Prabodhanam Weekly

Pages

Search

2018 ജനുവരി 05

3033

1439 റബീഉല്‍ ആഖിര്‍ 17

അസ്ഹാബുല്‍ കഹ്ഫും ഖിള്ര്‍ എന്ന ആശയസാകല്യവും

നവീദ് കിര്‍മാനി

ഖുര്‍ആനും സൗന്ദര്യശാസ്ത്രവും - 3

നമുക്ക് ഇതര മതഗ്രന്ഥങ്ങളെ വിവര്‍ത്തനം ചെയ്തു വായിക്കാം. എന്നാല്‍ ഖുര്‍ആന്‍ അങ്ങനെ വായിക്കുക സാധ്യമല്ല. ഏതൊരു ഇംഗ്ലീഷുകാരനെയും പോലെ കാര്‍ലൈല്‍ ആ യാഥാര്‍ഥ്യം ഇങ്ങനെ രേഖപ്പെടുത്തുന്നു: 'ഇതുവരെ വായിച്ചതില്‍ ഏറ്റവും പ്രയാസകരമായ ഒന്നാണിതെന്നു ഞാന്‍ ആണയിടുന്നു. അപരിചിതവും ആശയക്കുഴപ്പത്തിലുമാക്കുന്ന മിശ്രണം, അവസാനിക്കാത്ത ആവര്‍ത്തിക്കുന്ന ആഖ്യാനങ്ങള്‍, കെട്ടുപിണയലുകള്‍ -ചുരുക്കത്തില്‍ അനന്തമായ ആകാശങ്ങള്‍..!'

സൂറഃ കഹ്ഫിനെ ലൂയി മാസിഗ്‌നോണ്‍ ഇസ്ലാമിന്റെ അപ്പോകാലിപ്സ് എന്നാണ് വിളിക്കുന്നത്. എല്ലാ വെള്ളിയാഴ്ചകളിലും ജുമുഅക്കു മുമ്പായി മുസ്ലിംകള്‍ ഇതു പാരായണം ചെയ്യുന്നു. ഈ സൂറഃ മൂന്ന് നിഗൂഢമായ ആഖ്യാനങ്ങളെ (ഇത് കേവലം സംഭവ വിവരണമാണെന്നു പറഞ്ഞുകൂടാ) ഉള്‍ക്കൊള്ളുന്നു: 1. ഉറങ്ങുന്ന ഗുഹാവാസികള്‍ (9-26). 2. മൂസായുടെ യാത്ര (61-83). 3. യഅ്ജൂജ്-മഅ്ജൂജ്കള്‍ക്കെതിരിലുള്ള ദുല്‍ഖര്‍നൈനിയുടെ മതില്‍കെട്ടല്‍ സംഭവം (84-99).

ഖുര്‍ആനും പിന്നീടുള്ള അറബ് സാഹിത്യവും അസ്ഹാബുല്‍ കഹ്ഫ് (ഗുഹാവാസികള്‍) എന്നു വിളിക്കുന്നവര്‍ ക്രിസ്ത്യന്‍ പീഡകനായ ഭരണാധികാരി ദെസിയൂസിന്റെ കാലത്ത് ഗുഹയിലൊളിച്ചിരിക്കുകയും ശതകങ്ങളോളം അത്ഭുതകരമായ ഉറക്കത്തിനു വിധേയരാവുകയും, ക്രിസ്ത്യന്‍ ഭരണാധികാരി തിയോഡഷ്യസിന്റെ കാലത്ത് എഴുന്നേല്‍ക്കുകയും ചെയ്ത 'എഫസ്യൂസിലെ ഉറക്കക്കാരായ ഏഴ് പേര്‍' ആണ്. ഇവര്‍ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം പിന്നീട് ആറാം നൂറ്റാണ്ട് മുതല്‍ ആരാധനാലയമാക്കി മാറ്റപ്പെട്ടു.

അല്‍കഹ്ഫില്‍ ദുല്‍ഖര്‍നൈന്‍ അഥവാ 'ഇരട്ടക്കൊമ്പുള്ളവന്‍' എന്നുദ്ദേശിച്ചിരിക്കുന്നത് ആറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അലക്സാണ്ടര്‍ ദ ഗ്രേറ്റ് ആണെന്നു കരുതപ്പെടുന്നു. അദ്ദേഹം ദൈവത്തോട് ഇങ്ങനെ പ്രാര്‍ഥിക്കുന്നു: ''നീയാണെന്റെ തലയില്‍ കൊമ്പുകള്‍ മുളപ്പിച്ചത്. അവ കൊണ്ടു ഞാന്‍ ലോക രാജ്യങ്ങളെ തകര്‍ക്കുക തന്നെ ചെയ്യും.'' ഈസ-മുഹമ്മദ് കാലഘട്ടങ്ങള്‍ക്കിടയിലെ ജുദായോ-ക്രിസ്ത്യന്‍ ഹെലനിസ്റ്റ് ആഖ്യാനങ്ങളിലും ദാനിയലിന്റെ പുസ്തകത്തിലും അലക്സാണ്ടറിന്റെ ദ്വിഗ്വിജയത്തെ സംബന്ധിച്ച പ്രതിപാദ്യമുണ്ട്. അന്ത്യനാളിലെ ഭീകരതയുമായി ബന്ധപ്പെട്ട് ബൈബിളില്‍ സൂചിപ്പിക്കപ്പെട്ടവയാണ് യഅ്ജൂജും മഅ്ജൂജും. ഇസ്രായേലീ രാജ്യത്തിന്റെ ശാന്തതയും സമാധാനവും നശിപ്പിക്കാന്‍ അനേകം ട്രൂപ്പുകളായി വടക്കു നിന്നെത്തുന്നവരായാണ് യഅ്ജൂജ്-മഅ്ജൂജുകളെ അധ്യായം  38-ലും 39-ലുമായി യെസക്കീല്‍ വിവരിക്കുന്നത്. വെളിപാട് പുസ്തകത്തില്‍ ആയിരം വര്‍ഷം കഴിയുമ്പോള്‍ സാത്താന്‍ ബന്ധനത്തില്‍നിന്ന് മോചിതനാവുമെന്നും യഅ്ജൂജ്-മഅ്ജൂജിന്റെ രൂപത്തില്‍ നാലുപാടുനിന്നും ആക്രമണങ്ങള്‍ അഴിച്ചുവിടുമെന്നും പറയുന്നു. ആദ്യകാല ജൂത ക്രിസ്ത്യന്‍ പാരമ്പര്യത്തില്‍, വടക്കു നിന്നു വന്ന ബര്‍ബരികള്‍ യഅ്ജൂജ്-മഅ്ജൂജാണെന്നും അവരെ അലക്സാണ്ടര്‍ ഇരുമ്പു കവാടങ്ങളാല്‍ പ്രതിരോധിച്ചെന്നും എന്നാല്‍ അന്ത്യനാളില്‍ അവര്‍ തിരിച്ചുവരുമെന്നും പറയുന്നു.

ഗുഹാവാസികളുടെ സംഭവവും ദുല്‍ഖര്‍നൈന്‍ സംഭവവും ആദ്യമേ ഉണ്ടായിരുന്ന ഇതിഹാസങ്ങളെ പരാമര്‍ശിക്കുമ്പോള്‍, ആ അധ്യായത്തില്‍ തന്നെയുള്ള മൂസാ നബിയുടെ യാത്ര കൂടുതല്‍ സങ്കീര്‍ണമായാണ് കാണപ്പെടുന്നത്. അവിടെ പുതിയൊരു മൂസാ നബിയെക്കുറിച്ചാണ് പരാമര്‍ശിക്കുന്നത്: ''രണ്ടു നദികള്‍ സംഗമിക്കുന്ന സ്ഥലത്തെത്താതെ ഞാനെന്റെ യാത്ര അവസാനിപ്പിക്കില്ല.'' ഇവിടെ മൂസാ നബി അലക്സാണ്ടറിനെയും ഗില്‍ഗമേഷിനെയും പോലെ ജീവന്റെ ഉറവ തേടുന്ന ഒരന്വേഷകനാണ്. സ്വയം ആത്മീയതയുടെ പാതയില്‍ സമര്‍പ്പിച്ച് യുക്തിക്ക് നിരക്കാത്തതും പിന്നീട് അതീന്ദ്രിയ ജ്ഞാനത്താല്‍ മുന്‍ചെയ്തികള്‍ക്ക് ന്യായീകരണം നല്‍കുന്നതുമായ ദൈവവിധിയുടെ (ഖദ്‌റ്) രഹസ്യജ്ഞാനങ്ങള്‍ പകര്‍ന്നുനല്‍കുന്ന ഒരു ആത്മീയ വഴികാട്ടിയെയും (ഖിള്്‌റ്) സ്വീകരിച്ചുകൊണ്ടുള്ള അന്വേഷണം.

നമുക്ക് വീണ്ടും ചരിത്രത്താളുകളിലേക്കു മടങ്ങേണ്ടിയിരിക്കുന്നു. മൂസായും അലക്സാണ്ടറും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സംശയിക്കേണ്ടിയിരിക്കുന്നു. അലക്സാണ്ടറും അഭൗമികമായ സ്വപ്നങ്ങളെ പിന്തുടര്‍ന്നതായി കാണാം. അലക്സാണ്ടറും ജീവന്റെ ഉറവ തേടിപ്പോയിട്ടുണ്ട്. വളരെ യാദൃഛികമായി അദ്ദേഹത്തിന്റെ പാചകക്കാരന്‍ അത് കണ്ടെത്തി. മത്സ്യം പാകം ചെയ്യാനായി ഒരുറവയില്‍ അതിനെ കഴുകുമ്പോള്‍ ആ മത്സ്യത്തിനു ജീവന്‍ തിരിച്ചുകിട്ടുകയും അത് നീന്തിപ്പോവുകയും ചെയ്തു. ഉടന്‍ തന്നെ പാചകക്കാരന്‍ അരുവിയിലേക്കെടുത്തുചാടുകയും അമരത്വം കരസ്ഥമാക്കുകയും ചെയ്തു. അയാള്‍ ഈ കഥ അലക്സാണ്ടറിനോടു പറഞ്ഞെങ്കിലും പിന്നീടൊരിക്കലും അവര്‍ക്ക് ആ ഉറവ കണ്ടെത്താനായില്ല.

അല്‍കഹ്ഫ് അധ്യായത്തിന്റെ സന്ദേശം ഒരിക്കലും ബാഹ്യപ്രതലത്തിലല്ല വെളിവാക്കപ്പെടുന്നത്. അതിന്റെ ബാത്വിനിലും (Esoteric)  ളാഹിറിലും (Exoteric) അഥവാ പ്രതലത്തിലും സത്തയിലുമാണത് കണ്ടെത്തേണ്ടത്. ഈ കഥകളുടെ പശ്ചാത്തലം കാണാന്‍ തയാറാവുകയും വരികള്‍ക്കിടയില്‍ വായിക്കൂകയും ചെയ്യുന്നവര്‍ക്ക് വൈരുധ്യപൂര്‍ണമായ വെളിപാടിനെയാണ് ഉള്‍ക്കൊള്ളേണ്ടിവരിക. ഈ പശ്ചാത്തലം ബാഹ്യമായ സംഭവങ്ങളിലൂടെ (കപ്പല്‍, മതില്‍...) മൂസായുടെ പ്രവാചകത്വത്തെ തിരിച്ചറിയാന്‍ പ്രേരിപ്പിക്കുകയും അതോടൊപ്പം തന്നെ അല്ലാഹുവിന്റെ പ്രവാചകനല്ലാത്ത മറ്റൊരടിമയുടെ ഒളിഞ്ഞിരിക്കുന്ന യാഥാര്‍ഥ്യത്തിലേക്കൂ കൂടി സൂക്ഷ്മമായി നോക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഈ സംഭവം നിഗൂഢമായ ആ അപരത്വത്തെ ജീവന്റെ ഉറവയുമായി ബന്ധിപ്പിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. അഥവാ രണ്ട് നദികള്‍ കണ്ടുമുട്ടുന്ന സ്ഥലം-ജീവന്റെ നദിയും മരണത്തിന്റെ നദിയും.

സൂറഃ അല്‍ കഹ്ഫിലെ ആയത്തുകള്‍ ഒരു പ്രഹേളികയാണ് നമ്മില്‍ വിട്ടേച്ചുപോകുന്നത്. ഖുര്‍ആന്‍ പറയുന്നു: ''നമ്മിലെ ഒരടിമയോടു നാം കാരുണ്യം കാണിച്ചു, നമ്മുടെ സാന്നിധ്യത്തില്‍ നാമവനു വിജ്ഞാനവും നല്‍കി.'' ആരാണ് ആ അജ്ഞേയനായ അപരന്‍? അയാള്‍ ഏലിയാവിനെപ്പോലെയാണെങ്കിലും യഥാര്‍ഥത്തില്‍ ഏലിയാവല്ല. ഖുര്‍ആന്‍ അതിന്റെ വിശേഷാത്മക സവിശേഷത കൊണ്ട് അയാളെ പേരിടാതെ പരാമര്‍ശിച്ചിരിക്കുന്നു. അയാളെ കണ്ടെത്തുക എന്ന ഒരു ചുമതല കൂടി ഖുര്‍ആന്‍ നമ്മെ ഏല്‍പ്പിക്കുന്നു. ആദ്യ ശതകത്തില്‍ തന്നെ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ മൂസായെ ത്വരിതപ്പെടുത്തിയ ആ 'അല്ലാഹുവിന്റെ അടിമ'യെ ഖിള്ര്‍ എന്നു പേരിട്ടു വിളിക്കാന്‍ തുടങ്ങി. പരമ്പരാഗത മുസ്ലിം വിശ്വാസങ്ങളില്‍ ഖിള്ര്‍ ഏലിയാവിനെപ്പോലെത്തന്നെ അനന്തമായ ജീവിതത്തേയും അദൃശ്യമായ സര്‍വവ്യാപിത്വത്തെയും അനുഭവിക്കുന്നവനാണ്. 

ഖുര്‍ആന്‍ ഭാവിയെ ഗര്‍ഭം ധരിച്ചിരിക്കുന്നു. സൂറഃ കഹ്ഫിന്റെ വെളിച്ചത്തില്‍ ആരാണ് ഖിള്ര്‍ എന്നന്വേഷിക്കാതെ നമുക്ക് മുന്നോട്ടുപോവുക സാധ്യമല്ല. മാസിഗ്‌നോണിന്റെ പഠനങ്ങളെ നമുക്ക് കൂടുതല്‍ ആശ്രയിക്കേണ്ടതായി വരുന്നു. അദ്ദേഹത്തെ സംബന്ധിച്ചേടത്തോളം ഇസ്ലാമിക പാരമ്പര്യത്തിലെ അതുല്യമായ നേട്ടമാണ് ഖിള്ര്‍. കഹ്ഫിനെ പഠിക്കാനാവശ്യമായ താക്കോലാണ് ഖിള്ര്‍. ഏഴ് ഉറക്കക്കാരുടെ സംഭവത്തെയും ദുല്‍ ഖര്‍നൈനി സംഭവത്തെയും ഖിള്ര്‍ ബന്ധിപ്പിക്കുന്നു. ഉറക്കത്തിലാണ്ട ആ ഏഴു മഹാത്മാക്കളുടെ നന്മയാല്‍ ഒരു നാട് തന്നെ രക്ഷപ്പെട്ടു. യഅ്ജൂജ്-മഅ്ജൂജുകള്‍ക്കെതിരെ ദുല്‍ ഖര്‍നൈന്‍ കെട്ടിയ മതില്‍ അവര്‍ പുതുക്കിക്കൊണ്ടിരിക്കുന്നു. വെള്ളിയാഴ്ചയിലെ കഹ്ഫ് പാരായണം യഥാര്‍ഥത്തില്‍ ഖിള്‌റിന്റെ സാന്നിധ്യത്തെ ആ മതിലിന്റെ പുനര്‍നിര്‍മാണത്തിലേക്കായി കൊണ്ടുവരലാണ്. യഅ്ജൂജ്-മഅ്ജൂജുകള്‍ക്കെതിരിലുള്ള ജിഹാദ് വിശ്വാസപരമായി ഒരു യാഥാര്‍ഥ്യം തന്നെയാണ്. അത് എന്നോ സംഭവിക്കാനുള്ള ഒന്നല്ല. കാരണം, ഇസ്ലാമിലെ സമയത്തെക്കുറിച്ച സങ്കല്‍പമനുസരിച്ച് നാം എപ്പോഴും നമ്മുടെ അവസാന സമയങ്ങളിലായിരിക്കും.

ഇവിടെ ഖിള്ര്‍ ഏഴ് ഉറക്കക്കാരിലേക്ക് സ്വാംശീകരിക്കപ്പെടുന്നു. ഉറക്കക്കാരും ഖിള്‌റും തമ്മിലുള്ള ആശയക്കുഴപ്പം നിലനിര്‍ത്തുക വഴി ഖുര്‍ആന്‍ ശബ്ദാര്‍ഥ പ്രകാരമല്ലാത്ത ഒരു വ്യാഖ്യാനത്തെ മുന്നോട്ടുവെക്കുന്നു. ഭാഷാര്‍ഥപ്രകാരം വായിക്കാനിഷ്ടപ്പെടുന്നവര്‍ അതിനെ മരണാനന്തര ജീവിതത്തിന്റെ തെളിവായാണ് മനസ്സിലാക്കുന്നത്. എന്നാല്‍ ഖിള്ര്‍ ഇവിടെ മിസ്റ്റിക്കലായാണു മാറുന്നത്. ഇവിടെ ചരിത്രം രാത്രിയായി മാറ്റപ്പെടുന്നു. അഥവാ ഏഴു രാത്രികള്‍. ഉറക്കം എല്ലാറ്റിന്റെയും പ്രതിനിധാനമായി മാറുന്നു. ഉറക്കത്തിലാഴ്ന്ന ഏഴു പേര്‍ ചരിത്രം എന്ന ഹെഗലിയന്‍ അനുഭവത്തെ തന്നെ മാറ്റിമറിക്കുന്നു. സൂറഃ അല്‍കഹ്ഫ് ഖുര്‍ആന്റെ സംക്ഷിപ്ത രൂപമായിത്തീരുന്നു. ബൈബിളിനെപ്പോലെ വിശദാംശങ്ങളെ രേഖീയമായോ ചരിത്രപരമായോ അത് വിശദീകരിക്കുന്നില്ല. പടിഞ്ഞാറന്‍ സംസ്‌കാരത്തിന്റെയും ക്രിസ്ത്യാനിറ്റിയുടെയും നട്ടെല്ലായ സമയത്തിന്റെ രേഖീയമായ ചിട്ടപ്പെടുത്തലിനെയും അത് മറികടക്കുന്നു. നിശ്ചയിക്കപ്പെട്ട ചാക്രികമായ തീര്‍പ്പുകള്‍ അതിനില്ല. ഇസ്ലാമിക തിയോളജി പ്രകാരം മൊമെന്റ് (ഇവിടെ മൊമന്റ് എന്നത് വളരെ നിര്‍ണിതമായ നിമിഷം എന്ന അര്‍ഥത്തില്‍ മനസ്സിലാക്കുക സാധ്യമല്ല. മനുഷ്യയുക്തിക്കപ്പുറമുള്ള ഭാവനയാണത്) മാത്രമാണ് യഥാര്‍ഥമായിട്ടുള്ളത്. കാരണ-ഉദ്ദേശ്യങ്ങളുമായി അതിന് ബന്ധമൊന്നുമില്ല.

രേഖീയമായതിനെ നിഷേധിക്കുക എന്നാല്‍ ആഖ്യാനത്തെ/സംഭവ വിവരണത്തെക്കൂടി നിഷേധിക്കുക എന്നതാണ്. ഖുര്‍ആനില്‍ രേഖീയമായി സംഭവകഥ വിവരിച്ചത് യൂസുഫ് നബിയുടെ കഥ മാത്രമാണ്. സ്ഥലകാലബോധത്തില്‍നിന്ന് പുറത്തുകൊണ്ടുവരുന്നതിന്റെ മുന്നോടിയായി മാത്രമാണ് അങ്ങനെ വിവരിച്ചിരിക്കുന്നത്. ഖുര്‍ആന്‍ പഴയകാല സംഭവങ്ങളെ തിരിച്ചുകൊണ്ടുവരുമ്പോള്‍ തന്നെയും ചരിത്രം (History) എന്നതില്‍നിന്ന് അകന്നുമാറുന്നു. ചരിത്രപരമായ വസ്തുതകള്‍ ഖുര്‍ആനില്‍ ചിതറിത്തെറിച്ചതായി കാണാം. സ്വപ്നങ്ങളിലെപ്പോലെ, സ്ഥാനഭ്രംശം സംഭവിച്ച പുതിയ ഇമേജുകള്‍ക്ക് അത് രൂപം നല്‍കുന്നു. ഖുര്‍ആന്‍ അചരിത്രവം (Ahistoric) ആകുമ്പോള്‍ തന്നെ വാക്കുകള്‍ വിട്ടുകളഞ്ഞ് ആശയത്തിന്റെ അണ്ഡങ്ങള്‍ പേറുകയും ചെയ്യുന്നു. 'അങ്ങനെ അവര്‍ മത്സ്യത്തെ മറന്നുകളഞ്ഞു. അത് സ്വതന്ത്രമായി അതിന്റെ വഴി തേടിപ്പോവുകയും ചെയ്തു' എന്ന ഖുര്‍ആന്‍ സൂക്തം പരിശോധിക്കുക. യാതൊരു ആഖ്യാനവുമില്ലാതെ മത്സ്യം സ്വപ്നത്തിലെന്നപൊലെ എവിടെനിന്നോ പ്രത്യക്ഷപ്പെടുന്നു. ഇവിടെ മീന്‍ ഒരു പ്രതീകമായി മാറ്റപ്പെടുന്നു. ഖുര്‍ആനിലൂടെ ഇസ്ലാം ചരിത്രത്തിന്റെ ആധ്യാത്മിക വശങ്ങള്‍ വെളിവാക്കുന്ന ഒരു  അതിചരിത്ര പദ്ധതിയിലേക്ക് (Metahistorical Project) നീങ്ങുന്നതായി മാസിഗ്‌നോണ്‍ നിരീക്ഷിക്കുന്നു.

ഖുര്‍ആന്റെ ഓരോ ഭാഗവും സമ്പൂര്‍ണതയെ പ്രദര്‍ശിപ്പിക്കുന്നു. We can see an infinite contained within finitness എന്ന് ഉമ്പര്‍ട്ടോ എക്കോ നിരീക്ഷിക്കുന്നുണ്ട്. ഫിനഗന്‍സ് വെയ്ക്കിനെപ്പോലുള്ള കൃതികള്‍ക്കു ശേഷം മാത്രമാണ് പാശ്ചാത്യര്‍ക്ക് ഖുര്‍ആന്‍ വായിക്കാനുള്ള ശേഷി ലഭ്യമാവുന്നത്. ഖുര്‍ആന്റെ ക്രമീകരണം കൂടി ശ്രദ്ധിക്കുക. ഏറ്റവും വലുതില്‍നിന്നത് താഴോട്ടാണത് വരുന്നത്. നിങ്ങള്‍ എവിടെ നിന്നു തുടങ്ങുന്നുവെന്നതൊരു പ്രശ്നമല്ല. സമയക്രമീകരണങ്ങളെ തകര്‍ത്ത് അത് നിങ്ങളോടു സംവദിക്കുന്നു. സയ്യിദ് ഹുസൈന്‍ നസ്ര്‍ പറയുന്നു: ''ആദ്യമായി ഖുര്‍ആന്‍ വായിച്ചു തുടങ്ങുന്ന അമുസ്ലിംകളടക്കമുള്ള പലരും അതിന്റെ പൊരുത്തമില്ലായ്മ കണ്ട് സ്തബ്ധരായിപ്പോകാറുണ്ട്. ഇത് വളരെയധികം ആധ്യാത്മികത നിറഞ്ഞതോ അല്ലെങ്കില്‍ അരിസ്റ്റോട്ടിലിയന്‍ ലോജിക്കിനെ പിന്‍പറ്റുന്നതോ അല്ല. എന്നാല്‍ ഇത് ആധ്യാത്മികതയെയും ലോജിക്കിനെയും ഉള്‍ക്കൊള്ളുന്നുണ്ടു താനും. വലിയ തരത്തിലുള്ള കാവ്യത്തെ ഇതുള്‍ക്കൊള്ളുമ്പോള്‍ തന്നെ ഇതൊരു കാവ്യമല്ല. ദൈവിക അധികാരത്താല്‍ രുപപ്പെടുത്തപ്പെട്ട ഒരു മാനവിക ഭാഷയെ ഖുര്‍ആന്‍ വെളിപ്പെടുത്തുന്നു. ഖുര്‍ആന്‍ മനുഷ്യന്റെ ദുര്‍ബലമായ ഭാഷ ഉപയോഗിക്കുന്നു. എന്നാല്‍ മനുഷ്യന്റെ ഭാവനക്ക് എത്താന്‍ കഴിയാത്ത ദൈവിക ലോകത്തിന്റെ അധികാരങ്ങളെ അതില്‍ സന്നിവേശിപ്പിക്കുന്നു.''

ഖുര്‍ആന്‍ ക്രിസ്ത്യന്‍ ഹെലനിസ്റ്റിക് പാരമ്പര്യത്തെ പ്രശ്നത്തിലാക്കുകയോ റോമിന്റെയോ ഗ്രീസിന്റെയോ വലിയ സംസ്‌കാരത്തിന്റെ തുടര്‍ച്ച അവകാശപ്പെടുകയോ ചെയ്യുന്നില്ല. ഒരു പുതിയ നാഗരികത തുടങ്ങാന്‍ ഉയര്‍ന്ന സംസ്‌കാരങ്ങളില്‍ വല്ല നവോത്ഥാനം കൊണ്ടുവരുന്നതിനു പകരം ജനങ്ങളുടെ ഭാവനയില്‍ മാറ്റം കൊണ്ടുവരാനാണ് ഖുര്‍ആന്‍ ശ്രമിക്കുന്നത്. ഇഖ്ബാല്‍ എഴുതുന്നു: ''ഖുര്‍ആന്‍, ആയിരം പുതുലോകങ്ങള്‍ അതിന്റെ വരികളില്‍ വിശ്രമിക്കുന്നു. എല്ലാ നൂറ്റാണ്ടുകളും അതിന്റെ നിമിഷങ്ങളില്‍ അന്തര്‍ഭവിക്കുന്നു. ഒരു വിശ്വാസി സ്വയം തന്നെ ദൈവത്തിന്റെ ദൃഷ്ടാന്തമായിത്തീരുന്നു. ഓരോ ലോകവും അതിന്റെ മാറിടത്തിന് പുടവയായിത്തീരുന്നു. പുതിയൊരു ലോകം ഖുര്‍ആന്‍ അവനു നല്‍കുന്നു.''

സൂറഃ കഹ്ഫ് രണ്ട് ചോദ്യങ്ങള്‍ നമ്മോട് ചോദിക്കുന്നു: ആരാണ് ഖിള്ര്‍? ഖിള്‌റിന്റെ സഹചാരിയാവുക എന്നതു കൊണ്ടര്‍ഥമാക്കുന്നതെന്ത്? അതിന്റെ അര്‍ഥമന്വേഷിച്ച് നാം ചെല്ലേണ്ടത് ഭാഷയുടെ വളരെ നിര്‍ണിതമായ വിന്യാസങ്ങളിലേക്കല്ല. വിജ്ഞാനത്തിന്റെ (ളാഹിര്‍ പ്രകടമായ) അവസ്ഥയിലൂടെ മാത്രം ഖിള്്‌റിനെ കണ്ടെത്താന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല. വിജ്ഞാനത്തെയും (ഇല്‍മ്) അതിവര്‍ത്തിക്കുന്ന മഅ്‌രിഫത്തിന്റെ (Gnosis) ആകാശങ്ങളിലേക്ക് പറന്നുയരാന്‍ സാധിച്ചെങ്കിലേ ഖിള്്ര്‍ എന്ന, ചരിത്രത്തിന്റെ ഹിക്മത്ത് ബാധകമല്ലാത്ത ആശയസാകല്യത്തെ അനുഭവിക്കാന്‍ കഴിയുകയുള്ളൂ. 

(തുടരും)

വിവ: സഅദ് സല്‍മി

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (62-64)
എ.വൈ.ആര്‍

ഹദീസ്‌

വിസ്മരിക്കരുത് ഉത്തരവാദിത്തങ്ങള്‍
കെ.സി ജലീല്‍ പുളിക്കല്‍