Prabodhanam Weekly

Pages

Search

2018 ജൂലൈ 13

3059

1439 ശവ്വാല്‍ 28

ചരിത്ര വിജയം

ഡോ. അബ്ദുസ്സലാം അഹ്മദ്

ഒരു രാജ്യത്തെ തെരഞ്ഞെടുപ്പ് ആ രാജ്യത്തിനപ്പുറത്ത് ശ്രദ്ധിക്കപ്പെടുന്ന അനുഭവം അപൂര്‍വമാണ്. അത്തരം ഒരപൂര്‍വ അനുഭവമായിരുന്നു ജൂണ്‍ 24-ന് നടന്ന തുര്‍ക്കിയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. ആ രാജ്യത്തെ 85 മില്യന്‍ പൗരന്മാരെ മാത്രമല്ല, അതിര്‍ത്തിക്കപ്പുറത്തെ ബില്യന്‍ കണക്കിന് ജനങ്ങളെ തുര്‍ക്കി തെരഞ്ഞെടുപ്പ് ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി. എന്തു വിലകൊടുത്തും ഇത്തവണ റജബ് ത്വയ്യിബ് ഉര്‍ദുഗാനെ പരാജയപ്പെടുത്തണമെന്ന് തീരുമാനിച്ചവരും, അദ്ദേഹം അധികാരത്തില്‍ തുടര്‍ന്നേ പറ്റൂ എന്ന് പ്രാര്‍ഥിച്ചവരുമായി ലോകം രണ്ടു ചേരിയായി തിരിഞ്ഞ അഭൂതപൂര്‍വമായ തെരഞ്ഞെടുപ്പായിരുന്നു അത്.

   ഉര്‍ദുഗാന്‍ തോറ്റേ പറ്റൂ എന്നു തീരുമാനിച്ചവര്‍ ഇവരായിരുന്നു: ഫത്ഹുല്ലാ ഗുലനെ മുന്നില്‍ നിര്‍ത്തി 2016 ജൂലൈയില്‍ അട്ടിമറിക്ക് ശ്രമിച്ച് പരാജയപ്പെടുകയും സിറിയയില്‍ കുര്‍ദ് ഭീകരര്‍ക്ക് ആയുധം നല്‍കി തുര്‍ക്കിയെ അസ്ഥിരപ്പെടുത്താന്‍ യത്‌നിച്ചുകൊണ്ടിരിക്കുകയും ചെയ്ത അമേരിക്ക, 85 മില്യന്‍ മുസ്‌ലിംകളുള്ള, 'നാറ്റോ'യിലെ ഏറ്റവും ശക്തമായ സൈന്യം സ്വന്തമായുള്ള തുര്‍ക്കിയെ ആശങ്കയോടെ കാണുകയും കഴിഞ്ഞ പതിനാറ് വര്‍ഷമായി യൂറോപ്യന്‍ യൂനിയനില്‍ തുര്‍ക്കിയുടെ അംഗത്വത്തിനുള്ള അപേക്ഷ പിടിച്ചുവെക്കുകയും ചെയ്ത ഇസ്‌ലാമോഫോബിക് യൂറോപ്പ്, ഫലസ്ത്വീന്‍ പ്രശ്‌നത്തെ വിറ്റു കാശാക്കാന്‍ ശ്രമിച്ചവരെ തൊലിയുരിച്ചും ജനാധിപത്യത്തെ കശാപ്പു ചെയ്ത് പട്ടാള അട്ടിമറിയിലൂടെ അധികാരത്തിലെത്തിയ പ്രതിവിപ്ലവകാരികളെ പുഛിച്ചുതള്ളിയും റോഹിങ്ക്യകള്‍ക്കും ഗസ്സക്കും ഉപരോധിക്കപ്പെട്ട എല്ലാവര്‍ക്കുമൊപ്പം നിന്നതിന്റെ പേരില്‍ തുര്‍ക്കിക്കെതിരെ തിരിഞ്ഞ രാഷ്ട്രങ്ങള്‍. 

