Click to view this issue
Saturday, February 23, 2019
News Update
 

1435 മുഹര്‍റം 04

2013 നവംബര്‍ 08

പുസ്തകം 70 ലക്കം 21

കുടുംബങ്ങള്‍ തമ്മിലുള്ള പിണക്കവും മാതാപിതാക്കളുടെ ദുര്‍വാശിയും

ഇല്‍യാസ് മൗലവി / പ്രശ്‌നവും വീക്ഷണവും‌

സാമ്പത്തികമായോ ശാരീരികമായോ യാതൊരു അല്ലലും അലട്ടുമില്ലാത്ത കുടുംബമാണ് ഞങ്ങളുടേത്. പക്ഷേ വളരെ അടുത്ത ബന്ധുക്കളുമായി പിണക്കത്തിലാണ്. നമ്മളോട് അനീതി ചെയ്തവരോട് യാതൊരു ബന്ധവുമരുത് എന്നാണ് മക്കളായ ഞങ്ങളോടുള്ള...

 
 

സാമ്പത്തികമായോ ശാരീരികമായോ യാതൊരു അല്ലലും അലട്ടുമില്ലാത്ത കുടുംബമാണ് ഞങ്ങളുടേത്. പക്ഷേ വളരെ അടുത്ത ബന്ധുക്കളുമായി പിണക്കത്തിലാണ്. നമ്മളോട് അനീതി ചെയ്തവരോട് യാതൊരു ബന്ധവുമരുത് എന്നാണ് മക്കളായ ഞങ്ങളോടുള്ള മാതാപിതാക്കളുടെ കര്‍ശന നിര്‍ദേശം. എന്നാല്‍, ഞങ്ങള്‍ക്കാകട്ടെ പിണക്കത്തിന്റെ പഴയ കഥകളുമായി ഒരു ബന്ധവുമില്ലാത്തതിനാല്‍ ബന്ധുക്കളുമായി നല്ല നിലയില്‍ കഴിയണമെന്നാണാഗ്രഹം. ഈ നടപടി മാതാപിതാക്കളെ ധിക്കരിക്കലാവുമോ?

 

 
നമ്മുടെ നാട്ടില്‍ ധാരാളമായി കണ്ടുവരുന്ന ഒരു പ്രവണതയിലേക്കാണ് ചോദ്യകര്‍ത്താവ് വിരല്‍ചൂണ്ടുന്നത്. ഖുര്‍ആനില്‍നിന്നും തിരുചര്യയില്‍നിന്നും മാര്‍ഗദര്‍ശനം സ്വീകരിക്കാതെ കേവലം ഭൗതികമായ മാനദണ്ഡങ്ങള്‍വെച്ച് കാര്യങ്ങള്‍ വിലയിരുത്തുകയും നിലപാട് സ്വീകരിക്കുകയും ചെയ്യുമ്പോഴുണ്ടാവുന്ന സ്വാഭാവിക ഫലമാണിതെല്ലാം. ഒരു മുസ്‌ലിമിനെ സംബന്ധിച്ചേടത്തോളം അവന്റെ ജീവിതം ഖുര്‍ആന്റെയും തിരുചര്യയുടെയും അടിസ്ഥാനത്തില്‍തന്നെ രൂപപ്പെടുത്തേണ്ടതുണ്ട്. അതിലൂടെ മാത്രമേ ഇരുലോകത്തും ഐശ്വര്യപൂര്‍ണമായ ജീവിതം ആസ്വദിക്കാനാകൂ. അതിനാല്‍ ഇത്തരം സാഹചര്യങ്ങളെ അല്ലാഹുവും റസൂലും കൈകാര്യം ചെയ്തതെങ്ങനെയായിരുന്നു എന്നതിന്റെ ചില ഉദാഹരണങ്ങള്‍ മാത്രം ഇവിടെ പകര്‍ത്തുന്നു.
 
പ്രവാചക പത്‌നി ആഇശ(റ)യെപ്പറ്റി കപടവിശ്വാസികള്‍ അപവാദം പറഞ്ഞുപരത്തിയ സംഭവം. വ്യഭിചാരാരോപണം നടത്തി നബികുടുംബത്തെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു അവര്‍. സംഭവത്തിന്റെ ഗൗരവമെന്തെന്ന് ആലോചിക്കാതെ ചില സാധുമുസ്‌ലിംകളും ആ അപവാദ പ്രചാരണത്തില്‍ പങ്കുചേരുകയുണ്ടായി. അതിലൊരാളായിരുന്നു മിസ്ത്വഹ് എന്ന സ്വഹാബി. അബൂബക്‌റി(റ)ന്റെ എളാമ്മയുടെ മകനായിരുന്നു അദ്ദേഹം. ആഇശയാകട്ടെ അബൂബക്‌റിന്റെ മകളും. അബൂബക്‌റിന്റെ ചെലവിലും ഔദാര്യത്തിലുമായിരുന്നു മിസ്ത്വഹ് ജീവിച്ചു പോന്നിരുന്നത്. ആ കടപ്പാട് വിസ്മരിച്ച് അദ്ദേഹം മുനാഫിഖുകളുടെ പ്രചാരണത്തില്‍ പെട്ടുപോയി. പാലു കൊടുത്ത കൈക്ക് തിരിഞ്ഞുകൊത്തി എന്ന് പറഞ്ഞപോലെ. നബി(സ)യും അബൂബക്‌റും മഹതി ആഇശയും ഉള്‍പ്പെടെ മുസ്‌ലിം മദീനയെ മൊത്തം ഉദ്വേഗത്തിന്റെയും ഉത്കണ്ഠയുടെയും മുള്‍മുനയില്‍ നിര്‍ത്തിയ ഈ കുപ്രചാരണത്തിന്റെ പൊള്ളത്തരവും ആഇശയുടെ നിരപരാധിത്വവും അല്ലാഹു നേരിട്ട് ദിവ്യവെളിപാടിലൂടെ വ്യക്തമാക്കുകയായിരുന്നു. സൂറത്തുന്നൂറിലെ 11 മുതല്‍ 20 വരെ സൂക്തങ്ങള്‍ ഈ പശ്ചാത്തലത്തിലാണവതീര്‍ണമായത്. ആരോപിതരായ തിരുമേനിയും കുടുംബവും ഏറെ സമാശ്വസിച്ചു. എന്നാല്‍ മിസ്ത്വഹിന്റെ ചെയ്തിയെ ഏതൊരു പിതാവിനെയും പോലെ അബൂബക്‌റിന് മറക്കാനോ പൊറുക്കാനോ കഴിഞ്ഞില്ല. അതിനാല്‍, മിസ്ത്വഹിന് ഇതുവരെ തുടര്‍ന്നുവന്നിരുന്ന സഹായം മേലില്‍ തുടരില്ലെന്ന് അദ്ദേഹം ശപഥംചെയ്തു. എന്നാല്‍ ഇവിടെയും, വികാരങ്ങള്‍ക്ക് വശംവദരായി സത്യവിശ്വാസികള്‍ അവരുടെ തനിമയും സംസ്‌കാരവും കൈയൊഴിച്ചുകൂടാ എന്ന് ലോകാവസാനം വരെയുള്ള വിശ്വാസികളെ പഠിപ്പിക്കാനായി ഒരു ദിവ്യസൂക്തം (അന്നൂര്‍ 22) തന്നെ അവതരിപ്പിച്ചുകൊണ്ട് അല്ലാഹു നേരിട്ടിടപെടുകയാണുണ്ടായത്.
 
ദൈവിക ശാസനകളെ മറ്റെന്തിനെക്കാളുമേറെ വിലമതിച്ചിരുന്ന അബൂബക്‌റിന്റെ പ്രതികരണം വളരെ പെട്ടെന്നായിരുന്നു. 'അതെ, അല്ലാഹു എനിക്ക് പൊറുത്ത് തരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു' എന്ന് പറഞ്ഞ് മിസ്ത്വഹിന് നല്‍കിയിരുന്ന എല്ലാ സഹായങ്ങളും പുനരാരംഭിക്കുകയായിരുന്നു അദ്ദേഹം.
 
തങ്ങളോട് അനീതി ചെയ്തവരോട് പോലും ബന്ധങ്ങള്‍ ഊഷ്മളമാക്കുകയും ചാര്‍ച്ചകള്‍ ചേര്‍ക്കുകയും ചെയ്യുന്നവരാണ് യഥാര്‍ഥ വിശ്വാസികള്‍.  അബൂഹൂറയ്‌റയില്‍ നിന്ന് ഇമാം മുസ്‌ലിം ഉദ്ധരിക്കുന്നു: ഒരാള്‍ തിരുദൂതരോട് പറഞ്ഞു: 'അല്ലാഹുവിന്റെ ദൂതരേ, എനിക്ക് ചില ബന്ധുക്കളുണ്ട്. ഞാനവരോട് ബന്ധം ചാര്‍ത്തുന്നു. അവരെന്നോട് ബന്ധം വിഛേദിക്കുന്നു. ഞാനവര്‍ക്ക് നന്മ ചെയ്യുന്നു. അവരെന്നോട് മോശമായി പ്രതികരിക്കുന്നു. അവരെന്നോട് അവിവേകം കാണിക്കുന്നു. ഞാനാകട്ടെ സഹനമവലംബിക്കുന്നു.' അപ്പോള്‍ തിരുമേനി പറഞ്ഞു. 'നീ ഈ പറഞ്ഞതു തന്നെയാണ് നിന്റെ സമീപനമെങ്കില്‍ നീ അവരെക്കൊണ്ട് ചുടുചാരം തീറ്റിക്കുകയാണ് ചെയ്യുന്നത്. നീ ഈ സമീപനം സ്വീകരിക്കുന്ന കാലത്തോളം അവര്‍ക്കെതിരെ നിന്നോടൊപ്പം അല്ലാഹുവിന്റെ ഒരു സഹായി എപ്പോഴുമുണ്ടായിരിക്കും' (മുസ്‌ലിം, കുടുംബബന്ധത്തിന്റെ അധ്യായം:  6689).
 
ഇവിടെ 'ചുടുചാരം-തീയുള്ള വെണ്ണീര്‍-തീറ്റിക്കുക' എന്നതുകൊണ്ടുള്ള ഉദ്ദേശ്യം ഇമാം നവവിയെപ്പോലുള്ള പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതെന്തെന്നാല്‍, താങ്കളുടെ ഈ മഹിതമായ സമീപനത്തോടുള്ള അവരുടെ പ്രതികരണം അവര്‍ അഗ്നി നിറഞ്ഞ വെണ്ണീര്‍ ഭക്ഷിക്കുന്നതിന് തുല്യമാണ് എന്നാണ്; താങ്കള്‍ ഈ ഉത്തമ സ്വഭാവം പുലര്‍ത്തുന്ന കാലത്തോളം അല്ലാഹുവിന്റെ താങ്ങും തണലും താങ്കളോടൊപ്പം ഉണ്ടായിക്കൊണ്ടിരിക്കും എന്നുമാണ്. അതു കൊണ്ടാണ്, 'ഉള്ള ബന്ധം നിലനിര്‍ത്തുക എന്നതിലുപരി വിഛേദിക്കപ്പെട്ട ബന്ധങ്ങള്‍ വിളക്കിച്ചേര്‍ക്കുന്നവനാണ് യാഥാര്‍ഥത്തില്‍ ബന്ധം ചേര്‍ക്കുന്നവന്‍' എന്ന് തിരുമേനി പഠിപ്പിച്ചിട്ടുള്ളത്.
 
ഗുരുതരമായ തെറ്റ് ചെയ്ത  മിസ്ത്വഹിനോട് നിസ്സഹകരണം പ്രഖ്യാപിച്ച സിദ്ദീഖുല്‍ അക്ബറിനോട് 'അല്ലാഹു പൊറുത്ത് തരണമെന്ന് നിങ്ങള്‍ക്ക് ആഗ്രഹമില്ലേ' എന്ന ഖുര്‍ആന്റെ ചോദ്യം (അന്നൂര്‍ 22) ശ്രദ്ധേയമാണ്. അഥവാ എല്ലാം തികഞ്ഞവരും തെറ്റുപറ്റാത്തവരുമായി ആരുണ്ട്, അല്ലാഹുവിന്റെ മാപ്പും പാപമോചനും ആവശ്യമില്ലാത്തവണ്ണം പരിശുദ്ധരായി ആരുണ്ട് എന്നാണ് അല്ലാഹു ചോദിക്കുന്നത്. ഈ ചോദ്യത്തിന്, 'നാഥാ നിന്റെ കൃപയും നിന്റെ മാപ്പും ഏറെ ആവശ്യമുളളവനാണ് ഞാന്‍' എന്ന് പറഞ്ഞുകൊണ്ട് മാതൃകാപരവും മഹത്തരവുമായ സമീപനമായിരുന്നു സിദ്ദീഖ് കൈക്കൊണ്ടത്. എങ്കില്‍പിന്നെ അത്തരം മഹത്തുക്കളുടെ ചാരത്ത്‌പോലും എത്താന്‍ കഴിയാത്ത, ധാരാളം വീഴ്ചകളും കുറവുകളുമുള്ള നമ്മള്‍ എത്രമാത്രം വിട്ടുവീഴ്ചയും വിശാല മനസ്‌കതയും അനുവര്‍ത്തിക്കേണ്ടതുണ്ടെന്ന് എല്ലാവരും ഓര്‍ക്കുന്നത് നന്ന്. നാമെല്ലാം ആഗ്രഹിക്കുന്ന കാര്യമാണ് ആരോഗ്യത്തോടെ, പരാശ്രയമോ ദാരിദ്ര്യമോ ഇല്ലാതെ ആയുര്‍ ദൈര്‍ഘ്യത്തോടെ ജീവിക്കണമെന്നത്. അതിനുള്ള ഉത്തമ മാര്‍ഗമായി നബി തിരുമേനി പഠിപ്പിച്ചു തന്നത് കുടുംബബന്ധം ഊഷ്മളമാക്കുക എന്നതാണ്. അവിടുന്ന് ഒരിക്കല്‍ പറയുകയുണ്ടായി: 'ആര്‍ തനിക്ക് അല്ലാഹു  നല്‍കിയ വിഭവങ്ങളില്‍ വര്‍ധനവും ആയുസ്സില്‍ ദൈര്‍ഘ്യവും ഉദ്ദേശിക്കുന്നുവോ, അവര്‍ തന്റെ കുടുംബബന്ധം ചേര്‍ത്തുകൊള്ളട്ടെ.'

 
 


 
ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ വിവാഹം
 
കഴിക്കാന്‍ തടസ്സം നില്‍ക്കുന്ന മാതാപിതാക്കള്‍

 

മാതാപിതാക്കളോടുള്ള കടപ്പാടുകള്‍ തിരിച്ചറിഞ്ഞ് പരമാവധി അവരെ ആദരിക്കാനും സേവിക്കാനും ശ്രമിക്കുന്ന ഒരു യുവാവാണ് ഞാന്‍. വിവാഹം കഴിച്ചിട്ടില്ല. ഞാനിഷ്ടപ്പെടുന്ന ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്ന എന്റെ ആഗ്രഹം നേരിട്ട് ബോധിപ്പിക്കാന്‍ പ്രയാസമായതിനാല്‍ മറ്റൊരാള്‍ മുഖേന മാതാപിതാക്കളെ അറിയിച്ചപ്പോള്‍ അവര്‍ ഒട്ടും താല്‍പര്യം കാണിക്കുന്നില്ല. ഞാനൊരു പ്രതിസന്ധിയിലാണ്. മാതാപിതാക്കളെ ധിക്കരിക്കാതിരിക്കുകയും വേണം, വിവാഹം കഴിക്കുകയും വേണം. ഞാനെന്ത് ചെയ്യും?

 

 
ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ ഘട്ടമാണ് വിവാഹം. ഇവിടെ കാല്‍ വഴുതിയാല്‍ ഒന്നല്ല പലരുടെയും ജീവിതം തകര്‍ന്നേക്കാം; ഈ ലോക ജീവിതം മാത്രമല്ല ശാശ്വതമായ പരലോക ജീവിതവും. ഇവിടെ ശരിയായ കാല്‍വെപ്പ് നടത്തിയാല്‍ ഇഹവും പരവും ഒരുപോലെ ആനന്ദപൂര്‍ണമാക്കാന്‍ സാധിക്കുകയും ചെയ്‌തേക്കാം. പ്രിയ സഹോദരാ, താങ്കള്‍ ഒരു നിമിഷം മാതാപിതാക്കളുടെ സ്ഥാനത്താണെന്ന് സങ്കല്‍പ്പിക്കുക. താങ്കളുടെ ചിന്തയും അധ്വാനവും ഊണും ഉറക്കവുമെല്ലാം മക്കള്‍ക്ക് വേണ്ടിയായിരിക്കുമല്ലോ. പകലന്തിയോളം അധ്വാനിച്ച് പരിക്ഷീണനായി രാത്രിയില്‍ വിശ്രമിക്കാന്‍ തുടങ്ങവെ അസുഖം ബാധിച്ച സന്താനങ്ങളുടെ കരച്ചില്‍ കേള്‍ക്കേണ്ട താമസം താങ്കള്‍ അവരെയുമെടുത്ത് ഹോസ്പിറ്റലിലേക്കോടും. ചില മാതാപിതാക്കള്‍ മക്കളെയും കൊണ്ട് കഷ്ടപ്പെടുന്നത് യാത്രാ വേളകളിലും ഹോസ്പിറ്റല്‍ സന്ദര്‍ശനവേളകളിലുമെല്ലാം താങ്കള്‍ കാണുന്നുണ്ടായിരിക്കും. ഇങ്ങനെയൊക്കെ മക്കളെ പോറ്റിവളര്‍ത്തി വിദ്യാഭ്യാസം നല്‍കി വലുതാക്കിയ മാതാപിതാക്കള്‍ക്ക് ഇനിയുള്ള ചിന്ത തങ്ങളുടെ മകന് പറ്റിയ ഒരു ഇണയെ കിട്ടണം, അവള്‍ ഉത്തമ സ്വഭാവ ഗുണമുള്ളവളായിരിക്കണം, തങ്ങളെ സ്വന്തം മാതാപിതാക്കളെപ്പോലെ കാണുന്ന മരുമകളായിരിക്കണം, തങ്ങള്‍ വളര്‍ത്തിക്കൊണ്ടുവന്ന മകന്റെ ഇഹലോകവും പരലോകവും ഐശ്വര്യപൂര്‍ണമാക്കാന്‍ സഹായിക്കുന്നവളായിരിക്കണം, തങ്ങളുടെ പേരക്കുട്ടികളെ സദ്‌വൃത്തരും സമര്‍ഥരുമായി വളര്‍ത്താന്‍ യോഗ്യതയും സന്നദ്ധതയുമുള്ളവളായിരിക്കണം എന്നെല്ലാമായിരിക്കും. അവരുടെ തുടര്‍ന്നുള്ള പ്രാര്‍ഥനയും പരിശ്രമവും അതിനായിരിക്കും. ഇസ്‌ലാമിക പശ്ചാത്തലമുള്ള ഒരു കുടുംബത്തെപ്പറ്റിയാണ് ഈ പറയുന്നതൊക്കെയും-ഇന്നത് അന്യംനിന്ന് കൊണ്ടിരിക്കുകയാണെങ്കിലും. തങ്ങളുടെ മകന്‍ വേറൊരു വഴിയിലാണെന്ന് ഒരു സുപ്രഭാതത്തില്‍ അറിയാനിടവരുന്ന മാതാപിതാക്കള്‍ക്ക് അത് താങ്ങാന്‍ കഴിഞ്ഞെന്നുവരില്ല. ഇങ്ങനെ പലരും മാറാരോഗികളാവുകയും മരണത്തിന് കീഴടങ്ങുകയും ചെയ്യുന്ന അനുഭവങ്ങള്‍ നമുക്ക് മുന്നില്‍ ധാരാളമുണ്ട്. മാതാപിതാക്കളുടെ അതൃപ്തി അവഗണിച്ച് വെള്ളത്തിലിറക്കിയ ദാമ്പത്യനൗക കാറ്റിലും കോളിലുംപെട്ട് കരകാണാകയത്തില്‍ മുങ്ങുന്ന അനുഭവങ്ങളും ഏറെയാണ്.
 
മാതാപിതാക്കളുടെയും മറ്റു ബന്ധുമിത്രാദികളുടെയും അംഗീകാരത്തോടെയും ആശീര്‍വാദത്തോടെയും ആരംഭിക്കുന്ന വിവാഹബന്ധവും, അവരുടെയെല്ലാം അസംതൃപ്തിയും ശാപവും ഏറ്റുവാങ്ങിക്കൊണ്ടുള്ള ദാമ്പത്യവും തത്ത്വത്തിലും പ്രയോഗത്തിലും ഏറെ അന്തരമുണ്ട്. ഒന്ന് ദിവ്യാനുഗ്രഹത്തിനും ഐശ്വര്യത്തിനും കാരണമാകുമ്പോള്‍ മറ്റേത് ദൗര്‍ഭാഗ്യത്തിനും അശാന്തിക്കും കാരണമായിരിക്കും. അതിനാല്‍ വിവാഹ പൂര്‍വഘട്ടം അല്‍പം അവധാനതയോടെ കൈകാര്യംചെയ്താല്‍ വിവാഹശേഷമുള്ള ഘട്ടം അതിനനുസരിച്ച് ശാന്തിയും സമാധാനവും കളിയാടുന്നതാക്കാം.
 
മാതാപിതാക്കള്‍ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. ലോകവും കാലവും ഏറെ മാറിയിട്ടുണ്ട്. നിങ്ങളുടെയൊക്കെ ചെറുപ്പകാലത്തെ നാടും നടപ്പുമല്ല ഇന്ന്. കാഴ്ചപ്പാടുകളും അഭിരുചികളുമെല്ലാം ഏറെ മാറിയിരിക്കുന്നു. മുമ്പുകാലത്ത് മക്കളുടെ അജണ്ട മാതാപിതാക്കളായിരുന്നു നിശ്ചയിച്ചിരുന്നതെങ്കില്‍ ഇന്ന് നേരെ മറിച്ചായിരിക്കുന്നു. തങ്ങളുടെ മക്കള്‍ ഏത് വസ്ത്രം അണിയണം, ഏത് ചെരുപ്പ് ധരിക്കണം എന്നൊക്കെ മാതാപിതാക്കള്‍ തീരുമാനിച്ചിരുന്ന സ്ഥാനത്ത് ഇന്ന് മക്കളാണ് അത് തീരുമാനിക്കുന്നത്. മാതാപിതാക്കളുടേത് പോലും മക്കളാണിന്ന് തീരുമാനിക്കുന്നത്. കാലത്തിനനുസരിച്ച് കോലം കെട്ടണം എന്നല്ല ഇതുകൊണ്ടു അര്‍ഥമാക്കേണ്ടത്. എന്നുവെച്ച് കാലഗതിയില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ കാണാതിരിക്കാനും പാടില്ല.
 
സന്താനങ്ങളെ നിങ്ങള്‍ സദാചാരബോധമുള്ളവരാക്കി വളര്‍ത്തിയിട്ടുണ്ടെങ്കില്‍ അവരെ വിശ്വാസത്തിലെടുക്കാന്‍ തയാറാവേണ്ടതുണ്ട്. അവരുടെ വിദ്യാഭ്യാസ നിലവാരത്തോടും ജീവിതസാഹചര്യത്തോടും പൊരുത്തപ്പെടുന്ന, സദ്‌വൃത്തയും സല്‍സ്വഭാവിയുമായ ഒരു ഇണയെ അവര്‍ തന്നെ കണ്ടെത്തുന്ന പക്ഷം മറ്റു ഭൗതിക പരിഗണനകള്‍വെച്ച് അതിന് എതിര്‍ നില്‍ക്കുന്നത് എല്ലാവര്‍ക്കും നഷ്ടം മാത്രമേ വരുത്തിവെക്കൂ; അത് പ്രണയത്തിലേക്ക് എത്തിയിട്ടുണ്ടെങ്കില്‍ വിശേഷിച്ചും. ഇത്തരം സാഹചര്യത്തില്‍ മാതാപിതാക്കള്‍ മസില്‍ (വാശി) പിടിക്കുന്നത് ഒട്ടും ഗുണകരമായിരിക്കില്ല. യാഥാര്‍ഥ്യങ്ങളെ ഉള്‍ക്കൊള്ളാന്‍ തയാറാവുകയാണ് വേണ്ടത്. ഇത്തരുണത്തില്‍ പ്രസക്തമായ ഒരു സംഭവം ഹദീസ് ഗ്രന്ഥങ്ങളില്‍ വന്നത് ഉദ്ധരിക്കട്ടെ.  ഒരാള്‍ തിരുമേനിയുടെ അടുത്ത് വന്ന് പറഞ്ഞു: ''ഞങ്ങളുടെ നിയന്ത്രണത്തില്‍ ഒരനാഥ പെണ്‍കുട്ടിയുണ്ട്. വളരെ ദരിദ്രനായ ഒരാളും സാമ്പത്തിക ശേഷിയുള്ള ഒരാളും അവളെ വിവാഹാലോചന നടത്തി. അവള്‍ ദരിദ്രനെ ഇഷ്ടപ്പെടുന്നു. ഞങ്ങള്‍ ധനികനെയും ആഗ്രഹിക്കുന്നു.'' അന്നേരം തിരുമേനി പറഞ്ഞു: ''പ്രണയത്തിലായവര്‍ക്ക് വിവാഹം കഴിപ്പിച്ചു കൊടുക്കുന്നതിനെക്കാള്‍ ഉത്തമമായി മറ്റൊന്നുമില്ല'' (ഇബ്‌നു മാജ, ഹാകിം).
 
പ്രായോഗികമായി ചിന്തിക്കുകയായിരുന്നു ഇവിടെ പ്രവാചകന്‍. ചോദ്യകര്‍ത്താവിനോടും ഇതു വായിക്കുന്ന മാതാപിതാക്കളോടും പറയാനുള്ളത് ഇതാണ്: പരസ്പരം കൂടിയിരുന്ന് ചര്‍ച്ചചെയ്ത് വരുംവരായ്കകളെപ്പറ്റി ചിന്തിച്ച് ഒരു തീരുമാനത്തിലെത്താന്‍ ശ്രമിക്കുക. അത്തരം ഒരു നല്ല പരിണതിക്കായി പടച്ചവനോട് പ്രാര്‍ഥിക്കുക. നല്ല ഫലം കാണപ്പെടുക തന്നെ ചെയ്യും. അല്ലാഹു സഹായിക്കുമാറാകട്ടെ.

 
 

സഹോദരന്റെ ഭാര്യയുമായി തനിച്ചാവുമ്പോള്‍

 

ഹ്‌റമിന്റെ സാന്നിധ്യത്തിലൊഴികെ ഒരു സ്ത്രീയും പുരുഷനും തനിച്ചാവരുതെന്ന് ഹദീസില്‍ കാണുന്നു. ആരാണ് മഹ്‌റം? ഭര്‍ത്താവിന്റെ സഹോദരന്‍ മഹ്‌റമാണോ?
ജ്യേഷ്ഠന്റെ അസാന്നിധ്യത്തില്‍ ജ്യേഷ്ഠന്റെ ഭാര്യയും അനുജനും തനിച്ചാവുന്നത് ഇസ്‌ലാം അനുവദിക്കുന്നുണ്ടോ?

 

 
മഹ്‌റം എന്നതുകൊണ്ട് വിവാഹം നിഷിദ്ധമായവരാണ് ഉദ്ദേശ്യം. ഏതൊരു പുരുഷന്‍ അയാളെ സ്ത്രീയായി സങ്കല്‍പിച്ചാല്‍ വിവാഹം നിഷിദ്ധമാണോ അവരെല്ലാം മഹ്‌റമിന്റെ ഗണത്തില്‍പെടും. ഉദാഹരണത്തിന്:
 
പിതാവ് - പിതാമഹന്‍, മകന്‍ - പേരമകന്‍, സഹോദരന്‍,    സഹോദര പുത്രന്‍, സഹോദരീ പുത്രന്‍, പിതൃവ്യന്‍, അമ്മാവന്‍. അതുപോലെ ഭര്‍ത്താവിന്റെ പിതാവ്, ഭര്‍ത്താവിന്റെ മകന്‍, ഉമ്മയുടെ ഭര്‍ത്താവ്, മകളുടെ ഭര്‍ത്താവ് ഇത്രയും പേരുമായി ഒരു സ്ത്രീക്ക് തനിച്ചാവുന്നതിന് വിലക്കില്ല. ഇവരിലൊരാളുടെ സാന്നിധ്യത്തിലല്ലാതെ മറ്റുള്ളവരുമായി തനിച്ചാവുന്നത് ഇസ്‌ലാം വിലക്കിയിരിക്കുന്നു. നബി(സ) പറഞ്ഞു: ''ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ മഹ്‌റമായ ഒരു പുരുഷന്റെ സാന്നിധ്യത്തിലല്ലാതെ ഒരന്യസ്ത്രീയുമായി തനിച്ചാവരുത്. കാരണം അവരില്‍ മൂന്നാമന്‍ പിശാചായിരിക്കും'' (അഹ്മദ്).
 
ഭര്‍ത്താവിന്റെ സഹോദരന്‍ ഒരിക്കലും മഹ്‌റമില്‍ ഉള്‍പ്പെടുന്നതല്ല. അതുകൊണ്ട് തന്നെ അവര്‍ തനിച്ചാവുന്നത് ഇസ്‌ലാമിക ദൃഷ്ട്യാ ഒരിക്കലും പാടില്ല എന്ന് മാത്രമല്ല തല്‍സംബന്ധമായി തിരുമേനി പറഞ്ഞത് 'അത് മരണമാണ്' എന്നാണ് (അല്‍ ഹമ്‌വ് അല്‍ മൗത്).
 
ഉഖ്ബ ബിന്‍ ആമിറില്‍ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂല്‍(സ) പറഞ്ഞു: ''നിങ്ങള്‍ സ്ത്രീകളുടെ അടുത്ത് പ്രവേശിക്കുന്നത് സൂക്ഷിക്കണം.'' അപ്പോള്‍ അന്‍സ്വാരികളില്‍ പെട്ട ഒരാള്‍ ചോദിച്ചു: ''പ്രവാചകരേ 'ഹമ്‌വ്' ആണെങ്കിലോ?'' ''ഹമ്‌വ് തന്നെയാണ് മരണം'' (ബുഖാരി, മുസ്‌ലിം). ഇവിടെ ഹമ്‌വ് ആരാണെന്ന് ഇമാം നവവി വ്യക്തമാക്കുന്നു. ഭര്‍ത്താവിന്റെ പിതൃക്കളും മക്കളുമൊഴിച്ചുള്ള മറ്റു ബന്ധുക്കളാണ് ഹമ്‌വ് കൊണ്ട് ഉദ്ദേശ്യം. ഭര്‍ത്താവിന്റെ പിതാവും പിതാമഹന്മാരും അതുപോലെ ഭര്‍ത്താവിന്റെ മക്കളും പേരമക്കളും വിവാഹം നിഷിദ്ധമാക്കപ്പെട്ട അടുത്ത ബന്ധുക്കളുടെ ഗണത്തില്‍ പെടുന്നതിനാല്‍ അവരുമായി തനിച്ചാകുന്നത് അനുവദനീയമാണ്. എന്നാല്‍, ഭര്‍ത്താവിന്റെ സഹോദരന്മാര്‍, ഭര്‍ത്താവിന്റെ സഹോദര പുത്രന്മാര്‍, ഭര്‍ത്താവിന്റെ പിതൃവ്യന്മാര്‍, പിതൃവ്യ പുത്രന്മാര്‍ തുടങ്ങിയ മഹ്‌റമിന്റെ ഗണത്തില്‍ പെടാത്തവര്‍ പലപ്പോഴും അടുത്ത ബന്ധുക്കളെപ്പോലെ പരിഗണിക്കപ്പെടുന്നതിനാല്‍ അവരുടെ വിഷയത്തില്‍ ലാഘവത്വം സാധാരണമാണ്. അതിനാലാണ് അത്തരം ആളുകളുമായി ഒരു സ്ത്രീ തനിച്ചാകുന്നത് തികച്ചും അന്യരുമായി തനിച്ചാകുന്നതിനെക്കാള്‍ ഗൗരവമുള്ളതാണ് എന്ന് തിരുമേനി ഉണര്‍ത്തിയിട്ടുള്ളത്. ഈ ഹദീസിന്റെ വിശദീകരണമായി നവവി പറഞ്ഞതാണ് ശരി (ഇമാം നവവിയുടെ ശറഹു മുസ്‌ലിം നോക്കുക). ഇവിടെ ഭര്‍ത്താവിന്റെ സഹോദരന്‍ വിശ്വസിക്കാന്‍ കൊള്ളാത്തവനാണ് എന്ന അര്‍ഥത്തിലല്ല തിരുമേനി ഇത് പറഞ്ഞത്. മറിച്ച് സാധാരണഗതിയില്‍ അവര്‍ തനിച്ചാവാനുള്ള സാധ്യത ഏറെയാണ്. സംശയത്തിനുളള പഴതുകളാകട്ടെ താരതമ്യേന കുറവുമാണ്. ഈയൊരു സാഹചര്യം പിശാച് മുതലെടുക്കാനും വഴി തെറ്റിക്കാനും ഏറെ സാധ്യതയുണ്ട്. അതിനാല്‍ തിന്മയുടെ സാഹചര്യങ്ങളും പഴുതുകളും അടക്കുക എന്ന ഇസ്‌ലാമിന്റെ മൗലിക തത്ത്വമനുസരിച്ചുള്ള സുരക്ഷാ നടപടിയുടെ ഭാഗമാണിത്. പ്രായപൂര്‍ത്തിയായ മക്കളെ ഒരു വിരിപ്പില്‍ കിടത്തരുതെന്ന നിര്‍ദേശം പോലെ.
 
കുടുംബത്തിന്റെ ഭദ്രതയും കെട്ടുറപ്പും ഉറപ്പുവരുത്തുകയും തദ്വാര ഒരു സുരക്ഷിത സമൂഹത്തിന്റെ നിര്‍മാണവും ഇസ്‌ലാമിക ശരീഅത്തിന്റെ മുഖ്യ താല്‍പര്യങ്ങളില്‍പ്പെട്ടതാണ്. അതിന് അവശ്യം ആവശ്യമായ എല്ലാ നിയമങ്ങളും നിര്‍ദേശങ്ങളും വളരെ ഗൗരവമാര്‍ന്ന ശൈലിയില്‍ തന്നെ ഖുര്‍ആനും ഹദീസും വ്യക്തമാക്കിയിട്ടുണ്ട്. അതിന് കോട്ടം തട്ടിക്കുന്നതും കുടുംബബന്ധം ശിഥിലമാക്കുന്നതുമായ എല്ലാ കാര്യങ്ങളും കര്‍ശനമായി വിലക്കുകയും ചെയ്തിരിക്കുന്നു. എന്നു മാത്രമല്ല, അതിനിടയാക്കുന്നതും അതിലേക്ക് നയിക്കുന്നതുമായ എല്ലാ പഴുതുകളും വഴികളും അടക്കുകകൂടി ചെയ്തിരിക്കുന്നു. ഇന്ന് ചില കുടുംബങ്ങളില്‍നിന്ന് ആരും കേള്‍ക്കാനിഷ്ടപ്പെടാത്ത സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നത് ഇത്തരം വിധിവിലക്കുകള്‍ അവഗണിച്ചതിന്റെ ഫലമല്ലാതെ മറ്റൊന്നുമല്ല.