Prabodhanm Weekly

Pages

Search

2012 മാര്‍ച്ച്‌ 24

അറബികള്‍ക്ക് വീണ്ടും അവരുടെ സുവര്‍ണഘട്ടത്തെ വീണ്ടെടുക്കാനൊക്കും

എം.ഡി നാലപ്പാട്ട് / സുജിരിയ മീത്തല്‍, വര്‍ദ അന്‍വര്‍

ല്‍മാന്‍ റുഷ്ദിയുടെ ജയ്പൂര്‍ സാഹിത്യോത്സവത്തിലേക്കുള്ള നടക്കാതെ പോയ സന്ദര്‍ശനം ഏറെ വിവാദമുയര്‍ത്തിയല്ലോ. പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ ജസ്റ്റിസ് മാര്‍ക്കണ്ടേയ കട്ജു, 'സാത്താനിക് വേര്‍സസി'ന്റെ കുപ്രസിദ്ധിയിലൂടെ മാത്രം പേരെടുത്ത വെറുമൊരു രണ്ടാംകിട എഴുത്തുകാരനാണ് റുഷ്ദി എന്ന് അഭിപ്രായപ്പെട്ടു. ഈ സന്ദര്‍ശനത്തോട് മുസ്‌ലിംകള്‍ പൊതുവെ നിസ്സംഗരായിരുന്നു എന്നും, സന്ദര്‍ശനനീക്കവും പിന്നീടുള്ള വിസ നിഷേധവുമെല്ലാം കോണ്‍ഗ്രസ്സിന്റെ നാടകമായിരുന്നു എന്നും താങ്കള്‍ എഴുതി. വിശദീകരിക്കാമോ?
ഒന്നാമതായി പറയാനുള്ളത് ഈ പുസ്തകത്തിന്റെ വിവാദ ചരിത്രത്തെക്കുറിച്ചാണ്. 1988-ലാണ് 'സാത്താനിക് വേര്‍സസ്' പുറത്തിറങ്ങുന്നത്. 1979ല്‍ തുടങ്ങിയ അഫ്ഗാന്‍ യുദ്ധം 1988ല്‍ അവസാനിച്ചു. ഇതോടുകൂടി ഇസ്‌ലാമിസത്തിന്റെ ആവശ്യം പടിഞ്ഞാറിന് ഇല്ലാതായി. നേരത്തെ അഫ്ഗാനിലെ സോവിയറ്റ് വിരുദ്ധ യുദ്ധത്തില്‍ 'ജിഹാദ്' എന്ന പദം അവര്‍ക്ക് ഏറെ ആവശ്യമായിവന്നു. എന്നാല്‍ അഫ്ഗാന്‍-സോവിയറ്റ് യുദ്ധം അവസാനിച്ചപ്പോള്‍ ഇസ്‌ലാമിസം വീണ്ടും അവര്‍ക്ക് ശത്രു പക്ഷത്തായി. ആദ്യം ഇസ്‌ലാമിസം പടിഞ്ഞാറിന്റെ ശത്രുവായിരുന്നു. അഫ്ഗാന്‍ യുദ്ധകാലത്ത് പത്തുവര്‍ഷം സ്വാര്‍ഥ താല്‍പര്യത്തിനു വേണ്ടി മിത്രമാക്കി. പിന്നീട് വീണ്ടും ശത്രു പക്ഷത്തേക്ക് തന്നെ മാറ്റിനിര്‍ത്തി.
ഇത് ചരിത്രപരമായിതന്നെ പടിഞ്ഞാറ് തുടര്‍ന്നുപോരുന്ന നയത്തിന്റെ ഭാഗമാണ്. 1941-ല്‍ സോവിയറ്റ് യൂനിയനെ ഹിറ്റ്‌ലര്‍ ആക്രമിച്ചപ്പോള്‍ അമേരിക്കയും റഷ്യയും സഖ്യമായി. നാല്‍പ്പത്തിയഞ്ചില്‍ യുദ്ധം ജയിച്ചപ്പോള്‍ അവര്‍ വീണ്ടും ശത്രു പക്ഷത്തേക്ക് പിന്മാറി. 1988-ല്‍ അഫ്ഗാന്‍ സോവിയറ്റ് യുദ്ധം അവസാനിച്ചപ്പോള്‍ പടിഞ്ഞാറിന് ഇസ്‌ലാം ആവശ്യമല്ലാതായി വന്ന അതേ അവസരത്തിലാണ് 'സാത്താനിക് വേര്‍സസ്' ഇറങ്ങിയത്.