ഇവരൊക്കെയും ഉര്‍ദുഗാന്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ആവനാഴിയിലെ അവസാനത്തെ അമ്പും പുറത്തെടുത്ത് ജീവന്മരണ പോരാട്ടമാണ് നടത്തിയത്. യു.എസ്-യൂറോപ്യന്‍ മാധ്യമങ്ങള്‍ വരാന്‍ പോകുന്ന പ്രസിഡന്‍ഷ്യല്‍ രീതി 'തുര്‍ക്കി സ്വേഛാധിപതി'യെ കൂടുതല്‍ സ്വേഛാധിപതിയാക്കുന്നതിനെപ്പറ്റി പ്രബന്ധങ്ങള്‍ എഴുതി ലോകത്തെ പേടിപ്പിച്ചുകൊണ്ടിരുന്നു. തുര്‍ക്കികള്‍ കണ്ടമാനം താമസിക്കുന്ന യൂറോപ്പിലേക്ക് ഉര്‍ദുഗാന്റെ പാര്‍ട്ടിക്ക് മാത്രം പ്രചാരണത്തിന് അനുമതി കൊടുത്തില്ല. അതേസമയം, അദ്ദേഹത്തിന്റെ എതിരാളികള്‍ക്കാകട്ടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു വേണ്ടി വാതിലുകള്‍ മലര്‍ക്കെ തുറന്നു കൊടുക്കുകയും ചെയ്തു. ലീറയുടെ മൂല്യം കുറക്കാന്‍ തുര്‍ക്കിയിലെ സ്വകാര്യ ബാങ്കുകള്‍ വിലക്കെടുത്തും സാമ്പത്തിക ഇടപെടലുകള്‍ നടത്തിയും പഠിച്ച പണി സകലതും പയറ്റി. തുടര്‍ന്ന് ഒടുവിലൊടുവില്‍ അഭിപ്രായ സര്‍വേകള്‍ പ്രസിദ്ധീകരിച്ചു തുടങ്ങി. ഉര്‍ദുഗാന്റെ പരാജയം പ്രവചിച്ചു പലരും. 50 ശതമാനം വോട്ട് കിട്ടാതെ രണ്ടാമത് തെരഞ്ഞെടുപ്പ് വേണ്ടി വരുമെന്നും അതില്‍ പ്രതിപക്ഷം ഒന്നിക്കുന്നതിലൂടെ ഉര്‍ദുഗാന്‍ പുറത്താവുമെന്നും സമാധാനിച്ചു ചിലര്‍. ഉര്‍ദുഗാന്റെ ശത്രുപക്ഷത്ത് നിലയുറപ്പിച്ച ഇക്കൂട്ടരുടെ കൈയിലായിരുന്നു ലോകത്തെ അധികാരങ്ങളൊക്കെയും. പണത്തിന് അവര്‍ക്ക് പഞ്ഞമേ ഉണ്ടായിരുന്നില്ല. മീഡിയയും അവര്‍ക്ക് സ്വന്തമായിരുന്നു.

എന്നാല്‍, ഈ അധികാര സ്വേഛാധിപത്യ- പണാധിപത്യ പ്രഭുക്കളുടെ മറുപക്ഷത്ത് ഉര്‍ദുഗാന്റെയും അദ്ദേഹത്തിന്റെ ജസ്റ്റിസ് ആന്റ് ഡെവലപ്‌മെന്റ് പാര്‍ട്ടിയുടെയും കൂടെ നില്‍ക്കാന്‍ ലോകത്ത് വേറെ ഒരു കൂട്ടരുണ്ടായിരുന്നു. ഇവര്‍ക്കുള്ളതൊന്നും അവര്‍ക്കുണ്ടായിരുന്നില്ല. കണ്ണീരും പ്രാര്‍ഥനയുമായിരുന്നു അവരുടെ കൈമുതല്‍. അവര്‍ അധികാരികളായിരുന്നില്ല, അധികാരികളുടെ കീഴില്‍ കഴിയുന്ന സമൂഹങ്ങളായിരുന്നു. അവരില്‍, തുര്‍ക്കിയില്‍ ഉര്‍ദുഗാന്‍ അഭയം നല്‍കിയ 30 ലക്ഷം സിറിയക്കാരുണ്ട്. ഉര്‍ദുഗാന്റെ എതിര്‍ സ്ഥാനാര്‍ഥി മുഹര്‍റം ഇന്‍സി താന്‍ അധികാരത്തില്‍ വന്നാല്‍ പുറത്താക്കുമെന്ന് പറഞ്ഞ സിറിയന്‍ അഭയാര്‍ഥികള്‍. മുഹര്‍റമിനെ സംബന്ധിച്ചേടത്തോളം അദ്ദേഹത്തിനു വോട്ടില്ലാത്ത ആ മനുഷ്യരെ പിന്തുണക്കേണ്ട ആവശ്യമില്ലായിരുന്നു. അവര്‍ക്കു പുറമെ സിറിയയിലെ കൊലയാളി ബശ്ശാറുല്‍ അസദിനെതിരെ പ്രക്ഷോഭം നടത്തുന്ന ലക്ഷക്കണക്കിന് പൗരന്മാരും അക്കൂട്ടത്തിലുണ്ട്. ഗസ്സയില്‍ കഴിഞ്ഞ 12 വര്‍ഷമായി ലോകം പട്ടിണിക്കിട്ടു കൊന്നുകൊണ്ടിരിക്കുന്ന 15 ലക്ഷം ജനങ്ങളാണ് ഈ പക്ഷത്തുള്ള മറ്റൊരു കൂട്ടര്‍. തങ്ങള്‍ക്കു വേണ്ടി ഇസ്രയേലിനോട് കലഹിക്കാനും അന്നമയക്കാനും ആര്‍ജവം കാണിച്ചത് ഉര്‍ദുഗാനായിരുന്നു എന്നത് അവര്‍ക്ക് മറക്കാനാവില്ല. റോഹിങ്ക്യന്‍ മുസ്‌ലിംകളും ഈ പക്ഷത്തുണ്ട്. തുര്‍ക്കി വിദേശമന്ത്രിയുടെ കൂടെ തങ്ങളെ മ്യാന്മറില്‍ സന്ദര്‍ശിക്കാന്‍ എത്തിയ ഉര്‍ദുഗാന്റെ പത്‌നി ആമിനയെ, വീണ്ടും തങ്ങളുടെ ബംഗ്ലാദേശ് അഭയാര്‍ഥി ക്യാമ്പിലെത്തിയ അവരെ, റോഹിങ്ക്യകള്‍ക്ക് ഓര്‍മയുണ്ട്. സിറിയക്കാര്‍ക്ക് പുറമെ ഈജിപ്തില്‍നിന്നും മറ്റു സ്വേഛാധിപത്യരാഷ്ട്രങ്ങളില്‍നിന്നും ജീവനും കൊണ്ടോടി ഇസ്താംബൂളില്‍ അഭയം തേടിയ ലക്ഷക്കണക്കിന് ഇസ്‌ലാമിസ്റ്റുകളുടെ മനസ്സിലും റജബ് ത്വയ്യിബ് ഉര്‍ദുഗാനുണ്ട്. ഇപ്പറഞ്ഞ വിഭാഗങ്ങള്‍ക്കൊന്നും തുര്‍ക്കിയില്‍ വോട്ടില്ല. അതാണവരുടെ പ്രത്യേകത. വോട്ടില്ലാത്തവരോട് കാണിച്ച പ്രതിബദ്ധതയാണ് ഉര്‍ദുഗാന്റെയും പ്രത്യേകത. പക്ഷേ, വോട്ടില്ലാത്ത ആ വിഭാഗങ്ങള്‍ ജൂണ്‍ 24-ന്  അല്ലാഹുവിങ്കലേക്ക് കൈകളുയര്‍ത്തി. ഉര്‍ദുഗാന്‍ ഈ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍, അദ്ദേഹമല്ലാത്ത സര്‍വ അത്താണികളും നഷ്ടപ്പെട്ട തങ്ങള്‍ വഴിയാധാരമാകുമെന്നവര്‍ക്കറിയാം. അതായിരിക്കും അവരുടെ പ്രാര്‍ഥനയുടെ ശക്തി. ആ പ്രാര്‍ഥനകളുടെ നെരിപ്പോടില്‍ സകല യു.എസ് - യൂറോപ്യന്‍ - സയണിസ്റ്റ് കുതന്ത്രങ്ങളും കത്തിച്ചാമ്പലായി. ഫലം വന്നയുടനെ 'തന്റെ വിജയം തുര്‍ക്കികളുടെ മാത്രമല്ല, ലോകത്തുള്ള മുഴുവന്‍ മര്‍ദിതരുടെയും വിജയമാണ്' എന്ന് ഉര്‍ദുഗാന്‍ പ്രതികരിച്ചത് അതുകൊണ്ടായിരുന്നു. അതുപറയാന്‍ അദ്ദേഹത്തിനവകാശമുണ്ട്. യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലിനെതിരെ ഒരിക്കല്‍ അദ്ദേഹം നടത്തിയ ഠവല ംീൃഹറ ശ െയശഴഴലൃ വേമി ളശ്‌ല എന്ന പരാമര്‍ശം ശ്രദ്ധേയമായിരുന്നു. അതുകൊണ്ടൊക്കെയാണ് ഉര്‍ദുഗാന്റെ വിജയം ഇസ്താംബൂളിലും അങ്കാറയിലും മാത്രമല്ല, ഫലസ്ത്വീനിലും സോമാലിയയിലും അഫ്ഗാനിസ്താനിലും യൂറോപ്യന്‍ തലസ്ഥാന നഗരികളിലും മധ്യേഷ്യയിലും ജനങ്ങള്‍ ആഘോഷിച്ചത്.

 

തുര്‍ക്കികളുടെ ന്യായം

ബാലറ്റ് പെട്ടിയില്‍ വോട്ടിടേണ്ട തുര്‍ക്കികളെ സംബന്ധിച്ചേടത്തോളം ഉര്‍ദുഗാന് വോട്ടുചെയ്യാന്‍ വേണ്ടുവോളം ന്യായങ്ങളുണ്ടായിരുന്നു. 'യൂറോപ്പിലെ രോഗി'യെ ലോക സാമ്പത്തിക ശക്തികളില്‍ നൂറ്റിപ്പതിനൊന്നാം സ്ഥാനത്തുനിന്ന് പതിനാലാം സ്ഥാനത്തേക്ക് കൊണ്ടുവന്നും രാജ്യത്തിന്റെ ജി.എന്‍.പി 232 മില്യന്‍ ഡോളറില്‍നിന്ന് 849.5 മില്യന്‍ ഡോളറിലേക്ക് ഉയര്‍ത്തിയും തൊഴിലില്ലായ്മ 38 ശതമാനത്തില്‍നിന്ന് 2 ശതമാനത്തിലേക്ക് കുറച്ചുകൊണ്ടുവന്നും ആളോഹരി വരുമാനം 2800 ഡോളറില്‍നിന്ന് 10005 ഡോളറിലേക്കും കയറ്റുമതി 23 ബില്യനില്‍നിന്ന് 250 ബില്യനിലേക്കും ഉയര്‍ത്തിയും ലോക ബാങ്കിന്റെ കടം മൊത്തം തീര്‍ത്തതോടൊപ്പം  അതേ ലോകബാങ്കിന് കടം കൊടുത്തതുമൊക്കെ മതിയായിരുന്നു അവര്‍ക്ക് ഉര്‍ദുഗാനെ പിന്തുണക്കാനുള്ള ന്യായമായി. വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യങ്ങള്‍, റോഡുകള്‍, എയര്‍പോര്‍ട്ടുകള്‍ തുടങ്ങി സര്‍വ മേഖലകളിലും എ.കെ പാര്‍ട്ടി അധികാരത്തില്‍ വന്ന 2002 മുതല്‍ കഴിഞ്ഞ 16 വര്‍ഷങ്ങളില്‍ തുര്‍ക്കി അസാധാരണ പുരോഗതിയാണ് കൈവരിച്ചത്. ആ പുരോഗതിയുടെ വഴിയില്‍ കൂടുതല്‍ മുന്നോട്ട് നടക്കണമോ, അതോ പഴയ കമാലിസ്റ്റ് യുഗത്തിലേക്ക് തിരിച്ചുപോകണമോ എന്ന ചോദ്യത്തിനു മറുപടി പറയാന്‍ അവര്‍ക്കു രണ്ടു വട്ടം ആലോചിക്കേണ്ടതില്ലായിരുന്നു.

