Prabodhanam Weekly

Pages

Search

2018 ജൂണ്‍ 08

3055

1439 റമദാന്‍ 23

രാപ്പകലുകള്‍ എന്ന മഹാ ദൃഷ്ടാന്തം

''രാവിനെ പകലിലേക്കും പകലിനെ രാവിലേക്കും കടത്തിവിടുന്നു അല്ലാഹു. നിങ്ങളിതൊന്നും കാണുന്നില്ലേ?'' ഖുര്‍ആനില്‍ അല്ലാഹു ചോദിക്കുന്ന ചോദ്യമാണ് (31:29). വിശുദ്ധ ഖുര്‍ആന്‍ ഇടക്കിടെ മനുഷ്യനെ ഓര്‍മിപ്പിക്കുന്ന അത്ഭുതകരമായ ദൃഷ്ടാന്തമാണ് രാപ്പകലുകളുടെ മാറിമാറിവരല്‍. ഓരോ മനുഷ്യന്റെയും നിത്യാനുഭവമാണിത്. എത്രയോ വര്‍ഷങ്ങള്‍ക്കു ശേഷം സംഭവിക്കാനിരിക്കുന്ന ഏതൊരു പകലിന്റെയും രാത്രിയുടെയും സമയം സെക്കന്റ് പോലും പിഴക്കാതെ ഇന്ന് കൃത്യമായി കണക്കു കൂട്ടി പറയാനാവും. രാപ്പകലുകള്‍ സംഭവിക്കുന്നതിലോ അവയുടെ സമയം ക്ലിപ്തപ്പെടുത്തുന്നതിലോ മനുഷ്യന്നോ മറ്റേതെങ്കിലും ജീവിവര്‍ഗങ്ങള്‍ക്കോ യാതൊരു പങ്കുമില്ലെന്ന് ഏത് നിരീശ്വരവാദിയും സമ്മതിക്കും. എങ്കില്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ശക്തിയേതാണ്? അതേക്കുറിച്ച് ചിന്തിക്കൂ എന്നാണ് ഖുര്‍ആന്‍ നിരന്തരം നമ്മോട് ആവശ്യപ്പെടുന്നത്. ഈയൊരൊറ്റ ദൃഷ്ടാന്തത്തില്‍ വലിയ ഗുണപാഠമുണ്ടെന്നും ഖുര്‍ആന്‍ പറയുന്നു. ഗുണപാഠത്തിന് ഖുര്‍ആന്‍ പ്രയോഗിക്കുന്നത് 'ഇബ്‌റത്' എന്ന വാക്കാണ്. ഭാഷാപരമായി, ഒന്നില്‍നിന്ന് മറ്റൊന്നിലേക്ക് കടന്നുപോവുക എന്നാണ് ഈ വാക്കിന്റെ അര്‍ഥം. അഥവാ ഒരു യാഥാര്‍ഥ്യത്തില്‍നിന്ന് മറ്റൊരു യാഥാര്‍ഥ്യത്തിലേക്ക് എത്തിച്ചേരുക. രാപ്പകലുകളുടെ മാറ്റം എന്ന നിത്യജീവിത യാഥാര്‍ഥ്യത്തെക്കുറിച്ച് ചിന്തിക്കുന്ന ഏതൊരാളും സര്‍വശക്തനായ ഏകദൈവം എന്ന മഹാ യാഥാര്‍ഥ്യത്തില്‍ മാത്രമാണ് എത്തിച്ചേരുക.

രാപ്പകലുകളില്‍ ഒന്ന് ഇരുട്ടും മറ്റേത് പ്രകാശവുമാണ്. ഇരുട്ടും വെളിച്ചവും വളരെ പ്രതീകാത്മകമായാണ് ഖുര്‍ആന്‍ പ്രയോഗിച്ചിട്ടുള്ളത്. മനുഷ്യനെ വഴിതെറ്റിക്കുന്ന മുഴുവന്‍ ആശയങ്ങളും ദര്‍ശനങ്ങളും ഖുര്‍ആന്റെ ഭാഷയില്‍ അന്ധകാരങ്ങള്‍ (ളുലുമാത്ത്) ആണ്. പ്രകാശം (നൂര്‍) ചൊരിയുന്നത് ദൈവിക ദര്‍ശനം മാത്രം. അല്ലാഹു ആകാശഭൂമികളുടെ പ്രകാശമാണ് എന്ന ഖുര്‍ആനിക പരാമര്‍ശത്തില്‍ ഇങ്ങനെയൊരു പ്രതീകാത്മക അര്‍ഥം കൂടി ഉള്‍ച്ചേര്‍ന്നിരിക്കുന്നു. ഇരുട്ടിന്റെ ശക്തികള്‍ എന്ന് നാം പറയാറുണ്ടല്ലോ. ദൈവനിഷേധികളായ അതിക്രമികള്‍ സത്യത്തിന്റെ വക്താക്കള്‍ക്കെതിരെ ഗൂഢതന്ത്രങ്ങള്‍ മെനയുന്നത് ഇരുട്ടുമുറികളില്‍ വെച്ചാണ്. ഇരുട്ടിന്റെ തിന്മകളില്‍നിന്ന് അഭയം തേടാന്‍ ഖുര്‍ആന്‍ വിശ്വാസികളെ ഉണര്‍ത്തുന്നത് അതുകൊണ്ടാണ്.

അതേസമയം ഇരുട്ടിനെയോ രാത്രിയെയോ തിന്മയുടെ പ്രതീകമായി അവതരിപ്പിക്കുകയല്ല ഖുര്‍ആന്‍ ചെയ്യുന്നത്. ''അവനാണ് നിങ്ങള്‍ക്ക് രാവിനെ വസ്ത്രമാക്കിയത്. ഉറക്കത്തെ വിശ്രമാവസരവും പകലിനെ ഉണര്‍വേളയാക്കിയതും അവന്‍ തന്നെ'' (25:47). ഉറക്കില്‍നിന്ന് എഴുന്നേറ്റ് രാത്രി വളരെ നേരം പ്രാര്‍ഥനയിലും നമസ്‌കാരത്തിലുമായി കഴിച്ചുകൂട്ടാന്‍ ഖുര്‍ആന്‍ പ്രവാചകനെ പ്രത്യേകം ഉണര്‍ത്തുന്നുണ്ട് (73:2). ആത്മവിചാരണ നടത്താന്‍ പറ്റിയ ഏറ്റവും നല്ല സന്ദര്‍ഭമാണ് രാത്രിയിലെ അന്ത്യയാമങ്ങള്‍. അല്ലാഹുവിനും മനുഷ്യന്നുമിടയില്‍ ഒരു മറയുമില്ലാത്ത സമയമാണതെന്ന് ഹദീസുകളില്‍ വന്നിട്ടുണ്ട്. പ്രാര്‍ഥനകള്‍ക്ക് ഉത്തരം കിട്ടുന്ന സമയം. ഈയര്‍ഥത്തില്‍ ഇനിയുള്ള റമദാന്‍ രാവുകള്‍ വിശ്വാസികളെ സംബന്ധിച്ചേടത്തോളം ഏറെ പ്രധാനവും ശ്രേഷ്ഠവുമാണ്.

Comments