Prabodhanam Weekly

Pages

Search

2018 ജൂണ്‍ 29

3057

1439 ശവ്വാല്‍ 14

മഹാ ദുരന്തത്തിന് കാതോര്‍ത്ത് ഹുദൈദ നിവാസികള്‍

അബൂസ്വാലിഹ

യമന്റെ പടിഞ്ഞാറ് ഭാഗത്ത് ചെങ്കടല്‍ തീരത്ത് സ്ഥിതി ചെയ്യുന്ന തുറമുഖവും പ്രവിശ്യയും നഗരവുമാണ് ഹുദൈദ. യമനിലെ വിവിധ നഗരങ്ങളിലേക്ക് ഭക്ഷണം ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങളില്‍ മുക്കാല്‍ പങ്കും എത്തുന്നത് ഇതുവഴിയാണ്. അതോടൊപ്പം യമനിലെ ഏറ്റവും ദരിദ്രമായ പ്രവിശ്യ കൂടിയാണിത്. കമ്പുകളില്‍ വൈക്കോല്‍ ഞാത്തിയിട്ട ഇതുപോലൊരു പള്ളിക്കൂടം ഒരുപക്ഷേ നിങ്ങള്‍ ഇന്ന് ആഫ്രിക്കന്‍ നാടുകളില്‍ പോലും കാണില്ല (ചിത്രം കാണുക). ഇതൊക്കെയും യുദ്ധത്തിന്റെ കരാള ദിനങ്ങളിലേക്ക് യമന്‍ തള്ളിവീഴ്ത്തപ്പെടുന്നതിനു മുമ്പ്.

ഹൂഥികളും ഗവണ്‍മെന്റ് സേനയും തമ്മിലുള്ള പോരാട്ടം മുറുകിയതോടെ, ഇവിടെയുള്ള ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്മാര്‍ക്ക് ഒന്നര വര്‍ഷമായി ശമ്പളമില്ല. മത്സ്യബന്ധനമായിരുന്നു മറ്റൊരു മുഖ്യ വരുമാന മാര്‍ഗം. പക്ഷേ കടലില്‍ പോകാന്‍ നിര്‍വാഹമില്ല. കടലില്‍ ബോട്ട് കണ്ടാല്‍ ഗവണ്‍മെന്റ് സേനയും ഹൂഥികളും ആരെന്നു പോലും അന്വേഷിക്കാതെ മിസൈല്‍ തൊടുക്കും. കടലില്‍ ഹൂഥികള്‍ കുഴിബോംബുകള്‍ വിതച്ചതായും ആക്ഷേപമുണ്ട്.

ഇന്ന് യമനിലെ ഏറ്റവും വിനാശകരമായ പോരാട്ട വേദിയായി ഈ പ്രവിശ്യയും നഗരവും മാറിയിരിക്കുന്നു. ഹൂഥികളില്‍നിന്ന് ഈ പ്രദേശം പിടിച്ചടക്കാന്‍ അറബ് സഖ്യസേന വന്‍ മുന്നൊരുക്കങ്ങളാണ് നടത്തുന്നത്. നഗരത്തിലേക്കുള്ള സകല ബന്ധങ്ങളും വിഛേദിക്കപ്പെട്ടിരിക്കുന്നു. അവശ്യ സാധനങ്ങള്‍ക്കൊക്കെ പറയുന്ന വിലയാണ്. വെള്ളവും ഭക്ഷണവുമില്ലാതെ ദിവസങ്ങളായി ഹുദൈദുകാര്‍ നരകിക്കുകയാണ്. സന്നദ്ധ സംഘടനകള്‍ക്കൊന്നും സഹായവുമായി ഈ മേഖലയിലേക്ക് കടക്കാനാവുന്നില്ല. അറബ് സഖ്യസേന നഗരത്തില്‍ ആക്രമണം തുടങ്ങിക്കഴിഞ്ഞാല്‍ വലിയൊരു മനുഷ്യ ദുരന്തത്തിനാണ് ലോകം കാതോര്‍ക്കേണ്ടിവരികയെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഏദന്‍, തഇസ് പോലുള്ള യമനീ നഗരങ്ങള്‍ ഇതുപോലുള്ള ദുരന്തങ്ങള്‍ക്ക് സാക്ഷിയായിട്ടുണ്ട്. ഹൂഥികളുമായുള്ള പോരാട്ടം മൂര്‍ധന്യ ദശയിലെത്തിയപ്പോള്‍ ഇരുനൂറ് വ്യോമാക്രമണങ്ങള്‍ വരെ ഒരൊറ്റ ദിവസം ഈ നഗരങ്ങളില്‍ ഉണ്ടായിട്ടുണ്ട്.

ദാരിദ്ര്യം കാരണം ടാക്‌സിക്കൂലി കൊടുക്കാനില്ലാത്തതിനാല്‍ മറ്റു സ്ഥലങ്ങളിലേക്ക് രക്ഷപ്പെടാന്‍ പോലുമാകാതെ നിസ്സഹായരായി കഴിയുന്ന ഹുദൈദ നിവാസികള്‍ ലോകത്തിന്റെ ദയയും സഹായവും കാരുണ്യവും അര്‍ഹിക്കുന്നു. 

 

ഒരാളെയും വിശ്വാസമില്ലാതെ 

ജനാധിപത്യത്തെ കൊഞ്ഞനം കുത്തിയ തെരഞ്ഞെടുപ്പു പ്രഹസനത്തിലൂടെ വീണ്ടും പ്രസിഡന്റ് കസേരയില്‍ ഇരുപ്പുറപ്പിച്ച ഈജിപ്തിലെ ഏകാധിപതി അബ്ദുല്‍ ഫത്താഹ് സീസിക്ക് ഒരുത്തനെയും വിശ്വാസമില്ലെന്നാണ് പുതിയ മന്ത്രിസഭാ രൂപവത്കരണം തെളിയിക്കുന്നത്. പുതിയ മന്ത്രിസഭ ഉണ്ടാക്കിയപ്പോള്‍ ആദ്യം പുറത്തായത്, നിലവിലെ രാജ്യരക്ഷാ മന്ത്രി ജനറല്‍ സ്വിദ്ഖി സ്വുബ്ഹി. ആഭ്യന്തര മന്ത്രി മജ്ദി ഗഫ്ഫാറിനെയും സീസി നിഷ്‌കരുണം പുറത്തെറിഞ്ഞു. ജനങ്ങള്‍ വോട്ട് ചെയ്ത് അധികാരത്തിലേറ്റിയ ആദ്യ ഈജിപ്ഷ്യന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ അട്ടിമറിക്കാന്‍ സീസിയുടെ വലം കൈയായി പ്രവര്‍ത്തിച്ചയാളാണ് സ്വുബ്ഹി. സുരക്ഷാ വീഴ്ചയാണ് ഔദ്യോഗിക വൃത്തങ്ങള്‍ കാരണമായി പറയുന്നത്. കഴിഞ്ഞ ഡിസംബറില്‍ കിഴക്കന്‍ സീനായിലെ അല്‍അരീശ് വിമാനത്താവളത്തില്‍ വെച്ച് രാജ്യരക്ഷാ മന്ത്രി സ്വിദ്ഖി സ്വുബ്ഹിയും ആഭ്യന്തരമന്ത്രി മജ്ദി ഗഫ്ഫാറും സഞ്ചരിച്ചിരുന്ന വിമാനത്തിന് നേരെ ആക്രമണമുണ്ടായിരുന്നു. ഐ.എസ് ഉത്തരവാദിത്തം ഏറ്റെടുത്തെങ്കിലും അതു സംബന്ധമായ ദുരൂഹതകള്‍ നീങ്ങിയിട്ടില്ല. അതിന്റെ പേരില്‍ തന്നെയാണ് ഇപ്പോള്‍ ഇരുവരെയും പുറത്താക്കിയിരിക്കുന്നത്.

കാര്യം അതൊന്നുമല്ലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സീസി കഴിഞ്ഞാല്‍ എല്ലാ അര്‍ഥത്തിലും രണ്ടാമനായിരുന്നു സ്വിദ്ഖി. ഇദ്ദേഹത്തെ ഔദ്യോഗിക സ്ഥാനങ്ങളില്‍നിന്ന് നീക്കാനാവില്ലെന്നും 'ഭരണഘടനാ പരിരക്ഷ' വരെ ഉണ്ടെന്നും സംസാരമുണ്ടായിരുന്നു. സകല പ്രതിപക്ഷ ശബ്ദങ്ങളെയും അടിച്ചമര്‍ത്തുകയും അവശ്യ സാധനങ്ങളുടെ വില കുത്തനെ കൂട്ടിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സീസിയുടെ ദുര്‍ഭരണത്തിനെതിരെ ജനകീയ പ്രക്ഷോഭം ആസന്നമാണ്. ഈജിപ്ത് അടക്കിവാഴുന്ന മിലിട്ടറി ഒരു ഭരണമാറ്റം ആലോചിച്ചാല്‍ ആദ്യം ഉയരുന്ന പേര് സ്വിദ്ഖിയുടേതായിരിക്കും. 'ശുദ്ധീകരണ'ത്തിലൂടെ ആ വെല്ലുവിളി ഇല്ലാതാക്കിയതായി സമാശ്വസിക്കുന്നുണ്ടാവും സീസി. അട്ടിമറിയുടെ സകല രഹസ്യങ്ങളും അറിയുന്ന ഒരാളെ തലപ്പത്ത് വെച്ചുകൊണ്ടിരിക്കുന്നതും ബുദ്ധിയല്ല എന്നും സീസി ആലോചിക്കുന്നുണ്ടാവണം. ആ അടവുകളൊക്കെ തനിക്കെതിരെയും പയറ്റാമല്ലോ. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സീസിക്കെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച 'കുറ്റ'ത്തിന് മുന്‍ ചീഫ് ഓഫ് സ്റ്റാഫ് സാമി അനാന്‍ ഇപ്പോഴും ജയിലഴി എണ്ണുകയാണെന്ന് അറിയുക. സീസിയുടെ ഈ സംശയരോഗം ഇനിയും വഷളാവുകയേ ഉള്ളൂ. 

 

 

എം.എം.എ വീണ്ടും

പാകിസ്താനില്‍ 2002-ല്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ അറുപത് സീറ്റുകള്‍ നേടുകയും ഖൈബര്‍-പക്തൂണ്‍ഖ്വാ പ്രവിശ്യയില്‍ ഭരണം പിടിച്ചെടുക്കുകയും ബലൂചിസ്താനില്‍ ഭരണത്തില്‍ പങ്കാളിയാവുകയും ചെയ്ത മുത്തഹിദ മജ്‌ലിസെ അമല്‍ (എം.എം.എ) എന്ന രാഷ്ട്രീയ മുന്നണി വീണ്ടും സജീവമാകുന്നു. ജംഇയ്യത്തുല്‍ ഉലമായേ ഇസ്‌ലാം (ഫസല്‍ വിഭാഗം), ജമാഅത്തെ ഇസ്‌ലാമി എന്നിവയാണ് മുന്നണിയിലെ പ്രധാന കക്ഷികള്‍. ജംഇയ്യത്ത് അഹ്‌ലെ ഹദീസ്, ജംഇയ്യത്ത് ഉലമ (നൂറാനി വിഭാഗം), തഹ്‌രീകെ ഇസ്‌ലാമി എന്നിവയാണ് മറ്റു കക്ഷികള്‍. ഘടക കക്ഷികള്‍ തമ്മിലുള്ള അഭിപ്രായ ഭിന്നതയെത്തുടര്‍ന്ന് മുന്നണി കുറേകാലമായി നിര്‍ജീവമായിരുന്നു. പുതിയ എം.എം.എ മുന്നണിയുടെ പ്രസിഡന്റ് ജംഇയ്യത്തുല്‍ ഉലമാ ഫസല്‍ വിഭാഗം തലവന്‍ മൗലാനാ ഫസ്‌ലുര്‍ഹ്മാനും ജനറല്‍ സെക്രട്ടറി ജമാഅത്ത് നേതാവായ ലിയാഖത്ത് ബലൂചുമാണ്.

വരുന്ന ജൂലൈ 25-ന് നടക്കാന്‍ പോകുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഒരിക്കല്‍കൂടി ശക്തി പരീക്ഷണത്തിന് ഒരുങ്ങുകയാണ് മത സംഘടനകളുടെ കൂട്ടായ്മ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ മുന്നണി. ഖൈബര്‍-പക്തൂണ്‍ഖ്വായിലെയും മറ്റും ശക്തികേന്ദ്രങ്ങളില്‍ ഇംറാന്‍ ഖാന്റെ ഇന്‍സാഫ് പാര്‍ട്ടിയും ബറേല്‍വി ഗ്രൂപ്പിന്റെ തഹ്‌രീകെ ലബ്ബൈക പാകിസ്താനും ശീഈകളുടെ മജ്‌ലിസ് വഹ്ദത്തെ മുസ്‌ലിമീനും തങ്ങളുടെ വോട്ടുകള്‍ ചോര്‍ത്തിക്കൊണ്ടിരിക്കുന്നു എന്ന തിരിച്ചറിവാണ് ഈ പുനസ്സമാഗമത്തിന് പ്രധാന കാരണം. മറ്റെല്ലാ പാര്‍ട്ടികള്‍ക്കും മുന്നേ പ്രകടന പത്രികയും അവര്‍ പുറത്തിറക്കിക്കഴിഞ്ഞു. അഴിമതിമുക്ത ഭരണമാണ് പ്രധാന വാഗ്ദാനം. സാമൂഹിക ജീവിതത്തെ പ്രവാചകചര്യയെ അടിസ്ഥാനപ്പെടുത്തി (നിസാമെ മുസ്തഫ) പുതുക്കിപ്പണിയുമെന്നും സമ്പദ്ഘടന പലിശമുക്തമാക്കുമെന്നും ഉറപ്പു നല്‍കുന്നു. നിലവിലെ പാര്‍ലമെന്റില്‍ മുന്നണിയിലെ പ്രധാന കക്ഷികളായ ജംഇയ്യത്തുല്‍ ഉലമാ ഫസല്‍ വിഭാഗത്തിനും ജമാഅത്തെ ഇസ്‌ലാമിക്കും യഥാക്രമം ഒമ്പതും മൂന്നും സീറ്റുകളാണുള്ളത്. ഒന്നിച്ച് മത്സരിക്കുന്നതിലൂടെ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാമെന്നും വിലപേശല്‍ ശക്തിയായി വളരാമെന്നും മുന്നണി കണക്കുകൂട്ടുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (71-75)
എ.വൈ.ആര്‍

ഹദീസ്‌

ആശ്വാസദായകമാകണം രോഗിസന്ദര്‍ശനം
അബ്ദുസ്സമദ് രണ്ടത്താണി