Prabodhanm Weekly

Pages

Search

2012 മാര്‍ച്ച്‌ 24

വിമോചനത്തിന്റെ പ്രവാചക പാഠങ്ങള്‍

ലേഖനം - അബ്ദുല്‍ ഹകീം നദ്‌വി

സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഒരുക്കിയ പ്രദര്‍ശന സ്റ്റാളില്‍ യേശുവിനെ വിമോചകരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി മാര്‍ക്‌സിന്റെയും ലെനിനിന്റെയും മാവോ സേതുങ്ങിന്റെയും കൂടെ പ്രദര്‍ശിപ്പിച്ചത് വലിയ വിവാദമായിരുന്നല്ലോ. മതപക്ഷത്തുള്ളവര്‍ക്ക് ഏറെ ആവേശം പകരേണ്ട ഒരു സംഭവമായിരുന്നു ഇത്. കാരണം അവര്‍ക്ക് മതവും മത നേതാക്കളും എന്നും ദഹനക്കേടുകള്‍ മാത്രമാണ് ഉണ്ടാക്കിയിട്ടുള്ളത്. മതത്തെ തള്ളിപ്പറയുകയോ അതിനെ ഉള്‍ക്കൊള്ളാതിരിക്കുകയോ ചെയ്യുന്ന പാര്‍ട്ടിക്ക് മതത്തിന്റെ വിമോചകരെ തന്നെ കൂട്ടുപിടിക്കേണ്ടിവന്നുവെന്നും അതിലൂടെ മാത്രമേ ഇനി പാര്‍ട്ടിക്ക് മുന്നോട്ട് പോകാനാകൂ എന്നുമാണ് അവര്‍ പരസ്യമായിട്ടല്ലെങ്കിലും സമ്മതിച്ചത്. പക്ഷേ, സംഭവിച്ചത് മറിച്ചാണ്. മത പുരോഹിതന്മാരും സഭാ അധ്യക്ഷന്മാരുമെല്ലാം പാര്‍ട്ടിക്കെതിരെ ചന്ദ്രഹാസമിളക്കി കുരച്ചു ചാടുന്നതാണ് പിന്നീട് കണ്ടത്. വലതു പക്ഷ രാഷ്ട്രീയമാകട്ടെ വരാനിരിക്കുന്ന പിറവം തെരഞ്ഞെടുപ്പിന് ഇടതു പക്ഷത്തെ അടിക്കാനുള്ള വടിയായി ഇതിനെ ഉപയോഗപ്പെടുത്തുകയും ചെയ്തു. പ്രവാചകന്മാരുടെ വിമോചനപാതയെ പറ്റി ധാരണയുള്ളവര്‍ എന്ന് വിശ്വസിക്കുന്ന സാമുദായിക പാര്‍ട്ടി പോലും അതിന്റെ പോസിറ്റീവ് വശത്തെ ഉള്‍ക്കൊള്ളാനോ അംഗീകരിക്കാനോ കൂട്ടാക്കിയില്ല. സഭാ അധ്യക്ഷന്മാരില്‍ പലരും യേശുവിന്റെ വിമോചന മുഖത്തെ പാടെ നിഷേധിക്കുകയും പാര്‍ട്ടി സമീപനത്തെ രൂക്ഷമായി വിമര്‍ശിക്കുകയുമാണ് ചെയ്തത്. ക്രിസ്തു വിമോചകന്‍ തന്നെയാണെന്ന് പറഞ്ഞ സഭാധ്യക്ഷന്മാരെയും മറ്റും ഒറ്റപ്പെടുത്തി കല്ലെറിയാനാണ് വലതു പക്ഷ രാഷ്ട്രീയവും പുരോഹിത വിഭാഗവും കിണഞ്ഞ് ശ്രമിക്കുന്നത്. ആര്‍. ബാലകൃഷ്ണപ്പിള്ള പറഞ്ഞത് ക്രിസ്തു വിമോചകനാണെന്ന് പറഞ്ഞ പള്ളി വികാരിയുടെ കുപ്പായം ഊരി വാങ്ങണമെന്നാണ്.
