Prabodhanam Weekly

Pages

Search

2018 ജൂണ്‍ 29

3057

1439 ശവ്വാല്‍ 14

പിന്നീടാവാം എന്ന ചിന്ത വേണ്ട

ഡോ. സയ്യിദ് മുഹമ്മദ് നൂഹ്

മരണത്തെയും മരണാനന്തര ജീവിതത്തെയും കുറിച്ച മറവിയാണ് വലിയൊരളവോളം മനുഷ്യനെ ഉദാസീനനാക്കുന്നത്. ഇമാം ഗസാലി (റ) ഇത് മനോഹരമായി ചിത്രീകരിച്ചത് കാണുക: 'നാട്ടില്‍ ഇല്ലാത്ത രണ്ടു പേര്‍. അതില്‍ ഒരാളുടെ തിരിച്ചുവരവ് മാസങ്ങളോ വര്‍ഷമോ കഴിഞ്ഞ്. മറ്റെയാള്‍ പിറ്റേന്ന് തന്നെ. വര്‍ഷം കഴിഞ്ഞ് വരുന്നവനെ വരവേല്‍ക്കാനല്ല വീട്ടുകാര്‍ ഉടനെ ഒരുങ്ങുക. പിറ്റേന്ന് തന്നെ വരുന്നവനെ സ്വീകരിക്കാനാണ്. ഒരു വര്‍ഷം കഴിഞ്ഞേ മരണമുണ്ടാവൂ എന്ന് കരുതുന്നവര്‍ വരുംദിനങ്ങളില്‍ പല കാര്യങ്ങളിലും മുഴുകും. കുറേ കാലം കഴിഞ്ഞുള്ള യാഥാര്‍ഥ്യം അവര്‍ മറക്കും. ഓരോ പ്രഭാതം പുലരുമ്പോഴും ഒരു പൂര്‍ണ വര്‍ഷമുണ്ടല്ലോ എന്നാവും മനസ്സിലെ ധാരണ. കൊഴിഞ്ഞുപോയ ദിവസങ്ങളെ കുറിച്ചോര്‍ക്കില്ല. കര്‍മങ്ങളുമായി മുന്നേറാനുള്ള പ്രധാന തടസ്സമാണത്. തനിക്കിനിയും ഒരു വര്‍ഷം തികച്ചുണ്ടല്ലോ എന്ന മൂഢവിശ്വാസത്തിലാണ് അയാള്‍. കാലം കഴിയും. കര്‍മങ്ങളൊന്നും ഉണ്ടാവുകയുമില്ല' (ഇഹ്‌യാ ഉലൂമിദ്ദീന്‍ 4/391).

മനുഷ്യന്റെ അറ്റമില്ലാത്ത ആഗ്രഹങ്ങള്‍ ഒരു ചിത്രത്തിലൂടെ വിശദീകരിച്ചുതന്നു നബി (സ). ഒരു ചതുരം. നടുവില്‍ ഒരു രേഖ. അതിനോട് ചേര്‍ന്ന് ഇരുവശങ്ങളിലും ചെറുവരകള്‍. വിശദീകരിച്ചതിങ്ങനെ: ഇതാണ് മനുഷ്യന്‍. ആയുര്‍രേഖയാണ് ചുറ്റിലും. പുറത്തേക്ക് തള്ളിനില്‍ക്കുന്നത് ആഗ്രഹങ്ങള്‍. ചെറുവരകള്‍ ആകസ്മികമായി വരുന്ന ആപത്തുകള്‍. ഒന്ന് പിഴച്ചാല്‍ മറ്റൊന്ന് (ബുഖാരി).

അല്ലാഹു കനിഞ്ഞേകിയ അനുഗ്രഹങ്ങള്‍ നിത്യമെന്ന് നിനച്ച് തന്നില്‍ അര്‍പ്പിതമായ കര്‍ത്തവ്യങ്ങളെ നിസ്സാരമാക്കിത്തള്ളുന്ന മനസ്സുമാവാം ചില ഘട്ടങ്ങളില്‍ അലസത വളര്‍ത്തുന്നത്. തബൂക്ക് യുദ്ധവേളയില്‍ യഥാസമയം പുറപ്പെടാതെ, 'ഇനിയും സമയമുണ്ടല്ലോ, പിന്നീടാവാം' എന്ന മനോഭാവത്തോടെ പോവാന്‍ കഴിയാതിരുന്ന കഅ്ബുബ്‌നു മാലികി(റ)ന്റെ അനുഭവം ഉദാഹരണം. അത് അദ്ദേഹത്തിന് എന്തെല്ലാം വിപത്തുകള്‍ വരുത്തിവെച്ചു എന്നതിന് ചരിത്രം സാക്ഷി.

അല്ലാഹുവിന്റെ മാപ്പിലും വിട്ടുവീഴ്ചയിലുമുള്ള അമിത പ്രതീക്ഷയും മനുഷ്യനെ മടിയനാക്കാറുണ്ട്. ഇബ്‌നുല്‍ ജൗസി പറയുന്നു: ''കാരുണ്യത്തെക്കുറിച്ച പ്രതീക്ഷയാണ് ഒരു തടസ്സം. കുറ്റവാളി കരുതും, 'എന്റെ രക്ഷിതാവ് കരുണാനിധിയാണല്ലോ.' അതേ അവസരത്തില്‍ കഠിനമായി ശിക്ഷിക്കുന്നവനും ആകുന്നു എന്ന വസ്തുത അയാള്‍ വിസ്മരിക്കുന്നു. അല്ലാഹുവിന്റെ കാരുണ്യമെന്നാല്‍ ആര്‍ദ്രതയല്ലെന്ന് അയാള്‍ അറിയണം. ചെറിയ മോഷണം നടത്തിയാലും കൈ ഛേദിക്കണം എന്നാണല്ലോ അവന്റെ ആജ്ഞ'' (സൈ്വദുല്‍ ഖാത്വിര്‍ - ഇബ്‌നുല്‍ ജൗസി).

കുറ്റകൃത്യങ്ങളില്‍ നിരന്തരം മുഴുകിയാല്‍, കുറ്റങ്ങള്‍ ശീലങ്ങളായി മാറും. ഹൃദയത്തിന്റെ ആര്‍ദ്രത വിനഷ്ടമാവും. അത്തരം വ്യക്തികളെക്കുറിച്ച് നബി(സ) പറഞ്ഞത്: ''അധര്‍മകാരി തന്റെ തെറ്റുകളെ കാണുന്നത് മൂക്കിന്‍ തുമ്പത്ത് കൂടി പറന്നുപോയ ഒരു ഈച്ചയെ പോലെയാണ്. കൈകൊണ്ട് ഒരാട്ട് വെച്ചു കൊടുത്തപ്പോള്‍ ഒന്നും സംഭവിക്കാത്തതുപോലെ അതങ്ങ് പറന്നുപോയി.''

നമ്മുടെ പൂര്‍വികര്‍ കര്‍ത്തവ്യനിര്‍വഹണത്തില്‍ എത്ര ശ്രദ്ധാലുക്കളായിരുന്നു! ഉമര്‍ (റ) ഉപദേശിച്ചു: 'ഇന്നത്തെ ജോലികള്‍ നാളെയിലേക്ക് നീട്ടിവെക്കാതിരിക്കുകയാണ് ശക്തി.'

തന്റെ മുന്‍ഗാമിയായ ഖലീഫ സുലൈമാനുബ്‌നു അബ്ദില്‍ മലികിനെ ഖബ്‌റടക്കിക്കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തി വിശ്രമിക്കുകയാണ് ഉമറുബ്‌നു അബ്

ദില്‍ അസീസ്. പതിനേഴുകാരനായ പുത്രന്‍ അബ്ദുല്‍ മലിക് മുറിയിലേക്ക് കടന്നു വന്ന് ചോദിച്ചു: 'അമീറുല്‍ മുഅ്മിനീന്‍, എന്താണ് താങ്കളുടെ അടുത്ത പരിപാടി?' ഉമര്‍: 'വല്ലാത്ത ക്ഷീണം. ഞാനൊന്ന് വിശ്രമിക്കട്ടെ. ഇന്നലെ രാവ് മുഴുവന്‍ നാം നമ്മുടെ സുലൈമാന്റെ സംസ്‌കാരവുമായി ബന്ധപ്പെട്ട് ഉറക്കിളച്ചതാണല്ലോ.' മകന്‍: 'അപ്പോള്‍ ജനങ്ങളുടെ പരാതികള്‍ക്ക് പരിഹാരമുണ്ടാക്കുന്നതോ?' ഉമര്‍: 'ളുഹ്ര്‍ നമസ്‌കാരം കഴിഞ്ഞ് ഞാന്‍ അവരുടെ പരാതികള്‍ കേട്ട് പരിഹാരമുണ്ടാക്കാം.' മകന്‍: 'ളുഹ്ര്‍ വരെ അങ്ങ് ജീവിച്ചിരിക്കും എന്നതിന് എന്താണുറപ്പ്?'

ഈ ചോദ്യം ഉമറുബ്‌നു അബ്ദില്‍ അസീസിന്റെ മനസ്സില്‍ കനലായി കത്തി. ഉറക്കം പമ്പ കടന്നു. ക്ഷീണം വിട്ടകന്നു. നിശ്ചയദാര്‍ഢ്യവും കര്‍മാവേശവും തിളച്ചു മറിയുന്ന മുഖഭാവത്തോടെ പുത്രനെ അരികില്‍ ചേര്‍ത്തു പിടിച്ച അദ്ദേഹം: 'എന്റെ ദീന്‍കാര്യങ്ങളില്‍ എന്നെ സഹായിക്കുകയും എന്നില്‍ കര്‍മാവേശം പകരുകയും ചെയ്യുന്ന പുത്രനെ എനിക്ക് സമ്മാനിച്ച അല്ലാഹുവേ, നിനക്ക് സ്തുതി.'

ഉടനെ സദസ്സ് വിളിച്ചുകൂട്ടി പരാതികള്‍ക്ക് പരിഹാരം ഉണ്ടാക്കിത്തുടങ്ങി അദ്ദേഹം (സ്വുവറുന്‍ മിന്‍ ഹയാത്തിത്താബിഈന്‍).

ലുഖ്മാന്‍ മകന് നല്‍കിയ ഉപേദേശം: ''തൗബ പിന്നീടാവാം എന്ന ചിന്തയോടെ കാലം കഴിക്കുന്നവന്റെ ജീവിതം ഇരുട്ടിലാണ്.''

മരണവേളയില്‍ അബൂ ഇസ്ഹാഖിന്റെ വസ്വിയ്യത്ത്; ''പിന്നീടാവാം എന്ന ചിന്ത കൈയൊഴിക്കുക.''

സുമാമത്തുബ്‌നു ബിജാദിസ്സില്‍മി: ''ഞാന്‍ പിന്നീട് ചെയ്തുകൊള്ളാം, ഞാന്‍ പിന്നെ നമസ്‌കരിച്ചുകൊള്ളാം, പിന്നെ നോമ്പു നോറ്റുകൊള്ളാം. ഈ ചിന്ത വരാതെ നോക്കണം.''

ഹസനുല്‍ ബസ്വരി: ''പിന്നീടാവാം എന്ന ചിന്ത വേണ്ട. കാരണം നീയെന്നാല്‍ ഇന്നാണ്, നാളെയല്ല.''

അബൂമൂസല്‍ അശ്അരി കഠിനമായി അധ്വാനിക്കുന്നത് ശ്രദ്ധയില്‍പെട്ട ഒരാള്‍: 'എന്തിനാണിങ്ങനെ?'

അബൂമൂസ: 'ഓട്ടപ്പന്തയത്തില്‍ ലക്ഷ്യത്തോടടുക്കുന്നു എന്ന് കരുതുന്ന കുതിര സര്‍വശക്തിയും സംഭരിച്ച് മുന്നോട്ട് ശരവേഗത്തില്‍ കുതിക്കുകയില്ലേ? അതാണ് നിങ്ങള്‍ ഇക്കാണുന്നത്.' 

സംഗ്രഹം: പി.കെ ജമാല്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (71-75)
എ.വൈ.ആര്‍

ഹദീസ്‌

ആശ്വാസദായകമാകണം രോഗിസന്ദര്‍ശനം
അബ്ദുസ്സമദ് രണ്ടത്താണി