Click to view this issue
Saturday, February 23, 2019
News Update
 

1434 ദുല്‍ഹജ്ജ് 27

2013 നവംബര്‍ 01

പുസ്തകം 70 ലക്കം 21

അഭയാര്‍ഥി ക്യാമ്പുകളിലെ മുസഫര്‍ നഗര്‍

മുസഫര്‍ നഗറില്‍ നിന്ന് / കെ.സി മൊയ്തീന്‍ കോയ‌

മീററ്റിലെ ഫലാഹെ ആം ആശുപത്രി. മുസഫര്‍ നഗര്‍ റിലീഫിന്റെ മൊത്തം ചുമതലക്കാരനായി ജമാഅത്ത് ഉത്തരവാദപ്പെടുത്തിയ അലാഉദ്ദീന്‍ സാഹിബ് ആണ് ഡയറക്ടര്‍. 1987-ല്‍ തുടങ്ങിയതാണ് ഫലാഹെ ആം
 
 

മീററ്റിലെ ഫലാഹെ ആം ആശുപത്രി. മുസഫര്‍ നഗര്‍ റിലീഫിന്റെ മൊത്തം ചുമതലക്കാരനായി ജമാഅത്ത് ഉത്തരവാദപ്പെടുത്തിയ അലാഉദ്ദീന്‍ സാഹിബ് ആണ് ഡയറക്ടര്‍. 1987-ല്‍ തുടങ്ങിയതാണ് ഫലാഹെ ആം. ജമാഅത്തിലെ കാരണവരായിരുന്ന മര്‍ഹൂം മുഹമ്മദ് ശഫീഅ് മുനീസ് സാഹിബ് മുന്‍കൈയെടുത്തു ഉണ്ടാക്കിയത്. മീററ്റില്‍, ഫലാഹെ ആം ആശുപത്രിക്ക് പുറമെ ജമാഅത്തിന്റെ തന്നെ വനിതാ സ്‌കൂളുകളും കോളേജും നടന്നുവരുന്നു. രൂപീകരണം തൊട്ടിന്നോളം ദുരിതാശ്വാസ മേഖലയില്‍ വ്യവസ്ഥാപിതമായി പ്രവര്‍ത്തിച്ചുവരുന്നുണ്ട് ജമാഅത്തെ ഇസ്‌ലാമി. പ്രകൃതിദുരന്തങ്ങളും മനുഷ്യ നിര്‍മിത കലാപങ്ങളുമുണ്ടായ പ്രദേശങ്ങളില്‍ ഓടിയെത്തുന്ന ജമാഅത്ത് പതിവുപോലെ മുസഫര്‍ നഗറിലും ഓഫീസ് തുറന്നു പ്രവര്‍ത്തനമാരംഭിച്ചിരുന്നു. ഇരകളുടെ കൃത്യമായ സ്ഥിതിവിവരകണക്കുകളുടെ ശേഖരണമായിരുന്നു ആദ്യം. ഒപ്പം ഇരകളുടെ ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനുള്ള നിയമ നടപടികളും. മൊത്തം 22 ക്യാമ്പുകളിലായി കഴിഞ്ഞുകൂടുന്ന 3200 കുടുംബങ്ങളിലെ പുരുഷന്മാര്‍ (4900), സ്ത്രീകള്‍ (4700), കുട്ടികള്‍ (11400), നശിച്ച വീടുകള്‍ (508), സ്വത്ത് നാശം (180കോടി), നഷ്ടപരിഹാരം കിട്ടിയത് (1,83,000,00 രൂപ), പരിക്ക് (130), എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തത് (1478), കൊള്ളയടിക്കപ്പെട്ട വീടുകള്‍ (2048), നശിപ്പിക്കപ്പെട്ട മതസ്ഥാപനങ്ങള്‍ (22) തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കപ്പെട്ടത്. ഈ കണക്കെടുപ്പിന് ശേഷവും ഇത്രയോ ഇതില്‍ കൂടുതലോ അഭയാര്‍ഥികള്‍ ഓരോ ക്യാമ്പിലും വീണ്ടും വന്നുകൊണ്ടിരിക്കുന്നു.

 
അത്യാവശ്യ ചര്‍ച്ചകള്‍ക്കുശേഷം, ഗൈഡായി നിശ്ചയിച്ചുതന്ന സകാഉല്ല സാഹിബിനൊപ്പം ഞങ്ങള്‍ ക്യാമ്പുകളിലേക്ക് പുറപ്പെട്ടു. 70 കഴിഞ്ഞ അദ്ദേഹവുമായി ഞങ്ങള്‍ കുഴങ്ങുമോ എന്നായിരുന്നു ആദ്യം തോന്നിയിരുന്നത്. പക്ഷേ ആള്‍ ചില്ലറക്കാരനായിരുന്നില്ല. നല്ല ലോകവിവരവും കഴ്ചപ്പാടുമുള്ള ജമാഅത്ത് അംഗം. മാങ്ങ, കരിമ്പ്, അനാര്‍ തുടങ്ങി വിവിധതരം തോട്ടങ്ങളുടെ ഉടമ. എഞ്ചിനീയര്‍മാരും റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരുമായ രണ്ട് ആണ്‍മക്കളും സയന്‍സില്‍ ബിരുദാനന്തര ബിരുദവും ബിഎഡും കഴിഞ്ഞ് അധ്യാപികമാരായ മൂന്നു പെണ്‍മക്കളുമടങ്ങുന്ന കുടുംബത്തിന്റെ നാഥന്‍. എന്നിട്ടും വിനയംകൊണ്ട് അദ്ദേഹം ഞങ്ങളെയൊക്കെ കീഴടക്കി.
 
വഴിയരികിലെ ഒരാളോട് ഷാഹ്പൂര്‍ ക്യാമ്പ് എവിടെയണെന്ന് തിരക്കി. രണ്ട് ക്യാമ്പുകള്‍ ഉണ്ടെന്നും, ഒന്ന് ഇടത്തോട്ടുപോയി ഇസ്‌ലാമാബാദിലും, മറ്റേത് വലത്തോട്ടുപോയി ഇസ്‌ലാം നഗറിലുമാണെന്നും അറിഞ്ഞു. ദീര്‍ഘകാലം മുഗിളഭരണത്തിലിരുന്ന ഈ പ്രദേശങ്ങളിലെ സ്ഥലനാമങ്ങള്‍ അധികവും ഈവിധം തന്നെ. ഷാഹ്പൂര്‍ ക്യാമ്പിലെത്തി, ഗര്‍ബല്ലാ ഖുറൈശി (1114 പേര്‍), ഇസ്‌ലാമാബാദ് (1377പേര്‍), മദ്‌റസാ ഗുല്‍സാരിയെ (53പേര്‍) എന്നീ ക്യാമ്പുകള്‍ രാത്രി 8 മണി വരെ സന്ദര്‍ശിച്ചു. മേല്‍ എണ്ണം ആളുകള്‍ ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടങ്കിലും വളരെ ചുരുക്കം പേരെ മാത്രമാണ് കാണാന്‍ സാധിച്ചത്. അന്വേഷിച്ചപ്പോള്‍ സ്ത്രീകളും മുതിര്‍ന്ന പെണ്‍കുട്ടികളുമെല്ലാം രാത്രി നാട്ടുകാരുടെ വീടുകളിലാണ് താമസിക്കുന്നതെന്നും പകല്‍ സമയങ്ങളില്‍ മാത്രമേ ക്യാമ്പുകളില്‍ വരൂ എന്നുമാണ് അറിയാന്‍ കഴിഞ്ഞത്. നാട്ടുകാര്‍ വളരെ ഉദാരമായാണ് അവരെ സ്വീകരിച്ചത്. ബാത്‌റൂം, ടോയ്‌ലെറ്റ് സൗകര്യങ്ങളൊന്നും പ്രത്യേകം ഏര്‍പ്പാടാക്കിയിട്ടില്ല. അടുത്തുള്ള വീടുകളിലാണ് അതൊക്കെ നടക്കുന്നത്. മെഡിക്കല്‍ സംവിധാനം ആവശ്യത്തിനില്ലെന്ന് മനസ്സിലായി. മുറി വൈദ്യന്മാര്‍ ഇടക്കൊക്കെ വന്ന് എല്ലാവര്‍ക്കും  പാരസെറ്റാമോള്‍ കൊടുക്കും. ക്യാമ്പുകള്‍ ഭദ്രമോ സുരക്ഷിതമോ അല്ല. പ്ലാസ്റ്റികും കീറത്തുണികളും ഉപയോഗിച്ച് താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയതാണ്. സ്ഥിരമായി താമസിക്കാന്‍ തുടങ്ങുകയാണെങ്കില്‍ ക്യാമ്പുകള്‍ ഭദ്രമാക്കാനുള്ള സംവിധാനമുണ്ടാക്കണം.
 
സര്‍ക്കാര്‍ റേഷന്‍ വഴിയും, ഉദാരമതികളായ നാട്ടുകാരുടെ വിഹിതമായും ആവശ്യമായ ഭക്ഷണ സാധനങ്ങള്‍ ലഭിക്കുന്നു. ഭക്ഷണം ഒന്നിച്ച് പാകം ചെയ്ത് വിതരണം ചെയ്യുന്ന രീതിയാണ് ഈ ക്യാമ്പിലുള്ളത്. ആവശ്യത്തിന് വസ്ത്രവും ലഭിക്കുന്നു. തണുപ്പുകാലം അടുത്ത് വരുന്നതു കൊണ്ട്, കമ്പിളി വസ്ത്രങ്ങളും പുതപ്പും വിരിപ്പും അത്യാവശ്യമാണെന്ന് എല്ലാവരും പറയുന്നു. രാത്രി 7.30 ആയിട്ടും തിരിച്ചുപോകാതെ ക്യാമ്പ് അംഗങ്ങളോട് വിവരം തിരക്കികൊണ്ടിരുന്ന ഞങ്ങളോട്, ക്യാമ്പ് കണ്‍വീനര്‍ അല്‍ഹാജ് ഹാഫിസ് മുഹമ്മദ് അബ്ബാസ് ചോദിച്ചു: 'എന്താണ് നിങ്ങളുടെ പരിപാടി? എങ്ങോട്ടാണ് പോകുന്നത്? എവിടെയാണ് താമസിക്കുന്നത്?' മുസഫര്‍ നഗറിലേക്കാണെന്ന് പറഞ്ഞപ്പോള്‍, 'എന്നാല്‍ നിങ്ങള്‍ വളരെ വൈകി, ഉടനെ പുറപ്പെടണം, രാത്രി വഴിനീളെ ചെക്കിങ് ഉണ്ടാവും, എന്തെങ്കിലും പ്രശ്‌നം നേരിട്ടാല്‍ വിളിച്ചാല്‍ മതി' എന്നു പറഞ്ഞ് അദ്ദേഹത്തിന്റെ കാര്‍ഡ് തന്നു.
 
എട്ട് മണിയോടെ മുസഫര്‍ നഗറിലേക്ക് പുറപ്പെട്ടു. റോഡില്‍ കയറിയ ഉടനെ പട്ടാളം ഞങ്ങളെ തടഞ്ഞു. കാര്‍ നിര്‍ത്തി പരിശോധന തുടങ്ങി. ഞങ്ങള്‍ കേരളത്തില്‍ നിന്നാണ്, റിലീഫിന് വന്നതാണെന്ന് പറഞ്ഞപ്പോള്‍, അവരുടെ മേധാവി അടുത്ത് വന്നു. 'ഞാന്‍ കേരളത്തില്‍ ട്രൈനിംഗ് കഴഞ്ഞതാണ്. കേരളക്കാര്‍ക്ക് എല്ലാ ഭാഷകളും അറിയാം. എങ്ങനെയാണ് ഇതൊക്കെ പഠിക്കാന്‍ കഴിയുന്നത്? പ്രയാസമുണ്ടായെങ്കില്‍ ക്ഷമിക്കണം. ഇത് ഞങ്ങളുടെ ഡ്യൂട്ടിയാണ്, നിങ്ങള്‍ക്ക് പോകാം' എന്ന് പറഞ്ഞുവിട്ടു. സോഷ്യലിസ്റ്റ് സിംഹമായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ നാട്ടില്‍ രാത്രി 9 മണിക്ക് ഞങ്ങള്‍ എത്തി. അല്ലാവുദ്ദീന്‍ സാഹിബ് ഏര്‍പ്പാടാക്കിയ മുഹമ്മദ് റഹീല്‍ സാഹിബിനെ കണ്ടു. അദ്ദേഹം ഏര്‍പ്പാടാക്കി തന്ന ഹോട്ടലില്‍ രാത്രി കഴിച്ചുകൂട്ടി.
 
ഒക്‌ടോബര്‍ 11-ന് സുബഹിക്ക് ശേഷം എണീറ്റപ്പോള്‍ കനത്ത മഴ. അലാവുദ്ദീന്‍ സാഹിബ് അടുത്ത ദിവസത്തേക്കുള്ള ഗൈഡായി നിശ്ചയിച്ച് തന്ന മുഹമ്മദ് ശമീം ഖുറൈശിയെ ഫോണില്‍ ബന്ധപ്പെട്ടു. 'നല്ല മഴയാണ്, റോഡില്‍ നിറയെ വെള്ളമാണ്, എനിക്ക് ഇപ്പോള്‍ വരാന്‍ കഴിയില്ല.' വളരെ ശാന്തനായി അദ്ദേഹം പറഞ്ഞു. 'എപ്പോള്‍ വരാന്‍ കഴിയും' എന്ന ചോദ്യത്തിന് 'മഴചോര്‍ന്ന് വെള്ളം താഴ്ന്ന് വഴി തുറന്നുകിട്ടിയാല്‍ വരാം' എന്നായിരുന്നു മറുപടി. റഹീല്‍ സാഹിബിനെ വിളിച്ച് ടാക്‌സി അയച്ചുതരാന്‍ പറ്റുമോ എന്ന് ചോദിച്ചപ്പോള്‍ 'മഴ പെയ്തതിനാല്‍ കിട്ടാന്‍ പ്രയാസമാണ്, നോക്കാം' എന്ന് പറഞ്ഞു.
 
ഒരു ടാക്‌സിയും പിടിച്ച്, ക്യാമ്പ് സൈറ്റുകള്‍ അന്വേഷിച്ച് നമുക്ക് തന്നെ പോയിനോക്കാം എന്ന് ഞങ്ങള്‍ തീരുമാനിച്ചു. സൈറ്റില്‍ നിന്നും മുസഫര്‍ നഗറിലെ ടാക്‌സി ഏജന്‍സികളുടെ നമ്പര്‍ കണ്ടു പിടിച്ച് വണ്ടി ആവശ്യപ്പെട്ടു. എങ്ങോട്ട് പോകാനാണ് എന്ന് അവരുടെ ചോദ്യത്തിന് വ്യക്തമായ മറുപടി പറയാന്‍ കഴിയാതെ, അഭയാര്‍ഥി ക്യാമ്പുകള്‍ സന്ദര്‍ശിക്കാനാണെന്ന് പറഞ്ഞതോടെ എല്ലാവരും പിന്‍മാറി. തലേദിവസം 'ഖുര്‍ബാനിക്ക് പറ്റിയ നല്ല ഉരുക്കളെ വില്‍ക്കാനുണ്ട്' എന്ന് പറഞ്ഞ് ഒരു മുസ്‌ലിമിനെ ജാട്ടു ഏരിയയിലേക്ക് വിളിച്ചുവരുത്തി, വിലയുറപ്പിച്ചു പണമെല്ലാം വാങ്ങിയ ശേഷം, ഉരുക്കളെ നല്‍കാതെ ആട്ടിയോടിച്ചു എന്നും (കൊന്നുവെന്നും) ഒരു കിംവദന്തി പൊതുവെ പ്രചരിച്ചതാവാം കാരണം എന്ന് പിന്നീടറിഞ്ഞു. കിട്ടുന്ന ടാക്‌സി വിളിച്ചുപോവാമെന്ന് കരുതി മഴയത്ത് റോഡരികില്‍ പീടിക കോലായയില്‍ ഒന്നര മണിക്കൂര്‍ കാത്തിരുന്നുവെങ്കിലും ഒരു ടാക്‌സി പോലും വന്നില്ല. ടാക്‌സി സ്റ്റാന്റിലെത്താന്‍ ഒരു ഓട്ടോറിക്ഷയും കിട്ടിയില്ല. റൂമിലേക്ക് മടങ്ങി. ശമീമിനെ വിളിച്ചുനോക്കിയെങ്കിലും ഫലമുണ്ടായില്ല.
 
കുറച്ചു കഴിഞ്ഞപ്പോള്‍ ശമീം കയറിവന്നു. ടാക്‌സിക്ക് വേണ്ടി ശമീം പലയിടത്തും വിളിച്ചെങ്കിലും കിട്ടിയില്ല. ജുമുഅക്ക് ശേഷം പരിചയമുള്ള ഒരു ടാക്‌സിക്കാരന്റെ വീട്ടില്‍ ചെന്ന് ആവശ്യപ്പെട്ടപ്പോള്‍ ടാക്‌സി കിട്ടി. ഉച്ചയോടെ എടവനക്കാട് അബ്ദുല്‍ കരീമും ഞങ്ങളോടൊപ്പം ചേര്‍ന്നു. ദല്‍ഹിയില്‍ ട്രാവല്‍/അറ്റസ്റ്റേഷന്‍ ജോലിയുമായി കഴിയുന്ന അബ്ദുല്‍ കരീം ഐ.ആര്‍.ഡബ്ല്യു മെമ്പറാണ്. ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തി നേരെ ഞങ്ങളോട് ചേരുകയായിരുന്നു. കരീമിനെ  ഒരുകാര്യം ഏല്‍പ്പിച്ചാല്‍ അത് സാധിച്ചിരിക്കും എന്നാണ് അനുഭവം. എവിടെയും കയറിചെല്ലും. മുഖം നോക്കാതെ കാര്യം പറയും. കരീം എവിടെയാണെങ്കിലും ഐ.ആര്‍.ഡബ്ല്യു പ്രവര്‍ത്തനങ്ങളുടെ സന്ദിഗ്ധ ഘട്ടങ്ങളിലെല്ലാം അവിടെ എത്തുമെന്നതാണ് അനുഭവം. ഒഡീഷ സൈക്ലോണ്‍ ഏരിയയിലേക്ക് പോകുന്ന പൈലറ്റ് ടീമിലും കരീം ഉണ്ട്. ഉടനെ ലോഈ ക്യാമ്പിലേക്ക്  പുറപ്പെട്ടു. ഇടക്കു കണ്ട ബുഡാനിലെ കര്‍ബലാ റോഡ് ക്യാമ്പില്‍ ഒന്നിറങ്ങിക്കയറി. പ്രത്യേകിച്ച് ആവശ്യങ്ങളൊന്നുമില്ലാത്ത, അത്യാവശ്യ സൗകര്യങ്ങളുള്ള ഒരു സ്‌കൂളിലായിരുന്നു ക്യാമ്പ്. കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനം മാത്രമാണ് അവരാവശ്യപ്പെട്ടത്.
 
ദുരിത പൂര്‍ണമായിരുന്നു ലോഈ ക്യാമ്പ്. രാവിലെ മുതല്‍ തിമര്‍ത്തുപെയ്ത മഴകാരണം ടെന്റുകള്‍ വെള്ളത്താല്‍ ചുറ്റപ്പെട്ടിരുന്നു. വഴിയും തടസപ്പെട്ടിരുന്നു.  ആകെ ചളിപിളി. 17 പ്രസവം ഈ ക്യാമ്പില്‍ നടന്നു. അതില്‍ മൂന്ന് കുട്ടികള്‍ മരിച്ചു. ഒരു 13 വയസുകാരിയും പനി പിടിച്ചു മരിച്ചു. ന്യൂമോണിയയും വയറിളക്കവും വ്യാപിച്ച് തുടങ്ങിയിരുന്നു. ക്യാമ്പില്‍ എത്തിച്ച സര്‍ക്കാര്‍വക മൊബെല്‍ ലാട്രിന്‍ നിറഞ്ഞുകവിഞ്ഞു ക്യാമ്പുവാസികള്‍ക്ക് ശാപമായി മാറിയിരിക്കുന്നു. കലാപവേളയില്‍ ജീവനും കൊണ്ടോടുന്നതിനിടയില്‍ കൈവിട്ടുപോയ രണ്ടു മക്കളെ ഓര്‍ത്ത് ഭ്രാന്തിയായി മാറിയ മാതാവ് ഓടിനടക്കുന്ന രംഗം. പ്രസവം കാത്തുകഴിയുന്ന കുറെപേരെ ഞങ്ങള്‍ക്ക് ഇവിടെ കാണാനായി. വിഷന്‍ 2016-ന്റെ 35 ഖുര്‍ബാനി ഈ ക്യാമ്പില്‍കൊണ്ട് കെട്ടിയിട്ടുണ്ട്. പ്ലാസ്റ്റിക്കും കീറതുണിയും കൊണ്ടുണ്ടാക്കിയ ടെന്റുകളില്‍ പലതും മഴയത്തു നിലം പൊത്തിയിരുന്നു. റേഷന്‍ സാധനങ്ങള്‍ ഓരോ കുടുംബത്തിനും വിതരണം ചെയ്ത് അവര്‍  സ്വയം പാകംചെയ്ത് ഭക്ഷിക്കുകയായിരുന്നു. വസ്ത്രം അത്യാവശ്യത്തിന് കിട്ടിയിട്ടുണ്ട്. ചൂടുവസ്ത്രവും സ്ഥിരമായ വൈദ്യസഹായവുമാണ് അവര്‍ പ്രധാനമായും ആവശ്യപ്പെട്ടത്.
 
ക്യാമ്പ് കണ്‍വീനര്‍ അബ്ദുല്‍ ജബ്ബാര്‍ സാഹിബുമായി വിശദമായി സംസാരിച്ചു ഞങ്ങള്‍ മടങ്ങാനൊരുങ്ങുമ്പോഴാണ് മനുഷ്യാവകാശ കമീഷന്റെ വലിയൊരു  ടീം പോലീസിന്റെയും ആംബുലന്‍സിന്റെയും അകമ്പടിയോടെ ക്യാമ്പ് പരിശോധനക്ക് എത്തുന്നത് കണ്ടത്. ഉടനെ ഞങ്ങള്‍ അവരുടെ അടുത്തെത്തി. കമീഷന്‍ അംഗം റിട്ട. ജസ്റ്റിസ് സിറിയക്ക് ജോസഫിനെ(കോട്ടയം) കണ്ടമ്പോള്‍ ഞങ്ങള്‍ മുമ്പിലേക്ക് ചെന്നു. ക്യാമ്പില്‍ കണ്ട കാര്യങ്ങളെല്ലാം ഒറ്റയടിക്ക് ഞങ്ങള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുത്തി. അതുവെച്ച് അദ്ദേഹം നോഡല്‍ ആഫീസറെയും ഡി.എം.ഒവിനെയും നന്നായി കുടഞ്ഞു. ക്യാമ്പില്‍ നടന്ന 17 പ്രസവങ്ങളില്‍ നോഡല്‍ ഓഫീസര്‍ അറിഞ്ഞത് രണ്ടെണ്ണം മാത്രം. ആരും മരിച്ചതായി അദ്ദേഹത്തിന് അറിയില്ല. ക്യാമ്പില്‍ സ്ഥിരം ഡ്യൂട്ടിക്കു നിയമിക്കപ്പെട്ട ഡോക്ടര്‍മാര്‍ക്ക് വയസ് 70 കഴിഞ്ഞിട്ടുണ്ടാകും. ദിവസം ഒരു മണിക്കൂര്‍ ക്യാമ്പില്‍ വന്ന് ഒന്നോടിച്ച് പോകും. ഒരു ലേഡി ഡോക്ടറെയും ക്യാമ്പില്‍ നിയമിച്ചിട്ടുണ്ട്. 70 കഴിഞ്ഞ അവരും ക്യാമ്പില്‍ ആദ്യമായാണ് വരുന്നത്. ഗര്‍ഭിണിയായ ഉമ്മയെയും രോഗിയായ മകനെയും ഉടനെ ആംബുലന്‍സ് വരുത്തിച്ച് ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു. '15 മിനിറ്റിനുള്ളില്‍ എല്ലാം നടക്കണം, ഞാന്‍ ഇവിടെത്തന്നെയുണ്ട്, 15 മിനിറ്റ് കൊണ്ട് ആംബുലന്‍സ് വരുമോ, എനിക്കറിയണം' ജഡ്ജി കര്‍ശനമായി പറഞ്ഞപ്പോള്‍ എല്ലാം നടന്നു.
 
ഒരു വര്‍ഷം മുമ്പ് 20 പേര്‍ ബലാത്സംഗം ചെയ്ത് കഴുത്തറുത്ത പെണ്‍കുട്ടിയുടെ പരാതി പറയലായിരുന്നു അടുത്തത്. കഴുത്തിലെ മുറിവ് അടയാളത്തിലേക്ക് വിരല്‍ചൂണ്ടി മിണ്ടാതിരുന്ന പെണ്‍കുട്ടി, ആവര്‍ത്തിച്ചു ചോദിച്ചപ്പോഴാണ് സംസാരിച്ച് തുടങ്ങിയത്. ഈ കൊല്ലം അതേ തീയതിക്ക് അക്രമികള്‍ അവരുടെ വീട്ടില്‍ വന്നു, ഉടനെ കേസ് പിന്‍വലിച്ചില്ലെങ്കില്‍ കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തി. 3 ദിവസം കൊണ്ട് പിന്‍വലിക്കാമെന്ന് പറഞ്ഞ് രക്ഷപ്പെട്ടതാണ് പെണ്‍കുട്ടിയുടെ കുടുംബം. ജഡ്ജി കുട്ടിയുടെ എഫ്.ഐ.ആറും തുടര്‍നടപടികളും വിശദമായി പരിശോധിച്ചു കുറിച്ചെടുത്തു. തുടര്‍ നടപടികള്‍ക്കായി ഉത്തരവിട്ടു. കേസിന്റെ ഒരു വര്‍ഷത്തെ പുരോഗതി എങ്ങനെയെന്ന് ഉത്തരവാദപ്പെട്ടവരോട് ആവശ്യപെട്ടു. ഈ കേസ് താന്‍ വ്യക്തിപരമായി തന്നെ പരിഗണിക്കുമെന്ന് അദ്ദേഹം ഏല്‍ക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ ഉച്ചത്തിലുള്ള കരച്ചില്‍ എല്ലാവരെയും പ്രയാസപ്പെടുത്തി.
 
പിന്നെ ഞങ്ങള്‍ ചെന്നത് മലക്പൂരിലേക്കാണ്. വിശാലമായ സര്‍ക്കാര്‍ ഭൂമിയില്‍ നിറയെ ടെന്റുകള്‍ കെട്ടിയിരുന്നു. ഇഷ്ടിക കൊണ്ട് സ്ഥിരം കക്കൂസുകളും കുളിമുറികളും പണിതുകൊണ്ടിരിക്കുന്നു. ആവശ്യത്തിന് റേഷന്‍ ലഭിക്കുന്നു. ഭക്ഷണം വെച്ചുവിളമ്പുന്നില്ല. സര്‍ക്കാര്‍ ഡോക്ടര്‍ ഇടക്കിടെ വരുന്നു. ഡോക്ടര്‍ ബി.എ.എം.എസ്; കൊടുക്കുന്ന മരുന്ന് പാരസറ്റമോള്‍. ഇവരും ആവശ്യപ്പെട്ടത് വൈദ്യസഹായംതന്നെ. കമ്പിളി വസ്ത്രവും.
 
തബ്‌ലീഗ് ജമാഅത്ത് സ്ഥാപകന്‍ മൗലാനാ മുഹമ്മദ് ഇല്യാസിന്റെയും മൗലാനാ ഇദ്‌രീസിന്റെയും നാടായ  കാന്തലയിലേക്കാണ് ഉച്ചയോടെ എത്തിചേര്‍ന്നത്. മുനിസിപ്പല്‍ ചെയര്‍മാന്‍ തന്നെയാണ് ക്യാമ്പിന്റെയും കണ്‍വീനര്‍. സ്ഥിരം മെഡിക്കല്‍ ക്യാമ്പുണ്ട്. ഭക്ഷണം വെച്ച് വിളമ്പാന്‍ വലിയ കിച്ചണ്‍. വിറക് ലോഡ് കണക്കിന് കൂട്ടിയിട്ടിരിക്കുന്നു. രണ്ടു ഭാഗത്തായി മൂന്നുനിലയില്‍ നെടുനീളന്‍ ക്ലാസ്‌റൂം ബില്‍ഡിംഗ്. ചെയര്‍മാന്റെ കീഴില്‍ എല്ലാം സുഭിക്ഷം, സുന്ദരം. അവിടെ അധിക സമയം കളഞ്ഞില്ല.
 
മുസഫര്‍ നഗറിലെ ഏറ്റവും വലിയ ക്യാമ്പ് എന്നറിയപ്പെടുന്ന ജൗലയിലേക്കാണ് പിന്നെ പോയത്. അവിടെയും എസ്.പി ക്കാരനായ മറ്റൊരു മുനിസിപ്പല്‍ ചെയര്‍മാന്‍ തന്നെയാണ് കണ്‍വീനര്‍. താമസക്കാരില്ലാതെ കാലിയായി കിടക്കുന്ന വിശാലമായ പന്തല്‍. അന്വേഷണത്തില്‍ മനസ്സിലായത് ഷാഹ്പൂരിലേക്കാള്‍ ഉദാര മനസ്‌കരാണ് ജൗലാ നിവാസികളെന്നാണ്. മദീനയിലെ അന്‍സ്വാറുകള്‍ മുഹാജിറുകളെ  സ്വീകരിച്ച രൂപത്തില്‍ തങ്ങള്‍ക്കുള്ളതെല്ലാം പകുതിയോ അതില്‍ കൂടുതലോ അതിഥികള്‍ക്ക് വിട്ട് കൊടുത്ത് എല്ലാവരെയും (അവരുടെ കണക്കനുസരിച്ചു 10,000 പേരെ) നാട്ടുകാര്‍ ഏറ്റെടുത്തിരിക്കയാണ്. വിശ്വസിക്കാന്‍ ആദ്യം പ്രയാസമായെങ്കിലും, പത്തോളം വീടുകള്‍ കയറി പരിശോധിച്ചപ്പോള്‍ വിശ്വസിക്കേണ്ടി വന്നു. എടുത്തു പറയേണ്ട ഒരനുഭവം തന്നെയാണിത്. പൊതുവെ ആര്‍ക്കും ആവശ്യങ്ങളോ പ്രശ്‌നങ്ങളോ ഇല്ലായിരുന്നു. പതിനാലു നൂറ്റാണ്ടു മുമ്പ് തൊട്ടറിഞ്ഞ അന്‍സാര്‍-മുഹാജിര്‍ സാഹോദര്യബന്ധത്തിന്റെ മാതൃക ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഇവിടെയിതാ പുനര്‍ജനിച്ചിരിക്കുന്നു. അല്ലാഹു ഈ ദീനിനെ ചിലപ്പോള്‍ അതിനെ ഇഷ്ടപ്പെടാത്തവരുടെ പ്രവര്‍ത്തന ഫലമായും ശക്തിപ്പെടുത്തും എന്ന പ്രവാചകവചനം ഓര്‍മയിലെത്തി.
 
അവസാനം ഞങ്ങള്‍ സന്ദര്‍ശിച്ചത് മദ്‌റസ ബസിക്കലാ ക്യാമ്പാണ്. അവിടേക്ക് ഞങ്ങള്‍ പ്രത്യേകം ക്ഷണിക്കപ്പെട്ടതായിരുന്നു. അവിടെ അന്ന് ഇരകളില്‍ 18 പേരുടെ കല്ല്യാണമായിരുന്നു. നികാഹ് ഉച്ചക്ക് 2 മണിക്ക്. മറ്റു ക്യാമ്പുകള്‍ സന്ദര്‍ശിച്ച് 5 മണിയോടെയാണ് ഞങ്ങളവിടെ എത്തിയത്. മൊത്തം ക്യാമ്പ് കല്ല്യാണത്തിന്റെ  ആഹ്ലാദത്തിലായിരുന്നു. പുതുപെണ്ണിനെ വരന്റെ വീട്ടില്‍ കൊണ്ട് ചെന്നാക്കുന്ന പരിപാടിയാണ് നടക്കുന്നത്. പിക്കപ്പ് നിറയെ സൈക്കിള്‍ മുതല്‍ ഫര്‍ണീച്ചര്‍, പാത്രങ്ങള്‍ തുടങ്ങിയ ഒരു വീട്ടിലേക്കാവശ്യമായ എല്ലാം. പിന്നില്‍ വാഹനത്തില്‍  വധുവരന്മാരും ബന്ധുക്കളും. തന്റെ ഉറ്റവരെയും ഉടയവരെയും ക്യാമ്പിലെ വിധിക്കു വിട്ട്, താന്‍ ഭര്‍തൃ വീട്ടിലേക്ക് കൂടുമാറുന്നതില്‍ ഓരോ മണവാട്ടിയും അനുഭവിക്കുന്ന പ്രയാസം അവളുടെ മുഖത്ത് നിന്ന് വായിച്ചെടുക്കാമായിരുന്നു.
 
ഏതാനും യുവതികളെ കെട്ടിച്ചയച്ച നാട്ടുകാര്‍, ഇനിയും വരന്മാരെ കണ്ടെത്തി കല്ല്യാണങ്ങള്‍ നടത്താനുള്ള ശ്രമത്തിലാണ്. കല്ല്യാണത്തിന്റെ മുഴുവന്‍ ചെലവും വഹിച്ചതും, വധൂ-വരന്മാര്‍ക്കാവശ്യമുള്ളതെല്ലാം ഒരുക്കിയതും നാട്ടിലെ ഉദാരമതികള്‍. 18 പെണ്‍കുട്ടികളെ കെട്ടിച്ചയക്കുന്ന തിരക്കിനിടയിലും ഞങ്ങളെ കണ്ടപ്പോള്‍ അല്‍പ്പസമയം ഞങ്ങളോട് കുശലം പറയാന്‍ ക്യാമ്പ് കണ്‍വീനര്‍ സമയം കണ്ടെത്തി.