Prabodhanam Weekly

Pages

Search

2018 ആഗസ്റ്റ് 24

3065

1439 ദുല്‍ഹജ്ജ് 12

ജൂതന്മാരുമായുള്ള ബന്ധങ്ങള്‍

ഡോ. മുഹമ്മദ് ഹമീദുല്ല

[മുഹമ്മദുന്‍ റസൂലുല്ലാഹ്-68]

ജൂതന്മാരും ഇസ്രയേലികളും തമ്മില്‍ വ്യത്യാസമുണ്ടെന്നും രണ്ടും ഒരേ വിഭാഗമല്ലെന്നും ചിലപ്പോള്‍ പറയാറുണ്ട്. പക്ഷേ, ഈ അധ്യായത്തില്‍ ഈ രണ്ട് വാക്കുകളും പര്യായങ്ങളായാണ് പ്രയോഗിച്ചിരിക്കുന്നത്. ഒരു പൊതുപിതൃത്വത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം രൂപംകൊണ്ട സമുദായം എന്ന നിലയില്‍ പരിഗണിക്കുമ്പോള്‍ ഇന്ന് ലോകത്ത് നിലനില്‍ക്കുന്ന ഏറ്റവും പൗരാണികമായ സമുദായങ്ങളിലൊന്നാണ് ജൂതന്മാര്‍. അവര്‍ക്ക് അവരുടേതായ മതമുണ്ട്, സാഹിത്യമുണ്ട്, ചരിത്രമുണ്ട്. ഒക്കെയും വളരെ താല്‍പര്യമുണര്‍ത്തുന്നത്. അവരുടെ പൂര്‍വികന്‍ യാക്കോബ്(യഅ്ഖൂബ്) പ്രവാചകനാണ്. ഇസ്രാഈല്‍ എന്നും പേരുള്ള അദ്ദേഹം അബ്രഹാം പ്രവാചകന്റെ പൗത്രനാണ്. നമുക്കറിയാവുന്നതു പോലെ അബ്രഹാം/ഇബ്‌റാഹീം മെസപ്പൊട്ടോമിയയില്‍നിന്നാണ് വരുന്നത്. തന്റെ ഏകദൈവത്വ പ്രബോധനങ്ങളാണ് അദ്ദേഹത്തെ ബാബിലോണിയന്‍ രാജാവായ നംറൂദിന്റെ കോപത്തിനിരയാക്കിയത് (ചില ആധുനിക പണ്ഡിതന്മാരുടെ അഭിപ്രായത്തില്‍ നംറൂദും നിയമങ്ങള്‍ ക്രോഡീകരിച്ച പൗരാണിക ചക്രവര്‍ത്തി ഹമ്മുറാബിയും ഒരേ ആളാണ്).

അബ്രഹാമിനെക്കുറിച്ച സ്മൃതികള്‍ സമീപ പൗരസ്ത്യ ദേശങ്ങളിലുടനീളം ഓര്‍ത്തെടുക്കപ്പെടുന്നുണ്ട്. അറേബ്യയിലും സിറിയയിലും ഈജിപ്തിലുമെല്ലാം. ഫലസ്ത്വീനിലെ അല്‍ ഖലീലില്‍ അദ്ദേഹത്തിന്റേതെന്ന് പറയപ്പെടുന്ന ഖബ്ര്‍ നിലവിലുണ്ട്. ഈ പ്രദേശങ്ങളിലൊക്കെ അദ്ദേഹത്തിന്റെ സന്താന പരമ്പരകള്‍ കാണപ്പെടുന്നതില്‍ അത്ഭുതമില്ല. ഇസ്‌ലാമിക പാരമ്പര്യത്തില്‍ (ഖുര്‍ആനിലെ പന്ത്രണ്ടാം അധ്യായവും മറ്റും കാണുക), യാക്കോബ് പ്രവാചകന്റെ പുത്രന്മാരുടെ അസൂയയും കുശുമ്പുമാണ് ആ കുടുംബം ഈജിപ്തിലേക്ക് കുടിയേറിപ്പാര്‍ക്കാന്‍ നിമിത്തമായത്. യാക്കോബ് പ്രവാചകന്റെ പ്രിയ പുത്രന്‍ ജോസഫ് ഒരു കച്ചവട സംഘത്തിന്റെ കൈയില്‍ അകപ്പെടുകയും അവര്‍ ബാലനായ ജോസഫിനെ അടിമയാക്കി വില്‍ക്കുകയും ചെയ്തു. വിധിവശാല്‍, ഫറോവയുടെ ഒരു മന്ത്രിയുടെ ഭവനത്തിലാണ് ജോസഫ് എന്ന യൂസുഫ് എത്തിപ്പെട്ടത് (ബി.സി 1700 മുതല്‍ 1580 വരെ നിലനിന്ന, സിറിയയില്‍ ജന്മംകൊണ്ട ഹൈക്‌സോസ് -Hyksos- രാജവംശത്തിന്റെ ഭാഗമാണ് ഈ ഫറോവ). ഒടുവില്‍ യൂസുഫ് ആ നാടിന്റെ ധനകാര്യമന്ത്രിയായി നിയോഗിക്കപ്പെടുകയാണ്. യൂസുഫിനെപ്പോലെ പ്രഗത്ഭനും വിശ്വസ്തനുമായ ഒരാളുടെ ഭരണത്തിനു കീഴില്‍ നാട് അഭിവൃദ്ധിപ്പെട്ടു. സമൃദ്ധിയുടെയും വറുതിയുടെയും നാളുകള്‍ ഇടവിട്ട് വന്നുകൊണ്ടിരിക്കുമെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം ക്ഷാമനാളുകളില്‍ പിടിച്ചു നില്‍ക്കാന്‍ വലിയ അളവില്‍ ധാന്യങ്ങള്‍ സംഭരിച്ചു വെച്ചു. അത്തരമൊരു കടുത്ത ക്ഷാമകാലത്താണ് യാക്കോബിന്റെ മറ്റു മക്കള്‍ ഭക്ഷണം അന്വേഷിച്ച് ഈജിപ്തിലെത്തിയത്. യൂസുഫ് തന്റെ സഹോദരന്മാരെ തിരിച്ചറിഞ്ഞു. ഒടുവില്‍ വൃദ്ധരായ മാതാപിതാക്കള്‍ ഉള്‍പ്പെടെ ഈജിപ്തിലേക്ക് കുടിയേറിപ്പാര്‍ക്കുകയായിരുന്നു.

ഏറെ വൈകാതെ ഹൈക്‌സോസ് രാജഭരണം ഈജിപ്തിലെ തന്നെ ഫറോവമാര്‍ക്ക് വഴിമാറി. ഭരണം മാറുമ്പോള്‍ ഇന്നലെകളില്‍ ആധിപത്യം പുലര്‍ത്തിയവര്‍ ഇന്നിന്റെ ഇരകളായി മാറും. ഹൈക്‌സോസ് ഭരണം അവസാനിച്ചത് ബി.സി 1580-ല്‍ ആണെന്നും, റംസിസ് രണ്ടാമന്റെ കാലത്ത് പലായനം (Exodus) ഉണ്ടായത് ബി.സി 1260-ല്‍ ആണെന്നും നാം അംഗീകരിച്ചാല്‍, കന്‍ആനികള്‍, പ്രത്യേകിച്ച് ഇസ്രാഈല്യര്‍ ഈജിപ്തില്‍ കടുത്ത പീഡനങ്ങള്‍ക്കിരയായത് ഏതാണ്ട് മൂന്ന് നൂറ്റാണ്ടുകാലമായിരുന്നുവെന്ന് കണക്കാക്കാനാവും. സിറ്റി (Siti) ഒന്നാമന്റെ മകനും പിന്‍ഗാമിയുമായിരുന്നു റംസിസ്. അയാള്‍ ഭരിച്ചത് ബി.സി 1330 മുതല്‍ 1260 വരെയാണെന്ന് പറയപ്പെടുന്നു. ഖുര്‍ആന്റെ വിവരണമനുസരിച്ച്, ഇക്കാലത്ത് ഇസ്രായേലികള്‍ ഏല്‍ക്കേണ്ടി വന്ന പീഡനങ്ങള്‍ വളരെ കടുത്തതായിരുന്നു. ഫറോവയുടെ മനം മാറ്റാനുള്ള യത്‌നം പരാജയപ്പെട്ടപ്പോള്‍ ആ ജനവിഭാഗം കൂട്ടത്തോടെ മോസസ്, ആരണ്‍ (മൂസയും ഹാറൂനും) എന്നിവരുടെ നേതൃത്വത്തില്‍ ഈജിപ്തില്‍നിന്ന് പലായനം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഇസ്രായേല്‍ വംശം കുടിയൊഴിഞ്ഞുപോയാല്‍ മനുഷ്യ വിഭവശേഷിയുടെ വലിയ നഷ്ടമുണ്ടാവും കാര്‍ഷികമേഖലയില്‍. അവിടെ കുടിയാന്മാരായി പണിയെടുക്കുന്നത് അവരാണല്ലോ. അവരെ തടയാന്‍ വേണ്ടി റംസിസ് തന്റെ സൈന്യവുമായി അവരെ പിന്തുടര്‍ന്നു. പക്ഷേ, അയാളും സൈന്യവും മുങ്ങിമരിക്കുകയാണുണ്ടായത്. അവര്‍ മുങ്ങിമരിച്ചത് നൈലിലോ ചെങ്കടലിലോ? ഖുര്‍ആന്‍ അക്കാര്യം തെളിച്ചു പറയുന്നില്ല. പക്ഷേ, ഒരു കാര്യം ഖുര്‍ആന്‍ ഉറപ്പിച്ചു പറയുകയും ചെയ്യുന്നു, ഫറോവയുടെ ശരീരം പില്‍ക്കാലക്കാര്‍ക്ക് ദൃഷ്ടാന്തമായി സൂക്ഷിച്ചുവെക്കുമെന്ന് (10:92). 1881- വരെ ഈ സൂക്തത്തെ എങ്ങനെ വ്യാഖ്യാനിക്കുമെന്ന് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ക്ക് വേണ്ടത്ര വ്യക്തതയുണ്ടായിരുന്നില്ല. ആ വര്‍ഷമാണ് റംസിസിന്റേതെന്ന് കരുതപ്പെടുന്ന 'മമ്മി' കണ്ടെത്തിയത്. അതിപ്പോള്‍ കൈറോ മ്യൂസിയത്തില്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ട്.1

ഖുര്‍ആന്‍ പറയുന്നത് (5:23-9), മോസസ് ഫലസ്ത്വീനില്‍ സ്ഥിരതാമസമാക്കാനാണ് പുറപ്പെട്ടിരുന്നതെന്നും അദ്ദേഹത്തോടൊപ്പം പോകാന്‍ അനുയായികളായ ജൂതന്മാര്‍ കൂട്ടാക്കിയില്ലെന്നുമാണ്. കാരണം ആ ദേശത്തെ അറബ് നിവാസികളെ ജൂതന്മാര്‍ക്ക് പേടിയായിരുന്നു. പ്രവാചകനെ കേള്‍ക്കാന്‍ വിസമ്മതിച്ചതിന്റെ ശിക്ഷയായി നാല്‍പ്പതു വര്‍ഷം ഭൂമിയില്‍ അലഞ്ഞുതിരിയാനായിരുന്നു അവരുടെ വിധി. ഇക്കാലത്താണ് ആരണും മോസസും മരണമടയുന്നത്. ബൈബിള്‍ പഴയ നിയമത്തില്‍ (സാമുവല്‍ 15:1-3) പറയുന്ന സംഭവം ഖുര്‍ആന്‍ പരാമര്‍ശിക്കുന്നില്ല. പഴയ നിയമത്തിലെ വിവരണമനുസരിച്ച്, ആ പ്രദേശത്ത് ജീവിച്ചിരുന്ന അമാലിക്കന്‍ അറബികളുടെ (Amalecite Arabs), 'സ്ത്രീകളെയും പുരുഷന്മാരെയും കുട്ടികളെയും ശിശുക്കളെയും പശുക്കളെയും ആടുകളെയും ഒട്ടകങ്ങളെയും കഴുതകളെയും' ഇസ്രായേല്യര്‍ കൊന്നൊടുക്കിയിരുന്നു. ഇസ്രായേല്‍ അധിനിവേശത്തിനെതിരെ തങ്ങളുടെ നാടിനെ പ്രതിരോധിക്കാന്‍ അമാലിക്കുകള്‍ ശ്രമിച്ചതിന്റെ പേരില്‍ മാത്രമായിരുന്നു ഈ കുരുതി. അവസരം കിട്ടുമ്പോള്‍ ഇരകളാക്കപ്പെട്ടവര്‍ തിരിച്ചടിക്കുമല്ലോ. താലൂത്വ് അല്ലെങ്കില്‍ Saul സ്ഥാപിച്ച ജൂതഭരണകൂടം- അതിനെ പിന്നീട് ഡേവിഡും സോളമനും ശക്തിപ്പെടുത്തുകയുണ്ടായി- എങ്ങനെയാണ് പിന്നീട് ആഭ്യന്തര യുദ്ധങ്ങള്‍ നിമിത്തം രണ്ടായി പിളര്‍ന്നതെന്നും, കിഴക്കു (ഇറാഖ്) നിന്നും വടക്കു (സിറിയ) നിന്നും അവര്‍ എപ്പോഴാണ് ആക്രമിക്കപ്പെട്ടതെന്നും ഖുര്‍ആന്‍ പരാമര്‍ശിക്കുന്നില്ലെങ്കിലും, നെബുക്കദ് നസര്‍, ഹെറോഡ്, ആന്റിയോക്കസ്, ടിറ്റസ് എന്നിവര്‍ ജൂതന്മാര്‍ക്കെതിരെ നടത്തിയ ആക്രമണങ്ങളെയും അധിനിവേശങ്ങളെയും അവരുടെ പേര് പറയാതെ സൂചിപ്പിക്കുന്നുണ്ട് (17:4-5). അറബികളുടെ വളരെ പൗരാണികമായ ഒരു ദേവാലയം നിലനിന്നിരുന്ന സിയണി(Sion)ല്‍നിന്ന് ജൂതന്മാരെ ഈ അധിനിവേശക്കാര്‍ ആട്ടിയോടിക്കുകയും ചെയ്തു. ഇങ്ങനെയാണ് ജൂതന്മാര്‍ ലോകത്തിന്റെ നാനാദേശങ്ങളിലേക്ക് ചിതറിത്തെറിച്ചു പോയത്. ചിലേടങ്ങളില്‍ അവര്‍ ധാരാളമുണ്ടായിരുന്നു, ചിലേടങ്ങളില്‍ വളരെ കുറച്ചും. അങ്ങനെയാണ് അവര്‍ അറേബ്യയിലും എത്തുന്നത്. അറേബ്യയിലെ ജൂതന്മാരെക്കുറിച്ച് മാത്രമേ നാമിവിടെ ചര്‍ച്ച ചെയ്യുന്നുള്ളൂ.

 

ഇസ്‌ലാമിന് മുമ്പ്

അറേബ്യന്‍ ഉപദ്വീപിലേക്ക് എപ്പോഴാണ് ജൂതസമൂഹങ്ങള്‍ എത്തിയത് എന്ന് വ്യക്തമല്ല. യമനിലെ ഷീബാ രാജ്ഞി സോളമനെ സന്ദര്‍ശിച്ചതിനെക്കുറിച്ച ഖുര്‍ആന്‍ പരാമര്‍ശമാണ് ഇതു സംബന്ധമായി വന്നിട്ടുള്ള ഒരു സൂചന.2 പ്രവാചകന്‍ ആഗതനാവുമ്പോള്‍ അറേബ്യയില്‍ എല്ലായിടത്തും ജൂതന്മാര്‍ ഉണ്ടായിരുന്നു. ചിലേടങ്ങളില്‍ സംഘടിത സമൂഹങ്ങളായിത്തന്നെ; മറ്റു ചിലേടത്ത് ചെറിയ ചെറിയ കൂട്ടങ്ങളായിരിക്കും. ഏതാനും വ്യക്തികള്‍ മാത്രമുള്ള പ്രദേശങ്ങളും കാണും. ഐലഃ (അഖബ ഉള്‍ക്കടല്‍ തീരത്ത്) മുതല്‍ യമന്റെയും ഉമാന്റെയും അറ്റംവരെ, മദീന മുതല്‍ ബഹ്‌റൈന്‍ വരെ, മഖ്‌ന, വാദില്‍ഖുറാ, തൈമ, ഫദക്, ത്വാഇഫ് തുടങ്ങി 'നഗരങ്ങള്‍' എന്ന് വിളിക്കപ്പെടുന്ന എല്ലായിടങ്ങളിലും ചന്തകളിലും കച്ചവട സംഘങ്ങളിലുമെല്ലാം ജൂതന്മാരെ കാണാമായിരുന്നു.

അതേസമയം മക്കയില്‍ അവര്‍ ഉണ്ടായിരുന്നതായി പരാമര്‍ശമൊന്നും കാണാന്‍ കഴിഞ്ഞിട്ടില്ല. മേഖലയിലെ ഉക്കാള് പോലുള്ള ചന്തകളില്‍ അവര്‍ വന്നു പോവാറുമുണ്ടായിരുന്നു. ഇത്തരം ചന്തകളില്‍ ചരക്കുകള്‍ വിറ്റ് മാത്രമല്ല അവര്‍ പണമുണ്ടാക്കിയിരുന്നത്. 'മറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വെളിപ്പെടുത്തി'യും 'ഭാവിപ്രവചനം' നടത്തിയുമൊക്കെ അവര്‍ കാശുണ്ടാക്കും. ചന്തയിലെത്തുന്ന പാമരന്മാര്‍ ഇതൊക്കെ വിശ്വസിക്കുകയും ചെയ്യും. എഴുത്തും വായനയും അറിയാത്ത, എന്തും പെട്ടെന്ന് വിശ്വസിക്കുന്ന ബദുക്കള്‍ക്കിടയില്‍ ഈ 'വേദത്തിന്റെ ആളുകള്‍'ക്ക് പ്രത്യേക പരിഗണന ലഭിച്ചിരുന്നു.

അറബ് ചരിത്രകാരന്മാര്‍ മാത്രമല്ല ആധുനിക പാശ്ചാത്യ ഗവേഷകര്‍ വരെ (കാസനോവ3 ഉദാഹരണം) രേഖപ്പെടുത്തിയ ഒരു കാര്യമുണ്ട്. ഏഴാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ജൂതന്മാരും അതുപോലെ ക്രിസ്ത്യാനികളും മനുഷ്യകുലത്തിന് എന്താണോ ആവശ്യമുള്ളത് അത് നല്‍കുന്ന ഒരു മഹദ് വ്യക്തിത്വത്തെ, ഒരു ദൈവപ്രവാചകനെ പ്രതീക്ഷിച്ചു നില്‍ക്കുകയായിരുന്നു. അതേസമയം പ്രവാചകനെക്കുറിച്ച് എഴുതപ്പെട്ട അറബ് ചരിത്രകൃതികള്‍ വായിക്കുമ്പോള്‍ വിശദീകരിക്കാനാവാത്ത ചില സമസ്യകളില്‍ വായനക്കാരന്‍ ചെന്നു ചാടുന്നുണ്ട്. ചില ചരിത്ര കൃതികളില്‍ ഇങ്ങനെയാണ് കാണുക: മദീനയിലെ ജൂതന്മാര്‍ തങ്ങളുടെ എതിരാളികളെ വെല്ലുവിളിക്കാറുണ്ടായിരുന്നു. 'ഞങ്ങള്‍ക്ക് ഉടനെ ഒരു പ്രവാചകന്‍ വരാനുണ്ട്. അദ്ദേഹം വന്നുകഴിഞ്ഞാല്‍ ഞങ്ങള്‍ അദ്ദേഹത്തെ പിന്‍പറ്റും. അദ്ദേഹത്തോടൊപ്പം ചേര്‍ന്ന് സകല ശത്രുക്കളെയും തകര്‍ക്കുകയും ചെയ്യും.'4 മറ്റൊരു വിഭാഗം ചരിത്രകൃതികളില്‍ ഇങ്ങനെയും കാണാം:5 ജൂതന്മാര്‍ ഒരു പ്രവാചകനെ കാത്തിരിക്കുന്നുണ്ടായിരുന്നു എന്നത് സത്യമാണ്. പക്ഷേ, അദ്ദേഹത്തെ പിന്‍പറ്റാന്‍ അവര്‍ക്ക് ഉദ്ദേശ്യമുണ്ടായിരുന്നില്ല. ജനിച്ച പാടേ അദ്ദേഹത്തെ കണ്ടുപിടിച്ച് കൊന്നുകളയാനായിരുന്നു അവരുടെ പരിപാടി (തങ്ങളെക്കുറിച്ച് വന്ന ദുര്‍ലക്ഷണങ്ങളടങ്ങിയ പ്രവചനങ്ങളില്‍നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയാകുമോ ഇത്?). ഒരു ചരിത്ര നിവേദനത്തില്‍ ഇങ്ങനെ വന്നിട്ടുണ്ട്: നബി കുട്ടിയായിരിക്കെ ഉക്കാള് ചന്തയില്‍ വെച്ച് അദ്ദേഹത്തിന്റെ പോറ്റുമ്മ അദ്ദേഹത്തെ ഒരു ജൂത കൈനോട്ടക്കാരന്റെ അടുത്തേക്ക് കൊണ്ടുപോയി. കുട്ടിയെ കൊല്ലാന്‍ വേണ്ടി കൈനോട്ടക്കാരന്‍ തന്റെ കൂട്ടുകാരെ വിളിച്ചുവരുത്തിയത്രെ. കാര്യം പന്തിയല്ലെന്നു കണ്ട് വളര്‍ത്തുമ്മ കുട്ടിയെയും കൊണ്ട് ചന്തയില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. പില്‍ക്കാലത്ത് തന്റെ പിതൃസഹോദരനോടൊപ്പം ഒരു കച്ചവട സംഘത്തില്‍ യാത്ര ചെയ്ത നബിയെ ചില ക്രിസ്ത്യന്‍ പുരോഹിതന്മാര്‍ കാണാനിട വന്നപ്പോള്‍ ഈ കൗമാരക്കാരനെ കണ്ടാല്‍ ജൂതന്മാര്‍ കൊന്നുകളയുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നുവത്രെ. കേവലം പക്ഷപാതപരമായ ഒരു വിവരണമായിട്ടാണോ നമ്മള്‍ ഇതിനെ കാണേണ്ടത്? അല്ലെങ്കില്‍ വരാനിരിക്കുന്ന പ്രവാചകനോട് ഒരു വിഭാഗം ആളുകള്‍ക്ക് മാത്രമുള്ള നിലപാടായാണോ നാമിതിനെ മനസ്സിലാക്കേണ്ടത്? ഏതായാലും ഈ നിലയില്‍ ചര്‍ച്ച നീട്ടിക്കൊണ്ടുപോകാന്‍ നാം ഉദ്ദേശിക്കുന്നില്ല.

 

പ്രവാചകന്റെ ആഗമന കാലത്ത്

മുഴുവന്‍ മനുഷ്യരാശിക്കുമുള്ള പ്രവാചകനായിട്ടാണ് മുഹമ്മദ് നബി നിയോഗിക്കപ്പെടുന്നതെങ്കിലും ആ ആശയത്തിന്റെ പ്രയോഗത്തില്‍ കാര്യകാരണബന്ധങ്ങള്‍ നിഷ്‌കര്‍ഷിക്കാതിരിക്കാനാവുമായിരുന്നില്ല. മുഴുവന്‍ മനുഷ്യര്‍ക്കുമുള്ള പ്രവാചകന്‍ എന്ന് ഖുര്‍ആന്‍ പലരീതിയില്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും തുടക്കത്തില്‍ പ്രവാചകന്റെ വ്യക്തിപരമായ ബാധ്യത പരിമിതമായിരുന്നു. ഖുര്‍ആന്‍ പ്രബോധന ഘട്ടത്തിന്റെ തുടക്കത്തില്‍ നബിയോട് ആവശ്യപ്പെടുന്നത്, അടുത്ത ബന്ധുക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കാനാണ്.6 രഹസ്യ പ്രബോധനത്തിന്റെ ഈ ഘട്ടം കഴിഞ്ഞാണ് പരസ്യ പ്രബോധനം: 'എന്താണോ ആജ്ഞാപിക്കപ്പെട്ടത് അത് തുറന്നുപറയുക.'7 തുടക്കത്തില്‍ പ്രവാചകന്റെ ചുമതല ഒരു നിര്‍ണിത ഭൂമിശാസ്ത്ര പരിധിക്കകത്തായിരുന്നുവെന്ന് ഈ ഖുര്‍ആനിക വാക്യം സൂചന നല്‍കുന്നുണ്ട്: 'നഗരങ്ങളുടെ മാതാവിനെ (ഉമ്മുല്‍ ഖുറാ)യും അതിന് ചുറ്റുമുള്ളവരെയും താക്കീത് ചെയ്യാനാണ്, മുമ്പുള്ളതിനെ ശരിവെക്കുന്ന ഈ അനുഗൃഹീത ഗ്രന്ഥം നാം ഇറക്കിയിട്ടുള്ളത്.'8

ദൈവധിക്കാരത്തിന്റെ പരിണതികളെക്കുറിച്ച് പ്രവാചകന്‍ മുന്നറിയിപ്പ് നല്‍കുമ്പോള്‍ നേരത്തേ പറഞ്ഞ ഭൂമിശാസ്ത്രപരിധിയില്‍ ജൂതന്മാര്‍ ഉണ്ടായിരുന്നുവോ? മക്കയില്‍ അവര്‍ ഉണ്ടായിരുന്നതായി അറബ് ചരിത്രകാരന്മാരും രേഖപ്പെടുത്തിയിട്ടില്ല. ഖുര്‍ആനിലെ ആന്തരിക തെളിവുകളും അതിനെ ബലപ്പെടുത്തുന്നു. ഖുര്‍ആനിലെ 86 അധ്യായങ്ങള്‍ ഹിജ്‌റക്ക് മുമ്പാണ് അവതരിച്ചത്. ചരിത്രകാരന്മാര്‍ പറയുന്നത് ഈ അധ്യായങ്ങളിലൊന്നിലും തന്നെ 'ഇസ്രയേല്‍ സന്തതികളേ' എന്ന സംബോധന വന്നിട്ടില്ല എന്നാണ്. 'മനുഷ്യരേ,' 'ആദം സന്തതികളേ' എന്നൊക്കെയാണ് പ്രയോഗങ്ങള്‍ (ഇതിന് അപവാദമായി 20:80-ല്‍ 'ഇസ്രായേല്‍ സന്തതികളേ' എന്ന പ്രയോഗം വന്നിട്ടുണ്ടെങ്കിലും, അത് അവരെ നേരില്‍ അഭിസംബോധന ചെയ്യുന്ന തരത്തിലല്ല. അതൊരു സംഭവവിവരണം മാത്രമാണ്). ഖുര്‍ആനിക അധ്യായങ്ങള്‍ അവതരിച്ച കാലക്രമത്തില്‍ (Chronological Order) അല്ല അവ മുസ്വ്ഹഫില്‍ ക്രോഡീകരിക്കുന്നത് (Compilation Order) എന്ന് എല്ലാവര്‍ക്കുമറിയാം. ഈ അധ്യായത്തില്‍, ഇനിയങ്ങോട്ടുള്ള വിവരണത്തില്‍ ഖുര്‍ആനിക അധ്യായങ്ങള്‍ക്ക് നാം രണ്ട് നമ്പറുകള്‍ നല്‍കും. ഒന്ന് കാലഗണനയനുസരിച്ചുള്ള ക്രമത്തെ സൂചിപ്പിക്കുന്നു; അതിനെ കുറിക്കാന്‍ നാം റോമന്‍ അക്കമാണ് നല്‍കുക. രണ്ടാമത്തേത്, മുസ്വ്ഹഫിലെ ക്രോഡീകരണ പ്രകാരമുള്ള ക്രമം. അതിനെ കുറിക്കാന്‍ സാധാരണ അക്കവും ചേര്‍ക്കും. ഉദാഹരണത്തിന് ആയത്ത് നമ്പറായി 'III/73:15' എന്നാണ് എഴുതുന്നതെങ്കില്‍, അതിന്റെ അര്‍ഥം കാലഗണന പ്രകാരം മൂന്നാമത്തേതും മുസ്വ്ഹഫ് ക്രമമനുസരിച്ച് എഴുപത്തിമൂന്നാമത്തേതുമായ അധ്യായത്തിലെ 15-ാം സൂക്തം എന്നാണ്. ഖുര്‍ആന്‍ ക്രോഡീകരണത്തെക്കുറിച്ച് നാം മറ്റൊരു അധ്യായത്തില്‍ പ്രതിപാദിക്കുന്നുണ്ട്.

ജൂതന്മാരോടുള്ള പ്രവാചകന്റെ നയം എന്തായിരുന്നു എന്ന് പഠിക്കാന്‍ നമുക്ക് ഖുര്‍ആനെ മാത്രമേ അവലംബിക്കാന്‍ നിര്‍വാഹമുള്ളൂ. പ്രവാചകന്റെ ജീവചരിത്ര കൃതികള്‍ ഇക്കാര്യത്തില്‍ വലിയ സഹായമൊന്നും നല്‍കുന്നില്ല. ഈ വിഷയത്തില്‍ ഖുര്‍ആനില്‍ വരുന്ന ആദ്യ സൂചന വ്യംഗ്യമായ ഒന്നാണ്. 'നിങ്ങളുടെ മേല്‍ സാക്ഷിയായ ഒരു ദൂതനെ നിങ്ങളുടെ അടുത്തേക്ക് നാം അയച്ചിരിക്കുന്നു; ഫറോവയുടെ അടുത്തേക്ക് നാം ദൂതനെ അയച്ചതുപോലെ.'9 ഇവിടെ ജൂതന്മാരെക്കുറിച്ച് പരാമര്‍ശമില്ല; ജൂതന്മാരിലേക്ക് നിയോഗിതനായ മഹാനായ പ്രവാചകന്‍ മോസസിനെക്കുറിച്ചാണ് സൂചനയുള്ളത്. മുഹമ്മദ് നബിക്ക് മോസസുമായുള്ള സാദൃശ്യം വ്യക്തമാക്കുകയാണ്. അതായത് അല്ലാഹു റംസിസ് എന്ന ഫറോവയുടെ അടുത്തേക്ക് ഒരു പ്രവാചകനെ നിയോഗിച്ചു. ആ പ്രവാചകനെ ശ്രവിക്കാതെ റംസിസ് ധിക്കാരിയായപ്പോള്‍ അല്ലാഹു അയാളെ ശിക്ഷിച്ചു. അതുപോലെയാണ്, ഒരു ആഗോള ദൗത്യവുമായി അല്ലാഹു മുഹമ്മദ് നബിയെ മക്കയിലേക്ക് നിയോഗിച്ചിരിക്കുന്നത്. അദ്ദേഹത്തെ ധിക്കരിക്കാനാണ് ഭാവമെങ്കില്‍ അല്ലാഹു അവരെ ശിക്ഷിക്കും; റംസിസിനെയും കൂട്ടരെയും ശിക്ഷിച്ചതുപോലെ.

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (12 - 15)
എ.വൈ.ആര്‍

ഹദീസ്‌

ജീവിതത്തെ ചൂഴ്ന്നുനില്‍ക്കുന്ന വിശ്വാസം
കെ.സി ജലീല്‍ പുളിക്കല്‍