ജനങ്ങളെ മുഴുവന്‍ ഒന്നായിക്കണ്ട് ആവിഷ്‌കരിച്ച വികസനമായിരുന്നു ഉര്‍ദുഗാന്റേത്. അദ്ദേഹത്തോട് ശത്രുത പുലര്‍ത്തുന്നതായി കരുതപ്പെടുന്ന കുര്‍ദുകളുടെ മേഖലയില്‍ സഞ്ചരിച്ചപ്പോള്‍ ഈ ലേഖകന്് നേരിട്ട് ബോധ്യപ്പെട്ടിട്ടുള്ളതാണ് ആ മേഖലയില്‍ അദ്ദേഹം കൊണ്ടുവന്ന വികസനം. അവിടങ്ങളില്‍ അദ്ദേഹത്തിന്റെ വോട്ടനുപാതം വര്‍ധിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. രാജ്യത്തെ കുര്‍ദുകള്‍ക്ക് പുറമെ അലവികള്‍, ജൂതന്മാര്‍, ഗ്രീക്ക് ഓര്‍ത്തഡോക്‌സ് വിഭാഗം, അര്‍മേനിയക്കാര്‍ തുടങ്ങി എല്ലാവരും ആ വികസനത്തിന്റെ ഗുണഭോക്താക്കളാണ്. കുര്‍ദ് ഭാഷക്കുണ്ടായിരുന്ന നിരോധം നീക്കിയും അവരുടെ മേഖലകളില്‍ സര്‍വതോമുഖ വികസനം എത്തിച്ചുമാണ് എ.കെ പാര്‍ട്ടി അതിന്റെ ഭരണം ആരംഭിച്ചതുതന്നെ. ഇതെല്ലാം മറന്ന് പിന്നീട് കുര്‍ദുകളിലെ തീവ്രവാദികള്‍ ഗവണ്‍മെന്റിനെതിരെ തിരിഞ്ഞപ്പോഴാണ് അദ്ദേഹം കുര്‍ദ് തീവ്രവാദികള്‍ക്കെതിരെ കടുത്ത നിലപാടുകള്‍ സ്വീകരിച്ചത്.

ഉര്‍ദുഗാനെ ഏറ്റവുമധികം സഹായിച്ചത് താഴേതട്ടിലുള്ള ജനങ്ങളുമായി അദ്ദേഹം നിലനിര്‍ത്തുന്ന അഗാധമായ ബന്ധമാണ്. നഗരങ്ങളിലും ഗ്രാമങ്ങളിലും അതിന്റെ വേരുകളുണ്ട്. അവിടങ്ങളിലൊക്കെ അദ്ദേഹത്തിന് സ്വന്തമായ 'പോക്കറ്റു'കള്‍ കാണാം. കുടിലുകളിലേക്ക് കയറിച്ചെന്നും മരണ വീടുകളില്‍ ഓടിയെത്തിയും അദ്ദേഹം പുലര്‍ത്തുന്ന വ്യക്തി ബന്ധങ്ങള്‍ ഇലക്ഷന്‍ സ്റ്റണ്ടല്ല. വോട്ടു ബാങ്കുകള്‍ക്കപ്പുറത്ത് ആ നിലപാടുകളിലെ ആര്‍ജവമാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. കഴിഞ്ഞ വര്‍ഷം രണ്ടു മണിക്കൂര്‍ അദ്ദേഹത്തിന്റെ കൂടെ കഴിഞ്ഞപ്പോള്‍ എനിക്ക് നേരിട്ട് ബോധ്യപ്പെട്ടിട്ടുള്ളതാണിത്. തുര്‍ക്കിയുടെ പല ഭാഗങ്ങളില്‍നിന്നെത്തിയ ആളുകളെ പേരു വിളിച്ചും തോളില്‍ പിടിച്ചും അദ്ദേഹം കാണിക്കുന്ന സൗഹൃദം സാധാരണ രാഷ്ട്രീയ നാടകങ്ങള്‍ക്കപ്പുറത്താണ്. വ്യക്തിബന്ധങ്ങളും താന്‍ കൊണ്ടുവന്ന വികസനവും പാവങ്ങള്‍ക്കായി നടപ്പിലാക്കിയ പദ്ധതികളും നല്‍കിയ ആത്മവിശ്വാസമാണ്, ലോകത്തിന്റെ പല തലസ്ഥാന നഗരികളിലും അട്ടിമറിക്കുള്ള ഗൂഢാലോചനകളും ഉര്‍ദുഗാന്റെ പരാജയത്തെക്കുറിച്ചുള്ള അടക്കം പറച്ചിലുകളും നടക്കുന്നതിനിടയിലും ശാന്തമായി തെരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍ അദ്ദേഹത്തെ പ്രാപ്തനാക്കിയത്. 

വിമര്‍ശകര്‍ക്ക് പോലും ഉര്‍ദുഗാന്റെ 'കരിഷ്മ' അംഗീകരിക്കാതിരിക്കാനാകില്ല. യൂറോപ്പിലെ രോഗിയെ ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒരു രാഷ്ട്രമാക്കി മാറ്റിയത് അദ്ദേഹം തന്നെയാണെന്ന് അവര്‍ സമ്മതിക്കും. സിറിയയിലെ ഐസ് കേന്ദ്രങ്ങളിലും കുര്‍ദ് തീവ്രവാദികളായ പി.കെ.കെയുടെ താവളങ്ങളിലും വിജയകരമായ ഓപറേഷനുകള്‍ നടത്തിയും യൂറോപ്യന്‍ രാജ്യമായ ജര്‍മനിയുടെ തുര്‍ക്കി വിരോധത്തിന് അതേ നാണയത്തില്‍ തിരിച്ചടിച്ചും അമേരിക്കന്‍ ഭീഷണികളെ അവഗണിച്ചും അതേയവസരം റഷ്യയുമായി തന്ത്രപരമായ ബന്ധം കാത്തു സൂക്ഷിച്ചും മുസ്‌ലിം ലോകത്തെ ഏറ്റവും വലിയ സുന്നി രാഷ്ട്രങ്ങളിലൊന്നായിരിക്കെ തന്നെ ഇറാനുമായി പാലം പണിതും അദ്ദേഹം സ്വീകരിച്ച വിദേശ നയമാണ് തുര്‍ക്കിയെ ലോകത്തിന്റെ ശ്രദ്ധാ കേന്ദ്രമാക്കിയത്. ഫലസ്ത്വീന്‍-റോഹിങ്ക്യന്‍ പ്രശ്‌നങ്ങളില്‍ മുന്‍പിന്‍ നോക്കാതെ, മൂല്യങ്ങള്‍ മുറുകെപിടിച്ച്, ഇരകളോടൊപ്പം നിന്നും യൂറോപ്പിന്റെ ഇസ്‌ലാമോഫോബിയയെ ചോദ്യം ചെയ്തും സ്വന്തം രാജ്യത്തിന്റെ ഇസ്‌ലാംവിരുദ്ധ കമാലിസ്റ്റ് സെക്യുലരിസത്തിന് അന്ത്യം കുറിച്ച് ഇസ്‌ലാമിക  മൂല്യങ്ങള്‍ക്കും മതവിദ്യാഭ്യാസത്തിനും പ്രാധാന്യം നല്‍കിയും സ്വീകരിച്ച നിലപാടുകള്‍ മുസ്‌ലിം ലോകത്തും തുര്‍ക്കികത്തും അദ്ദേഹത്തെ പ്രിയങ്കരനാക്കി.

 

സആദത്ത് പാര്‍ട്ടിയുടെ പതനം

ഉര്‍ദുഗാന്റെ മാതൃപാര്‍ട്ടിയുടെ ഒടുവിലത്തെ രൂപമായ സആദത്ത് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി കറം ഓഗ്‌ലുവിന് തെരഞ്ഞെടുപ്പില്‍ വെറും 0.89 ശതമാനം വോട്ടാണ് ലഭിച്ചത്. അര്‍ബകാന്റെ പാര്‍ട്ടി, ഉര്‍ദുഗാന്‍വിരുദ്ധ പാളയത്തില്‍ അത്താതുര്‍ക്ക് കമാല്‍ പാഷയുടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുമായി സഖ്യം ചേര്‍ന്നത് ഇസ്‌ലാമിസ്റ്റുകളെ തെല്ലൊന്നുമല്ല നിരാശപ്പെടുത്തിയത്. അര്‍ബകാനുമായി പിരിഞ്ഞ് സ്വന്തം പാര്‍ട്ടിയുണ്ടാക്കിയ ഉര്‍ദുഗാനോടുള്ള പക തീര്‍ക്കുമ്പോള്‍, ആ ഉര്‍ദുഗാന്‍ ഇന്ന് ലോകത്തെങ്ങും ഇസ്‌ലാമിനും ഇസ്‌ലാമിക സമൂഹത്തിനും ചെയ്തുകൊണ്ടിരിക്കുന്ന സേവനങ്ങള്‍ സആദത്ത് പാര്‍ട്ടിക്ക് കാണാന്‍ സാധിച്ചില്ല.

 

പക്വമായ ജനാധിപത്യം

ജനാധിപത്യത്തില്‍ തുര്‍ക്കി പ്രകടിപ്പിച്ച അസാമാന്യമായ പക്വതയാണ് പ്രസിഡന്റ്  തെരഞ്ഞെടുപ്പിലെ മറ്റൊരു പ്രത്യേകത. വോട്ടുള്ളവരില്‍ 86.2 ശതമാനം പേരും പോളിംഗ് ബൂത്തിലെത്തുക എന്നത് യൂറോപ്പില്‍ ഒരത്ഭുതമാണ്. വോട്ടെടുപ്പില്‍ എവിടെയും അക്രമങ്ങളോ അനിഷ്ട സംഭവങ്ങളോ ഉണ്ടായില്ല. ഫലം പ്രഖ്യാപിച്ചപ്പോള്‍ പശ്ചാത്യ- അറബ് മാധ്യമങ്ങള്‍ തെരഞ്ഞെടുപ്പ് കൃത്രിമം ആരോപിക്കാന്‍ ശ്രമിച്ചുനോക്കിയെങ്കിലും തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥി മുഹര്‍റം ഇന്‍സിന്‍ പരാജയം സമ്മതിച്ച് നടത്തിയ പ്രസ്താവന ശ്രദ്ധേയമായിരുന്നു. 'ഈ അവസരത്തില്‍ ഞാന്‍ പരാജയം സമ്മതിച്ചില്ലെങ്കില്‍, ഉര്‍ദുഗാനെ അഭിനന്ദിച്ചില്ലെങ്കില്‍ പിന്നെയെന്തു ജനാധിപത്യം' എന്നാണദ്ദേഹം ചോദിച്ചത്. 99.99 ശതമാനം വോട്ടുകളോടെ 'വിജയിച്ച്' ശീലമുള്ള സ്വേഛാധിപതികളും അട്ടിമറിക്കാരുമാണ് തുര്‍ക്കി തെരഞ്ഞെടുപ്പില്‍ കൃത്രിമം ആരോപിച്ച് രംഗത്തു വന്നത് എന്നതാണ് ഇതിലെ കോമഡി. 

പാര്‍ലമെന്റ് വ്യവസ്ഥയില്‍നിന്ന് പ്രസിഡന്‍ഷ്യല്‍ വ്യവസ്ഥയിലേക്കുള്ള മാറ്റമാണ് ഈ തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കിയ മറ്റൊരു കാര്യം. രാജ്യത്തെ ഇരട്ട അധികാര കേന്ദ്രങ്ങള്‍ ഉണ്ടാക്കിയ വൈരുധ്യങ്ങള്‍, കൃത്യമായ അജകളോടെ മുന്നോട്ട് പോകാനുറച്ച ഉര്‍ദുഗാന്റെ തുര്‍ക്കിക്ക് മറികടക്കേണ്ടതുണ്ടായിരുന്നു. 2023-ഓടെ തുര്‍ക്കിയെ ലോകത്തെ ആദ്യത്തെ 10 സാമ്പത്തിക ശക്തികളുടെ പട്ടികയില്‍ കൊണ്ടുവരിക എന്നതാണ് ഉര്‍ദുഗാന്റെ അടുത്ത സ്വപ്‌നം. തങ്ങളുടെ രാജ്യങ്ങളില്‍ പ്രസിഡന്‍ഷ്യന്‍ രീതി നിലനില്‍ക്കെത്തന്നെ അമേരിക്കയും പല യൂറോപ്യന്‍ രാഷ്ട്രങ്ങളും, തുര്‍ക്കിയില്‍ അത് കൊണ്ടുവരുന്നത് ഉര്‍ദുഗാന് സ്വേഛാധിപതിയാകാനാണെന്ന് പ്രചരിപ്പിച്ചത് വിരോധാഭാസമല്ലാതെ മറ്റെന്താണ്! അതേയവസരം പ്രസിഡന്‍ഷ്യല്‍ രീതിയെ ആശങ്കയോടെ കാണുന്നവരില്‍ എ.കെ.പി അനുകൂലികളുമുണ്ട്. ഉര്‍ദുഗാന്‍ സ്വേഛാധിപതിയാകുമെന്ന് പേടിക്കുന്നവര്‍ കുറവാണെങ്കിലും അദ്ദേഹത്തിനു ശേഷം വരുന്നവരെ പേടിക്കുന്നവരുണ്ട്. ഉര്‍ദുഗാന്റെ പിന്‍ഗാമി ചിത്രത്തില്‍ ഇനിയും തെളിഞ്ഞുവന്നിട്ടില്ലാത്തതിനാലാണിത്. എന്നാല്‍ തന്റെ പിന്‍ഗാമിയുടെ കാര്യത്തിലും ഏറെ സ്ട്രാറ്റജിക്കായ ഉര്‍ദുഗാനും അദ്ദേഹത്തിന്റെ പാര്‍ട്ടിയും തക്കസമയത്ത് തീരുമാനങ്ങള്‍ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് ഭൂരിഭാഗം പേരും.

മുസ്‌ലിം ലോകത്ത് തുര്‍ക്കിയുടെ പ്രാധാന്യം ദിനേന വര്‍ധിച്ചുവരുന്നു എന്നത് സത്യമാണ്. ഖിലാഫത്തിന്റെ ആസ്ഥാന കേന്ദ്രത്തില്‍ മതമൂല്യങ്ങളിലൂന്നിയ സെക്യുലര്‍ ഡെമോക്രസി പുതുതായി ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതും കമാലിസത്തില്‍നിന്ന് ഉസ്മാനി സാമ്രാജ്യത്തിന്റെ പാരമ്പര്യത്തിലേക്കും മൂല്യസങ്കല്‍പങ്ങളിലേക്കും തുര്‍ക്കി മാറിത്തുടങ്ങുന്നതും, അത്താതുര്‍ക്കിന്റെ ചിത്രങ്ങള്‍ക്കു പകരം ഉസ്മാനി സുല്‍ത്താന്‍ അബ്ദുല്‍ ഹമീദിന്റെ ചിത്രങ്ങള്‍ ചുമരുകളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നതും മുസ്‌ലിം സമൂഹങ്ങളില്‍ പ്രതീക്ഷ വളര്‍ത്തുന്നു എന്നത് നേരാണ്. 

ഏതായാലും പുതിയ വഴിത്തിരിവിലെത്തി നില്‍ക്കുന്ന ഇസ്‌ലാമിക ലോകത്തിന്റെ ഭാവി നിര്‍ണയിക്കുന്നതില്‍ തുര്‍ക്കി പ്രത്യേക പങ്കുവഹിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. 1923-ല്‍ ഖിലാഫത്ത് തകര്‍ക്കാന്‍ അത്താതുര്‍ക്ക് കമാല്‍ പാഷക്ക് എല്ലാ സഹായവും നല്‍കിയ പശ്ചാത്യ സാമ്രാജ്യത്വങ്ങള്‍ക്ക് പ്രതിഫലമായി അത്താതുര്‍ക്ക് നല്‍കിയ കരാറുകള്‍ 100 വര്‍ഷത്തേക്കുള്ളതായിരുന്നു. അതവസാനിക്കാനിരിക്കുന്നത് 2023-ലാണ്. ഉര്‍ദുഗാന്‍ പറയുന്ന പുതിയ തുര്‍ക്കിയുടെ ആരംഭവും അതേ വര്‍ഷത്തിലാണ്. എല്ലാം ചേര്‍ത്തു വായിക്കുമ്പോള്‍ ഇനിയങ്ങോട്ടുള്ള കാലം തുര്‍ക്കിക്കും ഇസ്‌ലാമിക ലോകത്തിനും വളരെ നിര്‍ണായകമായിരിക്കുമെന്ന സൂചനകളാണ് തുര്‍ക്കി തെരഞ്ഞെടുപ്പ് നല്‍കുന്നത്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (78-80)
എ.വൈ.ആര്‍

ഹദീസ്‌

മൂന്ന് വസ്വിയ്യത്തുകള്‍
പി.എ ശറഫുദ്ദീന്‍