Prabodhanam Weekly

Pages

Search

2018 ജൂലൈ 13

3059

1439 ശവ്വാല്‍ 28

സാമുദായിക രാഷ്ട്രീയത്തില്‍നിന്ന് ഇസ്‌ലാമിക പ്രസ്ഥാനത്തിലേക്ക് കടന്നുവന്ന നേതാവ്

എ. റശീദുദ്ദീന്‍

1960-കളുടെ ആദ്യപകുതിയിലായിരിക്കണം. പുതുതായി പണി കഴിപ്പിക്കപ്പെട്ട പാലക്കാട്-കോഴിക്കോട് റോഡിന്റെ ഓരത്ത് കുമരംപുത്തൂരില്‍ കുറച്ചു കുട്ടികള്‍ ഒരു വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നു. അതുവഴിയെ കടന്നു വന്ന ഏതാനും പേര്‍ അവരോട് ചോദിച്ചു: 'ഇതാണോ മൂസാ മുസ്ലിയാരുടെ വീട്?' കുട്ടികള്‍ പറഞ്ഞു: 'അതേ.' 'നിങ്ങള്‍ മൂസാ മുസ്ലിയാരുടെ മക്കളാണോ?' കൂട്ടത്തിലെ ഏറ്റവും ഇളയവന്‍ ഉത്തരം നല്‍കി: 'ഞാന്‍  മൂസാ ഹാജിയുടെ മകനാണ്. ബാക്കിയുള്ളവരൊക്കെ മൂസാ മുസ്ലിയാരുടെ മക്കളും.' കോലായിലിരുന്ന് മകന്റെ മറുപടി കേട്ട മൂസാ ഹാജി കാര്യം ആഗതര്‍ക്ക് വിശദീകരിച്ചുകൊടുത്തു. ഹജ്ജ് കഴിഞ്ഞു വന്നതിനു ശേഷം ജനിച്ചയാളായ ഹംസക്കുട്ടിയായിരുന്നു ഈ മകന്‍. ഉത്തരത്തിലെ സൂക്ഷ്മത കൊണ്ട് അവന്‍ ആരെയും ചെറുപ്പം തൊട്ടേ അമ്പരപ്പിച്ചു. വര്‍ഷങ്ങള്‍ക്കു ശേഷം സി.എച്ച് മുഹമ്മദ് കോയയോട് മുഖത്തു നോക്കി എതിരഭിപ്രായം പറയാനുള്ള ധൈര്യം നേടി, അദ്ദേഹത്തിനെതിരെ ലീഗില്‍ കലാപക്കൊടി ഉയര്‍ത്തിയ ചെറുപ്പക്കാരുടെ സംഘത്തിലൊരാളായി ഹംസക്കുട്ടി എന്ന പി.സി ഹംസ വളര്‍ന്നു. വാക്കിന്റെയും ഭാഷയുടെയും ഊക്കു കൊണ്ട് വാളയാറിനപ്പുറവും ഇന്ത്യയൊട്ടുക്കും പി.സി എന്ന ചുരുക്കപ്പേരില്‍ പ്രസിദ്ധനായി മാറി. 

വടക്കന്‍ മേഖലകളില്‍ മൂസാ മുസ്ലിയാര്‍ എന്ന പേരില്‍ അറിയപ്പെട്ട പൊതുവച്ചോല മൂസാ ഹാജി എന്ന മാലപ്പാട്ടുകാരന്റെ പതിനൊന്നു മക്കളില്‍ ഇളയവനായിരുന്നു ഹംസക്കുട്ടി. ബദ്ര്‍, ഉഹുദ്, ഖന്ദഖ്, സഫല, ബുര്‍ദ മുതലായ പടപ്പാട്ടുകളും മാലപ്പാട്ടുകളും യൂസുഫ് കിസ്സയുമൊക്കെയായിരുന്നു അക്കാലത്ത് മൂസാ ഹാജി പാടി അവതരിപ്പിച്ചിരുന്നത്. അറബിയും ചെന്തമിഴും ഉര്‍ദുവുമൊക്കെ കലര്‍ന്ന ഈ പാട്ടുകള്‍ പാടുകയും അവയുടെ ഭാഷയും സാഹിത്യവും വിശദീകരിക്കുകയുമാണ് കച്ചേരികളില്‍ ചെയ്തിരുന്നത്. നല്ല ഗാംഭീര്യവും ഈണവുമുള്ള ശബ്ദത്തിന്റെ ഉടമയായിരുന്നതുകൊണ്ട് മാപ്പിളമാരുടെ യേശുദാസ് എന്നു പോലും അക്കാലത്ത് മൂസാ ഹാജി അറിയപ്പെട്ടിരുന്നു. പാട്ടും വഅ്‌ളുമൊക്കെയായി ഊരു ചുറ്റുന്നതിനിടെ വല്ലപ്പോഴുമൊക്കെയാണ് അദ്ദേഹം വീട്ടില്‍ എത്തുക. അടുത്ത ഏതാനും മാസങ്ങള്‍ കഴിഞ്ഞുകൂടാനുള്ള അരിയും അനാദി സാമാനങ്ങളും കൂട്ടത്തിലുണ്ടാകും. പാട്ടു പാടാന്‍ ക്ഷണം ഇല്ലാത്ത സമയങ്ങളില്‍ വയനാട്ടിലും മറ്റും ചെന്ന് അജമാംസ രസായനം ഉണ്ടാക്കി വില്‍ക്കുന്ന മറ്റൊരു തൊഴിലും അദ്ദേഹത്തിനുണ്ടായിരുന്നു. അരിയൂരിലെ ജന്മനാട്ടില്‍ പേരിന് അല്‍പ്പം കൃഷിയും ഉണ്ടായിരുന്നു. വിത്തിടാനും വിള നോക്കാനും മാത്രമല്ല നന്നായി കന്നുപൂട്ടാനും ഹംസക്കുട്ടി പഠിച്ചു. പിന്നീട് പട്ടാളത്തില്‍ ജോലി ലഭിച്ച രണ്ടാമത്തെ മകന്‍ അബ്ദുല്‍ അസീസിന്റെ വരുമാനം കുടുംബത്തിന് താങ്ങായി മാറുന്നതുവരെ പിതാവിനൊപ്പം ഈ വക കാര്യങ്ങളിലെല്ലാം ഹംസ ഒപ്പം നിന്നു.  

ദാരിദ്ര്യത്തിന്റെ നിഴലിലായിരുന്നു എന്നും ഹംസക്കുട്ടിയുടെ ബാല്യം. ഓരോ നേരത്തെ ഭക്ഷണം കഴിയുമ്പോഴും മകന്‍ ഉമ്മയോട് ചോദിച്ചു: 'ഇനി ഇന്‍ക്ക് പയ്ച്ചുമ്പം എന്താണുമ്മാ?'. കുറച്ച് വറ്റുകള്‍ വേറൊരു പാത്രത്തില്‍ കാണിച്ചുകൊടുത്തെങ്കിലേ കിട്ടിയ ഭക്ഷണം കഴിച്ചിരുന്നുള്ളൂ. അക്കാലത്ത് ഒരു ദിവസം വീട്ടില്‍ കള്ളന്‍ കയറി. ഇന്നത്തെ പോലെ പണ്ടവും പണവും തെരഞ്ഞായിരുന്നില്ല വീടിന്റെ മോന്തായത്തിലൂടെ കള്ളന്‍ അകത്തേക്ക് ഊര്‍ന്നിറങ്ങിയത്. എപ്പോഴും 'പയ്ച്ചുന്ന' മകനു വേണ്ടി അടുക്കളയില്‍ എടുത്തുവെച്ച ചോറുപാത്രം കള്ളന്‍ കാലിയാക്കി. കൂട്ടത്തില്‍ ഒരു തേങ്ങയും ഉത്തരത്തില്‍ ചാരിവെച്ച കുടയും എടുത്തു കൊണ്ടുപോയി. ഇറങ്ങിപ്പോകുമ്പോള്‍ മുമ്പിലെ വാതില്‍ തുറന്നുവെച്ചതുകൊണ്ടാണ് വീട്ടില്‍ കള്ളന്‍ കയറിയ കാര്യം മനസ്സിലാവുന്നതു തന്നെ. പിറ്റേന്ന് കാലത്ത് ഹംസക്കുട്ടിക്ക് ഭക്ഷണമുണ്ടായിരുന്നില്ല. പിന്നീട് മകനു കൊടുക്കാന്‍ ചോറില്ലാത്ത ദിവസങ്ങളില്‍ മറിയുമ്മ വെറുതെ അവനോടു പറയും; 'എന്താ മനേ കാട്ട്വാ? ന്നലെ രാത്രി പിന്നീം കള്ളന്‍ കേറി കുട്ടീടെ ചോറ് കട്ട് തിന്നില്ലേ?' ആ ഉത്തരം കേട്ടാല്‍ പിന്നെ ഹംസക്കുട്ടി ഒന്നും പറയുമായിരുന്നില്ല. മറ്റു കുട്ടികളോടൊന്നുമില്ലാത്ത വാത്സല്യം ആ ഉമ്മ ഈ മകനു വേണ്ടി എന്നിട്ടും കാത്തുവെച്ചു. 

