Click to view this issue
Wednesday, April 24, 2019
News Update
 

1434

2013 അറബ്‌വസന്തം സ്‌പെഷ്യല്‍

പുസ്തകം 2013 ലക്കം 0

ആഫ്രോ-അറബ് ഉയര്‍ത്തെഴുന്നേല്‍പ്പുകള്‍: പാശ്ചാത്യ കേന്ദ്രവാദത്തിനും മാര്‍ക്സിസ്റ് ആകുലതകള്‍ക്കുമപ്പുറം

കെ. കെ. ബാബുരാജ്‌‌

2010 ഡിസംബര്‍ മുതല്‍ വടക്കന്‍ ആഫ്രിക്കന്‍ നാടുകളിലും മധ്യപൂര്‍വേഷ്യയിലും നടന്ന ജനകീയ ഉയര്‍ത്തെഴുന്നേല്‍പുകളാണ് അറബ് വസന്തമായി അറിയപ്പെടുന്നത്. ഇവയെ പാശ്ചാത്യ കേന്ദ്രവാദത്തിനും മാര്‍ക്‌സിസ്റ്റ്...

 
 

2010 ഡിസംബര്‍ മുതല്‍ വടക്കന്‍ ആഫ്രിക്കന്‍ നാടുകളിലും മധ്യപൂര്‍വേഷ്യയിലും നടന്ന ജനകീയ ഉയര്‍ത്തെഴുന്നേല്‍പുകളാണ് അറബ് വസന്തമായി അറിയപ്പെടുന്നത്. ഇവയെ പാശ്ചാത്യ കേന്ദ്രവാദത്തിനും മാര്‍ക്‌സിസ്റ്റ് വര്‍ഗസിദ്ധാന്തത്തിനും വിധേയമായി ചിത്രീകരിച്ച് അസാധുവാക്കാനാണ് അന്തര്‍ദേശീയ മാധ്യമങ്ങളും മാര്‍ക്‌സിസ്റ്റ് ഗ്രൂപ്പുകളും ശ്രമിക്കുന്നത്. തന്മൂലം, ഇത്തരം പ്രചാരണ പരിപാടികളെ പ്രതിരോധിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള ചര്‍ച്ചകളും സംവാദങ്ങളും ഈ പ്രക്ഷോഭങ്ങളെ പിന്തുണക്കുന്നവരുടെ ഭാഗത്തുനിന്നും ആരംഭിച്ചിട്ടുണ്ട്.

 
'ഫോറിന്‍പോളിസി' (എഫ്.പി) എന്ന അമേരിക്കന്‍ ജേര്‍ണലാണ് അറബ് വസന്തമെന്ന പേര് ആദ്യമായി ഉപയോഗിച്ചത്. ഈ പേര് തന്നെ പ്രശ്‌ന സങ്കീര്‍ണമാണെന്ന് വാദിക്കപ്പെടുന്നു. കാരണം, അറബ് ഭാഷാ ദേശീയതകള്‍ക്കുള്ളില്‍ നടന്ന സംഭവങ്ങളെ മാത്രമേ ഈ പേര് ഉള്‍ക്കൊള്ളുന്നുള്ളൂ. അറബ് വസന്തം നടന്നത് മുഖ്യമായും തുനീഷ്യ, ഈജിപ്ത്, അംഗോള, സിറിയ, യമന്‍, ലിബിയ മുതലായ ആഫ്രിക്കന്‍ നാടുകളിലും മധ്യപൂര്‍വേഷ്യയിലെ അറബ്-മഗ്‌രിബ് പ്രദേശങ്ങളിലുമാണ്. എന്നാല്‍ ആഫ്രിക്കയുടെ പ്രദേശപരമായ പ്രാതിനിധ്യത്തെയും അവിടത്തെ ജനങ്ങളുടെ ഇടപെടലുകളെയും നിഷേധിക്കുന്ന വിധത്തിലാണ് പല പ്രതികരണങ്ങളും രൂപപ്പെട്ടത്. ഇങ്ങനെയുള്ള ഒഴിവാക്കലുകളിലൂടെ 'ഇരുണ്ട ഭൂഖണ്ഡത്തില്‍' ജനാധിപത്യ പ്രക്ഷോഭങ്ങള്‍ നടക്കാന്‍ സാധ്യതയില്ലെന്ന പാശ്ചാത്യ മുന്‍വിധിയാണ് സാധൂകരിക്കപ്പെടുന്നതെന്ന് ആഫ്രിക്കക്കാരായ ചില സാമൂഹിക ചിന്തകര്‍ വിലയിരുത്തുന്നു.
 
1848 കളില്‍ നടന്ന 'ജനങ്ങളുടെ വസന്തകാലം' എന്നറിയപ്പെടുന്ന കലാപങ്ങളെയും 1968-ലെ 'പ്രാഗ്‌വസന്ത'ത്തെയും ഓര്‍മപ്പെടുത്തുന്നതാണ് അറബ് വസന്തം എന്ന പ്രയോഗം. ഇത്തരം ഓര്‍മകള്‍ക്ക് പിന്നിലെ രാഷ്ട്രീയമെന്നത് ആഫ്രോ-അറബ് ജനാധിപത്യ പ്രക്ഷോഭങ്ങള്‍ യൂറോപ്പിന്റെ പകര്‍ച്ചയും അനുകരണവുമാണെന്നും അതിനാല്‍തന്നെ നിതാന്തമായ കടപ്പാട് പുലര്‍ത്താന്‍ ബാധ്യതയുണ്ടെന്നതുമാണ്. തികച്ചും വ്യത്യസ്തമായ ചരിത്രസാഹചര്യങ്ങളിലും പ്രദേശങ്ങളിലും നടക്കുന്ന എല്ലാ സാമൂഹിക ചലനങ്ങളെയും യൂറോപ്പിന്റെ പ്രക്ഷോഭ പാരമ്പര്യവും ആശയലോകങ്ങളുമായി പൊരുത്തപ്പെടുത്തുന്ന നിയോഓറിയന്റലിസ്റ്റ് സമവാക്യങ്ങളാണ് മേല്‍പ്പറഞ്ഞ തരം കടപ്പാടിന്റെ മറുപുറത്തുള്ളതെന്ന തിരിച്ചറിവും ഇന്ന് ഉന്നയിക്കപ്പെടുന്നുണ്ട്.
 
2012 ജൂലൈ മാസത്തില്‍, ആഫ്രിക്കയിലും ഏഷ്യയിലും യൂറോപ്പിലുമുള്ള ബുദ്ധിജീവികളും ആക്ടിവിസ്റ്റുകളും ഈ ജനകീയ മുന്നേറ്റങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയില്‍ ഒത്തുചേരുകയുണ്ടായി. 'ആമെക്' (Afro-middle East) കോണ്‍ഫറന്‍സ് ഓണ്‍ 'മിന' (Middle East-North Africa Uprising) എന്നാണ് ഈ സമ്മേളനം അറിയപ്പെടുന്നത്. ഇതില്‍ പങ്കെടുത്ത ചില പ്രതിനിധികള്‍, അറബ് വസന്തമെന്ന പ്രയോഗത്തിലൂടെ സാമൂഹിക രാഷ്ട്രീയ സംഭവങ്ങള്‍ പ്രകൃതി പ്രതിഭാസം പോലെ മാറ്റപ്പെടുകയാണെന്ന് വിമര്‍ശിച്ചതായി ജോഹനസ് ബര്‍ഗില്‍ ഗവേഷണ വിദ്യാര്‍ഥിയായ കെ. അശ്‌റഫ് ചൂണ്ടിക്കാട്ടുന്നു. ഇതിലൂടെ സാമൂഹിക രൂപീകരണ പ്രക്രിയയില്‍ പങ്കെടുത്ത ബഹുജനങ്ങളും അവരുടെ പ്രസ്ഥാനങ്ങളും ആശയലോകങ്ങളും അദൃശ്യമാവുകയാണ് ഫലം. 'അറബ് വസന്തം കൊഴിഞ്ഞു' 'മാഞ്ഞു' 'വസന്തത്തിന്റെ നീക്കിയിരുപ്പുകള്‍' മുതലായ പ്രയോഗങ്ങള്‍ ആഗോള മാധ്യമങ്ങളുടെ തലക്കെട്ടാവുന്നതും സുദീര്‍ഘ കാലമായി തുടരുന്ന രാഷ്ട്രീയ പ്രവണതകളെ കാണാതിരിക്കുന്നതും ഇതിന്റെ പ്രതിഫലനമാണ്.
 
ആഫ്രോ-അറബ് ബഹുജന ഉയര്‍ത്തെഴുന്നേല്‍പുകള്‍ ജനാധിപത്യ പ്രക്ഷോഭങ്ങള്‍ക്ക് പുതിയൊരു ഭാഷയും വ്യാകരണവും നല്‍കിയെന്നതാണ് പരമപ്രധാനമായ കാര്യം. പാശ്ചാത്യ മാധ്യമങ്ങള്‍ ഒരു കാലത്തും വെള്ളക്കാരല്ലാത്തവര്‍ക്ക് ജനാധിപത്യ സമര പാരമ്പര്യമുണ്ടെന്ന് സമ്മതിക്കാന്‍ തയാറായിട്ടില്ലെന്ന് എല്ലാ ഷഹോട്ടും റോബര്‍ട്ട് സ്ട്രാമും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 'നമ്മുടേത്' ജനാധിപത്യ പ്രക്ഷോഭ പാരമ്പര്യം; 'അവരുടേത്' ഭീകരവാദം. ഈ നിലയിലാണ് അവര്‍ സാമൂഹിക ചലനങ്ങളെ വര്‍ഗീകരിക്കാറുള്ളത്. എന്നാല്‍, ഈ മുന്നേറ്റം നിരവധി ഭരണകൂടങ്ങളെ കടപുഴക്കിയതും സേഛാധിപത്യങ്ങളെ മുട്ടുകുത്തിച്ചതും ഭീകരവാദത്തിലൂടെയും ഗറില്ലാ യുദ്ധമുറകളിലൂടെയും അല്ലായിരുന്നു.
 
ഈജിപ്തിലെ 'സ്വാതന്ത്ര്യത്തിന്റെ സ്‌ക്വയറിലും' തുനീഷ്യയിലെ 'മാറ്റത്തിന്റെ സ്‌ക്വയറിലും' ദശലക്ഷക്കണക്കിന് പേര്‍ ആഴ്ചകളോളം രാത്രിയും പകലും തമ്പടിച്ചുകൊണ്ടാണ് സമരത്തെ നയിച്ചത്. ഈ സമരമുറ സൂചിപ്പിക്കുന്നത് പുതിയ കാലത്ത് ബഹുജനങ്ങള്‍ കര്‍ത്തൃത്വ ശക്തിയായി മാറുന്നതിനെയാണ്. യമനിലെ ഇസ്‌ലാമിക പ്രസ്ഥാന പ്രവര്‍ത്തകയായ തവുക്കല്‍ കര്‍മാന്‍ എന്ന വീട്ടമ്മ, ലോകത്തിന്റെ ആദരവും അംഗീകാരവും നേടിയെടുക്കുകയുണ്ടായി. വ്യത്യസ്തതകള്‍ക്ക് ഈ സമരം അനുവദിച്ചു കൊടുത്ത ഇടമാണ് ഇത്തരം സംഭവങ്ങളിലൂടെ വെളിപ്പെടുന്നത്. തീര്‍ച്ചയായും, യൂറോപ്പ് കണ്ടുപിടിച്ച ചരിത്ര വികാസത്തിന്റെ ആയുധങ്ങളായ ദേശീയവാദ യുദ്ധങ്ങള്‍ മുതല്‍ വര്‍ഗസമരം വരെയുള്ളവയെ ഉപയോഗിക്കാതെ നടന്ന ഈ സമരങ്ങള്‍ ബഹുത്വത്തെയും ന്യൂനപക്ഷ പദവികളെയും സംബന്ധിച്ച പുതിയ ഉള്‍ക്കാഴ്ചകളാണ് ലോകത്തിന് നല്‍കുന്നത്.
 
ആഫ്രോ-അറബ് ജനാധിപത്യ പ്രക്ഷോഭങ്ങള്‍ പാശ്ചാത്യ മാധ്യമങ്ങളുടെയും സാമൂഹിക വിശകലന ഉപാധികളുടെയും ഏകപക്ഷീയതയെ മാത്രമല്ല വെളിപ്പെടുത്തുന്നത്. നമ്മുടെ കാലഘട്ടത്തിലെ മാര്‍ക്‌സിസം-അത് ക്ലാസ്സിക്കലോ ഉദാരവാദപരമോ ആകട്ടെ- പാശ്ചാത്യകേന്ദ്രവാദത്തിന്റെ ഇരട്ട നാവാണെന്ന വസ്തുതയെ അത് അടിവരയിട്ടു തെളിയിച്ചു. സാമ്രാജ്യത്വവാദികള്‍ക്ക് എന്ന പോലെ കിഴക്കും പടിഞ്ഞാറുമുള്ള 'പുരോഗമന'കാരികളുടെയും പേടിസ്വപ്നങ്ങളായ അന്നഹ്ദയും മുസ്‌ലിം ബ്രദര്‍ഹുഡും കൂടുതല്‍ ദൃശ്യത നേടിയെന്നതാണ് ഈ പ്രക്ഷോഭങ്ങളുടെ പ്രധാനപ്പെട്ട വശം.
 
തുനീഷ്യയില്‍ ഗനൂശിയും ഈജിപ്തില്‍ മുര്‍സിയും അധികാരത്തിലേറിയതും ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക് കല്‍പിച്ചിരുന്ന അയിത്തം കുറഞ്ഞു വരുന്നതും ഏറ്റവും വ്യാകുല ചിത്തരാക്കുന്നത് മാര്‍ക്‌സിസ്റ്റുകളെയാണ്. പത്തൊന്‍പതാം നൂറ്റാണ്ടിലെ സാമ്പത്തിക സിദ്ധാന്തങ്ങളുടെ മൃതവായു ശ്വസിച്ചു കഴിയുന്ന സമീര്‍ അമീന്‍ പോലുള്ള അതിയാഥാസ്ഥിതിക മാര്‍ക്‌സിസ്റ്റുകള്‍ മുതല്‍ ലോകമെമ്പാടുമുള്ള കമ്യൂണിസ്റ്റ് ഗ്രൂപ്പുകള്‍ വരെ ഒരേ ദുഃസ്വപ്നം കണ്ട് ഞെട്ടി വിറക്കുകയാണ്. എന്നാല്‍ ആഫ്രിക്കയിലെയും അറബുനാടുകളിലെയും വിശാല ബഹുജനങ്ങളെ അലട്ടുന്നതു ഇത്തരം പേടി സ്വപ്നങ്ങളല്ല എന്നതാണ് രസകരമായ കാര്യം (സമീര്‍ അമീന് വെറുപ്പുളവാക്കുന്ന വാക്കാണത്രേ ബഹുജനങ്ങള്‍).
 
ഒരു വശത്ത് മുതലാളിത്തം എന്ന 'ഹൊറര്‍', മറുവശത്ത് ഇസ്‌ലാമിക മതമൗലികവാദം എന്ന് 'ഹൊറര്‍'. ഈ രണ്ട് ഭീകരതകളില്‍ നിന്നും ജനങ്ങളെ കരയ്ക്കടുപ്പിക്കാന്‍ അവതരിച്ചിട്ടുള്ള ലോക രക്ഷിതാക്കള്‍ തങ്ങളാണെന്നതാണ് മാര്‍ക്‌സിസ്റ്റുകളുടെ പ്രസിദ്ധമായ അവകാശവാദം. യഥാര്‍ഥത്തില്‍, ലോകത്തിലെ സാമൂഹിക ജനാധിപത്യത്തിന്റെ വഴിത്താരകളെ അടയ്ക്കാനും ബഹുജന-കീഴാള-ന്യൂനപക്ഷ-സ്ത്രീ ഉണര്‍വുകളെ തരം താഴ്ത്തുന്നതിനും വേണ്ടി ഒന്നാം ഇന്റര്‍നാഷ്‌നലിന്റെ കാലം മുതല്‍ മാര്‍ക്‌സിസ്റ്റുകള്‍ ഉപയോഗിക്കുന്നതാണ് ഈ രക്ഷാകര്‍ത്തൃത്വ ഭാവം.
 
സ്വയം പരിഷ്‌കരിക്കാന്‍ സന്നദ്ധമായ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക് സമകാലീന ലോകത്ത് ഇടവും സ്ഥാനവുമുണ്ട്. ഇത്തരം പ്രസ്ഥാനങ്ങളെ സ്വീകരിക്കാനോ തിരസ്‌കരിക്കാനോ എന്നപോലെ അവയോട് സംവദിക്കാനും ബഹുജനങ്ങള്‍ക്ക് അവകാശമുണ്ട്. എന്നാല്‍, ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്കെല്ലാം താലിബാന്റെ മുഖം മാത്രമേയുള്ളൂ എന്ന് ശഠിക്കുന്നതും, അവയെല്ലാം 'ഹൊററാ'കുന്നതും ആധുനികതയുടെ വംശീയ യുക്തികൊണ്ട് അളക്കുന്നത് മൂലമാണ്. ഇത്തരം തിരിച്ചറിവുകള്‍ക്കൊപ്പം നവജനാധിപത്യത്തിന്റെ വര്‍ത്തമാനകാല അടയാളങ്ങളും ആഫ്രോ-അറബ് ഉണര്‍വുകള്‍ രൂപപ്പെടുത്തിയിരിക്കുന്നു. ബഹുജന കര്‍ത്തൃത്വത്തെയും അനേകതയെയും (multitude) സംബന്ധിച്ച പുതിയ പരിചിന്തനകളാണ് ഇവ ആഗോള സമൂഹത്തിന് നല്‍കുന്നത്.