Prabodhanam Weekly

Pages

Search

2017 ആഗസ്റ്റ് 04

3011

1438 ദുല്‍ഖഅദ് 11

അസംബന്ധങ്ങള്‍ അരങ്ങേറുമ്പോള്‍ നാവടക്കി പിടിക്കുന്ന പൗരബോധം

എ. റശീദുദ്ദീന്‍

ദുബൈയില്‍ താമസിക്കുന്ന കാലത്ത് ഞങ്ങളുടെ വില്ലയില്‍ വല്ലപ്പോഴുമൊക്കെ സന്ദര്‍ശിക്കാറുണ്ടായിരുന്ന മുഹമ്മദ് നസ്‌റുദ്ദീന്‍ എന്ന ചാച്ചയെ കുറിച്ച് മുമ്പൊരിക്കല്‍ എഴുതിയിട്ടുണ്ട്. സ്‌കൂള്‍ ബസിന്റെ ഡ്രൈവറായിരുന്നു പെഷവാറുകാരന്‍ ചാച്ച. അന്ന് ചെറിയ കുട്ടികളായിരുന്ന ഇഹ്‌സാനെയും ഉണ്ണിയെയും അടക്കം  ഞങ്ങളെ എല്ലാവരെയും, അതിര്‍ത്തി കടന്നുള്ള അന്തിമ യുദ്ധത്തിനിടെ ഒരുനാള്‍ വെടിവെച്ചുകൊല്ലേണ്ടി വരുന്ന പാകിസ്താനി മുസല്‍മാന്റെ ബാധ്യതയെ കുറിച്ച് അദ്ദേഹം പാതി തമാശയായി സങ്കടം പറഞ്ഞു. എല്ലാ ഇന്ത്യക്കാരെയും മുസ്‌ലിം അമുസ്‌ലിം എന്നൊന്നും വ്യത്യാസം കല്‍പ്പിക്കാതെ തന്നെ കൊന്നു തീര്‍ക്കലായിരുന്നു ചാച്ച മനസ്സിലാക്കിയ ജിഹാദ്. ഇന്ത്യയിലുള്ളവര്‍ നമസ്‌കരിച്ചതുകൊണ്ടോ നോമ്പെടുത്തതുകൊണ്ടോ ഒന്നും ഒരു കാര്യവുമുണ്ടായിരുന്നില്ല. കാഫിറുകളുടെ കൂടെ അഡ്ജസ്റ്റ് ചെയ്ത് ജീവിക്കുന്നതു കൊണ്ട് ഇന്ത്യയിലുള്ളവര്‍ അല്ലാഹു സ്വര്‍ഗം നല്‍കി അനുഗ്രഹിക്കാനിടയുള്ള നല്ല മുസല്‍മാന്മാരുടെ പട്ടികയില്‍ പെട്ടിരുന്നില്ല. മാത്രവുമല്ല ഇന്ത്യയിലെ മുസ്‌ലിംകള്‍ പുഷ്തു ഭാഷ അറിയാതെ സ്വര്‍ഗത്തില്‍ പോയതുകൊണ്ട് കാര്യവുമുണ്ടായിരുന്നില്ല. സ്വര്‍ഗീയ റാണികളായ ഹൂറുലീങ്ങള്‍ സംസാരിക്കുന്ന ഭാഷ പുഷ്തുവാണത്രെ. ഇസ്‌ലാമിലെ ജിഹാദിനെ കുറിച്ച് ഇങ്ങനെയൊരു അബദ്ധ പഞ്ചാംഗം പിന്നീടൊരാള്‍ പറഞ്ഞുകേട്ടത് കേരളം എന്ന അഭ്യസ്തവിദ്യരുടെ ദേവഭൂമിയില്‍നിന്ന് ഐ.പി.എസ് പാസായി പോലീസിന്റെ തലപ്പത്തിരുന്ന ഒരു ഡി.ജി.പിയുടെ നാവിലൂടെയാണ്.  മുഹമ്മദ് നസ്‌റുദ്ദീന്‍ എന്ന സാധാരണക്കാരനായ പഠാണി ഡ്രൈവറേക്കാളും ഈ പോലീസ് മേധാവിയുടെ പൗരബോധവും മാനവിക സങ്കല്‍പ്പങ്ങളും അല്‍പ്പം പോലും വ്യത്യസ്തമായിരുന്നില്ല. സംഘ് പരിവാരക്കാര്‍ മാത്രം വിരാജിക്കുന്ന ഗ്രൂപ്പുകളുടെ ബുദ്ധി നിലവാരത്തിലേക്ക് ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവര്‍ പോലും എത്തിപ്പെടുന്നതും ഇത്തരക്കാര്‍ പൊതുസമൂഹത്തിന്റെ ചിന്താശേഷിയെ സ്വാധീനിക്കുന്നതുമായിരുന്നു ഈ വിവാദത്തിന്റെ ആശങ്കയുണര്‍ത്തിയ വശങ്ങള്‍. 

