Click to view this issue
Saturday, April 20, 2019
News Update
 

1434 ശഅ്ബാന്‍ 26

2013 ജൂലായ് 5

പുസ്തകം 70 ലക്കം 6

കട്ടിലശ്ശേരി എന്റെ ഗുരുനാഥന്‍

സദ്‌റുദ്ദീന്‍ വാഴക്കാട്‌‌

ഖിലാഫത്ത് പ്രക്ഷോഭം ഒരു കലാപമായി മാറിയതില്‍ കട്ടിലശ്ശേരി മുഹമ്മദ് മൗലവിക്ക് പങ്കുണ്ടായിരുന്നില്ലെന്നു മാത്രമല്ല, സായുധ കലാപം തടയാനും അക്രമാസക്തരായ ജനങ്ങളെ പിന്തിരിപ്പിക്കാനും അദ്ദേഹം ശ്രമിക്കുകയുണ്ടായി....
 
 

എന്റെ ജീവിതം-2

 
കരുവള്ളി മുഹമ്മദ് മൗലവി
 

 
എന്റെ വാപ്പയുടെ ഉസ്താദ് കട്ടിലശ്ശേരി ആലി മുസ്‌ലിയാരുടെ മകനും എന്റെ ഗുരുനാഥനുമാണ് കട്ടിലശ്ശേരി മുഹമ്മദ് മൗലവി. ചരിത്രത്തില്‍ അറിയപ്പെടേണ്ട വ്യക്തിത്വമാണ് അദ്ദേഹം. ഇസ്‌ലാമിക പണ്ഡിതന്‍, ദീര്‍ഘദൃഷ്ടിയുള്ള വിദ്യാഭ്യാസ പ്രവര്‍ത്തകന്‍, ഖിലാഫത്ത് പ്രക്ഷോഭത്തിന്റെ മുന്‍നിര നായകന്‍, സ്വാതന്ത്ര്യ സമര സേനാനി തുടങ്ങിയ നിലകളിലെല്ലാം കഴിവു തെളിയിച്ച വ്യക്തിത്വം.
 
വിദ്യാഭ്യാസ രംഗത്ത് അദ്ദേഹത്തിനുണ്ടായിരുന്ന ഉയര്‍ന്ന കാഴ്ചപ്പാടിന്റെ ഉത്തമോദാഹരണമാണ് അക്കാലത്ത് അദ്ദേഹം സ്ഥാപിച്ച വിദ്യാലയം. മദ്‌റസാ പരിഷ്‌കരണത്തിന് ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി വാഴക്കാട് ദാറുല്‍ ഉലൂമില്‍ നിന്നാണ് തുടക്കമിട്ടതെങ്കില്‍, മത-ഭൗതിക വിഷയങ്ങള്‍ സമന്വയിപ്പിച്ചുകൊണ്ടുള്ള വിദ്യാഭ്യാസ രീതിക്ക് കേരളത്തില്‍ തുടക്കമിട്ടത് കട്ടിലശ്ശേരി മുഹമ്മദ് മൗലവിയാണെന്ന് പറയാം. 1914 കാലത്ത് കരിഞ്ചാപാടിയില്‍ അദ്ദേഹം സ്ഥാപിച്ച സ്‌കൂളില്‍ ഇംഗ്ലീഷും കണക്കും ശാസ്ത്രവും ഖുര്‍ആനും ദീനിയാത്തും എല്ലാം പഠിപ്പിച്ചിരുന്നുവെന്നതില്‍ നിന്നുതന്നെ അദ്ദേഹത്തിലെ ദീര്‍ഘദര്‍ശിയായ വിദ്യാഭ്യാസ പ്രവര്‍ത്തകനെയും സമുദായ സ്‌നേഹിയെയും മനസ്സിലാക്കാന്‍ സാധിക്കും. കേരളത്തിലെ മുസ്‌ലിം സമൂഹത്തിന്റെ വിദ്യാഭ്യാസ ചരിത്രം പഠിക്കുന്നവര്‍ ഇത്രയും ഉയര്‍ന്ന കാഴ്ചപ്പാടുള്ള പണ്ഡിതന്മാര്‍ കഴിഞ്ഞകാലത്ത് ഇവിടെ ജീവിച്ചിരുന്നുവെന്ന കാര്യം മറക്കാന്‍ പാടില്ലാത്തതാണ്. അദ്ദേഹത്തിന്റെ സ്‌കൂളില്‍ പഠിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി.
 
'മക്തബത്തുല്ലുസൂമിയ്യ' എന്ന് അറിയപ്പെട്ടിരുന്ന പ്രസ്തുത സ്ഥാപനമാണ് ഇന്നത്തെ പുണര്‍പ്പ യു.പി സ്‌കൂള്‍. ലാസിം-നിര്‍ബന്ധം- എന്ന അറബി പദത്തില്‍നിന്നാണ് 'ലുസൂമിയ്യ' ഉണ്ടാകുന്നത്. വിദ്യാഭ്യാസം സമുദായത്തിന് നിര്‍ബന്ധമാണെന്ന സന്ദേശമായിരിക്കണം അത്തരമൊരു പേര് തന്റെ സ്ഥാപനത്തിന് ഇട്ടതിലൂടെ മൗലവി സമൂഹത്തിന് നല്‍കാന്‍ ശ്രമിച്ചത്. സ്‌കൂളില്‍ പോകുന്നതും ഇംഗ്ലീഷ് പഠിക്കുന്നതുമൊക്കെ പൊതുവെ വിലക്കപ്പെട്ടതായി ജനം കരുതിയിരുന്ന കാലത്ത് ഈ പ്രദേശത്തെ ആളുകളെ വിദ്യാഭ്യാസപരമായി ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ പ്രസ്തുത സ്ഥാപനം വഹിച്ച പങ്ക് വളരെ വലുതാണ്. മുസ്‌ലിം സമുദായത്തിന്റെ നിരക്ഷരതയില്‍ വല്ലാതെ അസ്വസ്ഥനായിരുന്നു മൗലവി. വിദ്യാഭ്യാസം നല്‍കിയാലേ സമുദായം രക്ഷപ്പെടുകയുള്ളൂ എന്നും അത് പ്രാഥമിക തലത്തില്‍ നിന്നുതന്നെ ആരംഭിക്കണമെന്നും അദ്ദേഹം ചിന്തിച്ചു. മതവിഷയങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാല്‍ മുസ്‌ലിംകള്‍ക്ക് സ്‌കൂളിലേക്ക് വരാന്‍ പ്രയാസമുണ്ടാകില്ലെന്നു മനസ്സിലാക്കിയാണ് അദ്ദേഹം സ്‌കൂള്‍ തുടങ്ങിയത്. മുഹമ്മദ് മൗലവിയുടെ സുഹൃത്തായിരുന്ന വെങ്കിട്ട അതീത് സാഹിബിന്റെ പടിപ്പുരയിലായിരുന്നു സ്‌കൂളിന്റെ ആരംഭം. പിന്നീട് മൗലവിയുടെ പറമ്പില്‍ കെട്ടിടമുണ്ടാക്കി അതിലേക്ക് മാറുകയായിരുന്നു. അവിടെയാണ് ഞാന്‍ പഠിച്ചത്.
 
1936-ല്‍ പുലാമന്തോളില്‍  മഅ്ദിനുല്‍ ഉലൂം മദ്‌റസ സ്ഥാപിക്കുന്നതിനും മൗലവി മുന്‍കൈയെടുത്തു. അതിനോടനുബന്ധിച്ച് അവിടെ നടന്ന ഒരു വലിയ സമ്മേളനത്തില്‍ മൗലവി പ്രസംഗിച്ചിരുന്നു. മാത്രമല്ല, ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ അറസ്റ്റില്‍നിന്ന് രക്ഷപ്പെടാനായി ഒളിച്ചു താമസിക്കാന്‍ പോയ പല പ്രദേശങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അദ്ദേഹം ആരംഭിച്ചിട്ടുണ്ട്.
 
പുരോഗമന ചിന്താഗതിയുള്ള ഇസ്‌ലാഹി ആശയക്കാരനും സമുദായ പരിഷ്‌കരണത്തില്‍ അതീവ തല്‍പരനുമായിരുന്ന കട്ടിലശ്ശേരി മുഹമ്മദ് മൗലവി കേരളത്തിലെ നവോത്ഥാന പ്രസ്ഥാനത്തിന്റെ ആദ്യ രൂപങ്ങളായ മുസ്‌ലിം ഐക്യ സംഘത്തിന്റെയും കേരള ജംഇയ്യത്തുല്‍ ഉലമയുടെയും ആദ്യകാല പ്രവര്‍ത്തകനാണ്. ജംഇയ്യത്തുല്‍ ഉലമയുടെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതില്‍ അദ്ദേഹം നേതൃപരമായ പങ്കുവഹിച്ചിട്ടുണ്ട്.
 
1936 ഫെബ്രുവരി 22,23 തീയതികളില്‍ പുണര്‍പ്പയിലെ അദ്ദേഹത്തിന്റെ സ്‌കൂളില്‍ ജംഇയ്യത്തുല്‍ ഉലമയുടെ ഒരു സമ്മേളനം നടന്നിരുന്നു. അതിന്റെ സ്വാഗത സംഘം പ്രസിഡന്റായിരുന്ന അദ്ദേഹം മുന്‍കൈയെടുത്താണ് മൗലാനാ അബുല്‍ ജലാല്‍ നദ്‌വിയെ പ്രസ്തുത പരിപാടിയില്‍ അധ്യക്ഷനായി കൊണ്ടുവന്നത്. മലപ്പുറത്ത് സ്‌കൂള്‍ ആരംഭിക്കാന്‍ ബജറ്റില്‍ 5000 രൂപ നീക്കിവെച്ചതിന് മദ്രാസ് ഗവണ്‍മെന്റിനെ അഭിനന്ദിക്കുന്ന ഒരു പ്രമേയം പ്രസ്തുത സമ്മേളനം പാസാക്കുകയുണ്ടായി.
 
മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബ്, കെ.എം മൗലവി തുടങ്ങിയവരോട് വളരെ അടുത്ത ബന്ധമാണ് മൗലവിക്കുണ്ടായിരുന്നത്. ഖിലാഫത്ത് പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ അറസ്റ്റ് വാറണ്ട് വന്നപ്പോള്‍ കെ.എം മൗലവി കൊടുങ്ങല്ലൂരിലേക്കും കട്ടിലശ്ശേരി കാരയ്ക്കലേക്കും രക്ഷപ്പെടുകയായിരുന്നു. ഫ്രഞ്ചുകാരുടെ അധീനതയിലായിരുന്നു അന്ന് കാരയ്ക്കല്‍. അവസാനം അദ്ദേഹം കൊടുങ്ങല്ലൂരിലെത്തി. അവിടെ കെ.എം മൗലവിയോടും മറ്റു ഇസ്‌ലാഹി നേതാക്കളോടുമൊപ്പം മുസ്‌ലിം ഐക്യ സംഘത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം വ്യാപൃതനായി. അന്ധവിശ്വാസ-അനാചാരങ്ങളോട് വലിയ എതിര്‍പ്പായിരുന്നു കട്ടിലശ്ശേരിക്ക്. പിതാവിന്റെ പാണ്ഡിത്യം അദ്ദേഹത്തിനുമുണ്ടായിരുന്നെങ്കിലും പിതാവിന്റെ പല നടപടികളോടും മുഹമ്മദ് മൗലവിക്ക് വിയോജിപ്പായിരുന്നു. അന്ധവിശ്വാസങ്ങളെ വിമര്‍ശിച്ചതിന്റെ പേരില്‍ പലരുടെയും എതിര്‍പ്പുകള്‍ക്ക് മൗലവി പാത്രമായിട്ടുണ്ട്.
 
കരിഞ്ചാപാടിയിലെ പള്ളിക്കാര്യങ്ങളില്‍ സ്ഥലത്തെ ചില പ്രമാണിമാര്‍ ശരിയല്ലാത്ത രീതിയില്‍ ഇടപെട്ടപ്പോള്‍ അദ്ദേഹം അതിനെതിരെ രംഗത്തു വരികയുണ്ടായി. പളളി പൊതുസ്വത്തായി നിലനിര്‍ത്തണമെന്നും അത് ആരുടെയെങ്കിലും സ്വകാര്യ സ്വത്താക്കി മാറ്റരുതെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, ഈ അഭിപ്രായ വ്യത്യാസം കാരണം മരണശേഷം തന്റെ മയ്യിത്ത് ഖബ്‌റടക്കുന്നതിന് അദ്ദേഹം പള്ളിയോട് ചേര്‍ന്ന് സ്വന്തമായി സ്ഥലം വാങ്ങുകയും ചെയ്തു. അദ്ദേഹത്തെയും പിതാവിനെയും അവിടെയാണ് ഖബ്‌റടക്കിയത്.
 
സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന അദ്ദേഹം ഖിലാഫത്ത് പ്രക്ഷോഭത്തിന്റെ മുന്‍നിരയില്‍ തന്നെയുണ്ടായിരുന്നു. ആലി മുസ്‌ലിയാരെയും മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബിനെയും ഖിലാഫത്ത് പ്രസ്ഥാനത്തിലേക്ക് കൊണ്ടുവന്നത് കട്ടിലശ്ശേരി മുഹമ്മദ് മൗലവിയാണ്. 1921-ല്‍ നിലവില്‍ വന്ന ഖിലാഫത്ത് കമ്മിറ്റിയുടെ പ്രസിഡന്റായിരുന്നു കട്ടിലശ്ശേരി. അബ്ദുര്‍റഹ്മാന്‍ സാഹിബായിരുന്നു സെക്രട്ടറി. അന്ന് കോണ്‍ഗ്രസ് പാര്‍ട്ടി കെട്ടിപ്പടുക്കാനും ഖിലാഫത്ത് സമരം സംഘടിപ്പിക്കാനുമൊക്കെ അദ്ദേഹം ഒരുപാട് സ്ഥലങ്ങളില്‍ യാത്ര ചെയ്തിട്ടുണ്ട്. പല സ്ഥലങ്ങളിലും യോഗം വിളിച്ചു ചേര്‍ക്കുകയും പ്രസംഗിക്കുകയും ചെയ്തത് അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. നല്ലൊരു പ്രസംഗകനായിരുന്ന മൗലവി ഘനഗംഭീരമായ ശബ്ദത്തിന്റെ ഉടമയായിരുന്നു. കര്‍ഷകരെയും സാധാരണക്കാരെയുമൊക്കെ സ്വാതന്ത്ര്യ സമരത്തില്‍ അണിനിരത്തിയത് അദ്ദേഹത്തിന്റെ  മിടുക്കാണ്. അദ്ദേഹത്തിന്റെ അടുത്ത കൂട്ടുകാരനായിരുന്നു എം.പി നാരായണ മേനോന്‍. നിസ്സഹകരണ പ്രസ്ഥാനത്തിലൊക്കെ രണ്ടു പേരും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകനായതിന്റെ പേരില്‍ മുസ്‌ലിം ലീഗിന് കട്ടിലശ്ശേരിയോട് വലിയ എതിര്‍പ്പായിരുന്നു. അന്ന് മുസ്‌ലിം ലീഗും കോണ്‍ഗ്രസ്സും തമ്മില്‍ ഇന്നത്തെ പോലെ യോജിപ്പിലല്ലല്ലോ. പക്ഷേ, മൗലവി കോണ്‍ഗ്രസില്‍ തന്നെ അടിയുറച്ചുനില്‍ക്കുകയാണുണ്ടായത്.
 
ഖിലാഫത്ത് പ്രക്ഷോഭം ഒരു കലാപമായി മാറിയതില്‍ കട്ടിലശ്ശേരി മുഹമ്മദ് മൗലവിക്ക് പങ്കുണ്ടായിരുന്നില്ലെന്നു മാത്രമല്ല, സായുധ കലാപം തടയാനും അക്രമാസക്തരായ ജനങ്ങളെ പിന്തിരിപ്പിക്കാനും അദ്ദേഹം ശ്രമിക്കുകയുണ്ടായി. ഏറനാട്ടില്‍ ആരംഭിച്ച കലാപം വള്ളുവനാട്ടിലേക്ക് പടരാതിരിക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. ലഹളയുടെ ആപത്ത് ചൂണ്ടിക്കാട്ടി ഒരു ലഘുലേഖയും അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു. പക്ഷേ, ജനങ്ങള്‍ അതൊന്നും ചെവികൊള്ളുകയുണ്ടായില്ല. തുടര്‍ന്ന് അറസ്റ്റ് ചെയ്യാന്‍ വേണ്ടിയുള്ള പോലീസ് അന്വേഷണം ആരംഭിച്ചപ്പോഴാണ് അദ്ദേഹം നാടുവിട്ടത്.
 
മലബാറില്‍ അന്ന് ഡിസ്ട്രിക്റ്റ് ബോര്‍ഡിന്റെ ഭരണമാണെന്ന് പറഞ്ഞല്ലോ. 1937-ല്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കട്ടിലശ്ശേരി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുകയും വിജയിക്കുകയും ചെയ്തു. കെ. കേളപ്പന്‍ പ്രസിഡന്റായ പ്രസ്തുത ഭരണസമിതിയില്‍ കട്ടിലശ്ശേരിയായിരുന്നു വൈസ് പ്രസിഡന്റ്. അന്ന് മുസ്‌ലിംകളുടെ വിദ്യാഭ്യാസ പുരോഗതിക്കു വേണ്ടി ഡിസ്ട്രിക്റ്റ് ബോര്‍ഡിന്റെ വൈസ് പ്രസിഡന്റ് എന്ന നിലക്ക് അദ്ദേഹം പല കാര്യങ്ങളും ചെയ്തിട്ടുണ്ട്.
 
നല്ല മതപണ്ഡിതനായിരുന്ന കട്ടിലശ്ശേരി ബഹുഭാഷാ വിദഗ്ധനായിരുന്നു. സാഹിത്യത്തില്‍ അതീവ തല്‍പരനായിരുന്ന അദ്ദേഹം കവിതകള്‍ എഴുതാറുണ്ടായിരുന്നു. കുട്ടിക്കാലത്തെ മാപ്പിളപ്പാട്ട് രചനകളിലൂടെയാണ് ഇതാരംഭിച്ചത്. അക്കാലത്ത് കെസ്സു പാട്ടുകളും പടപ്പാട്ടുകളും വ്യാപകമായിരുന്നല്ലോ. കാളവണ്ടിയില്‍ യാത്ര ചെയ്യുന്നവര്‍ ഇത്തരം പാട്ടുകളൊക്കെ ഉച്ചത്തില്‍ പാടാറുണ്ടായിരുന്നു. കട്ടിലശ്ശേരിയുടെ കാളവണ്ടി തെളിച്ചിരുന്നത് വരിക്കോടന്‍ മൊയ്തീന്‍ കുട്ടിയാണ്. കട്ടിലശ്ശേരി യാത്രക്കിടയില്‍ പാടാറുണ്ടായിരുന്ന പാട്ടുകള്‍ വരിക്കോടന്‍ പാടുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ഖിലാഫത്ത് പ്രസ്ഥാനത്തിനും സ്വാതന്ത്ര്യ സമരത്തിനും ആവേശം നല്‍കുന്ന മാപ്പിളപ്പാട്ടുകള്‍ അദ്ദേഹം രചിക്കുകയുണ്ടായി. അക്കാലത്ത് കോണ്‍ഗ്രസ് സമ്മേളന വേദികളില്‍ ഇത്തരം പാട്ടുകള്‍ പാടാറുണ്ടായിരുന്നു.
 
എന്റെ ജീവിതത്തിലെ നിര്‍ണായകമായൊരു ഘട്ടത്തില്‍ പഠിച്ചുവളരാന്‍ വഴികാണിച്ചുതന്ന ആ ഗുരുനാഥനോടുള്ള കടപ്പാട് വളരെ വലുതാണ്. അല്ലാഹു അദ്ദേഹത്തെ അനുഗ്രഹിക്കുമാറാകട്ടെ.  (തുടരും)
 
sadarvzkd@gmail.com