Click to view this issue
Tuesday, April 23, 2019
News Update
 

1435 റബീഉല്‍ ആഖിര്‍ 14

2014 ഫെബ്രുവരി 07

പുസ്തകം 70 ലക്കം 35

എഴുതാത്ത ചരിത്രത്തിന്റെ വായന എന്തുകൊണ്ട് അനിവാര്യമാകുന്നു

കെ.ടി ഹുസൈന്‍ / കവര്‍‌സ്റ്റോറി‌

സമ്പന്നമായ ചരിത്രവും സംസ്‌കാരവുമുള്ള കേരള മുസ്‌ലിംകള്‍ക്ക് പക്ഷേ, ചരിത്ര രചനാ രംഗത്ത് വലിയ അക്കാദമിക പാരമ്പര്യമൊന്നും അവകാശപ്പെടാനാവില്ല. കേരളത്തിന്റെ ആദ്യത്തെ ചരിത്രം രചിച്ച സൈനുദ്ദീന്‍ മഖ്ദൂം കഴിഞ്ഞാല്‍ പിന്നെ...
 
 

സമ്പന്നമായ ചരിത്രവും സംസ്‌കാരവുമുള്ള കേരള മുസ്‌ലിംകള്‍ക്ക് പക്ഷേ, ചരിത്ര രചനാ രംഗത്ത് വലിയ അക്കാദമിക പാരമ്പര്യമൊന്നും അവകാശപ്പെടാനാവില്ല. കേരളത്തിന്റെ ആദ്യത്തെ ചരിത്രം രചിച്ച സൈനുദ്ദീന്‍ മഖ്ദൂം കഴിഞ്ഞാല്‍ പിന്നെ കഴിഞ്ഞ നൂറ്റാണ്ടില്‍ ജീവിച്ച പി.എ സെയ്ദ് മുഹമ്മദ്, സി.കെ. കരീം, കെ.കെ മുഹമ്മദ് അബ്ദുല്‍ കരീം, പി.കെ മുഹമ്മദ് കുഞ്ഞി, ടി. മുഹമ്മദ് എന്നിങ്ങനെ നാലോ അഞ്ചോ പേരില്‍ ഒതുങ്ങുന്നു കേരള മുസ്‌ലിംകളുടെ ചരിത്ര രചനാ പാരമ്പര്യം. മറ്റാരോ എഴുതിവെച്ച ചരിത്രത്തിനുള്ളില്‍ കേരള മുസ്‌ലിംകള്‍ക്ക് ജീവിക്കേണ്ടിവന്നതിന് ഇതും ഒരു കാരണമാണ്. നമ്മുടെ സര്‍വകലാശാലകളിലും കോളേജുകളിലും ചരിത്രം പഠിപ്പിക്കുന്ന ധാരാളം മുസ്‌ലിം അധ്യാപകരുണ്ടെന്നതും അവരില്‍ ചിലരെങ്കിലും അക്കാദമിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നുണ്ടെന്നതും വിസ്മരിച്ചുകൊണ്ടല്ല ഇത് പറയുന്നത്. പക്ഷേ, ദേശീയ ചരിത്ര രചനാ സമ്പ്രദായത്തിന്റെ ചട്ടക്കൂട്ടിനകത്ത് പ്രാമാണ്യം നേടിയ കേരളത്തിലെ സവര്‍ണ ചരിത്രകാരന്മാരും മാര്‍ക്‌സിസ്റ്റ് ചരിത്രകാരന്മാരും കേരള ചരിത്ര പഠനത്തിലുണ്ടാക്കിയ വാര്‍പ്പ് മാതൃകകളെ തിരുത്താനുള്ള ആര്‍ജവം അവരില്‍ അധികം പേരും കാണിച്ചതായി അനുഭവം നമ്മെ ബോധ്യപ്പെടുത്തുന്നില്ല. ദേശീയ ചരിത്ര രചനാ ചട്ടക്കൂടിനെ ഒരുവേള ഭേദിക്കാന്‍ കഴിഞ്ഞവര്‍ക്ക് പോലും സി.എച്ച് മുഹമ്മദ് കോയയുടെ ഒരു പ്രയോഗം കടമെടുത്ത് പറഞ്ഞാല്‍, പൂണൂല്‍ അകത്തൊളിപ്പിച്ച മാര്‍ക്‌സിസ്റ്റ് ചരിത്ര രചനാ ചട്ടക്കൂട്ടിനകത്ത് തന്നെ ചുറ്റിത്തിരിയാനാണ് എന്തുകൊണ്ടോ താല്‍പര്യം.