ക്ഷേത്രത്തിനകത്ത് കയറിച്ചെന്ന് അവിടെയുള്ള ഏതെങ്കിലും പൂജാരിേെയയാ, വഴിയെ നടന്നുപോകുന്ന ഏതെങ്കിലും സാധാരണ ഹിന്ദുവിേെനയാ മതത്തിന്റെ പേരില്‍ വെട്ടിക്കൊന്ന 'ജിഹാദി'യെ ഇന്ത്യ ഒരിക്കലും കാണുന്നില്ലെങ്കിലും പൊതുബോധം മറിച്ചായി മാറുന്നു. ഒരു കാരണവുമില്ലാതെ പള്ളിക്കകത്ത് കയറി ' രാജ്യസ്‌നേഹാധിരകേ'ത്താല്‍ കൊലക്കത്തിക്കിരയായ മൗലവിമാരുടെയോ പെരുന്നാളിന് ഉടുപ്പ് വാങ്ങാന്‍ പോയ ഹാഫിള് ജുനൈദുമാരുടെയോ കാര്യത്തില്‍ ആരും ആരെയും തിരികെ വെട്ടിയതിന്റെ കഥകളും പറഞ്ഞു കേട്ടിട്ടില്ല. എന്നിട്ടും പാകിസ്താനില്‍ പോലും ഒറ്റപ്പെട്ടതെന്നോ അല്ലെങ്കില്‍ കുറ്റിയറ്റതെന്നോ പറയാവുന്ന ചാച്ചാമാരുടെ ജനുസ്സിനെ മുന്നില്‍ നിര്‍ത്തി ഇന്ത്യന്‍ മുസ്‌ലിംകളെ വളരെയെളുപ്പത്തില്‍ പൈശാചികവല്‍ക്കരിക്കുന്നു. മറുഭാഗത്ത് ചാച്ചാമാരുടെ ഇന്ത്യന്‍ പതിപ്പുകളെ ആര്‍ഷഭാരത സംസ്‌കാരവുമായി ആരും ചേര്‍ത്തു വായിക്കുന്നുമില്ല. മന്ദബുദ്ധികള്‍ എല്ലാ കൂട്ടത്തിലുമുണ്ട് എന്നല്ലാതെ മറ്റെന്ത് വ്യാഖ്യാനമാണ് ചാച്ചായിസത്തിന് നല്‍കാനാവുക? എല്ലാ ഹിന്ദുക്കളും ഏറ്റവും ചുരുങ്ങിയത് ആറ് കുഞ്ഞുങ്ങളെയെങ്കിലും പ്രസവിക്കണമെന്ന് ആഹ്വാനം ചെയ്ത പാര്‍ലമെന്റംഗങ്ങള്‍ പോലും ഇന്ത്യയിലുണ്ട്. ഉത്തരേന്ത്യന്‍ നേതാക്കളുടെ കാര്യമിരിക്കട്ടെ. കേരളത്തില്‍ ഈ ആഹ്വാനം മുഴക്കിയ, കുടുതല്‍ പ്രസവിക്കുന്ന വീരമാതാക്കളെ അംഗീകരിക്കാന്‍ ഹിന്ദു കുടുംബമേളകള്‍ വരെ നടത്തുന്നവരെ കുറിച്ച് എത്ര ഉദാഹരണങ്ങള്‍ വേണം! പാകിസ്താനിലെ ചില വെബ്‌െസെറ്റുകള്‍ ചേലാകര്‍മം ചെയ്യാത്ത ഇന്ത്യന്‍ 'ഭീകരരുടെ' ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കാറുള്ളത് ഹിന്ദുമതത്തിന്റെ പേരില്‍ വരവുവെച്ചാല്‍ എങ്ങനെയിരിക്കും? ഏറ്റവുമൊടുവില്‍ ഇന്ത്യ തന്നെ സന്ദീപ്കുമാര്‍ ശര്‍മ എന്ന ബ്രാഹ്മണനായ ലശ്കര്‍ ഭീകരനെ കശ്മീരില്‍നിന്ന് ഇക്കഴിഞ്ഞ ജൂലൈ 10ന് പിടികൂടിയല്ലോ. കുറ്റകൃത്യങ്ങളെ മതത്തിന്റെ ചെലവിലെഴുതി പൊതു പ്രശ്‌നമായി അവതരിപ്പിക്കുന്ന സംഘി സൈബര്‍ പോരാളികളുടെ നിലവാരം മാറ്റിനിര്‍ത്തുക. അത്തരം ചിന്താഗതിക്കാര്‍ ഭരണയന്ത്രത്തിന്റെ തലപ്പത്ത് എത്തിപ്പെടുന്നത് ആശങ്കയുളവാക്കേണ്ടതല്ലേ?  ഐ.എ.എസ്, ഐ.പി.എസ് പദവികളില്‍ ഇരിക്കുന്നവരെ തെരഞ്ഞെടുക്കുന്ന യു.പി.എസ്.സിയുടെ ഇന്റര്‍വ്യൂ ചില ജാതി സമീകരണങ്ങളുടെ ഭാഗമാണെന്നും അല്ലാതെ മെറിറ്റിലൂടെയല്ലെന്നും തെളിയിക്കാന്‍ ഇതിലപ്പുറം മറ്റെന്ത് ഉദാഹരണം വേണം? 

 

ജിഹാദ്

ബി.ജെ.പിയില്‍ കയറിപ്പറ്റാനായി മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥരും ജഡ്ജിമാരും ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന പലതരം 'അഭ്യാസങ്ങള്‍' തന്നെയാണ് ജിഹാദിന്റെ മികച്ച ഉദാഹരണമെന്ന് ഫേസ് ബുക്ക് സുഹൃത്ത് കൃഷ്ണ കുമാര്‍ ചൂണ്ടിക്കാട്ടുന്നു. സ്വന്തം ലക്ഷ്യം നേടുന്നതിനു വേണ്ടിയുള്ള ഒരുത്തന്റെ അശ്രാന്ത പരിശ്രമമാണ് ആ അര്‍ഥത്തില്‍ ഏതൊരാളുടെയും ജിഹാദായി മാറുന്നത്. ആയുധങ്ങള്‍ കൊണ്ട് അടിച്ചമര്‍ത്തപ്പെടുന്ന ഏതെങ്കിലും ജനത നിലനില്‍പ്പിനു വേണ്ടി നടത്തുന്ന സായുധ പോരാട്ടം അവരുടെയും ജിഹാദാണ്. ഇവിടെ അടിവരയിട്ടു മനസ്സിലാക്കേണ്ട ഒരു കാര്യം കൂടിയുണ്ട്. സായുധ പോരാട്ടങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ലാത്ത രാജ്യമാണ് ജനാധിപത്യ ഇന്ത്യ. പക്ഷേ ഇതില്‍ കശ്മീരില്‍ ഒഴികെയുള്ള പോരാട്ടങ്ങളെ മറ്റേതെങ്കിലും മതത്തിന്റെ ധര്‍മസമരമായി നമ്മുടെ രാജ്യം വിലയിരുത്തുന്നില്ല. മാവോയിസ്റ്റുകളും ഉള്‍ഫക്കാരും നാഗാ ഗ്രൂപ്പുകളും ഖലിസ്താന്‍ വാദികളും കംതാപൂര്‍ ലിബറേഷന്‍ ആര്‍മിയും ഗൂര്‍ഖാലാന്റ് പ്രക്ഷോഭകരും ബോഡോ കലാപകാരികളുമൊക്കെ കൊന്നുമുടിച്ചതിന്റെ കണക്ക് മതം തിരിച്ച് മുന്നില്‍ വെച്ചു വേണം ഈ ചര്‍ച്ചക്ക് സംഘ്പരിവാര്‍ രംഗത്തു വരേണ്ടത്.

മറ്റുള്ളവരെ കൊന്നുമുടിക്കാന്‍ ബാധ്യതയുള്ളവരാണ് മുസ്‌ലിംകളെന്ന സിദ്ധാന്തത്തിന്റെ അടിത്തറ എന്താണ്? ഇന്ത്യയില്‍ ഈ സിദ്ധാന്തത്തിന് ഉപോദ്ബലകമായ തെളിവുകള്‍ എന്ത്? മുസ്‌ലിംകള്‍ മതപരമായ മോക്ഷത്തിനു വേണ്ടി ആളെ കൊല്ലുന്ന ഈ ജിഹാദ് എവിടെയാണ് ഇന്ത്യയില്‍ അരങ്ങേറിയത്? കശ്മീരിലെ മുസ്‌ലിമിനെ സംബന്ധിച്ചേടത്തോളം അവന്‍ ഏതോ പ്രകാരത്തില്‍ സായുധസമരം നടത്തേണ്ട ഒരു സാഹചര്യമുണ്ടെന്ന് വാദത്തിന് സമ്മതിക്കുക. അല്ലാത്തവര്‍ക്ക് ആരാണ് ശ്രതു? ഹിന്ദുമതമാണ് ഈ ശത്രുവെങ്കില്‍ 600 വര്‍ഷം മുസ്‌ലിംകള്‍ ഭരിച്ച ഈ രാജ്യത്ത് ഒറ്റ ഹിന്ദുപോലും ബാക്കി ഉണ്ടാവുമായിരുന്നോ? രാജ്യദ്രോഹികളെ അവര്‍ ആരായാലും മതം നോക്കാതെ, സ്വന്തം സഹോദരനെ അടക്കം, കൊന്നൊടുക്കിയ ഔറംഗസീബിനെ പോലുള്ള ച്രകവര്‍ത്തിമാര്‍ ഭരിച്ച നാടായിരുന്നല്ലോ ഇന്ത്യ. എന്നിട്ടും കഷ്ടിച്ച് 14 ശതമാനമാണ് ഇന്ത്യന്‍ മുസ്‌ലിംകളുടെ എണ്ണം. ടിപ്പു സുല്‍ത്താന്റെ കര്‍ണാടകയില്‍ പോലും കഷ്ടിച്ച് രണ്ടക്കം (12.91) തികഞ്ഞതേയുള്ളൂ. ഒരു രാജാവിന്റെയും പടയോട്ടം നടക്കുന്നതിനു മുമ്പെ ഇസ്‌ലാം എത്തിയ കേരളത്തിലാവട്ടെ അതിന്റെ ഇരട്ടി മുസ്‌ലിംകളുണ്ട് എന്നതും ശ്രദ്ധിക്കുക.  മുസ്‌ലിംകള്‍ അല്ലാത്തതിന്റെ പേരില്‍ മാത്രം ഈ ച്രകവര്‍ത്തിമാര്‍ ആരെങ്കിലും അന്യമതസ്ഥരെ നിഗ്രഹിച്ചതായി ചരിത്രം പറയുന്നില്ലെന്ന് ഓഡ്രി ട്രുസ്‌കിയുടെ ഈയിടെ പുറത്തിറങ്ങിയ 'ഏറ്റുമുട്ടലുകളുടെ സംസ്‌കാരം, മുഗള്‍ ദര്‍ബാറിലെ സംസ്‌കൃതം' (Culture of Encounters: Sanskrit at the Mughal Court)  എന്ന ഗ്രന്ഥം ചൂണ്ടിക്കാട്ടുന്നു. വര്‍ത്തമാന ഇന്ത്യയിലാണ് 'ഹിന്ദുത്വ'ത്തില്‍ വിശ്വസിക്കുന്ന ആള്‍ക്കൂട്ടം ഭരണകൂടത്തിന്റെ നിഷ്‌ക്രിയത്വം  മുതലെടുത്ത് ഏതു മുസ്‌ലിമിനെയും തല്ലിക്കൊല്ലുന്നത്. നടേപ്പറഞ്ഞ ആരോപണത്തിന്റെ ക്ലാസിക്കല്‍ മറുവശമല്ലേ ഇത്?

ചരിത്രപരമായോ അല്ലാതെയോ തെളിവുകളില്ലാത്ത പലതരം ആരോപണങ്ങളുമായി ഇന്ത്യന്‍ മുസ്‌ലിംകളെ സായുധ സമരത്തിന്റെ വക്താക്കളാക്കി ചിത്രീകരിക്കുന്നവര്‍ വര്‍ത്തമാനകാല യാഥാര്‍ഥ്യങ്ങളുടെ കാര്യത്തില്‍ ഇരട്ടത്താപ്പു നയമാണ് സ്വീകരിക്കുന്നത്. മതഭ്രാന്തിന്റെ പേരില്‍ ഹിന്ദുക്കളെ കൊന്ന ച്രകവര്‍ത്തിയുടേതെന്ന ആരോപണമുയര്‍ത്തി ഔറംഗസീബ് റോഡിന്റെ പേര് മാറ്റിയിട്ടവര്‍ എന്തിന്റെ പേരിലാണ് നരേന്ദ്ര മോദിയെ ആഘോഷിക്കുന്നത്? ഗുജറാത്ത് വംശഹത്യയുടെ പേരിലല്ലേ? ബാബരി മസ്ജിദ് തകര്‍ത്ത കേസിലുള്‍പ്പെട്ട അദ്വാനിയാണ്  രാജ്യത്തെ ഭരണചക്രം തിരിച്ചവരില്‍ ഒരാളായി മാറിയത്. എന്നാല്‍ ക്ഷേത്രങ്ങള്‍ തകര്‍ത്തുവെന്ന് വിമര്‍ശിക്കപ്പെട്ട ഇതേ ഔറംഗസീബിനു വേണ്ടി അദ്ദേഹം അപേക്ഷിച്ചതിന്റെ പേരില്‍ പ്രധാനപ്പെട്ട പല ക്ഷേത്രങ്ങളിലും അക്കാലത്ത് രാവും പകലും എണ്ണവിളക്കുകള്‍ കത്തിച്ചിരുന്നുവെന്നാണ് ചരിത്രം പറയുന്നത്. ഉദാഹരണം  ഉജ്ജയിനിലെ ക്ഷേത്രം. ഔറംഗസീബ് തന്നെ ആയിരുന്നു ചിത്രകൂടിലെ ബാലാജി ക്ഷേത്രത്തിനും പണവും സ്ഥലവും നല്‍കിയതും സ്വയം അത് ഹിന്ദുക്കള്‍ക്ക് തുറന്നു കൊടുത്തതും. തനിക്കെതിരെ രാഷ്ട്രീയമായി നിലപാടെടുത്തവര്‍ മറയാക്കിയ നിരവധി ക്ഷേത്രങ്ങള്‍ തകര്‍ത്തതു പോലെ ഈ ച്രകവര്‍ത്തി വിശ്വാസികള്‍ക്ക് എത്രയോ ക്ഷ്രേതങ്ങള്‍ നിര്‍മിച്ചുകൊടുത്തതിനും രേഖകളുമുണ്ട്. 'ദൈവത്തിന്റെ വരദാനമായ എല്ലോറ ഗുഹയിലെ ശില്‍പ്പങ്ങള്‍' കാണാനാണ്, താലിബാനികളെ പോലെ തച്ചുടക്കാനായിരുന്നില്ല, ഈ ച്രകവര്‍ത്തി മഹാരാഷ്ട്രയിലേക്കുള്ള പടയോട്ടത്തിനിടെ സ്വന്തം മകനോട് ആവശ്യപ്പെട്ടത്. പശുക്കളെ കൊല്ലരുതെന്നും അവയെ ഹിന്ദുക്കള്‍ ആദരിക്കുന്നുണ്ടെന്നും ഇന്നലെ പൊട്ടിമുളച്ച മോദി സര്‍ക്കാറല്ല രാജ്യത്ത് ആദ്യം ഉത്തരവിട്ടത്, മറിച്ച് 1526ല്‍ ഇന്ത്യ ഭരിച്ച മുഗള്‍ ച്രകവര്‍ത്തി ബാബറാണ്. പക്ഷേ പില്‍ക്കാലത്ത് കൊന്നവരിലും തിന്നവരിലും മറ്റെല്ലാവരെയും പോലെ ഹിന്ദുക്കളും എമ്പാടുമുണ്ടായിരുന്നുവെന്നു മാത്രം. അയോധ്യാ നഗരത്തിലെ മഹാഭൂരിപക്ഷം ക്ഷേത്രങ്ങളും അവധിലെ നവാബുമാര്‍ പണിതു കൊടുത്തതാണ്. വാജ്‌പേയിയോ മോദിയോ ഒരു മസ്ജിദ് നിര്‍മിച്ചു നല്‍കിയതായി അവരുടെ ചരിത്രം അടയാളപ്പെടുത്തുന്നില്ലല്ലോ. മസ്ജിദ് തകര്‍ത്ത അതേ സ്ഥലത്ത് ക്ഷ്രേതം പണിയണം എന്നതല്ലേ ബി.ജെ.പിയുടെ അജണ്ടയിലുള്ളൂ? ജിഹാദും പരമത വിദ്വേഷവുമൊക്കെ യഥാര്‍ഥത്തില്‍ ആരുടെ അക്കൗണ്ടിലാണ് വരവു വെക്കേണ്ടതെന്ന സൂചകങ്ങളാണ് ഇവെയല്ലാം തന്നെ.

 ജിഹാദിനെ കുറിച്ച് ഉപന്യാസമെഴുതുന്ന പോലീസ് ഉദ്യോഗസ്ഥരില്‍ മിക്കവരും തെല്‍അവീവിേെലയാ അേമരിക്കയിലെയോ സുരക്ഷാ ട്രെയ്‌നിംഗില്‍ എപ്പോെഴങ്കിലുമൊരിക്കല്‍ പങ്കെടുത്തവരാണ്. പേക്ഷ ഇസ്രയേലിനും അമേരിക്കക്കും ഇസ്‌ലാമുമായുള്ള പ്രശ്‌നങ്ങളല്ല ഇങ്ങ് ഇന്ത്യയിലെ യാഥാര്‍ഥ്യമെന്ന് തിരിച്ചറിയാനുള്ള വകതിരിവ് ഇല്ലാത്തതു കൊണ്ടാണ് മോദിവിരുദ്ധ പ്രകടനം മുതല്‍ മുടി വളര്‍ത്തിയതും പോസ്റ്റര്‍ ഒട്ടിച്ചതും മത്രപസംഗം നടത്തിയതുമൊക്കെ കേരളത്തിലെ ഇസ്‌ലാമിക ഭീകരത ആയതും മുസ്‌ലിംകള്‍ ഉള്‍പ്പെട്ട 110 കേസുകള്‍ നേര്‍ക്കുനേരെ യു.എ.പി.എയിലേക്ക് ചേര്‍ത്തുവെക്കപ്പെട്ടതും. ഏറ്റവും ഒടുവില്‍ പുറത്തുവന്ന മനുഷ്യാവകാശ കമീഷന്റെ കണക്കിലും ഓരോ ആഴ്ചയിലും ഒരാള്‍ വീതം ഇന്ത്യയില്‍ യു.എ.പി.എയുടെ ഇരയായി മാറുന്നുണ്ട്. അന്താരാഷ്്രട സിദ്ധാന്തങ്ങളുടെ ചെരിപ്പിനൊത്തു കാലുമുറിച്ചതുകൊണ്ടാണ് പിടികിട്ടാത്ത എല്ലാ പ്രതികളുെടയും പേരിനു മുമ്പില്‍ ഫലസ്ത്വീനികളും അറബികളും ഉപയോഗിക്കുന്നതും ഇന്ത്യയില്‍ പ്രചാരത്തിലില്ലാത്തതുമായ 'അബൂ' എന്നു ചേര്‍ക്കേണ്ടിവന്നത്. നാറാത്ത് കേസുപോലുള്ളവയുടെ കുറ്റപ്രതവുമായി സുപ്രീംകോടതി വരെ പോയ കേരളാ പോലീസിന് നാണം കെട്ടു മടങ്ങേണ്ടിവന്നത്. ഈ നാണക്കേടുകളുടെ മല ചുമന്നു നടക്കുമ്പോഴും ജിഹാദിനെ കുറിച്ച് പഠിച്ചതു തന്നെ പാടേണ്ട ഗതികേടുണ്ടായത്. ആ വാക്കിന്റെ അര്‍ഥമെന്താണെന്ന് പഠിച്ചു മനസ്സിലാക്കാനുള്ള ബുദ്ധിശക്തി നമ്മുടെ ഐ.പി.എസ്സുകാര്‍ക്ക് ഇല്ലാതെ പോയത്. കേരളത്തില്‍ ഭീകരാക്രമണ നാടകം താരതമ്യേന കുറവായിരുന്നു. എന്നാല്‍ കോടതിയില്‍ വിഡ്ഢിവേഷം കെട്ടി എഴുന്നള്ളിച്ച ഏതാണ്ടെല്ലാ ഭീകരാക്രമണ കേസുകളും തള്ളിപ്പോകുന്ന സാഹചര്യമാണ് മറ്റ് സംസ്ഥാനങ്ങളിലുണ്ടായത്. മുസ്‌ലിംകള്‍ ഉള്‍പ്പെട്ട 99 ശതമാനം ഭീകരാക്രമണ കേസുകളിലും ഹാജരാക്കപ്പെടുന്ന തെളിവുകളുടെ സ്വഭാവം അസംബന്ധജഡിലമാം വിധം ഒന്നു തന്നെയായിരുന്നു. വിട്ടയക്കപ്പെട്ടവര്‍ക്കെല്ലാം പറയാനുണ്ടായിരുന്നത് മതവൈരം മൂത്ത നിയമപാലകരുടെ കള്ളക്കളികളെ കുറിച്ചായിരുന്നു. ഈ കാപട്യത്തെ വീണ്ടും മുസ്‌ലിംകളുടെ തലയില്‍ അടിച്ചേല്‍പ്പിക്കാനായിരുന്നില്ലേ കേരളത്തിലെ മുന്‍ ഡി.ജി.പി ഒരു അഭിമുഖത്തിലൂടെ ശ്രമിച്ചത്? അദ്ദേഹം സര്‍വീസില്‍ ഇരിക്കെ എടുത്ത കേസുകളുടെ പൊതുസ്വഭാവം പരിശോധിക്കുമ്പോള്‍ ഇത് വെറും ആരോപണമല്ലെന്ന് പകല്‍ പോലെ വ്യക്തം.  

മുസ്‌ലിംകളുടെ 'വിഷമിറക്കാന്‍' 512 പേരെ നിയമിച്ചതായാണ് നടേപ്പറഞ്ഞ അഭിമുഖത്തില്‍ മുന്‍ ഡി.ജി.പി വെളിപ്പെടുത്തുന്നത്. അദ്ദേഹം പറഞ്ഞ ജിഹാദില്‍ വിശ്വസിക്കാന്‍ സാധ്യതയുള്ള മുസ്‌ലിംകള്‍ ഏതാണ്ടെല്ലാവരും ആടുകളെയും തെളിച്ച് അഫ്ഗാനിസ്താനിലേക്കു പോയി എന്നാണ് പോലീസിന്റെ തന്നെ കണക്കുകള്‍. അവരാകട്ടെ എണ്ണത്തില്‍ ഇപ്പോഴും 50 കടന്നതിന് വിശ്വാസയോഗ്യമായ തെളിവുകളുമില്ല. എങ്കില്‍ പിന്നെ ഈ 512 പേര്‍ ആരാണെന്നും അവര്‍ കേരളത്തില്‍ എവിെടയാണ് പണിയെടുക്കുന്നതെന്നും പൊതുജനം അറിയേണ്ടതല്ലേ? 

 

വിവാഹം

ഹിന്ദുത്വം നട്ടുവളര്‍ത്താന്‍ ശ്രമിക്കുന്ന മറ്റൊരു ഭീതിയാണ് ജനപ്പെരുപ്പം. മറ്റു മതങ്ങള്‍ വളര്‍ന്നു വലുതായി ഹിന്ദുമതത്തെ അപകടപ്പെടുത്തുമെന്നാണ് ഈ സിദ്ധാന്തം. നിലവില്‍ രാജ്യത്തെ 14 ശതമാനം മാത്രമുള്ള ഒരു ജനവിഭാഗമാണ് അടുത്ത 20 വര്‍ഷത്തിനകം ഭൂരിപക്ഷമാകുമെന്ന് പ്രചരിപ്പിക്കപ്പെടുന്നത്. ഗണിതശാസ്്ത്രപരമായും സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ അനുസരിച്ചും ശുദ്ധ അസംബന്ധമായ ഈ പ്രചാരണത്തെ നുണയാണെന്ന് അറിഞ്ഞുകൊണ്ട് ഏറ്റുപിടിക്കുന്ന രാഷ്്രടീയ ഭിക്ഷാദേംഹികളുടെ ജനസംഖ്യയാണ് യഥാര്‍ഥത്തില്‍ ഭയാനകമാംവിധം ഇന്ത്യയില്‍ വര്‍ധിക്കുന്നത്. അന്ധവിശ്വാസങ്ങള്‍ രാഷ്്രടീയ സൗകര്യത്തിനു വേണ്ടി പോഷിപ്പിക്കപ്പെടുന്ന ഒരു രാജ്യത്ത് സ്വാഭാവിക വളര്‍ച്ചയില്‍ പിന്നാക്കം പോയ ഒരു ജനത സ്വന്തം കൊള്ളരുതായ്മക്ക് മറ്റുള്ളവരെ പഴി പറയുകയും അതിന് അധികാരവും സ്വാധീനവും ഉപയോഗിച്ച് ദുഷ്പ്രചാരണം നടത്തുന്നതുമാണ് ഈ ജനസംഖ്യാ സിദ്ധാന്തത്തില്‍ ആകെക്കൂടിയുള്ളത്. 

ഓരോ കുഞ്ഞും ജനിച്ചു വീഴുന്നത് വിവാഹം കഴിപ്പിച്ച് അയക്കപ്പെടാനാണെന്ന് വിശ്വസിക്കുന്നവരുടെ രാജ്യമാണ് ഇന്ത്യ. ഗ്രാമങ്ങളില്‍ പെണ്‍കുഞ്ഞുങ്ങളുടെ ജാതകം എഴുതിക്കുന്നത് അവള്‍ക്ക് ഭാവിയില്‍ വിവാഹം തരപ്പെടുമോ ഇല്ലേ എന്ന് കണ്ടെത്താനും അവളെ വിവാഹം കഴിക്കുന്ന പുരുഷന് ദുര്‍മരണം ഉണ്ടാവുമോ ഇല്ലേ എന്ന് ഉറപ്പുവരുത്താനുമാണ്. പെണ്‍കുഞ്ഞ് പഠിച്ച് മിടുക്കിയാവുമോ എന്നറിയാനായി മാത്രം അവളുടെ ജന്മനക്ഷത്രവും ഗ്രഹനിലയും അന്വേഷിച്ചു ജോത്സ്യനെ സമീപിക്കുന്നവര്‍ ഉത്തരേന്ത്യയില്‍ പോയിട്ട് കേരളത്തില്‍ പോലും ഉണ്ടാവാനിടയില്ല. സൗരയൂഥത്തിലെ നക്ഷത്രങ്ങള്‍ക്കും ആകാശഗംഗയിലെ ഗ്രഹങ്ങള്‍ക്കും ഭൂമിയിലൊരിടത്ത് ജനിച്ചു വീഴുന്ന കുഞ്ഞിന്റെ ഭാവി നിശ്ചയിക്കുന്നതില്‍ നിര്‍ണായകമായ പങ്കുണ്ടെന്നത് അന്ധവിശ്വാസം എന്നതിനേക്കാളുപരി രാഷ്ട്രീയ സംസ്‌കാരമായി ഇന്ത്യയില്‍ രൂപം മാറുന്നുണ്ട്. ഹിന്ദുമത വിശ്വാസികളല്ലാത്ത ഇന്ത്യക്കാരുടെയും ജാതകം എന്താണെന്ന മിനിമം ധാരണ പോലുമില്ലാത്ത ഇംഗ്ലീഷുകാരുടെയും അറബികളുടെയുമൊന്നും ജീവിതത്തില്‍ ഒരു സ്വാധീനവും ചെലുത്താത്ത ഈ കപടശാസ്ത്രം പിന്തുടര്‍ന്നതിന്റെ ഭാഗമായി പ്രജനന കാര്യത്തില്‍ മറ്റുള്ളവരക്കോള്‍ പിന്നിലാകുന്ന ഹിന്ദുമത വിശ്വാസികളുടെ എണ്ണം വര്‍ഷം തോറും കൂടിവരികയാണ് ചെയ്യുന്നത്. 

സ്വാഭാവിക ജനസംഖ്യാ കണക്കുകള്‍ പറയുന്നത് കേരളത്തില്‍ 26 ശതമാനമാണ് മുസ്‌ലിം ജനസംഖ്യ എന്നാണ്. ക്രിസ്ത്യാനികളുടെ എണ്ണം 19 ശതമാനേത്താളം വരും. ശേഷിച്ച 55 ശതമാനവും ഹിന്ദുക്കളാണ്. വിവാഹങ്ങളുടെ കണക്ക് എടുക്കുമ്പോള്‍ നേരിയ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവാമെങ്കിലും ഈ അനുപാതം തന്നെയാണുള്ളത്. അതില്‍ ജനിച്ചു വീഴുന്ന 100ല്‍ 42 കുഞ്ഞുങ്ങളും മുസ്‌ലിംകളുടേതാണെന്ന് പറയുേമ്പാള്‍ ശേഷിച്ച 58 കുഞ്ഞുങ്ങള്‍ മാത്രമാണ് ഹിന്ദുക്രിസ്ത്യന്‍ കുടുംബങ്ങളുടേതായി ബാക്കിയുള്ളത്. എല്ലാ മുസ്‌ലിംകള്‍ക്കും ഒന്നില്‍ ഏറെ കുട്ടികള്‍ ജനിക്കുകയും ഹിന്ദുക്രിസ്ത്യന്‍ ദമ്പതിമാരില്‍ മൂന്നിലൊരാള്‍ക്ക് ഒറ്റ കുഞ്ഞു പോലും ജനിക്കാതിരിക്കുകയും ചെയ്താലേ ഈ കണക്ക് ശരിയാകൂ. ഒറ്റ ഹിന്ദുക്രിസ്ത്യന്‍ കുടുംബത്തിലും ഒന്നിലേറെ കുഞ്ഞുങ്ങള്‍ ഉണ്ടാവാനേ പാടില്ല. അതല്ലല്ലോ സംസ്ഥാനത്തെ ചിത്രം. ജനസംഖ്യയുടെ കാര്യം 42 എന്നത് എണ്ണമല്ല ശതമാനമാണെന്ന് മുന്‍ ഡി.ജി.പി പിന്നീട് തിരുത്തിയെങ്കിലും അതുപോലും ഹിന്ദു ജനനത്തിന്റെ ശതമാനക്കണക്കുമായി പൊരുത്തപ്പെടുമായിരുന്നില്ല. 

2002ല്‍ പുറത്തുവന്ന കേരള ഗവണ്‍മെന്റിന്റെ സര്‍വെ കണക്കുകള്‍ പറയുന്നത് സംസ്ഥാനത്തെ പുരുഷന്മാരുടെ ശരാശരി വിവാഹപ്രായം 28.7ഉം സ്ത്രീകളുടേത് 22.7ഉം ആണെന്നാണ്. ഇത് സംസ്ഥാനത്തിന്റെ വലിയ നേട്ടമായാണ് ആരോഗ്യവകുപ്പ് കണക്കിലെടുത്തത്. എന്നാല്‍ മുസ്‌ലിം സമുദായത്തിനകത്തെ ശരാശരി വിവാഹപ്രായം ഇതിനേക്കാള്‍ പുരുഷന്മാരുടെ കാര്യത്തില്‍ നാലും സ്ത്രീകളുടേതില്‍ മൂന്നും കുറവാണ്. 1990ല്‍ ശരാശരി 19.3 വയസ്സില്‍ വിവാഹിതരായിരുന്ന ഇന്ത്യന്‍ വനിത 21.2 വയസ്സിലാണ് 2011ല്‍ വിവാഹിതരായത്. മറുഭാഗത്ത് 2001ല്‍ രാജ്യത്ത് 51.2 ദശലക്ഷം അവിവാഹിതകളോ വിവാഹമോചിതരോ ഉണ്ടായിരുന്നപ്പോള്‍ 2015ല്‍ അവരുടെ എണ്ണം 71 ദശലക്ഷമായി ഉയര്‍ന്നു. ഇതില്‍ നല്ലൊരു പങ്കും ജാതകദോഷത്തിന്റെ ഇരകളായിരുന്നു. 1960ല്‍ വിവാഹിതരായ രണ്ട് ഹിന്ദുമുസ്‌ലിം കുടുംബങ്ങളെ ഉദാഹരിച്ച് സാമൂഹിക മാധ്യമങ്ങളില്‍ ഏറെ പ്രചരിച്ച ഒരു പോസ്റ്റ് ചൂണ്ടിക്കാട്ടുന്നത് 40 വര്‍ഷക്കാലയളവില്‍ മുസ്‌ലിം കുടുംബത്തിന്റെ മൂന്നാമത്തെ തലമുറ വിവാഹ്രപായത്തിലേക്ക് എത്തുേമ്പാള്‍ നാട്ടുനടപ്പും വിശ്വാസങ്ങളും മുറുകെ പിടിച്ച ഹിന്ദു കുടുംബത്തിന്റെ രണ്ടാമത്തെ തലമുറക്കു മാത്രമേ അതേ ലക്ഷ്യം നേടാന്‍ കഴിഞ്ഞിരുന്നുള്ളൂ എന്നാണ്. ഈ കുറ്റം ആരുടേതാണ്? 


ഹിന്ദുത്വ ഭാരതം

ലക്ഷ്യം നല്ലതാണെന്ന് ആദ്യമേ പറഞ്ഞുവെച്ചാല്‍ അതിലേക്കുള്ള എത്ര മോശപ്പെട്ട വഴിയും അംഗീകരിച്ചുകൊടുക്കുന്ന ആഗോള സിദ്ധാന്തങ്ങളുടെ കൂട്ടത്തില്‍ കമ്യൂണിസമാണ് എല്ലായ്‌േപ്പാഴും പ്രതിക്കൂട്ടില്‍ നിര്‍ത്തപ്പെടാറുള്ളത്. എന്നാല്‍ ഹിന്ദുത്വമോ? ആധുനികകാലത്ത് മാനവികതയുടെ മുമ്പിലുള്ള ഏറ്റവും അപകടകരമായ ഈ സിദ്ധാന്തം ആധിപത്യത്തിലേക്കുള്ള വഴിയില്‍ ചെയ്യാത്തതായി എന്തുണ്ട് ബാക്കി? ചാണക്യനീതിയനുസരിച്ച് രാജാവിന് കൊല്ലുകയോ ചതിക്കുകയോ കൂട്ടക്കുരുതി നടത്തുകയോ നുണപറയുകയോ ഒക്കെ ചെയ്യാനാവും. പക്ഷേ രാജ്യത്തിന് വേണ്ടിയാവണമെന്നു മാത്രമേ നിഷ്‌കര്‍ഷിക്കുന്നുള്ളൂ. ഗുജറാത്ത് കൂട്ടക്കുരുതിയെ തള്ളിപ്പറയാന്‍ നരേന്ദ്ര മോദി തയാറാവാത്തത് ശ്രദ്ധിക്കുക. വാജ്‌പേയി രാജധര്‍മത്തെ കുറിച്ച് പ്രസംഗിച്ചപ്പോഴും മോദിയെ സംബന്ധിച്ചേടത്തോളം തന്റെ  പ്രവൃത്തി രാജനീതിയായിരുന്നു.  ജനാധിപത്യ രാജ്യത്തിന്റെ തത്ത്വങ്ങള്‍ക്ക് നിരക്കാത്ത ഈ വംശഹത്യയാണ് പില്‍ക്കാലത്ത് നരേന്ദ്ര മോദിയുടെ പ്രതിഛായയുടെ അടിത്തറയായി മാറിയത്.

ഭരണകൂടം ഏറ്റവും മുകളില്‍നിന്ന് തുടക്കമിടുന്ന ഈ കാപട്യത്തിന്റെ പലതരം നിദര്‍ശനങ്ങളെയാണ് രാജ്യം നിത്യേനയെന്നോണം കണ്ടുകൊണ്ടിരിക്കുന്നത്. പശു മൂത്രത്തിന്റെ ഗുണങ്ങളെ കുറിച്ച് പഠിക്കാന്‍ ശാസ്ത്രസാങ്കേതിക സമിതി രൂപപ്പെടുത്തുന്നതും അന്താരാഷ്ട്ര സയന്‍സ് കോണ്‍ഗ്രസില്‍ ഗാന്ധാരിയുടെ ടെസ്റ്റ് ട്യൂബ് വിജ്ഞാനത്തെ കുറിച്ച ചര്‍ച്ച നടക്കുന്നതും ക്രിക്കറ്റ് കളി ജയിക്കാന്‍ അങ്ങാടിയില്‍ ശ്രതു സംഹാരയാഗം നടത്തുന്നതും റോക്കറ്റ് വിക്ഷേപണത്തിന് മുന്നോടിയായി പോലും ഭൂമിപൂജ അരങ്ങേറുന്നതുമൊക്കെ സാംസ്‌കാരിക പുനരുത്ഥാനമായാണ് പുതിയ കാലത്ത് വിലയിരുത്തപ്പെടുന്നത്. പുഴയിലേക്ക് നാണയം വലിച്ചെറിയുന്നത് പുരാതന കാലത്തെ ജലസംസ്‌കരണ ടെക്‌േനാളജിയുടെ ഭാഗമാണെന്നും  നെറ്റിയില്‍ സിന്ദൂരം തേക്കുന്നത് ശരീരത്തിലെ ഊര്‍ജപ്രവാഹത്തെ നിയന്ത്രിക്കാനാണെന്നും കുനിഞ്ഞ് മറ്റൊരാളുടെ പാദം തൊടുമ്പോള്‍ കോസ്‌മെറ്റിക് എനര്‍ജിയുടെ പ്രവാഹം ഉണ്ടാകുമെന്നും മറ്റും പറയുമ്പോള്‍ നാണയങ്ങള്‍ വലിച്ചെറിയാത്ത അന്യരാജ്യങ്ങളിലെ പുഴയുടെ വിശുദ്ധിയും നമ്മുടെ നദികളുടെ ശോച്യാവസ്ഥയും തമ്മിലുള്ള അന്തരം ഒരു നിമിഷത്തേക്കു പോലും ആലോചനയിലെത്തുന്നില്ല. ജാതകം നോക്കാത്ത വിവാഹങ്ങളുടെ മംഗല്യഭാഗ്യവും ഹസ്തദാനം നടത്തിയിട്ടും ഇന്ത്യക്കാരേക്കാള്‍ യൂറോപ്യന്‍ വംശജരുടെ കോസ്‌മെറ്റിക് സൗന്ദര്യം വേറിട്ടുനില്‍ക്കുന്നതും വാസ്തു നോക്കാത്തവരുടെ ഗാര്‍ഹിക സമാധാനവും സാമ്പത്തിക അഭിവൃദ്ധിയും അത് നോക്കിയവരുടേതിനേക്കാള്‍ എവിടെയെങ്കിലും േവറിട്ടു നില്‍ക്കുന്നുണ്ടോ എന്നതൊന്നും ചര്‍ച്ചയേ ആകുന്നില്ല. നമ്മുടേത് എല്ലാം മെച്ചപ്പെട്ടതാണെന്നും മറ്റുള്ളവരുടേത് മോശമാണെന്നും തലക്കെട്ട് ഇട്ടതിനു ശേഷം അതിന്റെ താഴെ ആര്‍ക്കും എന്ത് അസംബന്ധവും പ്രചരിപ്പിക്കാവുന്ന രാജ്യമായി ഇന്ത്യ മാറി. പക, വംശീയത മുതലായ കുറ്റകൃത്യങ്ങള്‍ ഇതോടെ ദേശസ്‌നേഹത്തിന്റെ ഭാഗമായി മാറുകയും ഇഷ്ടമില്ലാത്തവന്റെ മതം ഭീകരതയാവുകയും ചെയ്യുന്നു. 

അസംബന്ധങ്ങളാണ് ആധുനിക ഇന്ത്യയെ അടയാളപ്പെടുത്തുന്നതെന്ന് വ്യക്തമാവുമ്പോഴും നാവടക്കി പിടിക്കുന്ന നമ്മുടെ പൗരേബാധം തന്നെയാണ് ഒന്നാമത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും പ്രതി.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (170 - 180)
എ.വൈ.ആര്‍

ഹദീസ്‌

സന്മാര്‍ഗ സരണിയില്‍ പതറാതെ
കെ.സി ജലീല്‍ പുളിക്കല്‍