Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
       


>>സാമൂഹികം

 


ജനപക്ഷ വികസനത്തിന്
ജമാഅത്തെ ഇസ്‌ലാമിയുടെ കൈയൊപ്പ്

സദ്‌റുദ്ദീന്‍ വാഴക്കാട്

വൈക്കം മുഹമ്മദ് ബഷീറിന്റെ മനോഹരമായ കഥയാണ് തേന്മാവ്. യാത്രക്കാരനായ അധ്യാപകന്‍, വഴിയരികില്‍ തളര്‍ന്നു വീണ വൃദ്ധനെ കണ്ടു. അദ്ദേഹം അടുത്തുള്ള വീട്ടില്‍ ചെന്ന് വെള്ളം വാങ്ങിക്കൊണ്ടുവന്ന് വൃദ്ധന് കൊടുത്തു. വെള്ളം അല്‍പം കുടിച്ച വൃദ്ധന്‍, ശേഷിക്കുന്ന വെള്ളം റോഡരികില്‍ വാടിത്തളര്‍ന്ന് നില്‍ക്കുന്ന മാവിന്‍ തൈക്ക് ഒഴിച്ചുകൊടുത്തു. വൃദ്ധന്‍ അന്ത്യശ്വാസം വലിച്ച് തന്റെ നാഥങ്കലേക്ക് യാത്രയായി. ഉണങ്ങി പോകുമായിരുന്ന മാവിന്‍ തൈ, വൃദ്ധന്‍ വെള്ളമൊഴിച്ചു കൊടുത്തതോടെ ജീവസ്സുറ്റതായി. പിന്നീട് അധ്യാപകന്റെയും കൂട്ടുകാരുടെയും പരിചരണത്തില്‍ ആ തൈ വളര്‍ന്നു. അതൊരു വലിയ മാവായി, നിറയെ കൊമ്പും ചില്ലകളുമുണ്ടായി. ദേശാടന പക്ഷികള്‍ അതിന്റെ ചില്ലകളില്‍ കൂടുകൂട്ടി, വഴിയാത്രക്കാര്‍ അതിന്റെ തണലില്‍ വിശ്രമിക്കാനിരുന്നു. വര്‍ഷം തോറും മാവ് പൂത്തു, നിറയെ മാങ്ങകളുണ്ടായി. നാട്ടുകാര്‍ക്ക് മധുരമൂറുന്ന മാമ്പഴം ധാരാളം കിട്ടി. തെരുവു പിള്ളേര്‍ മാവിനെ ഇടക്കിടെ കല്ലെറിഞ്ഞു. അവര്‍ക്കത് കൂടുതല്‍ മാമ്പഴം നല്‍കി (മധുര മാമ്പഴമുള്ളതുകൊണ്ടാണല്ലോ തെരുവു പിള്ളേര്‍ മാവിനെ കല്ലെറിയുന്നത്!). അങ്ങനെ പക്ഷികള്‍ കൂടുകൂട്ടി താമസിക്കുന്ന, വഴിയാത്രക്കാര്‍ വിശ്രമിക്കാനിരിക്കുന്ന, നാട്ടുകാര്‍ക്ക് മധുര മാമ്പഴം നല്‍കുന്ന ആ 'തേന്മാവ്' നാടിന്റെ തണല്‍മരമായി.
ബഷീര്‍ കഥയിലെ 'തേന്മാവി'ന്റെ ഉപമ നന്നായി ചേരുന്ന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി; ഇന്ത്യന്‍ മണ്ണിലെ തണല്‍മരം, നാടിന്റെ വിളക്കുമാടം. മനുഷ്യ സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും സമാധാനത്തിന്റെയും നിലക്കാത്ത നിര്‍ഝരി, ആലംബഹീനരുടെയും ആശയറ്റവരുടെയും അഭയകേന്ദ്രം, ചൂഷിതരുടെയും പീഡിതരുടെയും വിമോചനത്തിന്റെ പ്രതീക്ഷ- ഇതെല്ലാമാണ് ഇന്ന് ജമാഅത്തെ ഇസ്‌ലാമി. അനാഥന് രക്ഷിതാവായി, അഗതിക്ക് അത്താണിയായി, വിശക്കുന്നവന് ഭക്ഷണമായി, ദാഹിക്കുന്നവന് കുടിനീരായി, തല ചായ്ക്കാന്‍ ഇടമില്ലാത്തവന് കിടപ്പാടമായി, കടം കയറി മുടിഞ്ഞവന് ആശ്വാസമായി, പണമില്ലാതെ പഠനം മുടങ്ങിയവര്‍ക്ക് താങ്ങായി, ലഹരിക്കടിപ്പെട്ട് തിരിച്ചറിവ് നഷ്ടപ്പെട്ടവര്‍ക്ക് പുതു വെളിച്ചമായി, ഇരകള്‍ക്ക് രക്ഷകനായി... നമ്മുടെ ഗ്രാമാന്തരങ്ങളിലും പട്ടണ പ്രാന്തങ്ങളിലും നഗര മധ്യത്തിലും ജമാഅത്തെ ഇസ്‌ലാമിയുണ്ട്. കഴിഞ്ഞ അറുപത് വര്‍ഷമായി, ജനങ്ങളോടൊപ്പം, സമൂഹത്തിന്റെ ഹൃദയമിടിപ്പുകള്‍ തൊട്ടറിഞ്ഞ് രാജ്യത്തിന്റെ നല്ല നാളേക്കുവേണ്ടി ജമാഅത്തെ ഇസ്‌ലാമി
കര്‍മനിരതമാണ്.

വികസന വഴിയില്‍ സഫലമായ അറുപതാണ്ട്
നമ്മുടെ നാടിന്റെ സര്‍വതോന്മുഖമായ പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി. ആരോഗ്യകരമായ വികസന മുന്നേറ്റത്തിന് ആക്കം കൂട്ടാന്‍ പ്രസ്ഥാനം പരിശ്രമിക്കുന്നു. ദാരിദ്ര്യ നിര്‍മാര്‍ജനം, സാര്‍വത്രിക വിദ്യാഭ്യാസം, മികച്ച ആരോഗ്യ പരിരക്ഷ, തൊഴിലില്ലായ്മക്ക് പരിഹാരം, കാര്‍ഷിക വ്യവസായ മേഖലകളിലെ ആരോഗ്യകരമായ വളര്‍ച്ചയും സ്വയം പര്യാപ്തതയും തുടങ്ങി ഒരു നാടിന്റെ വികസനത്തിന് അടിസ്ഥാനപരമായി ഉണ്ടാകേണ്ടതെന്തൊക്കെയാണോ അതിലെല്ലാം ജമാഅത്തെ ഇസ്‌ലാമി ഇന്ത്യന്‍ ജനതക്ക് മൂല്യവത്തായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.
നാടിന്റെ നാനാ ഭാഗങ്ങളില്‍ വീടില്ലാത്തവര്‍ക്കായി ജമാഅത്തെ ഇസ്‌ലാമിയും പോഷക സംഘടനകളും നിര്‍മിച്ചു നല്‍കിയ ആയിരക്കണക്കിന് വീടുകളുണ്ട്. കുടിവെള്ളം കിട്ടാക്കനിയായ പ്രദേശങ്ങളില്‍ അനേകം കിണറുകള്‍, കുടിവെള്ള പദ്ധതികള്‍, ദരിദ്ര ജനവിഭാഗങ്ങള്‍ക്ക് അത്താണിയായ നൂറുക്കണക്കിന് പലിശരഹിത ബാങ്കുകള്‍, വെല്‍ഫെയര്‍ സൊസൈറ്റികള്‍, ഭക്ഷണ വിതരണം, റേഷന്‍, വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍, ചികിത്സാ സഹായം, മെഡിക്കല്‍ ക്യാമ്പുകള്‍, പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സെന്ററുകള്‍, ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അനാഥാലയങ്ങള്‍... ജീവിതം കണ്ണീരിന്റെയും കഷ്ടപ്പാടിന്റെയും പര്യായമായവര്‍ക്ക് പ്രത്യാശയുടെ പുതിയ കിരണങ്ങളായി എത്രയെത്ര ജനസേവന പ്രവര്‍ത്തനങ്ങളാണ് ജമാഅത്തെ ഇസ്‌ലാമി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. പതിനായിരക്കണക്കിന് പാവങ്ങളുടെ ജീവിതം തുന്നിച്ചേര്‍ക്കാന്‍ ജമാഅത്തെ ഇസ്‌ലാമിയുടെയും പോഷക സംഘടനകളുടെയും ജനസേവന പ്രവര്‍ത്തനങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്.
വിദ്യാഭ്യാസം, വീട്, വസ്ത്രം, പാര്‍പ്പിടം, തൊഴില്‍, ആരോഗ്യം എന്നീ അടിസ്ഥാന മേഖലകളിലാണ് ജമാഅത്തെ ഇസ്‌ലാമിയുടെ സേവന പ്രവര്‍ത്തനങ്ങള്‍ ഊന്നിനില്‍ക്കുന്നത്. സേവനം ആവശ്യമായ, വികസനം അനിവാര്യമായ എല്ലാ രംഗങ്ങളിലും ജനവിഭാഗങ്ങളിലും ജമാഅത്തിന്റെ സേവന പ്രവര്‍ത്തനങ്ങള്‍ വ്യാപിച്ചു കിടക്കുന്നുണ്ട്. സോളിഡാരിറ്റി, എസ്.ഐ.ഒ, ജി.ഐ.ഒ, ഐഡിയല്‍ റിലീഫ് വിംഗ്, ബൈത്തുസ്സകാത്ത് കേരള, എത്തിക്കല്‍ മെഡിക്കല്‍ ഫോറം, എ.ഐ.സി.എല്‍... ജമാഅത്തില്‍നിന്ന് പൊട്ടിയൊഴുകിയ വലുതും ചെറുതുമായ കൈവഴികള്‍ ഇന്ന് രാജ്യത്തിന്റെ സിരകളില്‍ ഊര്‍ജപ്രവാഹമായി നിലനില്‍ക്കുന്നുണ്ട്.
രാജ്യം അഭിമുഖീകരിച്ച ദുരന്തങ്ങളിലെല്ലാം ദുരിത ബാധിതര്‍ക്ക് സഹായ ഹസ്തവുമായി ജമാഅത്തെ ഇസ്‌ലാമി മുമ്പിലുണ്ടായിരുന്നു. ഭൂകമ്പം, വെള്ളപ്പൊക്കം, കൊടുങ്കാറ്റ്, വര്‍ഗീയ ലഹള, സൂനാമി, വികസനത്തിന്റെ പേരിലെ കുടിയിറക്കല്‍, കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ വിഷമഴ, ട്രെയിന്‍ അപകടങ്ങള്‍ പോലുള്ള അത്യാഹിതങ്ങള്‍, അഗ്നിബാധ... ഇത്തരം സന്ദിഗ്ധ സന്ദര്‍ഭങ്ങളില്‍ മികച്ച സേവന പ്രവര്‍ത്തനങ്ങളും പുനരധിവാസ പദ്ധതികളുമാണ് പ്രസ്ഥാനം കാഴ്ചവെച്ചത്.
ഇന്ത്യാ വിഭജനം സൃഷ്ടിച്ച സാമുദായിക സംഘര്‍ഷങ്ങളില്‍ സകലതും നഷ്ടപ്പെട്ട രാജ്യനിവാസികള്‍ക്ക് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നും സംഘര്‍ഷം ലഘൂകരിക്കാന്‍ കഠിനാധ്വാനം ചെയ്തുകൊണ്ടുമാണ് സ്വതന്ത്ര ഇന്ത്യയില്‍ ജമാഅത്തിന്റെ ജനസേവന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ലാത്തൂര്‍ ഭൂകമ്പം, രാജസ്ഥാനിലെ വരള്‍ച്ച, ആന്ധ്രയിലും പഞ്ചിമബംഗാളിലും മറ്റു സംസ്ഥാനങ്ങളിലും പലപ്പോഴായി ഉണ്ടായ വെള്ളപ്പൊക്കങ്ങള്‍, ഭഗല്‍പൂര്‍ മുതല്‍ ഗുജറാത്ത് വരെയുള്ള നൂറുക്കണക്കിന് വര്‍ഗീയ ലഹളകള്‍ തുടങ്ങി രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ ഉണ്ടായ ദുരന്തങ്ങളിലെല്ലാം കാരുണ്യത്തിന്റെ 'സംസം' പ്രവാഹമായി മാറാന്‍ ജമാഅത്തെ ഇസ്‌ലാമിക്ക് സാധിച്ചിട്ടുണ്ട്.
ജമാഅത്തും അതിന്റെ കൈവഴികളും ഏറ്റെടുത്തിട്ടുള്ള ജനസേവന പദ്ധതികളുടെ വൈപുല്യവും വ്യവസ്ഥാപിതത്വവും ആരെയും അതിശയിപ്പിക്കും. ജമാഅത്തിനെപ്പോലെ ജനസേവന രംഗത്തും നാടിന്റെ വികസനത്തിലും സ്വന്തമായ വഴി വെട്ടിത്തെളിയിച്ച് മുന്നോട്ടു പോകുന്ന ഏതെങ്കിലും മത സംഘടനയോ രാഷ്ട്രീയ പാര്‍ട്ടിയോ യുവജന പ്രസ്ഥാനമോ ഇന്ന് ഇന്ത്യയിലില്ല എന്നതാണ് വസ്തുത. നമ്മുടെ രാജ്യത്ത് ഏത് മതസംഘടനക്കാണ് ഇത്ര വ്യവസ്ഥാപിതമായി ജനസേവന സംരംഭങ്ങളുള്ളത്? ഏത് രാഷ്ട്രീയ പാര്‍ട്ടിയാണ് ജനങ്ങള്‍ക്കു വേണ്ടി ഇത്ര വിപുലമായ സേവനപദ്ധതികള്‍ നടപ്പിലാക്കുന്നത്? ജമാഅത്തിന്റെ പല പദ്ധതികളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേതുള്‍പ്പടെയുള്ള ഗവണ്‍മെന്റ് പദ്ധതികളേക്കാള്‍ ആസൂത്രിതവും വിജയകരവുമാണ്. കാസര്‍ക്കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് വേണ്ടി സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന തുല്യതയില്ലാത്ത പുനരധിവാസ പദ്ധതി പോലൊന്ന് ആര്‍ക്കാണ് നടപ്പിലാക്കാന്‍ സാധിച്ചിട്ടുള്ളത്? ഗവണ്‍മെന്റ് തന്നെയും ജമാഅത്തിന്റെയും സോളിഡാരിറ്റിയുടെയും മറ്റും വികസന പദ്ധതികളെ മാതൃകയാക്കുകയാണ് ചിലപ്പോള്‍ ചെയ്യുന്നത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഗവണ്‍മെന്റ് പലപ്പോഴും ജമാഅത്തെ ഇസ്‌ലാമിയുടെ സഹായം തേടുകയും ചെയ്തിട്ടുണ്ട്. സൂനാമി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഉദാഹരണം.
ആറു പതിറ്റാണ്ടായി ജമാഅത്തെ ഇസ്‌ലാമി ഇന്ത്യയില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ജനസേവന പദ്ധതികള്‍, വികസനത്തിന്റെ നാള്‍വഴികളിലെ വിപ്ലവാത്മകമായ സംഭാവനകളാണ്. അടിസ്ഥാന ജനവിഭാഗത്തിന്റെ ഉന്നമനത്തിലൂടെ യഥാര്‍ഥ വികസനം സാക്ഷാത്കരിക്കാനാണ് ജമാഅത്ത് ശ്രമിക്കുന്നത്. ഇന്ത്യന്‍ ജനതക്ക് ജമാഅത്തെ ഇസ്‌ലാമി എന്ത് നല്‍കി എന്ന ചോദ്യത്തിന് നല്‍കാവുന്ന പല ഉത്തരങ്ങളില്‍ പ്രധാനപ്പെട്ടതും, പാവപ്പെട്ടവര്‍ക്കുള്ള വീടു നിര്‍മാണം മുതല്‍ ഹോസ്പിറ്റലുകള്‍ വരെ നീണ്ടു കിടക്കുന്ന വികസന പദ്ധതികള്‍ തന്നെ. പത്രമാധ്യമങ്ങളും അക്കാദമീഷ്യന്മാരും ഗവേഷണവിദ്യാര്‍ഥികളും പഠനവിഷയമാക്കേണ്ടതാണവ. ദേശീയതലത്തിലും സംസ്ഥാനതലങ്ങളിലും ജമാഅത്ത് നിര്‍വഹിക്കുന്ന സേവന പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാന്‍ ഇവിടെ സന്ദര്‍ഭമില്ല. കേരളത്തിലെ പദ്ധതികള്‍ മാത്രമാണ് ഇതിലെ
പ്രതിപാദ്യം.

