Prabodhanam Weekly

Pages

Search

2018 ഏപ്രില്‍ 13

3047

1439 റജബ് 25

നക്ഷത്ര ജന്മങ്ങള്‍

സി.കെ മുനവ്വിര്‍, ഇരിക്കൂര്‍

അക്ഷരങ്ങള്‍ക്ക് വഴങ്ങാത്ത

ജന്മങ്ങളുണ്ടനവധി

അവരുടെ

കര്‍മൗത്സുക്യക്കുതിപ്പില്‍

വാക്കുകള്‍ കുനിഞ്ഞുപോകും

 

ആയുസ്സിന്റെ

അര്‍ധ നിമിഷങ്ങള്‍ പോലും

കനപ്പെട്ടതായി കണ്ട്

സുകൃതം നിറക്കാന്‍

പാഞ്ഞുനടക്കുകയാണവര്‍

കര്‍മവീഥിയില്‍

 

ഓടിത്തീര്‍ന്ന ദൂരം

വിസ്മയം പൊഴിക്കുമ്പോഴും

ഓടിത്തീരാനുള്ള

ദൂരങ്ങളെക്കുറിച്ചാണവര്‍

പ്രതീക്ഷപ്പെടുന്നത്

 

പരിഭവങ്ങളില്ലവര്‍ക്ക്

പരാതികളില്ലവര്‍ക്ക്

പേരിനു പോലും

പൊയ്‌വാക്കുകളില്ല

 

കുന്നേറ്റിക്കൊടുത്ത്

നടക്കാന്‍ പറഞ്ഞാലും

ആവില്ലെന്നൊരു വാക്ക്

കേള്‍ക്കാനാവില്ലവരുടെ

നാക്കിന്‍തുമ്പിലൊരിക്കലും

 

കര്‍മസാക്ഷ്യങ്ങള്‍

മല പോലെ

കുന്നുകൂടി നില്‍ക്കുമ്പോഴും

അകക്കണ്ണില്‍

നനവുതിരുന്നത്

വഴിയില്‍ വീണുപോയ

തരിമണി കര്‍മാവസരത്തെ

ക്കുറിച്ചോര്‍ത്തു മാത്രമാണവര്‍ക്ക്

 

ഒന്നിനു വേണ്ടി

മറ്റൊന്നു വേണ്ടെന്നു വെച്ചില്ലവര്‍

ഒന്നില്ലെങ്കില്‍

മറ്റൊന്നില്ലെന്ന് പറഞ്ഞില്ലവര്‍

 

ഉത്തരമില്ലാത്ത

ചോദ്യങ്ങള്‍ക്കു വേണ്ടി

ജീവിച്ചുതീര്‍ക്കയായിരുന്നില്ലവര്‍

ജീവിതം തന്നെയാണുത്തരമെന്ന്

പറയാതെ

പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നവര്‍

 

അക്കങ്ങളിലെ അനക്കവും

ഋതുഭേദങ്ങളിലെ കറുപ്പും വെളുപ്പും

അസ്വസ്ഥതയുടെ

തീ പടര്‍ത്തിയിട്ടില്ലവരുടെ

കണ്ണിലും കരളിലും

കുളിരിലും വെയിലിലും

പ്രഭാതത്തിലും പ്രദോഷത്തിലും

ഒരുപോല്‍ ജ്വലിക്കുന്നുണ്ടവര്‍

അകത്തും പുറത്തും

 

അവര്‍ക്കു വേണ്ടി

മറ്റുള്ളവര്‍ കാത്തിരിക്കേണ്ടി

വരില്ലൊരിക്കലും

മറ്റുള്ളവര്‍ക്കു വേണ്ടി

കാത്തിരിക്കാന്‍

മടിയില്ലവര്‍ക്കൊരിക്കലും

 

അവരുടെ

കര്‍മങ്ങളില്‍

സ്വപ്‌നങ്ങളില്‍

നിലാവെടുത്തതാണ്

നാട്ടിന്‍ നന്മകളൊക്കെയും

അവര്‍ നൂറ്റ നൂലില്‍

മിനുങ്ങിവന്നതാണ്

വര്‍ണങ്ങളും വൈവിധ്യങ്ങളും

 

അവര്‍ ദിക്കുകാട്ടും

നക്ഷത്രങ്ങളാണ്

കയറാന്‍ മടിക്കുന്നവര്‍

ഉദിക്കാന്‍ കൊതിക്കുന്നവര്‍. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (29-32)
എ.വൈ.ആര്‍