Prabodhanam Weekly

Pages

Search

2018 ജൂലൈ 13

3059

1439 ശവ്വാല്‍ 28

കോണ്‍സ്റ്റാന്റിനോപ്പിള്‍ സ്വപ്‌നം കണ്ട പെണ്‍കുട്ടി

ഫസ്‌ന മിയാന്‍

ചരിത്ര പുസ്തകം ആവേശത്തോടെ ഉറക്കെ വായിക്കുന്ന പെണ്‍കുട്ടിയുടെ മനസ്സിലുടക്കിയ ഇടങ്ങളില്‍  ഒന്നായിരുന്നു കോണ്‍സ്റ്റാന്റിനോപ്പിള്‍. അന്നേ ആ നാട് കാണാനുള്ള മോഹം ഉള്ളില്‍ മുളച്ചിരുന്നു. മസ്താംഗ് എന്ന സിനിമ ഇസ്താംബൂള്‍ എന്ന സാംസ്‌കാരിക നഗരത്തിന്റെ ഗംഭീര കാഴ്ചകളിലേക്ക് പിന്നീടെപ്പോഴോ എന്നെ കൂട്ടിക്കൊണ്ടുപോയി. അതോടെ ഇസ്താംബൂളിന്റെ തെരുവില്‍ നടക്കുന്ന പെണ്‍കുട്ടിയായി സ്വയം സ്വപ്‌നം കണ്ടു തുടങ്ങി. പിന്നെ ആദര്‍ശയാത്രയില്‍ ആ രാജ്യം പ്രചോദനമായി  മാറിയപ്പോള്‍, അവിടത്തെ സാമൂഹിക-രാഷ്ട്രീയ ചലനങ്ങള്‍ ആവേശം പകര്‍ന്നുകൊണ്ടിരുന്നപ്പോള്‍ ആ കുട്ടിക്കാല മോഹത്തിന് വൈകാരിക തലങ്ങള്‍ കൂടി കൈവരികയുണ്ടായി. മുമ്പ് നജ്മുദ്ദീന്‍ അര്‍ബകാനും ഇപ്പോള്‍ റജബ് ത്വയ്യിബ് ഉര്‍ദുഗാനുമൊക്കെ വാര്‍ത്തകളില്‍ നിറയുമ്പോഴും കുറേ മലയാളി വിദ്യാര്‍ഥികള്‍ അവിടെ പഠിക്കാന്‍ പോയപ്പോഴുമൊക്കെ ആ നാട് വളരെ അടുത്തതായി തോന്നിത്തുടങ്ങി. തുര്‍ക്കിയുടെ ചരിത്ര-സാംസ്‌കാരിക കേന്ദ്രങ്ങളിലേക്ക് ഒറ്റക്ക് യാത്രയാവുമ്പോള്‍ ആ കുട്ടിയുടെ ആകാംക്ഷയും സന്തോഷത്തിനിടയിലെ കുഞ്ഞു ആശങ്കകളുമായിരുന്നു എന്റെ മനസ്സ് നിറയെ. 

വേള്‍ഡ് ഇസ്ലാമിക് ഫോറം എന്ന ആഗോള കൂട്ടായ്മ, 'ടര്‍ക്കിഷ് ഏഷ്യന്‍ സെന്റര്‍ ഫോര്‍ സ്റ്റഡീസി'ന്റെ (ഠഅടഅങ) സഹകരണത്തോടെ സംഘടിപ്പിച്ച മുസ്ലിം വനിതാ ഉച്ചകോടിയില്‍ പ്രബന്ധമവതരിപ്പിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് തുര്‍ക്കി സന്ദര്‍ശിക്കാന്‍ സന്ദര്‍ഭമൊരുങ്ങിയത്. ഒറ്റക്കുള്ള എന്റെ  ആ വിദേശ യാത്ര അനുഭവങ്ങളുടെ കൂമ്പാരം തന്നെയായിരുന്നുവെന്നു പറയാം. വിസ അടിക്കലും എമിഗ്രേഷന്‍ ക്ലിയറന്‍സും തുടങ്ങി, പ്രബന്ധാവതരണം, പ്രതിനിധികളുമായുള്ള ചര്‍ച്ചകളും ഹൃദയം തൊട്ട സൗഹൃദങ്ങളും, വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ പലരുമായുമുണ്ടായ ആദര്‍ശപരമായ പാരസ്പര്യങ്ങള്‍, തുര്‍ക്കിയിലെ പകരം വെക്കാനില്ലാത്ത കാഴ്ചകള്‍, മലയാളി സുഹൃത്തുക്കളുമായുള്ള ഇടപഴകലുകള്‍ ഉള്‍പ്പെടെ മഴ കാരണം വിമാനം വൈകി ബഹ്‌റൈനില്‍ ഇറങ്ങിയ മടക്ക യാത്ര വരെ എനിക്ക് തന്നത് അവിസ്മരണീയമായ അനുഭവങ്ങളാണ്. കൂടാതെ, കുടുംബവും സഹപ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ള സ്‌നേഹ ജനങ്ങളില്‍നിന്ന്  ലഭിച്ചുകൊണ്ടിരുന്ന ഊര്‍ജം അക്ഷര വടിവുകളില്‍ ഒതുക്കാന്‍ കഴിയാത്തതാണ്. ഏറെ ദൈര്‍ഘ്യമുണ്ടായിട്ടും സുഖപ്രദമായിരുന്നു യാത്ര. കോഴിക്കോട്ടു നിന്ന് മമ്പാട്ടേക്ക് പോകുന്ന പ്രയാസം പോലും എനിക്ക് അനുഭവപ്പെടുകയുണ്ടായില്ല. അപരിചിതരായ സഹയാത്രികര്‍ പോലും തന്ന സഹകരണം മറക്കാനാകാത്തതാണ്.

 

എയര്‍പോര്‍ട്ടിലെ ചോദ്യങ്ങള്‍

എസ്.ഐ.ഒ അഖിലേന്ത്യാ പ്രസിഡന്റ് നഹാസ് മാള വഴിയാണ് തുര്‍ക്കിയിലെ കോണ്‍ഫറന്‍സിനെ കുറിച്ച് അറിയുന്നതും ഞാന്‍ പ്രബന്ധം അവതരിപ്പിക്കാന്‍ താല്‍പര്യമറിയിച്ച് അബ്‌സ്ട്രാക്റ്റ് അയച്ചു കൊടുത്തതും. അത് തൃപ്തികരമായതിനെ തുടര്‍ന്നാണ് പ്രബന്ധാവതരണത്തിന് ക്ഷണിക്കപ്പെടുന്നത്. തീയതിയെ കുറിച്ച അവ്യക്തതകള്‍ക്കു ശേഷം ക്ഷണക്കത്ത് ലഭിച്ചതോടെ എറണാകുളത്ത് പോയി വിസക്ക് അപേക്ഷിച്ചു. തുര്‍ക്കിയില്‍ പരിപാടി നടക്കുന്നതിന്റെ തൊട്ടുതലേ ദിവസമാണ്  വിസ എന്റെ കൈയില്‍ കിട്ടിയത്. 

നെടുമ്പാശ്ശേരി ഇന്റര്‍നാഷ്‌നല്‍ എയര്‍പോര്‍ട്ടിലെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥന്റെ ഒരു മണിക്കൂറിലധികമുള്ള അന്വേഷണത്തോടെയായിരുന്നു യാത്രയുടെ തുടക്കം. കുഞ്ഞു കുഞ്ഞു കാര്യങ്ങളില്‍ ആരംഭിച്ച ആ അന്വേഷണം, യമനിലേക്കും സിറിയയിലേക്കും ആളുകള്‍ തുര്‍ക്കി വഴിയല്ലേ ഐസില്‍ ചേരാന്‍ പോകുന്നത് തുടങ്ങിയ ചോദ്യങ്ങളിലേക്കെത്തി. പലര്‍ക്കും എയര്‍പോര്‍ട്ടുകളിലുണ്ടായ പലതരം അനുഭവങ്ങള്‍ അറിയാമായിരുന്നതുകൊണ്ടും ഇത്തരം ചില സാഹചര്യങ്ങള്‍ നേരിടേണ്ടിവരാം എന്ന മുന്‍ധാരണ ഉണ്ടായിരുന്നതുകൊണ്ടും പരിഭ്രമമൊന്നും തോന്നിയില്ല. തികച്ചും സൗഹൃദപരമായിരുന്നു അദ്ദേഹത്തിന്റെ സംഭാഷണമെന്നു പറയാം. ജി.ഐ.ഒവിന്റെ മുപ്പത് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദീകരിച്ചപ്പോള്‍, എന്നിട്ടും സ്ത്രീകള്‍ക്ക് തുല്യത ലഭിക്കുന്നില്ലല്ലോ എന്ന് അദ്ദേഹം പരിഭവം പറഞ്ഞു. തുല്യതയല്ല, നീതിയാണ് ഞാന്‍ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രമെന്ന് ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞപ്പോള്‍, 'കൊതിച്ചത് ലഭിക്കാതിരിക്കുമ്പോള്‍ അവസാനത്തെ കച്ചിത്തുരുമ്പാണോ ഈ നിലപാട്' എന്ന മറുചോദ്യമാണ് അദ്ദേഹം ഉന്നയിച്ചത്. ഒരു മണിക്കൂര്‍ നീണ്ട സംസാരത്തിനൊടുവില്‍ ആശംസയും പിന്തുണയും നല്‍കിയാണ് ആ എമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ എന്നെ യാത്രയാക്കിയത്.

 

സമ്മേളനത്തിലേക്ക്

ലോക മുസലിം സമൂഹങ്ങള്‍ ഒരൊറ്റ ഉമ്മത്താണെന്ന ബോധവും അനുഭവവും പകരുകയും, വൈജ്ഞാനികമായ ആത്മവിശ്വാസവും ഊര്‍ജവും പ്രദാനം ചെയ്യുകയുമാണ് വിഫും (ംശള) ടാസമും (ഠഅടഅങ). ഇതിനായി നിരവധി അക്കാദമിക് കോണ്‍ഫറന്‍സുകള്‍ അവര്‍ സംഘടിപ്പിക്കുകയുണ്ടായി.

'ലോക മുസ്‌ലിം യുവജന ഉച്ചകോടിയും പ്രദര്‍ശനവും' (‑world muslim youth summit and exhibition)എന്ന തലക്കെട്ടിലാണ് ഇത്തവണ സമ്മേളനം. ഏഷ്യ, യൂറോപ്പ് വന്‍കരകളിലായി കിടക്കുന്ന ഇസ്താംബൂളിന്റെ യൂറോപ്യന്‍ പ്രവിശ്യയിലായിരുന്നു വേദി. ഹോട്ടല്‍ ടൈറ്റാനിക്കില്‍  രണ്ട് സമാന്തര   സെഷനുകളിലാണ്  പ്രോഗ്രാം നടന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പ്രബന്ധാവതാരകരും സംഘാടകരുമെല്ലാം ഒരു കുടുംബം  പോലെയാണ് ഇടപഴകിയത്. ഓരോ സെഷനിലെയും സംവാദങ്ങളും ഇടവേളകളും വല്ലാത്തൊരു ഊര്‍ജമാണ് പ്രസരിപ്പിച്ചത്.

വേള്‍ഡ് ഇസ്‌ലാമിക ഫോറത്തിന്റെ തുര്‍ക്കിയിലെ ഈ എട്ടാമത് സമ്മേളനം, വിവിധ തലക്കെട്ടുകളില്‍ കാലികപ്രധാനമായ  വിഷയങ്ങള്‍ ചര്‍ച്ചക്കെടുത്തു. വിവിധ യൂനിവേഴ്സിറ്റികളില്‍നിന്ന് വന്ന അക്കാദമിക വിദഗ്ധരും മാധ്യമപ്രവര്‍ത്തകരും തുര്‍ക്കിയില്‍നിന്നും ആഫ്രിക്കയില്‍നിന്നുമെത്തിയ മന്ത്രിമാരും പാര്‍ലമെന്റ് അംഗങ്ങളും ആ നാലു ദിവസങ്ങള്‍ പ്രൗഢഗംഭീരമാക്കി. ഉദ്ഘാടന ദിവസം എത്തിപ്പെടാനാവാതെ ഒരു ദിവസം  വൈകിയെത്തിയ ഞാന്‍, രണ്ടാം നാള്‍ പ്രോഗ്രാം ഹാളിലേക്ക് കടന്നപ്പോള്‍ തന്നെ എന്റെ പ്രബന്ധാവതരണത്തിന് സമയമായെന്ന അറിയിപ്പ് കിട്ടിയത് തീര്‍ത്തും അവിചാരിതമായി. അജണ്ടയില്‍ വരുത്തിയ ചെറിയ മാറ്റങ്ങള്‍ അറിയിക്കാന്‍ സംഘാടകര്‍ വിട്ടുപോയതാണ് കാരണം. സ്ത്രീ വിദ്യാഭ്യാസത്തിലും രാഷ്ട്രീയത്തിലും (Women in Education and Politics) എന്ന തലക്കെട്ടിലുള്ള സെഷനില്‍ 'തിയോളജി പയറ്റി മൂവ്മെന്റ്സ് ആന്റ് സോഷ്യല്‍ എന്‍ഗേജ്മെന്റ്സ് ഓഫ് മുസ്ലിം വ്യുമണ്‍ ആന്‍ എമ്പിരിക്കല്‍ സ്റ്റഡി' എന്ന വിഷയത്തിലായിരുന്നു എന്റെ പ്രബന്ധം. ആ സെഷനില്‍ മോഡേറേറ്ററായിരുന്ന ഉൃ. ടല്ിശരീേിമഹശ  നല്‍കിയ ആത്മവിശ്വാസം ചെറുതല്ലായിരുന്നു. പ്രതീക്ഷിച്ചതിലും നന്നായി പ്രബന്ധം അവതരിപ്പിക്കാന്‍ കഴിഞ്ഞു.

തേഡ് ഇസ്ലാമിക് വേള്‍ഡ് ഇസ്താംബൂള്‍ അവാര്‍ഡ് ചടങ്ങ് പ്രൗഢോജ്ജ്വലമായി. സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന സംഘമവതരിപ്പിച്ച മലേഷ്യന്‍ ആയോധന കലാ പ്രകടനവും ആസ്വാദ്യകരമായിരുന്നു. പാരമ്പര്യ തുര്‍ക്കി സംഗീത വാദനത്തിന്റെ അകമ്പടിയോടെയുള്ള അത്താഴ വിരുന്ന് കേവലം ഭക്ഷണം കഴിക്കലായിരുന്നില്ല.  സംഗീതാസ്വാദനത്തിനും ഭക്ഷണ വൈവിധ്യത്തിന്റെ കൗതുകത്തിനുമപ്പുറം പരസ്പരം അറിയാനും ആശയങ്ങള്‍ പങ്കുവെക്കാനും സാധ്യമാക്കുന്ന ഒരുപാട് സൗഹൃദങ്ങള്‍ സമ്മാനിച്ച വേദിയായി അത് മാറി. പ്രബന്ധാവതരണം കഴിഞ്ഞ് വേദിയില്‍നിന്ന് ഇറങ്ങുമ്പോള്‍ ചേര്‍ത്തുപിടിച്ച് പ്രാര്‍ഥനയോടെ ചുംബിച്ച മിഷാറസ് ഒബ്ലു (മിഷാറസ് ഇത്ത) ആയിരുന്നു അത്താഴ വിരുന്നിലെ കൂട്ട്. ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായുള്ള സേവന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്ന യു.കെ.ഇ.എ.ഡി എന്ന സംഘടനയുടെ മുന്‍നിരക്കാരില്‍ ഒരാളാണ് ജര്‍മന്‍ പൗരയായ അവര്‍. തനിക്ക് ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹമുന്നെ് അവര്‍ പറഞ്ഞു. 'സിനിമാ നടന്‍ ആമിര്‍ ഖാന്റെ നാട്ടില്‍നിന്നെത്തിയ' എന്നെ ഫോണില്‍ വിളിച്ച് സംസാരിച്ചു അവരുടെ കുഞ്ഞു മോള്‍.

രണ്ടാം ദിനത്തിലെ പ്രാരംഭ സെഷന്‍ കൈകാര്യം ചെയ്തത് മലേഷ്യന്‍ ഇസ്ലാമിക് യൂനിവേഴ്സിറ്റിയിലെ അംഗങ്ങളായിരുന്നു. പത്ത് ആയത്ത് വീതം പതിനൊന്നാളുകള്‍ വേദിയിലിരുന്ന് പാരായണം ചെയ്യുന്ന രീതിയിലായിരുന്നു 'വേള്‍ഡ് ഖുര്‍ആന്‍ അവര്‍' (‑World Qura’n Hour). സുന്ദരമായ പാരായണത്തോടൊപ്പം ആശയം വേദിയിലെ സ്‌ക്രീനില്‍ തെളിഞ്ഞുകൊണ്ടിരിക്കും. ഒരു പരിപാടിക്ക് തുടക്കം കുറിക്കുന്ന ഖിറാഅത്ത് പോലും എങ്ങനെ മനോഹരമാക്കാം എന്നതിന്റെ ഉദാഹരണം!

സ്ത്രീ വിമോചനത്തിന്റെ ഇസ്ലാമിക ചരിത്രവും സെക്യുലര്‍ പൊതുബോധങ്ങളെക്കുറിച്ച മൂര്‍ച്ചയേറിയ ചര്‍ച്ചകളുമായിരുന്നു രണ്ടാം ദിവസം മുഖ്യമായും നടന്നത്. സ്ത്രീയുടെ ബാധ്യത മക്കളെ പരിപാലിക്കുകയല്ലേ എന്ന പുരുഷ സുഹൃത്തിന്റെ ചോദ്യത്തിന് തുര്‍ക്കി പാര്‍ലമെന്റംഗമായ അര്‍സു എര്‍ദേം തന്റെ മറു ചിന്തകള്‍ അവതരിപ്പിച്ചുകൊണ്ട്, വികാരഭരിതയായാണ് പ്രതികരിച്ചത്. ലുഖ്മാനെ (അ) ഖുര്‍ആന്‍ പരിചയപ്പെടുത്തിയത്, മക്കളുടെ സംസ്‌കരണത്തില്‍ മാതാവിനോളം ബാധ്യത പിതാവിനുമുണ്ടെന്ന് സമര്‍ഥിക്കുന്ന തരത്തിലല്ലേ എന്ന് അവര്‍ തിരിച്ചു ചോദിച്ചു. മക്കളുടെ സ്വഭാവ-ചിന്താരൂപീകരണത്തില്‍ പിതാവിനാണ് കൂടുതല്‍ ബാധ്യത എന്ന് വാദിച്ച അവര്‍ സ്ത്രീയുടെ മാന്ത്രികശേഷിയെ കുറിച്ച് പറഞ്ഞ് അവളുടെ കഴിവുകളെ സുന്ദരമായി അവതരിപ്പിച്ചാണ് സംസാരം അവസാനിപ്പിച്ചത്. നീതിനിര്‍വഹണത്തില്‍ ന്യായാധിപ സ്ഥാനങ്ങളെ സുന്ദരമായി പ്രതിനിധീകരിക്കാന്‍ സ്ത്രീക്ക് സാധിക്കുമെന്ന് സിദ്ധാന്തങ്ങളുടെയും അനുഭവങ്ങളുടെയും വെളിച്ചത്തിലുള്ള അവരുടെ സമര്‍ഥനം മികച്ചതായിരുന്നു. 