ആദര്‍ശ പ്രചോദനം
'മനുഷ്യ നന്മക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ നിയോഗിതരായ ജനം' എന്നാണ് വിശുദ്ധ വേദഗ്രന്ഥം ഇസ്‌ലാമിക സമൂഹത്തിന് നല്‍കുന്ന വിശേഷണം. ഇന്ത്യന്‍ ജനതക്ക് വേണ്ടി ജമാഅത്തെ ഇസ്‌ലാമി നിര്‍വഹിക്കുന്ന സേവന പ്രവര്‍ത്തനങ്ങള്‍ ഈ വിശേഷണത്തെ അര്‍ഥപൂര്‍ണമാക്കുകയാണ്. ഇസ്‌ലാമാണ് ജമാഅത്തെ ഇസ്‌ലാമിയുടെ ആദര്‍ശം. ബഹുമുഖ സ്വഭാവത്തിലുള്ള ജനസേവന പ്രവര്‍ത്തനങ്ങളിലും നാടിന്റെ വികസന പദ്ധതികളിലും നിസ്വാര്‍ഥരായി പ്രവര്‍ത്തിക്കാന്‍ പ്രസ്ഥാനത്തിന് പ്രചോദനമേകുന്നതും പ്രസ്തുത ആദര്‍ശംതന്നെ.
ഇസ്‌ലാം ജനസേവനത്തെ ദൈവത്തില്‍നിന്ന് പ്രതിഫലം ലഭിക്കുന്ന പുണ്യകര്‍മമായി കാണുന്നു. ജനസേവനത്തിന്റെ മഹത്വം വിശുദ്ധ ഖുര്‍ആനും പ്രവാചക ചര്യയും ആവര്‍ത്തിച്ച് വിളംബരം ചെയ്യുന്നുണ്ട്. 'ജനസേവനം ദൈവാരാധന' എന്നാണ് ഇസ്‌ലാമിന്റെ മുദ്രാവാക്യം. ഇസ്‌ലാമിന്റെ അടിസ്ഥാന സ്തംഭങ്ങളില്‍ പ്രാധാന്യപൂര്‍വം ചേര്‍ത്തുപറഞ്ഞിട്ടുള്ളവയാണ് സ്വലാത്തും സകാത്തും- നിര്‍ബന്ധ പ്രാര്‍ഥനയും നിര്‍ബന്ധ ദാനവും. നമസ്‌കാരം അല്ലാഹുവിലേക്കുള്ള ആകാശയാത്ര; സകാത്ത് ജനങ്ങളിലേക്കുള്ള സേവന യാത്രയും. സകാത്തിന്റെ പണം പൗരാണിക അറബികളും മറ്റും ചെയ്തിരുന്നപോലെ വിഗ്രഹങ്ങള്‍ക്ക് മുന്നില്‍ നൈവേദ്യമായി സമര്‍പ്പിക്കുകയല്ല ചെയ്യുന്നത്. കഷ്ടതയനുഭവിക്കുന്നവര്‍ക്ക് സഹായവും സാന്ത്വനവുമേകുംവിധം വിതരണം ചെയ്യുകയാണ്. ദരിദ്രര്‍, അഗതികള്‍, യാത്രക്കാര്‍, കടബാധിതര്‍, അടിമകള്‍ തുടങ്ങി എട്ടു വിഭാഗമാണ് സകാത്തിന്റെ അവകാശികള്‍. ദാരിദ്ര്യ നിര്‍മാര്‍ജനത്തിന്റെയും അടിസ്ഥാന വര്‍ഗ വികസനത്തിന്റെയും മഹത്തായ മുദ്രാവാക്യമാണ് സകാത്ത് വ്യവസ്ഥ. സകാത്തിന്റെ ജനസേവന യാത്രയാണ് ജമാഅത്തെ ഇസ്‌ലാമി അര്‍ഥവത്തായി നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്.
അഗതികള്‍, അനാഥര്‍, വഴിയാത്രക്കാര്‍, ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സഹായം ചോദിച്ചുവരുന്നവര്‍, അടിമകള്‍ തുടങ്ങിയവര്‍ക്ക് വേണ്ടി പണം ചെലവഴിക്കുന്നത് മഹത്തായ പുണ്യ കര്‍മമാണെന്ന വിശുദ്ധ ഖുര്‍ആന്റെ (അല്‍ബഖറ 177) പ്രഖ്യാപനം ദാരിദ്ര്യ നിര്‍മാര്‍ജനത്തിനുള്ള ആഹ്വാനമാണ്. ഇസ്‌ലാമിന്റെ സാമ്പത്തിക വ്യവസ്ഥ ദാരിദ്ര്യത്തില്‍നിന്നും ചൂഷണത്തില്‍നിന്നും രാജ്യനിവാസികളെ സാമ്പത്തിക ഭദ്രതയിലേക്ക് നയിക്കാനുള്ള പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്നു. അഗതികളെയും അനാഥരെയും സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടതിന്റെ അനിവാര്യത ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നുണ്ട്
ഖുര്‍ആന്‍.
ആരാധനാ കര്‍മങ്ങളില്‍ സംഭവിക്കുന്ന ന്യൂനതകള്‍ക്ക് പരിഹാരമായി ഇസ്‌ലാം അനുശാസിക്കുന്നതും പലപ്പോഴും ജനസേവനമാണ്. നോമ്പനുഷ്ഠിക്കാന്‍ കഴിയാത്തവര്‍ അഗതിക്ക് ആഹാരം നല്‍കണമെന്നാണ് നിര്‍ദേശം. നോമ്പുകാരായിരിക്കെ ഭാര്യാ ഭര്‍ത്താക്കന്മാര്‍ ശാരീരിക ബന്ധത്തിലേര്‍പ്പെട്ടാല്‍ രണ്ടാമത്തെ പ്രായശ്ചിത്തമായി അറുപത് അഗതികള്‍ക്ക് ആഹാരം നല്‍കണമെന്നാണ് പറഞ്ഞിരിക്കുന്നത്. ഹജ്ജിലെ ചില പിഴവുകള്‍ക്കും അബദ്ധത്തിലുള്ള വധത്തിനും ശപഥത്തിനുമുള്ള പ്രായശ്ചിത്തവും ജനസേവനപരമായ ദാനധര്‍മങ്ങള്‍ തന്നെ. ഭക്ഷണം, കുടിവെള്ളം, വസ്ത്രം, അഭയാര്‍ഥികള്‍ക്ക് അഭയം, രോഗീ പരിചരണം, കടം നല്‍കല്‍, തൊഴില്‍ പദ്ധതികള്‍, പരിസര ശുചീകരണം, വഴികളുടെ നിര്‍മാണം, ഭൂമി ജനവാസ യോഗ്യമാക്കല്‍, ഭൂമി കൃഷിയോഗ്യമാക്കി കൃഷിയിറക്കല്‍, മരം നടല്‍, ആശുപത്രികള്‍ സ്ഥാപിക്കല്‍ തുടങ്ങിയ വികസന പ്രവര്‍ത്തനങ്ങളെല്ലാം മഹത്തായ പുണ്യ കര്‍മമാണെന്നും ദൈവത്തിങ്കല്‍ പ്രതിഫലാര്‍ഹമാണെന്നും ഇസ്‌ലാം പഠിപ്പിക്കുന്നു. ഈ പാഠങ്ങളാണ് ജമാഅത്തെ ഇസ്‌ലാമിയുടെ പ്രചോദനം.
'ജനങ്ങളെ ഞെരിച്ചുകൊണ്ടിരിക്കുന്ന ഭാരങ്ങള്‍ ഇറക്കിവെക്കുകയും, ദുരിതങ്ങളുടെ ചങ്ങലക്കെട്ടുകള്‍ അറുത്തുമാററുകയും ചെയ്യുന്ന' പ്രവാചകന്റെ ജീവിതം ജനസേവനത്തിന്റെ മഹത്തായ മാതൃകകള്‍ പകര്‍ന്നുതരുന്നതാണ്. 'കാരുണ്യത്തിന്റെ പ്രവാചകന്‍' ഭൂമിയിലെ മനുഷ്യര്‍ക്കും ജീവജാലങ്ങള്‍ക്കും 'കാരുണ്യത്തിന്റെ പ്രവാഹമായി മാറാന്‍' ഉദ്‌ബോധിപ്പിച്ചിട്ടുണ്ട്. 'മനുഷ്യരോട് കാരുണ്യം കാണിക്കാത്തവര്‍ക്ക് ദൈവത്തിന്റെ കാരുണ്യം കിട്ടില്ലെന്ന്' താക്കീത് നല്‍കിയിട്ടുണ്ട്. ജനങ്ങളുടെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ കിണര്‍ വിലയ്ക്ക് വാങ്ങി ദാനം ചെയ്തവന് സ്വര്‍ഗമുണ്ടെന്നും നായയുടെ ദാഹം തീര്‍ത്തവളുടെ പാപങ്ങള്‍ പൊറുക്കപ്പെട്ടെന്നും നബി പഠിപ്പിച്ചു. വൃദ്ധയുടെ ഭാണ്ഡം ചുമന്നും അനാഥ ബാലന്റെ അവകാശങ്ങള്‍ വാങ്ങിക്കൊടുത്തും ജോലിയില്ലാതെ അലഞ്ഞവര്‍ക്ക് സ്വയം തൊഴിലിന്റെ വഴി കാണിച്ചുകൊടുത്തും ക്ഷാമം നേരിട്ടവര്‍ക്ക് ഭക്ഷണം ശേഖരിച്ച് എത്തിച്ചുകൊടുത്തും കൈയില്‍ വരുന്ന സമ്പത്ത് കഷ്ടപ്പെടുന്നവര്‍ക്കായി നിര്‍ലോഭം ദാനം ചെയ്തും കടന്നുപോയ പ്രവാചകന്റെ പാതയിലാണ് ജമാഅത്തിന്റെ ജനസേവന പദ്ധതികള്‍ പുരോഗമിക്കുന്നത്.
ഗാന്ധിയന്‍ മാതൃക
ദാരിദ്ര്യത്തിന്റെ ആഴങ്ങളിലാണ് ഇന്ത്യയിലെ കോടിക്കണക്കിന് ജനം ജീവിച്ചുകൊണ്ടിരിക്കുന്നത്. രാജ്യനിവാസികളുടെ 80 ശതമാനം ജീവിക്കുന്ന ഗ്രാമങ്ങളിലും, പതിനായിരങ്ങള്‍ ചേരിവാസികളായ നഗരങ്ങളിലും ദുരിതപ്പാടുകളുടെ നിലവിളികളാണ് സ്വാതന്ത്ര്യത്തിന്റെ അറുപതാണ്ടിനു ശേഷവും ഉയര്‍ന്നു കേള്‍ക്കുന്നത്. ഈ ദുരവസ്ഥകള്‍ക്ക് പരിഹാരം കണ്ടാലേ യഥാര്‍ഥ വികസനം സാധ്യമാകൂ. വീടില്ലാത്തവര്‍ക്ക് വീട്, ഭൂമിയില്ലാത്തവര്‍ക്ക് ഭൂമി, പട്ടിണികിടക്കുന്നവര്‍ക്ക് ഭക്ഷണം, കുടിവെള്ളമെത്താത്ത പ്രദേശങ്ങളില്‍ ശുദ്ധജല വിതരണ സംവിധാനം, ഉടുതുണി പോലുമില്ലാത്തവര്‍ക്ക് വസ്ത്രം, രോഗ പീഡയനുഭവിക്കുന്നവര്‍ക്ക് ചികിത്സ, മാറാരോഗികള്‍ക്ക് സാന്ത്വനം, വിദ്യാഭ്യാസം സ്വപ്നം കാണാന്‍ പോലുമാകാത്തവര്‍ക്ക് പഠിക്കാനുള്ള അവസരം, തൊഴിലില്ലാത്തവര്‍ക്ക് തൊഴില്‍, മാലിന്യ നിര്‍മാര്‍ജനവും ശുചിത്വവും, മികച്ച റോഡുകളുടെയും പാലങ്ങളുടെയും നിര്‍മാണം, ലഹരിയുടെ അടിമകളായവര്‍ക്ക് അതില്‍നിന്ന് മോചനം, കടബാധ്യതകളാല്‍ വലയുന്നവര്‍ക്ക് അതില്‍നിന്ന് മുക്തി, ദുരന്തങ്ങളുടെ ഇരകള്‍ക്ക് ദുരിതാശ്വാസം.... നീളുന്ന ഈ പട്ടികയില്‍ വരുന്ന അടിസ്ഥാന ആവശ്യങ്ങളുടെ പൂര്‍ത്തീകരണവും അടിസ്ഥാന വര്‍ഗങ്ങളുടെ ഉന്നമനമവും സാധിക്കുമ്പോഴാണ് യഥാര്‍ഥ വികസനം സാധ്യമാവുക. ജമാഅത്തെ ഇസ്‌ലാമി നിര്‍വഹിച്ചുകൊണ്ടിരിക്കുന്നതും അതുതന്നെയാണ്.
ഇന്ത്യ ഗ്രാമങ്ങളില്‍ ജീവിക്കുന്നുവെന്ന് പറഞ്ഞ, ഗ്രാമങ്ങളെ ഇന്ത്യയുടെ ആത്മാവായി കരുതിയ ഗാന്ധിജി സ്വപ്നം കണ്ട വികസന സങ്കല്‍പവുമായി ഇണങ്ങുന്നതാണ് ജമാഅത്തെ ഇസ്‌ലാമിയുടെ വികസന കാഴ്ചപ്പാട്. ഗ്രാമങ്ങളില്‍ വസിക്കുന്ന പാവപ്പെട്ടവര്‍ക്ക് സ്വാശ്രയത്വം നല്‍കുന്ന വികസന പദ്ധതികള്‍ നടപ്പിലാക്കണമെന്നായിരുന്നു ഗാന്ധിയുടെ ആഗ്രഹം. ജമാഅത്തെ ഇസ്‌ലാമിയുടെ വികസന പദ്ധതികള്‍ ഇവ്വിധം ദരിദ്ര ജനവിഭാഗങ്ങളെ സ്വാശ്രയരാക്കി വളര്‍ത്തിക്കൊണ്ടുവരാന്‍ കൂടി ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ്. ഗ്രാമങ്ങളില്‍ ഗ്രാമങ്ങള്‍ക്കിണങ്ങുംവിധവും നഗരങ്ങളില്‍ അവിടത്തേക്ക് ചേര്‍ന്ന രൂപത്തിലുമുള്ള വികസന പദ്ധതികള്‍ ഉണ്ടാകണമെന്നാണ് ജമാഅത്തെ ഇസ്‌ലാമി ആഗ്രഹിക്കുന്നത്. ഗാന്ധിജിയുടെ വികസന സങ്കല്‍പവും ഇതിനു സമാനമായിരുന്നു. ഗ്രാമങ്ങളെ നഗരവത്കരിക്കാനുള്ള അഥവാ നഗരത്തിലെ വ്യവസായങ്ങള്‍ ഗ്രാമത്തില്‍ പറിച്ച് നട്ട് ഗ്രാമീണ വികസനത്തിന്റെ തനത് രീതികളെ അട്ടിമറിക്കാനുള്ള ശ്രമങ്ങളെ ഗാന്ധിജി വിമര്‍ശിച്ചു. അതിനാല്‍ ചിലര്‍ ഗാന്ധിജിയെ വികസന വിരോധി എന്ന് വിളിച്ചു. അതിന് ഗാന്ധിജി മറുപടി പറഞ്ഞതിങ്ങനെ: ''ഗ്രാമവ്യവസായത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഞാനാവശ്യപ്പെടുമ്പോള്‍ രാജ്യത്തിന്റെ പുരോഗതി തടയുകയാണെന്ന് ചിലര്‍ ആക്ഷേപിക്കുന്നുണ്ട്. പട്ടണത്തില്‍ നിന്ന് ഗ്രാമങ്ങളില്‍ പോയി താമസിക്കാന്‍ ഞാന്‍ ആരോടും അഭ്യര്‍ഥിക്കുന്നില്ല. എന്നാല്‍ ഗ്രാമീണരുടെ സുഖ സൗകര്യത്തിന് ആവശ്യമായിട്ടുള്ളത് അവര്‍ക്ക് ചെയ്തുകൊടുക്കേണ്ടതാണെന്ന് എനിക്കഭിപ്രായമുണ്ട്. പട്ടണത്തിലെ വ്യവസായ ശാലകള്‍ ഉപയോഗിക്കുന്ന അസംസ്‌കൃത സാധനങ്ങളെല്ലാം ഗ്രാമങ്ങളില്‍നിന്നാണ് വരുന്നത് എന്ന വസ്തുത വിസ്മരിക്കുക വയ്യ. പണ്ടത്തെപ്പോലെ തന്നെ എന്തുകൊണ്ട് ഗ്രാമങ്ങളില്‍ ഉണ്ടാവുന്ന സാധനങ്ങള്‍ വേണ്ടപോലെ ഉപയോഗപ്പെടുത്താന്‍ ഗ്രാമീണരെ ശീലിപ്പിച്ചുകൂടാ?'' (രാഷ്ട്ര പിതാവ്- കെ.പി കേശവമേനോന്‍, മാതൃഭൂമി ബുക്‌സ്, 1969, പേജ് 128).

രണ്ട് സംഭാവനകള്‍
വികസനത്തിന് ജമാഅത്തെ ഇസ്‌ലാമി നല്‍കിയ രണ്ട് പ്രധാന സംഭാവനകളുണ്ട്. ഒന്ന്, ആത്മാര്‍ഥതയും ത്യാഗ സന്നദ്ധതയുമുള്ള കര്‍മനിരതരായ ഒരു പ്രവര്‍ത്തക വൃന്ദം. രണ്ട്, സോളിഡാരിറ്റി എന്ന യുവജന പ്രസ്ഥാനം.
കൈയ് മെയ് മറന്ന് കഠിനാധ്വാനം ചെയ്യുന്ന ആയിരക്കണക്കിന് പ്രവര്‍ത്തകരെയാണ് പ്രസ്ഥാനം നാടിന് സംഭാവന ചെയ്തിട്ടുള്ളത്. സ്വാര്‍ഥ താല്‍പര്യങ്ങളും സ്വജനപക്ഷപാതിത്വവുമില്ലാതെ, അഴിമതിയുടെ കറപുരളാതെ അവര്‍ രാജ്യത്തെ സേവിക്കുന്നു. ഗവണ്‍മെന്റ് സര്‍വീസില്‍ ജോലി ചെയ്യുന്ന പ്രസ്ഥാന പ്രവര്‍ത്തകര്‍ വ്യതിരിക്തമായ സേവനബോധം കാത്തുസൂക്ഷിക്കുന്നവരാണ്.
ഓരോ പ്രസ്ഥാന പ്രവര്‍ത്തകനും ഓരോ സേവന മേഖല തെരഞ്ഞെടുത്ത് പ്രവര്‍ത്തിക്കണമെന്ന് പ്രസ്ഥാനം ആഗ്രഹിക്കുന്നു. വികസന പ്രവര്‍ത്തനങ്ങള്‍ ജനകീയമാക്കുന്നതിന്റെ മഹത്തായ മാതൃകയാണിത്. ജനസേവനത്തെക്കുറിച്ച ബോധവത്കരണവും പരിശീലനവും പ്രസ്ഥാനം പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നു. അതിന് പ്രത്യേക വിംഗും പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാനത്തുടനീളം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പൊതുജനപങ്കാളിത്തത്തോടെ സേവന വേദികള്‍ രൂപവത്കരിച്ചുകൊണ്ടിരിക്കുന്നു. വിദ്യാര്‍ഥികളെ വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കാന്‍ കാമ്പസ് സര്‍വീസ് വിംഗുകള്‍ രൂപവത്കരിക്കുന്നു. ഇങ്ങനെ നാടിന്റെ പുനര്‍നിര്‍മാണ പ്രക്രിയയില്‍ സാധ്യമാകുംവിധമെല്ലാം പങ്കാളിത്തം വഹിക്കുന്നുണ്ട് പ്രസ്ഥാനം.
സോളിഡാരിറ്റി യൂത്ത്മൂവ്‌മെന്റ് എന്ന പ്രസ്ഥാനമാണ് നാടിന്റെ വികസനത്തിന് ജമാഅത്ത് നല്‍കിയ മറ്റൊരു സംഭാവന. വികസന വഴിയിലെ വിപ്ലവ മുദ്രയാണ് സോളിഡാരിറ്റി.
ദേശീയതലത്തില്‍ ആരംഭിച്ചിട്ടുള്ള 'വിഷന്‍ 2016' എന്ന ബൃഹദ് പദ്ധതി വേറിട്ടു നില്‍ക്കുന്നതും പ്രത്യേകം പരാമര്‍ശിക്കേണ്ടതുമാണ്. വികസനത്തിന്റെ ഏറ്റവും വലിയ ജനകീയ സംരഭമാണിത്.

സേവന വേദികള്‍
ദേശീയതലത്തിലും സംസ്ഥാന തലങ്ങളിലും ജനസേവനത്തിന് പ്രത്യേക വകുപ്പും നേതൃത്വവുമുണ്ട് ജമാഅത്തെ ഇസ്‌ലാമിക്ക്. ജമാഅത്തും സോളിഡാരിറ്റിയും ജനസേവന വകുപ്പിന് പ്രത്യേകം സെക്രട്ടറിമാരെ നിശ്ചയിച്ചിട്ടുണ്ട്. ജമാഅത്ത്, സോളിഡാരിറ്റി, എസ്.ഐ.ഒ, ജി.ഐ.ഒ, ജമാഅത്ത് വനിതാ വിഭാഗം എന്നിവ നേരിട്ട് നടത്തുന്ന സേവന പദ്ധതികള്‍ക്കു പുറമെ, ജമാഅത്ത് പ്രവര്‍ത്തകരുടെ നേതൃത്വത്തിലും മറ്റനേകം വേദികളും രൂപം കൊണ്ടിട്ടുണ്ട്. അവയില്‍ പ്രധാനപ്പെട്ടവ മാത്രം താഴെ.
ഐ.ആര്‍.ഡബ്ല്യൂ (ഐഡിയല്‍ റിലീഫ് വിംഗ്)
ദുരന്തങ്ങളിലും അപകടങ്ങളിലും അടിയന്തര സഹായം എത്തിക്കല്‍, ദുരിതാശ്വാസം, പ്രഥമ ശുശ്രൂഷ, രോഗീ പരിചരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പരിശീലനം നല്‍കുക, അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക, ഡി അഡിക്ഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുക തുടങ്ങിയവയാണ് ഐ.ആര്‍.ഡബ്ല്യൂവിന്റെ പ്രവര്‍ത്തനങ്ങള്‍.
ബൈത്തുസ്സകാത്ത് കേരള
സംസ്ഥാനതലത്തില്‍ സംഘടിത സകാത്ത് ശേഖരണവും മാതൃകാപരമായ വിതരണവും നടത്തുന്നു. ജമാഅത്തിന്റെ പ്രാദേശിക ഘടകങ്ങള്‍ക്ക് കീഴിലും പ്രവര്‍ത്തകര്‍ പരിപാലിക്കുന്ന പള്ളികള്‍ കേന്ദ്രീകരിച്ചും നൂറുകണക്കിന് സകാത്ത് കമ്മിറ്റികള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വേറെയും പ്രവര്‍ത്തിക്കുന്നുണ്ട.
പലിശരഹിത നിധികള്‍
ജമാഅത്തിന്റെ വികസന പദ്ധതികളില്‍ ഏറ്റവും പ്രധാനപ്പെട്ടത്. സംസ്ഥാനത്ത് 400-ഓളം പലിശരഹിത നിധികള്‍ പ്രവര്‍ത്തിക്കുന്നു. അവക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്ന വേദിയാണ് 'ഇന്‍ഫെക്' (Interest free Establishment's Co-Cordination Committee-INFEC)
എ.ഐ.സി.എല്‍ (Alternative Investments and Credits Limited-AICL)
റിസര്‍വ് ബാങ്കിന്റെ അംഗീകാരത്തോടെ ഗവണ്‍മെന്റ് നിയമങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുന്ന ബാങ്കേതര ധനകാര്യ കമ്പനി. ലാഭ-നഷ്ട പങ്കാളിത്തത്തോടെ നിക്ഷേപം സ്വീകരിക്കുകയും ബിസിനസ് സംരംഭങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു.
ഇ.എം.എഫ് (Ehtical Medical Forum-EMF)
ധാര്‍മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ആതുര ശുശ്രൂഷാ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരുടെയും പാരാ മെഡിക്കല്‍ സ്റ്റാഫിന്റെയും കൂട്ടായ്മ. അടിയന്തര വൈദ്യസഹായം, സൗജന്യ ക്ലിനിക്കുകള്‍ തുടങ്ങിയ വിപുലമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.
മര്‍ഹമ എജ്യു സപ്പോര്‍ട്ട്
ജമാഅത്തിന്റെ വിദ്യാര്‍ഥി സംഘടനയായ എസ്.ഐ.ഒവിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സഹായ നിധി.
ഐ.എം.ബി (Islamic Marriage Bureau-IMB)
സ്ത്രീധന രഹിതവും അനാചാരങ്ങളില്ലാത്തതുമായ വിവാഹങ്ങള്‍ സംഘടിപ്പിക്കാന്‍ നേതൃത്വം നല്‍കുന്നു. ഇണകളെ കണ്ടെത്താന്‍ സഹായിക്കുന്നതോടൊപ്പം സമൂഹ വിവാഹങ്ങള്‍ സംഘടിപ്പിക്കുകയും സാമ്പത്തിക പ്രയാസമനുഭവിക്കുന്ന വരന്മാര്‍ക്ക് ധനസഹായം നല്‍കുകയും ചെയ്യുന്നു.
കനിവ്
കോഴിക്കോട് മെഡിക്കല്‍ കോളേജ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സേവന വേദി. ആതുര ശുശ്രൂഷാ രംഗത്ത് ബഹുമുഖ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.
അഭയകേന്ദ്രം
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സേവന വേദി. വൈവിധ്യമാര്‍ന്ന സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.
കാരുണ്യ കേന്ദ്രം
മലപ്പുറം ജില്ലയിലെ അത്താണിക്കല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കാരുണ്യ കേന്ദ്രം രോഗികളുടെ പരിചരണത്തില്‍ മാതൃകാ സ്ഥാപനമാണ്. കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, എറണാകുളം പെരുമ്പാവൂര്‍ തുടങ്ങിയ പല സ്ഥലങ്ങളിലും ഇത്തരം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
എ.ഐ.എം.എസ് (Association of Ideal Medical Service-AIMS)
ധാര്‍മികതയും നൈതികതയും മുറുകെ പിടിച്ച് പ്രവര്‍ത്തിക്കാന്‍ സന്നദ്ധതയുള്ള ഹോസ്പിറ്റലുകളുടെ കോ-ഓര്‍ഡിനേഷന്‍ വേദി. ജനസേവന സ്വഭാവത്തിലുള്ള ചികിത്സാ സംവിധാനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.
ജസ്റ്റീഷ്യ
പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സൗജന്യ നിയമ സഹായം, നിയമ ബോധവല്‍ക്കരണം, സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങളില്‍ നിയമപരമായ ഇടപെടല്‍ തുടങ്ങിയവക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന നിയമജ്ഞരുടെ കൂട്ടായ്മ.
അയല്‍കൂട്ടങ്ങള്‍
പരസ്പര സഹായത്തിന്റെ അടിസ്ഥാനത്തില്‍ സ്വയം തൊഴില്‍ രംഗത്തും മറ്റുമായി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മകള്‍.
വികസന പ്രവര്‍ത്തനങ്ങള്‍
പ്രസ്ഥാനത്തിനു കീഴില്‍ കേരളത്തില്‍ നടക്കുന്ന പ്രധാന ജന സേവന പ്രവര്‍ത്തനങ്ങള്‍ ഇവയാണ്.
1. വീട് നിര്‍മാണം
2. വീട് റിപ്പയറിംഗ്
3. പലിശരഹിത ലോണ്‍
4. റോഡ് നിര്‍മാണം
5. കുടിവെള്ള പദ്ധതി
6. റേഷന്‍ വിതരണം
7. വിദ്യാഭ്യാസ സഹായം, സ്കോളര്‍ഷിപ്പ് സ്കീം
8. മെഡിക്കല്‍ ക്യാമ്പ്
9. വിവാഹ സഹായം
10. ഡ്രഗ് ബാങ്ക്
11. പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍
12. കടാശ്വാസം
13. പലിശരഹിത സ്വയം സഹായ സംഘങ്ങള്‍
14. ചികിത്സാ സഹായം
15. സ്വയം തൊഴില്‍
16. കാര്‍ഷിക മേഖലയിലെ ജലസേചനം
17. വസ്ത്ര വിതരണം
18. ശുചീകരണം
19. സംഘടിത സകാത്ത്
20. ഡി അഡിക്ഷന്‍ ക്യാമ്പുകള്‍
21. ആരോഗ്യ ബോധവത്കരണം
22. രക്തദാനം
23. അപകടങ്ങളില്‍ സഹായം
24. ആംബുലന്‍സ് സര്‍വീസ്
25. ഗവണ്‍മെന്റ് ആശുപത്രികളില്‍ വാര്‍ഡ് നവീകരണം
26. വിത്ത് വിതരണം
27. മരം നടല്‍
28. ജനകീയ കൃഷിയും കൊയ്ത്തുത്സവവും
29. പൊതു സ്ഥാപനങ്ങള്‍ക്ക് ഫര്‍ണിച്ചര്‍
30. ആശുപത്രികളില്‍ ഭക്ഷണ വിതരണം
31. മെഡിക്കല്‍ കോളേജുകളില്‍ വാര്‍ഡ് നവീകരണം
32. പുനരധിവാസ പദ്ധതികള്‍
33. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍
34. അനാഥാലയങ്ങള്‍
35. ആശുപത്രികള്‍

ജനപക്ഷ വികസനം
ജമാഅത്തെ ഇസ്‌ലാമി നടപ്പിലാക്കുന്ന സേവന പ്രവര്‍ത്തനങ്ങള്‍ ജനപക്ഷ വികസനത്തിന്റെ മഹത്തായ മാതൃകകളാണ്. ഓരോ പ്രദേശത്തിന്റെയും ആവശ്യങ്ങള്‍ മനസ്സിലാക്കി മണ്ണിനും മനുഷ്യനും യോജിക്കുന്ന പദ്ധതികളാണ് ആസൂത്രണം ചെയ്യുക. ജമാഅത്ത് നടപ്പിലാക്കുന്ന ഓരോ പദ്ധതിയും ഓരോ വികസന സന്ദേശം രാജ്യത്തിന് നല്‍കുന്നു. ജനപക്ഷ വികസനത്തിന്റെ എല്ലാ തലങ്ങളെയും ഉള്‍ക്കൊള്ളാനും ആ പദ്ധതികള്‍ക്ക് കഴിയുന്നു.
1. സമൂഹത്തിലെ ഏറ്റവും സാധാരണക്കാരനും ദുര്‍ബലനും പ്രയോജനകരമാകുമ്പോഴാണ് ഒരു പദ്ധതി ജനപക്ഷ വികസനത്തിന്റെ മാതൃകയാകുന്നത്. വീടു നിര്‍മാണം മുതല്‍ ആതുര ശുശ്രൂഷ വരെയുള്ള ജമാഅത്തിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ മുഖ്യ സവിശേഷതയും ഇതുതന്നെ. നാട്ടില്‍ ഏറ്റവുമധികം പ്രയാസമനുഭവിക്കുന്നവരെ കണ്ടെത്തിയാണ് അത് വിതരണം ചെയ്യുന്നത്.
2. സ്വജനപക്ഷപാതിത്വമില്ലാതെ, ആരോടും അനീതി കാണിക്കാതെ, എല്ലാതരം സങ്കുചിത വിഭാഗീയതകള്‍ക്കും അതീതമാണ് ജമാഅത്തിന്റെ സേവന പ്രവര്‍ത്തനങ്ങള്‍. 'ഇന്ത്യന്‍ ജനത'യെയാണ് ജമാഅത്ത് മുന്നില്‍ കാണുന്നത്. വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളെ പരിശോധിച്ചാല്‍, എല്ലാ മതക്കാര്‍ക്കും സംഘടനക്കാര്‍ക്കും പാര്‍ട്ടികളൊന്നുമില്ലാത്തവര്‍ക്കും ജമാഅത്തിന്റെ സേവന പ്രവര്‍ത്തനങ്ങള്‍ പ്രയോജനം ചെയ്തതായി മനസ്സിലാകും.
ജമാഅത്തെ ഇസ്‌ലാമിയുടെ ആദര്‍ശം തന്നെയാണ് വിഭാഗീയതയോ പക്ഷപാതിത്വമോ ഇല്ലാതെ സേവന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കരുത്ത് നല്‍കുന്നത്. 'മനുഷ്യര്‍ക്ക് വേണ്ടി' പ്രവര്‍ത്തിക്കുക എന്നാണല്ലോ ഖുര്‍ആന്‍ നല്‍കുന്ന ആഹ്വാനം. ദൈവത്തെക്കുറിച്ച വിശുദ്ധ ഖുര്‍ആന്റെ പാഠങ്ങളിലും മനുഷ്യരുടെ രക്ഷിതാവ്, മനുഷ്യരുടെ ആരാധ്യന്‍, മനുഷ്യരുടെ രാജാധിരാജന്‍, ലോക ജനതയുടെ പരിപാലകന്‍ തുടങ്ങിയ പ്രയോഗങ്ങളാണ് കാണാന്‍ കഴിയുക. മനുഷ്യനെക്കുറിച്ച് ആവര്‍ത്തിച്ചുരുവിടുന്ന ഖുര്‍ആന്‍, ജനസേവന പ്രവര്‍ത്തനങ്ങളില്‍ മാനവിക കാഴ്ചപ്പാടാണ് മുന്നോട്ടുവെക്കുന്നത്.
3. മനുഷ്യരെ ദുരിതത്തിലാഴ്ത്തുകയും മണ്ണില്‍ നാശം വിതക്കുകയും ചെയ്യുന്ന വികസനം ജനവിരുദ്ധമാണെന്ന് ജമാഅത്ത് തിരിച്ചറിയുന്നു. പ്രകൃതിക്കിണങ്ങുന്ന വികസന പ്രവര്‍ത്തനങ്ങളാണ് നടക്കേണ്ടത്. ജനങ്ങളെ കുടിയിറക്കുന്ന വികസനമല്ല, അവര്‍ക്ക് വീടും കുടിയും നിര്‍മിച്ചുകൊടുക്കുന്ന വികസനം. ഇരകളെ കണ്ണീര്‍ കുടിപ്പിക്കുന്നതല്ല, അവരുടെ കണ്ണീരൊപ്പുന്ന വികസനം. ദരിദ്രരെ കൂടുതല്‍ ദരിദ്രരാക്കുകയും കടക്കാരന്റെ നിസ്സഹായാവസ്ഥ ചൂഷണം ചെയ്ത് കടബാധ്യതയുടെ നിലയില്ലാ കയത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്ന പലിശാധിഷ്ഠിത ബാങ്കുകളുടെ വികസനമല്ല, പലിശക്കെണിയില്‍ നിന്ന് അവനെ രക്ഷിക്കുന്ന പലിശരഹിത ബാങ്കിംഗ് വഴിയുള്ള വികസനം. മദ്യഷാപ്പുകള്‍ സ്ഥാപിച്ച് ജനങ്ങളെ ലഹരിയുടെ അടിമകളാക്കി റവന്യൂ വരുമാനം വര്‍ധിപ്പിക്കുന്ന വികസനമല്ല, മദ്യത്തിന്റെ അപകടങ്ങളില്‍നിന്ന് കുടിയന്മാരെയും കുടുംബങ്ങളെയും രക്ഷിക്കുന്ന ബോധവത്കരണത്തിന്റെയും ഡി-അഡിക്ഷന്‍ ക്യാമ്പുകളുടെയും രൂപത്തിലുള്ള വികസനം. ലോട്ടറി തട്ടിപ്പുകള്‍ക്ക് ഇരകളാകാന്‍ ജനങ്ങളെ വിട്ടുകൊടുത്ത് വിഹിതം പറ്റുന്ന വികസനമല്ല, എല്ലാ സാമ്പത്തിക ചൂഷണങ്ങളില്‍നിന്നും ജനങ്ങളെ രക്ഷിക്കുന്ന വികസനം. ഗവണ്‍മെന്റിന്റെ പദ്ധതി ഫണ്ടുകളില്‍ കൈയിട്ടു വാരി കീശയും മേശയും വീര്‍പ്പിക്കുന്ന രാഷ്ട്രീയക്കാരന്റെ വികസനമല്ല, ജനങ്ങളില്‍നിന്ന് കിട്ടുന്ന പണം പ്രവര്‍ത്തകരുടെ അധ്വാനവും ചേര്‍ത്ത് ഇരട്ടിയായി ജനങ്ങള്‍ക്ക് തിരിച്ചുകൊടുക്കുന്ന വികസനം. വിദേശ കമ്പനികള്‍ക്ക് ക്വട്ടേഷന്‍ കൊടുത്ത് കമീഷന്‍ പറ്റുന്ന അഴിമതി വികസനമല്ല, സ്വന്തം പ്രവര്‍ത്തകരും ജനങ്ങളും ചേര്‍ന്ന് പദ്ധതികള്‍ നടപ്പിലാക്കുന്ന വികസനം. കുടുംബക്കാരും പാര്‍ട്ടിക്കാരും ഓഹരി വെച്ചെടുക്കുന്ന സ്വജനപക്ഷപാതമല്ല, ജനങ്ങള്‍ക്കു വേണ്ടി മുഖം നോക്കാതെ അര്‍ഹത മാത്രം നോക്കി നടപ്പിലാക്കുന്ന
വികസനം.
4. ജനകീയാസൂത്രണത്തിന്റെ മികച്ച ഉദാഹരണങ്ങളാണ് ജമാഅത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍. ജനങ്ങളില്‍നിന്ന് പണം പിരിച്ചെടുക്കുന്നു. പ്രവര്‍ത്തകര്‍ അവരുടെ വിഹിതം നല്‍കുന്നു. ജനങ്ങളുടെ സഹകരണത്തോടെ, പ്രവര്‍ത്തകരുടെ അധ്വാനം സമം ചേര്‍ത്ത് ആ പണം ഇരട്ടിയാക്കി ജനങ്ങള്‍ക്കുതന്നെ തിരിച്ചുകൊടുക്കുന്നു. വികസനം ജനകീയമാകുന്നതെങ്ങനെയെന്ന് ജമാഅത്തിന്റെ
ഓരോ പദ്ധതിയും നമുക്ക്
കാണിച്ചുതരുന്നുണ്ട്.
ജമാഅത്തിന്റെ വികസന പദ്ധതികളെക്കുറിച്ച് പറയുമ്പോള്‍, തങ്കലിപികളില്‍ രേഖപ്പെടുത്തേണ്ടതാണ്, രാജ്യ നിവാസികള്‍ അതിന് നല്‍കുന്ന നിര്‍ലോഭമായ സാമ്പത്തിക സഹായവും പ്രോത്സാഹനവും. ജമാഅത്തും അനുബന്ധ ഘടകങ്ങളും ഏറ്റെടുത്ത എല്ലാ പദ്ധതികള്‍ക്കും കൈയയച്ച് സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ട് ഉദാരമതികളായ ജനങ്ങള്‍. സൂനാമി ദുരിതാശ്വാസം, എന്‍ഡോസള്‍ഫാന്‍ പുനരധിവാസം, ഭവന നിര്‍മാണം, കുടിവെള്ള പദ്ധതി തുടങ്ങിയവക്കെല്ലാം വന്‍ പിന്തുണയാണ് ജനങ്ങളില്‍നിന്നുണ്ടായത്. പ്രസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ നാടും നാട്ടുകാരും എത്ര ആത്മഹര്‍ഷത്തോടെയാണ് സ്വീകരിക്കുന്നതെന്ന് ഇത് വ്യക്തമാക്കുന്നു.
ജമാഅത്തെ ഇസ്‌ലാമി നടപ്പിലാക്കുന്ന ജനപക്ഷ വികസനത്തിന്റെ പ്രത്യേകതകളാണിതെല്ലാം. പ്രധാനമന്ത്രി മുതല്‍ പഞ്ചായത്ത് പ്രസിഡന്റ് വരെയുള്ളവരോട് ഈ വികസന പദ്ധതികള്‍ പറയുന്നത്, ഇന്ത്യയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് മാതൃകയാക്കൂ എന്നാണ്. അടിത്തട്ടില്‍നിന്നും തുടങ്ങുന്ന വികസനമാണിത്. സന്തുലിതവും സമഗ്രവുമായ വികസനം.

ഡി-അഡിക്ഷന്‍ ക്യാമ്പുകള്‍
ലഹരി ഉപയോഗം തകര്‍ത്തുകൊണ്ടിരിക്കുന്ന വ്യക്തികളെയും കുടുംബങ്ങളെയും രക്ഷിക്കാന്‍ തുടക്കം കുറിച്ചതാണ് ഡി-അഡിക്ഷന്‍ ക്യാമ്പുകള്‍. ഐ.ആര്‍.ഡബ്ളിയുവിനു കീഴിലാണ് ഇത് നടക്കുന്നത്.
നിലവില്‍ സര്‍ക്കാര്‍ തലത്തിലും മറ്റും നടന്നുകൊണ്ടിരിക്കുന്ന ലഹരി മോചന പ്രവര്‍ത്തനങ്ങള്‍ കാര്യമായ ഫലം ചെയ്യുന്നില്ല എന്ന തിരിച്ചറിവില്‍നിന്നാണ് ഡി-അഡിക്ഷന്‍ ക്യാമ്പുകള്‍ക്ക് തുടക്കം കുറിച്ചത്. കഴിഞ്ഞ 4 വര്‍ഷത്തിനുള്ളില്‍ 20 ക്യാമ്പുകള്‍ സംഘടിപ്പിച്ചു. ഒരു ക്യാമ്പില്‍ ശരാശരി 25 പേര്‍ക്കാണ് പ്രവേശനം നല്‍കുന്നത്. 20 ദിവസം നീണ്ടു നില്‍ക്കുന്ന ക്യാമ്പിലൂടെ വ്യക്തികളില്‍ സ്വയം നന്നാകാനുള്ള പ്രേരണയും കരുത്തും സൃഷ്ടിച്ചെടുക്കുന്നു. ക്യാമ്പില്‍ പങ്കെടുത്ത അംഗങ്ങള്‍ ഒരു വര്‍ഷം വരെ നിരന്തരമായ നിരീക്ഷണത്തിലായിരിക്കും. കുടുംബത്തിനും വ്യക്തികള്‍ക്കും പൂര്‍വ നിലയിലേക്ക് തിരിച്ചുപോകാതിരിക്കാന്‍ വേണ്ട വിദ്യാഭ്യാസവും മാര്‍ഗനിര്‍ദേശവും നല്‍കുന്നു. ഇതുവരെ നടന്ന ക്യാമ്പുകളെ അവലോകനം ചെയ്തപ്പോള്‍ അമ്പതുശതമാനം വരെ വിജയം കണ്ടതായാണ് അനുഭവം. ലഹരി ഉപയോഗം ഒരു രോഗമായി കണ്ട് സാന്ത്വനത്തിലൂടെ ചികിത്സിച്ച് മുക്തരാക്കുക എന്നതാണ് ഡി-അഡിക്ഷന്‍ ക്യാമ്പുകളുടെ രീതി. വ്യക്തിയുടെ ആരോഗ്യത്തിനും അന്തസ്സിനും കോട്ടം തട്ടാത്ത വിധം രൂപം കൊടുത്ത പ്രവര്‍ത്തനം രോഗിയിലും സമൂഹത്തിലും സദ്ഫലങ്ങള്‍ ഉണ്ടാക്കി തുടങ്ങിയിട്ടുണ്ട്.
ഭാവിയില്‍ ഡി-അഡിക്ഷന്‍ ക്യാമ്പുകള്‍ക്കും പുനരധിവാസത്തിനും സ്ഥിരം സംവിധാനങ്ങള്‍ക്ക് രൂപം കൊടുക്കാനുള്ള ശ്രമത്തിലാണ് ഐ.ആര്‍.ഡബ്ളിയു. അതിനായി നാല് ഏക്കര്‍ സ്ഥലത്ത് ഒരു കേന്ദ്രം പണിയാനാണ് തീരുമാനം. അത് സഫലമായാല്‍ കേരളത്തിന്റെ സാംസ്കാരിക മേഖലക്ക് അതൊരു വലിയ മുതല്‍ക്കൂട്ടായിരിക്കും.

വീട് നിര്‍മാണ പദ്ധതി
വീരാജ്പേട്ട നെഹ്റു നഗറിലെ ദിനകരനും കുടുംബത്തിനും 2008-ലെ വിഷുനാളിലാണ് പ്ളാസ്റിക് കൂടാരത്തില്‍നിന്ന് മോചനമുണ്ടായത്. വര്‍ഷങ്ങള്‍ക്കു മുമ്പ് മുന്‍സിപ്പാലിറ്റി അനുവദിച്ച 3 സെന്റ് സ്ഥലത്ത് പ്ളാസ്റിക് ഷീറ്റുകൊണ്ട് പൊതിഞ്ഞ കുടിലിലായിരുന്നു ഇവരുടെ താമസം. അതിനിടക്ക് ദിനകരന്‍ അസുഖം ബാധിച്ച് കിടപ്പിലായി. തനിക്ക് അറിയാവുന്ന കൂലിവേല പോലും ചെയ്യാന്‍ കഴിയാതെയായി. അംഗന്‍വാടിയില്‍ ജോലിയുള്ള ഭാര്യക്ക് ലഭിക്കുന്ന ചെറിയ വരുമാനം കൊണ്ടായിരുന്നു ദിനകരന്റെ കുടുംബം പുലര്‍ന്നിരുന്നത്.
ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വീരാജ്പേട്ടയിലെയും പരിസരത്തെയും നല്ലവരായ മനുഷ്യരുടെ അകമഴിഞ്ഞ സഹകരണത്തോടെയാണ് ദിനകരനും കുടുംബത്തിനും വീട് എന്ന സ്വപ്നം സാക്ഷാല്‍കരിച്ചത്. വീടിന് നല്‍കിയ പേരും അര്‍ഥവത്തായിരുന്നു - സൌഹാര്‍ദ നിലയ. അരമേരി കളഞ്ചേരി മഠത്തിലെ ശ്രീ ശ്രീ ശാന്ത മല്ലികാര്‍ജുന സ്വാമികളാണ് താക്കോല്‍ദാനം നിര്‍വഹിച്ചത്.
ജമാഅത്തെ ഇസ്ലാമിയുടെ ആഭിമുഖ്യത്തില്‍ നാടിന്റെ നാനാ ഭാഗങ്ങളില്‍ നിര്‍മിച്ചു നല്‍കിയ ആയിരക്കണക്കിന് വീടുകളിലൊന്നാണിത്. വെയിലും മഴയും മഞ്ഞുമേല്‍ക്കാതെ കിടന്നുറങ്ങാന്‍ കൂരയില്ലാത്ത ജനലക്ഷങ്ങളാണ് ഇന്ത്യയിലുള്ളത്. അവര്‍ക്ക് സാധ്യമാകുന്നത്ര വീടുകള്‍ നിര്‍മിച്ചു നല്‍കാന്‍ ലക്ഷ്യമിടുന്നതാണ് ജമാഅത്തെ ഇസ്ലാമിയുടെ വീടു നിര്‍മാണ പദ്ധതി.
ജമാഅത്തിനു കീഴില്‍ 'ബൈത്തുസ്സകാത്ത് കേരള' നിലവില്‍ വന്നതോടെ വീടു നിര്‍മാണ പദ്ധതി കൂടുതല്‍ വിപുലവും കാര്യക്ഷമവുമാക്കാന്‍ വേണ്ടി 2007 മുതല്‍ പദ്ധതി ബൈത്തുസ്സകാത്തിനു കീഴിലാക്കി. സകാത്ത് ഫണ്ടില്‍നിന്ന് ഒരു സംഖ്യ നീക്കിവെച്ചാണ് വീട് നിര്‍മാണ പദ്ധതി നടപ്പാക്കുന്നത്. വ്യക്തികള്‍ക്ക് അര്‍ഹതക്കനുസരിച്ച് വീടുണ്ടാക്കി കൊടുക്കുന്നതിനു പുറമെ, പ്രത്യേക സ്ഥലങ്ങളില്‍ ഹൌസിംഗ് കോളനികള്‍ നിര്‍മിക്കുന്ന പ്രോജക്ടും ബൈത്തു സകാത്തിന് കീഴിലുണ്ട്. തിരൂരിലെ ചമ്രവട്ടം, തിരുവനന്തപുരത്തെ പൂന്തുറ, അഴിക്കോട്, കൊല്ലം ജില്ലയിലെ മൂലമ്പിള്ളി മൈത്രി നഗര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഇങ്ങനെ ഭവന സമുച്ചയങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്.
പ്രാദേശികമായി അര്‍ഹരായ ആളുകളുടെ അപേക്ഷകള്‍ ജമാഅത്ത് ഘടകങ്ങളില്‍നിന്ന് ജില്ലാ കമ്മിറ്റികള്‍ വഴിയാണ് ബൈത്തുസകാത്തിന് സമര്‍പ്പിക്കുന്നത്. സൂക്ഷ്മ പരിശോധനകള്‍ക്കു ശേഷം വീടുകള്‍ അനുവദിക്കുന്നു. ജമാഅത്തിന്റെ പ്രാദേശിക ഘടകങ്ങള്‍ തന്നെയാണ് മിക്കവാറും നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുക. അതുകൊണ്ട് ഫണ്ടുകള്‍ ദുര്‍വ്യയം ചെയ്യപ്പെടാനുള്ള സാധ്യതകള്‍ ഇല്ലാതാകുന്നു. നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ഫോട്ടോ സഹിതം റിപ്പോര്‍ട്ടുകള്‍ കിട്ടിയ ശേഷമാണ് അടുത്ത ഘട്ടത്തിന് പണം അനുവദിക്കുന്നത്. കാര്യക്ഷമതയും സുതാര്യതയും ഉറപ്പുവരുത്തിയാണ് പദ്ധതികള്‍ നടപ്പിലാക്കുന്നത്. വിവേചനമില്ലാതെ അര്‍ഹരായ എല്ലാ വിഭാഗം ജനങ്ങളിലും ജമാഅത്തിന്റെ വീട് നിര്‍മാണ പദ്ധതിയുടെ ഗുണഭോക്താക്കളുണ്ട്.
ഗവണ്‍മെന്റിന്റെ വിവിധ പദ്ധതികളനുസരിച്ചുള്ള വീടു നിര്‍മാണ പ്രവര്‍ത്തനങ്ങളിലും ജമാഅത്തെ ഇസ്ലാമി പങ്കാളിത്തം വഹിക്കുന്നു. അര്‍ഹരായവര്‍ക്ക് ഗവണ്‍മെന്റ് പദ്ധതിയില്‍നിന്ന് വീട് ലഭിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുക, മതിയാകാതെ വരുന്ന പണം പ്രവര്‍ത്തകര്‍ സ്വന്തമായെടുത്തും ജനങ്ങളില്‍നിന്ന് പിരിച്ചെടുത്തും നിര്‍മാണം പൂര്‍ത്തീകരിക്കുക, ബാധ്യതയുള്ളവര്‍ക്ക് ജമാഅത്തിന്റെ കീഴിലെ പലിശരഹിത നിധികളില്‍നിന്ന് ലോണ്‍ നല്‍കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളും വിപുലമായി നടന്നുവരുന്നു.
2005-ല്‍ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് പ്രഥമ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ആരംഭിച്ച ഭവനനിര്‍മാണ പദ്ധതിപ്രകാരം ആയിരത്തിലധികം വീടുകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതിനകം നിര്‍മിച്ചു കഴിഞ്ഞു.Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly