Click to view this issue
Wednesday, April 24, 2019
News Update
 

1434

2009 അറുപതാം വാര്‍ഷികപ്പതിപ്പ്‌

പുസ്തകം 2009 ലക്കം 0

ഇസ്‌ലാമിക വായനയെ വളര്‍ത്തി

ഇ.കെ.എം പന്നൂര്‍‌

വായനക്കുമുണ്ട് ജനനം, വളര്‍ച്ച, മരണം എന്നീ അവസ്ഥകളെന്ന് ചാനല്‍ പ്രളയത്തിന്റെ കാലത്ത് പറയാന്‍ തോന്നുന്നു. കവിതയുടെയും കഥാസാഹിത്യത്തിന്റെയും വായന മരിച്ചുകൊണ്ടിരിക്കുന്നു എന്ന സങ്കടപ്പെടല്‍ നാം കേട്ടുകൊണ്ടിരിക്കുന്നു....

 
 

വായനക്കുമുണ്ട് ജനനം, വളര്‍ച്ച, മരണം എന്നീ അവസ്ഥകളെന്ന് ചാനല്‍ പ്രളയത്തിന്റെ കാലത്ത് പറയാന്‍ തോന്നുന്നു. കവിതയുടെയും കഥാസാഹിത്യത്തിന്റെയും വായന മരിച്ചുകൊണ്ടിരിക്കുന്നു എന്ന സങ്കടപ്പെടല്‍ നാം കേട്ടുകൊണ്ടിരിക്കുന്നു. എന്നാല്‍ ഇസ്‌ലാമിക വായനക്ക് അങ്ങനെയൊരു ദുരനുഭവം ഉണ്ടോ?

 
ചാനലുകള്‍ ഇസ്‌ലാമിക വായനയെ ചെറിയ തോതിലേ സ്വാധീനിച്ചിട്ടുള്ളൂ എന്നാണ് മുസ്‌ലിംകളുടെ സമ്മേളനങ്ങളിലെ പുസ്തക വില്‍പന വെളിപ്പെടുത്തുന്നത്. മുസ്‌ലിംകളില്‍ വായനാ സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതില്‍ ജമാഅത്തെ ഇസ്‌ലാമിയും കേരള നദ്‌വത്തുല്‍ മുജാഹിദീനും ശ്രദ്ധേയമായ സംഭാവനകളാണ് അര്‍പ്പിച്ചത്. ജമാഅത്തെ ഇസ്‌ലാമിയെ ജനങ്ങള്‍ കൂടുതലറിഞ്ഞത് അതിന്റെ ജിഹ്വയായ പ്രബോധനത്തിലൂടെയാണ്. പത്തുവര്‍ഷം പ്രബോധനം വായിച്ച ശേഷമാണ് ഞാന്‍ ഒരു ജമാഅത്തു പ്രസംഗം കേള്‍ക്കുന്നത്. പ്രസംഗത്തേക്കാള്‍ പ്രസിദ്ധീകരണങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയ പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി എന്നാണ് എന്റെ അന്വേഷണത്തില്‍നിന്ന് ബോധ്യമായത്.
 
പ്രബോധനം വാരികയുടെ ചില ആശയങ്ങളെ വിമര്‍ശിക്കുന്ന ഒരു വാരികയുടെ പ്രവര്‍ത്തകനാണ് ഈ കുറിപ്പുകാരന്‍. എന്നാല്‍ ഈ വിമര്‍ശനങ്ങള്‍ക്കിടയിലും ഒരു കാര്യം സമ്മതിക്കേണ്ടതുണ്ട്. ഇസ്‌ലാമിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാനും നിരീശ്വരത്വത്തിന്റെ അര്‍ഥരാഹിത്യം തുറന്നു കാട്ടാനും പ്രബോധനം വാരികക്ക് സാധിച്ചിട്ടുണ്ട്. ഇസ്‌ലാമിനെ സജീവ ചര്‍ച്ചയാക്കാന്‍ കഴിഞ്ഞു എന്നര്‍ഥം.
 
മുജാഹിദ്, ജമാഅത്ത്, സമസ്ത എന്നിവര്‍ക്കിടയില്‍ താന്താങ്ങളുടെ പ്രസിദ്ധീകരങ്ങളിലൂടെ ആശയ സംവാദങ്ങള്‍ സജീവമായി നടക്കുന്നുണ്ട്. അതില്‍ പ്രബോധനം വാരികയും സജീവമാണ്. ഇത് ഒരു വേണ്ടാപ്പണിയാണെന്ന് ചിലര്‍ പറയാറുണ്ട്. അതിനോട് ഈ കുറിപ്പുകാരന്‍ യോജിക്കുന്നില്ല. വിമര്‍ശനങ്ങളില്‍ വ്യക്തിഹത്യ ഒഴിവാക്കിയാല്‍ മതി. സംവാദങ്ങളിലൂടെ സത്യം ഗ്രഹിക്കുന്നവര്‍ എമ്പാടുമുണ്ട്. അതേസമയം സംഘടനകള്‍ക്കിടയില്‍ തര്‍ക്കമില്ലാത്ത വിഷയങ്ങളില്‍ എല്ലാ വിഭാഗക്കാരും ശ്രദ്ധയൂന്നേണ്ടതുണ്ട്. പരലോക ചിന്ത നിലനിര്‍ത്തുക എന്നതാണ് ദഅ്‌വത്തിന്റെ പരമമായ ലക്ഷ്യം. പരലോകത്ത് രക്ഷകിട്ടണമെങ്കില്‍ ആരാധനയുടെ എല്ലാ അംശവും അല്ലാഹുവിന്നു മാത്രം നല്‍കണം. അത് അല്ലാഹു അല്ലാത്തവരിലേക്ക് നീങ്ങുന്നു എന്നത് ചിലരുടെ വേദികളും പുസ്തകങ്ങളും ശ്രദ്ധിച്ചാല്‍ മനസ്സിലാവും. അതു മനസ്സിലാക്കി പ്രബോധനത്തില്‍ തൗഹീദു സംബന്ധമായ ലേഖനങ്ങള്‍ക്ക് കൂടുതല്‍ പേജുകള്‍ നീക്കിവെക്കേണ്ടതുണ്ട്.
 
ഇതുപറയാന്‍ ഒരു പ്രത്യേക കാരണമുണ്ട്. പതിനഞ്ചു വര്‍ഷം മുമ്പ് ചെറുവാടിയില്‍ ജമാഅത്ത് പണ്ഡിതനായ ഇ.എന്‍ ഇബ്‌റാഹീം മൗലവിയും സുന്നികളിലെ പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫിയും തമ്മില്‍ ഇസ്തിഗാസ വിഷയത്തില്‍ ഒരു വാദപ്രതിവാദം നടന്നു. വളരെ സമര്‍ഥവും പണ്ഡിതോചിതവുമായ രീതിയില്‍ ഇ.എന്‍ അത് കൈകാര്യം ചെയ്തു. വിഷയം മരിച്ചവരോടുള്ള ഇസ്തിഗാസയായതിനാല്‍ അതില്‍ വിജയിച്ച ഇ.എന്‍ ഇബ്‌റാഹീം മൗലവിയെ പ്രശംസിച്ചുകൊണ്ട് ഒരു ലേഖനം ഞാന്‍ ശബാബ് വാരികയില്‍ എഴുതി. പ്രബോധനം വാരിക ഈ വാദപ്രതിവാദത്തെക്കുറിച്ച് നിരൂപണമെഴുതുമെന്നായിരുന്നു ഞാന്‍ പ്രതീക്ഷിച്ചത്. അതുണ്ടായില്ല. ശബാബിലെ ലേഖനം എടുത്തുചേര്‍ക്കുകയാണ് പ്രബോധനം ചെയ്തത്. നാം ഓര്‍ക്കേണ്ടത് ഇസ്‌ലാമിന്റെ ഒന്നാംശത്രു അമേരിക്കന്‍ മുതലാളിത്തമല്ല എന്നാണ്. തൗഹീദിന്റെ ആയത്തുകളെ ശിര്‍ക്കിനുവേണ്ടി ദുര്‍വ്യാഖ്യാനിക്കുന്ന പ്രവണതയാണ് ഏറ്റവും ഗുരുതരം. അതു മനസ്സിലാക്കി ശിര്‍ക്ക് ബിദ്അത്തുകള്‍ക്കെതിരില്‍ കുറച്ച് പേജുകള്‍ നീക്കിവെക്കണം. സാമ്രാജ്യത്വത്തിന്റെ കുതന്ത്രങ്ങള്‍ക്കെതിരെയുള്ള ലേഖനങ്ങള്‍ വേണ്ടെന്നല്ല പറയുന്നത്. ഇസ്‌ലാമിക പ്രബോധനത്തിന്റെ പരമമായ ലക്ഷ്യം ശിര്‍ക്കില്‍നിന്ന് ജനങ്ങളെ രക്ഷിക്കലാണെന്ന് ഓര്‍ക്കണം. അല്ലാഹു അനുഗ്രഹിക്കട്ടെ.