Click to view this issue
Sunday, April 21, 2019
News Update
 

1434 ജമാദുല്‍ ആഖിര്‍ 29

2013 മെയ്‌ 10

പുസ്തകം 69 ലക്കം 48

ഫിഖ്ഹിന്റെ ചരിത്രം 2 / ഇസ്‌ലാമിക നിയമത്തിന്റെ സ്രോതസ്സുകള്‍

പഠം / ഡോ. മുഹമ്മദ് ഹമീദുല്ല‌

പ്രവാചകന്റെ കാലത്തും ഇന്നും പ്രസക്തമായ ഒരു നിയമസ്രോതസ്സാണ് മുആഹദ, അഥവാ ഇരുകക്ഷികള്‍ തമ്മില്‍ ഒപ്പുവെക്കുന്ന കരാറുകള്‍. നാമൊരു വിഭാഗവുമായി കരാറില്‍ ഏര്‍പ്പെടുകയാണെങ്കില്‍ കരാറിന്റെ കാലാവധി തീരുംവരെ അതിലെ വ്യവസ്ഥകള്‍...
 
 

പ്രവാചകന് ലഭിച്ച ദൈവിക നിര്‍ദേശങ്ങളാണ് ഇസ്‌ലാമിക നിയമത്തിന്റെ ഒന്നാമത്തെ സ്രോതസ്സ്. ദിവ്യവെളിപാടുകള്‍ എന്ന മുഖവുരയോടെ പ്രവാചകന്‍ നമുക്ക് നല്‍കിയ ധാരാളം വചനങ്ങളുണ്ട്. അതാണ് ഖുര്‍ആന്‍. ഈ ഗണത്തില്‍ പെടാത്ത വേറെയും നിര്‍ദേശങ്ങള്‍ പ്രവാചകന്‍ നല്‍കിയിട്ടുണ്ട്. അവയും ദിവ്യബോധനത്തിന്റെ അടിസ്ഥാനത്തില്‍ തന്നെ ഉള്ളവയാണെന്നും അതിനാല്‍ പിന്‍പറ്റാന്‍ മനുഷ്യര്‍ ബാധ്യസ്ഥരാണെന്നും ഖുര്‍ആന്‍ (53:3-4) പ്രഖ്യാപിക്കുന്നു. ഈ നിര്‍ദേശങ്ങള്‍ പക്ഷേ വിശുദ്ധ വേദത്തിന്റെ ഭാഗമല്ല. ഈ രണ്ടാം ഇനത്തെയാണ് നാം സുന്നത്ത് എന്നുപറയുന്നത്.

 
ഖുര്‍ആനായാലും സുന്നത്തായാലും അവ ഒറ്റയടിക്ക് ക്രോഡീകരിക്കപ്പെട്ടവയല്ല. 23 വര്‍ഷക്കാലത്തിനിടക്കാണ് ഖുര്‍ആന്റെ ക്രോഡീകരണം നടന്നത്. ഇപ്പറഞ്ഞത് സുന്നത്തിനെക്കുറിച്ചും ശരിയാണ്. പ്രവാചകന്‍ ആഗതനാവുന്ന സമയത്ത് ആകെയുള്ളത് അലഖ് അധ്യായത്തിലെ ഏതാനും സൂക്തങ്ങള്‍ മാത്രമാണ്. അപ്പോള്‍ ആദ്യകാലത്ത് ഇസ്‌ലാമിലേക്ക് വന്നവരുടെ ഇസ്‌ലാമിക നിയമ സംഹിത എന്തായിരിക്കും? ഉത്തരം വളരെ ലളിതമാണ്. ഏത് നിരോധിക്കപ്പെട്ടിട്ടില്ലയോ അത് നിയമാനുസൃതമാണ് എന്നതാണ് ഇസ്‌ലാമിലെ അടിസ്ഥാന തത്ത്വം. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, ബിംബാരാധന ഒഴികെയുള്ള മക്കയിലെ മറ്റു സാമൂഹികാചാരങ്ങള്‍ നിലനിര്‍ത്താന്‍ ആദ്യകാല മുസ്‌ലിംകളെ അനുവദിക്കുകയാണ് ഇസ്‌ലാം ചെയ്തത്. തുടക്കത്തില്‍ ലഹരി പദാര്‍ഥങ്ങള്‍ നിരോധിക്കപ്പെട്ടിരുന്നില്ല. അതിനര്‍ഥം ആദ്യകാലത്ത് അവ ഉപയോഗിക്കാമായിരുന്നു എന്നാണല്ലോ. അപ്പോള്‍ മക്കയിലെ പരമ്പരാഗത നിയമചട്ടങ്ങളില്‍ നിന്നാണ് ഇസ്‌ലാമിക നിയമത്തിന്റെ തുടക്കം എന്നുപറയാം. ഈ പരമ്പരാഗത ആചാരങ്ങളെയും നിയമങ്ങളെയും ക്രമേണ മാറ്റുകയോ തിരുത്തുകയോ ആണ് ഇസ്‌ലാം ചെയ്തത്. ഖുര്‍ആന്റെയും സുന്നത്തിന്റെയും തത്ത്വങ്ങള്‍ക്ക് അനുസൃതമായി പരമ്പരാഗത നിയമങ്ങളെ മാറ്റുകയോ റദ്ദാക്കുകയോ ചെയ്തു എന്നര്‍ഥം. അങ്ങനെ മാറ്റുന്നതിനും തിരുത്തുന്നതിനും ഒരു മുന്‍ഗണനാ ക്രമവുമുണ്ടായിരുന്നു. ഇത് പൂര്‍ത്തിയാകാന്‍ 23 വര്‍ഷമെടുത്തു.
 
