പറയുന്നു. പ്രഫസര്‍ കെ.എം മുഹമ്മദിന്റെ ''അറബി സാഹിത്യത്തില്‍ കേരളത്തിന്റെ സംഭാവനകള്‍'' എന്ന ഗ്രന്ഥത്തില്‍ 54-ാം പേജില്‍ ഖാദി മുഹമ്മദിന്റെ മരണം ഹിജ്‌റ 1025 ലാണെന്നും ഇത് ക്രി. വര്‍ഷം 1606-ല്‍ ആണെന്നും (ഇതേ പുസ്തകം പേജ് 135) അതേ ഗ്രന്ഥത്തില്‍ കാണുന്നു. ഡോ. വി.പി മുഹമ്മദാലി എഴുതിയ 'മാപ്പിളപ്പാട്ടുകള്‍ നൂറ്റാണ്ടുകളിലൂടെ' എന്ന ഗ്രന്ഥത്തില്‍ മുഹ്‌യിദ്ദീന്‍മാലയുടെ (പേജ് 33-ല്‍) രചനാകാലം ക്രി. 1607-ല്‍ ആണെന്ന് സമര്‍ഥിക്കുന്നു എന്ന് മാത്രമല്ല, മുഹ്‌യിദ്ദീന്‍മാല മറ്റാരുടെയോ രചനയാണെന്നും അതില്‍ സൂചിപ്പിക്കുന്നു.
 
ഈ ചരിത്രകാരന്മാരെല്ലാം ഒരേ സ്വരത്തില്‍ ഖാദി മുഹമ്മദിന്റെ മരണം ഹിജ്‌റ 1025 ലാണെന്നും അത് കൊല്ല വര്‍ഷം 781 ലും ക്രി. വര്‍ഷം 1606 ലുമാണെന്നും പ്രസ്താവിക്കുമ്പോള്‍ മുഹ്‌യിദ്ദീന്‍മാലയുടെ രചയിതാവ് കാലനിര്‍ണയം ചെയ്ത കൊല്ലവര്‍ഷം 782 എന്നതിന്റെ ഒരു വര്‍ഷം മുമ്പ് ഖാദി മുഹമ്മദ് മരിച്ചു എന്നത് ആര്‍ക്കും ബോധ്യമാവുന്നതാണല്ലോ. അതല്ല മുഹ്‌യിദ്ദീന്‍മാല രചിച്ചതിന് ശേഷമാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചത് എന്ന് വിശ്വസിക്കണമെങ്കില്‍, മേല്‍ പ്രസ്താവിച്ച ചരിത്രകാരന്മാരുടെ അഭിപ്രായങ്ങള്‍ നമുക്ക് തള്ളിപ്പറയേണ്ടി വരും. മാത്രമല്ല അദ്ദേഹത്തിന്റെ മരണകാലത്തിന് നമുക്ക് വേറെ തെളിവുകള്‍ കണ്ടെത്തേണ്ടതായും വരും. അത് ഇതേവരെ ആരും കണ്ടെത്തിയിട്ടുമില്ല.
 
മാലയുടെ 400-ാം വര്‍ഷം നമ്മള്‍ 2008-ല്‍ ആഘോഷിച്ചത് രചനാകാലം ക്രി. വര്‍ഷം 1607 കണക്കാക്കിയാണ്. അതാണ് മാലയുടെ രചയിതാവ് 'ഞാന്‍' എന്ന അജ്ഞാത കവിയാണെന്ന് ഞാന്‍ നിരീക്ഷിക്കാന്‍ കാരണം.
 
