Prabodhanam Weekly

Pages

Search

2017 നവംബര്‍ 03

3024

1439 സഫര്‍ 14

മാറിച്ചിന്തിക്കേണ്ട മലര്‍വാടി

വി. ഹശ്ഹാശ്, കണ്ണൂര്‍ സിറ്റി

'മലര്‍വാടി' ബാല പ്രസിദ്ധീകരണത്തിന് വിത്തു പാകി വളമിട്ട് വേരുറുപ്പിച്ച് മാധുര്യമേറിയ കായ്കനികള്‍ നല്‍കുന്ന ഒരു വടവൃക്ഷമാക്കി മാറ്റിയ മണ്‍മറഞ്ഞുപോയവരുടെയും ജീവിച്ചിരിക്കുന്നവരുടെയും ഗൃഹാതുരത്വം നിറഞ്ഞ പച്ചയോര്‍മകള്‍ (ലക്കം 19) മനസ്സിനെ തീവ്രമായി സ്പര്‍ശിച്ച വായനാനുഭവമായി. അക്ഷരങ്ങളുടെ നൈര്‍മല്യം കാത്തുസൂക്ഷിക്കാന്‍ മലര്‍വാടിക്ക് സാധിക്കുന്നുവെന്നത് അതിന്റെ വ്യതിരിക്തതയാണ് അടയാളപ്പെടുത്തുന്നത്. എന്നിരുന്നാലും ചില ശങ്കകള്‍ ഇല്ലാതില്ല. നവയുഗ സാമൂഹിക മാധ്യമങ്ങളുടെയും അനുബന്ധ ചാനലുകളായ കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്ക്, പ്ലേ സ്റ്റേഷന്‍, ഫേസ്ബുക്ക്, യൂട്യൂബ്, വിവിധ കുട്ടിച്ചാത്തന്‍ - കോമിക്ക് - ഹൊറര്‍ - അഡ്വഞ്ചര്‍ ഗെയിം ആപ്പുകള്‍ തുടങ്ങിയവ കുട്ടികളുടെ കുരുന്നു ഭാവനകളെ നിഷേധാത്മകമായി കരുപ്പിടിപ്പിക്കുന്ന പുതിയ സാഹചര്യത്തില്‍, വഴിയരികിലെ കടയില്‍ തൂങ്ങിക്കിടക്കുന്ന വിവിധ ബാല പ്രസിദ്ധീകരണങ്ങളില്‍നിന്ന് മലര്‍വാടി തെരഞ്ഞെടുക്കുന്ന വിധത്തില്‍ ഉള്ളടക്കത്തിന്റെ ഗുണപരതയും ദൃശ്യപരതയും എത്രത്തോളം മെച്ചപ്പെടുത്താന്‍ സാധിക്കുമെന്നത് അണിയറ പ്രവര്‍ത്തകരെ സംബന്ധിച്ചേടത്തോളം കടുത്ത വെല്ലുവിളി തന്നെയാണ്.

കുരുന്നു മനസ്സിന്റെ ആഴങ്ങളില്‍ ചലനമുണ്ടാക്കുന്ന ഒട്ടേറെ അനുഭൂതിദായകമായ അനുഭവങ്ങള്‍ നിറക്കാന്‍ സാധിക്കുന്നതായിരിക്കണം ഓരോ ലക്കത്തിന്റെയും ഉള്ളടക്കം. ഇത്തരം അനുഭവങ്ങള്‍ ഓര്‍മപ്പെടുത്തലുകളായും ജീവിതകാലം മുഴുവന്‍ പിന്തുടരുന്ന വൈകാരിക പ്രചോദനമായും ചിന്തകളുടെ ഉദ്ദീപനമായും മാറേണ്ടതുണ്ട്. ഭാവന നിറഞ്ഞ ആശയങ്ങള്‍ക്കുപരി പച്ചയായ അനുഭവങ്ങളുടെ വിനിമയോപാധിയായിത്തീരേണ്ടതുണ്ട് ഒാരോ വായനയും. വാക്കിന്റെ കലയായ സാഹിത്യം അനുവാചകരെ മാനസികമായി സ്വാധീനിക്കുകയും ശുദ്ധീകരിക്കുകയും നവംനവങ്ങളായ ആശയങ്ങള്‍ ഉല്‍പാദിപ്പിക്കുകയും ചെയ്യുന്നില്ലെങ്കില്‍ പ്രസ്തുത ഉദ്യമം തീര്‍ത്തും പരാജയപ്പെട്ട ഒന്നാണെന്നതില്‍ സംശയമില്ല.

