Prabodhanam Weekly

Pages

Search

2018 മാര്‍ച്ച് 30

3045

1439 റജബ് 11

ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് നവ പ്രതീക്ഷകളേകി എസ്.ഐ.ഒ അഖിലേന്ത്യാ സമ്മേളനം

സി.എ അഫ്‌സല്‍ റഹ്മാന്‍

മുസ്‌ലിം സമൂഹം കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഇന്ത്യന്‍ സാഹചര്യത്തിലാണ് സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍-എസ്.ഐ.ഒ അഖിലേന്ത്യാ സമ്മേളനം സംഘടിപ്പിക്കുന്നത്. 'ആത്മാഭിമാനം തിരിച്ചുപിടിക്കുക, ഭാവിയെ കരുപ്പിടിപ്പിക്കുക' എന്ന സന്ദേശമുയര്‍ത്തി ദല്‍ഹി ഓഖ്‌ലയില്‍ 2018 ഫെബ്രുവരി 23,24,25 തീയതികളിലായി നടന്ന സമ്മേളനം വെല്ലുവിളിയുടെ കാലത്തും പുതുപ്രതീക്ഷകള്‍ നല്‍കുന്ന അനുഭവമായി. വ്യത്യസ്ത തലക്കെട്ടുകളിലായി നടന്ന വിവിധ സെഷനുകളില്‍ രാജ്യത്തിനകത്തും പുറത്തും ഫാഷിസ്റ്റ്‌വിരുദ്ധ പോരാട്ടങ്ങളെ മുന്നില്‍ നിന്ന് നയിക്കുന്നവരുടെ സാന്നിധ്യമുണ്ടായിരുന്നു.

 

ഫലസ്ത്വീന്‍ ജനതക്ക് ഐക്യദാര്‍ഢ്യമായി  ഉദ്ഘാടന സമ്മേളനം

ഫലസ്ത്വീന്‍ ജനതയുടെ പോരാട്ടങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടാണ്  മൂന്നു ദിവസത്തെ സമ്മേളനം തുടങ്ങിയത്. ന്യൂദല്‍ഹി ഫലസ്ത്വീന്‍ എംബസിയിലെ മിനിസ്റ്റര്‍-കൗണ്‍സിലര്‍ വാഇല്‍ അല്‍ ബത്വ്‌രീഖിയായിരുന്നു ഉദ്ഘാടന സമ്മേളനത്തിലെ മുഖ്യാതിഥി. നിര്‍ണായക ഘട്ടങ്ങളില്‍ ഇന്ത്യന്‍ ജനത, വിശിഷ്യാ ഇന്ത്യയിലെ മുസ്ലിം സമൂഹം തങ്ങള്‍ക്ക് നല്‍കിയ പിന്തുണ അനുസ്മരിച്ചുകൊണ്ടാണ് അദ്ദേഹം സംസാരം ആരംഭിച്ചത്.

ഇന്ത്യയിലെ ഇസ്‌ലാമിക വിദ്യാര്‍ഥിത്വത്തിനു പുതിയ ദിശാബോധം നല്‍കാന്‍ എസ്.ഐ.ഒവിന് കഴിഞ്ഞിട്ടുണ്ടെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത് ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അധ്യക്ഷന്‍ സയ്യിദ് ജലാലുദ്ദീന്‍ ഉമരി പറഞ്ഞു. അന്തസ്സും അഭിമാനവും നിരന്തരം ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ദലിത്-മുസ്ലിം സമൂഹങ്ങള്‍ക്കായി എഴുന്നേറ്റുനില്‍ക്കാന്‍ ജമാഅത്തെ ഇസ്‌ലാമി  അഖിലേന്ത്യാ അസി. അമീര്‍ സയ്യിദ് സആദത്തുല്ല ഹുസൈനി ആഹ്വാനം ചെയ്തു.

ഖുദ്‌സ് വീണ്ടെടുക്കാനുള്ള ഫലസ്ത്വീന്‍ ജനതയുടെ പോരാട്ടങ്ങള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ടാണ് എസ്.ഐ.ഒ അഖിലേന്ത്യാ അധ്യക്ഷന്‍ നഹാസ് മാള പ്രഭാഷണം തുടങ്ങിയത്. സാമൂഹിക മേഖലകളില്‍ സജീവമായി ഇടപെടുന്ന ചരിത്രമാണ് ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്കുള്ളതെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ഒത്തുതീര്‍പ്പുകളുടെ പ്രവര്‍ത്തന രീതി നമ്മെ പിറകോട്ടടിപ്പിക്കുകയേയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. സമ്മേളനത്തിന്റെ ഭാഗമായി ഒരുക്കിയ മതര്‍ലാന്‍ഡ് എക്‌സിബിഷന്‍ സയ്യിദ് ജലാലുദ്ദീന്‍ ഉമരി ഉദ്ഘാടനം ചെയ്തു.

 

വിദ്യാര്‍ഥി പ്രതിപക്ഷം ഒന്നിച്ചിരുന്നപ്പോള്‍

രാജ്യത്തിന്റെ വിവിധ കോണുകളില്‍ പ്രതിപക്ഷ ശബ്ദമായി മുഴങ്ങിയ വിദ്യാര്‍ഥി നേതൃത്വങ്ങള്‍ ഒന്നിച്ചിരുന്ന അപൂര്‍വ സംഗമത്തിന് സമ്മേളനം സാക്ഷിയായി. വിദ്യാര്‍ഥിത്വം നേതൃത്വം നല്‍കുന്ന മറ്റൊരു സ്വാതന്ത്ര്യ സമരത്തിന് സമയമായിരിക്കുന്നുവെന്ന് എം.എസ്.എഫ്. അഖിലേന്ത്യാ അധ്യക്ഷന്‍ ടി.പി അഷ്‌റഫലി പറഞ്ഞു. നവ വിദ്യാര്‍ഥി മുന്നേറ്റങ്ങള്‍ക്ക് പ്രചോദകമായ രോഹിത് വെമുലയുടെ ജീവത്യാഗം സ്മരിച്ചുകൊണ്ടാണ് ഹൈദരാബാദ് സര്‍വകലാശാലാ യൂനിയന്‍ അധ്യക്ഷന്‍ ശ്രീരാഗ് പൊയ്ക്കാടന്‍ തന്റെ സംസാരം ആരംഭിച്ചത്. ദലിതരും മുസ്‌ലിംകളും ശാക്തീകരിക്കപ്പെടുകയാണെങ്കില്‍ മറ്റൊരു ശക്തിക്കും അവരെ തടുത്തുനിര്‍ത്താന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ യഥാര്‍ത്ഥ പ്രതിപക്ഷം പാര്‍ലമെന്റിലല്ല, വിവിധ കലാലയങ്ങളിലെ വിദ്യാര്‍ഥിത്വമാണ് ആ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതെന്ന് അലീഗഢ് മുസ്ലിം സര്‍വകലാശാലാ യൂനിയന്‍ അധ്യക്ഷന്‍ മശ്കൂര്‍ അഹ്മദ് ഉസ്മാനി പറഞ്ഞു. ഭരണകൂടം വിളമ്പിത്തരുന്ന മുഖ്യധാരാ കെട്ടുകഥകളെ അപ്പാടെ വിശ്വസിക്കുന്ന കാലം കഴിഞ്ഞുവെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് അഖിലേന്ത്യാ അധ്യക്ഷന്‍ അന്‍സാര്‍ അബൂബക്കര്‍ പറഞ്ഞു. ഉത്തരങ്ങള്‍ ലഭിക്കും വരെ നമ്മള്‍ ചോദ്യം ചോദിച്ചുകൊണ്ടിരിക്കും. വിദ്വേഷ രാഷ്ട്രീയത്തിനെതിരെ സഹവര്‍തിത്ത്വത്തിന്റെ രാഷ്ട്രീയം വിജയം കാണുക തന്നെ ചെയ്യുമെന്നും അദ്ദേഹം പ്രത്യാശിച്ചു.

സഹതാപ മനോഭാവങ്ങള്‍ മാറ്റിവെച്ച് ആദര്‍ശം അന്തസ്സോടെ ഉയര്‍ത്തിപ്പിടിക്കാന്‍ മുസ്ലിം വിദ്യാര്‍ഥി സമൂഹം തയാറാകണമെന്ന്  ജെ.എന്‍.യു.വിലെ വൈ.എഫ്.ഡി.എ കണ്‍വീനര്‍ ഹേബ അഹ്മദ് പറഞ്ഞു. രാജ്യത്തിന്റെ ചരിത്ര നിര്‍മിതിയില്‍ മുസ്‌ലിംകള്‍ക്കുള്ള പങ്ക് തേച്ചു മായ്ച്ചുകളയാനുള്ള ബോധപൂര്‍വ ശ്രമങ്ങള്‍ സംഘ് പരിവാര്‍ ശക്തികളില്‍നിന്ന് ഉണ്ടാകുന്നുവെന്ന് ബാസോ അധ്യക്ഷന്‍ ഉമര്‍ ഖാലിദ് പറഞ്ഞു. പരസ്പര സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ആദര്‍ശമാണ് ഇസ്‌ലാമെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് അധ്യക്ഷന്‍ പി.എം സ്വാലിഹ് പറഞ്ഞു.

നിരുപദ്രവകരമായ ട്രോളുകള്‍ക്കപ്പുറം ഒരു ഫാഷിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനവും രാജ്യത്തെ ഇടതു-മതേതര-ലിബറല്‍  എന്നവകാശപ്പെടുന്നവര്‍ ചെയ്യുന്നില്ലെന്ന് ബാപ്‌സ നേതാവ് രാഹുല്‍ സോംപിമ്പ്‌ലെ പറഞ്ഞു. കൗണ്ടര്‍ സ്ട്രാറ്റജികള്‍ നിര്‍മിക്കുന്നതില്‍ അവര്‍ പരാജയമാണ്. ദലിത് -മുസ്ലിം പ്രസ്ഥാനങ്ങള്‍ നേതൃത്വം നല്‍കുന്ന മുന്നേറ്റങ്ങള്‍ക്കേ അത്തരത്തിലുള്ള ആശയങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആള്‍ക്കൂട്ടത്തിലെ ബാലികയോടൊപ്പം പ്രധാനമന്ത്രി സെല്‍ഫിയെടുത്താല്‍ ഉണ്ടാകുന്നതല്ല സാമൂഹിക ജീവിതത്തിലെ സ്ത്രീ ശാക്തീകരണമെന്ന് ജി.ഐ.ഒ കേരള സെക്രട്ടറി ഫസ്‌ന മിയാന്‍ പറഞ്ഞു. എന്‍.എസ്.യു.ഐ അധ്യക്ഷന്‍ ഫെയ്‌റൂസ് ഖാന്‍, എ.എ.എം.എസ്.യു പ്രസിഡന്റ് അസീസുര്‍ റഹ്മാന്‍, നദീം ഖാന്‍, എസ്.ഐ.ഒ അഖിലേന്ത്യാ സെക്രടറി പി.പി ജസീം, മസീഹുസ്സമ അന്‍സാരി, മെഹ്ദി ഹസന്‍, ഐനി ഖാസിമി, മതീന്‍ അഷ്റഫ് തുടങ്ങിയവരും സംസാരിച്ചു.

 

ദലിത്-മുസ്ലിം ബദല്‍ രാഷ്ട്രീയം 

ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയുടെ നിഷ്പക്ഷത തുലാസിലാടുന്ന വെളിപ്പെടുത്തലുകള്‍ പരമോന്നത നീതിപീഠത്തിലെ ന്യായാധിപന്മാരില്‍ നിന്നുമുണ്ടായ സാഹചര്യത്തിലാണ് രാജ്യത്തെ നിയമ വിദ്യാഭ്യാസ മേഖലകളെ സമ്മേളനം ചര്‍ച്ചക്കെടുത്തത്. പൗരന്മാരുടെ സാമ്പത്തിക-സാമൂഹിക നിലകള്‍ക്കതീതമായി  എല്ലാവര്‍ക്കും വിദ്യാഭ്യാസം ലഭിക്കുന്ന സംവിധാനമാണ് ഉണ്ടാകേണ്ടതെന്ന് പ്രമുഖ വിദ്യാഭ്യസ പ്രവര്‍ത്തകന്‍ അംബരീഷ് റായി പറഞ്ഞു. രാജ്യത്ത് ഇസ്‌ലാമോഫോബിയ വിരുദ്ധ നിയമം കൊണ്ടുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ക്വില്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ കെ.കെ.സുഹൈല്‍ അഭിപ്രായപ്പെട്ടു.  

ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട നിയമസഭാ പ്രതിനിധിയായിട്ടു കൂടി തനിക്കെതിരെ ഗൂഢാലോചനകള്‍ നടക്കുന്നതായി ഗുജറാത്തിലെ വദ്ഗം എം.എല്‍.എ ജിഗ്‌നേഷ് മേവാനി പറഞ്ഞു. ഒരു ജനപ്രതിനിധിയുടെ സ്ഥിതി ഇതാണെങ്കില്‍ കലാപാനന്തര ഗുജറാത്തിലെ മുസ്ലിം സമൂഹത്തിന്റെ അവസ്ഥ എത്ര ഭീകരമായിരിക്കുമെന്ന് അദ്ദേഹം ആശങ്കപ്പെട്ടു. ഇത്തരം ചിന്തകളാണ് ദലിത്-മുസ്ലിം ഐക്യത്തിലുള്ള ബദല്‍ രാഷ്ട്രീയത്തിനു വേണ്ടി നിലകൊള്ളാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. നീതി ആരുടേയും ഔദാര്യമല്ലെന്നും ലഭിച്ചില്ലെങ്കില്‍ അത് നേടിയെടുക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകണമെന്നും ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അസി. അമീര്‍ ടി. ആരിഫലി പറഞ്ഞു.

 

മോദികാലത്തെ ബദല്‍ മാധ്യമപ്രവര്‍ത്തനം 

ചര്‍ച്ചയായ മാധ്യമ സമ്മേളനം

പ്രതിപക്ഷ സ്വരമാകേണ്ടവര്‍ ഭരണകൂട വാഴ്ത്തലുകള്‍ നടത്തുന്ന നിരാശയുടെ കാഴ്ചയാണ് ഇന്ത്യയിലെ മുഖ്യധാരാ മാധ്യമപ്രവര്‍ത്തനം. എന്നാല്‍ നേരിനൊപ്പം നില്‍ക്കാന്‍ തീരുമാനിച്ച ചെറുതെങ്കിലും വേറൊരു കൂട്ടരുണ്ട്. ഭരണകൂട തിട്ടൂരങ്ങളെ വകവെക്കാതെ സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്ന പ്രതീക്ഷയുടെ പ്രതിശബ്ദങ്ങളായി മാറിയ മാധ്യമങ്ങള്‍. ഈ ചെറുതിരികളെ കോര്‍ത്തിണക്കുന്നതായിരുന്നു എസ്.ഐ.ഒ അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന മാധ്യമ സമ്മേളനം.

