Prabodhanam Weekly

Pages

Search

2018 ആഗസ്റ്റ് 17

3064

1439 ദുല്‍ഹജ്ജ് 05

വേരിനാല്‍ മുറിവേറ്റവന്‍

എ.പി ശംസീര്‍

ബെര്‍ലിന്‍ മതിലിന്റെ

അടിക്കല്ലുകള്‍ക്കിടയിലൂടെ

നൂണ്ട്

ദെവ്‌റകിലെ*

നിന്റെ വേരുകളിലേക്ക് 

പടരാന്‍

എത്ര രാത്രികള്‍ നീ

പണയപ്പെടുത്തിയിട്ടുണ്ടാകും.

മറ്റരാസി നിന്റെ കൂടി 

അപരത്വത്തിനു മേലാണ്

അന്ന് തെറി തുപ്പിയത്.

അതേ തെറിയാണ്

നീ ഗോളുകളടിച്ചു കൂട്ടിയപ്പോള്‍

കേട്ട ഹര്‍ഷാരവങ്ങളില്‍

നിന്റെ അപരത്വം റദ്ദ് ചെയ്തവരെന്ന്

നീ വിശ്വസിച്ചവര്‍ നിനക്കു നേരെ

ഇപ്പോള്‍

കാര്‍ക്കിച്ചു തുപ്പുന്നത്.

സിദാന്‍ നിനക്കു വേണ്ടി

കൂടിയായിരുന്നു അവന്റെ

നെഞ്ചിന്‍കൂട് ഇടിച്ചു തകര്‍ത്തത്.

ഇന്ന് ലോകം തിരിച്ചറിയുന്നു

നിന്റെ കാല്‍പാദങ്ങളില്‍

വിരിഞ്ഞ കവിത ഒരടിമയുടേതായിരുന്നു.

ഒരക്ഷരത്തെറ്റിന് വേണ്ടി

അവര്‍ കാത്തിരിക്കുകയായിരുന്നു

നിന്നെ കഴുവേറ്റാന്‍.

 

 

*ദെവ്‌റക് - തുര്‍ക്കിയിലെ ഒരു പ്രവിശ്യ. 

മെസ്യൂത് ഓസിലിന്റെ കുടുംബ 

വേരുകള്‍ അവിടെയാണ്.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (8 - 11)
എ.വൈ.ആര്‍

ഹദീസ്‌

വിശ്വാസിയുടെ സുരക്ഷിതത്വം
പി.എ സെനുദ്ദീന്‍