Click to view this issue
Friday, February 22, 2019
News Update
 

1435 മുഹര്‍റം 04

2013 നവംബര്‍ 08

പുസ്തകം 70 ലക്കം 21

മേലനങ്ങാ ധനത്തിന്റെ ചതിക്കുഴികള്‍

കവര്‍സ്‌റ്റോറി എം.സി.എ നാസര്‍‌

'മേലനങ്ങാതെ നാല് കാശുണ്ടാക്കണം. എന്നിട്ടു വേണം സുഖിച്ചൊന്നു ജീവിക്കാന്‍.' മധ്യവര്‍ഗ മലയാളിയുടെ പൊതുവികാരമായി ഈ ദര്‍ശനം പിടിമുറുക്കുകയാണ്. അവസരം കിട്ടുമ്പോഴൊക്കെ ഓരോരുത്തരും ഇക്കാര്യം തുറന്നു പ്രഖ്യാപിക്കുന്നുമുണ്ട്....
 
 

'മേലനങ്ങാതെ നാല് കാശുണ്ടാക്കണം. എന്നിട്ടു വേണം സുഖിച്ചൊന്നു ജീവിക്കാന്‍.'

 
മധ്യവര്‍ഗ മലയാളിയുടെ പൊതുവികാരമായി ഈ ദര്‍ശനം പിടിമുറുക്കുകയാണ്. അവസരം കിട്ടുമ്പോഴൊക്കെ ഓരോരുത്തരും ഇക്കാര്യം തുറന്നു പ്രഖ്യാപിക്കുന്നുമുണ്ട്. സ്വന്തം മക്കള്‍ ഉള്‍പ്പെടെ അടുത്ത തലമുറക്ക് എല്ലാവരും പകര്‍ന്നുനല്‍കാന്‍ ആഗ്രഹിക്കുന്നതും ഈ മേലനങ്ങാ പാഠം തന്നെ.
 
ഉള്ള ഭൂമി മുഴുവന്‍ തുണ്ടു തുണ്ടാക്കി വില്‍ക്കുമാറ് റിയല്‍ എസ്റ്റേറ്റ് മേഖല വികസിച്ചതോടെയാകാം ഈ മനോഭാവം ശക്തിപ്പെട്ടത്. അതുവരെയുണ്ടായിരുന്ന ജീവിത ദര്‍ശനം ആകെ തകിടം മറിഞ്ഞു. ആരെയും പറ്റിക്കാതെ  നേരാം വണ്ണം നാല് കാശുണ്ടാക്കണം എന്നായിരുന്നു ഒരു കാലത്തെ പ്രമാണം. ജീവിതത്തിലും നാടകത്തിലും  ഇക്കാര്യം നിത്യം നാം കേട്ടുകൊണ്ടിരുന്നു. നേരും നെറിയും വേണം സമ്പാദ്യത്തിനെന്ന് നാടന്‍ മനുഷ്യര്‍ നമ്മെ ഓര്‍മിപ്പിച്ചു.  'മനുഷനായാല്‍ ഒരു ഹഖും ബാത്തിലുമൊക്കെ വേണം' എന്നു ഏറനാട്ടിലെ പഴമക്കാര്‍ പറഞ്ഞതിന്റെ അര്‍ഥവും വേറെയല്ല.  കട്ടും കവര്‍ന്നും കൈയില്‍ വന്നുചേര്‍ന്ന പണം ഗതി പിടിക്കില്ല എന്നത് കേവലം ഗുണപാഠം മാത്രമായിരുന്നില്ല.  ചുരുക്കത്തില്‍, നേരായ മാര്‍ഗത്തില്‍ വേണം നമ്മുടെ സമ്പാദ്യമെന്ന നാട്ടുകാര്യം തന്നെയാണ് ഈ മൊഴികളിലുള്ളത്. എഴുപതുകളില്‍ തളിരിട്ട പ്രവാസത്തിന്റെ തുടര്‍ശാദ്വലതക്ക് നിമിത്തമായതും ഈ നന്മ തന്നെ. അറബ് മനസ്സുകളുടെ ഉള്ളകങ്ങളിലേക്ക് ചേര്‍ന്നുനില്‍ക്കാന്‍ ആദ്യകാല പ്രവാസി തലമുറക്ക് എളുപ്പം കഴിഞ്ഞത് അവരുടെ അധ്വാന വീര്യം കൊണ്ട് മാത്രമായിരുന്നില്ല. അന്യസമൂഹങ്ങളിലേക്കും നന്മയുടെ വെളിച്ചം പ്രസരിപ്പിക്കാന്‍ കഴിഞ്ഞതിന്റെ ഗുണഫലമായിരുന്നു അത്.   അവിടെ നിന്നാണ് പരദേശത്ത് മലയാളി കൂട്ടങ്ങള്‍ അരുമകളായത്.  കിനാവുകളുടെ തീരങ്ങളിലേക്ക് അവരെ കൈ പിടിച്ചാനയിക്കാന്‍ നിമിത്തമായതും അതു തന്നെ. മലയാളി മാറ്റത്തെ കുറിച്ച് ചോദിച്ചപ്പോള്‍ കള്ളലോഞ്ചില്‍ മലയാളി ആദ്യം വന്നിറങ്ങിയ ഖോര്‍ഫുകാന്‍ തീരത്തെ പ്രധാന വ്യാപാരി കൂടിയായ ജാസിം മഹ്മൂദ് സ്വാലിഹ് മൗനം നിറഞ്ഞ ഒരു നോട്ടം. അല്‍പനേരത്തിനു ശേഷം ഉടന്‍ വന്നു പ്രതികരണം: 'വല്ലാതെ മാറിയിരിക്കുന്നു. പരസ്പര വിശ്വാസത്തിന് എവിടെയോ ക്ഷതമേറ്റിരിക്കുന്നു.'
 
ആദ്യകാല തലമുറക്ക് കഠിനാധ്വാനത്തിലൂടെ നേടിയ സമ്പാദ്യത്തിന്റെ വില നന്നായി അറിയാമായിരുന്നു. അതു കൊണ്ട് അതെങ്ങനെ ചെലവിടണമെന്നും. പിന്നീട് മേലനങ്ങാ ധനം വന്നു ചേര്‍ന്നതോടെ മനസ്സ് മാറി. മറ്റുള്ളവന്റെ പറമ്പും മാളികകളും വ്യാപാര കേന്ദ്രങ്ങളും നമ്മെ വല്ലാതെ അരിശം കൊള്ളിച്ചു. വെട്ടിപ്പിടിക്കാന്‍ എന്തു വൃത്തികേടും കാണിച്ചു. ഒളിപ്പിച്ചു വെച്ച കത്തി ആത്മസുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും നേരെ അവസരം കിട്ടുമ്പോഴൊക്കെ പുറത്തെടുത്തു. ഇതിന്റെ ഇരകളാകാത്തവര്‍ പ്രവാസ ലോകത്ത് ആരും തന്നെ കാണില്ല.
 
നാട്ടില്‍ തിരിച്ചെത്തിയ ഗള്‍ഫുകാരന്റെ അരികുപറ്റി എല്ലാം നക്കിത്തിന്നുമ്പോഴും പുറത്ത് അവന്‍ മന്ത്രിച്ചത് ഒന്നു മാത്രം, 'ഏതോ അറബിയെ പറ്റിച്ചുണ്ടാക്കിയതാകും. അല്ലാതെ എവിടെ നിന്നു കിട്ടി ഇത്രയും പണം...'
 
ഒട്ടും അധ്വാനം കൂടാതെ കണക്കറ്റ പണം വേണം; ജീവിതം സുഖിച്ചു തീര്‍ക്കാനുള്ളതാണ് - ഈ രണ്ട് ലക്ഷ്യങ്ങളിലേക്കുള്ള മലയാളി വഴിമാറ്റം പൊടുന്നനെ ആയിരുന്നില്ല. പക്ഷേ, അത് എല്ലാ മനസ്സുകളെയും പിടികൂടിയത് പെട്ടെന്നായിരുന്നു.  എല്ലാ നന്മകളും കെടുത്തി ക്കളയുന്നു എന്നതാണ് ഇതിന്റെ ദുരന്തം. പരിമിത വിഭവങ്ങള്‍ കൊണ്ട് ആഹ്ലാദകരമായ ജീവിതം നയിച്ചു വന്ന എത്രയോ സുഹൃത്തുക്കള്‍ പോലും പെട്ടെന്ന് വഴിമാറി. പുതിയ കാലത്ത് പിടിച്ചുനില്‍ക്കണമെങ്കില്‍ കുറച്ചൊക്കെ കോംപ്രമൈസ് വേണമെന്ന് അവര്‍ മറ്റുള്ളവരെ വല്ലാതെ ഉദ്‌ബോധിപ്പിച്ചു.
 
എന്നിട്ടോ, ഇവര്‍ എന്തു നേടി?
 
അവരില്‍ ചിലരുടെ വീഴ്ച ദയനീയമായിരുന്നു. എത്രയോ പരിചിത സുഹൃത്തുക്കള്‍ പോലുമുണ്ട് കൂട്ടത്തില്‍. സ്റ്റേജ് ഷോകളുടെ ഭ്രമത്തിലായിരുന്നു അതില്‍ ഒരാള്‍. അല്‍നാസര്‍ ലിഷര്‍ ലാന്റിന്റെ വെള്ളി വെളിച്ചമായിരുന്നു ഉണര്‍വിലും ഉറക്കിലും അവനെ ഭരിച്ചത്. ഇടക്കെല്ലാം വര്‍ണം ചാലിച്ച ബ്രോഷറുകളുമായി അവന്‍ ഓഫീസില്‍ വരും. നടീനടന്മാരുടെ, പാട്ടുകാരുടെ തിളങ്ങുന്ന പടങ്ങള്‍ ചേര്‍ത്ത ബ്രോഷറുകള്‍. അവരില്‍ ചിലരുടെ  ഫോണ്‍ കോളുകള്‍  വരുമ്പോള്‍ അവന്‍ നിന്നു തരിക്കും. ഏറനാടന്‍ മണ്ണില്‍ നിന്നു വന്ന അവന്‍ ഏഴാനാകാശങ്ങളിലേക്ക് പെട്ടെന്നുയരും.
 
അവന്‍ വലിയ വായില്‍ വീരവാദം പറയുമ്പോഴും എനിക്ക് ഉള്ളില്‍ പേടി തോന്നും. പറയാന്‍ ആളല്ലെന്നറിഞ്ഞു കൊണ്ടു തന്നെ ഇടക്ക് ഞാന്‍ ചോദിക്കും: 'അല്ല... ഒത്തു പോകുമോ?'
 
നിസ്സംഗമായിരുന്നു അവന്റെ പ്രതികരണം: 'കുറച്ചൊക്കെ മേല്‍ കുടുങ്ങും. ഒന്നു പോയാല്‍ അടുത്തതുണ്ടല്ലോ.'
 
നഗരത്തിലെ ഹോട്ടല്‍ മുറിക്കു പുറത്ത് മലയാളത്തിന്റെ നടന്‍ ഒരിക്കല്‍ അവനോട് ഉറച്ച സ്വരത്തില്‍ കലഹിക്കുന്നതിനും സാക്ഷിയായി.
 
പറഞ്ഞ ലക്ഷങ്ങള്‍ തികച്ചു കിട്ടാതെ വേദിയില്‍ കയറില്ലെന്ന് നടന്‍ തറപ്പിച്ചു പറയുന്നു.
 
എനിക്കുറപ്പ്.  തലങ്ങും വിലങ്ങും പാഞ്ഞ് അന്നുതന്നെ അവന്‍ പണം ഒപ്പിച്ചിരിക്കും.
 
ജീവിതത്തില്‍ നേരും നെറിയും പാലിക്കേണ്ടതിന്റെ ആവശ്യകത അന്നും ആ നടന്‍ ആ വേദിയില്‍ നല്ല മലയാളത്തില്‍ തന്നെ പറഞ്ഞിരിക്കും.
 
പിന്നീടെപ്പോഴോ ദല്‍ഹിയിലെ മാധ്യമ തിരക്കുകള്‍ക്കിടയില്‍ അപ്രതീക്ഷിതമായി അവന്റെ കോള്‍.
 
ഞാന്‍ ഞെട്ടി.
 
'ഇപ്പോള്‍ നാട്ടിലുണ്ടോ?'
 
അവന്റെ മൗനം എന്നെ ശരിക്കും അസ്വസ്ഥനാക്കി.
 
കുറച്ചു സംസാരിച്ചു കാണില്ല, പിന്നെ അവന്‍ ഒരു കൊച്ചു കുട്ടിയായി. നീണ്ട കരച്ചില്‍.
 
ഞാന്‍ വല്ലാതായി. കടം കയറി മുടിഞ്ഞതിന്റെ കണക്കുകളാണ് ആ കരച്ചിലില്‍ മുഴുവന്‍. ഇരിക്കുന്ന വീട് വില്‍ക്കാന്‍ വെച്ചതിന്റെ ഉള്ളുലക്കുന്ന വിവരവും.
 
 അവശേഷിച്ച കടക്കാരില്‍ ചിലര്‍ തലേന്ന് വീട്ടില്‍ വന്ന് ഭീഷണിപ്പെടുത്തിയതിന്റെ വേദനയിലാണ് അവന്റെ കോള്‍.
 
'എനിക്കെന്തു ചെയ്യാന്‍ കഴിയും?' ഞാന്‍ ചോദിച്ചു.
 
'ഒന്നും വേണ്ട. കടക്കാരില്‍ ചിലരുമായി ഒന്നു സംസാരിക്കണം. അല്‍പം ഇടവേള വാങ്ങിത്തരണം.'
 
ഇത് അവന്റെ മാത്രം കഥയല്ല. നല്ല നിലയില്‍ നടന്ന കഫ്തീരിയ പോരെന്ന് കണ്ട് തലങ്ങും വിലങ്ങും പുതിയ സ്ഥാപനങ്ങള്‍ക്കായി ഓടി തളര്‍ന്നു വീണ സുഹൃത്തിന്റെ ഇപ്പോഴത്തെ ജീവിതം എന്തെന്നു പോലും എനിക്കറിയില്ല. 'കഥയല്ലിത് ജീവിതം' തന്നെ. പക്ഷേ, അവരില്‍ പലരും തിരിച്ചറിയാന്‍ വൈകി. കടം പെരുകി നാട്ടില്‍ പോലും പോകാന്‍ വയ്യെന്ന പരുവത്തിലാണ് മറ്റു ചിലര്‍.
 
വിജയിച്ചവരുടെ മാത്രം കഥയല്ല പ്രവാസ മണ്ണിനു പറയാനുള്ളത്; തകര്‍ന്നടിഞ്ഞവരുടെ കൂടി കഥയാണ്.
 
ആസൂത്രണ കമ്മിയും എടുത്തുചാട്ടവും നില്‍ക്കുന്ന തറയുടെ ചൂടറിയാതെ പോയതുമൊക്കെ ഇതിനു കാരണമായിരിക്കാം. നമ്മുടെ ചുറ്റും തന്നെ കാണും ഇവരില്‍ എത്രയോ പരിചിത മുഖങ്ങള്‍.
 
ഏറനാടന്‍ പ്രവാസികളെ കുറിച്ച് പണ്ട് എഴുത്തുകാരന്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞത് ഓര്‍ത്തു.
 
'ഞാന്‍ പഠിച്ച എല്ലാ ബിസിനസ് പാഠങ്ങളും ഇവര്‍ക്കു മുമ്പില്‍ തോറ്റു പോകും. ഒന്ന് പൊട്ടിയാല്‍ മറ്റൊന്ന്. സെവന്‍സ് പാടങ്ങളിലെ ഫുട്‌ബോള്‍ പോലെ തറയില്‍ വീണാലും അത് ഒട്ടും  പ്രതീക്ഷിക്കാതെ ഗോള്‍ വലയത്തിലേക്കു തന്നെ തിരിച്ചു വരും...'
 
അതൊക്കെ ചിലപ്പോള്‍ പ്രതീക്ഷ മാത്രമാകും. ഒഴിഞ്ഞുകിടന്ന ഗോള്‍ പോസ്റ്റിനു നേര്‍ക്കു തന്നെ എല്ലാ പന്തും വന്നു കൊള്ളണമെന്നില്ല. പലപ്പോഴും അത് ലക്ഷ്യം കാണാതെ വട്ടം കറങ്ങും. കളിക്കാരന് അകാല ദുരന്തം ബാക്കി വെച്ചാകും കളിയുടെ അവസാന വിസില്‍ മുഴക്കം.
 
വളരെ കുറഞ്ഞ വരുമാനത്തില്‍ താഴേക്കിടയില്‍ ജോലി ചെയ്യുന്ന ചിലരെങ്കിലും കാണും നമ്മെ വിസ്മയിപ്പിക്കുന്നവരായി.  ഉയര്‍ന്ന ശമ്പളക്കാരേക്കാള്‍ ഉപജീവനവും അതിജീവനവും നടത്തി അവര്‍ നമ്മെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കും.
 
ഗള്‍ഫില്‍ വന്നത് നാലു കാശുണ്ടാക്കാനല്ലേ എന്ന മറുചോദ്യം ഉയരുമ്പോള്‍ നാം പേടിക്കുക. ഏതോ അരുതായ്മകളുടെ വഴികളിലേക്ക് നമ്മുടെ സുഹൃത്ത് നീങ്ങുന്നുണ്ടാകും. മുന്‍പിന്‍ ആലോചിക്കാതെയുള്ള നടപടി മൂലം ഗള്‍ഫ് വലിയ വിനകളിലേക്ക് ഇവരെ നയിച്ചേക്കാം.
 
 നമ്മുടെ ജീവിതം നാം തന്നെ വേണം രൂപപ്പെടുത്താന്‍. സ്വന്തം സാധ്യതകളും പരിമിതികളും അറിയുക. അതോടെ  തീരുമാനങ്ങള്‍ എളുപ്പമാകും. ആ നിലക്കുള്ള ഏതൊരു നീക്കവും സംതൃപ്തി പകരും. അവിടം ജീവിതത്തിന്റെ സര്‍ഗാത്മകത അനുഭവിക്കാം.
 
മറ്റുള്ളവന്റെ 'വളര്‍ച്ച' നോക്കിയാണോ ഉള്ളില്‍ അസൂയ കനം വെക്കുന്നത്? എങ്കില്‍ പിന്നെ രക്ഷയില്ല.