Prabodhanam Weekly

Pages

Search

2018 ഫെബ്രുവരി 16

3039

1439 ജമാദുല്‍ അവ്വല്‍ 29

എ. അബ്ദുസ്സലാം സുല്ലമി വേറിട്ട് സഞ്ചരിച്ച പണ്ഡിത പ്രതിഭ

എ. റശീദുദ്ദീന്‍

കൊല്ലത്തങ്ങാടിയില്‍നിന്ന് പാറപ്പള്ളിയിലേക്കു പോകുന്ന വഴിയില്‍ പഴയ മാപ്പിള സ്‌കൂളിനു പിന്നില്‍ കെട്ടിയുയര്‍ത്തിയ ഒരു സ്റ്റേജും താഴെ കുറേ ബെഞ്ചുകളും. 1970-കളുടെ പകുതിയിലാണത്. പെട്രോ മാക്‌സിന്റെ വെളിച്ചത്തിനു മുമ്പില്‍നിന്ന് അബ്ദുസ്സലാം സുല്ലമി വഅ്‌ള് പറയുകയാണ്. 'കുപ്പിക്കകത്തുള്ള വസ്തുവിനെ പോലെ കാണ്‍മാന്‍ ഞാന്‍ നിങ്ങടെ ഖല്‍ബകമെന്നോവര്‍....' നല്ല ഈണത്തില്‍ നീട്ടിപ്പാടി, കൊയിലാണ്ടിക്കാര്‍ക്ക് ഒട്ടും പരിചയമില്ലാത്ത ഏറനാടന്‍ മാപ്പിള ഭാഷയിലാണ് പ്രസംഗം. ''അല്ലാഹുവിന് മാത്രം കഴിയുന്ന കാര്യങ്ങളാണ് ഇക്കൂട്ടര്‍ മുഹ്‌യിദ്ദീന്‍ ശൈഖിന് സാധ്യമാണെന്ന് അവകാശപ്പെടുന്നത്. ഖബ്‌റില്‍ കിടക്കുന്നവര്‍ക്ക് പുറത്തുള്ളവരെ കാണാനും കേള്‍ക്കാനും കഴിയും എന്നതിന് തെളിവെന്താ കൂട്ടരേ? അല്ലാഹുവിന്റെ റസൂല്‍ വഫാത്തായി കിടക്കുന്ന ഖബ്‌റിനരികെ ഉമറുബ്‌നുല്‍ ഖത്ത്വാബിനെ കൂടി മറമാടിയതിനു ശേഷം പര്‍ദ ധരിച്ചാണ് പ്രവാചക പത്‌നി ആഇശ അങ്ങോട്ടേക്ക് പോകാറുണ്ടായിരുന്നതത്രെ. എന്തൊരു വിവരക്കേടാണിത് കൂട്ടരേ? ഖബ്‌റിനടിയില്‍നിന്നും ആറടി കനത്തില്‍ മണ്ണും മുകളില്‍ വിരിച്ച ഹുരുഡീസും തുളച്ച് ഉമറുബ്‌നുല്‍ ഖത്ത്വാബിന് ആഇശയെ കാണാന്‍ കഴിയുമെങ്കില്‍ പിന്നെ പര്‍ദയല്ല, എന്ത് ധരിച്ചാലും കാര്യമുണ്ടോ കൂട്ടരേ?'' സദസ്സില്‍ കൂട്ടച്ചിരി. അടുത്തിരിക്കുന്നവരെ തോണ്ടി ഞാന്‍ പറയുന്നു; ആ പ്രസംഗിക്കുന്നത് ആരെന്നറിയുമോ? എന്റെ എളാപ്പയാണ്.

അന്നും ഇന്നും അബ്ദുസ്സലാം സുല്ലമി എന്റെ സ്വകാര്യ അഹങ്കാരമായിരുന്നു. മദ്‌റസാ കാലത്തിനു ശേഷം ഞാന്‍ മുജാഹിദ് അല്ലാതായി മാറിയപ്പോഴും നിലപാടുകള്‍ കൊണ്ട് എളാപ്പ എന്നെ അമ്പരപ്പിച്ചു. ഖേദകരമായ പിളര്‍പ്പുകള്‍ക്കു ശേഷം അദ്ദേഹം മുജാഹിദ് സംഘടനകളിലൊന്നിന്റെ ഭാഗമായി നിന്നപ്പോഴും അദ്ദേഹത്തിന്റെ വഴികള്‍ അദ്ദേഹത്തിന്റേതു  മാത്രമായിരുന്നു. വേണമെങ്കില്‍ കലര്‍പ്പില്ലാത്ത ഇസ്‌ലാഹീ കാഴ്ചപ്പാട് എന്ന് അതിനെ വിളിക്കാനാവും. പരമ്പരാഗത മുസ്‌ലിംകളോടുള്ള നിലപാടിന്റെ കാര്യത്തില്‍ മൃദുസമീപനം സ്വീകരിക്കുന്നതിനെതിരെ നിലകൊണ്ട് ഒപ്പം നിന്നവരെ പോലും പിണക്കി. അവസാനത്തെ വിധി അല്ലാഹുവിന്റേതാണെന്ന് പ്രസംഗിക്കുകയും അതേസമയം ജീവിതത്തില്‍ 'പരീശന്‍'മാരുടെ വാക്കുകള്‍ക്ക് പ്രാധാന്യം കൊടുക്കുകയും ചെയ്യുന്ന സംഘടനാ ബോധത്തോട് നിരന്തരം കലഹിച്ചു. ജമാഅത്തെ ഇസ്‌ലാമിക്കെതിരെ രണ്ടോ മൂന്നോ പുസ്തകങ്ങളെഴുതിയ അദ്ദേഹം ഒടുവിലൊടുവില്‍ ഇസ്‌ലാമിന്റെ രാഷ്ട്രീയത്തെ അംഗീകരിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തി പലരുടെയും നെറ്റിചുളിപ്പിച്ചു. പ്രസ്ഥാനങ്ങളുടെ ചട്ടക്കൂടുകള്‍ക്ക് വഴങ്ങാത്ത സ്വതന്ത്ര ചിന്തയുടെയും സര്‍ഗാത്മകതയുടെയും വിമോചനത്തിന്റെയും മുഖം പരിചയപ്പെടുത്തി ഒരു മനീഷിയെ പോലെ കേരളീയ മുസ്‌ലിം സമൂഹത്തിന്റെ മുമ്പേ നടന്നു. തന്നെ വ്യക്തിപരമായി വിമര്‍ശിക്കുന്നവരെ കുറിച്ച് അദ്ദേഹം എപ്പോഴും പറയാറുണ്ടായിരുന്ന ഒരു വാചകമുണ്ട്; 'അവര്‍ക്ക് ഇന്നല്ലെങ്കില്‍ നാളെ ഞാന്‍ പറഞ്ഞത് അംഗീകരിക്കേണ്ടിവരും' - അതു തന്നെയാണ് സംഭവിച്ചു കൊണ്ടിരുന്നതും. 

 

ജീവിതം 

ഓര്‍മവെച്ച നാള്‍ മുതല്‍ കാണുന്നുണ്ടെങ്കിലും പ്രസംഗവേദികളില്‍ കത്തിക്കയറുന്ന ആ പഴയ രൂപമാണ് എപ്പോഴും ആദ്യം മനസ്സിലെത്തുന്നത്. അവധിക്കാലങ്ങളില്‍ എടവണ്ണയിലെ തറവാട്ടില്‍ പോകുമ്പോഴൊക്കെ അവിടെ ചായ്പ്പില്‍ അട്ടിയിട്ടുവെച്ച, ഓരോ വര്‍ഷവും പതുക്കെ ഉയരം വെച്ചുവന്ന മരപ്പലകകളില്‍നിന്നാണ് എളാപ്പയുടെ മറ്റൊരു ചിത്രം തെളിയുന്നത്. വീട്ടിലെല്ലാവരും കുഞ്ഞാപ്പ എന്നു വിളിക്കുന്ന സലാം സുല്ലമിയുടെ വീടുനിര്‍മാണത്തിനാവശ്യമായ ഉരുപ്പടികളായിരുന്നു അത്. പിന്നീടേതോ ഒരു വര്‍ഷം കല്ലുകളെത്തി. വല്യുമ്മ സങ്കടത്തോടെ പറയും: 'അണ്ണാറക്കൊട്ടന്‍ പെരണ്ടാക്കുന്നതു പോലെടാ ഓന്റെ കാര്യം. എത്രങ്ങാനും കാലായി പെറുക്കിക്കൂട്ടാന്‍ തൊടങ്ങീട്ട്'. ക്രമേണ ആ മരങ്ങളും ചെങ്കല്ലുകളുമൊക്കെ 'ഈലാഫ്' എന്നു പേരിട്ട ഒരു കൊച്ചുവീടിന്റെ ഭാഗങ്ങളായി മാറി. ഒരു വായനാ മുറിയും രണ്ട് കിടപ്പു മുറികളുമുള്ള ഒരു കൊച്ചു വീട്. 

പുസ്തകങ്ങള്‍ നിറയാന്‍ തുടങ്ങിയ ആ വീട്ടില്‍ വല്ലാത്തൊരു നിശ്ശബ്ദത നിറഞ്ഞുനിന്നിരുന്നു. ഒഴിവു ദിവസങ്ങളില്‍ എളാപ്പ മിക്കപ്പോഴും യാത്രകളിലായിരുന്നതുകൊണ്ട് ആ വീട് ശൂന്യമായിട്ടാണ് അനുഭവപ്പെടാറുണ്ടായിരുന്നത്. വല്ലപ്പോഴുമൊക്കെ അതിനകത്ത് കണ്ടുമുട്ടുമ്പോള്‍  പോലും ചില കുഞ്ഞു ഉപചാരങ്ങള്‍ മാത്രം. 'എപ്പളേഡാ ജ്ജ് വന്നു? അന്റെ ഇമ്മേം ഇപ്പേം വന്ന്ക്ക്‌ണോ?' ഉത്തരം മൂപ്പര്‍ക്കു തന്നെ അറിയുന്നതു പോലെയുള്ള ചോദ്യങ്ങള്‍. മറുപടി കേള്‍ക്കുന്നതിനു മുമ്പേ കണ്ണുകള്‍ വായിച്ചു കൊണ്ടിരുന്ന പുസ്തകത്തിലേക്ക് മടങ്ങിപ്പോയിട്ടുണ്ടാകും. കുട്ടികള്‍ രാത്രിയില്‍ ഉറക്കിനിടെ മൂത്രമൊഴിക്കാന്‍ എഴുന്നേല്‍ക്കുന്ന നട്ടപ്പാതിരയിലും ആ പഠനമുറിയിലെ വിളക്ക് അണഞ്ഞു കണ്ടിരുന്നില്ല. എങ്കിലും രാവിലെ തന്നെ എളാപ്പ പുറപ്പെട്ടുപോയിട്ടുണ്ടാവും. മുണ്ടിന്റെ ഇടത്തേ തലപ്പ് ഒരല്‍പ്പം പൊക്കിപ്പിടിച്ച് കക്ഷത്തില്‍ സന്തതസഹചാരിയായ ആ കറുത്ത ബാഗ് ഇറുക്കിപ്പിടിച്ച് ബസ്റ്റോപ്പിലേക്ക് വേഗത്തില്‍ നടന്നുപോകുന്ന കുഞ്ഞാപ്പയുടെ ചിത്രം പലരുടെയും മനസ്സിലുണ്ടാവും. 

അബ്ദുസ്സലാം സുല്ലമിയുടെ ആ കൊച്ചുവീട്ടില്‍ പുസ്തകങ്ങളുടേതല്ലാത്ത മറ്റൊരു ധാരാളിത്തവും ഉണ്ടായിരുന്നില്ല. സ്വയം എഴുതിക്കൂട്ടുന്ന പുസ്തകങ്ങളില്‍ മിക്കവയും തുഛമായ റോയല്‍റ്റി നല്‍കി പ്രസാധകര്‍ ഏറ്റെടുക്കുമ്പോഴും ലഭിക്കുന്ന തുകയുടെ ഒരു വിഹിതം പുതിയൊരു കൂട്ടം പുസ്തകങ്ങളായി അദ്ദേഹത്തിന്റെ ലൈബ്രറിയിലെത്തും. സുഹൃത്തുക്കളില്‍നിന്നും ശിഷ്യന്മാരില്‍നിന്നും അദ്ദേഹം സമ്മാനമായി സ്വീകരിക്കാറുണ്ടായിരുന്നതും പുസ്തകങ്ങള്‍ മാത്രമായിരുന്നു. മുന്തിയ ഭക്ഷണങ്ങളോ വസ്ത്രങ്ങളോ ഒന്നും അദ്ദേഹത്തിന്റെ ജീവിത സങ്കല്‍പ്പങ്ങളില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ മറ്റുള്ളവരുടെ കാര്യത്തില്‍ ഈ വക സിദ്ധാന്തങ്ങള്‍ അദ്ദേഹം അടിച്ചേല്‍പ്പിച്ചിരുന്നുമില്ല. വലിയ എഴുത്തുകാരനും പ്രഭാഷകനുമൊക്കെയായി കേരളം മുഴുവന്‍ അറിയപ്പെട്ടപ്പോഴും എടവണ്ണയിലെ ഏറ്റവും സാധാരണക്കാരനായ ഒരാളായിരുന്നു അബ്ദുസ്സലാം സുല്ലമി. വളരെ എളുപ്പത്തില്‍ സങ്കടപ്പെടുന്ന, നിസ്സാര കാര്യങ്ങളെ ചൊല്ലി കണ്ണ് നിറയുന്ന ഒരു പച്ച മനുഷ്യന്‍.  

മുജാഹിദ് പ്രസ്ഥാനത്തിന്റെ ആദ്യകാല സങ്കല്‍പ്പങ്ങളുടെയും ലാളിത്യത്തിന്റെയും തുടര്‍ച്ചയായിരുന്നു അദ്ദേഹം. രണ്ടു വെള്ളക്കുപ്പായങ്ങളുമായി ജീവിച്ച പിതാവ് എ. അലവി മൗലവിയുടെ ശരിയായ പിന്തുടര്‍ച്ചക്കാരന്‍. അമാനി മൗലവിയും മൂസ മൗലവിയും അലവി മൗലവിയുമൊക്കെ തുടക്കമിട്ട ഇസ്‌ലാഹീ സംരംഭങ്ങള്‍ക്കപ്പുറം മുജാഹിദ് പ്രസ്ഥാനം പുതുതായി മറ്റെന്തെങ്കിലും ചെയ്യേണ്ടതുണ്ടെന്നു പോലും സുല്ലമി വിശ്വസിച്ചിരുന്നില്ല. അക്കാലത്ത് എ.ഐ.സി.സി അംഗമായിരുന്ന പിതാവിന്റെ രാഷ്ട്രീയം പോലും സുല്ലമി അതേപടി ഏറ്റുവാങ്ങി. ലീഗിന്റെ രാഷ്ട്രീയം മുജാഹിദിനകത്ത് തീര്‍ക്കുന്ന സമ്മര്‍ദങ്ങള്‍ക്കെതിരെ സുല്ലമി കലഹിച്ചുകൊണ്ടിരുന്നത് ഈയൊരു രാഷ്ട്രീയ വിശ്വാസത്തിന്റെ കൂടി അടിത്തറയില്‍നിന്നുകൊണ്ടായിരുന്നു. അലവി മൗലവി നട്ടുവളര്‍ത്തിയ എടവണ്ണ ജാമിഅ എന്ന സ്ഥാപനം 1976-ല്‍ അദ്ദേഹത്തിന്റെ മരണത്തെ തുടര്‍ന്ന് അനാഥമായ കാലം. നോക്കി നടത്താന്‍ ആളില്ലാതാവുമെന്ന് വന്നപ്പോള്‍ സര്‍ക്കാര്‍ ജോലി വലിച്ചെറിഞ്ഞ് തുഛമായ 200 രൂപാ ശമ്പളത്തിന് സുല്ലമി എടവണ്ണ ജാമിഅയിലെ അധ്യാപകനായി. ഒരുപാട് വര്‍ഷങ്ങള്‍ക്കു ശേഷമാണ് അത് നാലക്കമായി മാറുന്നത്. ഒടുവില്‍ ജോലിയില്‍നിന്ന് പിരിയുന്നതിന് അല്‍പ്പം മുമ്പു മാത്രമാണ് ഈ ശമ്പളം 5000 രൂപയായി വര്‍ധിച്ചത്! എന്നാല്‍ റാബിത്വത്തുല്‍ ആലമില്‍ ഇസ്‌ലാമിയുടേതടക്കം മികച്ച വാഗ്ദാനങ്ങള്‍ കിട്ടുമായിരുന്നിട്ടും വേണ്ടെന്നുവെക്കുകയായിരുന്നു സുല്ലമി. 

മതപ്രബോധനം അദ്ദേഹത്തിന് അല്ലാഹുവിനോടുള്ള ബാധ്യതയായിരുന്നു. ബസുകൂലി പോലും ആവശ്യമില്ലാതെയാണ് സുല്ലമി പലപ്പോഴും വഅ്‌ള് പറയാനെത്തിയിരുന്നത്. മൈക്ക് വാടക കൈയിലുണ്ടെങ്കില്‍ എടവണ്ണയിലും പരിസര പ്രദേശങ്ങളിലുമൊക്കെ ഏത് മഹല്ലിലും സുല്ലമിയെ വെച്ച് പ്രഭാഷണം നടത്താന്‍ കഴിയുമായിരുന്നു. അര്‍ഹതയില്ലാത്ത ഒരു രൂപ പോലും കൈപ്പറ്റരുതെന്ന വാശി ജീവിതത്തിലുടനീളം അദ്ദേഹം കൊണ്ടുനടന്നു. മരിച്ചാല്‍ കടബാധ്യതകളെ ചൊല്ലി നമസ്‌കാരത്തിനു മുമ്പെ ഒന്നും വിളിച്ചുപറയേണ്ട ആവശ്യമില്ലെന്ന് മക്കളോട് വസ്വിയ്യത്ത് ചെയ്തു. സാമ്പത്തിക ഇടപാടുകളിലെ കണിശത തന്നെയായിരുന്നു കാരണം. പൊരുത്തപ്പെടണമെന്ന് വിളിച്ചുപറയുന്നതിനെയും അദ്ദേഹം എതിര്‍ത്തു. 'ആരോടെങ്കിലും തെറ്റ് ചെയ്തുവെങ്കില്‍ അവന്‍ തനിക്കു വേണ്ടി നമസ്‌കരിക്കാന്‍ എത്തുന്നതോടെ പൊരുത്തപ്പെട്ടുകഴിഞ്ഞു. അല്ലാത്ത ആരെങ്കിലുമുണ്ടെങ്കില്‍ നാളെ അല്ലാഹുവാണ് അക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. ജനാസ നമസ്‌കാരത്തിനു മുമ്പ് ഇത്തരമൊരു ചടങ്ങ്  പ്രവാചകന്‍ നടത്തിയതിന് തെളിവുമില്ല'- ഇതായിരുന്നു സുല്ലമിയുടെ നിലപാട്. 

രോഗം ബാധിച്ചു തുടങ്ങിയ കാലത്ത് കാണാനെത്തിയ ചില സംഘടനാ പ്രവര്‍ത്തകര്‍ ചികിത്സക്കു വേണ്ടി എന്തു ചെലവും വഹിക്കാമെന്നും മൗലവി അതിന് സമ്മതം നല്‍കണമെന്നും സ്‌നേഹബുദ്ധ്യാ ആവശ്യപ്പെട്ടു. 'ഈ 65-ാം വയസ്സില്‍ ഞാനിനി കിഡ്‌നി മാറ്റിവെക്കാന്‍ നടക്കുകയല്ലേ? നിങ്ങളെല്ലാവരും കൂടി ഈ ദുന്‍യാവില്‍നിന്ന് എന്നെ സമാധാനത്തോടെ പോകാന്‍ സമ്മതിച്ചാല്‍ മതി' എന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്.  ആത്മകഥ എഴുതണമെന്ന് അടുത്ത സുഹൃത്തുക്കള്‍ ആവശ്യപ്പെട്ടപ്പോള്‍ 'എന്റെ ജീവിതത്തിനു മാത്രമായി അങ്ങനെ പ്രത്യേകതകള്‍ ഒന്നുമില്ല. അത് എഴുതി നാട്ടുകാരെ അറിയിക്കേണ്ട കാര്യവുമില്ല' എന്ന നിലപാടായിരുന്നു അദ്ദേഹത്തിന്.  അതൊരു സംഘടനയുടെയും കാലഘട്ടത്തിന്റെയും ചരിത്രം കൂടിയായതുകൊണ്ട് എഴുതാതിരിക്കാനാവില്ലെന്ന അവരുടെ നിര്‍ബന്ധത്തിന് ഒടുവില്‍ അദ്ദേഹം വഴങ്ങി. ഇക്കഴിഞ്ഞ ഡിസംബറില്‍ മക്കളോടൊപ്പം താമസിക്കാനായി ഷാര്‍ജയിലെത്തിയത് ആത്മകഥാംശമുള്ള ഈ ഗ്രന്ഥത്തിന്റെ പണിക്കുറ്റങ്ങള്‍ തീര്‍ക്കുന്നതിനു വേണ്ടി കൂടിയായിരുന്നു. യാദൃഛികമായിരിക്കാം, ഈ കൈയെഴുത്തു പ്രതി നാട്ടിലേക്ക് കൊടുത്തയച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളിലാണ് അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നല്‍കി സുല്ലമി മടങ്ങിപ്പോയത്. ഇനി ഒന്നും ചെയ്യാന്‍ ബാക്കിയില്ലാത്ത ഒരാളെ പോലെ. 

 

വിജ്ഞാന മേഖല

ഹദീസ് പഠന മേഖലയില്‍ മലയാളികള്‍ക്കെന്നല്ല ആഗോള മുസ്‌ലിം സമൂഹത്തിനു തന്നെ മാതൃകയാക്കാനാവുന്ന സമീപനമായിരുന്നു സുല്ലമിയുടേത്. അഖീദയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഒറ്റ രിവായത്തുകള്‍ മാത്രമുള്ള ഹദീസുകള്‍ പ്രമാണമാക്കുന്നത് അദ്ദേഹം വിലക്കി. യുക്തിയും കാലഗണനയുമാണ് പ്രവാചകന്‍ പറഞ്ഞ കാര്യങ്ങളില്‍ പോലും ചിലപ്പോള്‍ കണക്കിലെടുക്കേണ്ടതെന്നും ഹദീസുകളെ അക്ഷരാര്‍ഥത്തില്‍ ഏറ്റുപിടിച്ച് ബുദ്ധിശക്തിയെ പണയം വെക്കരുതെന്നുമുള്ള സുല്ലമിയുടെ നിലപാട് മുജാഹിദ് സംഘടനക്കകത്തും പുറത്തും കോളിളക്കം സൃഷ്ടിച്ചു. മുസ്‌ലിം സമൂഹം കാലാകാലങ്ങളായി വിശ്വസിച്ചുപോരുന്ന പലതും അര്‍ഥശൂന്യമായ സങ്കല്‍പ്പങ്ങളാണെന്ന് അദ്ദേഹം തെളിയിച്ചു. ചന്ദ്രന്‍ പിളര്‍ന്നതായി പറയപ്പെടുന്ന സംഭവവും സ്വര്‍ഗ നരകങ്ങള്‍ക്കിടയില്‍ ഉള്ളതായി പറയപ്പെടുന്ന പാലവുമൊക്കെ ഇങ്ങനെയുള്ള ഒറ്റ രിവായത്ത് ഹദീസുകളുടെ ഗണത്തിലാണ് ഉള്‍പ്പെടുകയെന്ന് അദ്ദേഹം ചൂിക്കാട്ടി. ഹദീസുകളെ കൂടുതല്‍ യുക്തിസഹമാക്കി ഉള്‍ക്കൊള്ളാനുള്ള ഈ നീക്കത്തെ പക്ഷേ ഹദീസ് നിഷേധമായാണ് സ്വന്തം സംഘടനയിലുള്ള ചിലര്‍ പോലും വിലയിരുത്തിയത്. ഹദീസ് സംബന്ധിയായി നിരവധി ഈടുറ്റ ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചു.

അദ്ദേഹത്തെ ഉള്‍ക്കൊള്ളാന്‍ സ്വന്തം പ്രസ്ഥാനത്തിനു പോലും പലപ്പോഴും കഴിഞ്ഞിരുന്നില്ല. ഹിലാല്‍ കമ്മിറ്റിയെ സുല്ലമി അംഗീകരിച്ചിരുന്നില്ല. മണിക്ഫാന്‍ കലണ്ടര്‍ അടിസ്ഥാനമാക്കിയായിരുന്നു കഴിഞ്ഞ കുറേകാലമായി അദ്ദേഹം നോമ്പ് അനുഷ്ഠിച്ചതും പെരുന്നാള്‍ ആഘോഷിച്ചതും. ചന്ദ്രമാസ നിര്‍ണയം, കണക്കും കാഴ്ചയും എന്ന ഒരു പുസ്തകവും ഈ വിഷയത്തില്‍ സുല്ലമിയുടേതായുണ്ട്. സ്ത്രീകളുടെ മുഖം മൂടുന്ന പര്‍ദയെ അദ്ദേഹം അംഗീകരിച്ചിരുന്നില്ല. ശമ്പളത്തിന് സകാത്ത് നല്‍കണമെന്നും അത് മാസാമാസം നല്‍കണമെന്നുമുള്ള സുല്ലമിയുടെ നിലപാട് മുതിര്‍ന്ന പണ്ഡിതരെ രംഗത്തിറക്കിയാണ് കെ.എന്‍.എം ഒടുവില്‍ തള്ളിപ്പറഞ്ഞത്. സംഗീതം ഹറാം ആണെന്ന നവസലഫി വാദങ്ങളെ നിരാകരിക്കുക മാത്രമായിരുന്നില്ല സുല്ലമി, അദ്ദേഹത്തിന്റെ വീട്ടില്‍ എത്രയോ സംഗീത ആല്‍ബങ്ങള്‍ സൂക്ഷിച്ചുവെച്ചിട്ടുമുണ്ടായിരുന്നു. ഒരുപക്ഷേ ആ പ്രദേശത്ത് ഏറ്റവുമധികം സീഡികളും കാസറ്റുകളും അദ്ദേഹത്തിന്റെ വീട്ടില്‍ ആയിരിക്കാമെന്നു പോലും തോന്നുന്ന വിധം! സ്ത്രീകളെ പൊതുവേദിയില്‍ കൊണ്ടുവരുന്ന കാര്യത്തില്‍ വെറുതെ പുസ്തകം എഴുതുക മാത്രമായിരുന്നില്ല, സഹോദരി എ. ജമീല ടീച്ചര്‍ക്ക് പ്രസംഗങ്ങള്‍ എഴുതി കൊടുത്തും ആദ്യകാലങ്ങളില്‍ ഒപ്പം നടന്നും അവരെ പ്രോത്സാഹിപ്പിച്ചു. പിന്നീട് സംസ്ഥാനത്തെ അറിയപ്പെടുന്ന വനിതാ പ്രഭാഷകരിലൊരാളായി ജമീല ടീച്ചര്‍ മാറുകയും ചെയ്തു. സ്ത്രീകളെ ജോലി ചെയ്യാന്‍ അനുവദിക്കുന്ന കാര്യത്തിലും അദ്ദേഹം പരമ്പരാഗത കാഴ്ചപ്പാടുകളെ ഖണ്ഡിച്ചു. തുനീഷ്യയില്‍ റാശിദ് ഗന്നൂശിയും മറ്റും ഉയര്‍ത്തിക്കൊണ്ടുവന്ന വനിതാ വിമോചന സങ്കല്‍പ്പങ്ങളെയായിരുന്നു ഈ നിലപാടുകള്‍ അനുസ്മരിപ്പിച്ചത്. 

ശരീഅത്ത് വിവാദ കാലത്തും ബാബരി വിഷയത്തിലുമൊക്കെ മുജാഹിദ് പ്രസ്ഥാനം ആശയക്കുഴപ്പത്തിലകപ്പെട്ടപ്പോള്‍ സുല്ലമി സ്വന്തം വഴിയിലൂടെ സഞ്ചരിച്ചു. മൊഴി ചൊല്ലപ്പെടുന്ന സ്ത്രീക്ക് അവളെ വേറൊരാള്‍ വിവാഹം കഴിക്കുന്നതു വരെ ജീവനാംശം നല്‍കേണ്ടത് ആദ്യ ഭര്‍ത്താവിന്റെ ചുമതലയാണെന്ന് അദ്ദേഹം സുപ്രീം കോടതിയുടെ വിധി വരുന്നതിനും മുമ്പേ വ്യക്തമാക്കിയിരുന്നു. അതല്ലെങ്കില്‍ വേര്‍പിരിയുന്ന സമയത്ത് അവള്‍ക്ക് തക്കതായ നഷ്ടപരിഹാരം നല്‍കണമെന്നും സുല്ലമി ആവശ്യപ്പെട്ടു. ജീവന്‍ നിലനിര്‍ത്തുന്നതിന് മറ്റൊരു മാര്‍ഗവുമില്ലാത്ത സാഹചര്യത്തില്‍ പന്നിമാംസവും മദ്യവും അനുവദനീയമാകുന്നതുപോലെ മാത്രമാണ് രണ്ടാം വിവാഹം എന്നതാണ്  ഏറെ ശ്രദ്ധേയമായ അദ്ദേഹത്തിന്റെ മറ്റൊരു നിലപാട്. ബാബരി മസ്ജിദ് വിഷയം ഒരു പ്രതീകമാക്കി മാറ്റിയെടുക്കുന്നത് ഇന്ത്യയില്‍ മുസ്‌ലിം സമുദായത്തിന് ദോഷം ചെയ്യുമെന്നും മറ്റേതൊരു പള്ളിയെയും പോലെ മാത്രം നോക്കിക്കണ്ട് അക്കാര്യത്തില്‍ മിതത്വം പാലിക്കലാണ് നല്ലതെന്നും സുല്ലമി അഭിപ്രായപ്പെട്ടിരുന്നു.  

മുജാഹിദ് പ്രസ്ഥാനം ഒരു കാലത്ത് ജനങ്ങളെ മോചിപ്പിച്ച അന്ധവിശ്വാസങ്ങളിലേക്ക് സംഘടനയിലെ ഒരു വിഭാഗം തിരിച്ചുനടന്നപ്പോള്‍ പ്രസ്ഥാനത്തിന്റെ അപചയത്തിനെതിരെ മറ്റാരേക്കാളും ശക്തമായി രംഗത്തെത്തിയതും സുല്ലമി തന്നെ. അമുസ്‌ലിംകളുടെ ആഘോഷങ്ങളുമായി സഹകരിക്കുന്നതിനെതിരെ നവസലഫികള്‍ തുടക്കമിട്ട പ്രചാരണത്തെയും അദ്ദേഹം യുക്തിയുടെയും പ്രമാണങ്ങളുടെയും വെളിച്ചത്തില്‍ തുറന്നുകാട്ടി. എത്രത്തോളമെന്നാല്‍ മക്കയിലും മദീനയിലും പ്രവേശിക്കുന്നതിന് അമുസ്‌ലിംകള്‍ക്കുള്ള വിലക്ക് കാലഘട്ടത്തിന്റെ തേട്ടമനുസരിച്ച് മുസ്‌ലിം പണ്ഡിതര്‍ പുനര്‍വായിക്കേണ്ടതാണെന്നും ഈ വിഷയത്തില്‍ അവിശ്വാസത്തിന്റെ അഴുക്കുമായി ബന്ധപ്പെട്ട് ഖുര്‍ആന്‍ നടത്തിയ പരാമര്‍ശം ബിംബാരാധനയുടെ പശ്ചാത്തലത്തില്‍ ആണെന്നും ഒരവസരത്തില്‍ ഈ ലേഖകനുമായി സംസാരിക്കവെ അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. 

മൂന്നു വാള്യങ്ങളായി പ്രസിദ്ധീകരിച്ച സ്വഹീഹുല്‍ ബുഖാരിയുടെ വിവര്‍ത്തനം ഉള്‍പ്പെടെ നൂറിലേറെ ഗ്രന്ഥങ്ങള്‍ അദ്ദേഹം ഇതിനകം പ്രസിദ്ധീകരിച്ചു. വിശുദ്ധ ഖുര്‍ആന് ഒരു വ്യാഖ്യാനവും അദ്ദേഹം തയാറാക്കി. ശാഫിഈ മദ്ഹബ് ഒരു സമഗ്ര പഠനം, സുന്നത്തില്‍ സ്ഥിരപ്പെട്ട പ്രാര്‍ഥനകള്‍, വിശുദ്ധ ഖുര്‍ആന്‍ സൂചിക, സകാത്തും ആധുനിക പ്രശ്‌നങ്ങളും, ഖാദിയാനിസം ഖുര്‍ആനിലും നബിചര്യയിലും, സ്ത്രീകളുടെ അവകാശങ്ങള്‍ പ്രമാണങ്ങളില്‍ ചരിത്രത്തില്‍, ഖുര്‍ആനും ക്രൈസ്തവ വിമര്‍ശനങ്ങളും തുടങ്ങിയവ ഈ പുസ്തകങ്ങളില്‍ ചിലതാണ്. സുല്ലമിയുടെ മുഴുവന്‍ പുസ്തകങ്ങളുടെയും പട്ടിക അദ്ദേഹത്തിന്റെ വീട്ടില്‍ പോലും സൂക്ഷിച്ചിട്ടില്ല എന്നതാണ് വിചിത്രം.

 

സംഘടന

ഇസ്‌ലാഹീ പ്രസ്ഥാനത്തെ വളരെ അടുത്തു നിന്നും നോക്കിക്കണ്ട ഒരാളെന്ന നിലയില്‍ ഒടുവിലൊടുവില്‍ അബ്ദുസ്സലാം സുല്ലമി നേരിട്ടുകൊണ്ടിരുന്ന വ്യക്തിപരമായ ദുരന്തങ്ങളെ അവരുടെ തന്നെ ഘടനാപരമായ സവിശേഷതകളുമായി ചേര്‍ത്തു വെക്കാനാവുമെന്നാണ് വ്യക്തിപരമായി എനിക്കു തോന്നുന്നത്. ശൂറാ സമ്പ്രദായത്തെ സംഘടന ശരിയായ അര്‍ഥത്തില്‍ അംഗീകരിക്കാത്തതുകൊണ്ട് മുജാഹിദുകള്‍ക്കകത്ത് ഏകാഭിപ്രായം ഉണ്ടാക്കിയെടുക്കുക എളുപ്പമായിരുന്നില്ല. പൊതു സ്വീകാര്യതയുള്ള രീതിയില്‍ അഭിപ്രായം പറയാന്‍ കഴിയുന്നവര്‍ പലപ്പോഴും അതിനകത്ത് ഉന്നം വെക്കപ്പെട്ടു. അതല്ലെങ്കില്‍ സ്വന്തമായ അഭിപ്രായമുള്ളവര്‍ വേറിട്ടു പോയി പുതിയ ഗ്രൂപ്പുകളും സംഘടനകള്‍ തന്നെയുമുണ്ടാക്കി. '90-കളില്‍ മുജാഹിദ് പ്രസ്ഥാനം പിളര്‍പ്പിലേക്ക് നീങ്ങിത്തുടങ്ങിയ കാലത്ത് അത് സംഭവിക്കാതിരിക്കാന്‍ അത്യധ്വാനം ചെയ്തവരിലൊരാളായിരുന്നു സുല്ലമി. യുവാക്കളുടെ സംഘടനയായ ഐ.എസ്.എം താഴെത്തട്ടില്‍ ബന്ധങ്ങള്‍ വ്യാപിപ്പിച്ചത് കെ.എന്‍.എം നേതാക്കള്‍ ഭയപ്പാടോടെയാണ് അന്ന് നോക്കിക്കണ്ടത്. അതുവരെയുള്ള കാലത്ത് നാമനിര്‍ദേശത്തിലൂടെ മാത്രം നേതൃസ്ഥാനത്ത് എത്തിപ്പെടാറുണ്ടായിരുന്നവര്‍ സംഘടനക്കകത്ത് തെരഞ്ഞെടുപ്പ് വേണമെന്ന യുവാക്കളുടെ ആവശ്യത്തെ സ്വാഭാവികമായും തള്ളിപ്പറഞ്ഞു. എന്നാല്‍ സ്ഥാനമാനങ്ങള്‍ വീതിക്കുന്നതിലെ പ്രശ്‌നം മാത്രമായാണ് സുല്ലമി ഇതിനെ തെറ്റിദ്ധരിച്ചത്. ഇരു കൂട്ടര്‍ക്കും പദവികള്‍ വീതിച്ചുനല്‍കുന്ന പലതരം ഫോര്‍മുലകളുമായാണ് ഇരുപക്ഷത്തെയും പ്രധാനികള്‍ക്കിടയില്‍ അനുരജ്ഞനത്തിനായി അദ്ദേഹം  ഓടിനടന്നത്. ഒടുവില്‍ അനിവാര്യമായ ആ പിളര്‍പ്പ് സംഭവിച്ചപ്പോള്‍ അദ്ദേഹത്തിന് യുവാക്കളോടൊപ്പം ചേരുകയല്ലാതെ നിവൃത്തിയില്ലെന്നായി. സുല്ലമി ഒരു പക്ഷത്തു നില്‍ക്കുമ്പോള്‍ അതായിരിക്കും സത്യമെന്ന മുജാഹിദ് അണികളുടെ പൊതുബോധം പ്രസ്തുത വിഭാഗത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായക ഘടകമായിട്ടുമുണ്ട്. എന്നാല്‍ അബ്ദുസ്സലാം സുല്ലമിയെ അവര്‍ പോലും സംഘടനാ നേതൃത്വത്തില്‍ കൊണ്ടുവരാന്‍ മടിക്കുകയാണുണ്ടായത്. സ്വതന്ത്രമായ ചിന്തയും വായനയുമുള്ളതു കൊണ്ട് ഗ്രൂപ്പുകള്‍ക്ക് അദ്ദേഹത്തെ ഉപാധികളില്ലാതെ ഒപ്പം നിര്‍ത്താനാവുമായിരുന്നില്ല. 

മുജാഹിദ് പിളര്‍ന്നുണ്ടായ ഗ്രൂപ്പുകള്‍ ഒരേസമയം സുല്ലമിയുടെ എതിര്‍പക്ഷത്തും എന്നാല്‍ അവസരോചിതമായി ഒപ്പവും നിന്നു. എടവണ്ണ ജാമിഅയില്‍നിന്നും സുല്ലമിയെ പുറത്താക്കാന്‍ ഒരു പക്ഷം കൊണ്ടുപിടിച്ച് ശ്രമിച്ചതുപോലെ അദ്ദേഹം ഒന്നു പുറത്തായി കിട്ടാന്‍ മറുപക്ഷവും ആഗ്രഹിച്ചിരുന്നു. ഒരു കൂട്ടര്‍ക്ക് പകരം വീട്ടലും മറ്റേ കൂട്ടര്‍ക്ക് പ്രചാരണായുധവുമായിരുന്നു ഈ സംഭവം. പുറത്താക്കുന്നതിനു മുന്നോടിയായി ലഭിച്ച കാരണം കാണിക്കല്‍ കത്തിന് നേരിട്ട് മറുപടി നല്‍കുന്നതിനു പകരം ഒരു നോട്ടീസ് അടിച്ചിറക്കുകയാണ് സുല്ലമി ചെയ്തത്. അത് തന്റെ രാജിക്കത്തായി പരിഗണിക്കണമെന്ന് മാനേജ്‌മെന്റിനോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഈ സാങ്കേതിക പോരായ്മ മറച്ചുവെച്ചാണ് ജാമിഅ അദ്ദേഹത്തിന്റെ പി.എഫ് പിടിച്ചുവെച്ചതായി മറുപക്ഷം പ്രചരിപ്പിച്ചുകൊണ്ടിരുന്നത്. ക്രമപ്രശ്‌നം ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ സുല്ലമി തെറ്റ് തിരുത്തുകയും ഔദ്യോഗികമായി രാജി സമര്‍പ്പിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന് നാമമാത്രമായ ആ തുക തിരികെ കിട്ടുകയും ചെയ്തിരുന്നു. പക്ഷേ ആയിരക്കണക്കിനാളുകള്‍ക്ക് വെളിച്ചം നല്‍കിയ സുല്ലമിയെ പോലൊരു അധ്യാപകനെയാണ് ഒഴിവാക്കിയതെന്ന വസ്തുത അപ്പോഴും ബാക്കിനിന്നു. 

പിളര്‍പ്പിനു ശേഷം കുടുംബത്തിലും ജന്മനാട്ടിലും അദ്ദേഹം ഏറ്റുവാങ്ങിയ മാനസിക പീഡനങ്ങള്‍ക്ക് കൈയും കണക്കുമുണ്ടായിരുന്നില്ല. മുജാഹിദിലെ പ്രമുഖ ഗ്രൂപ്പുകളിലൊന്നിന്റെ നേതാവായി മാറിയ അദ്ദേഹത്തിന്റെ ശിഷ്യന്മാരിലൊരാള്‍ അക്കാലത്ത് ഗുരുതരമായ ആരോപണവുമായി രംഗത്തെത്തി. ഈ നേതാവ് ഔദ്യോഗിക വിഭാഗത്തോടൊപ്പമായിരുന്ന കാലമാണത്. ഹിന്ദുക്കളെ വിവാഹം കഴിക്കുന്നതില്‍ തെറ്റില്ലെന്ന് കാളികാവില്‍ നടന്ന സ്റ്റഡി ക്ലാസില്‍ സുല്ലമി പറഞ്ഞതായും അതിന് സാക്ഷികളുണ്ടെന്നുമാണ് എടവണ്ണയില്‍ നടത്തിയ പൊതുയോഗത്തില്‍ ഈ നേതാവ് ആരോപിച്ചത്. സുല്ലമിക്കെതിരെ നാട്ടിലുടനീളം  ഈ ഗ്രൂപ്പ് വ്യാപകമായി പ്രചാരണമഴിച്ചുവിട്ടു. അദ്ദേഹത്തിന് പള്ളിയില്‍ പോലും പോകാന്‍ കഴിയാതെയായി. ഇക്കാലത്ത് ഒരു മാസത്തിലേറെ കാലം സുല്ലമി വീട്ടില്‍നിന്നു പുറത്തിറങ്ങിയിരുന്നില്ല. താനങ്ങനെ ഒരിടത്തും ക്ലാസ് എടുത്തിട്ടില്ലെന്നും ഇക്കാര്യത്തില്‍ സത്യം തെളിയിക്കാന്‍ ഏതറ്റംവരെ പോകാന്‍ തയാറാണെന്നും തന്റെ അടുത്ത ബന്ധുവായ ഔദ്യോഗിക പക്ഷത്തെ ഒരു നേതാവിന്റെ മുമ്പിലെത്തി അദ്ദേഹം വ്യക്തമാക്കി. 'കുഞ്ഞാപ്പാ, ഇതൊരു യുദ്ധമാണ്. അതില്‍ ജയിക്കുക മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം. നീ ഈ ആവശ്യവുമായി വല്ലാതെ മുന്നോട്ടു പോയാല്‍ നിനക്ക് മാത്രമാണ് ദോഷം സംഭവിക്കുക'- അദ്ദേഹം ഉപദേശിച്ചു. പൊരുള്‍ മനസ്സിലാക്കാതെ എടവണ്ണയില്‍ വിശദീകരണ യോഗം വിളിച്ച് അല്ലാഹുവിനെ മുന്‍നിര്‍ത്തി സുല്ലമി സത്യസാക്ഷ്യം ചെയ്തതിനു പിന്നാലെ കാളികാവിലെ സാക്ഷിയെ മറുപക്ഷവും ഹാജരാക്കി. സുല്ലമിയുടെ തന്നെ മറ്റൊരു ശിഷ്യനായിരുന്നു ഈ സാക്ഷി. അങ്ങനെ രണ്ടു സാക്ഷ്യങ്ങള്‍ അങ്ങാടിയില്‍ ബാക്കിയായി. അതിലൊന്ന് സ്വന്തം സത്യം തെളിയിക്കാനും മറ്റൊന്ന് യുദ്ധം ജയിക്കാനുമായിരുന്നു എന്നതു മാത്രമേ ഇന്നും കുടുംബത്തിന് അറിയുകയുള്ളൂ. 

ശാന്തപുരം അല്‍ ജാമിഅയില്‍ ക്ലാസ്സെടുക്കാനായി പോയതായിരുന്നു എടവണ്ണയില്‍ അദ്ദേഹം നേരിട്ട മറ്റൊരു പ്രതിസന്ധി. ഹദീസ് പണ്ഡിതന്‍ എന്ന നിലയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ ആയിരുന്നു ആ ക്ലാസ്. ശാന്തപുരത്ത് പഠിപ്പിക്കാന്‍ പോയതോടെ സുല്ലമി ജമാഅത്തെ ഇസ്‌ലാമിയില്‍ ചേര്‍ന്നുവെന്ന പ്രചാരണം കൊടുമ്പിരി കൊണ്ടു. പ്രബോധനത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇബാദത്തിന്റെ അര്‍ഥവും ഇസ്‌ലാമിലെ രാഷ്ട്രീയവും പറഞ്ഞിടത്ത് മുജാഹിദ് നേതാക്കള്‍ക്ക് തെറ്റ് സംഭവിച്ചു എന്ന തുറന്നുപറച്ചില്‍ അദ്ദേഹത്തെ പിന്നീട് വീണ്ടുമൊരിക്കല്‍ കൂടി പ്രതിസന്ധിയിലാക്കി. പക്ഷേ ഇസ്‌ലാമിനു വേണ്ടി സംസാരിക്കുമ്പോള്‍ ശരിതെറ്റുകള്‍ സമ്മതിക്കാനും തുറന്നു പറയാനുമുള്ള ആര്‍ജവം മാത്രമായിരുന്നു അത്. ശാന്തപുരത്തെ ക്ലാസ്സുകളെ കുറിച്ച് ഞാന്‍ ഈയിടെ അദ്ദേഹത്തോടു ചോദിച്ചിരുന്നു. വളരെ മികച്ച അധ്യാപന അനുഭവമായിരുന്നു അതെന്നും ശാന്തപുരം ഇസ്‌ലാമിക കലാലയങ്ങള്‍ക്ക് മാതൃകയാണെന്നുമാണ് എളാപ്പ പറഞ്ഞത്. 

സംഘടനകളാണ് അന്തിമമായ ശരി എന്നതിനു പകരം താന്‍ കണ്ടെത്തിയ സത്യങ്ങള്‍ അദ്ദേഹം മുറുകെ പിടിക്കുകയും വിളിച്ചു പറയുകയും ചെയ്തു. എങ്ങനെയൊക്കെ എതിര്‍ക്കുമ്പോഴും അദ്ദേഹത്തിന്റെ വിമര്‍ശകര്‍ പോലും ആ പാണ്ഡിത്യത്തെ അംഗീകരിച്ചിരുന്നു എന്നതിന്റെ തെളിവായി മാറി ഒടുവില്‍ ആ ജനാസ നമസ്‌കാരങ്ങള്‍. ഷാര്‍ജയില്‍നിന്നും ആരംഭിച്ച് കല്ലുവെട്ടി പള്ളിയില്‍ അവസാനിച്ച ആ അന്ത്യയാത്രയില്‍ എടവണ്ണയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജനക്കൂട്ടമായിരുന്നു അദ്ദേഹത്തിനു വേണ്ടി പ്രാര്‍ഥിക്കാനെത്തിയത്. ആ മഹാന് അല്ലാഹു സ്വര്‍ഗം നല്‍കി അനുഗ്രഹിക്കുമാറാകട്ടെ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (89-93)
എ.വൈ.ആര്‍

ഹദീസ്‌

തഖ്‌വയും സല്‍സ്വഭാവവും
സുബൈര്‍ കുന്ദമംഗലം