സെര്‍ബിയയിലെയും ചൈനയിലെയും മറ്റും  അടിച്ചമര്‍ത്തപ്പെട്ട മുസ്ലിംകളുടെ നേര്‍ചിത്രങ്ങളും അനുഭവവിവരണങ്ങളും സദസ്സിലുണ്ടായിരുന്ന തുര്‍ക്കി പൗരന്മാര്‍ പൊട്ടിക്കരച്ചിലുകളോടെയാണ് കേട്ടുകൊണ്ടിരുന്നത്. തൊട്ടടുത്തിരുന്ന് വിതുമ്പിയ അങ്കാറ യൂനിവേഴ്സിറ്റിയിലെ പ്രഫസര്‍ ഹാറൂന്‍ യാസിഖ് സാറിന്റെ മുഖം വല്ലാത്ത വേദനയായി. 

പ്രഫസര്‍ ഹാറൂന്‍ യാസിഖ് ഒത്തിരി പ്രതീക്ഷകളും ആശങ്കകളും പങ്കുവെക്കുകയുണ്ടായി. വിഭവ മൂലധനം, ധൈഷണിക മൂലധനം, പണ മൂലധനം ഇതെല്ലാം വേണ്ടുവോളം മുസ്ലിം സമൂഹത്തിനുണ്ട്. എന്നാല്‍ ടെക്നിക്കല്‍ ക്യാപിറ്റല്‍ ഏറ്റവും കൂടുതല്‍ ആര്‍ക്കാണോ അവര്‍ക്ക് മുന്നിലാണ് ലോകം കീഴൊതുങ്ങുക എന്നതാണ് സത്യം- പ്രായം കൊണ്ട് ഇത്തിരി വ്യത്യാസമുണ്ടെങ്കിലും പരിപാടികളിലും ഭക്ഷണ സമയത്തും  കൂട്ടായുണ്ടായിരുന്ന, ഇന്നും സന്ദേശങ്ങളയക്കുന്ന അദ്ദേഹം ഓര്‍മപ്പെടുത്തി. 

 

സൗഹൃദങ്ങളുടെ മധുരം

ബൗദ്ധികമായ വ്യവഹാരങ്ങള്‍ക്കൊപ്പം സുന്ദരമായ സൗഹൃദങ്ങള്‍ക്കു കൂടി വേദിയായി ഇസ്താംബൂള്‍. ഇന്ത്യയില്‍നിന്നെത്തിയ ഏക അംഗം എന്ന നിലക്കുള്ള അമ്പരപ്പും പ്രയാസങ്ങളും അലിയിച്ചുകളയുന്നതായിരുന്നു ആ സൗഹൃദങ്ങള്‍. ജമാഅത്തെ ഇസ്ലാമി ഹിന്ദിന്റെ ഭാഗമായി പ്രവര്‍ത്തിക്കുകയാണെന്ന് കേട്ടപ്പോള്‍ നഹാസ് മാളയെ അറിയുമോ എന്ന് ചോദിച്ച് ഓടിവന്നു ബംഗ്ലാദേശ് യൂനിവേഴ്സിറ്റിയിലെ ഡോ. ഖമറുല്‍ ഹസന്‍. എന്റെ യാത്രയുടെ മുഖ്യ പ്രചോദനം നഹാസാണെന്ന് പറഞ്ഞപ്പോള്‍ നഹാസിന്റെ സുന്ദരമായ അറബി ഭാഷാ പ്രാവീണ്യത്തെക്കുറിച്ച് വാചാലനായി അദ്ദേഹം.

ആറ് അനിയത്തിമാരുള്ള ശമീമ യൂസുഫലി എന്ന ബര്‍മിംഗ്ഹാമില്‍ താമസമാക്കിയ 'ഫെമിന്‍ ഏഷ്യ' മാഗസിന്‍ ചീഫ് എഡിറ്റര്‍, ഏഴാമത്തെ അനിയത്തിയായി എന്നെ ചേര്‍ത്തു പിടിച്ച ആ കൈകളുടെ സുരക്ഷിതത്വം ഇന്നുമുണ്ട്. ഇന്ത്യക്കാരിയുടെ വീട്ടില്‍ കെട്ടിയിട്ട ആനയുണ്ടോ എന്ന് ശ്രീലങ്കന്‍ സുഹൃത്തുക്കള്‍ ചോദിക്കുന്നുവെന്ന് പറഞ്ഞ മുഹമ്മദ് ലാഫിര്‍, ഇടക്കിടെ വിശേഷങ്ങള്‍ അന്വേഷിക്കുന്ന ബംഗ്ലാദേശില്‍നിന്നുള്ള ഡോ മോജൂര്‍, സുഡാന്‍കാരന്‍ ഡോ. ശംസുദ്ദീന്‍, ബില്‍ഖീസ് രാജ്ഞിയുടെ പ്രതാപം പറഞ്ഞ് പ്രബന്ധാവതരണത്തിന് തുടക്കം കുറിച്ച യു.കെയിലെ നിയമ വിദ്യാര്‍ഥിനി ബില്‍ഖീസ്..... അങ്ങനെ ഒത്തിരി പേര്‍. കാലിഗ്രഫി കൊണ്ട് വിസ്മയം തീര്‍ത്ത ഇസ്സത്ത് ഏലിയാറ്റ്, എന്റെ മകള്‍ ഇസ്സാ മിയാന്റെ  പേര് സുന്ദരമായ കാലിഗ്രഫിയിലെഴുതി അവള്‍ക്കായി സമ്മാനിക്കാന്‍ എന്നെ ഏല്‍പ്പിച്ചു.

അവസാന ദിവസമായിരുന്നു, ഇസ്താംബൂള്‍ നഗരത്തിന്റെ ചരിത്രവും സംസ്‌കാരവും കാണാനുള്ള യാത്ര. ഇസ്താംബൂളിന്റെ പ്രതാപം വിളിച്ചുപറയുന്ന ചരിത്ര പൈതൃകങ്ങള്‍ക്ക് സൗന്ദര്യം ഏറെയായിരുന്നു. ഇസ്താബൂളില്‍ ചെന്നിറങ്ങിയപ്പോള്‍ തന്നെ മര്‍മാര നദി കാഴ്ചകളില്‍ നിറഞ്ഞിരുന്നു. ബ്ലൂ മോസ്‌ക്, സോഫിയാ മസ്ജിദ് ഉള്‍പ്പെടെ എത്രയെത്ര മനോഹരമായ മസ്ജിദുകളാണ് ഇസ്താംബുളിലുള്ളത്! നേരത്തേ, ബാങ്കും നമസ്‌കാരവുമൊക്കെ നിരോധിക്കപ്പെട്ടപ്പോള്‍, ഈ പള്ളികളില്‍ ചിലത് ലൈബ്രറികളും ക്ലബുകളുമൊക്കെയാക്കി മാറ്റിയിരുന്നു. പിന്നീട് പള്ളികള്‍ തന്നെയാക്കി തിരിച്ചുപിടിച്ചു. നിരോധ സന്ദര്‍ഭത്തിലും മിനാരങ്ങളൊന്നും തച്ചുടച്ചിരുന്നില്ല എന്നും അറിയാനായി. 

Umit yasar oguscan എഴുതിയ 'ഇസ്താംബൂള്‍' എന്ന കവിത പോലെ കൊതിപ്പിക്കുന്ന ഇടമാണ് ഇസ്താംബൂള്‍.

 

A room in the house, Istanbul in the room

A mirror in the room Istanbul in the mirror

The man lit his cigarette and Istanbul smoke

The women opened her purse Istanbul in the purse

ഉന്നത വിദ്യാഭ്യാസം നേടിയവരുള്‍പ്പെടെ മിക്ക തുര്‍ക്കിക്കാര്‍ക്കും ഇംഗ്ലീഷ് അറിയില്ല. അറിയുന്നവരും സംസാരിക്കുന്നത് ടര്‍ക്കിഷ് തന്നെ. മാതൃഭാഷയെ ടര്‍ക്കിഷ് ജനത നെഞ്ചോട് ചേര്‍ത്തുവെക്കുന്നു. ഒറ്റ ഭാഷയാണ് രാജ്യത്തുടനീളം ഉപയോഗിക്കുന്നത്. അതുകൊണ്ട് യാത്ര ചെയ്യാനും ആവശ്യങ്ങള്‍ നിവര്‍ത്തിക്കാനും പ്രയാസമില്ല. ഇംഗ്ലീഷ് അറിയാത്തതുകൊണ്ട് അവര്‍ക്കെന്തെങ്കിലും പോരായ്ക ഉള്ളതായോ, പുരോഗതി തടസ്സപ്പെടുന്നതായോ തോന്നിയിട്ടില്ല. ഉര്‍ദുഗാന്‍ അന്താരാഷ്ട്ര വേദികളില്‍ സംസാരിക്കുന്നതു പോലും ടര്‍ക്കിഷ് ഭാഷയിലാണല്ലോ. വിദേശികള്‍ക്ക് മാത്രമേ  ഭാഷ പ്രശ്‌നമാകൂ. പരിഭാഷകരും ഗൂഗ്ള്‍ ട്രാന്‍സ്‌ലേറ്ററും മറ്റും വഴിയാണ് ഇത് പരിഹരിക്കപ്പെടുന്നത്. അടുത്ത തലമുറ പക്ഷേ, ഇംഗ്ലീഷ് ഭാഷ വേണമെന്ന അഭിപ്രായക്കാരാണ്.

98 ശതമാനം മുസ്‌ലിംകളുള്ള രാജ്യം, പക്ഷേ വേഷവിധാനങ്ങളില്‍നിന്ന് അവരെ മുസ്‌ലിംകളാണെന്ന് മനസ്സിലാക്കുക പ്രയാസം. ടര്‍ക്കി ഷാള്‍ പ്രസിദ്ധമാണെങ്കിലും അത് ഉപയോഗിക്കുന്നവര്‍ വിരളം. പക്ഷേ, ആരാധനകളിലും മറ്റും നിഷ്ഠയുള്ള പ്രാക്റ്റീസിംഗ് മുസ്‌ലിംകള്‍ തന്നെയാണ് അധികപേരും. ചിഹ്നങ്ങള്‍ ഇല്ലെന്നു മാത്രം. അത്താതുര്‍ക്കിന്റെ ഇസ്‌ലാം വിരുദ്ധ പ്രചാരണങ്ങള്‍ അത്ര സ്വാധീനം ചെലുത്തിയിരുന്നുവെന്നര്‍ഥം. സലാം പറയലും ആലിംഗനവും വ്യാപകമാണ്. ഞാന്‍ മഫ്തയണിഞ്ഞതുകൊണ്ട് എന്നെ നല്ല ബഹുമാനമായിരുന്നു.

തുര്‍ക്കിയുടെ ഭക്ഷണവൈവിധ്യം  എടുത്തു പറയേണ്ട ഒന്നാണ്. സൈഡ് ഡിഷസ് ഉള്‍പ്പെടെ  30-40 ഇനങ്ങളൊക്കെ ലഞ്ചിനും ഡിന്നറിനുമുണ്ടാകും. ഭക്ഷണം പാഴാക്കുന്നതില്‍ തുര്‍ക്കിക്കാര്‍ക്ക്  മടിയൊന്നുമില്ല. ഭക്ഷണം പാഴാക്കാതിരിക്കുന്നതില്‍ യൂറോപ്പിന്റെ സംസ്‌കാരംം സ്വീകരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. ചായയിലാണ് ഏറ്റവും കൂടുതല്‍ വെറൈറ്റിയുള്ളത്. സന്തോഷ വേളയില്‍ ഒരുതരം ചായ. സങ്കട സന്ദര്‍ഭത്തില്‍ മറ്റൊന്ന്. ചൂടിലും തണുപ്പിലും നിരാശയിലും പ്രണയത്തിലുമൊക്കെ ചായ വേറെ വേറെ ഇനങ്ങള്‍! ലീഫും ഫ്‌ളവറും നട്‌സുമൊക്കെയായി അവയങ്ങനെ മാറിമാറി വരും....

ബന്ധങ്ങള്‍ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്താന്‍ സഹായകമായി അവസാന ദിവസത്തെ ഈ യാത്ര. ഇസ്താംബൂളിലെ വിവിധ യൂനിവേഴ്സിറ്റികളില്‍ പഠിക്കുന്ന മലയാളികളായ വിദ്യാര്‍ഥികളോടൊപ്പം ബിരിയാണി തയാറാക്കിയ രാത്രി അതീവ ഹൃദ്യമായിരുന്നു. ടര്‍ക്കിഷ് ഭാഷ അനായാസം കൈകാര്യം ചെയ്ത്, പല സ്ഥലങ്ങളിലൂടെയും കറങ്ങി നടന്ന്, ഇസ്താംബൂള്‍ മഴ നനഞ്ഞ്, അത്താത്തുര്‍ക്ക് വിമാനത്തവളത്തില്‍ നിന്ന അനിയത്തി ദിര്‍റുബ എന്നെ അത്ഭുതപ്പെടുത്തി.

സഹയാത്രികരെല്ലാം വിസ്മയിപ്പിക്കുന്ന അനുഭവങ്ങളായിരുന്നു. ഗുജറാത്തിലെ ഒരു ദര്‍ഗയില്‍നിന്ന് ഉമ്മ കെട്ടിക്കൊടുത്ത ഒരു രൂപ നാണയം വെച്ച പച്ചക്കളര്‍ റിബണ്‍ കൈത്തണ്ടയില്‍ കെട്ടിയിരുന്നു മടക്കയാത്രയിലെ എന്റെ സഹയാത്രികന്‍ സാഹിര്‍. എഞ്ചിനീയറിംഗില്‍ മാസ്റ്റേഴ്സിനായി യു.കെയിലേക്ക് പുറപ്പെടുമ്പോള്‍ ഉമ്മ നല്‍കിയ ആ കരുതല്‍ ഉമ്മ മരിച്ച് നാലു വര്‍ഷമായിട്ടും ഇന്നും വിമാനയാത്രയില്‍ അവന്‍ സൂക്ഷിക്കുന്നു. എത്ര വിദ്യാഭ്യാസം നേടിയാലും, ലോകം കണ്ടാലും ചില അന്ധവിശ്വാസങ്ങള്‍ വിട്ടൊഴിയാതെത്തന്നെ കിടക്കും!

 

ബഹ്‌റൈനിലെത്തിച്ച മഴ

കനത്ത മഴ കാരണം ഇസ്താംബൂളില്‍നിന്ന് യാത്ര പുറപ്പെടാന്‍ വൈകിയതിനാല്‍ കണക്ഷന്‍ ഫ്‌ളൈറ്റ് നഷ്ടപ്പെട്ട്,  ഒരു ദിവസം ബഹ്റൈനിലും തങ്ങാനായി. ഞാനെത്തിയത് അറിഞ്ഞ് ഓടി വന്ന ബഹ്റൈന്‍ വനിതാവിഭാഗം പ്രസിഡന്റ് സാജിദത്ത, സലീംക്ക...... ബഹ്റൈനിലെ പ്രവര്‍ത്തകരുടെ കൂടെയുള്ള യാത്രയും ബഹ്റൈനിനെ കാട്ടിത്തരുന്ന വിധം സജ്ജീകരിച്ച മ്യൂസിയവും ഖുര്‍ആനിന്റെ വിവിധ ലിഖിതരൂപങ്ങളുടെ സൂക്ഷിപ്പുകേന്ദ്രവും വീണുകിട്ടിയ അനുഭവമായിരുന്നു. ബഹ്റൈനിലെ ബൈത്തുല്‍ ഇസ്സ കൊട്ടാരം കാണാനെത്തിയ ഞങ്ങളോട് രാജ്ഞിയുടെ സന്ദര്‍ശനം കാരണം ഇന്ന് സന്ദര്‍ശനാനുമതി ഇല്ല എന്ന് പറഞ്ഞതും, ഇനി ഒരിക്കലും ബഹ്റൈനിലേക്ക് വരാന്‍ സാധ്യതയില്ല, ഒറ്റ ദിവസത്തെ സന്ദര്‍ശനത്തിന് വന്നതാണെന്നു പറഞ്ഞപ്പോള്‍ കാണാന്‍ അനുവാദം തന്നതും, അതിന് നന്ദി പറഞ്ഞപ്പോള്‍ പ്രാര്‍ഥനയിലോര്‍ത്താല്‍ മതിയെന്ന് ജീവനക്കാരന്‍ പറഞ്ഞതും തിളക്കമുള്ള ഓര്‍മയാണ്. ബഹ്റൈന്‍ രാജ്ഞിയെയും യാദൃഛികമായി ഒരുനോക്ക് കണ്ടു. 

ചുറ്റിലും പ്രാര്‍ഥനയോടെ, ഹൃദയം തൊട്ട ഇഷ്ടത്തോടെ ഒത്തിരി പേരുണ്ടെന്ന് വീണ്ടും വീണ്ടും ഓര്‍മിപ്പിക്കുന്നതായിരുന്നു വൈജ്ഞാനിക-സാംസ്‌കാരിക നഗരത്തിലേക്കുള്ള യാത്രയും അതിനുള്ള തയാറെടുപ്പുകളും. നീതിക്കും നന്മക്കും കരുത്തു പകരാന്‍, നേരിന്റെ പോരാട്ടങ്ങള്‍ക്ക് ഊര്‍ജമേകാന്‍, കാരുണ്യവാനെ മാത്രം പ്രണയിക്കുന്നവര്‍ക്ക് ലോകം മുഴുവന്‍ കൂട്ടുണ്ടെന്ന് ഇസ്താംബൂള്‍ പറഞ്ഞുകൊണ്ടിരുന്നു.  ഹൃദ്യമായ തണുപ്പും ചേര്‍ത്തുനിര്‍ത്തുന്ന പ്രാര്‍ഥനകളും ആ നഗരത്തെ കൂടുതല്‍ മനോഹരമാക്കി.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (78-80)
എ.വൈ.ആര്‍

ഹദീസ്‌

മൂന്ന് വസ്വിയ്യത്തുകള്‍
പി.എ ശറഫുദ്ദീന്‍