ലോകത്ത് വന്ന എല്ലാ പ്രവാചകന്‍മാരും വിമോചകരും ജനപക്ഷ പോരാളികളും തന്നെയായിരുന്നു. ജനങ്ങളോടൊപ്പം ജീവിക്കുകയും അവരില്‍ ഒരാളായി ലയിക്കുകയും അവരുടെ ജീവല്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിച്ചു നല്‍കുകയും ചെയ്ത പൊതുജീവിതത്തിനുടമകളായിരുന്നു പ്രവാചകന്മാരെന്ന് ചരിത്രം പറയുന്നു. ഏകദൈവ വിശ്വാസം പഠിപ്പിച്ചതോടൊപ്പം സാമൂഹിക ഉച്ച നീചത്വങ്ങള്‍ക്കെതിരെ ശബ്ദിച്ച നൂഹ്, കമ്പോള ചൂഷണങ്ങള്‍ക്കെതിരെ പൊരുതിയ ശുഐബ്, സുഖാഢംബര ജീവിത കാഴ്ചപ്പാടുകള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ ഹൂദും സ്വാലിഹും, ധാര്‍മിക ജീവിത വിശുദ്ധിയുടെ അനിവാര്യതയും ലൈംഗിക അച്ചടക്കവും ഊന്നിപ്പറഞ്ഞ ലൂത്വ്, പൗരോഹിത്യത്തിനും ഭരണകൂട അനീതികള്‍ക്കുമെതിരെ പൊരുതിയ ഇബ്‌റാഹീം, അവശ വിഭാഗത്തിന്റെ അവകാശ സംരക്ഷണത്തിനായി നിലകൊണ്ട മൂസ, ജൂത പുരോഹിതന്മാരുടെ ദൈവം ചമയലിനെതിരെ വിരല്‍ ചൂണ്ടിയ ഈസാ തുടങ്ങിയ എല്ലാ പ്രവാചകന്മാരും സമൂഹത്തില്‍ ജനങ്ങളോടൊപ്പം ജീവിക്കുകയും അവരുടെ മോചനത്തിനായി പൊരുതുകയും ചെയ്ത വിപ്ലവകാരികള്‍ തന്നെയായിരുന്നു.
ഈ പരമ്പരയിലെ അവസാന കണ്ണിയായ മുഹമ്മദ് നബിയെ പറ്റിയാണ് സി.പി.എമ്മുകാര്‍ ഈ അഭിപ്രായം നടത്തിയിരുന്നതെങ്കിലും ഇങ്ങനെ ഒരു വിവാദം ഉണ്ടാകുമായിരുന്നു. കാരണം മുസ്‌ലിം സമൂഹത്തിലും മുഹമ്മദ് നബിയെ വലിയ തോതില്‍ പരിചയപ്പെടുത്തിയിട്ടുള്ളത് കേവല ആത്മീയഭാവം മാത്രമുള്ള വ്യക്തിത്വമായിട്ടാണ്. അതുകൊണ്ടാണ് മുടിക്കുരുക്കില്‍ കുടുക്കി മസ്‌ലിം സമൂഹത്തെ തങ്ങളുടെ കൈയിലിട്ടു അമ്മാനമാടാന്‍ പുരോഹിത വര്‍ഗത്തിന് ഇന്നും കഴിയുന്നത്. സ്വലാത്ത് വാര്‍ഷികവും സമ്മേളനങ്ങളും സംഘടിപ്പിച്ചും മുടിയുടെ പേരില്‍ പള്ളിയുണ്ടാക്കി അത് മുക്കിയ വെള്ളം കുടിപ്പിച്ചും മുസ്‌ലിം സമൂഹത്തെ തങ്ങളുടെ കൈവെള്ളയിലെ വരകള്‍ക്കപ്പുറം ചാടാന്‍ കഴിയാത്ത വിധം അവര്‍ കുടുക്കിട്ടിരിക്കുകയാണ്. ആരായിരുന്നു മുഹമ്മദ് നബിയെന്നു സത്യസന്ധമായി മനസ്സിലാക്കാന്‍ അവര്‍ കൂട്ടാക്കാറുമില്ല.