പരമ്പരാഗത ആചാരങ്ങളില്‍ ആദ്യം പുറന്തള്ളപ്പെട്ടത് ബിംബപൂജയായിരുന്നു. ബിംബാരാധന നിരുപാധികം നിരോധിച്ചു. ദൈവത്തിന്റെ ഏകത്വത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ല. അവന്റെ അധികാരാവകാശങ്ങളില്‍ മറ്റാരെയും പങ്കുകാരാക്കിക്കൂടാ. ഇസ്‌ലാമിക വിശ്വാസക്രമത്തിന്റെ മറ്റൊരു അടിസ്ഥാന സ്വഭാവവും തുടക്കത്തില്‍ തന്നെ പ്രകടമായിരുന്നു. പരലോകത്തിലുള്ള വിശ്വാസമായിരുന്നു അത്. ഇസ്‌ലാമിന്റെ പ്രപഞ്ച വീക്ഷണം ഇഹലോകത്തില്‍ പരിമിതമല്ല; ഇഹലോക ജീവിതാനന്തരമുള്ള ഒരു മറുലോകത്തെയും അത് ഉള്‍ക്കൊള്ളുന്നു. മനുഷ്യന്‍ മരിച്ച് മണ്ണടിഞ്ഞ ശേഷം വീണ്ടും ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടും. ആയുസ്സ് എന്തിനുവേണ്ടി വിനിയോഗിച്ചു എന്ന് ഓരോരുത്തരോടും പ്രപഞ്ചനാഥന്‍ ചോദിക്കും. ഉത്തരം പറയാന്‍ ഓരോ ആളും ബാധ്യസ്ഥനാണ്. അതിനനുസരിച്ച് മനുഷ്യന് രക്ഷാശിക്ഷകള്‍ നല്‍കപ്പെടും.
 
പരലോകം, ഉയിര്‍ത്തെഴുന്നേല്‍പ്പുനാള്‍ എന്നിവയിലുള്ള വിശ്വാസം ഇസ്‌ലാമിക വിശ്വാസക്രമത്തിന്റെ അവിഭാജ്യ ഘടകമാണ്. നാം ഏകനായ ദൈവത്തിലാണ് വിശ്വസിക്കുന്നതെങ്കില്‍ അവനോട് ചില കടപ്പാടുകള്‍ ഉണ്ട് നമുക്ക്. അതെങ്ങനെ നിര്‍വഹിക്കും? ദൈവം നമ്മെ ആശ്രയിച്ചല്ല, നാം ദൈവത്തെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത് എന്നാദ്യം മനസ്സിലാക്കണം. അതിനാല്‍ നമുക്ക് നന്ദിബോധമുണ്ടാകണം, അത് പ്രകടിപ്പിക്കുകയും വേണം. പ്രാര്‍ഥന അതിന്നുള്ള ഒരു വഴിയാണ്. ആദ്യ കാലത്ത് ഇത്തരം ചില അടിസ്ഥാന വിശ്വാസങ്ങളും പ്രാര്‍ഥന പോലുള്ള ചില അനുഷ്ഠാനങ്ങളുമാണുണ്ടായിരുന്നത്. ബാക്കിയൊക്കെ കാലക്രമേണ വന്നുചേര്‍ന്നതാണ്.
 
ഖുര്‍ആനും ഹദീസും ഇസ്‌ലാമിക നിയമത്തിന്റെ മുഖ്യസ്രോതസ്സുകളാണെന്ന് നാം പറഞ്ഞു. തുടക്കത്തില്‍ മക്കയിലെ ആചാരങ്ങളും അതിന്റെ സ്രോതസ്സായി നിലനില്‍ക്കുകയുണ്ടായി. പക്ഷേ അത് താല്‍ക്കാലികം മാത്രമായിരുന്നു. ഖുര്‍ആനിലും സുന്നത്തിലും ശാശ്വതസ്വഭാവമുള്ള വിധികള്‍ വരുന്ന മുറക്ക് മക്കന്‍ ആചാരങ്ങള്‍ ഓരോന്നായി റദ്ദായിക്കൊണ്ടിരുന്നു. അപ്പോഴും ഈ താല്‍ക്കാലിക ആചാരങ്ങളെ സ്വീകരിക്കുക ആദ്യകാല മുസ്‌ലിംകള്‍ക്ക് നിര്‍ബന്ധമുള്ള കാര്യമായിരുന്നില്ല. നേരത്തെ നാം, യമനിലേക്ക് ദൂതനായി നിയോഗിക്കപ്പെട്ട പ്രവാചക ശിഷ്യന്‍ മുആദ് ബ്‌നു ജബലിന്റെ സംഭവം പരാമര്‍ശിച്ചതില്‍ നിന്ന് ബൗദ്ധികാന്വേഷണ (ഇജ്തിഹാദ്) വും ഇസ്‌ലാമിക നിയമത്തിന്റെ ഒരു മൂന്നാം സ്രോതസ്സാണെന്ന് വരുന്നു.
 
ഫിഖ്ഹ് ഗ്രന്ഥങ്ങളില്‍ നിങ്ങള്‍ക്ക് മറ്റൊരു സ്രോതസ്സിനെക്കൂടി പരിചയപ്പെടാം. ഇജ്മാഅ് എന്നാണതിന് പേര്. അതായത്, ഒരു പ്രശ്‌നത്തില്‍ ഇസ്‌ലാമിക പണ്ഡിതന്മാരുടെ സമവായമോ ഏകാഭിപ്രായമോ. പ്രവാചകന്‍ ജീവിച്ചിരിക്കുന്ന കാലത്ത് ഇത് പ്രസക്തമായിരുന്നില്ല. ഏത് പ്രശ്‌നവും പ്രവാചകനോട് തന്നെ ചോദിക്കാമല്ലോ. അതിലൊക്കെയും പ്രവാചകന്റേതാവും അവസാന വാക്ക്. അതിനാല്‍ പ്രവാചകന്റെ ജീവിത കാലത്ത് പണ്ഡിതന്മാര്‍ ഏകാഭിപ്രായത്തിലെത്തുക എന്ന പ്രശ്‌നം തന്നെ ഉത്ഭവിക്കുന്നില്ല.
 
പ്രവാചകന്റെ കാലത്തും ഇന്നും പ്രസക്തമായ ഒരു നിയമസ്രോതസ്സാണ് മുആഹദ, അഥവാ ഇരുകക്ഷികള്‍ തമ്മില്‍ ഒപ്പുവെക്കുന്ന കരാറുകള്‍. നാമൊരു വിഭാഗവുമായി കരാറില്‍ ഏര്‍പ്പെടുകയാണെങ്കില്‍ കരാറിന്റെ കാലാവധി തീരുംവരെ അതിലെ വ്യവസ്ഥകള്‍ പാലിക്കാന്‍ ഇരുകൂട്ടരും ബാധ്യസ്ഥരാണ്. അങ്ങനെ അതും ഒരു നിയമസ്രോതസ്സായി മാറുന്നു. കരാറിലെ പരിധികളും പരിമിതികളുമൊക്കെ കരാര്‍ കാലാവധി തീരും വരെയെങ്കിലും പാലിക്കപ്പെടേണ്ട നിയമങ്ങളായി തുടരും.
 
തത്തുല്യമായത് തിരിച്ചുനല്‍കലും (Reciprocity) ഒരു നിയമസ്രോതസ്സാണ്. പ്രവാചകന്റെ ജീവിതകാലത്ത് അതിനൊരു ഉദാഹരണം തെരഞ്ഞാല്‍ കണ്ടെത്തണമെന്നില്ല. ഖലീഫ ഉമറി(റ)ന്റെ കാലത്തെ ഒരു സംഭവം പറയാം. ഒരിക്കല്‍ ഒരു അതിര്‍ത്തി പ്രവിശ്യയിലെ ഗവര്‍ണര്‍ ഉമറിന് കത്തയച്ചു: ''ബൈസന്തിയയില്‍ നിന്ന് കുറച്ച് കച്ചവടക്കാര്‍ ഇങ്ങോട്ട് വരണമെന്ന് ആഗ്രഹിക്കുന്നു. വ്യാപാരമാണ് ലക്ഷ്യം. അവര്‍ക്ക് നാം നികുതി ചുമത്തണമല്ലോ. പക്ഷേ ഖുര്‍ആനിലും തിരുസുന്നത്തിലും അത്തരം നികുതികളെക്കുറിച്ചൊന്നും പറഞ്ഞുകാണുന്നില്ല. ഞാനെന്ത് ചെയ്യണം?''
 
ഉമറിന്റെ മറുപടി: ''നമ്മുടെ കച്ചവടക്കാര്‍ ബൈസന്തിയയില്‍ പോകുമ്പോള്‍ അവിടത്തെ ഭരണകൂടം അവരുടെ മേല്‍ ഒരു നികുതി ചുമത്തുന്നുണ്ടല്ലോ. അതേ നികുതി ഇവിടെയും ചുമത്തുക.'' ഇതാണ് 'തത്തുല്യമായത് തിരിച്ചുനല്‍കല്‍.' ഇക്കാര്യത്തില്‍ ബൈസന്തിയയുമായി ധാരണകളൊന്നും ഉണ്ടാക്കിയിട്ടില്ല. അവിടെ ചെയ്യുന്നത് പോലെ ഇവിടെയും ചെയ്യുക എന്നൊരു തത്ത്വം ഉണ്ടാക്കിയെടുക്കുകയാണ് ചെയ്യുന്നത്.
 
ഖുര്‍ആനില്‍ തന്നെ മറ്റൊരു സ്രോതസ്സിനെക്കുറിച്ചുകൂടി പറയുന്നുണ്ട്. അല്‍അന്‍ആം അധ്യായത്തില്‍ 25 പ്രവാചകന്മാരുടെ പേരെടുത്ത് പറഞ്ഞ ശേഷം ഇങ്ങനെയൊരു വചനമുണ്ട്: ''അല്ലാഹു നേര്‍മാര്‍ഗത്തിലാക്കിയ പ്രവാചകന്മാര്‍ തന്നെയാണവര്‍. അവരുടെ മാര്‍ഗദര്‍ശനത്തെ നീ പിന്തുടരുക'' (6:90). ചരിത്രപരമായി നോക്കുകയാണെങ്കില്‍ ഈ സൂക്തം നല്‍കുന്ന സന്ദേശം, ആദം (അ) മുതല്‍ മുഹമ്മദ് (സ) വരെയുള്ള സകല പ്രവാചകന്മാരുടെയും മാര്‍ഗനിര്‍ദേശങ്ങള്‍ മുസ്‌ലിംകള്‍ സ്വീകരിക്കേണ്ടതുണ്ട് എന്നാണ്. പ്രവാചകന്മാര്‍ക്കിടയില്‍ വിവേചനമരുത് എന്നുമുണ്ടല്ലോ മറ്റൊരു സൂക്തത്തില്‍. അതായത് മുഹമ്മദ് നബിക്ക് നല്‍കിയ നിയമങ്ങളോട് നാം കാണിക്കുന്ന അതേ ആദരവ് മറ്റു പ്രവാചകന്മാര്‍ക്ക് നല്‍കിയ നിയമങ്ങളോടും കാണിക്കണമെന്നര്‍ഥം. കാരണം ഇതെല്ലാം അല്ലാഹുവിന്റെ നിയമങ്ങള്‍ തന്നെയാണ്. ഖുര്‍ആന്‍ പറയുന്നു: ''തന്റെ നാഥങ്കല്‍ നിന്ന് തനിക്ക് ഇറക്കപ്പെട്ടതില്‍ ദൂതന്‍ വിശ്വസിച്ചു. സത്യവിശ്വാസികളും അതില്‍ വിശ്വസിച്ചു. അവരെല്ലാവരും അല്ലാഹുവിലും അവന്റെ മലക്കുകളിലും അവന്റെ ഗ്രന്ഥങ്ങളിലും അവന്റെ ദൂതന്മാരിലും വിശ്വസിച്ചു. അവന്റെ ദൂതന്മാരില്‍ ആര്‍ക്കിടയിലും ഞങ്ങള്‍ വിവേചനം കല്‍പ്പിക്കുന്നില്ല എന്നും, ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യുന്നു എന്നും അവര്‍ പറഞ്ഞു'' (2:285).
 
അല്ലാഹുവാണ് നിയമദാതാവ്. അവന്‍ ആദമിനും മൂസക്കും ചില നിയമങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കില്‍ അവന് മാത്രമേ ആ നിയമങ്ങളെ മാറ്റാനും തിരുത്താനുമുള്ള അധികാരമുള്ളൂ. മുന്‍കാല പ്രവാചകന്മാര്‍ക്ക് നല്‍കിയ ചില നിയമങ്ങള്‍ താങ്കള്‍ക്ക് ബാധകമല്ല എന്ന് മുഹമ്മദ് നബി(സ)യെ അല്ലാഹു ഉണര്‍ത്തിയിട്ടുണ്ടെങ്കില്‍ ആ പൂര്‍വകാല നിയമങ്ങള്‍ പ്രാബല്യത്തിലില്ലെന്നും പകരം പുതിയ നിയമങ്ങള്‍ ഉണ്ടെന്നും മനസ്സിലാക്കാം. ആ പ്രവാചകന്മാരും പിന്തുടരപ്പെടേണ്ടവര്‍ തന്നെയാണ്. മുന്‍കാല പ്രവാചകന്മാര്‍ക്ക് നല്‍കപ്പെട്ട നിയമങ്ങളെക്കുറിച്ച് നമുക്ക് ആധികാരികമായ വിവരങ്ങള്‍ ഉണ്ടായിരിക്കണമെന്ന് മാത്രം. ഇബ്‌റാഹീം, മൂസ പ്രവാചകന്മാരുടെ കാലത്തുണ്ടായിരുന്ന നിയമങ്ങളെ ജൂത-ക്രൈസ്തവ വിഭാഗങ്ങള്‍ വളച്ചൊടിച്ചതായും അങ്ങനെ വേദങ്ങളെ വികൃതമാക്കിയതായും ഖുര്‍ആനില്‍ തന്നെ പലേടത്തായി പരാമര്‍ശിക്കുന്നുണ്ട്. അപ്പോള്‍ ആ പ്രവാചകന്മാരില്‍ നിന്നുള്ള നിയമങ്ങള്‍ അവലംബിക്കാവുന്ന സ്രോതസ്സുകള്‍ വഴി നമുക്ക് ലഭിച്ചിട്ടില്ലെങ്കില്‍ അവയനുസരിച്ച് പ്രവര്‍ത്തിക്കാന്‍ നാം ബാധ്യസ്ഥരല്ല എന്നര്‍ഥം.
 
മുന്‍കാല പ്രവാചകന്മാരുടെ വേദങ്ങളെയും നിയമസ്രോതസ്സായി നാം എണ്ണുകയാണ്. ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കാം. ഖുര്‍ആനിലെ അന്നൂര്‍ അധ്യായത്തില്‍ വ്യഭിചാരത്തിന് നൂറ് അടിയാണ് ശിക്ഷ എന്നുപറയുന്നുണ്ട്. പക്ഷേ പ്രവാചക ചരിത്രം പരിശോധിക്കുമ്പോള്‍, വിവാഹിതരായവര്‍ നടത്തിയ വ്യഭിചാരത്തിന് വധശിക്ഷ നല്‍കിയതായി കാണാം. ഖുര്‍ആനില്‍ പരാമര്‍ശിക്കാത്ത ഈ വധശിക്ഷക്ക് എന്താണ് അടിസ്ഥാനം? ഖുര്‍ആനില്‍ നൂറ് അടി എന്നല്ലേ പറഞ്ഞത്, പിന്നെന്തിനാണ് കല്ലെറിഞ്ഞുകൊല്ലുന്നത് എന്ന് പലരും ചോദിക്കാറുണ്ട്. ഇതൊരു തെറ്റിദ്ധാരണയാണ്. കാര്യം അങ്ങനെയല്ല.
 
ഖുര്‍ആന്‍ സൂക്ഷ്മമായി വായിച്ചാല്‍ അത് വ്യംഗ്യമായി വധശിക്ഷക്ക് അനുവാദം നല്‍കിയതായി കാണാം. മുന്‍കാല പ്രവാചകന്മാരുടെ പ്രവൃത്തികള്‍ പിന്തുടരുക എന്ന് ഖുര്‍ആന്‍ നമ്മോട് പറഞ്ഞിട്ടുള്ളതാണല്ലോ. കല്ലെറിഞ്ഞു കൊല്ലുക എന്നത് തൗറാത്തിലും ഇഞ്ചീലിലും പറഞ്ഞ ശിക്ഷയാണ്. ഇന്ന് ജൂത-ക്രൈസ്തവ വിഭാഗങ്ങളുടെ കൈയിലുള്ള വേദങ്ങളില്‍ പോലും ഈ നിയമം കാണപ്പെടുന്നുണ്ട്. അങ്ങനെയൊരു നിയമം നിലവിലുണ്ടെന്ന് പ്രവാചകന്‍ ഉറപ്പ്‌വരുത്തുകയും ചെയ്തു. ഖുര്‍ആന്‍ ഈ നിയമം പരാമര്‍ശിച്ചില്ല എന്നതിനര്‍ഥം അത് റദ്ദായിപ്പോയിട്ടില്ല എന്ന് കൂടിയാണ്. അത്തരം നിയമങ്ങള്‍ക്ക് വിരുദ്ധമായ പരാമര്‍ശങ്ങളൊന്നുമില്ലെങ്കില്‍ ആ നിയമങ്ങള്‍ നിലനില്‍ക്കുന്നു എന്ന് മനസ്സിലാക്കാം. നമ്മളുണ്ടാക്കിയതല്ലല്ലോ ആ നിയമം. ദൈവം ഉണ്ടാക്കിയതാണ്. അതിനാലത് നിലനില്‍ക്കും. നാമവ അനുസരിക്കാന്‍ ബാധ്യസ്ഥരുമാണ്. വിവാഹിതരായ സ്ത്രീപുരുഷന്മാര്‍ വ്യഭിചരിച്ചാല്‍ കല്ലെറിഞ്ഞു കൊല്ലണമെന്ന് തൗറാത്ത് വ്യക്തമായി പറയുന്നുണ്ട്. വ്യഭിചാരികള്‍ അവിവാഹിതരാണെങ്കില്‍ പിഴ കൊടുത്താല്‍ മതി.
 
തൗറാത്തിലെ, പിഴ കൊടുത്താല്‍ മതി എന്ന നിയമമാണ് ഖുര്‍ആന്‍ റദ്ദ് ചെയ്തത്. പിഴ മാത്രം ചുമത്തിയാല്‍ അത് അധാര്‍മിക വൃത്തിക്കുള്ള പ്രോത്സാഹനമായിത്തീരും. അതിനാല്‍ കുറെക്കൂടി കര്‍ക്കശമായ നിയമം ആവശ്യമായി വന്നു. അങ്ങനെയാണ് അവിവാഹിതരായ വ്യഭിചാരികള്‍ക്കുള്ള ശിക്ഷ നൂറ് അടിയാക്കിയത്. ഇവിടെ നിയമത്തിന്റെ ഒരു ഭാഗം നിലനിര്‍ത്തുകയും മറ്റേ ഭാഗം ഭേദഗതി ചെയ്യുകയുമാണുണ്ടായത്. ഈ രണ്ട് പ്രവൃത്തിക്കും നിയമാംഗീകാരമുണ്ട്. ഇങ്ങനെയാണ് പൂര്‍വകാല പ്രവാചകന്മാരുടെ നിയമങ്ങള്‍ നമുക്കും ബാധകമാവുന്നത്; ആ നിയമങ്ങള്‍ ലഭിച്ചിരിക്കുന്നത് ആധികാരികമായ വഴികളിലൂടെയാവുക, ഖുര്‍ആന്‍ അവ ഭേദഗതി ചെയ്യുകയോ തിരുത്തുകയോ റദ്ദ് ചെയ്യുകയോ ചെയ്യാതിരിക്കുക എന്നീ ഉപാധികളോടെ.
 
(തുടരും)