കല്ലടി കുടുംബത്തിന്റെ കീഴില്‍ മണ്ണാര്‍ക്കാട് എം.ഇ.എസ് സ്‌കൂള്‍ ആരംഭിച്ചത് അക്കാലത്താണ്. സ്‌കൂളിന്റെ ആദ്യബാച്ചില്‍ ഏറ്റവും മികച്ച മാര്‍ക്കോടു കൂടിയാണ് ഹംസക്കുട്ടി എസ്.എസ്.എല്‍.സി പാസ്സായത്. എസ്.എസ്.എല്‍.സി കഴിഞ്ഞതോടെ ഹംസക്കുട്ടി മണ്ണാര്‍ക്കാട് കോളേജില്‍ പ്രീഡിഗ്രിക്കു ചേര്‍ന്നു. അക്കാലത്ത് മുസ്ലിം ലീഗ് മാത്രമായിരുന്നു പ്രദേശത്തെ മുസ്ലിംകളുടെ രാഷ്ട്രീയം. സ്വാഭാവികമായും കോളേജില്‍ ഹംസക്കുട്ടി എം.എസ്.എഫിന്റെ സജീവ പ്രവര്‍ത്തകനായി മാറി. ഇപ്പോഴത്തെ മഞ്ചേരി എം.എല്‍.എ അഡ്വക്കറ്റ് ഉമറും സി.പി.ഐ നേതാവ് ജോസ് ബേബിയുമൊക്കെ അന്ന് സഹപാഠികളായിരുന്നു. മണ്ണാര്‍ക്കാട് കോളേജില്‍ ഹംസക്കുട്ടിയുടെ രാഷ്ട്രീയം അതിരു വിടുന്നുവെന്ന് പ്രിന്‍സിപ്പല്‍ വീട്ടിലറിയിച്ചു. മൂസാ മുസ്ലിയാരെ അദ്ദേഹം വിളിച്ചുവരുത്തി. മകന്‍ പ്രിന്‍സിപ്പലുമായി തര്‍ക്കിച്ചുകൊണ്ടിരുന്ന വിഷയത്തില്‍ ഒരു അഭിപ്രായവും മുസ്ലിയാര്‍ക്ക് പറയേണ്ടി വന്നില്ല. തനിക്കിനി ആ കോളേജില്‍ പഠിക്കേണ്ട എന്ന മകന്റെ അവസാനത്തെ പ്രഖ്യാപനത്തെയും മൂസാ മുസ്ലിയാര്‍ എതിര്‍ക്കാന്‍ പോയില്ല. അന്ന് പാലക്കാട്ടേക്ക് ഇന്നത്തേതു പോലെ എപ്പോഴും ബസുകളില്ല. കാലത്തും വൈകീട്ടും മണ്ണാര്‍ക്കാട്ടേക്കുള്ള മയില്‍വാഹനങ്ങളില്‍ കയറിയാല്‍ 30 പൈസ കൊണ്ട് പോയിവരാനാവും. പട്ടാളത്തിലുള്ള ജ്യേഷ്ഠന്റെ സഹായത്തോടെയാണ് അന്ന് ഈ ചെലവുകള്‍ കണ്ടെത്തിയത്. ബി.എസ്.എസി കെമിസ്ട്രിക്കു വിക്ടോറിയയില്‍ ചേര്‍ന്ന ഇക്കാലത്തും രാഷ്ട്രീയം തന്നെയായിരുന്നു ഹംസയുടെ മുഖ്യവിഷയം. ഇക്കാലത്ത് എം.എസ്.എഫിന്റെ പാലക്കാട് ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ഇതോടെ വീട്ടിലേക്കുള്ള യാത്രകള്‍ തീരെ കുറഞ്ഞു. രണ്ടാമത്തെ ജ്യേഷ്ഠന്‍ സുബൈറിന് പാലക്കാട്ട് ഒരു താല്‍ക്കാലിക ജോലി തരപ്പെട്ടത് ആയിടക്കാണ്. ഒരു ആഴ്ച തുടര്‍ച്ചയായി ഹംസയെ വീട്ടില്‍ കാണാതായതോടെ സുബൈറിനോട് അനുജനെ കോളേജില്‍ ചെന്ന് അന്വേഷിക്കാന്‍ ഉമ്മ ചുമതലപ്പെടുത്തി. അവന്‍ കോളേജിലും വരാറുണ്ടായിരുന്നില്ല എന്നാണ് ഈ അന്വേഷണത്തിനൊടുവില്‍ ലഭിച്ച മറുപടി. പില്‍ക്കാലത്ത് ലീഗ് നേതൃത്വത്തിലേക്കുയര്‍ന്ന പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബശീര്‍, പി.കെ.കെ ബാവ, ഉമര്‍ പാണ്ടികശാല മുതലായവരൊക്കെ അന്ന് എം.എസ്.എഫില്‍ പി.സിയുടെ സഹപ്രവര്‍ത്തകരായിരുന്നു. അവരില്‍ പലരേക്കാളും പദവി കൊണ്ട് പാര്‍ട്ടിയില്‍ മുകളിലായിരുന്നു അദ്ദേഹം. ചിലപ്പോഴദ്ദേഹം തമാശയായി പറയാറുണ്ടായിരുന്നു, 'ലീഗില്‍ തന്നെ ഉറച്ചുനിന്നിരുന്നെങ്കില്‍ ഞാനിപ്പം ആരായേനെ' എന്ന്. 

ലീഗിനെ എന്തുകൊണ്ടാണ് ഉള്‍ക്കൊള്ളാന്‍ കഴിയാതിരുന്നതെന്ന ചോദ്യത്തിന് ആ കാലഘട്ടത്തിന്റെ ചില രാഷ്ട്രീയ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ടാണ് പി.സി മറുപടി നല്‍കിയിരുന്നത്. കോണ്‍ഗ്രസ് ബന്ധത്തിനെതിരെ സി.എച്ച് മുഹമ്മദ് കോയയെ കുറ്റപ്പെടുത്തി ലീഗില്‍ ഉയര്‍ന്ന കലാപത്തില്‍ പി.സിയും ഭാഗഭാക്കായി. രാഷ്ട്രീയത്തിന് നേരും നെറിയുമുണ്ടാകണമെന്ന താല്‍പര്യം തന്നെയായിരുന്നു മുഖ്യ പ്രചോദനം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സി.എച്ചിനെതിരെ പ്രചാരണത്തിനായി വിക്ടോറിയയില്‍നിന്നും ക്ലാസ് കട്ട് ചെയ്ത് പി.സി മലപ്പുറത്തേക്കു പോയി. എം.കെ ഹാജി, സി.കെ.പി ചെറിയ മമ്മുക്കേയി, പി.എം അബൂബക്കര്‍, ബാവ ഹാജി എന്നിവരെ പോലുള്ള വിമത ലീഗ് നേതാക്കള്‍ മാത്രമായിരുന്നില്ല അന്ന് കൂട്ട്. സി.പി.ഐ നേതാവായിരുന്ന കെ.എന്‍.എ ഖാദറും പശുവും കിടാവും ചിഹ്നവുമായി ലീഗിനെതിരെയുള്ള വിശാല മുന്നണിയില്‍ അണിചേര്‍ന്ന പി.എസ്.പി നേതാക്കളുമൊക്കെ മുസ്ലിം രാഷ്ട്രീയത്തില്‍ ആശയപരമായി ഇടം കണ്ടെത്താനുള്ള പി.സിയുടെ അന്വേഷണങ്ങളുടെ ഭാഗമായി മാറി. സി.എച്ചിനെതിരെ അന്ന് മലപ്പുറം മണ്ഡലത്തിലുടനീളം പി.സി പ്രസംഗിച്ചു നടന്നു.  തെരഞ്ഞെടുപ്പില്‍ സി.എച്ചാണ് അന്ന് ജയിച്ചു കയറിയത്. മടങ്ങിയെത്തിയപ്പോള്‍ അദ്ദേഹത്തെ അരിയൂരിലെ ലീഗുകാര്‍ വീട്ടിലേക്കുള്ള വഴിയിലുടനീളം ചൂലും മുറവും കെട്ടിത്തൂക്കി സ്വീകരിച്ചു. ലീഗ് പ്രവര്‍ത്തകരുടെ ആഹ്ലാദ പ്രകടനങ്ങള്‍ അവസാനിക്കുന്ന ഒരിടമായി മാറി റോഡരികിലുള്ള അദ്ദേഹത്തിന്റെ വീട്. ഈ രാഷ്ട്രീയ ജീവിതത്തിന്റെ ബഹളങ്ങള്‍ക്കിടയില്‍ കോളേജ് വിദ്യാഭ്യാസം പാതിവഴിയില്‍ അവസാനിച്ചിരുന്നു. എന്നാല്‍ പി.എസ്.സിയിലൂടെ സ്റ്റാറ്റിസ്റ്റിക്സ് വകുപ്പില്‍ ജീവനക്കാരനായി നിയമനം ലഭിക്കുകയും ചെയ്തിരുന്നു. സ്വകാര്യ ബസ് ജീവനക്കാരനായിരുന്ന നെയ്യപ്പാടത്ത് മുഹമ്മദ് എന്നവരുടെയും അക്കരമ്മല്‍ തിത്തുമ്മയുടെയും എട്ട് മക്കളില്‍ മൂത്ത പെണ്‍കുട്ടിയായ ഫാത്വിമാബിയെ അക്കാലത്ത് ജീവിതസഖിയായി പി.സി ഒപ്പം കൂട്ടി. ആദ്യത്തെ മകളുടെ ജനനവും സര്‍ക്കാറില്‍നിന്നുള്ള ശമ്പളവും ഒന്നിച്ചായിരുന്നു വന്നത്. പേറ്റിച്ചിക്ക് അന്ന് പി.സി കൊടുത്ത പുത്തന്‍ നോട്ടിന്റെ മഹിമ വര്‍ഷങ്ങള്‍ക്കിപ്പുറവും കുടുംബത്തില്‍ പറഞ്ഞു കേട്ടിരുന്നു. 

അടിയന്തരാവസ്ഥയുടെ കാലമായിരുന്നു അത്. മുസ്ലിം ലീഗിന്റെ പ്രവര്‍ത്തകര്‍ പാണക്കാട് തങ്ങന്മാര്‍ക്കും സി.എച്ചിനുമൊപ്പം നില്‍ക്കുകയും നേതാക്കളില്‍ മഹാഭൂരിപക്ഷവും വേറിട്ടു പോയി അഖിലേന്ത്യാ ലീഗില്‍ ചേരുകയും ചെയ്തു. ഇത്തരമൊരു ശുദ്ധീകരണ നീക്കം അന്ന് 'യുവതുര്‍ക്കി'കളുടെ സമരമായി കോണ്‍ഗ്രസിലും നടന്നിരുന്നു. കാര്യമായ അണികള്‍ ഇല്ലാതിരുന്നിട്ടും അഖിലേന്ത്യാ ലീഗിനെ ഇടതുപക്ഷം ഒപ്പം കൂട്ടുകയും  പി.എം അബൂബക്കറിന് പിന്നീട് നായനാരുടെ മന്ത്രിസഭയില്‍ അംഗത്വം നല്‍കുകയും ചെയ്തു. അതേസമയം അധികാര രാഷ്ട്രീയത്തിന്റെ അനന്ത സാധ്യതകള്‍ക്കപ്പുറത്ത് മറ്റു ചില അന്വേഷണങ്ങളിലേക്ക് പി.സിയുടെ ജീവിതം വഴിമാറിയിരുന്നു. പിതാവിന്റെ അനുജന്‍ മുഹമ്മദ് മാസ്റ്റര്‍ അക്കാലത്ത് ജമാഅത്തെ ഇസ്ലാമി അംഗമായി മാറി. ജോലിയാവശ്യാര്‍ഥം തലശ്ശേരിക്കു സമീപം കതിരൂരില്‍ എത്തിപ്പെട്ട അദ്ദേഹം നാട്ടില്‍ വരുമ്പോഴൊക്കെ പി.സിയുമായി മുസ്ലിം രാഷ്ട്രീയത്തെ കുറിച്ച ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടു. പി.സിയുടെ മൂത്ത സഹോദരന്‍ ഖാസിം മാസ്റ്റര്‍, നാട്ടുകാരനായിരുന്ന കെ.എം മുഹമ്മദലി, പടുവില്‍ അബൂബക്കര്‍, ഒടാല മുഹമ്മദലി തുടങ്ങിയവരാണ് സ്ഥലത്തെ ഇസ്ലാമിക പ്രവര്‍ത്തകര്‍. ആരംഭകാലത്ത് മുജാഹിദിനോടായിരുന്നു അന്ന് ഇവര്‍ക്ക് കൂടുതല്‍ അടുപ്പമുണ്ടായിരുന്നത്. മണ്ണാര്‍ക്കാട്ടെ ചെരുപ്പ് വ്യാപാരിയായിരുന്ന സി. മുഹമ്മദ്, അമ്മാവന്‍ അബ്ദുല്ലാ ഹാജി എന്നിവര്‍ പ്രദേശത്തെ അറിയപ്പെടുന്ന ജമാഅത്ത് നേതാക്കളുമായിരുന്നു. പൊതു ധാരണക്ക് വിരുദ്ധമായി ഖാസിം മാസ്റ്ററും ഏതാനുമാളുകളും അരിയൂര്‍ കേന്ദ്രീകരിച്ച് മുജാഹിദ് പള്ളി രൂപീകരിക്കുകയും അതേ ചൊല്ലി രൂപപ്പെട്ട അഭിപ്രായ വ്യത്യാസം ശേഷിച്ച മറ്റുള്ളവരെ ജമാഅത്തുമായി അടുപ്പിക്കുകയും ചെയ്തു. സി. മുഹമ്മദിന്റെ ചെരുപ്പുകടയും പി.സിയുടെ അമ്മാവന്‍ അബ്ദുല്ലാ ഹാജിയുടെ തേജസ് വസ്ത്രാലയവും മണ്ണാര്‍ക്കാട് ബസ്സ്റ്റാന്റിന്റെ നേരെ എതിര്‍വശത്തായിരുന്നു ഉായിരുന്നത്. ബസ് കാത്തു നില്‍ക്കുന്നവരുമായി ബന്ധം സ്ഥാപിച്ച് പ്രബോധനവും മറ്റും വായിക്കാന്‍ നല്‍കുകയായിരുന്നു ഇരുവരുടെയും പതിവ്. അബ്ദുല്ലാ ഹാജിയുടെ മരുമകനും അറിയപ്പെടുന്ന ലീഗുകാരനുമായിരുന്ന ഹംസക്കുട്ടിയെ സി. മുഹമ്മദ് പ്രത്യേകം നോട്ടമിട്ടു. നല്ല വായനാ ശീലമുണ്ടായിരുന്ന ഹംസക്കുട്ടി സ്വാഭാവികമായും ജമാഅത്തെ ഇസ്ലാമിയിലേക്ക് ആകര്‍ഷിക്കപ്പെടുകയും ചെയ്തു. 

സാമുദായികമായ രാഷ്ട്രീയ പശ്ചാത്തലത്തില്‍നിന്ന് ഇസ്ലാമിക പ്രസ്ഥാനത്തിലെത്തിയ പി.സി ആധുനിക സങ്കല്‍പ്പങ്ങള്‍ക്കൊത്ത നേതൃശൈലിയിലാണ് പുതിയ ദൗത്യങ്ങളുമായി ഇണങ്ങിച്ചേര്‍ന്നത്. ജില്ലാ പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യാ സമ്മേളനത്തിന്റെ കണ്‍വീനര്‍, ഒടുവില്‍ അഖിലേന്ത്യാ പ്രസിഡന്റ്. പക്ഷേ നേതൃപദവിയില്‍ അദ്ദേഹം ഓരോ പ്രവര്‍ത്തകനെയും അതിശയിപ്പിച്ചു. ബാംഗ്ലൂരിലെ അഖിലേന്ത്യാ സമ്മേളന നഗരിയിലുണ്ടായിരുന്ന എസ്.ഐ.ഒ പ്രവര്‍ത്തകര്‍ ഇത് സാക്ഷ്യപ്പെടുത്തുന്നുണ്ട്. നേതാക്കളുടെ ഓഫീസിനു രാത്രി കാവലിന് ചുമതലയേറ്റവര്‍ കരുതിയത് അകത്തുള്ളവര്‍ വിശ്രമത്തിലാണെന്നാണ്. പക്ഷേ സമ്മേളന നഗരിയെ ഒഴുക്കിക്കളയുന്ന രീതിയില്‍ തകര്‍ത്തു പെയ്ത മഴക്കൊടുവില്‍ തണുത്തു വിറച്ചു കാവല്‍ നില്‍ക്കുന്നവര്‍ക്കിടയിലൂടെ ഒരു സ്‌കൂട്ടറില്‍ ഓടിനടന്ന് ഫ്ളാസ്‌കില്‍ ചായ വിതരണം ചെയ്യുന്ന പി.സിയെയും അശ്ഫാഖ് അഹ്മദ് സാഹിബിനെയുമാണ് അവര്‍ കണ്ടത്. സമ്മേളനം ഉപേക്ഷിക്കേണ്ടി വരുമായിരുന്ന ആ സാഹചര്യത്തില്‍ കേരളത്തില്‍ നിന്നുള്ള പ്രവര്‍ത്തകരെ അണിനിരത്തി നഗരിയെ രായ്ക്കുരാമാനം രക്ഷിച്ചെടുത്ത പി.സിയുടെ നേതൃപാടവം സമ്മേളനത്തിന്റെ ജനറല്‍ കണ്‍വീനര്‍ സ്ഥാനത്തു നിന്നും അഖിലേന്ത്യാ അധ്യക്ഷന്റെ പദവിയിലേക്ക് അദ്ദേഹത്തെ ഉയര്‍ത്തി. ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാര്‍ഥി സംഘടനയെന്ന നിലയില്‍ പാണ്ഡിത്യത്തിനും ആശയ സംവാദത്തിനുമായിരുന്നു അതുവരെയുള്ള കാലത്ത് എസ്.ഐഒവിലും കൂടുതല്‍ പ്രാധാന്യമുണ്ടായിരുന്നത്. ധൈഷണിക വ്യാപാരത്തിന്റെ രാജവീഥിയില്‍നിന്നും കര്‍മവീഥിയിലെ അടിസ്ഥാന യാഥാര്‍ഥ്യങ്ങളിലേക്ക് എസ്.ഐ.ഒവിനെ മുന്നില്‍ നിന്നു നയിക്കുകയാണ് പി.സി ചെയ്തത്. തൗഫീഖ് അസ്ലം ഖാന്‍, അബ്ദുല്‍ ജബ്ബാര്‍ സിദ്ദീഖി, അമീനുല്‍ ഹസന്‍, മലിക് മുഅ്തസിം ഖാന്‍, സയ്യിദ് സആദത്തുല്ലാ ഹുസൈനി തുടങ്ങിയവരുടെ പില്‍ക്കാല നേതൃത്വം ഈ വഴിയിലൂടെയായിരുന്നു മുന്നോട്ടു പോകാന്‍ ശ്രമിച്ചതും. 

എഴുത്തുകാരനോ ചിന്തകനോ ആയിരുന്നില്ല പി.സി. പക്ഷേ ഇന്ത്യന്‍ മുസ്ലിം സമൂഹത്തെ അദ്ദേഹത്തെ പോലെ അടുത്തു മനസ്സിലാക്കിയൊരാള്‍ കേരളത്തില്‍ വേറെയില്ല. സ്വന്തം ജീവിതത്തില്‍ നിന്നെടുത്ത ഒരുപാട് ഏടുകള്‍ ചേര്‍ത്തുവെച്ചാണ് പി.സി ഉത്തരേന്ത്യയെ വായിച്ചത്. ഉത്തരേന്ത്യന്‍ മുസ്ലിംകളുടെ ഭാഷയും വേഷവും മാത്രമല്ല ഭക്ഷണ ശീലങ്ങള്‍ പോലും സ്വായത്തമാക്കി. എന്തു ഭക്ഷണം കൊടുത്താലും മടി കൂടാതെ കഴിക്കുന്ന ശീലമായിരുന്നു പി.സിയുടേത്. ദല്‍ഹിയിലെ ആദ്യനാളുകളില്‍ തുഛമായ ഭാഷാ പരിജ്ഞാനം കൊണ്ട് ഉത്തരേന്ത്യക്കാരെ പൊറുതിമുട്ടിച്ച പി.സിയെ കുറിച്ച് പിന്നീട് മൗലാനാ അബുല്ലൈസ് ഇസ്ലാഹി വരെ മതിപ്പു പ്രകടിപ്പിച്ചു. മൗലാനയെ ആദ്യകാലത്ത് 'തും' എന്ന് അഭിസംബോധന ചെയ്ത് പഴികേട്ട ആളായിരുന്നു ഈ 'സദ്‌റെ തന്‍സീം'. മീന്‍ടൈമില്‍ ഉണ്ടായിരുന്നപ്പോള്‍ 'വേ വാച്ച്' എന്ന തലക്കെട്ടില്‍ ഒരു കോളം സ്വന്തമായി എഴുതി. ഉത്തരേന്ത്യന്‍ മുസ്ലിംകളുടെ സാമൂഹിക സാഹചര്യങ്ങള്‍ മാറ്റിയെടുക്കുന്നതിനെ കുറിച്ച പി.സിയുടെ ചിന്തകളില്‍നിന്നാണ് 1990-കളുടെ പകുതിയില്‍ മീന്‍ടൈം എന്ന ഇംഗ്ലീഷ് മാഗസിന്‍ ഉടലെടുക്കുന്നത്. അന്നത്തെ സംസ്ഥാന അമീര്‍ സിദ്ദീഖ് ഹസന്‍ സാഹിബ് പുതിയ നീക്കത്തിന് പച്ചക്കൊടി കാട്ടി. 'റേഡിയന്‍സി'ന് പകരക്കാരന്‍ എന്ന മട്ടിലെത്തുന്ന ഈ സംരംഭത്തോട് അഖിലേന്ത്യാ ജമാഅത്തിന് അത്രയൊന്നും താല്‍പര്യം ഇല്ലാതിരുന്നിട്ടും സംസ്ഥാന ഹല്‍ഖാ സെക്രട്ടറി സ്ഥാനം പി.എ അബ്ദുല്‍ ഹകീം സാഹിബിനെ ഏല്‍പ്പിച്ച് ബാംഗ്ലൂരിലേക്കു പോയ പി.സി തനിക്ക് ഒരു മുന്‍പരിചയവുമില്ലാത്ത പത്രപ്രവര്‍ത്തന മേഖലയിലെ ഈ ദൗത്യം ഒരു സാഹസമായി ഏറ്റെടുത്തു. ആ പരീക്ഷണം പരാജയപ്പെട്ടപ്പോള്‍ അദ്ദേഹം സ്വയം കുറ്റമേല്‍ക്കുകയാണ് ഉണ്ടായത്. ഒപ്പമുണ്ടായിരുന്ന ആരെയും കുറ്റപ്പെടുത്തിയില്ല. മീന്‍ടൈമിന്റെ ബിസിനസ് ആവശ്യങ്ങള്‍ക്കും നിക്ഷേപകര്‍ക്ക് വരുമാനമുണ്ടാക്കുന്നതിനുമായി ബാംഗ്ലൂരിലെ ഒരു പ്രമുഖനായിരുന്നു ജപ്പാനില്‍ പോയി പ്രസ്സിന് ഓര്‍ഡര്‍ ചെയ്തത്. പക്ഷേ വന്‍ തുക നല്‍കി അദ്ദേഹം ഇന്ത്യയിലെത്തിച്ച, ടാബ്ളോയിഡുകള്‍ മാത്രം പ്രിന്റ് ചെയ്യാന്‍ കഴിയുമായിരുന്ന ആ പ്രസ് നിക്ഷേപകരെ മാത്രമല്ല മീന്‍ടൈം എന്ന ആ വലിയ സ്വപ്നത്തെ കൂടിയായിരുന്നു തകര്‍ത്തത്. 

മീന്‍ ടൈം നടത്തുന്ന കാലത്ത്, പി.സിയുടെ മൂത്ത മകളും എന്റെ ഭാര്യയുമായ ഫാഇസ പെരിന്തല്‍മണ്ണയില്‍ ഒരു സ്വകാര്യ കോളേജില്‍ അധ്യാപികയായിരുന്നു. സാമ്പത്തിക പ്രതിസന്ധി മൂലം ബാംഗ്ലൂരില്‍നിന്നും കോഴിക്കോട്ടേക്ക് പറിച്ചുനട്ട കാലത്ത് മീന്‍ടൈമിന്റെ ഉത്തരവാദിത്തം നോക്കിയിരുന്ന പി.സി ശമ്പളം വാങ്ങാതെയായിരുന്നു ആ മൂന്നു വര്‍ഷക്കാലം ജോലി ചെയ്തത്. കുടുംബം പട്ടിണിയിലാവാതെ നോക്കുന്നതില്‍ ഫാഇസ ആയിരുന്നു അദ്ദേഹത്തിന്റെ ആശ്രയം. ബാപ്പയെ സഹായിക്കാന്‍ ഞങ്ങളെടുത്ത തീരുമാനമായിരുന്നു അത്. ആരോ ചിലര്‍ അദ്ദേഹത്തെ അക്കാലത്ത് വേറെയും സഹായിച്ചിരുന്നു. പി.സി വീണ്ടും സര്‍ക്കാര്‍ ജോലിയില്‍ തിരിച്ചു കയറിയതിനു ശേഷമാണ് ആ കുടുംബം അന്നത്തെ ദയനീയമായ ജീവിത സാഹചര്യങ്ങളില്‍നിന്നും രക്ഷപ്പെട്ടത്. ഇതൊന്നും പക്ഷേ അദ്ദേഹം ആരോടെങ്കിലും പറഞ്ഞിരുന്നതായി എന്റെ അറിവിലില്ല.

വ്യക്തിജീവിതത്തില്‍ തികച്ചും സാധാരണക്കാരനായിരുന്നു അദ്ദേഹം. ആടുകളെയും കോഴികളെയും സ്നേഹിച്ച, പഴങ്ങളും പച്ചക്കറികളും കൃഷി ചെയ്യാന്‍ സമയം കണ്ടെത്തിയ, ഫുട്ബോളും സംഗീതവും ഇഷ്ടപ്പെട്ട കുടുംബനാഥന്‍. അദ്ദേഹം ബസ്സിറങ്ങി വരുന്നതു കണ്ടാല്‍ വീട്ടിലെ കോഴികള്‍ പലപ്പോഴും പുറകെ ജാഥയായി ഒപ്പം കൂടും. അവര്‍ക്കറിയാമായിരുന്നു ഒരുപിടി ധാന്യം കിട്ടാനുള്ള സമയമായെന്ന്. പക്ഷേ സാമൂഹിക ജീവിതത്തിലും വ്യക്തി ജീവിതത്തിലും അസാധാരണമായ പരീക്ഷണങ്ങളായിരുന്നു പി.സിക്ക് അല്ലാഹു കാത്തുവെച്ചത്. അദ്ദേഹത്തിന്റെ രണ്ടാമത്തെ മകള്‍ ഫസീല നാലാമത്തെ വയസ്സില്‍ വീട്ടിനു മുന്നില്‍ വെച്ച് ലോറിയിടിച്ച് മരണപ്പെടുകയായിരുന്നു. വിവരമറിയുമ്പോള്‍ ഒരു പരിപാടിയില്‍ പ്രസംഗിച്ചുകൊണ്ടിരിക്കുകയായിരുന്ന പി.സി അവസാനിച്ചതിനു ശേഷമാണ് വീട്ടിലേക്കു തിരിച്ചത്. വേറെയുമുണ്ടായിരുന്നു അദ്ദേഹം നേരിട്ട കഠിന പരീക്ഷണങ്ങള്‍. പ്രതിസന്ധികളെ അദ്ദേഹം പക്ഷേ ക്ഷമയോടെ നേരിട്ടു. ഏറ്റവുമൊടുവില്‍ കടുത്ത ആഘാതത്തെ തുടര്‍ന്ന് 95 ശതമാനവും പരാജയപ്പെട്ട ഹൃദയവുമായി 2014-ല്‍ അദ്ദേഹം ഓപ്പറേഷന്‍ ടേബിളിലെത്തി. അതിന്റെ ശേഷമാണ് കാന്‍സര്‍ ബാധയുണ്ടായത്. തന്നെ ബാധിച്ച കാന്‍സറിന് വിദേശത്തു നിന്നും ലഭ്യമാക്കാവുന്ന മരുന്ന് ഫലപ്രദമായേക്കുമെന്ന് അറിഞ്ഞിട്ടും അത് സാമ്പത്തിക ബാധ്യതയാകുമെന്നു ഭയന്ന് മക്കളെ നിരുത്സാഹപ്പെടുത്തി. അദ്ദേഹം ഒന്നിലേറെ മഹാരോഗങ്ങളുടെ അടിമയാണെന്ന് അടുത്തറിയുന്നവര്‍ക്കല്ലാതെ മറ്റൊരാള്‍ക്കും മനസ്സിലാകാനാവാത്ത വിധം അവസാന ശ്വാസം വരെ പൊതുവേദികളില്‍ നിറഞ്ഞുനിന്നു. അബുല്‍ ജലാല്‍ മൗലവിയെ കുറിച്ച പുസ്തകം പുറത്തിറക്കാനുള്ള ആഗ്രഹമായിരുന്നു മരണത്തിന്റെ തലേദിവസം തന്നെ സന്ദര്‍ശിച്ച എം.സി അബ്ദുല്ല മൗലവിയുമായി അദ്ദേഹം പങ്കുവെച്ചത്. 

2014-ല്‍ ഹൃദയാഘാതത്തിനു തൊട്ടുമുമ്പത്തെ ആഴ്ചയില്‍ ഞങ്ങളോടൊപ്പം കുളു-മണാലി കാണാനുള്ള യാത്രയില്‍ ദല്‍ഹിയില്‍നിന്നും പി.സി ഒപ്പം കൂടി. ഒരു വലിയ മഞ്ഞുമലയുടെ  മുകളില്‍നിന്നും കൊച്ചു കുട്ടികളെ പോലെ റബര്‍ ട്യൂബിലിരുന്ന് താഴേക്കുരുണ്ടു. തനിക്ക് പരിചയമില്ലാത്ത ഐസ് സ്‌കേറ്റിംഗിന് ശ്രമിച്ച് പലതവണ ഊരകുത്തി നിലത്തു വീണു. പലപ്പോഴും അദ്ദേഹം കുട്ടികളെ പോലെയായിരുന്നു. കുടുംബ സദസ്സുകളില്‍ പലപ്പോഴും കുട്ടികളോടൊപ്പമായിരുന്നു അദ്ദേഹം ഭക്ഷണത്തിനിരിക്കാറ്. തന്റെ പേരില്‍ തന്നെ ഒരു കുട്ടിയുണ്ടെന്ന് ന്യായം പറയും. കുട്ടികളുമായുള്ള അദ്ദേഹത്തിന്റെ ബന്ധവും അസാധാരണമായിരുന്നു. 2017 ഡിസംബറില്‍ ഞങ്ങളുടെ ആയിടെ ജനിച്ച മകനെ കാണണമെന്ന് നിര്‍ബന്ധം പിടിച്ച് പി.സി ദുബൈയിലേക്കു വന്നു. രോഗാവസ്ഥയില്‍ ആ യാത്ര വേണ്ടെന്ന അഭിപ്രായമായിരുന്നു എല്ലാവര്‍ക്കും. പക്ഷേ തനിക്ക് പേരക്കിടാവിനെ കണ്ടേ മതിയാകൂ എന്നും ഞങ്ങള്‍ അവധിക്കു വരുന്ന ജൂണ്‍ മാസം വരെ കാത്തു നില്‍ക്കാനാവില്ലെന്നും അദ്ദേഹം നിര്‍ബന്ധം പിടിച്ചു. അതിലേറെ അത്ഭുതമായിരുന്നു മണ്ണാര്‍ക്കാട്ട് ജനിച്ച എന്റെ രണ്ടു കുട്ടികളുടെ കാര്യം.  ഇക്കൊല്ലത്തെ അവരുടെ നാട്ടിലേക്കുള്ള മടക്കയാത്രാ ടിക്കറ്റ് ബുക്ക് ചെയ്തത് ജൂണ്‍ 20-നായിരുന്നു. സ്‌കൂള്‍ അടക്കുന്നത് ജൂണ്‍ 27-നായിരിക്കുമെന്ന് അറിയവെ തന്നെയാണ് നാലു മാസം മുമ്പെ എനിക്കറിഞ്ഞുകൂടാത്ത എന്തോ കാരണങ്ങള്‍ കൊണ്ട് ഒരു ആഴ്ച മുമ്പേയുള്ള തീയതിയില്‍ അങ്ങനെയൊരു ടിക്കറ്റ് എടുത്തത്. ഈ കുട്ടികള്‍ നാട്ടിലെത്തിയ ദിവസം രാത്രി, അവരുടെ കൈയില്‍നിന്നും സംസം ജലം വാങ്ങിക്കുടിച്ചാണ് അദ്ദേഹം അല്ലാഹുവിങ്കലേക്ക് മടങ്ങിപ്പോയതും. 

ഉത്തരേന്ത്യന്‍ അനുഭവങ്ങളെ കുറിച്ച് ഇംഗ്ലീഷില്‍ ഒരു പുസ്തകം എഴുതണമെന്ന മോഹം പി.സിക്കുണ്ടായിരുന്നു. അക്കാര്യത്തില്‍ സഹായിക്കണമെന്ന് മരുമകനായ എന്നോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. മനസ്സിലാക്കാനായിടത്തോളം ഈ ദിശയിലുള്ള നീക്കങ്ങള്‍ ആരംഭിക്കുന്നതിനു മുമ്പെയാണ് പി.സി യാത്രയായത്. അങ്ങനെയൊരു പുസ്തകം തീര്‍ച്ചയായും പ്രസ്ഥാനത്തിനകത്ത് വലിയ തിരിച്ചറിവുകള്‍ക്ക് സഹായകമായേനെ. പ്രാസ്ഥാനിക ചുമതലകളേറ്റെടുത്ത് കേരളത്തില്‍നിന്നും ഉത്തരേന്ത്യയിലേക്കു പോകുന്ന നേതാക്കള്‍ക്ക് ഏറെ സഹായകമായേനെ അങ്ങനെയൊരു ഗ്രന്ഥം. അത്തരം വ്യക്തിത്വങ്ങളെ നല്‍കി അല്ലാഹു  ഇനിയും നമ്മെ അനുഗ്രഹിക്കട്ടേയെന്നു പ്രാര്‍ഥിക്കുക മാത്രം. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (78-80)
എ.വൈ.ആര്‍

ഹദീസ്‌

മൂന്ന് വസ്വിയ്യത്തുകള്‍
പി.എ ശറഫുദ്ദീന്‍