Prabodhanam Weekly

Pages

Search

2018 ആഗസ്റ്റ് 24

3065

1439 ദുല്‍ഹജ്ജ് 12

മേത്തല്‍ വീട്ടില്‍ അബ്ദുല്ല മൗലവി

അബൂ സജ്ജാദ്‌

സാത്വിക ജീവിതത്തിന്റെ ഉടമയും ആത്മാര്‍ഥതയുള്ള അധ്യാപകനും ചാഞ്ചല്യ ലേശമില്ലാത്ത ഇസ്‌ലാമിക പ്രവര്‍ത്തകനുമായിരുന്നു കൊടിയത്തൂരിലെ മേത്തല്‍ വീട്ടില്‍ അബ്ദുല്ല മൗലവിയെന്ന എം.കെ.

പാണ്ഡിത്യ പാരമ്പര്യമുള്ള പിതാവില്‍നിന്ന് തുടങ്ങിയ മതപഠനം വാഴക്കാട് ദാറുല്‍ ഉലൂമില്‍ ചെന്നെത്തി അവസാനിച്ചുവെങ്കിലും സ്വതഃസിദ്ധമായ ചിന്തയിലൂടെയും പരന്ന വായനയിലൂടെയും അത് വികസിപ്പിച്ചുകൊണ്ടേയിരുന്നു. ഈ യാത്രക്കിടയില്‍ പരിചയപ്പെട്ട ഇസ്‌ലാമിക പ്രസ്ഥാനത്തെ ജീവനേക്കാള്‍ സ്‌നേഹിക്കുകയും മരണം വരെ മാറോട് ചേര്‍ത്തു പിടിക്കുകയും ചെയ്തു അദ്ദേഹം. അതിനാല്‍ തന്നെ, കൊടിയത്തൂരിലെയും പരിസര പ്രദേശങ്ങളിലെയും ഇസ്‌ലാമിക ചലനങ്ങളുടെ നെടുംതൂണായി അദ്ദേഹം പിന്നീടറിയപ്പെട്ടു.

മുക്കത്തിനടുത്ത കൊടിയത്തൂരിലെ കഴുത്തൂട്ടി-പുറായി, ജമാഅത്ത് പ്രവര്‍ത്തനം പ്രാരംഭ ദശയില്‍ തന്നെ എത്തിയ പ്രദേശമാണ്. എതിര്‍പ്പുകള്‍ മറികടന്ന് ഏതാനും ധീരരും കര്‍മകുതുകികളുമായ ഇസ്‌ലാമിക പ്രവര്‍ത്തകര്‍ ഇദ്ദേഹത്തിനൊപ്പം കഠിന പ്രയത്‌നം ചെയ്തതിന്‍ ഫലമാണ് പ്രദേശത്ത് ഇന്ന് തലയുയര്‍ത്തി നില്‍ക്കുന്ന ദീനീ സ്ഥാപനങ്ങള്‍.

കിണാശ്ശേരി, മെഡിക്കല്‍ കോളേജ്, കുന്ദമംഗലം, പറമ്പത്ത്, ഓമശ്ശേരി, ചേന്ദമംഗല്ലൂര്‍, മുറമ്പാത്തി, ഗോതമ്പറോഡ്, കൊടുവള്ളി തുടങ്ങിയ സ്ഥലങ്ങളില്‍ ഖത്വീബായും മദ്‌റസാധ്യാപകനായും സേവനമനുഷ്ഠിച്ചിരുന്നതിനാല്‍ വിപുലമായ ഒരു ശിഷ്യ-പരിചിത വൃന്ദം അദ്ദേഹത്തിനുണ്ടായിരുന്നു. ഈ ബന്ധങ്ങളെല്ലാം അദ്ദേഹം കാത്തുസൂക്ഷിച്ചു. അല്ലാഹു തനിക്ക് നല്‍കിയ ജീവിത വിഭവങ്ങള്‍ ആവശ്യക്കാര്‍ക്കും അശരണര്‍ക്കും പകുത്തു നല്‍കുന്നതില്‍ തന്റെ മാതാവിനെപ്പോലെത്തന്നെ, അദ്ദേഹവും ആത്മസംതൃപ്തി കണ്ടെത്തിയിരുന്നു.

പ്രാസ്ഥാനിക ആശയങ്ങള്‍ കുടുംബത്തിലേക്ക് പകരുന്നതിലും അദ്ദേഹം ജാഗരൂകനായിരുന്നു. മക്കളെയും കുടുംബത്തെയും പ്രാസ്ഥാനിക വഴി നടത്തുന്നതില്‍ അദ്ദേഹം വിജയം കൈവരിച്ചു.

'ഖുര്‍ആന്‍ ക്ലാസ്' എന്ന വാക്ക് അശ്ലീലമായി കരുതിയിരുന്ന ഒരു ജനതയില്‍ അര നൂറ്റാണ്ട് മുമ്പ്, അദ്ദേഹം വനിതകള്‍ക്കായി തുടങ്ങിവെച്ച ക്ലാസുകള്‍ ഇന്നും പൂര്‍വാധികം ഭംഗിയായി തുടരുന്നു. അന്ന് വനിതകള്‍ ഖുര്‍ആന്‍ പഠനത്തിന് പോകുമ്പോള്‍ പരിഹസിച്ചിരുന്നവര്‍ പിന്നീട് പ്രദേശത്ത് ഖുര്‍ആന്‍ ക്ലാസ് കച്ചവടസ്വഭാവത്തില്‍ നടത്തുന്നത് ശ്രദ്ധയില്‍പെടുത്തിയപ്പോള്‍, ഒരു ചെറുചിരി മാത്രമായിരുന്നു ആ ത്യാഗധനന്റെ പ്രതികരണം.

ജാതിമത വ്യത്യാസങ്ങളില്ലാതെ, പ്രവിശാലമായിരുന്ന അദ്ദേഹത്തിന്റെ സുഹൃദ്‌വൃന്ദം. എല്ലാ വിഭാഗം ആളുകളുടെയും സന്തോഷങ്ങളിലും ദുഃഖങ്ങളിലും ആദ്യാവസാനം സന്നിഹിതനായിരുന്നു. എം.കെയുടെ ജനാസ പള്ളിയിലേക്കെടുത്തപ്പോള്‍ പിന്തുടര്‍ന്നവരില്‍ എല്ലാ സമുദായങ്ങളില്‍ നിന്നുള്ളവരുമുായിരുന്നു.

പ്രസ്ഥാന പ്രവര്‍ത്തനത്തിനിടയില്‍ നേരിട്ട ഒരു പാട് പ്രതിസന്ധികളും വൈതരണികളും അല്ലാഹുവിന്റെ മുമ്പില്‍ ലാഭകരമാകുമെന്ന ചിന്തയല്ലാതെ മരണം വരെ ഒരാളോടും ഒരു വിരോധവും അദ്ദേഹം വെച്ചു പുലര്‍ത്തിയിരുന്നില്ല.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (12 - 15)
എ.വൈ.ആര്‍

ഹദീസ്‌

ജീവിതത്തെ ചൂഴ്ന്നുനില്‍ക്കുന്ന വിശ്വാസം
കെ.സി ജലീല്‍ പുളിക്കല്‍