Click to view this issue
Saturday, April 20, 2019
News Update
 

1434

2009 അറുപതാം വാര്‍ഷികപ്പതിപ്പ്‌

പുസ്തകം 2009 ലക്കം 0

പെരുത്ത് ഇഷ്ടമാണ്

കൈതപ്രം ദാമോദരന്‍ നമ്പൂതിരി‌

എനിക്ക് മുസ്‌ലിംകളെ പെരുത്ത് ഇഷ്ടമാണ്. ത്യാഗത്തിന്റെ, സമര്‍പ്പണത്തിന്റെ, കൊടുക്കലിന്റെ (സകാത്ത്) പാഠങ്ങള്‍ വായിക്കാന്‍ ഞാന്‍, അവരുടെ ഹൃദയത്തിലേക്കാണ് നോക്കുക. മനോഹരമായ ഏതോ അടുപ്പം എന്റെ സുഹൃത്തുക്കളായ...

 
 

എനിക്ക് മുസ്‌ലിംകളെ പെരുത്ത് ഇഷ്ടമാണ്. ത്യാഗത്തിന്റെ, സമര്‍പ്പണത്തിന്റെ, കൊടുക്കലിന്റെ (സകാത്ത്) പാഠങ്ങള്‍ വായിക്കാന്‍ ഞാന്‍, അവരുടെ ഹൃദയത്തിലേക്കാണ് നോക്കുക. മനോഹരമായ ഏതോ അടുപ്പം എന്റെ സുഹൃത്തുക്കളായ മുസ്‌ലിംകളിലൊക്കെയുണ്ട്. കൊടുവള്ളിയിലെ ഡോ. എന്‍.എ മുഹമ്മദ് എന്നെ 'ദാമോദരേട്ടാ' എന്നു വിളിക്കുമ്പോള്‍ എന്റെ അനിയനെയാണ് ഞാന്‍ തൊട്ടറിയുന്നത്. യശശ്ശരീരനായ ബഹുമാനപ്പെട്ട പാണക്കാട് തങ്ങള്‍ അവര്‍കള്‍ എന്നോട് സൗമ്യമധുരമായി സംസാരിക്കുമ്പോള്‍ നബിതിരുമേനിയുടെ ദൗത്യം ഹൃദയത്തിലേക്ക് ആവാഹിക്കുന്നതായി തോന്നാറുണ്ട്. കല്ലായിലെ മാരിഗോ റശീദ് (എന്റെ സുഹൃത്ത് ഇ.സി തോമസ്സിലൂടെ പരിചയമായ റശീദ്) തിരുവണ്ണൂരിലെ എന്റെ വീട്ടിലേക്ക് സത്യന്‍ അന്തിക്കാടിന്റെ സിനിമാ സന്ദേശവുമായി സൈക്കിള്‍ ചവിട്ടിയെത്തിയ 1986-ലെ ഒരു പ്രഭാതം-എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ പ്രഭാതം, നന്ദിയോടെയല്ലാതെ എനിക്കോര്‍ക്കാനാവില്ല. എന്റെ അമ്മയുടെ അടുക്കളയില്‍, സമദാനി സാഹിബ് നല്‍കിയ ഗ്യാസ് കുറ്റി ആദ്യമായി തുറന്നപ്പോള്‍ നല്‍കിയ ആശ്വാസത്തിന് പകരം അദ്ദേഹത്തിന് എന്തു നല്‍കാന്‍? സ്വാതിതിരുനാള്‍ കലാ കേന്ദ്രം എന്ന സങ്കല്‍പത്തിന് ചിറകുകള്‍ നല്‍കിയവരില്‍ ശ്രീ. സമദാനിയടക്കം ഏറിയ പങ്കും സുമനസ്സുകളായ മുസ്‌ലിംകള്‍ തന്നെ. കുട്ടിക്കാലത്ത് കണ്ട മാതമംഗലത്തെ ആവുഹാജിയുടെയും പോക്കു ഹാജിയുടെയും മറ്റും രസമുള്ള ആഡംബരങ്ങളും നന്മയും മറക്കാനാവില്ല. സ്‌കൂളില്‍ പഠിക്കുമ്പോള്‍ എന്റെ പ്രിയപ്പെട്ട മുസ്‌ലിം സുഹൃത്തുക്കളുടെയും എന്റെയും തല പലപ്പോഴും മുണ്ഡനം ചെയ്താണുണ്ടാവുക. ഉപനയനകാലത്ത് ഇടക്കിടെയുള്ള മൊട്ടയടിക്കലും കുടുമവെക്കലും പീഡനം തന്നെയായിരുന്നു. മൊട്ടയടിച്ച മുസ്‌ലിം കുട്ടികളെയും എന്നെയും മറ്റുള്ള ചിലര്‍ ഒരേപോലെ മേടി ഉപദ്രവിക്കും. സഹിക്കുകയല്ലാതെ ഞങ്ങള്‍ക്ക് വേറെ വഴിയില്ലായിരുന്നു. ഇപ്പോഴതൊന്നും ആര്‍ക്കും മനസ്സിലാവാന്‍ വഴിയില്ല.

 
വായനയില്‍, ഞാന്‍ കണ്ട മഹാനായ മുഹമ്മദ് വലിയൊരു വഴികാട്ടിയായിരുന്നു. ഹിറാ ഗുഹയും മക്കയിലെ മലമുകളും നേരിയ വെളിച്ചത്തില്‍ ധ്യാനാവസ്ഥയില്‍ പാതിമയങ്ങിയ ആ യുവാവും, വായനയുടെ സന്ദേശവുമായെത്തിയ ജിബ്‌രീല്‍ മലക്കും നാഥന്റെ നാമത്തില്‍ വായിക്കൂ നിനക്ക് അക്ഷരങ്ങളുടെ മറുകരകാണാമെന്ന മൊഴിയും എട്ടാം ക്ലാസ്സില്‍ ഞാന്‍ വായിച്ച മഹാത്ഭുതമായിരുന്നു. കമ്പരാമായണവും ഖുര്‍ആന്‍ വിവര്‍ത്തനവും വിസ്തരിച്ചു പഠിച്ചത് ഹൈസ്‌കൂള്‍ കാലത്തായിരുന്നു. കമ്പരാമായണത്തിലും വിശുദ്ധ ഖുര്‍ആനിലും ഞാന്‍ കണ്ട ചരിത്രത്തിനും ഭൂമിശാസ്ത്രത്തിനും കഥകള്‍ക്കും കഥാപാത്രങ്ങള്‍ക്കും ധാര്‍മിക തത്വങ്ങള്‍ക്കും മനശ്ശാസ്ത്രത്തിനും സാംസ്‌കാരികതക്കുമൊക്കെ ആത്മീയതയുടെ തലത്തില്‍ സാമ്യതയും സൗമ്യതയും ഉണ്ടായിരുന്നതായി തോന്നി. വിശുദ്ധ ഖുര്‍ആന്‍ പറയുന്ന വൈവാഹികബന്ധങ്ങളെ പറ്റിയുള്ള അധ്യായം നോക്കുക. ദാമ്പത്യം വെറും ശാരീരികബന്ധമല്ല, ഭിന്നമായ സാഹചര്യത്തില്‍ ജീവിച്ച രണ്ട് വ്യക്തികള്‍ ആയുഷ്‌കാലം മുഴുവന്‍ ഒരുമിച്ചു ജീവിക്കാന്‍ ഒരുക്കുന്ന സല്‍ക്കര്‍മം വരും തലമുറയുടെ അസ്തിവാരമായി വര്‍ത്തിക്കലാണെന്നു പറയുമ്പോള്‍ കമ്പരാമായണത്തിലെ രാമനും സീതയും കഥാപാത്രമായി കയറിവരും മനസ്സില്‍. അല്‍ ഹദീദില്‍ 'അവന്‍ രാവിനെയും പകലിനെയും പരസ്പരം ചേര്‍ക്കുന്നു. അവന്‍ പ്രപഞ്ചത്തിന്റെ ഹൃദയരഹസ്യം അറിയുന്നു' എന്നു വായിക്കുമ്പോള്‍ ആമ്പലും താമരയും ചിരിക്കുന്നതും തിങ്കളും സൂര്യനും പരസ്പരം കിരണങ്ങളാല്‍ സ്പര്‍ശിക്കുന്നതും കിളികള്‍ സന്ദേശങ്ങള്‍ കൈമാറുന്നതുമൊക്കെ ഏതോ ദിവ്യതയോടെ എന്റെ മനസ്സില്‍ വിരുന്നിനെത്താറുണ്ട്.
 
മാറാട് കലാപകാലങ്ങളില്‍ സ്‌നേഹസന്ദേശവുമായി ഞാന്‍ ചെല്ലാറുണ്ട്. എനിക്കെന്തെങ്കിലും വലുതായി ചെയ്യാന്‍ കഴിയുമെന്നു കരുതീട്ടല്ല. എനിക്കെന്നോടുതന്നെ സമാധാനം പറയേണ്ടതുണ്ട്, അതുകൊണ്ട് ഒരു കടപ്പാട് പോലെ ചെല്ലും. തീവ്രത ജ്വലിച്ചുനില്‍ക്കുന്ന ഒരു ദിവസം ഞാന്‍ കടപ്പുറത്തേക്ക് ചെല്ലുമ്പോള്‍ എന്റെ ഡ്രൈവര്‍ ശരീഫ് സമ്മതിക്കാതെ മറുത്തുനിന്നു. ശരീഫിന് എന്നെ രക്ഷിക്കണമായിരുന്നു. ഞാന്‍ അദ്ദേഹത്തോടു പറഞ്ഞു: 'തന്റെ മനസ്സ് അവരറിയട്ടെ. തനിക്ക് എന്റെ ജീവന്‍ പ്രധാനമാണെങ്കില്‍ അത് ഈ കടപ്പുറത്തുകാരായ സഹോദരങ്ങളും അറിയണം. മതത്തിനപ്പുറത്തുള്ള സൗഹൃദം അവരറിയണം!' മാറാടില്‍ വേണ്ടത് ഇപ്പോഴും സൗഹൃദങ്ങളും സമ്മാനങ്ങളും പരസ്പരം കൈമാറി കുടുംബങ്ങള്‍ അടുക്കലാണ് എന്നു ഞാന്‍ വിശ്വസിക്കുന്നു.
 
'എന്നെന്നും കണ്ണേട്ട'നെന്ന ചിത്രത്തിലൂടെ എന്റെ കലാജീവിതത്തിന്, സംഗീതജീവിതത്തിന് അസ്തിത്വം നല്‍കിയ അഭിവന്ദ്യനായ ഫാസിലിനെയും നന്മയുള്ള രാഷ്ട്രീയക്കാരന്‍ എം.കെ മുനീറിനെയും സംവിധായകന്‍ കമലിനെയുംനടന്‍ മാമുക്കയെയും പത്രപ്രവര്‍ത്തനത്തിലെ സുഹൃത്തുക്കള്‍ ബദ്‌റുദ്ദീന്‍ (മാതൃഭൂമി), പുത്തൂര്‍ റഹ്മാന്‍, ഹമീദ് വാണിമേല്‍, കുഞ്ഞുമുഹമ്മദ്ക്ക, പി.എ.എം ഹനീഫ്, നാടകരംഗത്തെ അലിയാര്‍, റശീദ് തുടങ്ങിയവരെയും എന്നില്‍നിന്ന് വേറെയായി തോന്നീട്ടേയില്ല. അതുകൊണ്ടാണ് ഇവരെയെല്ലാം എനിക്ക് പെരുത്ത് ഇഷ്ടമാണെന്നെഴുതിയത്.