 
എന്നാല്‍, ദേശീയ ചരിത്രവും മാര്‍ക്‌സിസ്റ്റ് ചരിത്രവും ഒരുപോലെ ആന്തരവത്കരിച്ച യൂറോ കേന്ദ്രിത ജ്ഞാന നിര്‍മിതികളെയെല്ലാം വെല്ലുവിളിച്ചു കൊണ്ട് ചരിത്രത്തിലടക്കം പുതിയ ജ്ഞാന നിര്‍മിതികള്‍ സാര്‍വദേശീയ തലത്തില്‍ തിടം വെച്ച് വരുന്നതിനെയും, അതിന്റെ അനുരണനം എന്ന നിലയില്‍ മാത്രമല്ല ബ്രാഹ്മണ മേല്‍ക്കോയ്മയുടെ സ്വാഭാവിക പ്രതികരണമെന്ന നിലയില്‍ കൂടി ഇന്ത്യയില്‍ ശക്തിപ്പെട്ട് വരുന്ന ചരിത്രമില്ലാതാക്കപ്പെട്ടവരുടെ പുതിയ ഉണര്‍വുകളെയും മാര്‍ക്‌സിസ്റ്റ് ചരിത്ര വിശകലനരീതിയെ ആശ്രയിക്കുക മാത്രമേ മുസ്‌ലിംകള്‍ക്ക് കരണീയമായിട്ടുള്ളൂ എന്ന് കരുതുന്നവര്‍ മനസ്സിലാക്കിയ ലക്ഷണമില്ല.
 
കേരളത്തില്‍ അഞ്ചിലധികം സര്‍വകലാശാലകളും അനേകം കോളേജുകളും അവയിലെല്ലാം ചരിത്ര ഫാക്കല്‍റ്റികളും ഉണ്ടായിട്ടും, കേരള മുസ്‌ലിംകളുടെ ചരിത്രത്തെയും സംസ്‌കാരത്തെയും കുറിച്ച അക്കാദമിക പഠനത്തിന് കേരളത്തിലെ പുതിയ തലമുറ കേന്ദ്ര സര്‍വകലാശാലകളില്‍ ചേക്കേറുന്നതിന്റെ പശ്ചാത്തലം ഇതാണ്. തങ്ങള്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തതിനപ്പുറം ഒന്നിനെയും അംഗീകരിക്കുകയില്ലെന്ന കേരള ചരിത്ര പഠനത്തിലെ മേലാളന്മാരുടെ അക്കാദമിക ജഡത്വവും, ഗുരുനിന്ദ ഭയന്നോ മറ്റോ അവര്‍ക്ക് മുമ്പില്‍ ഓഛാനിച്ചുനില്‍ക്കുന്ന മുസ്‌ലിം ചരിത്രകാരന്മാരുടെ അപകര്‍ഷതയും മൂലമാണ് യഥാര്‍ഥത്തില്‍ ഈ ന്യൂജനറേഷന്‍ അക്കാദമിഷ്യന്മാര്‍ക്ക് പുതിയ മേച്ചില്‍ പുറം തേടേണ്ടിവന്നത്.
 
എന്നാല്‍, പുതിയ ചരിത്ര രചനാ സമ്പ്രദായത്തെക്കുറിച്ച് തീര്‍ത്തും അജ്ഞത നടിച്ച ചരിത്രത്തിലെ പ്രമാണിമാര്‍, പുതിയ രചനാ സമ്പ്രദായം തുറന്ന സാധ്യത പ്രയോജനപ്പെടുത്തിക്കൊണ്ട് കേരളത്തിലെ മുസ്‌ലിം ചെറുപ്പക്കാര്‍ സ്വന്തം ചരിത്രം പഠിക്കാന്‍ തയാറായി മുന്നോട്ട് വരുമ്പോള്‍ കേരള മുസ്‌ലിംകളെക്കുറിച്ച് തങ്ങള്‍ തന്നെ നേരത്തെ സത്യസന്ധമായി കോറിയിട്ടതിനെ നിഷേധിക്കുകയാണ്. മലബാര്‍ സമരത്തെ ഒരിക്കലും കേരളം ഓര്‍ക്കാന്‍ പാടില്ലാത്ത വംശീയ ലഹളയായും കേരളത്തിന്റെ പോര്‍ച്ചുഗീസ് ഘട്ടം മിഥ്യയായും മാപ്പിള ചരിത്രത്തിലെ ചില പ്രമാണിമാര്‍ ഇപ്പോള്‍ പറഞ്ഞുകൊണ്ടിരിക്കുന്നതിന്റെ രാഷ്ട്രീയമാണ് സൂചിപ്പിച്ചത്.
 
ഇപ്രകാരം കേരള മുസ്‌ലിംകളില്‍ ഇതുവരെ ഏറെക്കുറെ അന്യമായിരുന്ന അക്കാദമിക അന്തരീക്ഷം കേരളത്തിനു വെളിയിലെ സര്‍വകലാശാലകളിലും കേരളത്തിനകത്ത് തന്നെയുള്ള ചില മത കലാലയങ്ങളിലും രൂപപ്പെട്ടുകൊണ്ടിരിക്കുകയും, പ്രാമാണികമായി  സ്ഥാപിക്കപ്പെട്ട് കഴിഞ്ഞ കേരള മുസ്‌ലിം ചരിത്രത്തിനു നേരെ പോലും പുതിയ വെല്ലുവിളികള്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഇക്കഴിഞ്ഞ ഡിസംബര്‍ 22-24 തീയതികളില്‍ കോഴിക്കോട്ടെ ജെ.ഡി.ടി ഇസ്‌ലാം കാമ്പസില്‍ കേരള മുസ്‌ലിം ഹെറിറ്റേജ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ കേരള മുസ്‌ലിം ഹിസ്റ്ററി കോണ്‍ഫറന്‍സ് നടന്നത്.
 
കേരളം ദേശം നിര്‍മിതി, ചെറുത്തു നില്‍പുകളും പോരാട്ടങ്ങളും, കേരള മുസ്‌ലിംകളും കൊളോണിയല്‍ ആധുനികതയും, കേരള വികസനവും മുസ്‌ലിംകളും, കേരളീയ പൊതുമണ്ഡലവും മുസ്‌ലിംകളും, പൊതുമണ്ഡലത്തിലെ മുസ്‌ലിം സ്ത്രീ എന്നീ ആറ് പ്രധാന ശീര്‍ഷകത്തിനു കീഴില്‍ 26 സെഷനുകളിലായി 200-ഓളം പ്രബന്ധങ്ങളിലൂടെ കേരള മുസ്‌ലിംകളുടെ ഭൂതത്തെയും വര്‍ത്തമാനത്തെയും ചരിത്രവത്കരിക്കുക എന്ന അക്കാദമിക ദൗത്യമാണ് ചരിത്ര കോണ്‍ഫറന്‍സ് നിര്‍വഹിച്ചത്. കേരളത്തില്‍ ഇസ്‌ലാമിന്റെ പ്രചാരണം, മനുഷ്യ സമത്വത്തിലധിഷ്ഠിതമായ ഇസ്‌ലാമിന്റെ സാമൂഹിക വീക്ഷണം, കേരളത്തിലെ പ്രമുഖ മുസ്‌ലിം രാജവംശങ്ങള്‍, കുടുംബങ്ങള്‍, സൂഫികളുടെ ജീവിത രീതികള്‍, ആചാരങ്ങള്‍, സംഗീത പാരമ്പര്യം, പ്രാദേശികവും ദേശാന്തരീയവുമായ വ്യാപാര പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ ബഹുസ്വരമായ ഒരു കേരളം രൂപപ്പെടുത്തുന്നതില്‍ മുസ്‌ലിംകള്‍ എപ്രകാരം പങ്കുവഹിച്ചു എന്ന അന്വേഷണമാണ് കേരളം ദേശം, നിര്‍മിതി എന്ന പൊതു തലക്കെട്ടിനു കീഴില്‍ നടന്നത്. കേരളത്തില്‍ മുസ്‌ലിം കോളനികള്‍ രൂപപ്പെട്ടതിനെയും പെരുമാളിന്റെ മതം മാറ്റത്തെയും കുറിച്ച് നിലനില്‍ക്കുന്ന സാമ്പ്രദായിക ധാരണയെ തിരുത്തുന്ന ഒന്നിലധികം പ്രബന്ധങ്ങള്‍ ഈ സെഷനില്‍ അവതരിപ്പിക്കപ്പെട്ടത് ശ്രദ്ധിക്കപ്പെട്ടു.
 
കേരളത്തിലെ പോര്‍ച്ചുഗീസ് അധിനിവേശം മുതല്‍ 1921-ലെ മലബാര്‍ സമരം വരെയുള്ള ഏകദേശം ആറ് നൂറ്റാണ്ട് കാലം കേരള മുസ്‌ലിംകളുടെ മതപരവും രാഷ്ട്രീയവും സാംസ്‌കാരികവും സാമ്പത്തികവുമായ ജീവിതം ആഴത്തിലും പരപ്പിലും 'ചെറുത്തുനില്‍പുകളും പോരാട്ടങ്ങളും' എന്ന സെഷനില്‍ കൈകാര്യം ചെയ്യപ്പെട്ടു. വീക്ഷണ വൈജാത്യം കൊണ്ട് ശ്രദ്ധിക്കപ്പെട്ട സെഷനായിരുന്നു ഇത്. മുസ്‌ലിം ഉലമാക്കള്‍ നയിച്ച സമരത്തെ കോളനി വിരുദ്ധമായി വായിക്കണമെന്ന് ചില പ്രബന്ധകാരന്മാര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അധിനിവേശ വിരുദ്ധതയല്ല മറിച്ച് വിശ്വാസമാണ് ഈ പോരാട്ടങ്ങളെ നിര്‍ണയിച്ചത് എന്നാണ് മറ്റു ചിലര്‍ സമര്‍ഥിക്കാന്‍ ശ്രമിച്ചത്. ആധുനിക കേരളത്തെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായകമായ ടിപ്പുസുല്‍ത്താന്റെ ഭരണ നടപടികള്‍, മലബാറില്‍നിന്ന് നാടുകടത്തപ്പെട്ടതിന് ശേഷമുള്ള സയ്യിദ് ഫസലിന്റെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍, മലബാര്‍ സമരത്തെയും ടിപ്പുവിനെയും കുറിച്ച് കൊളോണിയലും ദേശീയവുമായ വ്യത്യസ്ത ആഖ്യാനങ്ങള്‍ എന്നിവയും സെഷനില്‍ വിശകലനം ചെയ്യപ്പെട്ടു.
 
വിദ്യാഭ്യാസ പരിഷ്‌കരണം, സാമൂഹിക പരിഷ്‌കരണം, സംഘടിത പ്രവര്‍ത്തനം എന്നിവയിലൂടെ നവോത്ഥാന ആധുനികതയുമായി മുസ്‌ലിം കേരളം എപ്രകാരം പ്രതിവര്‍ത്തിച്ചു എന്ന അന്വേഷണമാണ് 'കേരള മുസ്‌ലിംകളും കൊളോണിയല്‍ ആധുനികതയും' എന്ന ശീര്‍ഷകത്തിനു കീഴില്‍ നടന്നത്. ആരോഗ്യകരവും ഗൗരവമാര്‍ന്നതുമായ ഒരു സംവാദമണ്ഡലം തുറക്കുന്നതായിരുന്നു ഈ സെഷന്‍. കേരളത്തില്‍ ഇന്ന് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മുസ്‌ലിംകളുടെ എല്ലാ മത,സാമൂഹിക, സാംസ്‌കാരിക സംഘടനകളുടെയും പ്രവര്‍ത്തനങ്ങള്‍ വിശകലനം ചെയ്യപ്പെടുന്നതിനാല്‍ ഈ സെഷനിലെ പ്രബന്ധങ്ങള്‍ ഭൂതത്തെയും വര്‍ത്തമാനത്തെയും ചരിത്രവത്കരിക്കുക മാത്രമല്ല, വര്‍ത്തമാനത്തെ വിചാരണ ചെയ്ത് ഭാവിയിലേക്ക് ചില ചൂണ്ടുപലകകള്‍ നിര്‍ദേശിക്കുക കൂടി ചെയ്തു. ഈ സെഷനില്‍ അവതരിപ്പിക്കപ്പെട്ട 'കേരളത്തിലെ ഇസ്‌ലാമിക രാഷ്ട്രീയ പ്രതിനിധാനവും പൊതുമണ്ഡലവും' എന്ന പ്രബന്ധം അവതരണ മികവ് കൊണ്ടും ഇസ്‌ലാമിക രാഷ്ട്രീയത്തെ കുറിച്ച ഗൗരവപ്പെട്ട ചില ആലോചനകള്‍ മുന്നോട്ടുവെച്ചതിനാലും പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു. മുസ്‌ലിം രാഷ്ട്രീയത്തിന്റെ ദേശീയവും സാമൂഹികവുമായ ധാരകള്‍, പൊതുമണ്ഡലവും ഇസ്‌ലാമും, കുടിയേറ്റം, കേരളത്തില്‍ വഖ്ഫ് സ്വത്തുക്കളുടെ ഉപയോഗം, കേരള മുസ്‌ലിംകളുടെ ബദല്‍ സാമ്പത്തിക സംവിധാനങ്ങള്‍, മഹല്ല് സംവിധാനം എന്നിവയിലൂടെ കേരള വികസനത്തില്‍ മുസ്‌ലിംകള്‍ നടത്തുകയും നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഇടപെടലുകളാണ് 'കേരള വികസനവും മുസ്‌ലിംകളും' എന്ന തലക്കെട്ടില്‍ ചര്‍ച്ച ചെയ്തത്. മുസ്‌ലിം രാഷ്ട്രീയത്തില്‍ മറഞ്ഞുപോയിരുന്ന പല ഏടുകളും പുറത്ത് കൊണ്ടുവരിക മാത്രമല്ല,  മുസ്‌ലിം രാഷ്ട്രീയത്തിന്റെ നാള്‍വഴികളെ നിശിതമായി വിചാരണ ചെയ്ത് ഭാവിയിലെ മുസ്‌ലിം രാഷ്ട്രീയത്തിന് പ്രയോജനം ചെയ്യുന്ന ചില നിരീക്ഷണങ്ങള്‍ മുന്നോട്ട് വെക്കുകയും ചെയ്തുവെന്നതാണ് ഈ സെഷനെ ശ്രദ്ധേയമാക്കിയ ഘടകം.
 
പള്ളിദര്‍സുകള്‍, അറബിക്കോളേജുകള്‍, മതപാഠ്യപദ്ധതിയുടെ ചരിത്രം, വഅ്‌ളുകള്‍, വൈജ്ഞാനിക പ്രസിദ്ധീകരണങ്ങള്‍, അച്ചടി ശാലകള്‍, പ്രസിദ്ധീകരണ ശാലകള്‍, പത്ര-ദൃശ്യ മാധ്യമങ്ങള്‍, ആനുകാലികങ്ങള്‍, നവ മാധ്യമങ്ങള്‍, ഭാഷ,സാഹിത്യം, സംസ്‌കാരം, സംവാദങ്ങള്‍ എന്നീ വിനിമയ മാധ്യമങ്ങള്‍ വഴി കേരള മുസ്‌ലിംകള്‍ പൊതുമണ്ഡലവുമായി നടത്തിയ സംവാദത്തെ അടയാളപ്പെടുത്തുകയാണ് 'കേരള മുസ്‌ലിംകളും പൊതുമണ്ഡലവും' എന്ന സെഷന്‍ ചെയ്തത്. ഏറ്റവും പ്രാചീനമായ വഅ്‌ളുകള്‍ മുതല്‍ ഏറ്റവും പുതിയ സോഷ്യല്‍ മീഡിയ വരെയുള്ള മുസ്‌ലിം ഇടപെടലിന്റെ മതവും രാഷ്ട്രീയവും ഈ സെഷനില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ഭക്ഷണം, വസ്ത്രധാരണം, കല, സാഹിത്യം, സിനിമ എന്നിവയിലൂടെ മുസ്‌ലിംകള്‍ എങ്ങനെ തങ്ങളെ സ്വയം സ്ഥാനപ്പെടുത്തി എന്ന് മാത്രമല്ല,  അവര്‍ എങ്ങനെ പ്രതിനിധാനം ചെയ്യപ്പെട്ടു എന്നതിനെക്കുറിച്ച് കൂടി അന്വേഷിക്കുന്നതായിരുന്നു ഈ സെഷനിലെ ചര്‍ച്ചകള്‍. ചുരുക്കത്തില്‍ കേരള മുസ്‌ലിംകളുടെ മത ചരിത്രത്തിനും രാഷ്ട്രീയ ചരിത്രത്തിനുമപ്പുറം അവരുടെ സാംസ്‌കാരിക ചരിത്രം ആഴത്തിലും പരപ്പിലും അനാവരണം ചെയ്യുന്നതായിരുന്നു ഈ സെഷന്‍.
 