വിദ്വേഷത്തിന്റെ രാഷ്ട്രീയം പുതിയ ഇരകളെ സൃഷ്ടിക്കുമ്പോഴും ജനസമൂഹം നിശ്ശബ്ദതയിലാണെന്ന് തെഹല്‍ക മുന്‍ സീനിയര്‍ എഡിറ്റര്‍ അമിത് സെന്‍ ഗുപ്ത പറഞ്ഞു. ഒരു മുഖ്യധാരാ മാധ്യമവും പുറത്തു കൊണ്ടുവരാന്‍  ധൈര്യപ്പെടാതെ പോയ ജയ് ഷായുടെ അനധികൃത സ്വത്തു സമ്പാദനത്തെ കുറിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത് ഒരു ബദല്‍ മാധ്യമമായിരുന്നു. ബദല്‍ മാധ്യമ മേഖല നാളെയുടെ പ്രതീക്ഷയാണെന്നു റേഡിയന്‍സ് വാരികയുടെ എഡിറ്റര്‍ ഇഅ്ജാസ് അസ്‌ലം  അഭിപ്രായപ്പെട്ടു. ഭരണാധികാരികളെ ഉറങ്ങാന്‍ അനുവദിക്കുന്നതാകരുത് മാധ്യമങ്ങളെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ അജിത്  സാഹി പറഞ്ഞു. ഇന്ത്യന്‍ മുഖ്യധാരയുടെ സാമൂഹിക അളവുകോലുകള്‍ക്ക് പുറത്ത് ജീവിക്കുന്ന ഒരു ജനതയാണ് രാജ്യത്തെ ദലിത് സമൂഹമെന്നു വാര്‍ത്ത ഭാരതി എഡിറ്റര്‍ അബ്ദുസ്സലാം പുത്തിഗെ പറഞ്ഞു.

 

ഐക്യ കാഹളം മുഴക്കി 

പൊതു സമ്മേളനം 

രാജ്യത്തെ മുസ്ലിം സമൂഹത്തിലെ വിവിധ സംഘടനകള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ ഒരേ വേദിയില്‍ ഒന്നിച്ചിരിക്കുന്നത് അപൂര്‍വമായിരിക്കും. അത്തരം ഒരു ചരിത്ര മുഹൂര്‍ത്തമായിരുന്നു എസ്.ഐ.ഒ അഖിലേന്ത്യാ സമ്മേളനത്തോടനുബന്ധിച്ചു നടന്ന പൊതു സമ്മേളനം. പ്രൗഢ സദസ്സിന് സാക്ഷ്യം വഹിക്കാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി പതിനായിരത്തിലധികം പ്രതിനിധികള്‍ നഗരിയിലെത്തിയിരുന്നു. 'ഇന്ത്യന്‍ മുസ്ലിം സമൂഹത്തിന് ഒരു മാനിഫെസ്റ്റോ' എന്ന തലക്കെട്ടില്‍ നടന്ന സമ്മേളനം ഉന്നയിക്കപ്പെട്ട വിഷയങ്ങള്‍ കൊണ്ടും ഇന്ത്യന്‍ ഇസ്‌ലാമിക സമൂഹത്തിന് നെടുനായകത്വം വഹിക്കുന്ന പ്രമുഖരുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായി.

നാം ജീവിച്ചുകൊണ്ടിരിക്കുന്ന സത്യാനന്തര കാലത്ത് ജനാധിപത്യം വാചകക്കസര്‍ത്ത് നടത്തി വികാരമിളക്കിവിടുന്ന നേതാക്കളെയാണ് സൃഷ്ടിച്ചുവിടുന്നതെന്ന് ആമുഖ പ്രഭാഷണം നടത്തിയ എസ്.ഐ.ഒ. അഖിലേന്ത്യാ അധ്യക്ഷന്‍ നഹാസ് മാള പറഞ്ഞു. ഹിന്ദുത്വ ശക്തികള്‍ അവരുടെ സങ്കല്‍പങ്ങളിലെ ഇന്ത്യക്ക് നിറം നല്‍കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വിവിധ കോണുകളില്‍ മുസ്ലിം സമൂഹത്തിനു നേരെ നടക്കുന്ന ആക്രമങ്ങള്‍ യഥാര്‍ഥത്തില്‍ രാജ്യത്തിന് നേരെയുള്ള അക്രമങ്ങള്‍ തന്നെയാണെന്ന് ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി  എഞ്ചിനീയര്‍ മുഹമ്മദ് സലീം പറഞ്ഞു.

മുസ്ലിം യുവതയുടെ ഇത്രയും വലിയ ജനസഞ്ചയത്തെ ആര്‍ക്കാണ് ഭയപ്പെടുത്താന്‍ കഴിയുകയെന്ന് അഖിലേന്ത്യാ മുസ്ലിം മജ്‌ലിസെ മുശാവറ അധ്യക്ഷന്‍ നവൈദ് ഹാമിദ് ചോദിച്ചു. മുസ്ലിം സംഘടനകള്‍ ഒന്നിച്ചിരുന്ന് വിദ്യാഭ്യാസം, സേവനം, സാമൂഹികം, സാമ്പത്തികം, മാധ്യമ മേഖല, സ്ത്രീ പങ്കാളിത്തം തുടങ്ങിയ വിഷയങ്ങളില്‍ പൊതു അജണ്ടകള്‍ രൂപീകരിക്കണമെന്ന് മൗലാനാ താഹിര്‍ മദനി അഭിപ്രായപ്പെട്ടു.

ചരിത്രത്തിലുടനീളം മുസ്ലിം സമൂഹത്തിനു മേല്‍ പാഞ്ഞുകയറാന്‍ വേണ്ടി മാത്രമാണ് 'മതേതരത്വം' ഉപയോഗിക്കപ്പെട്ടിട്ടുള്ളതെന്നു അസദുദ്ദീന്‍ ഉവൈസി എം.പി. പറഞ്ഞു. കഠിനാധ്വാനത്തിലൂടെ തന്നെയാണ് ഇന്ത്യന്‍ മുസ്ലിം സമൂഹം എന്തെങ്കിലും നില കൈവരിച്ചിട്ടുള്ളതെന്നും അതിനാല്‍ മുസല്‍മാന്‍ എന്ന അന്തസ്സ് ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുതന്നെ ഇവിടെ ജീവിക്കണമെന്നും അദ്ദേഹം ഉണര്‍ത്തി. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ രാജ്യത്ത് നിര്‍ഭയത്വം പുലരുന്ന കാലത്തിനായി പണിയെടുക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി അഖിലേന്ത്യാ അധ്യക്ഷന്‍ ഡോ. എസ്.ക്യു.ആര്‍ ഇല്‍യാസ് പറഞ്ഞു.

അന്ധകാരത്തിലകപ്പെട്ട സമൂഹത്തില്‍ ചെറിയൊരു കൈത്തിരി വെളിച്ചമാവാന്‍ ഈ കൂട്ടായ്മക്ക് കഴിയട്ടേയെന്നു ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അധ്യക്ഷന്‍ സയ്യിദ് ജലാലുദ്ദീന്‍ ഉമരി ആശംസിച്ചു. 'ഈ നേതൃത്വം നിങ്ങളുടെതാണ്, നിങ്ങള്‍ ഈ നേതൃത്വത്തിന്റേതും' - അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ ശൂറാ അംഗം അമീനുല്‍ ഹസന്‍, അഹ്‌ലെ ഹദീസ് അധ്യക്ഷന്‍ മൗലാന അസ്ഗര്‍ അലി ഇമാം മഹ്ദി തുടങ്ങിയവരും സമ്മേളനത്തില്‍ സംസാരിച്ചു.

 

ആത്മവിചാരണയുടെ  സെഷനുകള്‍ 

എസ്.ഐ.ഒ ആദ്യാവസാനം ഒരു ഇസ്‌ലാമിക വിദ്യാര്‍ഥി പ്രസ്ഥാനമാണ്. അതിന്റെ പ്രവര്‍ത്തനോര്‍ജമാവട്ടെ വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും. സ്വയം വിലയിരുത്തലുകളില്ലെങ്കില്‍ ഈ സമ്മേളനം തന്നെ അപൂര്‍ണമാണ്. എസ്.ഐ.ഒ അഖിലേന്ത്യാ സെക്രട്ടറി ലബീദ് ശാഫി അധ്യക്ഷത വഹിച്ച തര്‍ബിയത്ത് സെഷനില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്‌ലാമിക് സ്റ്റഡീസ് ഡയറക്ടര്‍ ഡോ.ഹസന്‍ റാസ, ഖാന്‍ യാസിര്‍, എഴുത്തുകാരനും പണ്ഡിതനുമായ ഡോ. ഇനായത്തുല്ലാ സുബ്ഹാനി , ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ സെക്രട്ടറി അതിയ്യ സിദ്ദീഖ, ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അസി. അമീര്‍ സയ്യിദ് സആദത്തുല്ല ഹുസൈനി തുടങ്ങിയവര്‍ സംസാരിച്ചു. സമ്മേളനത്തിന്റെ അവസാന ദിനം മൂന്നു സെഷനുകളായി നടന്ന അവലോകന സമ്മേളനത്തിന് എസ്.ഐ.ഒ അഖിലേന്ത്യാ ശൂറാ അംഗങ്ങളായ മുഹമ്മദ് സല്‍മാന്‍, സി.ടി സുഹൈബ്, ലഈഖ്  അഹ്മദ് ഖാന്‍ എന്നിവര്‍ അധ്യക്ഷത വഹിച്ചു. മുപ്പത്തഞ്ചു വര്‍ഷം വിവിധ കാലയളവുകളില്‍ എസ്.ഐ.ഒവിനെ നയിച്ച മുന്‍ കാല അധ്യക്ഷന്മാര്‍ ഒരേ വേദിയില്‍ അണിനിരന്ന് തങ്ങളുടെ അനുഭവങ്ങളും പ്രതീക്ഷകളും പങ്കുവെച്ചത് ഹൃദ്യമായ അനുഭവമായി.

2018 ഫെബ്രുവരി 23-നു ജുമുഅ ഖുത്വ്ബയോടെ ആരംഭിച്ച അഖിലേന്ത്യാ സമ്മേളനം മൂന്നാം ദിവസം ഉച്ചക്ക് ഒാഖ്‌ലയിലെ ജമാഅത്ത് കാമ്പസില്‍ അവസാനിച്ചപ്പോള്‍ മുന്‍ മാതൃകകളില്ലാത്ത ചരിത്ര മുഹൂര്‍ത്തമാവുകയായിരുന്നു. മുസ്ലിം സമൂഹം നിര്‍ണായക ഘട്ടത്തിലൂടെ കടന്നുപോകുന്ന സമകാലിക സാഹചര്യത്തില്‍ അനല്‍പ്പമായ പ്രതീക്ഷകള്‍ നല്‍കാന്‍ ഈ സമ്മേളനത്തിന് സാധിച്ചിട്ടുണ്ടെങ്കില്‍ അത് തന്നെയാണ് സമ്മേളനത്തിന്റെ വിജയം. ആ ഒരൊറ്റ കാരണം കൊണ്ട് തന്നെ ഇന്ത്യന്‍ മുസ്ലിം ചരിത്രത്തില്‍ അവിസ്മരണീയമായ സാന്നിധ്യമാകും എസ്.ഐ.ഒ അഖിലേന്ത്യാ സമ്മേളനം. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (23-25)
എ.വൈ.ആര്‍

ഹദീസ്‌

വിജയവീഥിയിലെ വഴിവെളിച്ചം
ടി.ഇ.എം റാഫി വടുതല