മാത്രമല്ല, ഖാദി മുഹമ്മദ് അഗാധ പണ്ഡിതനും നല്ല അറബി ഭാഷാപരിജ്ഞാനിയും ധാരാളം അറബി ഗ്രന്ഥങ്ങളുടെ രചയിതാവുമായിരുന്നു. അദ്ദേഹം പതിനഞ്ചോളം അറബി ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ടെന്ന് പ്രശസ്ത ഗവേഷകനും ഗ്രന്ഥകാരനുമായ പരപ്പില്‍ മുഹമ്മദ് 'കോഴിക്കോട്ടെ മുസ്‌ലിംകളുടെ ചരിത്രം' എന്ന ഗ്രന്ഥത്തില്‍ എഴുതിയിട്ടുണ്ട്. ഖാദി മുഹമ്മദ് എഴുതിയ പതിനാറാമത്തെ ഒരു ഗ്രന്ഥം കൂടി ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. പ്രശസ്ത മതപണ്ഡിതനായിരുന്ന പാങ്ങില്‍ അഹ്മദുകുട്ടി മുസ്‌ലിയാരുടെ ഗ്രന്ഥ സൂക്ഷിപ്പില്‍നിന്ന് അബ്ദുര്‍റഹ്മാന്‍ ആദൃശേരി കണ്ടെടുത്ത 'അല്‍ഖുത്തുബത്തുല്‍ ജിഹാദിയ്യ' എന്ന ഗ്രന്ഥത്തിന്റെ മലയാള പരിഭാഷ ഗവേഷകനായ ഇ.എം സക്കീര്‍ ഹുസൈന്‍ 'സാമൂതിരിക്കു വേണ്ടി ഒരു സമരാഹ്വാനം' എന്ന പേരില്‍ പുറത്തിറക്കിയിട്ടുണ്ട്. സാമൂതിരിക്ക് വേണ്ടി ചാലിയം കോട്ട പിടിച്ചടക്കാനുള്ള സമരാഹ്വാനമാണ് ഇതിലെ പ്രതിപാദ്യം.
 
ഇത്രയും അറബി ഗ്രന്ഥങ്ങള്‍ രചിച്ച ഖാദി മുഹമ്മദ് ഒരൊറ്റ മലയാള ഗ്രന്ഥം പോലും രചിച്ചതായി ഖാദി മുഹമ്മദ് മരണപ്പെട്ടശേഷം അദ്ദേഹത്തിന്റെ അടുത്ത കാലഘട്ടത്തില്‍ ജീവിച്ച ഒരൊറ്റ ചരിത്രകാരനും രേഖപ്പെടുത്തിയിട്ടില്ല എന്ന കാര്യം ശ്രദ്ധേയമാണ്. പണ്ടുപണ്ടേ പറഞ്ഞുപോന്ന കേട്ടുകേള്‍വികളല്ലാതെ, ആധികാരികമായ രേഖകളൊന്നും തന്നെ പുറത്തുവന്നിട്ടില്ല. മുഹ്‌യിദ്ദീന്‍മാലയില്‍ പറഞ്ഞ ''കണ്ടെന്‍ അറിവാളന്‍ കാട്ടിത്തരുംപോലെ ഖാദി മുഹമ്മദതെന്ന പേരുള്ളോവര്‍'' എന്ന വരിയിലുള്ള ദുര്‍ബലമായ ഒരു പരാമര്‍ശം അല്ലാതെ ഇതിന്റെ രചയിതാവ് ഖാദി മുഹമ്മദാണെന്ന് ഉറപ്പിച്ചുപറയാവുന്ന ഒരു വസ്തുതയും മുഹ്‌യിദ്ദീന്‍മാലയില്‍ ഇല്ല.
 
മാലയുടെ രചനാകാലം കൊല്ലവര്‍ഷം 782 ഹിജ്‌റഃ വര്‍ഷം 1026 ക്രി. 1607.  ഖാദി മുഹമ്മദിന്റെ മരണകാലം. ഹി: 1025 കൊല്ലവര്‍ഷം 781-ക്രി: 1606.
 
ഖാദി മുഹമ്മദിന്റെ മരണകാലം മാലപ്പാട്ട് രചിക്കുന്നതിന്റെ ഒരു വര്‍ഷം മുമ്പാണെന്ന് മേല്‍വിവരിച്ച രേഖകള്‍ പരിശോധിച്ചാല്‍ ബോധ്യമാവുന്നതാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് മാലപ്പാട്ടിന്റെ കര്‍ത്താവ് ഖാദി മുഹമ്മദല്ല എന്ന് ഞാന്‍ സമര്‍ഥിക്കാന്‍ കാരണം. ഇനി രചനാ കാലത്തെക്കുറിച്ചും മരണകാലത്തെക്കുറിച്ചും മറ്റെന്തെങ്കിലും തെളിവുകള്‍ നിരത്താനുണ്ടെങ്കില്‍ അത് ശരിയാണെന്ന് ബോധ്യമായാല്‍ എന്റെ വാദം തെറ്റാണെന്ന് സമ്മതിക്കാനും ഞാന്‍ തയാറാണ്.
 

 
(ലിപി പബ്ലിക്കേഷന്‍സ് പുറത്തിറക്കുന്ന മാപ്പിളപ്പാട്ടിന്റെ ലോകം (പരിഷ്‌കരിച്ച പതിപ്പ്) എന്ന ഗ്രന്ഥത്തില്‍നിന്ന്).