ഒരു തരത്തില്‍ പറഞ്ഞാല്‍ ആധുനിക ഇസ്‌ലാമോഫോബിയയുടെ തുടക്കമാണ് സല്‍മാന്‍ റുഷ്ദിയുടെ ഈ പുസ്തകവും വിവാദവും. അതാണ് റുഷ്ദിയുടെ ഒരേയൊരു പ്രത്യേകത. ഇസ്‌ലാമിസത്തെ പടിഞ്ഞാറ് വെറുക്കാന്‍ തുടങ്ങിയ അതേ അവസരത്തിലാണ് റുഷ്ദി അതെഴുതിയതും പ്രസിദ്ധീകരിച്ചതും. ഇതില്‍ നിന്ന് തുടങ്ങിയ 'ഇസ്‌ലാമോഫോബിയ' വളര്‍ന്നു വളര്‍ന്നു ഇന്നത്തെ അവസ്ഥ വരെ എത്തി.
എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ ഇന്ത്യന്‍ മുസ്‌ലിംകളുടെ ഇടയില്‍ സല്‍മാന്‍ റുഷ്ദിയും വിവാദ പുസ്തകവും ഒരു എടുത്തു പറയത്തക്ക പ്രശ്‌നമേ അല്ലായിരുന്നു. നൂറു സാത്താനിക് വേര്‍സസ് എഴുതിയാലും ഒരു ലക്ഷം സാത്താനിക് വേര്‍സസ് എഴുതിയാലും ആയിരം റുഷ്ദിമാര്‍ ഇവിടെ പിറന്നു വീണാലും അത് ഇസ്‌ലാമിനെ ബാധിക്കാന്‍ പോകുന്നില്ല.
സാധാരണ ജനങ്ങള്‍ ഏതു വിജയവും പടക്കങ്ങള്‍ പൊട്ടിച്ചു ആഘോഷിക്കുന്നത് നാം കാണാറുണ്ട്. എന്നാല്‍ ഇത്തവണ സല്‍മാന്‍ റുഷ്ദിയെ തടഞ്ഞപ്പോള്‍ എത്ര മുസ്‌ലിം സംഘടനകള്‍ അതാഘോഷിച്ചു? എത്ര സ്ഥലങ്ങളില്‍ മാര്‍ച്ച് നടത്തുന്നത് നാം കണ്ടു? മുസ്‌ലിംസമൂഹത്തില്‍ ഇതൊരു വലിയ പ്രശ്‌നമേ അല്ലായിരുന്നുവെന്നാണ് ഇതില്‍ നിന്നും നാം മനസ്സിലാക്കേണ്ടത്. മുസ്‌ലിംകള്‍ക്ക് ഉറച്ച വിശ്വാസമുണ്ട്, സല്‍മാന്‍ റുഷ്ദി വിവാദം അവരെ ബാധിക്കുന്ന പ്രശ്‌നമേ അല്ലായിരുന്നുവെന്ന്.
നേരെമറിച്ച്, കോണ്‍ഗ്രസ്സിലെ ചില ആള്‍ക്കാര്‍ കരുതുന്നത് മുസ്‌ലിംകള്‍ അരക്ഷിതരും, അവര്‍ ഇപ്പോഴും തീവ്ര നിലപാടുള്ളവരും ആണെന്നാണ്. റുഷ്ദിയെ തടഞ്ഞത് മുസ്‌ലിംകള്‍ക്ക് വേണ്ടിയുള്ള കോണ്‍ഗ്രസ്സിന്റെ ത്യാഗമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് അവര്‍ നടത്തിയത്. റുഷ്ദിയെ ക്ഷണിച്ചപ്പോള്‍ തടയാതിരുന്നവര്‍, അദ്ദേഹം വരുന്നത് മാത്രം തടഞ്ഞതിന് പിന്നിലെ യുക്തിയാണ് മനസ്സിലാവാത്തത്.
ഒരു രാഷ്ട്രീയക്കളി മാത്രമാണ് ഇവിടെ നടന്നതെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. സല്‍മാന്‍ റുഷ്ദി മുമ്പും ഇന്ത്യയില്‍ വന്നിട്ടുണ്ട്. മുസ്‌ലിംസമൂഹം ഒന്നും ചെയ്തിട്ടില്ല. മുസ്‌ലിംകളില്‍ ഒരു ചെറു ന്യൂനപക്ഷം ഇതൊരു പ്രശ്‌നമാക്കിയെടുത്ത് കോണ്‍ഗ്രസ്സിനെ സഹായിച്ചു. യഥാര്‍ഥത്തില്‍ ഈ പ്രശ്‌നത്തെ മുസ്‌ലിംകള്‍ തീര്‍ത്തും നിസ്സംഗതയോടെയാണ് നോക്കിക്കണ്ടതെന്നു അവരുടെ പ്രതികരണങ്ങളില്‍നിന്ന് നമുക്ക് വായിക്കാവുന്നതാണ്.

താങ്കള്‍ സന്ദര്‍ശിച്ച ജനാധിപത്യ രാജ്യങ്ങളില്‍ ഇന്ത്യയിലുള്ളതുപോലെ ഭരണാധികാരികള്‍ക്കും ഭരണീയര്‍ക്കുമിടയില്‍ ഒരു 'മതില്‍ക്കെട്ട്' (ഉദ്യോഗസ്ഥ വൃന്ദമടക്കം) കാണാന്‍ കഴിഞ്ഞിട്ടില്ലെന്നു താങ്കള്‍ എഴുതുകയുണ്ടായി. സ്വാതന്ത്ര്യത്തിന്റെ ആറ് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും മാറ്റമില്ലാതെ തുടരുന്ന ഈ അവസ്ഥക്ക് എന്തുണ്ട് പരിഹാരം?

1947 ആഗസ്റ്റില്‍ നാം ബ്രിട്ടിഷുകാരില്‍ നിന്ന് സ്വാതന്ത്ര്യം നേടിയെങ്കിലും, അവരുടെ ഭരണ സംവിധാനങ്ങളും നിയമനടപടിക്രമങ്ങളും ഭരണ രീതികളുമാണ് ഇന്നും പിന്തുടര്‍ന്ന് പോരുന്നത്. കോളനി ഭരണം അവസാനിച്ചെങ്കിലും, കൊളോണിയല്‍ രീതി തുടര്‍ന്നു പോന്നു. ഇന്നിപ്പോള്‍ ഉദ്യോഗസ്ഥന്മാരും രാഷ്ട്രീയക്കാരുമൊക്കെ ചേര്‍ന്ന് ഒരു 'ഭരണ ജാതി'യായി (ruling cast) മാറി. സാധാരണ ജനങ്ങളേക്കാള്‍ അവര്‍ക്ക് ഉയര്‍ന്ന പദവി കല്‍പ്പിക്കപ്പെട്ടു. വലിയ വലിയ സ്ഥാനമാനങ്ങളും പ്രത്യേക ആനുകൂല്യങ്ങളും അവര്‍ക്ക് ലഭിച്ചു; കോളനി ഭരണ കാലത്ത് ബ്രിട്ടീഷുകാര്‍ക്ക് ഇന്ത്യക്കാരില്‍നിന്നും ഉയര്‍ന്ന പദവികള്‍ ലഭിച്ചതുപോലെ.
ഇവിടെ കുവൈത്തില്‍ ഞാന്‍ ചില മീറ്റിങ്ങുകളില്‍ പങ്കെടുക്കുകയുണ്ടായി. അവിടെ വെച്ച് ഉപപ്രധാനമന്ത്രിയെയും ചില മന്ത്രിമാരെയും പരിചയപ്പെട്ടു. വളരെ ലളിതമായിരുന്നു അവരുടെ പെരുമാറ്റം. സാധാരണ ജനങ്ങളെപ്പോലെ. നേരെമറിച്ച്, ഇന്ത്യയില്‍ നമുക്ക് കാണാന്‍ സാധിക്കുന്നത് മറ്റൊന്നാണ്. ഒരു വി.ഐ.പി വരുമ്പോള്‍ കരിമ്പൂച്ചകളുടെയും കമാന്റോകളുടെയും അകമ്പടിയോടെ ഒരു ബഹളം തന്നെയായിരിക്കും.
നമ്മള്‍ ഇന്ത്യയില്‍, ഒരു ജനാധിപത്യ രാജ്യത്ത്, ഭരണകര്‍ത്താക്കളെ ഭരണീയരില്‍ നിന്ന് അകറ്റിനിര്‍ത്തുന്ന കൊളോണിയല്‍ രീതി സ്വീകരിച്ചിരിക്കുന്നു. ഇന്ത്യയുടെ ഭരണ രീതിയും ജനാധിപത്യപരമാക്കണം. അത്തരത്തിലൊരു സിവില്‍ സൊസൈറ്റി ഉണ്ടാവണം. അതിനുതകുന്ന ഒരു വിപ്ലവമാണ് ഇന്ത്യക്കാവശ്യം.
ഇന്ന് ഇന്ത്യയില്‍ ഒരു സംഘം ഉദ്യോഗസ്ഥര്‍ (ഉദാഹരണത്തിന്, ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥര്‍, പോലീസ് മുതലായവര്‍) വിചാരിച്ചാല്‍ എന്നെ ദരിദ്രനാക്കാം, എന്റെ സ്വത്തു ഏറ്റെടുക്കാം, അസ്വതന്ത്രനാക്കാം, എന്നെ പാപ്പരാക്കാം. ഞാന്‍ പിന്നെ കോടതിയില്‍ പോകണം. കോടതിവിധി വരാന്‍ ഒരുപാട് കാലതാമസമെടുക്കും. അതുവരെ ഞാന്‍ ജീവിച്ചിരിക്കണമെന്നില്ല. അതുകൊണ്ട് തന്നെ ഈ വ്യവസ്ഥയെ യഥാര്‍ഥ ജനാധിപത്യമെന്നു പറയാനാവില്ല. ഭരണകര്‍ത്താക്കളെ തെരഞ്ഞെടുക്കുന്നതില്‍ പരിമിതപ്പെട്ടു പോകുന്നു ഇന്ത്യയില്‍ ജനാധിപത്യം. എല്ലാ അഞ്ചു വര്‍ഷം കൂടുമ്പോഴും ഭരണകര്‍ത്താക്കളെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം. ബാക്കി സ്വാതന്ത്ര്യം മുഴുവനും ഭരണകര്‍ത്താക്കള്‍ക്കും ഉദ്യോഗസ്ഥ വൃന്ദത്തിനും മാത്രമായി ചുരുങ്ങിപ്പോകുന്നു. തീര്‍ത്തും അനീതിയാണിത്.
വികസിത ജനാധിപത്യ രാജ്യങ്ങളിലെ സ്ഥിതി വ്യത്യസ്തമാണ്. പല വികസിത രാജ്യങ്ങളിലും ജനാധിപത്യ രീതി പരിശോധിച്ചാല്‍ നമുക്ക് കാണാനാവുന്നത്, ഒരു കുട്ടി ജനിച്ചു വീണു മരിക്കുന്നത് വരെ, ഒരൊറ്റ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെപ്പോലും കാണാതെ ജീവിക്കാന്‍ സാധിക്കും എന്നതാണ്. എന്നാല്‍ നമ്മുടെ നാട്ടില്‍ ഏതു നിസ്സാര കാര്യം സാധിക്കണമെങ്കിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ കാല്‍ക്കീഴില്‍ അടിയറവു പറയേണ്ടി വരുന്നു.

മുസ്‌ലിം ലോകം ചിന്താപരമായി ഉണര്‍ന്നിരിക്കുന്നു എന്നതിന്റെ തെളിഞ്ഞ ഉദാഹരണമാണല്ലോ 'മുല്ലപ്പൂ വിപ്ലവം'. ഈ വിപ്ലവം കേവലം ചില അധികാര മാറ്റങ്ങളില്‍ അവസാനിക്കുമെന്ന് താങ്കള്‍ക്ക് അഭിപ്രായമുണ്ടോ? അതല്ല, ലോകത്തിന്റെ ശാക്തിക സന്തുലനത്തിന് തന്നെ മാറ്റം വരുമെന്ന അഭിപ്രായമുണ്ടോ?

പല രാജ്യങ്ങളിലും ഭൂരിപക്ഷാധികാരം ആരുടെ കൈയിലാണോ, ആ വിഭാഗക്കാര്‍ ധാര്‍മികാധികാരത്തെ ആ നാടിന്റെ, അഥവാ ഭരണകൂടത്തിന്റെ നിയമാധികാരമാക്കി മാറ്റുന്ന അവസ്ഥയാണുള്ളത്. ഇവിടെയാണ് ചില പ്രശ്‌നങ്ങളുടെ കാതല്‍. ധാര്‍മികാധികാരവും നിയമാധികാരവും വ്യത്യസ്തമാണ്. ധാര്‍മികാധികാരം ദൈവികമാണ്. അത് നിയമാധികാരത്തില്‍ പരിമിതമല്ല. ധാര്‍മികാധികാരം മനുഷ്യ കരങ്ങളാല്‍ നിര്‍മിതമല്ല. ദൈവത്തില്‍ നിന്ന് നേരിട്ട് ലഭിക്കുന്നതാണ്.
നിയമാധികാരം ധാര്‍മികാധികാരത്തിനു പകരമാകില്ല എന്നതാണ് സത്യം. ഉദാഹരണത്തിന്, കള്ള് കുടിക്കാന്‍ പാടില്ല, പ്രത്യേക വസ്ത്രം ധരിക്കരുത് മുതലായ നിയമങ്ങള്‍ ഒരു രാജ്യത്ത് നിലവിലുണ്ടെങ്കില്‍ ആ രാജ്യത്തിനകത്തു നില്‍ക്കുമ്പോള്‍ ജനങ്ങള്‍ അത് പാലിച്ചെന്നിരിക്കും. എന്നാല്‍ ആ നിയമ പരിധിക്കു പുറത്തു പോയാല്‍ തോന്നിയത് പോലെ അവര്‍ക്ക് ജീവിക്കാം.
ഇസ്‌ലാം അറേബ്യന്‍ മണ്ണില്‍ നാമ്പിട്ടതാണ്. ഈ മതമാകട്ടെ വളരെയധികം ജനാധിപത്യ സ്വഭാവമുള്ളതുമാണ്. ജനങ്ങളെ ധാര്‍മികമായി ബോധവല്‍ക്കരിച്ചുകൊണ്ടാണ് നടേപറഞ്ഞ തരം നിയമങ്ങള്‍ നടപ്പിലാക്കേണ്ടത്. മറിച്ച്, അടിച്ചമര്‍ത്തുന്ന നിയമാവലികള്‍ കൊണ്ടല്ല. നിര്‍ഭാഗ്യമെന്നു പറയട്ടെ, നമ്മള്‍ നിയമത്തിന്റെ 'കുറുക്കു വഴികള്‍' പലതിലും പിന്തുടരുന്നു.
അറബ് വസന്തത്തിലൂടെ അറബികള്‍ അവരുടെ യഥാര്‍ഥ സംസ്‌കാരത്തിലേക്ക്, വേരുകളിലേക്ക്, ആത്മാവിലേക്ക് തിരിച്ചു ചെല്ലുന്നതായിട്ടാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. നമ്മള്‍ വ്യക്തികളാണ്, നമുക്കും തുല്യാവകാശങ്ങളുണ്ട് എന്ന തോന്നല്‍ അവര്‍ക്കിടയില്‍ വന്നിട്ടുണ്ട്. ഇതൊരു ശക്തമായ മുന്നേറ്റമാണ്.
കൊളോണിയല്‍ ശക്തികള്‍ അറബികള്‍ക്കിടയില്‍ പ്രത്യേക ഘടന ചുമത്തുകയും ഇത്രയും കാലം അതിനെ സംരക്ഷിച്ചു പോരുകയും ചെയ്തു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധികള്‍ കാരണം കൊളോണിയല്‍ ശക്തികള്‍ പ്രതിസന്ധി നേരിട്ടപ്പോള്‍, അത് അറബ് വസന്തത്തിനു തുടക്കമിട്ടു. ജനങ്ങള്‍ കൂടുതല്‍ ബോധവാന്മാരായി. അവര്‍ അവരുടെ മതവിശ്വാസത്തെ അടിസ്ഥാനപ്പെടുത്തിയുള്ള അവകാശത്തിനു വേണ്ടി ശക്തമായി പോരാടി. ഒരു ഗവണ്‍മെന്റല്ല മതത്തെ ഉയര്‍ത്തിക്കൊണ്ടുവരേണ്ടത്. അത് മനുഷ്യ ഹൃദയങ്ങളില്‍ നിന്ന് വരേണ്ടതാണെന്ന് അവര്‍ തിരിച്ചറിയാന്‍ തുടങ്ങി. അതിന്റെ പ്രതിഫലനമാണ് അറബ് വസന്തത്തില്‍ അലയടിച്ചത്. ഗവണ്‍മെന്റ് നിയമങ്ങള്‍ കൊണ്ടല്ല, ധാര്‍മിക നിയമങ്ങള്‍ കൊണ്ടാണ് അത് നേടേണ്ടത്. അങ്ങനെ വന്നാല്‍ കലര്‍പ്പില്ലാത്ത വിശ്വാസം നമ്മെ വളരെ സ്വാധീനിക്കും. ഇന്ന് പല ഇസ്‌ലാമിക സമൂഹവും ഇസ്‌ലാമികമല്ല. ജനം സ്വയം ആര്‍ജിക്കുന്നതാണ് യഥാര്‍ഥ ഭക്തി. നമുക്ക് സ്വയം നമ്മളെ ഭരിക്കാന്‍ സാധിക്കണം. ആ ആത്മവിശ്വാസം അവര്‍ നേടിക്കഴിഞ്ഞു.
ഇസ്‌ലാമിന്റെ ആവിര്‍ഭാവം മുതല്‍ ശാസ്ത്ര സാങ്കേതിക വിദ്യയിലും പുരോഗതിയിലും മുന്‍പന്തിയിലായിരുന്നു അറബ് രാജ്യങ്ങള്‍. എന്നാല്‍ പിന്നീടവര്‍ വളരെ പിന്നാക്കം പോകുന്നതാണ് നാം കണ്ടത്. അറബ് വസന്തം യഥാര്‍ഥ ജനാധിപത്യമാണെങ്കില്‍, ഇസ്‌ലാമിന്റെ യഥാര്‍ഥ ആത്മാവ് കൈക്കൊണ്ടിട്ടുണ്ടെങ്കില്‍, ഭൗതികവും ബൗദ്ധികവുമായ പുത്തനുണര്‍വോടെ, അറബികള്‍ക്ക് ഒരിക്കല്‍ കൂടി മാറ്റത്തിന്റെ വന്‍ ചാലകശക്തിയായി മാറാന്‍ സാധിക്കും. ഇതുവരെ അവര്‍ക്കതിനു സാധിക്കാത്തത്, അടിച്ചമര്‍ത്തപ്പെട്ട ഒരു ജനവിഭാഗമായിരുന്നു അവര്‍ എന്നതുകൊണ്ടാണ്. ഇത് തീര്‍ത്തും അനിസ്‌ലാമികമായിരുന്നു. ഇസ്‌ലാം തീര്‍ത്തും സ്വതന്ത്ര ജനാധിപത്യ വ്യവസ്ഥയാണ്. ഈ വ്യവസ്ഥ തിരിച്ചു വന്നാല്‍ അറബികള്‍ക്ക് വീണ്ടും അവരുടെ സുവര്‍ണ കാലഘട്ടത്തെ കൊത്തിയെടുക്കാന്‍ സാധിക്കും. ഇനിയവിടെ കുറെ പുതിയ ആശയങ്ങളും ചിന്തകരും കവികളും ഉയര്‍ന്നുവരും. അവയെ അടിച്ചമര്‍ത്താതെ, പരിപോഷിപ്പിക്കാനും നിലനിര്‍ത്താനും സാധിച്ചാല്‍, അവര്‍ക്ക് വീണ്ടും പ്രതാപകാലത്തേക്ക് മടങ്ങുക തന്നെ ചെയ്യാം. പണ്ട് മാവോ പറഞ്ഞത് പോലെ, ഒരായിരം മുകുളങ്ങള്‍ വിരിയട്ടെ, അറബ് വസന്തത്തിലും.

അഴിമതി ഇന്ത്യയുടെ ദേശീയ രോഗമായി പടര്‍ന്നു പന്തലിച്ചിരിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ മുച്ചൂടും അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണ്. ഇതിനെതിരെ പോരാളിയായി രംഗത്ത് വന്ന അണ്ണാഹസാരെക്ക് പക്ഷേ തന്റെയും പങ്കാളികളുടെയും നേര്‍ക്ക് ഉയര്‍ന്നുവന്ന സംഘ് പരിവാര്‍ ബന്ധമടക്കമുള്ള വിമര്‍ശനങ്ങളെ അതിജീവിക്കാനായിട്ടില്ല. അഴിമതിയെ എങ്ങനെയാണ് നമുക്ക് തളക്കാന്‍ ആവുക?

പണ്ട് ആള്‍ക്കാരൊക്കെ രണ്ടു മൂന്നു കോടി കൈയിലുണ്ടെങ്കില്‍ സംതൃപ്തരായിരുന്നു. അതുകൊണ്ട് തന്നെ അഴിമതിയും അതിനനുസരിച്ചുള്ളതായിരുന്നു. പനമ്പള്ളി ഗോവിന്ദമേനോന്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്, 'ഞാന്‍ ഒരു കൊല്ലം അഞ്ചു ലക്ഷം വക്കീലായും അഞ്ചു ലക്ഷം മന്ത്രിയായും ഉണ്ടാക്കും. എന്നിട്ട് ഞാന്‍ നല്ലൊരു ഗവണ്‍മെന്റിനെ നിലനിര്‍ത്തും' എന്ന്. ഇന്നത്തെ മന്ത്രിമാരേക്കാളും അത് എത്രയോ ഭേദമാണെന്ന് എനിക്ക് തോന്നുന്നു. ആയിരക്കണക്കിന് കോടികളാണ് അവര്‍ക്കാവശ്യം. അനിയന്ത്രിതമായ ആര്‍ത്തി.
അഴിമതിയുടെ അടിസ്ഥാനം തന്നെ ആര്‍ത്തിയാണ്. ഇന്ന് ലോക സാമ്പത്തിക സന്തുലനത്തെതന്നെ ഈ അത്യാഗ്രഹം ബാധിച്ചിരിക്കുന്നു. ഊഹക്കച്ചവടക്കാരും സാമ്പത്തിക സ്ഥാപനങ്ങളുമൊക്കെ ഈ ദുരയുടെ പിടിയിലമര്‍ന്നു കിടക്കുകയാണ്. ഈ അനിയന്ത്രിത ആര്‍ത്തി മനുഷ്യത്വത്തെതന്നെ തകര്‍ത്തെറിഞ്ഞെന്നു വരാം. ഇതിനെതിരെ നാം ധാര്‍മിക ബോധവല്‍ക്കരണം നടത്തേണ്ടതുണ്ട്.
മനുഷ്യത്വത്തെക്കുറിച്ച ശരിയായ കാഴ്ചപ്പാട് നാം ജനങ്ങളിലേക്ക് എത്തിക്കേണ്ടതുണ്ട്. എന്തിനാണ് ഒരു കൊച്ചു കാലയളവിലെ ജീവിതത്തില്‍ മനുഷ്യന് നൂറു കോടി രൂപ, അല്ലെങ്കില്‍ അഞ്ഞൂറ് കോടി രൂപ?!
നിയമങ്ങള്‍ എത്ര ശക്തമായാലും അഴിമതി തീര്‍ത്തും അതുവഴി ഇല്ലാതാകുമെന്ന് നാം പ്രതിക്ഷിക്കേണ്ടതില്ല. അണ്ണാ ഹസാരെയിലും ലോക്പാലിലും എനിക്ക് പ്രതീക്ഷയില്ല. ഇതൊക്കെ അന്വേഷിക്കേണ്ട ഉദ്യോഗസ്ഥരുടെ ഇടയില്‍പ്പോലും എത്രയെത്ര ആന്റി കറപ്ഷന്‍ മിഷനുകള്‍ പിന്നീട് അഴിമതിയില്‍ കുളിച്ചു നിന്നത് നാം കണ്ടതാണ്. ലോക്പാലിന്റെ വിധിയും മറ്റൊന്നാകാന്‍ വഴിയില്ല.
ഇതിന്നെതിരെ നമ്മള്‍ ആദ്യമായി ചെയ്യേണ്ടത് സമൂഹത്തിന്റെ അടിസ്ഥാന സ്വഭാവത്തില്‍ മാറ്റം വരുത്തുകയാണ്. ഉദാഹരണമായി, ഒരു അഴിമതിക്കാരനായ രാഷ്ട്രീയക്കാരന് സമൂഹത്തില്‍ ഉയര്‍ന്ന പദവി ലഭിക്കുന്നു. ആള്‍ക്കാര്‍ അയാളെ ബഹുമാനിക്കുന്നു. ഈ അവസ്ഥ മാറണം. അഴിമതിക്കാരെ നാം തിരസ്‌ക്കരിക്കണം. അവരെ സമൂഹത്തില്‍ തീര്‍ത്തും ഒറ്റപ്പെടുത്തണം. മാന്യന്മാര്‍ അവരെ കാണുന്നതും സംസാരിക്കുന്നതും ഒഴിവാക്കണം. അവരെ വീട്ടിലേക്കു ക്ഷണിക്കുകയോ കൂട്ടുകൂടുകയോ ചെയ്യരുത്. ഒരു കള്ളനെപ്പോലെ വെറുക്കപ്പെട്ടവനായി മാറ്റി നിര്‍ത്തണം. ഇത്തരമൊരു സമീപനം സമൂഹത്തില്‍നിന്നുണ്ടായാല്‍ നിശ്ചയമായും മാറ്റമുണ്ടാവും. മനുഷ്യ നിര്‍മിത നിയമത്തേക്കാളും ദൈവിക, അഥവാ, ധാര്‍മിക നിയമങ്ങളാണ് ഇത്തരം അവസ്ഥയില്‍ കൂടുതല്‍ ഫലപ്രദമാവുക എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.
പുതിയ നിയമങ്ങള്‍ നിലവില്‍ വന്നാല്‍ മാത്രമേ അഴിമതി ഇല്ലാതാക്കാന്‍ സാധിക്കൂ എന്ന് പറയുന്നത് അസംബന്ധമാണ്. ഫലപ്രദമായ രീതിയില്‍ ഉപയോഗപ്പെടുത്തിയാല്‍ അഴിമതി തുടച്ചു മാറ്റാന്‍ ഇന്ന് നിലവിലുള്ള നിയമങ്ങള്‍ തന്നെ ധാരാളം മതിയാകും. അതിനുവേണ്ടി പുതിയ ബില്ലിന്റെ പിറകില്‍ നാം തൂങ്ങേണ്ടതില്ല. മാത്രമല്ല, ലോക്പാല്‍ ബില്ലില്‍ എടുത്തുകാട്ടുന്നത് പോലെ ആയിരം രൂപയുടെ അഴിമതിയും ആയിരം കോടിയുടെ അഴിമതിയും തുല്യവല്‍ക്കരിക്കുന്നത് ന്യായീകരിക്കാനാവില്ല. വമ്പന്‍ അഴിമതികളാണ് ആദ്യം തുടച്ചു നീക്കേണ്ടത്. ഉദാഹരണത്തിന് മന്ത്രിമാര്‍, ഗവണ്‍മെന്റ് സെക്രട്ടറിമാര്‍, ജോയിന്റ് സെക്രട്ടറിമാര്‍ മുതലായ സ്ഥാനങ്ങളിലുള്ളവരുടെ അഴിമതിയാണ് കൂടുതല്‍ അപകടം. അതാണ് സമൂഹത്തെ കൂടുതല്‍ സ്വാധീനിക്കുക. വമ്പന്‍ അഴിമതികള്‍ തുടച്ചുമാറ്റിയാല്‍ താഴെക്കിടയിലുള്ള അഴിമതികള്‍ താനെ മാഞ്ഞുപോയെന്നു വരാം.
നാനൂറ് ലക്ഷം അഴിമതിക്കാരെ ഒന്നിച്ചു കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചാണ് അണ്ണാ ഹസാരെ പറയുന്നത്. ഇത് അപ്രായോഗികമാണ്. സമയം പാഴാകലായിരിക്കും ഫലം. ഞാന്‍ പറയുന്നത് ആദ്യത്തെ നാനൂറു പേരില്‍ ശ്രദ്ധയൂന്നാനാണ്. ഇത്തരത്തിലുള്ള സമീപനമാവും കൂടുതല്‍ ഫലപ്രദമാവുക. ഇതിലൊക്കെ ഉപരിയായി, നാം നമ്മെത്തന്നെ സംരക്ഷിക്കണം. രാഷ്ട്രീയക്കാര്‍ ഒരിക്കലും നമ്മുടെ സംരക്ഷകരാകില്ലെന്നോര്‍ക്കുക. ജനങ്ങളാണ് ജാകരൂകരാവേണ്ടത്. സമൂഹം അഴിമതിക്കെതിരെ ഉണര്‍ന്നു പ്രവര്‍ത്തിക്കണം.

സമകാലീന ഇന്ത്യന്‍ സാമൂഹിക ചുറ്റുപാടില്‍ മുസ്‌ലിംകള്‍ കൂടുതല്‍ ഒറ്റപ്പെടുകയും, അരക്ഷിതാവസ്ഥയിലേക്ക് നീങ്ങുകയും ചെയ്യുന്നുണ്ടോ?

ഒരു വര്‍ഗീയ ധ്രുവീകരണം ഇവിടെ ഇല്ല എന്ന് തന്നെ ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. എന്നാല്‍, ഇവിടെ പല വര്‍ഗീയ ലഹളകളുടെയും പിന്നില്‍ നമുക്ക് മാഫിയകളുടെ നിയന്ത്രണം കാണാന്‍ സാധിക്കും. പല കലാപങ്ങളും കൊലകളും നടത്തപ്പെടുന്നത് പണമെറിഞ്ഞാണ്. അല്ലാതെ ജനങ്ങളുടെ മനസ്സിലുണ്ടായ ദുര്‍വിചാരങ്ങളാലോ വര്‍ഗീയ ധ്രുവീകരണത്താലോ അല്ല. വര്‍ഗീയ ലഹളകള്‍ മിക്കതും രാഷ്ട്രീയക്കാരാല്‍ നാടകീയമായി നിര്‍മിക്കപ്പെടുന്നതാണ്. ഗുജറാത്തിലും ഇത് തന്നെയാണ് സംഭവിച്ചത്. ഇന്ത്യന്‍ മനസ്സ് വര്‍ഗീയമായിട്ടില്ല. ഹിന്ദുക്കളോ മുസ്‌ലിംകളോ ക്രിസ്ത്യാനികളോ വര്‍ഗീയവാദികളല്ല.
മുസ്‌ലിംകളെക്കുറിച്ച് പറയുകയാണെങ്കില്‍, വിഭജനമാണ് അവര്‍ നേരിട്ട ദുരന്തം. ശക്തമായ ധാര്‍മിക വിശ്വാസത്തെ അടിസ്ഥാനപ്പെടുത്തിയുള്ള, കരുത്തുറ്റ ഒരു വിഭാഗമാണവര്‍. അതുകൊണ്ട് തന്നെ, തങ്ങള്‍ അടിച്ചമര്‍ത്തപ്പെടുന്നെന്നോ, അരക്ഷിതരാണെന്നോ, ദുര്‍ബലരാണെന്നോ അവര്‍ക്ക് തോന്നേണ്ടതില്ല. എന്നാല്‍ പട്ടിക ജാതിയുടെയും പട്ടിക വര്‍ഗത്തിന്റെയും അവസ്ഥയായിരുന്നില്ല മുസ്‌ലിംകള്‍ ഇന്ത്യയില്‍ നേരിട്ടത്. മുസ്‌ലിംകള്‍ ഭരിച്ച കാലത്ത് അവര്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിരുന്നില്ല.
ബ്രിട്ടീഷുകാര്‍ ഭരിച്ചപ്പോള്‍ ഇന്ത്യക്കാര്‍ മൊത്തം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടു. എന്നാല്‍ പട്ടികജാതി വര്‍ഗങ്ങള്‍ എല്ലാ കാലത്തും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടു എന്നതാണ് സത്യം.
എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ മുസ്‌ലിംകള്‍ ഇരയാക്കപ്പെട്ടിട്ടില്ല. എന്നാല്‍ അവര്‍ പിന്നാക്കാവസ്ഥയിലാണ്. മുസ്‌ലിം സമൂഹം നിശ്ചയമായും മുന്നോട്ടു വരിക തന്നെ വേണം. അവര്‍ വിദ്യാഭ്യാസത്തിലും വിജ്ഞാനീയങ്ങളിലും മറ്റെല്ലാ കാര്യങ്ങളിലും ശ്രദ്ധയൂന്നുകയും ഏറ്റവും ശക്തരായ, നല്ല മാതൃകാ പൗരന്മാരായി മാറുകയും വേണം.
ലോക്പാല്‍ ബില്‍ വരാതെ അഴിമതിക്കെതിരെ ഒന്നും ചെയ്യാന്‍ സാധിക്കില്ല എന്ന് പറഞ്ഞു മാറി നില്‍ക്കാതെ ഉള്ള നിയമത്തെ ഉപയോഗപ്പെടുത്തികൊണ്ട് തന്നെ അഴിമതിക്കാരെ അകത്താക്കാനാണ് ശ്രമിക്കേണ്ടത്. അതുപോലെ പുതിയ ആനുകൂല്യങ്ങള്‍ക്കും നിയമങ്ങള്‍ക്കും കാത്തുനില്‍ക്കാതെ, സ്വയം ഇരകളാക്കപെട്ടവരായി കുറച്ചുകാണാതെ, ആത്മ വിശ്വാസത്തോടെ മുന്നോട്ടു വരികയാണ് മുസ്‌ലിംസമൂഹം ചെയ്യേണ്ടത്. ശുദ്ധജലം ലഭിക്കണമെങ്കില്‍, ശുദ്ധ വായു ലഭിക്കണമെങ്കില്‍ എല്ലാവരും അതിനു വേണ്ടി പണിയെടുക്കണം. ഇതുപോലെ അവഗണനകള്‍ എല്ലാ വിഭാഗം മതങ്ങളിലെ ആള്‍ക്കാരും നേരിടുന്നുണ്ട്. പലരും കുറ്റക്കാരാണെന്നിരിക്കാം. എല്ലാറ്റിനെയും പഴിചാരുന്നതിലുപരിയായി, നാം സ്വയം ശക്തരാവുകയാണ് അതിനുള്ള പോംവഴി.
ഞാനിന്നു വളരെ സന്തോഷവാനാണ്. മുസ്‌ലിം പെണ്‍കുട്ടികളെ നോക്കൂ. അവര്‍ ഐ.ടി മേഖലകളിലും കോളേജുകളിലും സ്‌കൂളുകളിലും എല്ലായിടത്തും അവരുടെ ഇടം അറിയിക്കുന്നു. അവരുടെ അറിവിന്റെ വിശപ്പ് നമുക്ക് തിരിച്ചറിയാനാകും. സ്വയം ദുര്‍ബലനാണന്നും ഇരയാക്കപ്പെട്ടവനാണെന്നും നിനച്ചിരുന്നാല്‍ ഒരുപക്ഷേ മറ്റുള്ളവരാല്‍ അടിച്ചമര്‍ത്തപ്പെട്ടേക്കാം. സ്വന്തത്തിനോട് നടത്തുന്ന ധര്‍മ സമരമാണ് ഏറ്റവും വലിയ സമരമെന്ന് നാം മറക്കരുത്.

കേരള സര്‍ക്കാരിന്റെ ഈമെയില്‍ ചോര്‍ത്തല്‍ വിവാദം ശ്രദ്ധിച്ചു കാണുമല്ലോ. സമൂഹത്തിന്റെ വിവിധ തുറകളില്‍ ഉള്ള വലിയൊരു വിഭാഗം ആളുകളുടെ മെയിലാണ് സര്‍ക്കാര്‍ അനധികൃതമായി ചോര്‍ത്തിയതായി ആരോപണമുയര്‍ന്നിരിക്കുന്നത്. വ്യക്തികളുടെ സ്വകാര്യതകളിലേക്ക് കാരണം കാണിക്കാതെ രഹസ്യമായുള്ള ഭരണകൂടത്തിന്റെ കടന്നു കയറ്റം ന്യായമാണോ? പൗര സ്വാതന്ത്ര്യത്തിന്റെ തന്നെ ലംഘനമല്ലേ അത്? തങ്ങള്‍ എന്ത് കൊണ്ടാണ് നിരീക്ഷിക്കപ്പെടുന്നത് എന്നറിയാന്‍ വ്യക്തികള്‍ക്ക് അവകാശമില്ലേ?

ഈ വിവാദം ഒരു അന്താരാഷ്ട്ര ഗൂഢാലോചനയുടെ തുടര്‍ച്ചയാണെന്നു പറയാം. ചില വിദേശ ഇന്റലിജന്‍സ് ഏജന്‍സികളുടെ (യുറോപ്പിലെയും മറ്റു ചില വികസിത രാജ്യങ്ങളിലെയുമൊക്കെ) മുസ്‌ലിംവിരുദ്ധ ചിന്താധാരകള്‍ ഇതിനെ സ്വാധീനിച്ചിട്ടുണ്ട് എന്ന് ഞാന്‍ കരുതുന്നു. ഇതൊരു ഇസ്‌ലാമോഫോബിയ വളര്‍ത്താനുള്ള ശ്രമമാണ്. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, നമ്മുടെ ഇന്റലിജന്‍സ് ഏജന്‍സികളും വിദേശ ഇന്റലിജന്‍സ് ഏജന്‍സികളുടെ അടിമകളാണ്. അവര്‍ എന്തു പറഞ്ഞാലും നമ്മള്‍ വിശ്വസിക്കും. മുസ്‌ലിംകളെയും ഇസ്‌ലാമിനെയും കുറിച്ച് ഇത്തരക്കാര്‍ തെറ്റായ ധാരണകള്‍ വെച്ച് പുലര്‍ത്തുന്നുണ്ട്. ഇത്തരമൊരു മുന്‍ധാരണ ഈ പ്രശ്‌നത്തെയും സ്വാധീനിച്ചിട്ടുണ്ട്. ഇതിന്റെ ഉത്ഭവം കേരള സര്‍ക്കാരില്‍ നിന്നോ ഉമ്മന്‍ ചാണ്ടിയില്‍ നിന്നോ അല്ല. ഇതിന്റെ വേരുകള്‍ ഇസ്‌ലാമോഫോബിയയിലാണ്. അഥവാ ഈ സംഭവം അതിന്റെ ഒരു രോഗ ലക്ഷണമാണ്.
ഇസ്രയേല്‍ പ്രധാനമന്ത്രിയെ കൊന്ന ജൂതനായ യീഗല്‍ അമീര്‍, പത്തു നൂറോളം പേരെ കൊന്ന ക്രിസ്ത്യാനിയായ ആന്‍ഡേഴ്‌സ് ബ്രെവിക്, ഗാന്ധിജിയെ വധിച്ച ഹിന്ദുവായ നാഥുറാം ഗോഡ്‌സെ ഇവരൊക്കെ വ്യത്യസ്ത മത വിഭാഗങ്ങളില്‍പ്പെട്ട തീവ്രവാദികളാണ്. മുസ്‌ലിംകളില്‍ മാത്രമല്ല, എല്ലാ മതങ്ങളിലും തീവ്രവാദികളുണ്ടാകും. മുസ്‌ലിംകള്‍ മാത്രമാണ് തീവ്രവാദികള്‍ എന്ന് പറയുന്നത് തീര്‍ത്തും അസംബന്ധമാണ്.

കുവൈത്ത് പാര്‍ലമെന്റു തെരഞ്ഞെടുപ്പ് നിരീക്ഷകനായാണല്ലോ താങ്കളുടെ ഈ സന്ദര്‍ശനം. ജനാധിപത്യത്തിന്റെ ഈറ്റില്ലമായ ഇന്ത്യയില്‍ നിന്ന് വരുന്ന പത്ര പ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനും എന്ന നിലക്ക് കുവൈത്തിലെയും ഗള്‍ഫ് നാടുകളിലെയും ജനാധിപത്യ ചുവടുവെപ്പുകളെ എങ്ങനെ നോക്കിക്കാണുന്നു?

കുവൈത്ത് കൂടുതല്‍ ജനാധിപത്യ സ്വഭാവത്തിലേക്കു നീങ്ങുന്നതായാണ് എനിക്ക് മനസ്സിലാവുന്നത്. ഞാന്‍ പങ്കെടുത്ത മീറ്റിങ്ങുകളിലൊക്കെ രാജ കുടുംബാംഗങ്ങളെ പരസ്യമായും ശക്തമായും ചോദ്യം ചെയ്യുന്നത് കാണാന്‍ സാധിച്ചു. ഇത് വളരെ ആരോഗ്യകരമായ ചുവടു വെപ്പാണ്. രാജഭരണം ഭരണഘടനാ വിധേയമായിരിക്കണം. കുവൈത്ത് ആധുനിക ഭരണഘടനയോടു കൂടിയ രാജാധിപത്യ സംവിധാനത്തിലേക്ക് തിരിയുന്നതായി എനിക്ക് തോന്നുന്നു. എന്റെ അഭിപ്രായത്തില്‍ അധികാരം ഭരണഘടനക്കാവണം, അഥവാ ജനങ്ങള്‍ക്കാവണം, രാജാവിനോ എകാധിപതിക്കോ ആവരുത്.

ആശയപരമായി തീര്‍ത്തും വിരുദ്ധ ധ്രുവങ്ങളിലുള്ള ആളുകളുടെ പ്രസിദ്ധീകരണങ്ങളില്‍ താങ്കളുടെ ലേഖനങ്ങളും മറ്റും കാണാറുണ്ട്. എല്ലാവരോടും ഒരുപോലെ നല്ല ബന്ധം പുലര്‍ത്തുന്ന ഈ വിശാല കാഴ്ചപ്പാട് വളര്‍ത്തിയെടുത്തതെങ്ങനെ?

ആരോടും വൈരാഗ്യമോ വെറുപ്പോ വെച്ച് സൂക്ഷിക്കാത്ത ഒരാളാണ് ഞാന്‍. എല്ലാവരെയും ഒരുപോലെ കാണാനാണ് എന്റെ ശ്രമം. ഞാന്‍ ഓര്‍ഗനൈസറിലും എഴുതാറുണ്ട്, റേഡിയന്‍സിലും എഴുതാറുണ്ട്. വ്യത്യസ്ത മത വിഭാഗങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന ഒരു 'മതേതര മൗലികവാദി'യാണ് ഞാന്‍. വ്യത്യസ്ത ചിന്താ ധാരകള്‍ വെച്ച് പുലര്‍ത്തുന്നവര്‍ മത, വര്‍ഗ, ജാതി ഭേദമന്യേ ദൈവത്തിന്റെ സന്തതികളായി ഒരുമിച്ചു കൂട്ടപ്പെടണം. ഇതൊരു ചെറിയ ദൗത്യമല്ല. ഞാന്‍ എന്റെ കൈയിലെ താക്കോല്‍ കൊണ്ട് ഈ അടച്ച പൂട്ടൊക്കെ തുറക്കാന്‍ ശ്രമിക്കുന്നു. അത്രമാത്രം. എപ്പോഴെങ്കിലും ഈ വാതിലുകള്‍ തുറക്കപ്പെടുമെന്നാണ് എന്റെ വിശ്വാസം. പല സംഘടനകളുമായും സൗഹൃദ ബന്ധം കാത്തുസൂക്ഷിക്കാന്‍ ശ്രമിക്കാറുണ്ട്. ആരെയും ശത്രുവായി കരുതാറില്ല. അമ്മയാണ് എല്ലാവരെയും ഒരുപോലെ ഉള്‍ക്കൊള്ളുന്ന ഈ കാഴ്ചപ്പാട് എന്നില്‍ സന്നിവേശിപ്പിച്ചത്.

നൂറ്റാണ്ടുകളോളം അക്ഷരങ്ങളുടെ കളിതൊട്ടിലായിരുന്ന നാലപ്പാട്ട് തറവാടിനെക്കുറിച്ച്? താങ്കളുടെ മുത്തശ്ശി ഞങ്ങള്‍ക്ക് അക്ഷരങ്ങളുടെ അമ്മയായിരുന്നു. താങ്കളുടെ അമ്മ ആധുനിക അക്ഷരങ്ങളുടെ സഹോദരിയും. അവരോടൊപ്പമുള്ള താങ്കളുടെ ദിവസങ്ങള്‍ പങ്കുവെക്കാമോ?
എന്റെ വലിയമ്മാവന്‍ നാരായണമേനോന്‍ ദൈവമില്ലെന്നു വിശ്വസിച്ച ഒരു യുക്തിവാദിയായിരുന്നു. കേരളത്തിലെ കമ്യൂണിസ്റ്റ് ചിന്തയുടെ തുടക്കക്കാരനെന്നു പറയാം. എന്നാല്‍ മുത്തശ്ശി ഒരു തികഞ്ഞ ദൈവ വിശ്വാസിയും മനുഷ്യ വിശ്വാസിയുമായിരുന്നു. എല്ലാവരെയും നിഷ്‌കളങ്കമായാണ് അവര്‍ സ്‌നേഹിച്ചത്.
സ്‌നേഹത്തില്‍ ചാലിച്ച ഊഷ്മളമായ ഓര്‍മകളാണ് എനിക്ക് രണ്ടു തറവാടും സമ്മാനിച്ചത്, അഛന്‍ വീടും അമ്മ വീടും. പേരമക്കള്‍ അമ്മൂമ്മമാര്‍ക്ക് എന്നും ദൗര്‍ബല്യമാകാറുണ്ടല്ലോ. അത് ഇവിടെയും സംഭവിച്ചിട്ടുണ്ട്. ഞാന്‍ എന്നും അമ്മയെ ഒട്ടിപ്പിടിക്കുന്ന സ്വഭാവക്കാരനായിരുന്നു. അതുകൊണ്ട് തന്നെ അമ്മയുടെ ഒരുപാട് ഗുണങ്ങള്‍ പകര്‍ന്നു കിട്ടിയിട്ടുണ്ട്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം