Click to view this issue
Friday, February 22, 2019
News Update
 

1434 ജമാദുല്‍ അവ്വല്‍ 04

2013 മാര്‍ച്ച് 16

പുസ്തകം 69 ലക്കം 40

2014-ല്‍ സ്‌ഫോടനങ്ങളുടെ രാഷ്ട്രീയം?

ഇഹ്‌സാന്‍‌

നരേന്ദ്ര മോഡിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്ന രാഷ്ട്രീയ തീരുമാനവുമായാണ് ബി.ജെ.പി മുന്നോട്ടു പോകുന്നത്. വാജ്‌പേയിക്കും അദ്വാനിക്കും ശേഷമുള്ള കാലത്ത്, കോണ്‍ഗ്രസിനു മുമ്പില്‍ വിഷയങ്ങള്‍...

 
 

നരേന്ദ്ര മോഡിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്ന രാഷ്ട്രീയ തീരുമാനവുമായാണ് ബി.ജെ.പി മുന്നോട്ടു പോകുന്നത്. വാജ്‌പേയിക്കും അദ്വാനിക്കും ശേഷമുള്ള കാലത്ത്, കോണ്‍ഗ്രസിനു മുമ്പില്‍ വിഷയങ്ങള്‍ നഷ്ടപ്പെട്ടു തുടങ്ങിയ പാര്‍ട്ടിക്ക് അതല്ലാത്ത മറ്റൊരു സാധ്യതയും ഉണ്ടായിരുന്നില്ല. അഴിമതിയെ ചൊല്ലി കോണ്‍ഗ്രസിനെ കുറ്റം പറയുമ്പോള്‍ തന്നെ രണ്ട് ദേശീയ അധ്യക്ഷന്മാരെ അഴിമതിക്കാരായതിന്റെ പേരില്‍ സ്ഥാനത്തു നിന്നും താെഴയിറക്കേണ്ടി വന്ന പാര്‍ട്ടിയാണ് ബി.ജെ.പി. അഫ്‌സലിനെയും കസബിനെയും തൂക്കിലേറ്റി ഭീകരതയുടെ കാര്യത്തില്‍ കോണ്‍ഗ്രസുകാര്‍ ബി.ജെ.പിയെ കടത്തിവെട്ടുക കൂടി ചെയ്തതോടെ 2014-ലെ പൊതുതെരഞ്ഞെടുപ്പ് ഒരുതരം ശൂന്യതയാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. കസബോ അഫ്‌സലോ ജീവിച്ചിരുന്നുവെങ്കില്‍ ഇതാകുമായിരുന്നില്ല ചിത്രം. മോഡി എന്ന അവസാനത്തെ ആയുധം യുദ്ധത്തിന്റെ തുടക്കത്തില്‍ തന്നെ പയറ്റാന്‍ ബി.ജെ.പി നിര്‍ബന്ധിതമാകുന്നത് ഈ സാഹചര്യത്തിലാണ്. ഗുജറാത്തിലെ സവിശേഷമായ സാമുദായിക-വര്‍ഗീയ സാഹചര്യങ്ങളുടെ സൃഷ്ടി മാത്രമായ, ചില താപ്പാനകളുടെ കീശവീര്‍പ്പിച്ചു കൊടുക്കുന്ന ഒരു പ്രത്യേക സാമ്പത്തിക വ്യവസ്ഥയുടെ ഉപജ്ഞാതാവായ മോഡിയെ രണ്ടും കല്‍പ്പിച്ച് ദേശീയ നേതാവിന്റെ കുപ്പായമണിയിക്കുമ്പോള്‍ അദ്ദേഹത്തിലെ ഭരണാധികാരിയെയാണ് ബി.ജെ.പി ഉയര്‍ത്തിക്കാട്ടുന്നതെന്ന് ആരും വിശ്വസിക്കുന്നില്ല. കാരണം മറ്റൊന്നുമല്ല. രമണ്‍ സിംഗിനും ശിവരാജ് സിംഗ് ചൗഹാനുമില്ലാത്ത അസാധാരണമായ മറ്റൊരു വികസന മുഖവും മോഡിക്കു മാത്രമായി ഇല്ല. രമണ്‍ സിംഗും ചൗഹാനുമൊക്കെ തങ്ങളുടെ സംസ്ഥാനങ്ങളില്‍ തുടര്‍ച്ചയായി തെരഞ്ഞെടുപ്പ് ജയിക്കുന്നുണ്ടല്ലോ.

 
ആര്‍.എസ്.എസ്സിന്റെ ഉത്തരവിന്‍പടി 2006-ല്‍ തന്നെ നരേന്ദ്ര മോഡിയെ ബി.ജെ.പിയുടെ പാര്‍ലമെന്റ് ബോര്‍ഡിലേക്കു നാമനിര്‍ദേശം ചെയ്തിരുന്നുവെന്ന കഥ ഇപ്പോള്‍ എത്ര പേര്‍ ഓര്‍ക്കുന്നുണ്ട്? മോഡി ദല്‍ഹിയിലേക്കു വന്നാല്‍ തങ്ങളുടെ കസേരകള്‍ ഇളകുമെന്ന് ഭയന്ന രാജ്‌നാഥും അദ്വാനിയും, കൂടെ നില്‍ക്കുന്നവരെ പോലും കിട്ടുന്ന അവസരത്തില്‍ കൊല്ലിച്ചും തകര്‍ത്തും ഗുജറാത്തില്‍ സ്വന്തത്തെ സംരക്ഷിക്കുന്ന 'മോഡിത്വം' മരണമണിയാണെന്നു കണ്ട ദല്‍ഹിയിലെ രണ്ടാം നിര നേതാക്കളും ചേര്‍ന്നാണ് അന്ന് ഇദ്ദേഹത്തെ അഹ്മദാബാദിലേക്കു തന്നെ ഓടിച്ചു വിട്ടത്. മുഖ്യമന്ത്രിമാരുടെ കൂട്ടത്തില്‍ നിന്നും മോഡിയെ മാത്രമായി പാര്‍ലമെന്റി ബോര്‍ഡില്‍ എടുക്കാനാവില്ലെന്ന സാങ്കേതികത്വമായിരുന്നു പുറത്തു പറഞ്ഞ കാരണം. ഇന്ന് മോഡിയെ പാര്‍ലമെന്റി ബോര്‍ഡിലെടുക്കുമ്പോള്‍ ചൗഹാനും രമണ്‍ സിംഗിനും മനോഹര്‍ പരിക്കര്‍ക്കും ദേശീയ തലത്തില്‍ 'വലിയ ഉത്തരവാദിത്വം' നല്‍കുന്നതിനെ കുറിച്ച ഒരു പരാമര്‍ശവും രാജ്‌നാഥ് സിംഗ് നടത്തിയിട്ടില്ല. പാര്‍ട്ടിക്കകത്ത് നിന്ന് കാര്യം പറയുന്നതിന്റെ 'അദ്വാനിയന്‍' ശൈലിയില്‍ ഇതിനെ വീക്ഷിച്ചാല്‍ ദല്‍ഹിയിലെ നാഷ്‌നല്‍ കൗണ്‍സില്‍ യോഗത്തിലെ അദ്ദേഹത്തിന്റെ പ്രസംഗം വാചാലമായ സൂചനകളാണ് നല്‍കുന്നത്. മോഡി ദല്‍ഹിയിലേക്കു വരുന്നതിനെ അദ്വാനി ഇപ്പോഴും അംഗീകരിക്കുന്നില്ലെന്നതിന്റെ എമ്പാടും സൂചനകള്‍ ആ പ്രസംഗത്തിലുണ്ട്. മറ്റുള്ള മുഖ്യമന്ത്രിമാരെ കുറിച്ചു പറഞ്ഞ കാര്യങ്ങളേ അദ്വാനി മോഡിയെ കുറിച്ചും പറഞ്ഞുള്ളൂ. പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആരെയും ഉയര്‍ത്തിക്കാട്ടിയില്ല. പക്ഷേ സുഷമാ സ്വരാജിനെ കുറിച്ച് അദ്വാനി പറഞ്ഞത് ദേശീയ നിലവാരത്തില്‍ മനസ്സിലാക്കേണ്ട പരാമര്‍ശങ്ങളായിരുന്നു. മറുഭാഗത്ത് സ്തുതിപാഠകരാവാന്‍ വിധിക്കപ്പെട്ടവര്‍ മോഡിക്കു വേണ്ടി വാക്കുകളന്വേഷിച്ച് ബുദ്ധിമുട്ടി. ബി.ജെ.പി ദല്‍ഹി ഘടകം അധ്യക്ഷനായ വിജയ് ഗോയല്‍ ഉദാഹണം. 'രാജ്യത്തിന്റെ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗല്ല മോഡിയാണെന്ന് ഇപ്പോള്‍ തന്നെ തോന്നാന്‍ തുടങ്ങിയിരിക്കുന്നു' എന്നായിരുന്നു ഗോയലിന്റെ സ്തുതിവചസ്സുകള്‍.
 
മോഡിയെ മുന്നില്‍ നിര്‍ത്താനുള്ള ബി.ജെ.പിയുടെ നീക്കം വളരെ അപകടകരമായ സൂചനകളാണ് ബാക്കിയാക്കുന്നത്. അയോധ്യ, ധാര്‍, ചാര്‍മിനാര്‍ മുതലായ എല്ലാ പഴയ മന്ദിര്‍ മസ്ജിദ് വിവാദങ്ങളും വി.എച്ച്.പി ഇതിനകം ഏറ്റുപിടിച്ചിട്ടുണ്ടെങ്കിലും അവയെക്കാളെല്ലാം ഫലമുണ്ടാക്കുക 'ഭീകരത'യുമായി ബന്ധപ്പെട്ട നിഴല്‍യുദ്ധമായിരിക്കും. മോഡിയെ മുന്നില്‍ വെച്ച് പാര്‍ട്ടി കോണ്‍ഗ്രസ്സിനെതിരെ നടത്താന്‍ ആഗ്രഹിച്ച ആക്രമണത്തിലെ രണ്ട് ചാവേറുകളാണ് തൂക്കുമരങ്ങളില്‍ അവസാനിച്ചത്. അവര്‍ ജീവിച്ചിരുന്നുവെങ്കില്‍ പൊതുതെരഞ്ഞെടുപ്പില്‍ മോഡിയുടെ നാവ് ഒരു കൊടുങ്കാറ്റായി ആഞ്ഞടിക്കുകയും ഇന്ത്യയിലുടനീളം വര്‍ഗീയതയുടെ പുതിയ 'ജി.എം' വിത്തുകള്‍ വാരിവിതറുകയും ചെയ്‌തേനെ. ആ അപകടം ഇപ്പോഴും ബാക്കിയുണ്ടെന്നാണ് ഹൈദരാബാദ് സ്‌ഫോടനം നല്‍കുന്ന സൂചന. ഈ സ്‌ഫോടനത്തിനു ശേഷം വലതുപക്ഷ മാധ്യമങ്ങള്‍ കൂട്ടത്തോടെ വിതച്ച വിഷപ്രചാരണം തന്നെയാണ് 2014-ലെ പൊതുതെരഞ്ഞെടുപ്പിന്റെ നിലപാടുതറയാകാന്‍ പോകുന്നത്. ഇന്ത്യന്‍ ഭീകരാക്രമണങ്ങളുടെ ചിത്രം പരിശോധിക്കുമ്പോള്‍ തീര്‍ച്ചയായും ഈ സംശയം അസ്ഥാനത്തല്ല. സ്‌ഫോടനങ്ങള്‍ കൂടുതല്‍ അപകടകരമായ രീതിയില്‍ പ്രത്യക്ഷപ്പെട്ടേക്കാവുന്ന സാഹചര്യമാണ് ഷിന്‍ഡെയുടെ മാപ്പുപറയലിനു ശേഷം രാജ്യത്ത് ഉയര്‍ന്നു വരുന്നത്. അറസ്റ്റിലായ അസീമാനന്ദയും കേണല്‍ പുരോഹിതും ലോകേഷ് ശര്‍മയും ഭീകരാക്രമണത്തിന് നല്‍കിയ 'ബ്രേക്ക് ത്രൂ' അവസാനിച്ചിരിക്കുന്നു. ഇത്തരം സ്‌ഫോടനങ്ങള്‍ സംഘടിപ്പിക്കാന്‍ ശേഷിയുള്ളവര്‍ സംഘ്പരിവാറിനകത്ത് എമ്പാടുമുള്ള സ്ഥിതിക്കും സുശീല്‍ കുമാര്‍ ഷിന്‍ഡെ മുട്ടിലിഴയാന്‍ തുടങ്ങിയ സാഹചര്യത്തിലും അടുത്ത തെരഞ്ഞെടുപ്പിനെ മോഡി നയിക്കാന്‍ പോകുന്നത് ഏത് കോണിലൂടെയായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
 
നരേന്ദ്ര മോഡിയുടെ ഈ സ്ഥാനാരോഹണം കോണ്‍ഗ്രസ് മോഹിച്ചതും കൂടിയായിരുന്നു. മറുപക്ഷത്ത് മോഡി നിന്നാല്‍ ന്യൂനപക്ഷങ്ങള്‍ പേടിച്ച് കോണ്‍ഗ്രസ്സിന്റെ കൊട്ടയില്‍ വോട്ടു തട്ടിത്തരുമെന്നായിരുന്നു അവരുടെ കണക്കു കൂട്ടല്‍. പക്ഷേ, സ്‌ഫോടനങ്ങളുടെ രാഷ്ട്രീയമാണ് സംഘ് പരിവാര്‍ കളിക്കാനൊരുങ്ങുന്നതെങ്കില്‍ കോണ്‍ഗ്രസിന് ഉള്ള വോട്ടും കൂടി പോവുകയാണ് ചെയ്യുക. പ്രത്യേകിച്ചും ഷിന്‍ഡെയാണ് ആഭ്യന്തരമന്ത്രി കസേരയില്‍ ഉള്ളതെങ്കില്‍.