നബി തിരുമേനി ആരായിരുന്നുവെന്നും എന്തിനു വേണ്ടി നിയോഗിക്കപ്പെട്ടുവെന്നും വിശുദ്ധ ഖുര്‍ആന്‍ വളരെ തെളിമയോടെ വിശദീകരിക്കുന്നുണ്ട്. അതിന്റെ എല്ലാ അന്തസ്സത്തയും ചോര്‍ത്തിക്കളയുന്ന വിധം പ്രവാചക ജീവിതം സമൂഹ മധ്യത്തില്‍ വികലമായി ചിത്രീകരിക്കാന്‍ മാത്രമേ ഇക്കൂട്ടരുടെ അന്ധവിശ്വാസ വ്യാപാരം നിമിത്തമാവുകയുള്ളൂ. മുസ്‌ലിം സമൂഹത്തെ കണക്കിലധികം പരിഹസിക്കാനും വക്രീകരിക്കാനും ആയുധമന്വേഷിക്കുന്ന മാധ്യമ സിന്‍ഡിക്കേറ്റുകളുടെ മുമ്പില്‍ പോലും യാതൊരു ലജ്ജയുമില്ലാതെ ഇതിനെ ന്യായീകരിക്കുന്ന കൂട്ടര്‍ ആരെയാണ് പ്രതിനിധീകരിക്കുന്നതെന്ന് മുസ്‌ലിം സമൂഹം ഉറക്കെ ആലോചിക്കേണ്ടതുണ്ട്.
നബിയുടെ ദൗത്യത്തെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നത് ഇപ്രകാരമാണ്. തങ്ങളുടെ പക്കലുള്ള തൗറാത്തിലും ഇഞ്ചീലിലും രേഖപ്പെടുത്തിക്കാണുന്ന നിരക്ഷരനായ പ്രവാചകദൂതനെ പിന്തുടരുന്നവരാരോ, (അവരാകുന്നു ഇന്ന് ഈ അനുഗ്രഹത്തിന് അര്‍ഹരായിട്ടുള്ളവര്‍). അദ്ദേഹം അവര്‍ക്ക് നന്മ വിധിക്കുന്നു. തിന്മ വിലക്കുന്നു. അവര്‍ക്കായി ശുദ്ധ വസ്തുക്കള്‍ അനുവദിച്ചുകൊടുക്കുന്നു. അശുദ്ധ വസ്തുക്കളെ നിരോധിക്കുകയും ചെയ്യുന്നു. അവരെ ഞെരിച്ചുകൊണ്ടിരുന്ന ഭാരങ്ങള്‍ ഇറക്കിവെക്കുന്നു. അവരെ വരിഞ്ഞുമുറുക്കിയിരുന്ന ചങ്ങലകള്‍ പൊട്ടിച്ചെറിയുന്നു. അതിനാല്‍ അദ്ദേഹത്തെ വിശ്വസിക്കുകയും ബലപ്പെടുത്തുകയും സഹായിക്കുകയും അദ്ദേഹത്തോടൊപ്പം അവതരിച്ച വെളിച്ചത്തെ പിന്തുടരുകയും ചെയ്യുന്നവര്‍ മാത്രമാകുന്നു വിജയം പ്രാപിക്കുന്നവര്‍ (അല്‍ അഅറാഫ് 157). ഈ ദൗത്യനിര്‍വഹണം സാധ്യമാകും വിധം ജനങ്ങള്‍ക്കിടയില്‍ തിരുനബി പച്ചയായി ജീവിക്കുകയായിരുന്നു. തിരുദൂതരെ കുറിച്ച് അവര്‍ ഉന്നയിച്ച മറ്റൊരു ആരോപണം ഇപ്രകാരമായിരുന്നുവല്ലോ. 'അവര്‍ പറയുന്നു: അന്നം തിന്നുകയും അങ്ങാടികളില്‍ നടക്കുകയും ചെയ്യുന്ന ഇയാള്‍ എന്തു ദൈവദൂതന്‍? അയാളോടൊപ്പം നിന്ന് (അവിശ്വാസികളെ) ഭീഷണിപ്പെടുത്തുന്ന ഒരു മലക്ക് അയക്കപ്പെടാതിരുന്നതെന്ത്? അല്ലെങ്കില്‍ അയാള്‍ക്ക് ഒരു ഖജനാവെങ്കിലും ഇറക്കപ്പെടാത്തത്? അതൊന്നുമില്ലെങ്കില്‍ (സുഖമായി) ആഹാരം നേടുന്നതിനുള്ള ഒരു തോട്ടമെങ്കിലും അയാള്‍ക്കില്ലാത്തതെന്ത്?' (അല്‍ ഫുര്‍ഖാന്‍ 7,8). മതത്തിനകത്തും പുറത്തുമുള്ള പലരും ഇന്നും ചോദിക്കുന്ന ചോദ്യമാണിത്. സമര ഭൂമികളിലും പരിസ്ഥിതി പ്രശ്‌നങ്ങളിലും സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളിലും നിങ്ങള്‍ മതക്കാര്‍ക്ക് എന്ത് കാര്യം? ഖുര്‍ആന്‍ ഈ ചോദ്യത്തെ അന്ന് തന്നെ നേരിട്ടുണ്ട്. ഖണ്ഡിതമായ മറുപടിയും പറഞ്ഞിട്ടുണ്ട്. അല്ലാഹു പറയുന്നു. 'പ്രവാചകാ, നിനക്കു മുമ്പ് നാം അയച്ചിട്ടുള്ള ദൈവദൂതന്മാരൊക്കെയും അന്നം തിന്നുന്നവരും അങ്ങാടികളില്‍ നടക്കുന്നവരും തന്നെയായിരുന്നു' (അല്‍ ഫുര്‍ഖാന്‍ 20). അഥവാ ദൈവദൂതന്മാര്‍ ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ടും പരിഹരിച്ചും അവര്‍ക്കിടയില്‍ ജീവിക്കുകയായിരുന്നു. ജനങ്ങളാകട്ടെ പ്രവാചകന്മാരുടെ സാന്നിധ്യം അനുഭവിക്കുകയും ആസ്വദിക്കുകയുമായിരുന്നു.
തിരുദൂതരുടെ സവിശേഷതകളായി ഖുര്‍ആന്‍ പല കാര്യങ്ങളും പ്രതിപാദിക്കുന്നുണ്ട്. അവയില്‍ രണ്ടെണ്ണം പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. ഒന്ന്, മുത്ത്‌നബിയെ അല്ലാഹു നിയോഗിച്ചത് മുഴുവന്‍ ജനസമൂഹത്തിലേക്കുമാണ്. ഏതെങ്കിലും പ്രത്യേക കാലഘട്ടത്തേക്കോ പ്രദേശത്തേക്കോ അല്ല. ഒന്നടങ്കം മനുഷ്യ സമൂഹത്തിന്റെ വഴികാട്ടിയും വഴിവെളിച്ചവുമാണ് തിരുദൂതര്‍. അല്ലാഹു പറയുന്നു: '(പ്രവാചകാ,) മനുഷ്യര്‍ക്കൊന്നടങ്കം സുവിശേഷകനും മുന്നറിയിപ്പുകാരനുമായിട്ടു തന്നെയാകുന്നു നാം നിന്നെ നിയോഗിച്ചിട്ടുള്ളത്. പക്ഷേ, അധികജനവും അറിയുന്നില്ല' (സബഅ്: 28). ലോകത്ത് പല വിമോചകരും വിപ്ലവകാരികളും കഴിഞ്ഞുപോയിട്ടുണ്ട്. പക്ഷേ, അവരുടെ പ്രവര്‍ത്തനങ്ങള്‍ ആ കാലഘട്ടത്തിലോ പ്രദേശത്തോ ജനവിഭാഗത്തിലോ പരിമിതമായിരിക്കും. എല്ലാ കാലത്തും ജീവിക്കുന്ന മുഴുവന്‍ മനുഷ്യ സമൂഹത്തെയും ഉള്‍ക്കൊള്ളുന്ന ഒരു സമൂല വിപ്ലവം സാധിക്കുക എന്നതാണ് നബി നിയോഗത്തിന്റെ കാതലായ ലക്ഷ്യം. ചിലര്‍ മനുഷ്യന്റെ ആത്മീയ സത്തയെ മാത്രം അഭിമുഖീകരിച്ചപ്പോള്‍ മറ്റു ചിലര്‍ അവന്റെ ഭൗതിക പ്രകൃതത്തെ മാത്രമാണ് പരിഗണിച്ചത്. ചിലര്‍ തൊഴിലാളികള്‍ക്ക് വേണ്ടി മാത്രം നില കൊണ്ടപ്പോള്‍ മറ്റു ചിലര്‍ മുതലാളി വര്‍ഗത്തിന്റെ താല്‍പര്യങ്ങള്‍ മാത്രം സംരക്ഷിക്കാനാണ് നിലകൊണ്ടത്. മറ്റു ചിലര്‍ സമഗ്രമായ ജീവിത ദര്‍ശനത്തെ കുറിച്ച് പറഞ്ഞെങ്കിലും അത് ഒരു പ്രത്യേക കാലഘട്ടത്തിലേക്കും സമൂഹത്തിലേക്കും മാത്രം പരിമിതമായിരുന്നു. ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി മനുഷ്യ ജീവിതത്തിന്റെ എല്ലാ വശങ്ങളും സമഗ്രമായി ഉള്‍ക്കൊള്ളുകയും അവന്റെ ആത്മീയവും ഭൗതികവുമായ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ നിലകൊള്ളുകയും ചെയ്ത വിമോചകന്‍ എന്ന വിശേഷണം ചരിത്രത്തില്‍ വേറെ ആര്‍ക്കും അവകാശപ്പെടാനാകുന്നതല്ല.
രണ്ടാമത്തെ വിശേഷണം, പ്രവാചക നിയോഗം പ്രപഞ്ചത്തിന് മുഴുവന്‍ അനുഗ്രഹമാണെന്നതാണ്. അഥവാ നബിജീവിതത്തിന്റെ തണലും താങ്ങും കേവലം മനുഷ്യ സമൂഹത്തിനു മാത്രമല്ല പ്രപഞ്ചത്തിലുള്ള മുഴുവന്‍ ജീവജാലങ്ങള്‍ക്കും പ്രകൃതിക്ക് തന്നെയും അനുഗ്രഹവും നന്മയും സമ്മാനിച്ചുകൊണ്ടാണ് ലോകത്ത് നിറഞ്ഞുനില്‍ക്കുന്നത്. അല്ലാഹു പറയുന്നു: 'പ്രവാചകാ, ലോകര്‍ക്ക് അനുഗ്രഹമായിട്ടു മാത്രമാകുന്നു നാം നിന്നെ നിയോഗിച്ചിട്ടുള്ളത്' (അല്‍ അമ്പിയാഅ് 107). ഒരു ക്ഷേമ രാഷ്ട്രവും മാതൃകാ സമൂഹവും കെട്ടിപ്പടുക്കണമെങ്കില്‍ അനിവാര്യമായ എന്തെല്ലാം കാര്യങ്ങളുണ്ടോ അതെല്ലാം പ്രവാചകാധ്യാപനങ്ങളില്‍ ദര്‍ശിക്കാനാകും. ഒരു മതാധ്യാപകന്‍ എന്ന നിലയില്‍ ഒതുങ്ങുന്ന വിഷയങ്ങളല്ല നബിജീവിതത്തില്‍ നിന്നും ലഭിക്കുന്നത്. അതിനുമപ്പുറം മനുഷ്യ ജീവിതത്തിന്റെ അനിവാര്യമായ എല്ലാ ഭാഗങ്ങളും സന്തുലിതമായി ഉള്‍ക്കൊള്ളുകയും അവയെ അഭിമുഖീകരിക്കുകയും ചെയ്യുന്നുണ്ട്. വ്യക്തിജീവിതം മുതല്‍ രാഷ്ട്രീയവും രാഷ്ട്രാന്തരീയവുമായ മുഴുവന്‍ കാര്യങ്ങളും നബിസന്ദേശം ചര്‍ച്ച ചെയ്യുന്നു.
പ്രവാചക ജീവിതം മനുഷ്യ സമൂഹത്തിനു തെളിച്ചവും വെളിച്ചവുമാണ്. അത് ഏതെങ്കിലും പ്രത്യേക മേഖലയില്‍ ഒതുക്കാന്‍ കഴിയാത്ത വിധം സമഗ്രവും വിശാലവുമാണ്. ഒരിക്കല്‍ ഒരു ജൂതന്‍ നബി തിരുമേനിയുടെ അടുക്കല്‍ വന്നു ചോദിച്ചു: 'നിങ്ങളുടെ മതം മലമൂത്ര വിസര്‍ജന വിഷയം പോലും ചര്‍ച്ച ചെയ്യുന്നുണ്ടല്ലോ'. പ്രവാചകന്റെ മറുപടി: 'അതെ, എന്റെ മതം അങ്ങനെയുള്ളതാണ്. എല്ലാ കാര്യങ്ങളും അതില്‍ ഉള്‍പ്പെടുന്നു.' മനുഷ്യ ജീവിതവുമായി ബന്ധപ്പെടുന്ന ചെറുതും വലുതുമായ എല്ലാ കാര്യങ്ങളും നബിസന്ദേശത്തിന്റെ പ്രത്യേകതയാണ്. പള്ളിയും പാര്‍ലമെന്റും പ്രവാചകന്റെ പ്രവര്‍ത്തന മണ്ഡലങ്ങളായിരുന്നു. ആരാധനാ അനുഷ്ഠാനങ്ങളുടെ വിശദാംശങ്ങള്‍ പഠിപ്പിച്ച അതേ തിരുനാവിലൂടെ മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശവും നമുക്ക് ലഭിക്കുന്നു. കുടുംബ ജീവിതത്തിലും നാഗരിക സാംസ്‌കാരിക മണ്ഡലങ്ങളിലും രാഷ്ട്രീയ സാമൂഹിക രംഗത്തുമെല്ലാം വളരെ വ്യക്തതയുള്ള വഴി നബി തിരുമേനി വെട്ടിത്തെളിയിച്ചിട്ടുണ്ട്. അഴിമതിയും സ്വജനപക്ഷപാതവും കൈമുതലാക്കിയ ഭരണാധികാരികള്‍ പൊതുമുതല്‍ കട്ട് മുടിച്ചും ജനദ്രോഹ നടപടികള്‍ സ്വീകരിച്ചും പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി മുന്നേറുമ്പോള്‍ അവരെ കടിഞ്ഞാണിടാനും പുതിയ പ്രതീക്ഷകള്‍ സമൂഹത്തിനു പകര്‍ന്നു നല്‍കാനും പ്രവാചക സന്ദേശത്തെക്കാളും ഉത്തമമായ മറ്റൊന്ന് ലോകം അന്വേഷിച്ചു ഇതുവരെയും കണ്ടെത്താനായില്ലെന്നാണ് ലോകത്ത് നടക്കുന്ന പുതിയ സംഭവ വികാസങ്ങള്‍ തെളിയിച്ചു കൊണ്ടിരിക്കുന്നത്.
മതത്തിന് വിമോചന മുഖമുണ്ടെന്നും ആ വിമോചക മുഖം ഏറെ കരുത്തോടെ പ്രചരിപ്പിക്കേണ്ടതുണ്ടെന്നും മുസ്‌ലിം സമുദായം തന്നെ മറന്നിരിക്കുന്നു. തെരുവിലും കുടുംബത്തിലും ആരാധാനാലയങ്ങളിലും കോടതികളിലും പാര്‍ലമെന്റിലും കമ്പോളത്തിലും വിദ്യാലയങ്ങളിലും പുതിയ തെളിച്ചവും തെളിമയും പകര്‍ന്നുനല്‍കുന്ന വിമോചന പാത പ്രവാചകന്‍ നമുക്ക് മുമ്പില്‍ സമര്‍പ്പിച്ചിട്ടുണ്ട്. വിമോചനത്തിന്റെ പുതിയ ഗാഥകള്‍ ഇനിയും രചിക്കപ്പെടേണ്ടതുണ്ട്. വിമോചന പാത വെട്ടിത്തെളിച്ചവര്‍ എന്ന് നാം കരുതിയിരുന്നവര്‍ ഇന്ന് ചിത്രത്തിലില്ല. അല്ലെങ്കില്‍ അവരുടെ വിമോചന പാത വെളിച്ചമല്ല ഇരുട്ട് മാത്രമാണ് സമ്മാനിക്കുക എന്ന് ലോകം തിരിച്ചറിഞ്ഞിരിക്കുന്നു. മതത്തിന്റെ വിമോചന മുഖവും പ്രവാചകന്മാരുടെ വിമോചന പ്രവര്‍ത്തനങ്ങളും സമൂഹത്തില്‍ ആഴത്തില്‍ സ്വാധീനം ചെലുത്തുന്ന ഇക്കാലത്ത് മതവിരുദ്ധപക്ഷത്തു നില്‍ക്കുന്നവര്‍ അത് അംഗീകരിക്കാന്‍ കൂട്ടാക്കുന്നു എന്നതും അതിനെ അവര്‍ക്ക് പാര്‍ട്ടി പ്രചാരണത്തിന് ഉപയോഗിക്കേണ്ടി വരുന്നു എന്നതും മതപക്ഷത്തുള്ളവര്‍ക്ക് ആവേശം പകരേണ്ടത് തന്നെയാണ്.
abdulhakeemnadwi@gmail.com

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം