Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
       


>>വാര്‍ത്തകള്‍/ദേശീയം


'അന്ധകാരങ്ങളില്‍നിന്ന് വെളിച്ചത്തിലേക്ക്'
ജമാഅത്തെഇസ്ലാമി രാജസ്ഥാന്‍ സംസ്ഥാന സമ്മേളനം
ജമാഅത്തെ ഇസ്ലാമി രാജസ്ഥാന്‍ സംസ്ഥാന സമ്മേളനം കഴിഞ്ഞ ഒക്ടോബര്‍ 2,3 തീയതികളില്‍ ജയ്പൂരില്‍ ചേര്‍ന്നു. 'അന്ധകാരങ്ങളില്‍നിന്ന് വെളിച്ചത്തിലേക്ക്' എന്നതായിരുന്നു സമ്മേളന പ്രമേയം. "പലതരം അന്ധകാരങ്ങളാല്‍ വലയം ചെയ്യപ്പെട്ടിരിക്കുകയാണ് ഇന്ന് ലോകം. ശക്തന്‍ ദുര്‍ബലനെ അടിച്ചമര്‍ത്തുന്നു. സ്ത്രീകള്‍ അതിക്രമങ്ങള്‍ക്ക് ഇരയാവുന്നു. പെണ്‍കുട്ടിയായി ജനിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെടുന്നു. ശിശു പെണ്ണാണെന്ന് അറിഞ്ഞാല്‍ ഗര്‍ഭപാത്രത്തില്‍ വെച്ചുതന്നെ അവള്‍ കൊല ചെയ്യപ്പെടുകയാണ്.'' ദ്വിദിന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അധ്യക്ഷന്‍ സയ്യിദ് ജലാലുദ്ദീന്‍ അന്‍സ്വര്‍ ഉമരി പറഞ്ഞു. അന്ധകാരങ്ങളെ വെളിച്ചമായും വെളിച്ചത്തെ അന്ധകാരമായും ചിത്രീകരിക്കുന്ന ആസുര യുഗത്തിലാണ് നാം ജീവിക്കുന്നതെന്നും ഈ അന്ധകാരങ്ങളില്‍നിന്ന് രാജ്യ നിവാസികളെ രക്ഷപ്പെടുത്തുകയാണ് നമ്മുടെ ബാധ്യതയെന്നും ജമാഅത്തെ ഇസ്ലാമി ജയ്പൂര്‍ ഘടകം പ്രസിഡന്റും സമ്മേളനത്തിന്റെ മുഖ്യ സംഘാടകനുമായ വഖാര്‍ അഹ്മദ് പറഞ്ഞു. ജമാഅത്തെ ഇസ്ലാമി സംസ്ഥാന പ്രസിഡന്റ് എഞ്ചിനീയര്‍ മുഹമ്മദ് സലീം അധ്യക്ഷനായിരുന്നു.
'മാതൃകാ കുടുംബത്തെയും സമൂഹത്തെയും സൃഷ്ടിക്കുന്നതില്‍ സ്ത്രീകളുടെ പങ്ക്' എന്ന ശീര്‍ഷകത്തില്‍ നടന്ന വനിതാ സെഷനില്‍, ജമാഅത്തെ ഇസ്ലാമി പശ്ചിമേന്ത്യന്‍ വനിതാ കോര്‍ഡിനേറ്റര്‍ മുനീറ ഖാനം, ഗുജറാത്ത് വനിതാ ഘടകം പ്രസിഡന്റ് ആരിഫ പര്‍വീന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഇന്ത്യന്‍ മുസ്ലിംകളുടെ പ്രശ്നങ്ങള്‍ ചര്‍ച്ചക്കെടുത്തത് മില്ലീസെഷനിലായിരുന്നു. "അന്യരുടെ മുമ്പില്‍ കൈനീട്ടുന്ന ഒരു യാചക സംഘമായി മാറിയിരിക്കുന്നു ഇന്ത്യന്‍ മുസ്ലിംകള്‍. ഓരോ പാര്‍ട്ടിയുടെയും വാതില്‍ക്കല്‍ ചെന്ന് അവര്‍ യാചിക്കുകയാണ്, അവകാശങ്ങളും ആവശ്യങ്ങളും അനുവദിച്ച് തരണേയെന്ന്. 'ന്യൂനപക്ഷ കോംപ്ളക്സ്' വിട്ടൊഴിയുന്നില്ല എന്നതാണ് ഈ സമൂഹത്തിന്റെ വലിയൊരു പ്രശ്നം. മുസ്ലിംകള്‍ ന്യൂനപക്ഷമായിരിക്കെ തന്നെയാണ് ചരിത്രത്തില്‍ പലപ്പോഴും അവര്‍ വലിയ സംഭാവനകള്‍ നല്‍കിയതെന്ന കാര്യം വിസ്മരിക്കപ്പെടുകയാണ്. എങ്കില്‍ ഇന്ത്യന്‍ മുസ്ലിംകള്‍ക്കും അത്തരം സംഭാവനകള്‍ നല്‍കാന്‍ സാധിക്കേണ്ടതില്ലേ?'' ജമാഅത്തെ ഇസ്ലാമി കേന്ദ്ര കൂടിയാലോചനാ സമിതി അംഗം എസ്.ക്യു.ആര്‍ ഇല്‍യാസ് ചോദിച്ചു. ആള്‍ ഇന്ത്യാ മില്ലി കൌണ്‍സില്‍ വൈസ് പ്രസിഡന്റ് മൌലാനാ അബ്ദുല്‍ വഹാബ് ഖില്‍ജി, രാജസ്ഥാന്‍ മുസ്ലിം ഫോറം കണ്‍വീനര്‍ ഖാരി മുഈനുദ്ദീന്‍, മജ്ലിസ് ഉലമായേ ഹിന്ദ് ജോ. സെക്രട്ടറി മൌലാനാ ജലാല്‍ ഹൈദര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ദേശീയ സെഷനായിരുന്നു മറ്റൊരു പ്രധാന ഇനം. ബൈച്ചാര ഫൌണ്ടേഷന്‍ പ്രസിഡന്റ് ദേവവ്യാസ്, സദ്ഭാവ് മഞ്ച് കണ്‍വീനര്‍ സവായ് സിംഗ്, ഗാന്ധിയന്‍ ഗവേഷകന്‍ കുമാര്‍ പ്രശാന്ത്, മുന്‍ രാജസ്ഥാന്‍ ന്യൂനപക്ഷ കമീഷന്‍ ചെയര്‍മാന്‍ സര്‍ദാര്‍ ജസ്ബീര്‍ സിംഗ് തുടങ്ങിയവരായിരുന്നു ഈ സെഷനിലെ പ്രഭാഷകര്‍.

ബീഹാര്‍ തെരഞ്ഞെടുപ്പ്:
മുസ്ലിം നേതൃത്വം ഉപാധികള്‍ വെക്കുന്നു

ആറു ഘട്ടങ്ങളിലായി നടക്കാനിരിക്കുന്ന ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 21-ന് ആരംഭിക്കാനിരിക്കെ വിവിധ മുസ്ലിം നേതാക്കള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മുമ്പാകെ അവകാശ പത്രിക സമര്‍പ്പിച്ചു. മൌലാനാ അഹ്മദ് വലി റഹ്മാനി, മൌലാനാ അനീസുര്‍റഹ്മാന്‍ ഖാസിമി, ഹസന്‍ അഹ്മദ് ഖാദിരി (ജംഇയ്യത്തുല്‍ ഉലമ), മുഫ്തി സനാഉല്ല (ഇദാറെ ശരീഅ), ഖയ്യൂം അന്‍സാരി (അന്‍ജും തറഖീ ഉര്‍ദു), ഫസ്ലെ റബ് (മില്ലി കൌണ്‍സില്‍) തുടങ്ങിയവരാണ് ഈ നീക്കത്തിനു പിന്നില്‍.
രംഗനാഥമിശ്ര കമീഷന്റെ ചുവട് പിടിച്ച് സര്‍ക്കാര്‍ ജോലികളിലും സര്‍വീസുകളിലും 15 ശതമാനം മുസ്ലിം സംവരണം ഏര്‍പ്പെടുത്തുക, ഇതില്‍ പകുതി പിന്നാക്ക മുസ്ലിംകള്‍ക്ക് നീക്കി വെക്കുക, അലീഗഢ് സ്പെഷ്യല്‍ സെന്ററിന് വേണ്ടി തര്‍ക്കരഹിതമായ ഒറ്റ ഭൂമി നല്‍കുക, മൌലാനാ മസ്ഹറുല്‍ ഹഖ് അറബിക്-പേര്‍ഷ്യന്‍ യൂനിവേഴ്സിറ്റിക്ക് പൂര്‍ണ സര്‍വകലാശാല പദവി നല്‍കുക, തദ്ദേശ സ്ഥാപനങ്ങളിലും മന്ത്രിസഭയിലും 15 ശതമാനം മുസ്ലിം സംവരണം, സാമുദായിക കലാപങ്ങളിലെ ഇരകള്‍ക്ക് 1984ലെ സിഖ് വിരുദ്ധ കലാപത്തിലേത് പോലുള്ള നഷ്ടപരിഹാരം, മുസ്ലിം പോലീസ് ഓഫീസര്‍മാരുടെ നിയമനം, എല്ലാ സ്കൂളുകളിലും ഉര്‍ദു അധ്യാപക നിയമനം, മുസ്ലിം കേന്ദ്രങ്ങളില്‍ വ്യാവസായിക യൂനിറ്റുകള്‍, ബീഹാര്‍ ന്യൂനപക്ഷ സാമ്പത്തിക കോര്‍പറേഷന് 250 കോടി രൂപയുടെ ഗ്രാന്റ് തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങള്‍. ഇവ പരിഗണിക്കുന്നവര്‍ക്കേ മുസ്ലിം സമുദായം വോട്ട് നല്‍കൂ എന്ന് നേതാക്കള്‍ പറഞ്ഞു.
അതേസമയം വിവിധ പാര്‍ട്ടികളുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയപ്പോള്‍ മുസ്ലിം പ്രാതിനിധ്യം താരതമ്യേന മെച്ചപ്പെട്ടതാണെന്ന് വിലയിരുത്തപ്പെടുന്നു. കോണ്‍ഗ്രസിന്റെ ആദ്യഘട്ട ലിസ്റില്‍ ആകെയുള്ള 77 സ്ഥാനാര്‍ഥികളില്‍ 22 മുസ്ലിംകളുണ്ട്. നിലവിലെ ബീഹാര്‍ അസംബ്ളിയില്‍ കോണ്‍ഗ്രസിന് 5 മുസ്ലിം എം.എല്‍.എമാരുണ്ട്. രാംവിലാസ് പാസ്വാന്റെ എല്‍.പി.ജെയുടെ ആദ്യലിസ്റില്‍ 58ല്‍ 10 പേര്‍ മാത്രമാണ് മുസ്ലിംകള്‍. ലാലുവിന്റെ ആര്‍.ജെ.ഡി ആദ്യ ലിസ്റില്‍ 65ല്‍ 17 സീറ്റുകളാണ് മുസ്ലിംകള്‍ക്ക് നല്‍കിയിരിക്കുന്നത്. ശരത് പവാറിന്റെ എന്‍.സി.പിയും ബീഹാറില്‍ ഒരു കൈ നോക്കുന്നുണ്ട്. 16 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചപ്പോള്‍ 5 പേരെയാണ് എന്‍.സി.പി മുസ്ലിം സമുദായത്തില്‍നിന്ന് നിശ്ചയിച്ചിരിക്കുന്നത്. 48 പേരെ സ്ഥാനാര്‍ഥികളായി പ്രഖ്യാപിച്ച് സി.പി.ഐ(എം.എല്‍) 6 സീറ്റുകളാണ് മുസ്ലിംകള്‍ക്ക് നല്‍കിയത്. 87 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച ബി.ജെ.പിയുടെ പട്ടികയില്‍ ഒരാള്‍ മുസ്ലിമാണ്. ആകെയുള്ളത് 243 മണ്ഡലങ്ങളാണ്. ഒന്നാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന 47 സീറ്റുകളില്‍ 25ലും മുസ്ലിംകള്‍ക്ക് നിര്‍ണായക ശക്തിയുണ്ട്. ഇതില്‍ അരരിയ, ജോകിഹട്ട്, ബഹാഗഞ്ച്, കൊച്ചദമാന്‍, അമൌര്‍, ബൈസി, ബല്‍റാംപൂര്‍ എന്നീ മണ്ഡലങ്ങളില്‍ മുസ്ലിം വോട്ട് 58 മുതല്‍ 75 ശതമാനം വരെയാണ്.

ബാബരി വിധി: കോടതിയെ സമീപിക്കും
ബാബരി മസ്ജിദ് തര്‍ക്കത്തില്‍ അലഹബാദ് ഹൈക്കോടതി വിധി വന്ന പശ്ചാത്തലത്തില്‍ മുസ്ലിംകള്‍ ഇവ്വിഷയകമായി കോടതിയെ തന്നെയാണ് ആശ്രയിക്കുക എന്ന് ജ.ഇ അഖിലേന്ത്യാ അമീര്‍ സയ്യിദ് ജലാലുദ്ദീന്‍ ഉമരി പ്രസ്താവിച്ചു. ഉന്നത കോടതിയുടെ അന്തിമ വിധിയെ സമുദായം അംഗീകരിക്കും. സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കണമെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം രാജ്യത്ത് സമാധാനവും ശാന്തിയും നിലനിര്‍ത്തണമെന്നും ആവശ്യപ്പെട്ടു.
സംരംഭകരുടെ സംഗമം
രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയില്‍ മുസ്ലിം സംരംഭകരുടെ സംഗമം നടന്നു. ഒരു ഉര്‍ദു വാരികയാണ് പരിപാടിക്ക് മുന്‍കൈ എടുത്തത്. ഇസ്ലാം ഖിം ഖാനയില്‍ നടന്ന സംഗമത്തിന്റെ തലക്കെട്ട് 'മുസ്ലിം സംരംഭകരുടെ സാധ്യതകളും വെല്ലുവിളികളും' എന്നായിരുന്നു. സാമ്പത്തിക കാര്യങ്ങള്‍ക്കൊപ്പം സമുദായത്തിന്റെ സാമൂഹിക, വിദ്യാഭ്യാസ അവസ്ഥകളും ചര്‍ച്ച ചെയ്യപ്പെട്ടു. സയ്യിദ് സിദ്ദീഖി മുഹമ്മദ് ബേരി (കര്‍ണാടക), ഗുലാം പേഷിമാം (എം.ഡി, അല്‍ സമിത് ഇന്റര്‍നാഷ്നല്‍), ഡോ. മുഹമ്മദ് അലി പഗനകര്‍, മഹാരാഷ്ട്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി മുഹമ്മദ് ആരിഫ് നസീംഖാന്‍, വി.ആര്‍ ഷരീപ്, അബൂ ആസിം ആസ്മി എം.എല്‍.എ തുടങ്ങിയവര്‍ സംബന്ധിച്ചു.
മുംബൈയില്‍ ചില്‍ഡ്രന്‍സ് ഫെസ്റിവല്‍
എസ്.ഐ.ഒ മുംബൈ ഘടകം വിപുലമായ പരിപാടികളോടെ ചില്‍ഡ്രന്‍സ് ഫെസ്റിവല്‍ സംഘടിപ്പിക്കുന്നു. ഡിസംബര്‍ 18,19 നാണ് ഫെസ്റിവല്‍. ഇതിന് മുന്നോടിയായി വിവിധ പരിപാടികള്‍ നടന്നുവരുന്നു. മുംബൈയിലെ വിവിധ സ്കൂളുകളിലെ പ്രിന്‍സിപ്പല്‍മാരുടെ സംഗമം നടന്നു.
മൂവായിരത്തോളം വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് മുംബൈയിലെ പത്താംക്ളാസ് വിദ്യാര്‍ഥികള്‍ക്കായി അഭിരുചി പരീക്ഷ നടത്തി. പ്രഗത്ഭരായ പ്രഫഷനല്‍ സൈക്കോളജിസ്റുകള്‍ നേതൃത്വം നല്‍കി. സാധാരണഗതിയില്‍ ഇത്തരം സംരംഭങ്ങളുടെ നേട്ടം ലഭ്യമല്ലാതിരുന്ന ഉര്‍ദു മീഡിയം വിദ്യാര്‍ഥികള്‍ക്ക് അവസരം നല്‍കുക എന്നതായിരുന്നു പ്രധാന ഉദ്ദേശ്യം.
ഇതിന്റെ തുടര്‍ച്ചയായി രക്ഷിതാക്കള്‍ക്കുള്ള മാര്‍ഗനിര്‍ദേശക പരിപാടി നടത്തും. ഒരു ഇന്റര്‍സ്കൂള്‍ നാടക മത്സരവും സംഘടിപ്പിക്കും.Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly