Click to view this issue
Saturday, February 23, 2019
News Update
 

1435 സഫര്‍ 10

2013 ഡിസംബര്‍ 13

പുസ്തകം 70 ലക്കം 27

നീതിയിലധിഷ്ഠിതമാണ് ഇസ്‌ലാമിക് ഫിനാന്‍സ്

ചാള്‍സ് രാജകുമാരന്‍‌

എനിക്കുറപ്പുണ്ട്, ഇന്നേ ദിവസം നിങ്ങള്‍ സമ്മേളിച്ചിരിക്കുന്നത്, ഫോറം യൂറോപ്പില്‍ ആദ്യമായി സമ്മേളിച്ച സന്ദര്‍ഭത്തില്‍- അതൊരു പക്ഷേ, പടിഞ്ഞാറിലെ ഇസ്‌ലാമിക് ഫിനാന്‍സിന്റെ കേന്ദ്രമായിത്തീരാന്‍ ഇംഗ്ലണ്ടിനു കൈവരുന്ന...
 
 

ഹുമാന്യരേ, അസ്സലാമു അലൈക്കും. ഈ സായാഹ്നത്തില്‍ അല്‍പനേരം സംസാരിക്കാന്‍ ആവശ്യപ്പെട്ടത് എന്നെ വളരെയധികം സ്പര്‍ശിച്ചിരിക്കുന്നു എന്നു മാത്രം പറയട്ടെ.

 
എനിക്കുറപ്പുണ്ട്, ഇന്നേ ദിവസം നിങ്ങള്‍ സമ്മേളിച്ചിരിക്കുന്നത്, ഫോറം യൂറോപ്പില്‍ ആദ്യമായി സമ്മേളിച്ച സന്ദര്‍ഭത്തില്‍- അതൊരു പക്ഷേ, പടിഞ്ഞാറിലെ ഇസ്‌ലാമിക് ഫിനാന്‍സിന്റെ കേന്ദ്രമായിത്തീരാന്‍ ഇംഗ്ലണ്ടിനു  കൈവരുന്ന പ്രാധാന്യത്തിന്റെ അടയാളമായിരിക്കണം- യൂനൈറ്റഡ് കിംഗ്ഡം നിങ്ങളെ അത്രമേല്‍ സ്വാഗതം ചെയ്തിരുന്നില്ല. അതോടൊപ്പം പ്രധാനമന്ത്രിയെയും നിങ്ങളുടെ മറ്റു സമുന്നതരായ പ്രഭാഷകരെയും അഭിവാദ്യം ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതുപോലെ വര്‍ഷങ്ങളായി വേള്‍ഡ് ഇസ്‌ലാമിക് എക്കണോമിക് ഫോറ(ഡബ്ല്യു.ഐ.ഇ.എഫ്)ത്തിലും ഇസ്‌ലാമിക് ഫിനാന്‍സുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ഇടപെട്ടുകൊണ്ടിരിക്കുന്ന മുസ്‌ലിം കൗണ്‍സില്‍ ഓഫ് ബ്രിട്ടന്നും ഞാനെന്റെ നന്ദി അറിയിക്കട്ടെ.
 
ഞാന്‍ പറയട്ടെ, നിങ്ങളുടെ സമ്മേളനം ഉചിതമായ സമയത്താണ്. അതുപോലെ സംസ്‌കാരങ്ങള്‍ക്കും രാഷ്ട്രങ്ങള്‍ക്കും ഇടയില്‍ പാലം പണിയാനുള്ള നിങ്ങളുടെ പരിശ്രമം വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നതാണ്. നാമിന്ന് നമ്മുടെ സംസ്‌കാരത്തെ നിര്‍വചിക്കുന്നതുമായി ബന്ധപ്പെട്ട വെല്ലുവിളികളുമായി പോരാടിക്കൊണ്ടിരിക്കുകയാണ്. അതാകട്ടെ കാലാവസ്ഥാ വ്യതിയാനത്തില്‍ നിന്ന് നമ്മുടെ ഭൂമിയെ തന്ത്രപരമായി കൈകാര്യം ചെയ്യല്‍, അതുപോലെ പ്രകൃതി വിഭവങ്ങളുടെ ശോഷണം, ജനസംഖ്യാ വര്‍ധനവ് എന്നിവയെക്കാളൊന്നും നിസ്സാരമല്ല. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ലോക ഭരണകൂടങ്ങള്‍ 'താങ്ങാവുന്ന വികസന ലക്ഷ്യങ്ങളെ' അംഗീകരിക്കേണ്ടിവരും. അതോടൊപ്പം, കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട മുഴുവന്‍ വിഷയങ്ങളിലും ഉടമ്പടികള്‍ തീരുമാനിക്കേണ്ടതായും വരും. ഒന്നിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ എന്നെത്തേക്കാളും നിര്‍ണായകമായി തീരും. അതിനാല്‍ അത്തരമൊന്നിന് സഹായകമാകുന്ന നിങ്ങളുടെ പരിശ്രമങ്ങളോട് ഞാന്‍ നന്ദി പറയുന്നു. എന്നെത്തേക്കാളുമധികം പരസ്പരം കൂട്ടിയിണക്കപ്പെട്ട ഇന്നത്തെ ലോകത്ത് നാം കണ്ടുകൊണ്ടിരിക്കുന്ന ദ്രുതഗതിയിലുള്ള മാറ്റങ്ങള്‍ സൃഷ്ടിക്കുന്ന അസ്ഥിരതകളും അപകട സാധ്യതകളും ഉചിതമായ രീതിയില്‍ കണക്കിലെടുക്കുകയാണെങ്കില്‍ പരസ്പരം സഹകരിച്ചുകൊണ്ടുള്ള പരിശ്രമങ്ങള്‍ നിര്‍ണായകമായിത്തീരും.
 
ഇസ്‌ലാമിക് ഫിനാന്‍സിനെക്കുറിച്ച് അല്ലെങ്കില്‍ ബദല്‍ സമ്പദ്‌വ്യവസ്ഥയെക്കുറിച്ച്-അങ്ങനെയും ഇതറിയപ്പെടുന്നു- മികവേറിയ സാങ്കേതികമായ അവതരണങ്ങള്‍ നിങ്ങള്‍ നടത്തുന്നുണ്ടെന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല. അതുപോലെ അതിന്റെ സ്ഥാനം നിരവധി വ്യത്യസ്തങ്ങളായ പരമ്പരാഗത സമ്പദ്ഘടനക്ക് സമാന്തരമായി തന്നെയാണ്. നിയമപരമായി നിര്‍ണയിക്കാന്‍ കഴിയാത്ത കാരണത്താലോ അവ വിദൂര ഭാവിയിലാണ് കിടക്കുന്നത് എന്ന് നാം കരുതുന്നതിനാലോ മുന്നറിയിപ്പുകളെ നാം തള്ളിക്കളയുകയാണെങ്കില്‍, അപകടങ്ങള്‍ നമ്മെ വിഴുങ്ങിക്കളയുമെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്.
 
നിങ്ങളുടെ പ്രോഗ്രാമിലെ ഒരു വാചകം ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു. വളരുന്നത് എന്ന് നാം അവകാശവാദം ഉന്നയിക്കുന്ന പരിചിതമായ പഴയ സാമ്പത്തിക മാതൃകകള്‍ക്ക് ലോകം ശരിക്കും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വഴികളെ വിവരിക്കാന്‍ യഥാര്‍ഥത്തില്‍ കഴിഞ്ഞിട്ടില്ല എന്ന കാര്യം ശ്രദ്ധിക്കുന്നതില്‍ നാം പരാജയപ്പെട്ടിരിക്കുന്നു. അതൊരു  പ്രശ്‌നം തന്നെയാണ്. അതുപോലെ സത്യവുമാണ്. നാമിപ്പോള്‍ എല്ലാ തരത്തിലുമുള്ള സാമ്പത്തികവും സാമൂഹികവുമായ വെല്ലുവിളികളോട് മല്ലിട്ടുകൊണ്ടിരിക്കുകയാണ്. പ്രകൃതിയുടെ വിഭവ ശേഖരങ്ങള്‍ ശോഷിച്ചത് ഈ വഴിയാണ്. ഈ ദുഷ്പ്രവണതകളെ ശരിയായ രീതിയില്‍ നിയന്ത്രിച്ചില്ലെങ്കില്‍ ഇതിന്റെ പ്രത്യാഘാതങ്ങള്‍ ഭക്ഷ്യവ്യവസ്ഥയെയും ഊര്‍ജ സുരക്ഷയെയും നേരിട്ട് ബാധിക്കുന്നതാണ്.  സിറിയയിലെ ദുരന്തപൂര്‍ണമായ സംഘര്‍ഷങ്ങള്‍ ഞെട്ടിക്കുന്ന ഒരു ഉദാഹരണമായി നമുക്ക് മുന്നിലുണ്ട്. കഴിഞ്ഞ ഏഴു വര്‍ഷമായി തുടര്‍ന്നുകൊണ്ടിരിക്കുന്ന വരള്‍ച്ച സിറിയയുടെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ തകര്‍ത്തു. അത് നിരവധി കര്‍ഷകരെ തങ്ങളുടെ ഗ്രാമങ്ങളില്‍നിന്ന് നഗരങ്ങളിലേക്ക് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാക്കി. അവിടെയാകട്ടെ ഭക്ഷ്യവിതരണം ആദ്യമേതന്നെ കുറവായിരുന്നു. മാധ്യമങ്ങളില്‍ വളരെ കുറച്ചു മാത്രം ചര്‍ച്ച ചെയ്യപ്പെട്ട, പ്രകൃതി വിഭവങ്ങളുടെ ഈ ശോഷണമാണ് നിരാശാജനകമായ ഫലങ്ങള്‍ സൃഷ്ടിക്കുന്ന സാമൂഹികമായ സംഘര്‍ഷങ്ങളെ സംഭാവന ചെയ്യുന്ന ഒരു പ്രധാന ഘടകം.
 
നമ്മുടെ പരിസ്ഥിതിയെ കൂടുതല്‍ കാര്യക്ഷമമായി പരിപാലിച്ചില്ലെങ്കില്‍ എന്തായിരിക്കും സംഭവിക്കുക എന്നതിനെക്കുറിച്ച് സ്പഷ്ടമായ മുന്നറിയിപ്പ് കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട ഇന്ററോഗവണ്‍മെന്റല്‍ പാനലിന്റെ  അടുത്തിടെയായി പുറത്തുവന്ന ഫിഫ്ത്ത് അസസ്‌മെന്റ് റിപ്പോര്‍ട്ടില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ നാം പ്രകൃതിയുടെ ആവശ്യങ്ങളുമായി ഇണങ്ങിച്ചേരുന്ന പുതിയ ബിസിനസ് മാതൃകകള്‍ക്കും സാമ്പത്തിക ഘടനകള്‍ക്കും രൂപം നല്‍കേണ്ടതുണ്ട്. ഈ അടിസ്ഥാനപരമായ ധാരണകളെ സാമ്പത്തിക സമവാക്യങ്ങളുടെ പേരില്‍ ഒഴിവാക്കാവുന്നതല്ല. മുന്‍കൂട്ടി കാണാവുന്ന അപകട സാധ്യതകളെ കണക്കിലെടുക്കാതെയും നിയന്ത്രിക്കാതെയും ലാഭത്തിനായി മാത്രം സാമ്പത്തികാവസരങ്ങളെ തേടുന്നത് ബുദ്ധിപൂര്‍വകമല്ലാത്ത പ്രവര്‍ത്തന രീതിയാണ്.
 
ഇത് സങ്കീര്‍ണമായ ഒരു കടംകഥയാണ്. ആഗോള ജനസംഖ്യ വര്‍ധിക്കുന്നു എന്നതുകൊണ്ട് മാത്രമല്ല ഇത് സങ്കീര്‍ണമാകുന്നത്. അവര്‍ സമ്പത്ത് നേടിയെടുത്തുകൊണ്ടിരിക്കുന്നു. അതോടൊപ്പം ദുഃഖകരമെന്നു പറയട്ടെ ധനികര്‍ക്കും ദരിദ്രര്‍ക്കും  ഇടയിലെ അന്തരം വര്‍ധിക്കുകയും ചെയ്തിരിക്കുന്നു.
 
അപ്പോള്‍ എവിടെയാണ് ഇതിനുള്ള പരിഹാരങ്ങള്‍ കിടക്കുന്നത്? അത് ഖുര്‍ആനില്‍ വ്യക്തമാണ്. അതുപോലെ ബൈബിളിലും. അതായത് മനുഷ്യര്‍ക്ക് ഭൂമിയെ പരിചരിക്കുക എന്ന മഹത്തായ ദൗത്യം നിര്‍വഹിക്കാനുണ്ട്. ആഗ്രഹം പോലെ അപഹരിച്ചെടുക്കാന്‍ ഭൂമിയില്‍ അതിരില്ലാത്തത്ര വിഭവങ്ങള്‍ ഇല്ല എന്ന് നമ്മുടെ സാമ്പത്തിക സ്ഥാപനങ്ങള്‍ തിരിച്ചറിയേണ്ട സമയം ആസന്നമായിരിക്കുകയാണ്. അതോടൊപ്പം നമ്മുടെ സാമ്പത്തിക ഘടനയിലേക്ക് പരിചാരകന്‍ എന്ന തത്ത്വം സമന്വയിപ്പിക്കേണ്ടതുണ്ട്. അതുകൊണ്ടാണ് വേള്‍ഡ് ഇസ്‌ലാമിക് ഫോറത്തിനും ഇസ്‌ലാമിക് -അല്ലെങ്കില്‍ ബദല്‍- ഫിനാന്‍സിനും മഹത്തരമായ സംഭാവനകള്‍ അര്‍പ്പിക്കാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നത്. ഇവിടെ എന്നില്‍ താല്‍പര്യമുണര്‍ത്തുന്നതെന്താണെന്നാല്‍, ഇസ്‌ലാമിന്റെ ഹൃദയത്തില്‍ നിന്നുള്ള വളരെ പ്രധാനപ്പെട്ട അധ്യാപനം -വൈവിധ്യത്തിലൂടെ ഏകത എന്ന ആശയം- സമത്വവും അനുകമ്പയും അതോടൊപ്പം പ്രകൃതിവിഭവങ്ങള്‍ ശരിയാംവണ്ണം ഉപയോഗിക്കണമെന്ന ആവശ്യോപാധിയുമാണ്.
 
ഇസ്‌ലാമിന്റെ 'മോറല്‍ ഇക്കണോമി'യില്‍ അന്തര്‍ലീനമായ ആത്മാവ്, നീതിപൂര്‍വകവും നൈതികവുമായ സമീപനത്തിലൂടെ ബിസിനസിലെയും ഫിനാന്‍സിലെയും സാമ്പത്തിക ശാസ്ത്രത്തിലെയും സാമ്പ്രദായിക അപകടങ്ങളെ സമീപിക്കുന്നതെങ്ങനെയെന്ന് സൂക്ഷ്മ നിരീക്ഷണം നടത്തുന്നത് തീര്‍ച്ചയായും നല്ലൊരു ആശയമാണ്. റിസ്‌ക് പങ്കിടുന്ന രീതികള്‍, അതേപോലെ മുശാറക, ഉദാഹരണത്തിന്, പണം കടം കൊടുക്കുന്നവര്‍ വാങ്ങുന്നവരുടെ റിസ്‌ക് പങ്കിടുന്ന രീതി. മുദാറബയുടെ ആശയം, ലാഭം പങ്കിടുന്ന രീതി. റിസ്‌ക് പെട്ടെന്നും തുടര്‍ച്ചയായും മറ്റുള്ളവരിലേക്ക് കൈമാറ്റം ചെയ്യുന്നതും അതുപോലെ ലാഭം ഒരു ഭാഗത്തേക്ക് മാത്രം നീങ്ങിക്കൊണ്ടിരിക്കുന്നതുമായ പരമ്പരാഗത സമ്പദ്ഘടനയില്‍ നിന്നും ഏറെ വ്യത്യസ്തമായിരിക്കുന്നു ഇത്.
 
യഥാര്‍ഥ സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട സ്വാഗതാര്‍ഹമായ ചില ഊന്നലുകള്‍ ഇസ്‌ലാമിക് ഫിനാന്‍സിലുണ്ട്. അതോടൊപ്പം നൈതികവും ധാര്‍മികവുമായ സംഹിതകളില്‍ നിന്ന് വ്യതിചലിക്കരുതെന്ന ആശയവും. നമ്മുടെ ഭാവിതലമുറകള്‍ക്കിടയിലും ധനികര്‍ക്കും ദരിദ്രര്‍ക്കുമിടയിലും അതുപോലെ ധനകാര്യ സ്ഥാപനങ്ങള്‍ക്കും സമൂഹത്തിനുമിടയിലും റിസ്‌കുകളെ കൂടുതല്‍ നീതിയുക്തമായി പങ്കുവെക്കുന്നതിനെ തേടുന്ന ബിസിനസ് അല്ലെങ്കില്‍ സാമ്പത്തിക മാതൃകകള്‍ സൃഷ്ടിക്കുക സാധ്യമാണോ എന്ന് ഞാന്‍ അത്ഭുതപ്പെടുന്നു. പലിശയുടെ കാര്യത്തിലുള്ള ഖുര്‍ആന്റെ കണിശമായ നിരോധന ഉത്തരവ് ഇന്ന് പ്രാമാണ്യത്തിലുള്ള സമ്പദ്‌വ്യവസ്ഥയില്‍ നടപ്പില്‍ വരുത്തിയാല്‍, ഭൂമിയിലെ പ്രകൃതി വിഭവങ്ങളുടെ ശോഷണത്തിലൂടെ ഭാവി തലമുറയുടെ മേല്‍ നാം വരുത്തിത്തീര്‍ത്ത ബാധ്യതകള്‍ തീര്‍ച്ചയായും അന്യായമായും അംഗീകരിക്കാന്‍ പറ്റാത്തതായും കാണപ്പെടും. അതുകൊണ്ടാണ് ഇസ്‌ലാമിന്റെ തത്ത്വങ്ങള്‍ പാലിക്കുന്ന ബിസിനസ് അല്ലെങ്കില്‍ സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ നൈതികമായ സമീപനങ്ങളിലൂടെ മുന്നോട്ട് പോകാനും അതിലൂടെ നീതിപൂര്‍വകമായ ഫലങ്ങള്‍ സൃഷ്ടിക്കാനും കഴിയുന്നത്.
 
ബിസിനസ്സിന്റെയും ഫിനാന്‍സിന്റെയും നല്ല ഭാവിക്കായി തന്ത്രങ്ങള്‍ രൂപകല്‍പന ചെയ്യാനും ആശയങ്ങള്‍ സംസ്‌കരിച്ചെടുക്കാനുമുള്ള നിങ്ങളുടെ ശ്രമങ്ങളെ ഞാന്‍ അഭിനന്ദിക്കുന്നു. അതേസമയം, നിര്‍ബന്ധമായും ബിസിനസ്സിനെയും ഫിനാന്‍സിനെയും സേവിക്കുന്ന ജനങ്ങളുടെയും സമൂഹങ്ങളുടെയും നേരെ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ഇപ്പോള്‍ രണ്ടു ചോദ്യങ്ങള്‍ നിങ്ങളോട് ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
 
ഭൂമിയില്‍ ശോഷണം സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രകൃതി വിഭവങ്ങളുടെ ആവശ്യകത എന്നെത്തേക്കാളും വര്‍ധിച്ചുകൊണ്ടിരിക്കെ, ഞാന്‍ അത്ഭുതപ്പെടുകയാണ്, ആദ്യമായി ഞാന്‍ സൂചിപ്പിച്ച ആവിര്‍ഭവിച്ചുകൊണ്ടിരിക്കുന്ന ഭീഷണികളെ കാര്യക്ഷമമായി നിയന്ത്രിക്കാനുള്ള ഉപകരണങ്ങളും ഘടനകളും നിദാനങ്ങളും നിങ്ങളുടെ കൈവശമുണ്ടോ? രണ്ടാമതായി, നിങ്ങളുടെ സംഘടന നിയന്ത്രിക്കുന്ന വിശാലമായ സാമ്പത്തിക വിഭവങ്ങള്‍ നമ്മെ പൂര്‍ണമായും ബാധിക്കുന്ന അപകടങ്ങളെ ചുരുക്കാനും അതുപോലെ മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കാനും തൊഴിലധിഷ്ഠിത പരിശീലനങ്ങള്‍ നല്‍കി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും ചെറുകിട സംരംഭങ്ങള്‍ സ്ഥാപിക്കാനും എങ്ങനെ വിനിയോഗിക്കാം എന്ന് നിങ്ങള്‍ ഊര്‍ജസ്വലമായിത്തന്നെ പരിഗണിക്കുകയില്ലേ?
 
ബഹുമാന്യരേ, നമ്മള്‍ വിജയിക്കാന്‍ ബാധ്യതപ്പെട്ടവരാണ്. പരാജയമെന്നാല്‍ മഹാ വിപത്ത് എന്നാണര്‍ഥം. നൂറ്റാണ്ടുകളായുള്ള ഇസ്‌ലാമിന്റെ ഒരു ശക്തി എന്തെന്നാല്‍, അത് നീതിയിലധിഷ്ഠിതമായ ഒരു സമൂഹത്തെ സ്ഥാപിക്കുന്നതിന് പ്രേരിപ്പിക്കുന്നു എന്നതാണ്. ഭൂമിയെ സംരക്ഷിക്കുക എന്ന മഹത്തായ ഉത്തരവാദിത്വം നാം ഓരോരുത്തര്‍ക്കുമുണ്ട്. ലണ്ടനില്‍ നടന്നുകൊണ്ടിരിക്കുന്ന നിങ്ങളുടെ ഈ സമ്മേളനം നിര്‍ബന്ധമായും ഈ പരിശ്രമത്തിന്റെ ഭാഗമാണ്.
 
വിവ: പി. മന്‍സൂര്‍