വനിതാ പ്രസിദ്ധീകരണങ്ങള്‍, വൈജ്ഞാനികവും സര്‍ഗാത്മകവുമായ എഴുത്തുകള്‍, സ്ത്രീ വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണ സംരംഭങ്ങള്‍ എന്നിവയിലൂടെ മുസ്‌ലിം സ്ത്രീ പൊതുമണ്ഡലത്തില്‍ ഇടപെട്ടതിന്റെ ചരിത്രവും പ്രസ്തുത ഇടപെടലിനിടയില്‍ അവള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചുമാണ് 'പൊതുമണ്ഡലത്തിലെ മുസ്‌ലിംസ്ത്രീ' എന്ന സെഷനില്‍ വിശകലനം ചെയ്യപ്പെട്ടത്. സ്വന്തമായ നിലപാടുകള്‍ എടുക്കുന്നതിലും തന്റേടത്തോടു കൂടി അവതരിപ്പിക്കുന്നതിലും മുസ്‌ലിം സ്ത്രീ ബഹുദൂരം മുന്നോട്ടുപോയി എന്ന് തെളിയിക്കുന്നതായിരുന്നു ഈ സെഷന്‍.
 
പരസ്പരം കാണുകയോ കേള്‍ക്കുകയോ ചെയ്യാതെ തങ്ങളുടേത് മാത്രമായ പ്രതലത്തില്‍ നിന്ന് അന്യോന്യം പോര്‍വിളികള്‍ നടത്തുന്ന അവസ്ഥയില്‍ നിന്ന് പരസ്പരം ഇഴുകിച്ചേര്‍ന്ന് കലവറയില്ലാതെ ആശയ സംവാദം നടത്താനുള്ള പക്വത കേരള മുസ്‌ലിംകള്‍ ആര്‍ജിച്ചു എന്ന് സാക്ഷ്യപ്പെടുത്തുന്നതായിരുന്നു കേരള മുസ്‌ലിം ഹിസ്റ്ററി കോണ്‍ഫറന്‍സ്. പങ്കാളിത്തത്തിലും അവതരിപ്പിക്കപ്പെട്ട ആശയങ്ങളിലുമുള്ള ബഹുസ്വരതയാണ് പ്രബന്ധങ്ങളുടെ എണ്ണത്തേക്കാളും കോണ്‍ഫറന്‍സിനെ ശ്രദ്ധേയമാക്കിയ ഘടകം. ഇതിനെല്ലാമുപരി ഈ ഹിസ്റ്ററി കോണ്‍ഫറന്‍സിന്റെ ഏറ്റവും വലിയ നേട്ടം, അത് സംശയരഹിതമായി തെളിയിച്ച കേരള മുസ്‌ലിംകളിലെ ഏറ്റവും പുതിയ തലമുറയുടെ അക്കാദമികമായ ഉണര്‍വാണ്. കേരള മുസ്‌ലിംകളുടെ ഭാവിയെ സംബന്ധിച്ചേടത്തോളം അത് ഒരേസമയം വലിയ സാധ്യതയും വെല്ലുവിളിയുമാണ്. അവരുടെ ഈ കഴിവിനെ സ്വന്തം സമുദായത്തിനും നാട്ടിനും എങ്ങനെ പ്രയോജനകരമായി മാറ്റാം എന്നത് കേരള മുസ്‌ലിംകള്‍ക്ക് വിവിധ തലങ്ങളില്‍ നേതൃത്വം നല്‍കുന്ന മത രാഷ്ട്രീയ നേതൃത്വം ഗൗരവത്തില്‍ ആലോചിക്കേണ്ട വിഷയമാണ്. ഒരു പാര്‍ട്ടിയോടും പ്രത്യേകിച്ച് പക്ഷപാതിത്വം ഇല്ല എന്നതാണ് ഈ ന്യൂജനറേഷന്‍ അക്കാദമിഷ്യന്മാരുടെ പൊതുസവിശേഷത. എന്നാല്‍ സ്വന്തം സമുദായത്തിന്റെ ചരിത്രപരവും സാംസ്‌കാരികവുമായ വേരുകളെ കുറിച്ച് അവര്‍ക്ക് നല്ല അഭിമാനവും ആത്മവിശ്വാസവും ഉണ്ട് താനും. അവരുടെയും അവരുള്‍ക്കൊള്ളുന്ന സമുദായത്തിന്റെയും ഭാവി ശോഭനമാക്കുന്നതിന് ഇത് വമ്പിച്ച മുതല്‍ക്കൂട്ടാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഈ ആത്മവിശ്വാസവും അഭിമാനബോധവും കേവലം വംശീയതയിലേക്ക് വഴുതി വീഴാതിരിക്കാനും ധാര്‍മികതയുടെ ചരട് അഴിഞ്ഞുപോകാതിരിക്കാനും നല്ല ജാഗ്രത ആവശ്യമാണ്. മുസ്‌ലിം സംഘടനകള്‍ക്കും അവരുടെ നേതൃത്വത്തിനും ആശയപരമായ തുറസ്സുണ്ടായാലേ ഈ വെല്ലുവിളിയെ അഭിമുഖീകരിക്കാനാവുകയുള്ളൂ.
 
ഹിസ്റ്ററി കോണ്‍ഫറന്‍സ് ഉയര്‍ത്തിവിട്ട ചില പ്രതികരണങ്ങള്‍ കൂടി സൂചിപ്പിക്കുകയാണ്. കേരള മുസ്‌ലിം ചരിത്രത്തെ ജമാഅത്തെ ഇസ്‌ലാമി ഹൈജാക്ക് ചെയ്തുവെന്നാണ് ചില പ്രസിദ്ധീകരണങ്ങളിലും ചാനല്‍ ചര്‍ച്ചകളിലും ഉയര്‍ന്നുകേട്ട പ്രധാന വിമര്‍ശനം. കേരള മുസ്‌ലിം ചരിത്രത്തെ പോരാട്ടങ്ങളുടെ മാത്രം ചരിത്രമായി പരിമിതപ്പെടുത്തുന്നു, പാരമ്പര്യം അവകാശപ്പെടാന്‍ ജമാഅത്തെ ഇസ്‌ലാമിക്ക് അര്‍ഹതയില്ല തുടങ്ങിയവയാണ് അനുബന്ധ വിമര്‍ശനങ്ങള്‍. ഹിസ്റ്ററി കോണ്‍ഫറന്‍സില്‍ അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങളുടെ ഉള്ളടക്കപരവും ആശയപരവുമായ വൈവിധ്യം ശ്രദ്ധിക്കുന്ന ആര്‍ക്കും ഒന്നാമത്തെയും രണ്ടാമത്തെയും വിമര്‍ശനത്തില്‍ കഴമ്പില്ലെന്ന് ബോധ്യമാകും. ഹിസ്റ്ററി കോണ്‍ഫറന്‍സ് പഠന വിധേയമാക്കിയ വ്യക്തിത്വങ്ങളുടെ ബഹുമുഖ ജീവിതവും പ്രവര്‍ത്തനങ്ങളും മുസ്‌ലിം സമൂഹത്തെ മാത്രമല്ല, കേരളത്തിന്റെ സാമൂഹിക ജീവിതത്തെയും എങ്ങനെ സ്വാധീനിച്ചുവെന്നാണ് പ്രധാനമായും അന്വേഷിക്കപ്പെട്ടത്. അവിടെ അവരുടെ രാഷ്ട്രീയ ജീവിതം മാത്രമല്ല, ആത്മീയ ജീവിതവും വൈജ്ഞാനിക ജീവിതവും അതിന്റെ ജൈവികതയില്‍ വിശകലനം ചെയ്യപ്പെട്ടിരുന്നു. ഇത് 'രാഷ്ട്രീയ ഇസ്‌ലാമിന്റെ ചരിത്ര നിര്‍മിതി' എന്ന് കവര്‍‌സ്റ്റോറി ചെയ്ത പ്രസിദ്ധീകരണം തന്നെ അതിന്റെ ഉള്ളടക്കത്തില്‍ സമ്മതിച്ച കാര്യമാണ്.
 
പിന്നെ ജമാഅത്തെ ഇസ്‌ലാമിക്ക് പാരമ്പര്യം അവകാശപ്പെടാന്‍ അര്‍ഹതയുണ്ടോ എന്ന കാര്യം. നൂറ്റാണ്ടുകളുടെ ദൈര്‍ഘ്യമുള്ള കേരള മുസ്‌ലിം ചരിത്രം, രൂപീകരിച്ചിട്ട് നൂറ് വര്‍ഷം പോലും ആയിട്ടില്ലാത്ത ഏതെങ്കിലൊമൊരു സംഘടനക്ക് മാത്രം അവകാശപ്പെടാനുള്ളതാണോ എന്ന് തിരിച്ചും ചോദിക്കാമല്ലോ. കേരളത്തില്‍ ഇന്ന് പ്രവര്‍ത്തിക്കുന്ന  എല്ലാ മത-രാഷ്ട്രീയ സംഘനകളും കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പകുതിയുടെ അവസാനത്തിലോ അതിന് തൊട്ട് മുമ്പോ മാത്രം രൂപീകരിക്കപ്പെട്ടവയാണ്. എന്നാല്‍, ഈ സംഘടനകളെയെല്ലാം എവിടെയൊക്കെയോ ചേര്‍ത്ത് നിര്‍ത്തുന്ന കണ്ണികള്‍ കേരള മുസ്‌ലിംകളുടെ രാഷ്ട്രീയവും സാംസ്‌കാരികവുമായ ചരിത്രത്തില്‍ കണ്ടെത്താനാവുമെന്നതാണ്  സമീപകാല കേരള മുസ്‌ലിം ചരിത്ര പഠനങ്ങള്‍ തെളിയിച്ചത്. അതിനാല്‍ കേരള മുസ്‌ലിം ചരിത്രം ഒരു കൂട്ടരുടെ മാത്രം ചരിത്രമല്ല; എല്ലാവരുടേതുമാണെന്ന് സമ്മതിക്കുന്നതാണ് വിവേകം. കേരളത്തിലെ മുന്‍ഗാമികളായ മഹാന്മാര്‍ ത്വരീഖത്തിന്റെ വക്താക്കളായിരുന്നതാണ് ജമാഅത്തെ ഇസ്‌ലാമിയുടെ അര്‍ഹത ചോദ്യം ചെയ്യാനുള്ള ന്യായമെങ്കില്‍, ഇരു വിഭാഗം സമസ്തകളും അതിന്റെ നേതാക്കളും ഇപ്പോള്‍ ഏത് ത്വരീഖത്തിലാണുള്ളത് എന്ന് പറഞ്ഞുതന്നാല്‍ നന്നായിരുന്നു. സുന്നീ പ്രസിദ്ധീകരണത്തിന്റെ താളുകള്‍ ഉപയോഗിച്ച്  ത്വരീഖത്ത് കാരണമായി പറഞ്ഞ് ജമാഅത്തിന്റെ അര്‍ഹതക്ക് നേരെ സംശയം ഉയര്‍ത്തുന്ന ലേഖകര്‍, പിഴച്ചുപോയതാണെന്ന് ബോധ്യപ്പെട്ടതിനാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് 'സമസ്ത കേരള'ത്തില്‍ നിന്ന് ഓടിച്ചുവിട്ട ശൈഖിന്റെ മുരീദുകളാണെന്ന രസം കൂടിയുണ്ട്. ആര് മുന്‍കൈയെടുത്തു എന്ന് നോക്കാതെ കേരള മുസ്‌ലിം ചരിത്രത്തിലെ ഒരു മഹല്‍ സംരംഭം എന്ന നിലയില്‍ എല്ലാ വിഭാഗത്തില്‍ പെട്ടവരും ആത്മാര്‍ഥമായി സഹകരിച്ചുകൊണ്ടാണ് ഹിസ്റ്ററി കോണ്‍ഫറന്‍സ് വമ്പിച്ച വിജയമായത്. സമാനമായ രീതിയില്‍ അതിന്റെ തുടര്‍ച്ചകള്‍ ഉണ്ടാകുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിന് പകരം ഹിസ്റ്ററി കോണ്‍ഫറന്‍സ് ഉണര്‍ത്തിവിട്ട ചില നല്ല പ്രത്യാശകളെ വിഭാഗീയതയില്‍ മുക്കിക്കൊല്ലാന്‍ ശ്രമിക്കുന്നത് വിവേകമല്ലെന്ന് ബന്ധപ്പെട്ടവരെ ഉണര്‍ത്തട്ടെ.