മാത്രവുമല്ല, ജന്മസിദ്ധമായി തന്നില്‍ അന്തര്‍ലീനമായ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള അവസരം ലഭ്യമാകുന്നതോടെ വ്യക്തിയുടെ സ്വഭാവവും പെരുമാറ്റവും ഗുണാത്മകമായി മാറുകയും അത് കിട്ടാത്ത പക്ഷം ലക്ഷ്യബോധം നഷ്ടപ്പെട്ട് തെറ്റായ പാതയിലേക്ക് വഴി നടത്തപ്പെടുകയും തിരിച്ചെത്താത്ത വിധം കൊക്കയില്‍ പതിക്കുകയും ചെയ്യുന്നു. ഇതിനെതിരെയുള്ള മികച്ച പ്രതിരോധ കവചമായിരിക്കണം ബാല പ്രസിദ്ധീകരണങ്ങളുടെ ഉള്ളടക്കം. അവയില്‍നിന്ന് നന്മയുടെ അക്ഷരങ്ങള്‍ കണ്ടെടുത്ത് എത്തിച്ചു കൊടുക്കുക എന്നത് ഓരോ രക്ഷാകര്‍ത്താവിന്റെയും ചുമതലയാണ്. പ്രത്യേകിച്ച് നവസാമൂഹിക മാധ്യമങ്ങളുടെ ഊരാക്കുടുക്കുകള്‍ ചിലന്തിവല കണക്കെ ബാല്യകാല ചപലതകളെ വരിഞ്ഞുമുറക്കുന്ന സാഹചര്യത്തില്‍. വായനാലോകത്തെ മിന്നുംതാരകമായി 'അക്ഷര ലോകത്തെ നിഷ്‌കളങ്കത' ശോഭിക്കണമെങ്കില്‍ ഭാവിയില്‍ ഇളം മനസ്സുകളെ കഴമ്പുള്ള, അര്‍ഥവത്തായ വായനയുടെയും മനനത്തിന്റെയും വിശാലമായ വാതായനത്തിലേക്ക് കൈപിടിച്ച് നയിക്കാന്‍ ഉതകുന്നവയായിരിക്കണം ഓരോ  ലക്കവും.

ദൃശ്യപരതയെന്നത് ഇന്ദ്രിയാനുഭവങ്ങളില്‍ ഏറ്റവും സ്വാധീനം ചെലുത്തുന്നതാണ്. വരമൊഴികള്‍ക്കപ്പുറം ദൃശ്യപരതയുടെ വ്യത്യസ്ത തലങ്ങള്‍ക്ക് ഊന്നല്‍ നല്‍കി കുരുന്നു മനസ്സുകള്‍ക്കിണങ്ങിയ വിധത്തില്‍ സച്ചരിത കഥകള്‍, ഖുര്‍ആന്‍ - പ്രവാചക കഥകള്‍, മറ്റു ഗുണപാഠകഥകള്‍, കലീല ദിംന പോലെയുള്ള സാഹിത്യ സൃഷ്ടികള്‍ എങ്ങനെ ആവിഷ്‌കരിക്കാന്‍ സാധിക്കുമെന്നും ചിന്തിക്കേണ്ടതാണ്.

 

 

ആദര്‍ശമാറ്റങ്ങളുടെ കാരണങ്ങള്‍

മതംമാറ്റത്തെക്കുറിച്ച് ടി. മുഹമ്മദ് വേളം എഴുതിയ ലേഖനത്തിന് അനുബന്ധമായി ചിലത് കുറിക്കണമെന്നു തോന്നി. വ്യക്തിസ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും എന്താണെന്നു പോലുമറിയാത്ത കാലഘട്ടത്തില്‍ മതപരിവര്‍ത്തന സ്വാതന്ത്ര്യമുണ്ടായിരുന്നു. മത പരിവര്‍ത്തനത്തെ എതിര്‍ക്കുന്നവര്‍ യഥാര്‍ഥത്തില്‍ സ്വന്തം മതതത്ത്വങ്ങളില്‍ ആത്മവിശ്വാസം നഷ്ടപ്പെട്ടവരാണ്. തങ്ങള്‍ വിശ്വസിക്കുന്ന മതത്തിന്റെ ദൗര്‍ബല്യങ്ങളെ വ്യംഗ്യമായി അംഗീകരിക്കുകയാണ് മതംമാറ്റവിരുദ്ധര്‍ ചെയ്യുന്നത്. കാലത്തെ അതിവര്‍ത്തിക്കാനും തലമുറകളുടെ വിശ്വാസമാര്‍ജിക്കാനും സ്വന്തം മതത്തിന് ശക്തി പോരെന്ന ബോധ്യത്തില്‍നിന്നാണ് വിശ്വാസ പരിവര്‍ത്തനത്തിനെതിരില്‍ ഹാലിളകാന്‍ ആളുകള്‍ പ്രേരിതരാകുന്നത്.

സാധാരണ ഗതിയില്‍ ഭൂരിപക്ഷ സംസ്‌കാരത്തില്‍നിന്ന് സ്വന്തം അസ്തിത്വം തന്മയത്വത്തോടെ നിലനിര്‍ത്താന്‍ കഴിയുമോ എന്ന ആശങ്ക ന്യൂനപക്ഷങ്ങള്‍ക്കാണ് ഉണ്ടാവേണ്ടത്. ഭൂരിപക്ഷ സംസ്‌കാരം ന്യൂനപക്ഷ സംസ്‌കൃതികളെ വിഴുങ്ങുകയാണ് പതിവ്. എന്നാല്‍, ഇന്ത്യയില്‍ നേരെ മറിച്ചല്ലേ സംഭവിച്ചുകൊണ്ടിരിക്കുന്നത്? 

ജാതിസമ്പ്രദായം, ബഹുദൈവാരാധന, വിഗ്രഹാരാധന തുടങ്ങിയ ദുരാചാരങ്ങള്‍ യഥാര്‍ഥത്തില്‍ ഹിന്ദുയിസത്തിന്റെ ദൗര്‍ബല്യങ്ങളാണ്. ജാതിസമ്പ്രദായവും അതുമൂലമുള്ള ഉഛനീചത്വങ്ങളുമാണ് ഹിന്ദുമതത്തില്‍നിന്ന് വലിയ തോതില്‍ ആളുകള്‍ ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ കാരണമായതെന്ന് പലരും പറയാറുണ്ട്. എന്നാല്‍ വിശ്വാസ-ആരാധനാപരമായ കാരണങ്ങളാലും ആദര്‍ശമാറ്റങ്ങള്‍ നടക്കുന്നുണ്ട്. 

ഖാലിദ് മോഴിക്കല്‍, പൂക്കോട്ടൂര്‍

 

 

 

മനം നിറച്ച മലര്‍വാടി

നൂറുദ്ദീന്‍ ചേന്നര 'മലര്‍വാടി' ബാലമാസികയെക്കുറിച്ച് എഴുതിയ കവര്‍ സ്റ്റോറി (ലക്കം 3021) വായിച്ചപ്പോള്‍ സ്‌കൂള്‍ ബാല്യം സ്മൃതിയായ് തഴുകിവന്നു. ഋതുക്കളുടെ ചുവടിനൊത്തോ, അതിനും ഒരു മുഴം മുമ്പേയോ നടക്കാന്‍ പ്രാപ്തി നേടിയ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ധിഷണാശേഷിയുള്ള നേതൃത്വത്തെക്കുറിച്ച് അഭിമാനം തോന്നി.

പൂമ്പാറ്റയെന്ന അമര്‍ ചിത്രകഥാ ലോകത്തെ വിസ്മയകാഴ്ചയില്‍നിന്നും കപീഷ് എന്ന വാനരന്റെ മാന്ത്രിക വാലില്‍നിന്നും ഞങ്ങളെയൊക്കെ യഥാര്‍ഥ വായനാ ലോകത്തേക്ക് വഴിതിരിച്ചുവിട്ട മലര്‍വാടി മാസികയുടെ ഉദ്യമം ഇന്ന് ശരിക്കും തിരിച്ചറിയാന്‍ കഴിയുന്നു. പുരാണങ്ങളിലെ സവര്‍ണ ബിംബങ്ങളിലൂടെ നെയ്‌തെടുത്ത അയുക്തികമായ കെട്ടുകഥകള്‍, അമാനുഷിക പരികല്‍പനകളിലൂടെ ബാലമനസ്സില്‍ കോറിയിടാന്‍ ശ്രമിച്ച സവര്‍ണ പൊതുബോധത്തെ ക്രിയാത്മകമായി പ്രതിരോധിക്കുകയായിരുന്നു മലര്‍വാടിയെന്ന് ഇന്ന് ബോധ്യമാകുന്നുണ്ട്.

എം.ടി വാസുദേവന്‍ നായര്‍, സി. രാധാകൃഷ്ണന്‍, വൈക്കം മുഹമ്മദ് ബഷീര്‍, കുഞ്ഞുണ്ണി മാഷ്, ഗുരു നിത്യചൈതന്യയതി തുടങ്ങിയ പ്രതിഭാശാലികളായ എഴുത്തുകാരെ ബാല്യലോകത്തിന് പരിചയപ്പെടുത്താന്‍ ഇ.വി അബ്ദുവിനെ പോലുള്ള പത്രാധിപര്‍  കാണിച്ച ആര്‍ജവം ഈയുള്ളവനെ പോലെയുള്ള അനേകം പേരെ വായനാ തെരഞ്ഞെുടുപ്പിലെ നെല്ലും പതിരും മനസ്സിലാക്കാന്‍ ഏറെ സാഹായിച്ചിട്ടുണ്ട്.

ആദ്യ ലക്കം ഉപ്പ വി.കെ മൊയ്തു ഹാജി വീട്ടില്‍ കൊണ്ടുവന്നപ്പോള്‍ വളരെ ആവേശത്തോടെ വായിച്ചത് ഓര്‍ക്കുന്നു. 'പ്രാര്‍ഥന' എന്ന പേരില്‍ വന്ന ഒരു അനുഭവക്കുറിപ്പ് (ലേഖകന്റെ പേര് ഓര്‍മയില്ല) ഇന്ന് വായിച്ച കഥ പോലെ നെഞ്ചകത്ത് തെളിഞ്ഞു കത്തുന്നു. ബസ്സിനകത്ത് ഒരു വയോധികന്‍ കൈയിലുള്ള നോട്ടുകെട്ടുകള്‍ എണ്ണി തിട്ടപ്പെടുത്തുന്നത് സസൂക്ഷ്മം നിരീക്ഷിച്ച ഒരാള്‍ കണ്ടക്ടര്‍ ടിക്കറ്റ് ചോദിക്കുമ്പോള്‍ പണം നഷ്ടപ്പെട്ടെന്ന് പരാതി പറയുകയും പോലീസ് സ്റ്റേഷനില്‍ വെച്ച് യാത്രക്കാരെ പരിശോധിക്കുമ്പോള്‍ അയാള്‍ പറഞ്ഞ തെളിവനുസരിച്ചുള്ള പണം ആ വയോധികന്റെ കൈയില്‍നിന്നും കണ്ടുകെട്ടി പരാതിക്കാരന് കൊടുക്കുകയും ചെയ്യുന്നു. ആ മനുഷ്യനാകട്ടെ അപമാനിക്കപ്പെട്ട് തന്റെ നിസ്സഹായത മന്ത്രങ്ങളായ്, പ്രാര്‍ഥനയായ് ദൈവത്തോട് പിറുപിറുക്കുന്നു. പണം വാങ്ങിയ യഥാര്‍ഥ കള്ളന്‍ ആഹ്ലാദത്തില്‍ റോഡ് മുറിച്ചുകടക്കുമ്പോള്‍ എതിരെ ഒരു വാഹനം തട്ടി തെറിച്ചുവീണ് പരിക്കു പറ്റി മരണത്തോട് മല്ലിടുമ്പോള്‍ അയാള്‍ യാഥാര്‍ഥ്യം വ്യക്തമാക്കുന്നതാണ് കഥ. അതിന് വരച്ച കാരിക്കേച്ചറുപോലും വര്‍ഷങ്ങള്‍ക്കിപ്പുറവും മനസ്സില്‍ വര്‍ണച്ചിത്രമായി മായാതെ കിടക്കുന്നു. അതാണ് ബാലമാസികകള്‍ കുരുന്ന ഹൃദയങ്ങളില്‍ അയത്‌നലളിതമായി സൃഷ്ടിച്ചുവിടുന്ന വിപ്ലവം. മര്‍ദിതന്റെ  പ്രാര്‍ഥനക്ക് പെട്ടെന്ന് ഉത്തരം ലഭിക്കുമെന്ന ഹദീസ് ക്ലാസുകള്‍ പലവുരു കേട്ടിട്ടും ഈയൊരു ഫീലിംഗ് വളര്‍ത്താനായില്ല എന്ന് സാന്ദര്‍ഭികമായി പറയട്ടെ.

മലര്‍വാടിയുമായി ബന്ധപ്പെട്ട വേറൊനുഭവം. കണ്ണൂര്‍ പുതിയങ്ങാടി ജമാഅത്ത് ഹൈസ്‌കൂളില്‍ എട്ടാം തരത്തില്‍ പഠിക്കുന്ന കാലത്തൊരിക്കല്‍ ജമാഅത്തെ ഇസ്‌ലാമി അംഗം ആയിരുന്ന മര്‍ഹൂം എസ്.വി.പി അബ്ദുല്ലാ സാഹിബ് ഇന്റര്‍വെല്‍ സമയത്ത് സ്‌കൂളില്‍ എന്നെ തേടിവന്നു. സഹപാഠികള്‍ക്ക് വില്‍പന നടത്താന്‍ നാലഞ്ച് കോപ്പി മലര്‍വാടി എന്നെ ഏല്‍പിച്ചു. മാര്‍ക്കറ്റിംഗിന്റെ ബാലപാഠമെന്തെന്നറിയാത്ത പ്രായത്തില്‍ കൂട്ടുകാര്‍ക്കിടയില്‍ കച്ചവടം ചെയ്യാനുള്ള പ്രയാസമോര്‍ത്ത് മലര്‍വാടി സ്വീകരിക്കാന്‍ ഒന്നു മടിച്ചു. എന്റെ മനസ്സ് വായിച്ചിട്ടെന്നോണം പതിവുശൈലിയില്‍ ഒന്ന് ശരീരം മുഴുവന്‍ വിറപ്പിച്ച് കുണുങ്ങിച്ചിരിച്ച് എന്റെ പുറത്ത് കൈകൊണ്ട് താളം പിടിച്ച് പറഞ്ഞു: 'ഒന്ന് ശ്രമിച്ചുനോക്കെടോ. വിറ്റു കഴിഞ്ഞ് മദ്‌റസയില്‍ വരുമ്പോള്‍ കാശ് തന്നാ മതി.' കൂടുതല്‍ ഒന്നും പറയാന്‍ അനുവദിക്കാതെ, അദ്ദേഹം വന്നതിലും വേഗത്തില്‍ തിരിച്ചുപോയി. 

ഭാഗ്യത്തിന് രണ്ട് ഉറ്റമിത്രങ്ങള്‍ അന്നു തന്നെ വാങ്ങിച്ചു. ആ രണ്ടു കോപ്പിയുടെ കാശ് മദ്‌റസയില്‍ വെച്ചു കണ്ടപ്പോള്‍ അദ്ദേഹത്തെ ഏല്‍പിച്ചു.. ബാക്കി മൂന്ന് കോപ്പി കുറേ ദിവസം കഴിഞ്ഞാണ് വില്‍പന നടന്നത്. ആ  അഞ്ചു രൂപ എന്റെ കൈയില്‍ ആഴ്ചകളോളം കടമായി കിടന്നു. എസ്.വി.പിയെ കണ്ടില്ല. കൈയിലുള്ള കാശ് പൂമ്പാറ്റ ദൈ്വവാരികക്കും മിഠായിക്കുമല്ലാം വേണ്ടി ചെലവായി! ഉമ്മാന്റെ കൈയില്‍ നിന്നും കാശ് വാങ്ങി കടം വീട്ടാനുള്ള ശ്രമം നീണ്ടുപോയി. അദ്ദേഹമാകട്ടെ കണ്ടപ്പോള്‍ ഒരിക്കല്‍ പോലും കാശിന്റെ കാര്യം ചോദിച്ചുമില്ല.

പ്രായമായി സ്വന്തം കച്ചവക്കാരനായി മാറിയപ്പോള്‍ ആദ്യത്തെ മാര്‍ക്കറ്റിംഗ് പാഠമുണ്ടാക്കിത്തന്ന എസ്.വി.പിയെ ഓര്‍ത്തു. അപ്പോഴേക്കും മലര്‍വാടി മാസികയുടെ ഒരു കോപ്പിയുടെ വില തന്നെ അഞ്ച് രൂപയായിട്ടുണ്ടാകും എന്നാണ് ഓര്‍മ . 

പ്രസ്ഥാന യോഗത്തിലും കല്യാണ പാര്‍ട്ടിയിലുമൊക്കെ അദ്ദേഹത്തെ കാണുമ്പോള്‍ അഞ്ചു രൂപ കടത്തിന്റെ കാര്യം ഓര്‍മ വരും. ഒരു വിലയുമില്ലാത്ത അഞ്ച് രൂപ തിരിച്ചേല്‍പിക്കാന്‍ ശ്രമിച്ചാല്‍ അത് അദ്ദേഹത്തെ കളിയാക്കുന്നത് പോലെയാകുമെന്ന ഒരു ഭീതി എന്നെ വേട്ടയാടിക്കൊണ്ടിരുന്നു. പലപ്പോഴും തമാശരൂപേണ പറഞ്ഞ് പൊരുത്തപ്പെടീക്കണമെന്ന് വിചാരിച്ചിട്ടും നൈസര്‍ഗീകമായ അപകര്‍ഷത മൂലം കഴിഞ്ഞില്ല. മരണത്തിന് തൊട്ടുമുമ്പ് സുഖമില്ലാത്ത അവസ്ഥയില്‍ കാണാന്‍ പോയപ്പോഴും മനോമുകുരത്തില്‍ അഞ്ച് രൂപ തെളിഞ്ഞു കത്തി. പരലോകത്തേക്കുള്ള ഒരു കടമായി ഇപ്പോഴും അഞ്ച് രൂപ എന്നെ വേട്ടയാടുന്നു. മലര്‍വാടിയെക്കുറിച്ചുള്ള ചരിത്രം വായിക്കുമ്പോള്‍ മനസ്സു മുഴുവന്‍ എസ്.വി.പിയായിരുന്നു. അദ്ദേഹത്തെപോലുള്ള അനേകം പ്രവര്‍ത്തകരുടെ ഇഛാശക്തിയും അര്‍പ്പണബോധവുമാണ് പ്രസ്ഥാനത്തിന്റെ എല്ലാ സംരംഭങ്ങളുടെയും വിജയത്തിന് നിദാനം. തീര്‍ച്ചയായും മലര്‍വാടി നമ്മുടെ കുരുന്നുകള്‍ക്കിടയില്‍ കരുത്തോടെ നിലനില്‍ക്കണം.

ശാഫി മൊയ്തു, കണ്ണൂര്‍

 

 

രക്ഷയില്ലാതെ ജനരക്ഷായാത്ര

സൗഹാര്‍ദത്തോടെ ജീവിക്കുന്ന കേരള ജനതക്കിടയില്‍ വര്‍ഗീയധ്രുവീകരണം നടത്തി ഇടം നേടുന്നതിന് അമിത്ഷായെയും യോഗിയെയും ഇറക്കുമതി ചെയ്തിട്ടും ബി.ജെ.പിയുടെ ജനരക്ഷാ യാത്രക്ക് ഒരു രക്ഷയും കിട്ടിയില്ല. വികസന സൂചികയില്‍ പിന്നാക്കം നില്‍ക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ നേതാക്കള്‍ ഇവിടെ വന്ന് കേരളജനതയെ അപമാനിക്കുംവിധം വികസനം പഠിപ്പിച്ചപ്പോള്‍ മലയാളികള്‍ കക്ഷിഭേദമില്ലാതെ ഒന്നടങ്കം ബി.ജെ.പി യാത്രയെ തള്ളിക്കളയുകയായിരുന്നു. വിഭാഗീയ അജണ്ടകള്‍ ഉത്തരേന്ത്യയിലെ പോലെ കേരള ജനതക്കിടയില്‍ വിലപ്പോവുകയില്ല എന്ന തിരിച്ചറിവ് ബി.ജെ.പിക്ക് ഈ വന്‍ പരാജയത്തില്‍നിന്ന് കിട്ടിയിട്ടുണ്ടാകണം! കലാപങ്ങളിലും കൊലപാതകങ്ങളിലും വലിയ ട്രാക്ക് റെക്കോര്‍ഡുള്ളവരാണ് 'കൊലപാതക'ങ്ങള്‍ക്കെതിരെ യാത്ര നടത്തുന്നത്!

സുഹൈല്‍ കാഞ്ഞിരപ്പുഴ, ക്രസന്റ് ആര്‍ട്‌സ് കോളേജ് അരീക്കോട്

Comments